മനുഷ്യനെ നിയന്ത്രിക്കുന്ന മൃഗവര്‍ഷങ്ങള്‍ -1
ഭാരതീയ ജ്യോതിഷം പോലെ വളരെയേറെ പ്രാധാന്യവും പഴക്കവുമുള്ളതാണ് ചൈനീസ് ജ്യോതിഷം. ചൈനീസ് ജ്യോതിഷം പ്രധാനമായും പന്ത്രണ്ട് മൃഗപ്രതീകങ്ങളെയോ, ബിംബങ്ങളെയോ അടിസ്ഥാനമാക്കിയാണ് ഓരോ വ്യക്തിയുടേയും സ്വഭാവവും ഭാഷയും നിര്‍ണ്ണയിക്കുന്നത്. ഇവിടെ പൊതുവായി പറയപ്പെടുന്നത് ജനനവര്‍ഷങ്ങളെ ആധാരമാക്കിയുള്ള സ്വഭാവഭാവി നിര്‍ണ്ണയങ്ങളാണ്. പൊതുവായി അതിനെ മൃഗാധിനിവേശത്തെ അടിസ്ഥാനമാക്കി മനുഷ്യമനസ്സിലേയ്ക്കുള്ള സഞ്ചാരമെന്നുപറയാം. ഏതായാലും ഇവിടെ വ്യക്തമാകുന്ന ഏകകാര്യം ജനിച്ച വര്‍ഷത്തിലൂടെ നിങ്ങള്‍ക്ക് നിങ്ങളാരെന്ന് അറിയാന്‍ കഴിയുന്നു എന്നതാണ്.
ഭാരതീയ ജ്യോതിഷം പോലെ വളരെയേറെ പ്രാധാന്യവും പഴക്കവുമുള്ളതാണ് ചൈനീസ് ജ്യോതിഷം. അതിന് ഏകദേശം മൂവായിരം വര്‍ഷത്തെ പാരമ്പര്യം പലരും അവകാശപ്പെടുന്നു. പുരാതന ചൈനമുതല്‍ ആധുനിക ചൈനവരെ യുദ്ധസംബന്ധമായ കാര്യങ്ങള്‍ക്കും സാമ്പത്തിക ഇടപാടുകള്‍ക്കും മറ്റും അവിടുത്തെ ജനങ്ങളും ഭരണാധികാരികളും ഒരേപോലെ ജ്യോതിഷത്തെ ആശ്രയിക്കുന്നുവെന്നാണ് കരുതപ്പെടുന്നത്. ചൈനീസ് ജ്യോതിഷം പ്രധാനമായും പന്ത്രണ്ട് മൃഗപ്രതീകങ്ങളെയോ, ബിംബങ്ങളെയോ അടിസ്ഥാനമാക്കിയാണ് ഓരോ വ്യക്തിയുടേയും സ്വഭാവവും ഭാഷയും നിര്‍ണ്ണയിക്കുന്നത്. അതിന് ബി.സി. 2637 വര്‍ഷത്തോളം പഴമയുണ്ടെന്നും പറയപ്പെടുന്നു.
അര്‍ദ്ധ-ഐതിഹ്യകഥയിലെ ഒരു യെല്ലോ എംപററാണ് അതിന് നിമിത്തമായതെന്നാണ് വിശ്വാസം. ഇനി ഇതേ ജ്യോതിഷകഥയുമായി ബന്ധപ്പെട്ട് മറ്റൊരു ഐതിഹ്യവും നിലനില്‍ക്കുന്നുണ്ട്. അതിലെ കഥാനായകന്‍ ശ്രീബുദ്ധനാണ്. ശ്രീബുദ്ധന്‍ നിര്‍വ്വാണം പ്രാപിക്കുന്നതിന് മുമ്പ് എല്ലാ മൃഗങ്ങളെയും തന്‍റെ മുന്നില്‍ ക്ഷണിച്ചുവരുത്താന്‍ ഒരു ശ്രമം നടത്തുകയുണ്ടായി. പക്ഷേ അത് പൂര്‍ണ്ണമായും വിജയകരമായിരുന്നില്ല. പന്ത്രണ്ടുതരം മൃഗങ്ങള്‍ മാത്രമേ അദ്ദേഹത്തിന് മുന്നില്‍ എത്തിച്ചേര്‍ന്നുള്ളൂ.
ബുദ്ധദേവന്‍ അവരെ മഹത്വവല്‍ക്കരിച്ചത് പന്ത്രണ്ടിനം വര്‍ഗ്ഗവര്‍ഷങ്ങളുടെ പ്രതീകങ്ങളാക്കിയാണ്. പന്നി, നായ, പൂവന്‍കോഴി, കുരങ്ങ്, ആണാട്, കുതിര, പാമ്പ്, വ്യാളി, മുയല്‍, പുലി, കാള, എലി എന്നിവയാണ് വര്‍ഷമൃഗബിംബങ്ങള്‍. ബുദ്ധനുശേഷം ക്രിസ്തുവര്‍ഷം അന്തര്‍ദേശീയ കാലഗണനയില്‍ ഔദ്യോഗികമായി ഇടം പിടിച്ചപ്പോള്‍ അതിന്‍പ്രകാരം ആ മൃഗബിംബങ്ങളെ ചില വര്‍ഷങ്ങള്‍ വിഭജിച്ചെടുത്തു. അങ്ങനെ പില്‍ക്കാലത്ത് ഓരോ വര്‍ഷങ്ങളും ഓരോ മൃഗത്തിന്‍റെയും അധീനതയിലായി.
ഇവിടെ പൊതുവായി പറയപ്പെടുന്നത് ജനനവര്‍ഷങ്ങളെ ആധാരമാക്കിയുള്ള സ്വഭാവഭാവി നിര്‍ണ്ണയങ്ങളാണ്. പൊതുവായി അതിനെ മൃഗാധിനിവേശത്തെ അടിസ്ഥാനമാക്കി മനുഷ്യമനസ്സിലേയ്ക്കുള്ള സഞ്ചാരമെന്നുപറയാം. ഏതായാലും ഇവിടെ വ്യക്തമാകുന്ന ഏകകാര്യം ജനിച്ച വര്‍ഷത്തിലൂടെ നിങ്ങള്‍ക്ക് നിങ്ങളാരെന്ന് അറിയാന്‍ കഴിയുന്നു എന്നതാണ്.
പന്നി (1923, 1935, 1947, 1959, 1971, 1983, 1995, 2007, 2019)
മുകളില്‍ പറഞ്ഞിരിക്കുന്നത് പന്നിവര്‍ഷങ്ങളാണ്. ഇതിനോടൊപ്പം പന്ത്രണ്ടുവര്‍ഷങ്ങള്‍ കൂട്ടിക്കൂട്ടിപ്പോയാല്‍ അതും പന്നിവര്‍ഷങ്ങളില്‍പ്പെടുന്നതായിരിക്കും. ഇവിടെ അത് കുറിക്കാത്തത് അവരൊക്കെ ഇനിയെന്നോ ജനിക്കാനിരിക്കുന്നവരായതുകൊണ്ടാണ്.
ഇനി പന്നിവര്‍ഷങ്ങളില്‍ ജനിച്ചവരെ അടുത്തൊന്ന് പരിചയപ്പെടാം. മുകളില്‍പ്പറഞ്ഞ വര്‍ഷങ്ങളില്‍ ജനിച്ചവര്‍ അസാധാരണമായ പഠനവ്യഗ്രതയുള്ളവരും വായനാശീലമുള്ളവരും ഏത് കാര്യത്തിലും ധൈര്യവും വീര്യവും പ്രകടിപ്പിക്കുന്നവരും അതിബൃഹത്തായ ആന്തരിക ശക്തിയുള്ളവരുമായിരിക്കും. ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുള്ള പ്രവൃത്തികളില്‍ ജാഗ്രതയോടെ നിലകൊള്ളുന്നവരാണ് ഈ വര്‍ഷങ്ങളില്‍ ജനിച്ചവര്‍. പുറമെ കാണുമ്പോള്‍ ഇവരില്‍ പലരും ശാന്തരാണെങ്കിലും മനസ്സ് എപ്പോഴും ഓരോ പുതിയ കാര്യങ്ങള്‍ അന്വേഷിക്കുന്ന തിരക്കിലായിരിക്കും. ഇവര്‍ സുഹൃത്തുക്കളെ തെരഞ്ഞെടുത്തുമാത്രമേ സ്വീകരിക്കുകയുള്ളൂ. ആ തെരഞ്ഞെടുപ്പില്‍ സ്നേഹം, ദയ, ആത്മാര്‍ത്ഥത ഇവയ്ക്കായിരിക്കും മുന്‍ഗണന നല്‍കുക. അതിന്‍റെ അര്‍ത്ഥം വിശ്വാസവഞ്ചനയുള്ളവരെ ഇവര്‍ തീണ്ടാപ്പാടകലെ നിര്‍ത്തുമെന്നാണ്. എന്നാല്‍ ആടുവര്‍ഷക്കാരോടും മുയല്‍വര്‍ഷക്കാരോടും പ്രത്യേകമായൊരു ഇഷ്ടം ഈ വര്‍ഷക്കാര്‍ക്കുണ്ട്. പിന്നെ മറ്റാര്‍ക്കുമില്ലാത്തവിധം ഒരാളെ പ്രത്യക്ഷത്തില്‍ മനസ്സിലാക്കത്തക്കവിധം അന്തര്‍ജ്ഞാനം ഉള്ളവരാണ്. അതിലുപരി കാണാന്‍ സുന്ദരന്മാരോ, സുന്ദരികളോ ആയിരിക്കും. ജീവിതത്തിന്‍റെ രണ്ടാം പകുതി ഭാഗ്യം കൊണ്ടും സമ്പദ്സമൃദ്ധികൊണ്ടും അനുഗ്രഹിക്കപ്പെട്ടവരായിരിക്കും പന്നിവര്‍ഷക്കാര്‍.
നായ (1922, 1934, 1946, 1958, 1970, 1982, 1994, 2006, 2018)
ഇവിടെ പറഞ്ഞിരിക്കുന്നത് നായവര്‍ഷങ്ങളാണ്. ഈ വര്‍ഷങ്ങള്‍ക്കൊപ്പം പന്ത്രണ്ടുവര്‍ഷങ്ങള്‍ കൂട്ടിപ്പോയാല്‍ അതും നായ വര്‍ഷങ്ങളില്‍ ഉള്‍പ്പെടും.
നായയ്ക്ക് ഒരു പ്രത്യേകതയുള്ളത് മനുഷ്യനോട് എപ്പോഴും ഇണങ്ങിനില്‍ക്കുന്ന മൃഗമെന്നതാണ്. മനുഷ്യനെ ഏറ്റവും മനസ്സിലാക്കിയ മറ്റൊരു മൃഗവും വേറെയില്ല. അതിന്‍റെ ഒരു സ്വാധീനമെന്ന പോലെ മേല്‍പ്പറഞ്ഞ വര്‍ഷങ്ങളില്‍ ജനിച്ചവര്‍ അസാധാരണമായ വിശ്വസ്തതയും ബഹുമാന്യതയും സേവനമനോഭാവവും ഉള്ളവരായിരിക്കും. രഹസ്യങ്ങള്‍ പുറത്തുപറയാതെ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഇവര്‍ക്ക് കഴിയും. അത്രമാത്രം ആത്മവിശ്വാസം നിലനിര്‍ത്താനും മറ്റുള്ളവര്‍ക്ക് എന്തുസഹായം ചെയ്യാനും സന്നദ്ധചിത്തരാണിവര്‍. എന്നാല്‍ ഇവരില്‍ ചിലരെങ്കിലും സ്വാര്‍ത്ഥരും ദുശ്ശാഠ്യക്കാരും മാനസികക്ഷോഭമുള്ളവരായി കാണാറുണ്ട്. പണം അല്‍പ്പമാത്രമേയുള്ളൂവെങ്കിലും നടപ്പിലും മട്ടിലുമൊക്കെ ഒരു ധനാഢ്യന്‍റെ ജീവിതശൈലിയായിരിക്കും പിന്തുടരുക. വൈകാരികമായി ഒരു തണുപ്പന്‍പ്രകൃതിയായിരിക്കും. പാര്‍ട്ടികളിലും വിരുന്നുകളിലും അകന്നുനില്‍ക്കും. പല വ്യക്തികളുടെയും തെറ്റുകള്‍ അതിവേഗം കണ്ടെത്തുകയും മൂര്‍ച്ചയുള്ള വാക്കുകൊണ്ട് അതിനെ എതിര്‍ക്കുകയും ചെയ്യും. ഇവര്‍ പല സന്ദര്‍ഭങ്ങളും നല്ല നേതാക്കന്മാരായി കാണാറുണ്ട്. ഇവരുമായി ഏറെ സൗഹൃദം പുലര്‍ത്തുന്നവര്‍ കുതിര, പുലി, മുയല്‍ വര്‍ഷക്കാരാണ്.
പൂവന്‍കോഴി (1921, 1933, 1945, 1957, 1969, 1981, 1993, 2005, 2017)
ഇത് പൂവന്‍കോഴി വര്‍ഷങ്ങളാണ്. ഇതിലെ അവസാനവര്‍ഷത്തോടൊപ്പം പന്ത്രണ്ട് വര്‍ഷങ്ങള്‍ വീതം കൂട്ടിപ്പോയാല്‍ ലഭിക്കുന്നതും അതേ ശ്രേണിയില്‍പ്പെടുന്ന വര്‍ഷങ്ങളായിരിക്കും. ആ വര്‍ഷങ്ങള്‍ ഇനി വരാനിരിക്കുന്നതുകൊണ്ട് ഇവിടെ കുറിക്കുന്നില്ലെന്നുമാത്രം.
മേല്‍പ്പറഞ്ഞ വര്‍ഷങ്ങളില്‍ ജനിച്ചവര്‍ ഏത് വിഷയത്തിലും ആധികാരികത തേടി ആഴത്തില്‍ ചിന്തിക്കുന്നവരും യാത്ര ചെയ്യുന്നവരും ആയിരിക്കും. പ്രതിസന്ധികളെ നേരിടാന്‍ അസാധാരണ ശക്തിയുള്ളവരും വിവിധ കലാമേഖലകളിലും അഭിരുചി പ്രകടിപ്പിക്കുന്നവരുമാണ്. എപ്പോഴും തിരക്കേറിയ ജീവിതമാണ് ഇഷ്ടപ്പെടുന്നത്. കഴിവിന്‍റെ പരമാവധി ഏത് കാര്യവും വിജയത്തിലെത്തിക്കാന്‍ തയ്യാറാകും. അത് പരാജയപ്പെട്ടാല്‍ വേഗം നിരാശയില്‍ നിപതിക്കുകയും ചെയ്യും. മാനസികമായി തന്‍റെ താല്‍പ്പര്യങ്ങളോട് പൊരുത്തപ്പെടുന്നവരോട് മാത്രമേ സഹകരിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ആരോടും അത്രവേഗം ഇടപഴകുന്ന സ്വഭാവം ഇവര്‍ക്കില്ല. ശരിയുടെ പക്ഷത്ത് നിലകൊള്ളാനാണ് ഇവര്‍ക്ക് ഇഷ്ടം കൂടുതല്‍. പലപ്പോഴും ഭീരുത്വം നിറഞ്ഞ സ്വഭാവമുള്ളവരും ഏകാന്തതയെ പ്രണയിക്കുന്നവരുമാണെങ്കിലും പുറമെ ഈ വര്‍ഷഗണത്തില്‍പ്പെടുന്നവര്‍ സാഹസികരായാണ് കാണപ്പെടുന്നത്. ജീവിത കാഴ്ചപ്പാടുകളും അതിലുള്ള അഭിനിവേശവുമാണ് ജീവിതപുരോഗതി നിര്‍ണ്ണയിക്കുന്നത്. അതാണ് ജീവിതപുരോഗതിയിലും വീഴ്ചയിലും എത്തിക്കുന്ന പ്രധാനഘടകം. സ്വാര്‍ത്ഥരും എല്ലാം വെട്ടിത്തുറന്നുപറയുന്നവരുമാണെങ്കിലും ബൗദ്ധികമേഖലയില്‍ മികവ് പുലര്‍ത്താന്‍ കഴിവുള്ളവരുമാണിവര്‍. ഇവരുടെ ഇഷ്ടവര്‍ഷങ്ങക്കാര്‍ കാള, പാമ്പ്, വ്യാളി എന്നിവരാണ്.
കുരങ്ങ് (1920, 1932, 1944, 1956, 1968, 1980, 1992, 2004, 2016)
കുരങ്ങുവര്‍ഷത്തില്‍പ്പെടുന്നവരാണിവര്‍.അലഞ്ഞുതിരിയുന്ന ബുദ്ധിരാക്ഷസ്സന്മാര്‍ എന്നിവരെ വിശേഷിപ്പിക്കാം. ഈ വര്‍ഷങ്ങളുടെ കൂടെ പന്ത്രണ്ട് വര്‍ഷങ്ങള്‍ കൂട്ടിയാല്‍ കിട്ടുന്നതും കുരങ്ങുവര്‍ഷത്തില്‍പ്പെടുന്നവരാണ്. ഏതുകാര്യവും വിജയത്തിലെത്തിക്കാന്‍ തന്‍റെ ബുദ്ധികൂടിയേ തീരൂവെന്ന് സ്വാര്‍ത്ഥപരമായി ഇവര്‍ ചിന്തിക്കും. സാഹചര്യങ്ങളോട് വേഗം ഇണങ്ങി ജീവിക്കാനുള്ള കഴിവ് ഇവര്‍ക്കുണ്ട്. എല്ലാ പ്രതിസന്ധികളും ഇവരുടെ സാന്നിധ്യം കൊണ്ടും നിര്‍ദ്ദേശം കൊണ്ടും പരിഹരിക്കപ്പെടും. തന്‍റെ ഇടപെടല്‍ കൊണ്ട് ഒരു കാര്യം ഫലപ്രദമായില്ലെങ്കില്‍ അതുനേടിയെടുക്കാന്‍ ഏത് വളഞ്ഞ മാര്‍ഗ്ഗവും സ്വീകരിച്ചെന്നിരിക്കും. ഏതൊരു സംരംഭവും ഉടനടി നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതില്‍ നിന്ന് മെല്ലെ പിന്‍വലിയുകയും പിന്നെ അത് ഉപേക്ഷിക്കുകയും ചെയ്യുന്ന മനസ്ഥിതി ഇവര്‍ക്കുണ്ട്. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കേട്ട് ഉചിതമായൊരു തീരുമാനമെടുക്കാന്‍ കഴിവുള്ളവര്‍ കൂടിയാണ്. സ്വബുദ്ധികൊണ്ട് അറിവിന്‍റെ പുതിയ മേഖലകളില്‍ അന്വേഷണത്വരയോടെ സഞ്ചരിക്കുകയും കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്ന ഇവരുടെ ഓര്‍മ്മശക്തിയെ ആരും അഭിനന്ദിക്കും. നല്ല മാനസികസ്ഥൈര്യം ഉള്ളവരാണിവര്‍. വളരെ വേഗം ദേഷ്യപ്പെടുമെങ്കിലും അതേപോലെ അത് ആറിത്തണുക്കുകയും ചെയ്യും. വ്യാളി, എലി വര്‍ഷക്കാരോട് ഇവര്‍ക്ക് പ്രത്യേക സ്നേഹമാണുള്ളത്.
ആണാട് (1919, 1931, 1943, 1955, 1967, 1979, 1991, 2003, 2015, 2027)
ആണാടുവര്‍ഷക്കാരാണിവര്‍. ചാരുത നിറഞ്ഞ, നൈപുണ്യമുള്ള കലാജീവിതമാണ് ഇവരുടെ ജീവിതത്തെ എപ്പോഴും ധന്യമാക്കുന്നത്. ക്ഷണദീപ്തികൊണ്ട് തനിക്കുചുറ്റുമുള്ളവരെ കീഴ്പ്പെടുത്താന്‍ കഴിവുണ്ടെങ്കിലും പല സന്ദര്‍ഭങ്ങളിലും ഇവരെ കാണാന്‍ കഴിയുന്നത് നാണം കുണുങ്ങികളും അശുഭാപ്തി വിശ്വാസികളും ജീവിതത്തില്‍ പല പ്രതിസന്ധികളിലും പെട്ടുഴലുന്നവരായാണ്. മത്സരമായ ചിന്തകള്‍ ഇവരെ ആഴത്തില്‍ സ്വാധീനിക്കാനിടയുണ്ട്. പലപ്പോഴും സ്വസ്ഥവും സമാധാനപരവുമായ ജീവിതം ആഗ്രഹിക്കുന്നവരാണ്. താന്‍ ഇഷ്ടപ്പെടുന്ന സാഹചര്യങ്ങളെക്കുറിച്ചും തന്‍റെ വിശ്വാസപ്രമാണങ്ങളെക്കുറിച്ചും അത് എത്രമാത്രം മറ്റുള്ളവര്‍ ഇഷ്ടപ്പെടുന്നുവെന്ന് മനസ്സിലാക്കാതെ ബാലിശമായി സംസാരിക്കാന്‍ ശ്രമിക്കാറുണ്ട്. ജീവിക്കുന്ന ചുറ്റുപാടുകളില്‍ തന്നെ തന്‍റെ സ്വര്‍ഗ്ഗം കണ്ടെത്താന്‍ യത്നിക്കുന്ന ഇവര്‍ മെച്ചപ്പെട്ട സാമൂഹികാന്തരീഷത്തിനുവേണ്ടി ആരെയും ബുദ്ധിമുട്ടിക്കാറില്ല. നല്ല ജീവിതത്തിന് പണമാണ് മുഖ്യഘടകം എന്നൊരു ചിന്ത തന്നെയില്ലാത്തവര്‍. ആശ്വാസം തരുന്ന ഭൗതികകാലാവസ്ഥകള്‍ ഏതുതന്നെയായാലും അവയെ ഇരുകയ്യും നീട്ടി സ്വീകരിക്കും. പൊതുവേ ഇക്കൂട്ടര്‍ വിവേകമുള്ളവരും മാന്യതയുള്ളവരും കരുണാര്‍ദ്രചിത്തരുമാണ്. ഇവര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് മുയല്‍, പന്നി, കുതിര വര്‍ഷക്കാരെയാണ്.
കുതിര (1918, 1930, 1942, 1954, 1966, 1978, 1990, 2002, 2014, 2026)
ഇവര്‍ കുതിരവര്‍ഷത്തില്‍പ്പെടുന്നു. ഇതിലെ അവസാനവര്‍ഷത്തോടൊപ്പം പന്ത്രണ്ടുവര്‍ഷം വീതം കൂട്ടിപ്പോയാല്‍ അതും ഇതേ നിരയില്‍പ്പെടുന്ന കുതിരവര്‍ഷക്കാര്‍ തന്നെയാണ്. ഈ വര്‍ഷങ്ങളില്‍ ജനിച്ചവര്‍ എപ്പോഴും പ്രശസ്തിയുടെ പിന്നാലെ പായുന്നവരാണ്. തന്‍റെ ശ്രമങ്ങളാല്‍ അതില്‍ എത്തിപ്പെടുകയും ചെയ്യും. എപ്പോഴും ഊര്‍ജ്ജസ്വലരായി മാത്രമേ ഇവരെ കാണാന്‍ കഴിയുകയുള്ളൂ. ബൗദ്ധികപരമായും മറ്റു കലാപ്രവര്‍ത്തനങ്ങളിലൂടെയും ധനം സമ്പാദിക്കാന്‍ ഇവര്‍ മിടുക്കരാണ്. ഏതുകാര്യവും വളരെ വേഗം ഗ്രഹിച്ചെടുക്കാന്‍ പ്രത്യേകമായ കഴിവ് ഇവര്‍ക്കുണ്ട്. എന്നാല്‍ അതേപോലെ നിര്‍ത്താതെ സംസാരിച്ച് ശ്രോതാക്കളെ മടുപ്പിക്കാറുമുണ്ട്. ഏതുരംഗത്തും അഗാധപാണ്ഡിത്യവും അഭിരുചിയും ഇവര്‍ പ്രകടമാക്കും. തൊടുന്നതെല്ലാം പൊന്നാക്കാനുള്ള കഴിവുള്ളവര്‍. എന്നാല്‍ ഇവരുടെ ഏറ്റവും വലിയ ദൗര്‍ബല്യം വിപരീത ലിംഗത്തില്‍പ്പെട്ടവരെ പെട്ടെന്ന് ആകര്‍ഷിക്കുകയും പ്രണയക്കെട്ടുപാടുകളില്‍ തളച്ചിടപ്പെടുകയുമാണ്. മറ്റൊരു വിരോധാഭാസം സ്വന്തം നിത്യജോലിയിലൊഴികെ മറ്റെല്ലാ കാര്യത്തിലും അക്ഷമരായി, തിളയ്ക്കുന്ന രക്തത്തോടെ എടുത്തുചാടി അവിവേകം പ്രവര്‍ത്തിക്കുകയെന്നതാണ്. ആള്‍ക്കൂട്ടങ്ങളെയും വിനോദങ്ങളെയും ഒരുപാട് സ്നേഹിക്കുന്നവര്‍. സ്വതന്ത്രജീവിതം ആഗ്രഹിക്കുന്നവര്‍. അതുപോലെ ഉപദേശങ്ങള്‍ ഏറെ ഇഷ്ടപ്പെടാത്തവരുമാണ്. ഇവര്‍ വളരെ ഇഷ്ടപ്പെടുന്നത് പുലി, നായ, ആണാട് വര്‍ഷക്കാരെയാണ്.
(ബാക്കി ആറുവിഭാഗത്തില്‍പ്പെടുന്ന വര്‍ഷക്കാരെ അടുത്ത ലക്കം പരിചയപ്പെടാം)
