ചിതാഭസ്മം ഗംഗയില്‍ ഒഴുക്കിയാല്‍ ആത്മാവിന് മോക്ഷം ലഭിക്കുമോ...?
പൗരാണികകാലം മുതല്ക്കുതന്നെ ഗംഗ, യമുന, ഗോദാവരി, സരസ്വതി, നര്‍മ്മദ, സിന്ധു, കാവേരി, രാമേശ്വരം, പമ്പ, ഭാരതപ്പുഴ തുടങ്ങിയ സ്നാനഘട്ടങ്ങള്‍ പാപനാശനവും, പിതൃക്കള്‍ക്ക് മോക്ഷദായകങ്ങളുമാണത്രേ. ഈ പുണ്യനദികളൊക്കെ തര്‍പ്പണ ഘട്ടങ്ങളാണ്.
പൗരാണികകാലം മുതല്ക്കുതന്നെ ഗംഗ, യമുന, ഗോദാവരി, സരസ്വതി, നര്‍മ്മദ, സിന്ധു, കാവേരി, രാമേശ്വരം, പമ്പ, ഭാരതപ്പുഴ തുടങ്ങിയ സ്നാനഘട്ടങ്ങള്‍ പാപനാശനവും, പിതൃക്കള്‍ക്ക് മോക്ഷദായകങ്ങളുമാണത്രേ. ഈ പുണ്യനദികളൊക്കെ തര്‍പ്പണ ഘട്ടങ്ങളാണ്. ഗംഗാനദി ഉള്‍പ്പെടെ സര്വ്വനദികളും, പുഴകളും സാക്ഷാല്‍ മഹാദേവന്റെ തിരുജഡയില്‍ നിന്ന് ഉത്ഭവിക്കുന്ന പുണ്യജലധാരകളാണത്രേ.
അതുകൊണ്ടാണ് നദിക്കരയിലും പുഴയുടെ തീരങ്ങളിലുമൊക്കെ ബലിതര്‍പ്പണം നടത്തുന്നത്. ഒഴുകുന്ന ജലസാന്നിദ്ധ്യം മഹാദേവന്റെ സഹായത്താല്‍ മരിച്ചവര്‍ക്ക് മോക്ഷമേകുന്നു. മരിച്ചതിന്റെ 5-ാം നാള് നടത്തുന്ന സഞ്ചയനദിനത്തില്‍ ഒരു മണ്കുടത്തില് ശേഖരിക്കുന്ന അസ്ഥി(ചിതാഭസ്മം) വീടിന്റെ പുറത്ത് ഭദ്രമായി കുഴിച്ചിടുന്നു. ഇത് 15 ദിവസത്തെ ശേഷക്രിയകള്‍ക്ക് ശേഷം പുഴയില്‍ ഒഴുകുന്നു. അതായത് പരേതാത്മാവിനെ സംബന്ധിച്ചുള്ള അവസാനത്തെ ശേഷിപ്പാണ് ചിതാഭസ്മം. അതും ജലത്തില്‍ സമര്‍പ്പിക്കുന്നു.(ഈ സമയത്ത് ചിലര്‍ പരേതന്റെ ജാതകവും ഒപ്പം ഒഴുക്കാറുണ്ട്).
ചിതാഭസ്മം ജലത്തില്‍ ഒഴുക്കുന്നതിന് പിന്നിലെ തത്വം ഇതാണ്- പരേതാത്മാവിനെ മോക്ഷത്തിലേയ്ക്ക് നയിക്കുന്നത് ജലമാണ്. പ്രാണനെ നിലനിര്‍ത്തുക ജലമാണ്. പ്രാണന് നിലനില്‍ക്കുന്നത് അന്നത്തിലാണ്. അന്നത്തെ നയിക്കുന്നതും ജലമാണ്. അന്നത്തെ ആമാശയത്തിലേയ്ക്ക് എത്തിക്കുന്നത് ഉമിനീരാണ്(ജലം). കട്ടികൂടിയ ആഹാരം ഇറക്കാന്‍ പ്രയാസമെങ്കില്‍ നമ്മള് അല്‍പ്പം ജലം കുടിക്കുന്നു. അതുകൊണ്ട് ജീവാത്മാവായ പ്രാണനേയും പരമാത്മാവിലേക്ക് ജലം നയിക്കുന്നു.
നദിയായും, പുഴയായും ഒഴുകുന്ന ജലം അവസാനം എത്തിച്ചേരുന്നത് സമുദ്രത്തിലാണ്. സമുദ്രം എന്നാല്‍ നദികളുടെ ലയനമാണത്രേ. സമുദ്രജലം നീരാവിയായി, കാര്‍മേഘമായി, മഴയായി വിവിധ ഭാഗങ്ങളില്‍ പെയ്ത് തോടുകളായും, പുഴയായും, നദിയായും ഒഴുകി അന്ത്യം സമുദ്രത്തില്‍തന്നെ എത്തിച്ചേരുന്നു. അതായത് എവിടെ നിന്നാണോ ഉത്ഭവിച്ചത് അവിടേയ്ക്ക് തന്നെ എത്തിച്ചേരുമ്പോഴാണ് ലയനം സംഭവിക്കുന്നത്. അതായത് പൂര്‍ണ്ണത ഉണ്ടാകുന്നത്. പ്രകൃതിയിലെ സര്‍വ്വതിലും ഈ ലയനം കാണാവുന്നതാണത്രേ.
അതുപോലെ പരമാത്മാവില്‍ നിന്ന് ഉത്ഭവിച്ചതാണ് ജീവാത്മാവ്. ഈ ജീവാത്മാവ് പരമാത്മാവില്‍ തന്നെ ലയിക്കുമ്പോഴാണ് മോക്ഷം ലഭിക്കുന്നത്. പക്ഷേ നമുക്ക് ഇതിന് കഴിയുന്നില്ല എന്നതാണ് വാസ്തവം. ജീവന് നിരവധി കര്മ്മബന്ധനങ്ങളില്പ്പെട്ട് ജനിച്ചും, മരിച്ചും, മോക്ഷമില്ലാതെ ജനനമരണങ്ങള്‍ ഇങ്ങനെ അനുസ്യൂതം സംഭവിച്ചുകൊണ്ടിരിക്കുന്നു. മോക്ഷത്തെ പ്രതീകാത്മകമായി ചിതാഭസ്മം ഒഴുക്കുന്നതിലൂടെ മാനവരാശിക്ക് പറഞ്ഞുകൊടുക്കുകയാണ് ചെയ്യുന്നത്.
