ചെറുശ്ശേരി കൃഷ്ണഗാഥ രചിച്ച ചിറക്കല്‍ കിഴക്കേക്കര മതിലകം ശ്രീകൃഷ്ണക്ഷേത്രം
കണ്ണൂര്‍ നഗരത്തില്‍നിന്ന് ആറ് കിലോമീറ്റര്‍ വടക്കുമാറി ചിറക്കല്‍ ചിറയുടെ കിഴക്കേക്കരയില്‍ സ്ഥിതിചെയ്യുന്ന പുരാതനക്ഷേത്രമാണ് ചിറക്കല്‍ കിഴക്കേക്കര മതിലകം ശ്രീകൃഷ്ണക്ഷേത്രം. ചെറുശ്ശേരി നമ്പൂതിരി കൃഷ്ണഗാഥ രചിച്ച് ഭഗവാന് സമര്‍പ്പിച്ച ക്ഷേത്രം കൂടിയാണ് കണ്ണൂരിലെ ചിറക്കല്‍ കിഴക്കേക്കര മതിലകം ശ്രീകൃഷ്ണക്ഷേത്രം. കുട്ടികള്‍ ഇല്ലാതെ വിഷമിക്കുന്ന ദമ്പതികളും കുടുംബങ്ങളും ഇവിടെ വന്ന് പ്രാര്‍ത്ഥിച്ച് സന്താനഗോപാലപൂജയെല്ലാം നടത്തി അവരുടെ പ്രാര്‍ത്ഥനയ്ക്ക് ഫലം കിട്ടിയ ശേഷം നിറമാലയും നടത്താറുണ്ട്. ചെറുശ്ശേരി കൃഷ്ണഗാഥ രചിച്ച ക്ഷേത്രമായതിനാല്‍ വിദ്യാരംഭം കുറിക്കാന്‍ ഏറ്റവും ശ്രേഷ്ഠമായ ക്ഷേത്രം കൂടിയാണിത്.
കണ്ണൂര്‍ നഗരത്തില്‍നിന്ന് ആറ് കിലോമീറ്റര്‍ വടക്കുമാറി ചിറക്കല്‍ ചിറയുടെ കിഴക്കേക്കരയില്‍ സ്ഥിതിചെയ്യുന്ന പുരാതനക്ഷേത്രമാണ് ചിറക്കല്‍ കിഴക്കേക്കര മതിലകം ശ്രീകൃഷ്ണക്ഷേത്രം.
ചരിത്രസ്മരണകളുടെ ഒരായിരം കഥകള്‍ക്ക് സാക്ഷ്യം വഹിച്ച് പഴയ പ്രൗഢിയോടെ ഇന്നും നിലനില്‍ക്കുന്ന ചെങ്കല്ലില്‍ തീര്‍ത്ത പടിക്കെട്ടിലൂടെ ക്ഷേത്രഗോപുരം വഴി ക്ഷേത്രാങ്കണത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഏതൊരു ഭക്തന്‍റെയും ഹൃദയത്തിലേക്ക് കൃഷ്ണലീലകള്‍, ദശാവതാരം, വിഷ്ണുപുരാണം, കിരാതാര്‍ജ്ജുനീയം, അഷ്ടദിക്പാലകര്‍ തുടങ്ങിയ ദാരുശില്‍പ്പങ്ങള്‍ ആകര്‍ഷിക്കപ്പെടുന്നു.

ദാരുശില്‍പ്പങ്ങളെല്ലാം ഹൃദയത്തിലേക്ക് ആവാഹിച്ച് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഇരുകൈകളിലും വെണ്ണയുമായി പുഞ്ചിരിതൂകി നില്‍ക്കുന്ന ഭഗവാനെയാണ് ദര്‍ശിക്കാന്‍ കഴിയുക.
പടിഞ്ഞാറ് ദര്‍ശനമുള്ള ഒന്നരയടി പൊക്കം വരുന്ന കൃഷ്ണശിലയിലാണ് വിഗ്രഹം.
വിളിച്ചാല്‍ വിളിപ്പുറത്ത് അനുഗ്രഹവുമായി നവനീത കൃഷ്ണനും സര്‍വ്വകല്‍മഷനാശകനായി വൈദ്യനാഥഭാവത്തില്‍ ശ്രീപരമേശ്വരനും തുല്യപ്രാധാന്യത്തോടെ ഈ പുണ്യക്ഷേത്രത്തില്‍ കുടികൊള്ളുന്നു.
ചെറുശ്ശേരിയുടെ കൃഷ്ണഗാഥ
കോലത്തിരിനാട്ടിലെ രാജാവായിരുന്നു ഉദയവര്‍മ്മന്‍. മഹാപണ്ഡിതനും കവിയുമായ ചെറുശ്ശേരി നമ്പൂതിരിയുമായി അദ്ദേഹം ചതുരംഗം കളിക്കുകയായിരുന്നു. തൊട്ടടുത്തായി തൊട്ടിലില്‍ കുട്ടിയെ കിടത്തി താരാട്ടുപാടി ഉറക്കുകയാണ് രാജപത്നി.
ചതുരംഗക്കളിയില്‍ വിദഗ്ദ്ധയായ രാജപത്നി കുഞ്ഞിനെ ഉറക്കുന്നതിനിടയിലും രാജാവും ചെറുശ്ശേരിയും തമ്മില്‍ ചതുരംഗം കളിക്കുന്നത് ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഒരു നീക്കം കൂടി പിഴച്ചാല്‍ രാജാവിന് പരാജയം സംഭവിക്കുമെന്ന് മനസ്സിലാക്കിയ രാജ്ഞി കുട്ടിയെ താരാട്ടു പാടി ഉറക്കുന്ന മട്ടില്‍ 'ഉന്തുന്തുന്തുന്തു... ന്താളെയുന്ത്...' എന്ന് പാടി. പാട്ടിന്‍റെ അര്‍ത്ഥം മനസ്സിലാക്കിയ രാജാവ് കാലാള്‍ കരുനീക്കി പരാജയത്തില്‍ നിന്നും രക്ഷപ്പെട്ടു.
സന്തുഷ്ടനായ രാജാവ് പത്നി പാടിയ ഈണത്തില്‍ ഒരു കാവ്യം രചിക്കാന്‍ ചെറുശ്ശേരി നമ്പൂതിരിയോട് ആവശ്യപ്പെട്ടു. അപ്രകാരം രചിക്കപ്പെട്ടതാണ് കൃഷ്ണഗാഥയെന്ന് ഐതിഹ്യം.
ഭാഗവതം ദശമസ്കന്ധത്തെ ആസ്പദമാക്കി ഭഗവാന്‍ കൃഷ്ണന്‍റെ ജനനം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള കഥകളാണ് കൃഷ്ണഗാഥയുടെ ഇതിവൃത്തം. സംഗീതാത്മകമായ മഞ്ജരി വൃത്തത്തില്‍ അമിതമായി സംസ്കൃത പദങ്ങള്‍ ഉപയോഗിക്കാതെ പൂര്‍ണ്ണമായും മലയാളത്തിലാണ് ചെറുശ്ശേരി നമ്പൂതിരി കൃഷ്ണഗാഥ രചിച്ചിട്ടുള്ളത്.
ചെറുശ്ശേരി നമ്പൂതിരി കൃഷ്ണഗാഥ രചിച്ച് ഭഗവാന് സമര്‍പ്പിച്ച ക്ഷേത്രം കൂടിയാണ് കണ്ണൂരിലെ ചിറക്കല്‍ കിഴക്കേക്കര മതിലകം ശ്രീകൃഷ്ണക്ഷേത്രം.
ചെറുശ്ശേരി നമ്പൂതിരിയുടെ പാദസ്പര്‍ശനമേറ്റ കണ്ണൂരിലെ ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രത്തില്‍ വെച്ച് എഴുത്തിനിരുത്താന്‍ ദൂരദിക്കില്‍ നിന്നുപോലും രക്ഷിതാക്കള്‍ കുട്ടികളുമായി എത്തുന്നു.
ഇരുപത്തിനാല് വര്‍ഷമായി ഈ ക്ഷേത്രത്തിലെ മേല്‍ശാന്തിയായ മാക്കന്തേരി ഇല്ലത്ത് മധു നമ്പൂതിരിക്ക് പറയാന്‍ നിരവധി അനുഭവങ്ങളുണ്ട്. ഭക്തര്‍ പറഞ്ഞ് അറിഞ്ഞതിനപ്പുറം സ്വയം അനുഭവപ്പെട്ടവയാണ് അതില്‍ അധികവും.
പകരക്കാരനായിട്ടാണ് ഞാന്‍ ഭഗവാന് മുന്നിലെത്തിയത്. പിന്നീട് ഭഗവാന്‍ തന്നെ എന്നെ ഇവിടെ സ്ഥിരമാക്കി എന്നുപറയുന്നതായിരിക്കും ശരി. ചിരിച്ചുകൊണ്ട് പൂണൂലില്‍ തടവി മധു നമ്പൂതിരി പറഞ്ഞുതുടങ്ങി. ഉദയപൂരേശ്വരാ ശരണം.
ഇരുപത്തിനാല് വര്‍ഷം മുന്‍പ് അച്ഛന്‍റെ അനിയനായിരുന്നു ഇവിടെ ശാന്തി കഴിച്ചുകൊണ്ടിരുന്നത്. ഒരു ദിവസം അദ്ദേഹത്തിന് പനിയായതിനാല്‍ മുട്ടുശാന്തിക്ക് വന്നതാണ് ഞാന്‍.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ കിടങ്ങൂര്‍ അമ്പലത്തില്‍ ശാന്തിയായി അദ്ദേഹം പോയി. താല്‍ക്കാലികമായി ഒരാഴ്ച ഇവിടെ നില്‍ക്കാന്‍ അച്ഛന്‍റെ അനിയന്‍ പറഞ്ഞു. ഞാന്‍ അത് അനുസരിച്ചു. ഒരാഴ്ച കഴിഞ്ഞാല്‍ ഇവിടെ പുതിയ ശാന്തി വരുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം. പക്ഷേ ആരും വന്നില്ല. അങ്ങനെ ഒരാഴ്ചയില്‍ നിന്ന് ഇരുപത്തിനാല് വര്‍ഷത്തില്‍ എത്തിനില്‍ക്കുന്നു. ഭഗവാനെ സേവിക്കാന്‍ ഇത്രയും വര്‍ഷം സാധിച്ചത് ഒരു ഭാഗ്യമായും പുണ്യമായും മാത്രമേ കാണാന്‍ കഴിയൂ. ഭഗവാനെതൊഴുതുകൊണ്ട് മധു നമ്പൂതിരി പറഞ്ഞു.
ഭഗവാന്‍ നല്‍കിയ ഓടക്കുഴല്‍
ഇവിടെ വന്നശേഷം എനിക്ക് ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ചിലത് ഞാന്‍ പറയാം. കളരിവാതിക്കല്‍ കുടുംബത്തില്‍പ്പെട്ട ഒരു ഭക്ത. അവര്‍ക്ക് എഴുപത് വയസ്സില്‍ അധികം പ്രായമുണ്ട്. മിക്കപ്പോഴും ക്ഷേത്രത്തില്‍ വരുന്നവരാണ്.
കാഴ്ചക്കുറവുള്ളതിനാല്‍ ക്ഷേത്രത്തില്‍ വരാന്‍ അവര്‍ നന്നേ ബുദ്ധിമുട്ടിയിരുന്നു. ഒരു ദിവസം അവര്‍ ഫോണ്‍ ചെയ്ത് എന്നോട് പറഞ്ഞു. തിരുമേനി അടുത്ത ആഴ്ച എന്‍റെ പിറന്നാളാണ്. പിറന്നാള്‍ ദിവസം ഒരു ഓടക്കുഴലും ചിറ്റാടയും മയില്‍പ്പീലിയും കുറച്ച് പഴവും ഭഗവാന് നേദിക്കണം. പിറന്നാള്‍ ദിവസം എത്തി. അന്ന് ഞാന്‍ ക്ഷേത്രത്തില്‍ വരുമ്പോള്‍ തിരുമേനി എനിക്ക് ഭഗവാന് മുന്നില്‍ പൂജിച്ച ഓടക്കുഴല്‍ പിറന്നാള്‍ സമ്മാനമായി തരണമെന്നും പറഞ്ഞു. ഒരാഴ്ച മുന്നേ പറഞ്ഞതിനാല്‍ പല തിരക്കുകള്‍ക്കിടയില്‍ ഞാന്‍ അക്കാര്യം മറന്നു.
പക്ഷേ, അവരുടെ പിറന്നാളിന്‍റെ തലേദിവസം ദീപാരാധനകഴിഞ്ഞ സമയത്ത് എന്നെ ഭഗവാന്‍ ഓര്‍മ്മപ്പെടുത്തി. അടുത്ത ദിവസം ഓടക്കുഴല്‍ സമ്മാനമായി കൊടുക്കുന്ന കാര്യം.
നടയടച്ചശേഷം രാത്രിയില്‍ കണ്ണൂരിലെ പൂജാസ്റ്റോറുകളിലും മറ്റുകടകളിലുമെല്ലാം ഓടക്കുഴല്‍ അന്വേഷിച്ച് നടന്നു. എവിടെ നിന്നും കിട്ടിയില്ല. വളരെ വിഷമത്തോടെ ഞാന്‍ ഇല്ലത്തേയ്ക്ക് നടന്നു. ഇല്ലത്ത് എത്തിയശേഷം ഒരു ഓടയുടെ തണ്ട് സംഘടിപ്പിച്ചു.
അതില്‍ ഏഴ് സുഷിരങ്ങള്‍ ഉണ്ടാക്കി. ഏകദേശം ഒരു ഓടക്കുഴല്‍ രൂപത്തിലാക്കി. കാണാന്‍ സുന്ദരമല്ലെങ്കിലും ഒരു ഓടക്കുഴല്‍ രൂപം. മനസ്സ് വിഷമിച്ചുകൊണ്ട് ഭഗവാനെ പ്രാര്‍ത്ഥിച്ചു. കിടന്നിട്ട് ഉറക്കം വരുന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. പിന്നെ എങ്ങനെയോ ഉറങ്ങിപ്പോയി. അതിരാവിലെ എഴുന്നേറ്റ് ഞാനുണ്ടാക്കിയ ഓടക്കുഴലുമായി ക്ഷേത്രത്തിലേക്ക് പോയി.
ഞാന്‍ നടതുറന്ന് അഭിഷേകം കഴിഞ്ഞ് തിടപ്പള്ളിയില്‍ ചെന്ന് നോക്കുമ്പോള്‍ തിടപ്പള്ളിയില്‍ കിടക്കുന്നു സുന്ദരന്‍ ഓടക്കുഴല്‍. കടയില്‍ നിന്ന് വാങ്ങിക്കൊണ്ടുവരണമെന്ന് വിചാരിച്ച അതേ ഓടക്കുഴല്‍.
തിടപ്പള്ളിയുടെ അടുത്ത് ഒരു സ്റ്റോര്‍റൂമുണ്ട്. അതിനടുത്തായി നമുക്ക് കാണത്തക്കവിധത്തിലാണ് ഓടക്കുഴല്‍ കിടക്കുന്നത്.
എപ്പോഴോ അമ്പലത്തില്‍ വാങ്ങിവച്ച ഓടക്കുഴലാകട്ടെ അത് എലിയോ മറ്റോ തട്ടിയിട്ട് വീണതായിരിക്കാം എന്നൊക്കെ വേണമെങ്കില്‍ കരുതാം. പക്ഷേ അന്നേദിവസം എന്‍റെ മുന്നില്‍ കൊണ്ടിട്ടത് ശരിക്കും ഭഗവാന്‍ തന്നെയല്ലേ..
ഭക്തയായ ആ അമ്മ തൊഴാന്‍ വന്നപ്പോള്‍ അവര്‍ക്ക് പിറന്നാള്‍ സമ്മാനമായി ഭഗവാന്‍ എനിക്ക് നല്‍കിയ ഓടക്കുഴല്‍ ഞാന്‍ ആ അമ്മയ്ക്ക് നല്‍കി. അവര്‍ സന്തോഷത്തോടെ അത് സ്വീകരിച്ച് ഭഗവാനെ തൊഴുത് നടന്നുനീങ്ങുമ്പോഴും ഭഗവാന്‍റെ മുഖത്ത് പുഞ്ചിരി മാത്രമേ എനിക്ക് കാണാന്‍ കഴിഞ്ഞുള്ളൂ. പലരും പറഞ്ഞ് കേട്ടിട്ടുണ്ട് വിളിച്ചാല്‍ വിളിപ്പുറത്താണ് ഇവിടുത്തെ ഭഗവാനെന്ന്.

സന്താനസൗഭാഗ്യം
ഈ ക്ഷേത്രം കുറേക്കാലം ക്ഷയിച്ചുകിടന്ന അവസ്ഥ ഉണ്ടായിരുന്നു. ആരും ശ്രദ്ധിക്കപ്പെടാതിരുന്ന ഒരു കാലം. അന്ന് ഒരു തിരുമേനി വന്ന് ഒരുപിടി നേദ്യം കഴിച്ച് ഉടനെ നടയടച്ച് പോകും. അങ്ങനെയുള്ള ഒരു കാലത്ത് ഒരു സന്ധ്യക്ക് ഗര്‍ഭിണിയായ സ്ത്രീയും ഭര്‍ത്താവും കൂടി ക്ഷേത്രച്ചിറയുടെ കരയില്‍ വന്നു. ക്ഷേത്രനടയില്‍ ഒരു തിരിമാത്രം കത്തുന്നുണ്ട്. ഏഴാം മാസമായതിനാല്‍ സ്ത്രീയ്ക്ക് അമ്പലത്തില്‍ കയറി തൊഴാന്‍ സാധ്യമല്ലാത്തതിനാല്‍ ഭര്‍ത്താവ് മാത്രം അകത്തുകയറി തൊഴുതിട്ട് വരാമെന്നും പറഞ്ഞ് അമ്പലത്തിലേക്ക് കയറിപ്പോയി.
വിജനമായ സ്ഥലം. അവിടെ എങ്ങും ആരും ഉണ്ടായിരുന്നില്ല. ആ സമയത്ത് ഈ സ്ത്രീയുടെ മുന്നില്‍ ഒരു ബാലന്‍ വന്ന് അവരുടെ വയറില്‍ തടവിയിട്ട് എങ്ങോ പോയി. തൊഴുത് വന്ന ഭര്‍ത്താവിനോട് അവര്‍ കാര്യം പറഞ്ഞു. ഭര്‍ത്താവ് അവിടെ എല്ലാം ആ കുട്ടിയെ അന്വേഷിച്ചു. എങ്ങും കണ്ടെത്താന്‍ കഴിഞ്ഞില്ല. ബാലനായി വന്ന് ഗര്‍ഭിണിയായ എന്‍റെ വയറ്റില്‍ തടവിപോയത് സാക്ഷാല്‍ ഭഗവാനായിരുന്നെന്ന് ആ സ്ത്രീ ഇന്നും വിശ്വസിക്കുന്നു.
ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷം ആ സ്ത്രീ ക്ഷേത്രത്തില്‍ വീണ്ടും തൊഴാന്‍ വന്നു. ഇരുപത് വയസ്സുള്ള മകനേയും കൊണ്ട്. അപ്പോഴാണ് അവര്‍ എന്നോട് അന്ന് നടന്ന സംഭവം പറഞ്ഞത്. അവര്‍ ഇപ്പോള്‍ ദൂരദേശത്താണ് കുടുംബത്തോടെ താമസിക്കുന്നത്.
പാല്‍ തട്ടിയെടുത്ത കണ്ണന്‍
കാര്‍ഷിക സംസ്കാരമുള്ള സ്ഥലമാണ് ഇവിടെ. കുറച്ച് അകലെനിന്ന് ഒരു കുട്ടി ഒരു കുപ്പി പാലുമായി അമ്പലത്തിലേയ്ക്ക് വന്നു. കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കാണ് വീട്ടില്‍ നിന്നും കുട്ടിയുടെ കയ്യില്‍ പാല് കൊടുത്തുവിട്ടത്.
ഈ ക്ഷേത്രമാണ് കടലായി എന്ന് തെറ്റിദ്ധരിച്ചാണ് കുട്ടി കിഴക്കേക്കരയിലേക്ക് എത്തിയത്. ഭഗവാന്‍റെ മുന്നിലെത്തിയപ്പോള്‍ ആരോ കുട്ടിയോട് പറഞ്ഞു. ഇത് കടലായി ക്ഷേത്രമല്ല കിഴക്കേക്കരയാണെന്ന്. കടലായിയിലേക്കുള്ള പാലാണെന്നും പറഞ്ഞ് കുട്ടി തിരിച്ചുപോകാന്‍ തുടങ്ങി. ഗോപുരത്തിന് അടുത്ത് എത്തിയപ്പോള്‍ കുട്ടിയുടെ കയ്യില്‍ നിന്നും കുപ്പി താഴെവീണ് പൊട്ടി. കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലേക്ക് ഓടിപ്പോയി. പിറ്റേന്ന് കുട്ടിയുടെ വീട്ടുകാര്‍ കിഴക്കേക്കരയിലേക്കും പടിഞ്ഞാറേക്കര ക്ഷേത്രത്തിലേയ്ക്കും, കടലായിയിലേക്കുമായി മൂന്ന് കുപ്പി പാലുമായി വന്ന് ഭഗവാന് നേദിച്ചു.
ഭഗവാന്‍ എല്ലാം ഒന്നാണ്. ഭഗവാന്‍ ആ കുട്ടിയെ ഇങ്ങോട്ടേയ്ക്ക് പിടിച്ചുകൊണ്ടുവന്നതാണ്. കുട്ടി പാലും കൊണ്ട് ഇവിടെ നിന്നും തിരിച്ചുപോകുമ്പോള്‍ ഭഗവാന്‍ ഓടിച്ചെന്ന് തട്ടിപ്പറിച്ചതാണെന്നാണ് അന്ന് ആ സംഭവത്തിന് സാക്ഷ്യം വഹിച്ച ഭക്തജനങ്ങള്‍ ഇന്നും വിശ്വസിക്കുന്നത്.
ഈ ചിറക്കല്‍ദേശത്ത് ഒരേ മൂര്‍ത്തി സ്വഭാവത്തില്‍ മൂന്ന് ക്ഷേത്രങ്ങളുണ്ട്. ഒന്ന് കടലായി ശ്രീകൃഷ്ണക്ഷേത്രം, ചിറക്കല്‍ കിഴക്കേക്കര മതിലകം ശ്രീകൃഷ്ണക്ഷേത്രം, ചിറക്കല്‍ പടിഞ്ഞാറേക്കര ശ്രീകൃഷ്ണക്ഷേത്രം. ഈ മൂന്ന് ക്ഷേത്രങ്ങളിലും തൊഴുതാലുള്ള ഫലം ഒന്നാണ്. പല ഇടത്തേയ്ക്കും വഴിപാടിന് വരുന്ന പലരും മാറിമാറി ഈ ഓരോ അമ്പലങ്ങളിലും എത്താറുണ്ട്. ഈ മൂന്ന് ക്ഷേത്രങ്ങളില്‍ ഏതെങ്കിലും ഒരു ക്ഷേത്രത്തില്‍ എത്തിയാലും ഏത് വഴിപാട് കഴിച്ചാലും ഫലം ഒന്നുതന്നെയാണ്. ഈ മൂന്ന് ക്ഷേത്രങ്ങളില്‍ ഏറ്റവും പഴക്കമുള്ള ക്ഷേത്രം കിഴക്കേക്കര മതിലകം ശ്രീകൃഷ്ണക്ഷേത്രം തന്നെയാണ്.
ഇരുകൈകളിലും വെണ്ണയുമായി നില്‍ക്കുന്ന ഉണ്ണിക്കണ്ണന്‍മാര്‍ തന്നെയാണ് മൂന്നിടത്തും. അതുകൊണ്ടായിരിക്കാം കണ്ണന്‍റെ ഊരായിരുന്നത് കണ്ണൂരായി മാറിയത്.
മലബാറിലെ ഏറ്റവും വലിയ ഊട്ടുപുരയുള്ള ക്ഷേത്രവും ചിറക്കല്‍ കിഴക്കേക്കര മതിലകം ശ്രീകൃഷ്ണക്ഷേത്രം തന്നെയാണ്. ഒരേസമയം ആയിരത്തി അഞ്ഞൂറിലധികം ആളുകള്‍ക്ക് ഇവിടെ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യവുമുണ്ട്.

കുട്ടികള്‍ ഇല്ലാതെ വിഷമിച്ച എത്രയോ ദമ്പതികളും കുടുംബങ്ങളും ഇവിടെ വന്ന് പ്രാര്‍ത്ഥിച്ച് സന്താനഗോപാലപൂജയെല്ലാം നടത്തി അവരുടെ പ്രാര്‍ത്ഥനയ്ക്ക് ഫലം കിട്ടിയ ശേഷം നിറമാലയും നടത്താറുണ്ട്. ചെറുശ്ശേരി കൃഷ്ണഗാഥ രചിച്ച ക്ഷേത്രമായതിനാല്‍ വിദ്യാരംഭം കുറിക്കാന്‍ ഏറ്റവും ശ്രേഷ്ഠമായ ക്ഷേത്രം കൂടിയാണിത്. ശ്രീകൃഷ്ണജയന്തി, ശിവരാത്രി, കുചേലദിനം, മണ്ഡലമാസാചരണം, കര്‍ക്കിടകമാസം രാമായണ പാരായണം, ചിങ്ങമാസം കൃഷ്ണഗാഥ പാരായണം എന്നിവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങള്‍.
മലബാര്‍ ദേവസ്വം ബോര്‍ഡ്, സി.കെ. ദേവസ്വം ഗ്രൂപ്പ് എക്സിക്യുട്ടീവ് ഓഫീസറുടെ കീഴിലാണ് ക്ഷേത്രഭരണം. ക്ഷേത്രം ട്രസ്റ്റി ചിറക്കല്‍ കോവിലകം രാമവര്‍മ്മ വലിയരാജ. ക്ഷേത്രം തന്ത്രി കാട്ടുമാടം ഇളേടത്ത് ഈശാനന്‍ നമ്പൂതിരിപ്പാട്. ക്ഷേത്രം മേല്‍ശാന്തി മാക്കഞ്ചേരി ഇല്ലത്ത് മധു നമ്പൂതിരി.
ക്ഷേത്ര നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി നാട്ടുകാരുടെ നേതൃത്വത്തില്‍ പുനരുദ്ധാരണ സമിതിയും പ്രവര്‍ത്തിക്കുന്നു. പ്രസിഡന്‍റ് ടി. നിഖില്‍, സെക്രട്ടറി ഗോവിന്ദന്‍കുട്ടി, ക്ഷേത്രസംരക്ഷണത്തിനായി ശ്രീദേവി വര്‍മ്മ പ്രസിഡന്‍റായും പ്രഭാവതി മാരാര്‍ സെക്രട്ടറിയായും മാതൃസമിതിയും സജീവമാണ്.
എ.എന്‍. മനയ്ക്കല്‍,
ഫോട്ടോ: പുഷ്പജന്‍ തളിപ്പറമ്പ്
