ചില അനിഷ്ടയോഗങ്ങള്‍
മനുഷ്യജീവിതത്തില്‍ വിഷമതകളും വിനാശങ്ങളും സൃഷ്ടിക്കാന്‍ കഴിയുന്നതും അപകടങ്ങളെ സൃഷ്ടിച്ചേക്കാവുന്നതുമായ ചില ഗ്രഹയോഗങ്ങളെ ഇവിടെ പരിചയപ്പെടുത്തുകയാണ്. ജനനസമയത്തെ അടിസ്ഥാനമാക്കിയാണ് ജാതകം രൂപപ്പെടുത്തുന്നത്. ഏത് സമയത്ത് ജനിച്ചാലും അതിനനുസരിച്ചാണ് വിധാതാവ് ഒരാളിന്‍റെ ജീവിതത്തെ അടയാളപ്പെടുത്തിയിട്ടുള്ളത്. ഇനി പറയുന്ന ഗ്രഹയോഗങ്ങള്‍ ഉള്ളവര്‍ കൂടുതല്‍ ഗ്രഹങ്ങളെ പ്രീതിപ്പെടുത്തിയും ഈശ്വരപരമായ അനുഷ്ഠാനങ്ങള്‍ സ്വീകരിച്ചും വന്നുചേരാവുന്ന വിനകള്‍ക്ക് ഒരുപരിധിവരെ സമാധാനം തേടാനും കഴിയും എന്ന് ജ്യോതിഷം വിധിക്കുന്നുണ്ട്.
സൂര്യ ശനിയോഗം
സൂര്യനും ശനിയും ഒരുമിച്ച് ചേര്‍ന്ന ഗ്രഹനിലയില്‍ ചില ഭാവങ്ങളില്‍നിന്നാല്‍ ദോഷങ്ങള്‍ വരുത്തും. കുടുംബജീവിതത്തില്‍ തകര്‍ച്ചയോ വളരെ ഗുരുതരമായ രോഗമോ സാമ്പത്തികനഷ്ടങ്ങളോ മേല്‍പ്പറഞ്ഞ ഗ്രഹങ്ങളുടെ ദശാകാലത്ത് ഉണ്ടാകാം.
പിതൃതുല്യരുടെ മരണമോ മറ്റു നാശങ്ങളോ സംഭവിക്കാം. അല്ലെങ്കില്‍ പിതാവും പുത്രനും ശത്രുത ഉണ്ടാകാനിടയുണ്ട്. ഹൃദയം, ശ്വാസകോശം, തലച്ചോറ് എന്നിവയ്ക്ക് സാരമായ രോഗങ്ങള്‍ പിടിപെടാം. പ്രത്യേകിച്ച് പക്ഷാഘാതം, ഗുരുതരമായ അസ്ഥിഭംഗം, വെള്ളത്തില്‍ മുങ്ങിയോ, ശ്വാസംമുട്ടിയോ ഉള്ള മരണം ഇവയ്ക്ക് സാദ്ധ്യതയുണ്ട്. ലഗ്നം, രണ്ട്, നാല്, ആറ്, ഏഴ്, എട്ട്, പന്ത്രണ്ട് എന്നീ ഭാവങ്ങളിലായി സൂര്യനും ശനിയും ഒന്നിച്ചുനിന്നാല്‍മാത്രം ഈ രോഗം പിടിപെടും. സ്ത്രീജാതകത്തില്‍ ഈ യോഗം ഏത് രാശിയില്‍ വന്നാലും ദാമ്പത്യജീവിതം ഇല്ലായ്മ, വിവാഹത്തിന് തടസ്സം, ലൈംഗിക വിരക്തി എന്നിവ സംഭവിക്കാം.
പരിഹാരം: സൂര്യന്‍റെയും ശനിയുടെയും പ്രീതികരങ്ങളായ കര്‍മ്മങ്ങള്‍ നവഗ്രഹക്ഷേത്രത്തില്‍ ചെയ്യുക. മാണിക്യം, ഇന്ദ്രനീലം ഇവയില്‍ അനുയോജ്യങ്ങളായ രത്നങ്ങള്‍ ജാതകം നോക്കി ധരിക്കുക. ശിവനെ ആരാധിക്കുന്നതും ശുഭകരമാണ്.
ചൊവ്വ ശനിയോഗം
അപകടകരമായ ഒരു യോഗമാണ് ഇത്. ഗുണ്ടകള്‍, കൊലപാതകികള്‍, കള്ളന്മാര്‍, വേട്ടക്കാര്‍ എന്നിവരുടെ ജാതകത്തില്‍ ഈ ഗ്രഹയോഗം കാണാനാകും. ജാതകത്തില്‍ രണ്ട്, പന്ത്രണ്ട് എന്നീ ഭാവങ്ങളില്‍ ഈ ഗ്രഹയോഗം വരുകയും ശുഭഗ്രഹങ്ങളുടെ വീക്ഷണം ഇല്ലാതെയും വന്നാല്‍ ജാതകന്‍ ക്രിമിനല്‍ കേസില്‍ പ്രതിയാകാനിടയുണ്ട്. എന്നാല്‍ ഈ യോഗത്തില്‍ വ്യാഴവുമായി ബന്ധപ്പെടുകയും ആയത് കേന്ദ്രരാശികളില്‍ ഗ്രഹബന്ധത്തോട് ആവുകയും ചെയ്താല്‍ ജാതകന്‍ നല്ല ഡോക്ടറും, സര്‍ജനുമാകും. വ്യാഴത്തിനു പകരം പാപഗ്രഹങ്ങളുടെ വീക്ഷണം വന്നാല്‍ കശാപ്പുകാരനോ, ഇറച്ചിക്കച്ചവടകാരനോ ആകാം.
പരിഹാരം: ചൊവ്വയുടേയും ശനിയുടേയും പ്രീതിക്കായി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കണം. പവിഴം, ഇന്ദ്രനീലം എന്നിവയില്‍ അനുയോജ്യമായവ ധരിക്കാം. ധര്‍മ്മശാസ്താവ്, ശ്രീമുരുകന്‍ എന്നിവരെ വിധിപ്രകാരം ആരാധിക്കുന്നതും ശുഭകരമാണ്.
ശനി ചന്ദ്രയോഗം
ശനിയും ചന്ദ്രനും ഒരുമിച്ച് ഒരുഭാവത്തില്‍നിന്നാല്‍ ഈ യോഗം വരും. ആറ്, എട്ട്, പന്ത്രണ്ട് എന്നീ ഭാവങ്ങളിലാണ് പ്രസ്തുത ഗ്രഹയോഗം വരുന്നത് എങ്കില്‍ ജാതകനെ ദാരിദ്ര്യം നിരന്തരം വേട്ടയാടും. ഒരു തൊഴിലിലും വിജയിക്കില്ല. ആയുസ്സിന് ദോഷം വരാം. ക്രിമിനലുകളുമായി ബന്ധങ്ങളുണ്ടാകും. മദ്യം, മയക്കുമരുന്ന് കച്ചവടം, മായം ചേര്‍ക്കല്‍, നിയമവിരുദ്ധപ്രവര്‍ത്തനം എന്നിവയില്‍ ഏര്‍പ്പെടും. ജീവിതത്തിലൂടനീളം ദുരന്തങ്ങള്‍ വിഷമിപ്പിക്കും. ആത്മഹത്യാപ്രവണത പ്രകടിപ്പിക്കും.
പരിഹാരം: നവഗ്രഹക്ഷേത്രത്തില്‍ ശനിയുടേയും ചന്ദ്രന്‍റേയും പരിഹാരമായി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക. ജാതകപരിശോധന നടത്തി ലഗ്നാധിപന്‍റെയും യോഗകാരകന്മാരുടെ ഗ്രഹങ്ങളുടേയും രത്നങ്ങള്‍ ധരിക്കുക. ദുര്‍ഗ്ഗാഭഗവതിയെ ആരാധിക്കുന്നത് ദോഷഫലങ്ങള്‍ കുറയുന്നതിനും ഉത്തമമാണ്.
ചൊവ്വ രാഹുയോഗം
ദോഷഫലങ്ങള്‍ നല്‍കുന്ന മറ്റൊരു ഗ്രഹയോഗമാണ് ഇതും. അപകടം, മുറിവുകള്‍, അലര്‍ജി, ശരീരക്ഷതങ്ങള്‍, വീഴ്ചമൂലം അസ്ഥിഭംഗം, ശ്വാസകോശ, ആമാശയരോഗങ്ങള്‍, മുങ്ങിമരണം, അഗ്നി, ഗ്യാസ്, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട അപകടങ്ങള്‍ എന്നിവയ്ക്ക് സാദ്ധ്യതയുണ്ട്. പ്രത്യേകിച്ച് ,രാഹു എന്നിവയുടെ ദശാപകാരകാലങ്ങളില്‍ ഇവര്‍ വളരെ ശ്രദ്ധയോടെ കഴിയേണ്ടതാണ്.
പ്രധാനമായും ഇത് ഒരു അപമൃത്യു യോഗമാണെങ്കിലും വ്യാഴത്തിന്‍റെ വീക്ഷണമുണ്ടെങ്കില്‍ കാര്യങ്ങള്‍ക്ക് സമാധാനമുണ്ടാകും. പക്ഷേ ശനിയുടെ വീക്ഷണം വന്നാല്‍ വളരെ അപകടകരമാണ്. ഈ യോഗം നാലാംഭാവത്തില്‍ വന്നാല്‍ മനഃശാന്തി, മാതാവ്, സ്വന്തം കുടുംബം, വാഹനം, ഭവനം എന്നിവയ്ക്ക് ദോഷം സംഭവിക്കും. ഒമ്പതാംഭാവത്തില്‍ വന്നാല്‍ ഭാഗ്യം ഇല്ലായ്മ, അവസരനഷ്ടം എന്നിവയ്ക്ക് ഇടയാകാം. അഞ്ചാംഭാവത്തില്‍ വന്നാല്‍ ആണ്‍കുട്ടികള്‍ ജനിക്കുകയില്ല. പക്ഷേ ആണ്‍കുട്ടി ജനിച്ചാല്‍ ബാല്യത്തില്‍തന്നെ മരണമടയാന്‍ സാധ്യത. സ്ത്രീകളുടെ ജാതകത്തില്‍ വന്നാല്‍ പ്രസവസമയത്തോ ശസ്ത്രക്രിയ മൂലമോ അമ്മയ്ക്കോ കുഞ്ഞിനോ ദോഷം വരാമെന്നും ഫലപ്രവചനമുണ്ട്.
പരിഹാരം: ചൊവ്വ- രാഹു പ്രീതികരങ്ങളായ കര്‍മ്മങ്ങള്‍ ചെയ്യുക. സര്‍പ്പാരാധനനടത്തുക. ചൊവ്വയുടെയോ ലഗ്നാധിപന്‍റെയോ യോഗകാരകന്മാരുടെയോ രത്നങ്ങള്‍ ധരിക്കാം. ശിവന്‍, സര്‍പ്പദേവതകള്‍, ശ്രീമുരുകന്‍ എന്നിവരെ ആരാധിക്കുന്നത് ദോഷശാന്തിനല്‍കുന്നതാണ്.
ഗൃഹനാശയോഗം
സ്ഥിരമായി വാടകവീട്ടില്‍ താമസിക്കുന്നവരുടെ ഗ്രഹനില പരിശോധിച്ചാല്‍ ഈ യോഗം കാണുവാന്‍ കഴിയും. സ്വന്തം വീടും വസ്തുവകകളും വിവിധ കാരണങ്ങളാല്‍ നശിച്ചുപോകുകയോ അന്യാധീനപ്പെട്ട് പോകുകയോ ആണ് ഈ യോഗത്തിന്‍റെ ഫലം. ഗ്രഹനിലയില്‍ നാലാം ഭാവാധിപന്‍ പന്ത്രണ്ടില്‍ നില്‍ക്കുക, ആ ഭാവത്തിലേക്ക് പാപഗ്രഹ വീക്ഷണം വരിക. കൂടാതെ നാലാം ഭാവാധിപന്‍ ആറ്, എട്ട്, പന്ത്രണ്ടില്‍ നില്‍ക്കുക, നാലാം ഭാവാധിപന്‍ നീചത്വം സംഭവിച്ച് പാപഗ്രഹങ്ങളുമായി ചേരുക എന്നിവയെല്ലാം ഗൃഹനാശയോഗമാകുന്നു.
പരിഹാരം: ലഗ്നാധിപന്‍റെയും നാലാം ഭാവാധിപന്‍റെയും രത്നങ്ങള്‍ ജാതകപരിശോധനനടത്തി ധരിക്കുക.
അപകീര്‍ത്തിയോഗം
ജാതകത്തില്‍ പത്താംഭാവത്തില്‍ സൂര്യനും ശനിയും യോഗം ചെയ്ത് നിന്നാല്‍ അപകീര്‍ത്തി യോഗമാണ്. അങ്ങനെയുള്ളവര്‍ പൊതുജനമദ്ധ്യത്തില്‍ അപകീര്‍ത്തിക്ക് ഇരയാകും. സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവര്‍ അപകീര്‍ത്തിക്ക് ഇരയാകും. സസ്പെന്‍ഷന്‍, ജോലിയില്‍ നിന്ന് പിരിച്ചുവിടല്‍ എന്നിവയ്ക്കും ഇടവരും.
പരിഹാരം: സൂര്യപ്രീതികരങ്ങളായ കര്‍മ്മങ്ങളും ശനിപ്രീതികരങ്ങളായ കര്‍മ്മങ്ങളും ചെയ്യുക. ശിവക്ഷേത്രദര്‍ശനം, ശാസ്താക്ഷേത്രദര്‍ശനം എന്നിവ നടത്തുക.
ദാരിദ്ര്യയോഗം
ജാതകത്തില്‍ പതിനൊന്നാം ഭാവാധിപനായ ഗ്രഹം ആറ്, എട്ട്, പന്ത്രണ്ട് എന്നീ രാശികളില്‍ നില്‍ക്കുകയും ആയത് പ്രസ്തുത ഗ്രഹത്തിന്‍റെ ശത്രു നീചരാശി ആകുകയും ചെയ്താല്‍ ദാരിദ്ര്യയോഗം സംഭവിക്കുന്നു. ജീവിതത്തില്‍ ഒരിക്കലും സാമ്പത്തികമോ സാമൂഹികമോ ആയ ഉന്നതിയുണ്ടാകില്ല.
പരിഹാരം: വ്യാഴപ്രീതികരങ്ങളായ കര്‍മ്മങ്ങള്‍ ചെയ്യുക. ലഗ്നാധിപന്‍റെയോ പതിനൊന്നാം ഭാവാധിപന്‍റെയോ രത്നങ്ങള്‍ ജാതകം നോക്കി ധരിക്കുക.
ജി.കെ. ഇരിങ്ങാലക്കുട
(9539493429)
