ചിത്രഗുപ്തന്‍റെ കണക്കുപുസ്തകം

ചിത്രഗുപ്തന്‍റെ കണക്കുപുസ്തകം

HIGHLIGHTS

കാലന്‍റെ(കാലത്തിന്‍റെ) കണക്കുബുക്കില്‍ ചിത്രഗുപ്തന്‍ കണക്കുകള്‍ കുറിക്കും. അതാതുദിവസം വെട്ടേണ്ടത് വെട്ടും. അവിടെ ശുപാര്‍ശകളും, സര്‍വ്വീസ് നീട്ടലും സാദ്ധ്യമല്ല. പക്ഷേ തന്നെ സമീപിച്ച തന്‍റെ ഭക്തനായ മാര്‍ക്കണ്ഡേയനെ തൊട്ടപ്പോള്‍ കാലനെവരെ തട്ടാനും സംഹാരമൂര്‍ത്തി മടിച്ചില്ല. അതെല്ലാം കഥകള്‍.

 

കാലത്തിന്‍റെ കണക്കു ബുക്കില്‍ ബാക്കിയിരിക്കേണ്ടവര്‍ ആരുമില്ല.സൃഷ്ടി ബ്രഹ്മാവിനും സ്ഥിതി മഹാവിഷ്ണുവിനും സംഹാരം ശിവനും പണ്ടേ വിഭജിച്ചുകൊടുത്തതാണ്.

ഇടക്കാലത്ത് വിശ്വാമിത്രന്‍ ബഹളം കൂട്ടി ബ്രഹ്മാവിന് പ്രതിഛായ പോരാ, തനിക്കും കുറെക്കാലം സൃഷ്ടി നടത്താന്‍ അവസരം വേണമെന്ന് വാദിച്ചു. മന്ത്രിസഭ വീഴുമെന്നായപ്പോള്‍ എല്ലാവരും കൂടി ഏകോപനസമിതി ചേര്‍ന്ന് പരീക്ഷണാടിസ്ഥാനത്തില്‍ സൃഷ്ടി നടത്താനുള്ള അവകാശം മൂന്നേമുക്കാല്‍ നാഴിക വിശ്വാമിത്രന് നല്‍കി.

അങ്ങനെ വിശ്വാമിത്രന്‍ സൃഷ്ടി തുടങ്ങി. ആദ്യം സസ്യലോകത്ത് കൈവച്ചു. അതുവരെയില്ലാത്ത സ്വാദും മണവും വീര്യവുമായി ഒരു പഴം ഉണ്ടാക്കി. എല്ലാ ഫലങ്ങള്‍ക്കും വംശവര്‍ദ്ധന വിനായി അതികുരു, അല്ലെങ്കില്‍ വിത്ത് ഉണ്ടാവും. വിശ്വാമിത്രന്‍ സൃഷ്ടി കഴിഞ്ഞപ്പോള്‍ അതിനകത്ത് വിത്ത് വെയ്ക്കാന്‍ മറന്നു. ഉടനെ വിത്ത് പഴത്തിന് പുറത്ത് ഫിറ്റ് ചെയ്തു. അതാണ് കശുമാങ്ങ അഥവാ പറങ്കിമാങ്ങ. ആകെ നാണക്കേടായി. ബ്രഹ്മാവ് പൊട്ടിച്ചിരിച്ചു. വിശ്വാമിത്രന്‍ കുലുങ്ങിയില്ല.
അടുത്തത് പക്ഷിലോകത്തേക്ക് കടന്നു. അതുവരെയാരും കാണാത്ത വേഗതയും ശക്തിയുമുള്ള ഒരു പക്ഷിയെ സൃഷ്ടിച്ചു. സൃഷ്ടി കഴിഞ്ഞപ്പോള്‍ പക്ഷിക്ക് കാലുകളില്ല. തല കീഴായി തൂങ്ങിക്കിടക്കണം. അതാണ് വവ്വാല്‍- അല്ലെങ്കില്‍ വാവല്‍. അതും സൃഷ്ടി വൈകൃതമായി.

വിശ്വാമിത്രന്‍ കടലിലേക്ക് തിരിഞ്ഞു. അതുവരെ കാണാത്ത ഒരു ജന്തുവിനെ ഉണ്ടാക്കി. കാര്യം കഴിഞ്ഞപ്പോഴാണ്, സൃഷ്ടിച്ച ജന്തുവിന് വിസര്‍ജ്ജനേന്ദ്രിയം വച്ചുപിടിപ്പിക്കാന്‍ മറന്ന കാര്യം ഓര്‍ത്തത്. അതാണ് കടല്‍നായ. ഈ വിദ്വാന്‍ ഭക്ഷിക്കുന്നതും വിസര്‍ജ്ജിക്കുന്നതും വായിലൂടെയാണ്.

അങ്ങനെ മൂന്നേമുക്കാല്‍ നാഴികകൊണ്ട് സൃഷ്ടികര്‍മ്മം കുളമായി. സകലരും യോഗം ചേര്‍ന്ന് വിശ്വാമിത്രനെ തല്‍സ്ഥാനത്തുനിന്നുനീക്കി, ബ്രഹ്മാവുതന്നെ തല്‍സ്ഥാനം ഏറ്റെടുത്തു. അതാണ് നീതിക്കും യുക്തിക്കും നിരക്കാത്തവരെ നാം വിശ്വാമിത്ര സൃഷ്ടികള്‍ എന്നുപറയുന്നത്. 

ബ്രഹ്മാവ് സൃഷ്ടി തുടര്‍ന്നു.
മഹാവിഷ്ണു പാലിച്ചു.
ശിവന്‍ സംഹാരവും തുടരുന്നു.

കാലന്‍റെ(കാലത്തിന്‍റെ) കണക്കുബുക്കില്‍ ചിത്രഗുപ്തന്‍ കണക്കുകള്‍ കുറിക്കും. അതാതുദിവസം വെട്ടേണ്ടത് വെട്ടും. അവിടെ ശുപാര്‍ശകളും, സര്‍വ്വീസ് നീട്ടലും സാദ്ധ്യമല്ല.

പക്ഷേ തന്നെ സമീപിച്ച തന്‍റെ ഭക്തനായ മാര്‍ക്കണ്ഡേയനെ തൊട്ടപ്പോള്‍ കാലനെവരെ തട്ടാനും സംഹാരമൂര്‍ത്തി മടിച്ചില്ല. അതെല്ലാം കഥകള്‍.

ആയുസ്സ്

ഓരോ ജീവജാലത്തിനും ആയുസ്സ് നിശ്ചയിച്ചിരിക്കുന്നു. അതില്‍ ആയുസ്സിന്‍റെ കണക്ക്
 

മനുഷ്യനും ആനയ്ക്കും 120 വയസ്സ്.

ആമ, കഴുകന്‍, കാക്ക, മൂങ്ങ, സര്‍പ്പം- 100 വര്‍ഷം.

കുതിര- 32 വയസ്സ്.

കഴുത, ഒട്ടകം- 25 വയസ്സ്

കാള, പശു, പോത്ത്- 24 വയസ്സ്

മയില്‍- 20 വയസ്സ്

ആട്, പൂച്ച- 16 വയസ്സ്

പട്ടി, കുറുക്കന്‍, കുയില്‍, പ്രാവ്- 12 വയസ്സ്.

കോഴി- 8 വയസ്സ്.

ഇതാണ് ചിത്രം.

ആയുസ്സിന്‍റെ ദൈര്‍ഘ്യത്തെ ക്കുറിച്ച് കേഴുന്ന ഒരു ജീവി മനുഷ്യനാണ്. മറ്റുള്ളവര്‍ക്കൊന്നും അങ്ങനെയൊരു ചിന്തയില്ല. അവര്‍ക്ക് ചിന്താശക്തിയില്ല. ടെന്‍ഷനുമില്ല.

ലഗ്നം- ലഗ്നാധിപന്‍, അഷ്ടമം, 3-4-2 ഭാവങ്ങള്‍, അഷ്ടമാധിപന്‍, ചന്ദ്രന്‍- ഈ അഞ്ച് കാര്യങ്ങള്‍ ആയുര്‍വിഷയത്തില്‍ നാം ചിന്തിക്കുന്നു. ഇവരുടെ ശുഭയോഗദൃഷ്ടി ബലം, ദീര്‍ഘായുര്‍യോഗപ്രദമാണ്. ലഗ്നത്തിനും, ചന്ദ്രനും ബലമുണ്ടാവുക, അവര്‍ക്ക് ശുഭയോഗം വരിക, ശുഭദൃഷ്ടി വരിക, മുതലായവ ആയുസ്സിനെ നല്‍കും. ലഗ്നാലോ ചന്ദ്രാലോ കേന്ദ്രത്രികോണങ്ങളില്‍ രണ്ടിലും ശുഭന്‍ നില്‍ക്കുക, പാപഗ്രഹം 3-6-11 ല്‍ വരിക, അവര്‍ക്ക് ശുഭവീക്ഷണം വരിക- ഇത് ആയുസ്സ് നല്‍കും. വ്യാഴലഗ്നകേന്ദ്രത്തിലോ ചന്ദ്രകേന്ദ്രത്തിലോ(ഹംസ-കേസരിയോഗം) ഇതും ആയുദായകമാണ്. 

ലഗ്നചന്ദ്രരാശ്യാധിപര്‍ ലഗ്നത്തില്‍ നില്‍ക്കുക, കേന്ദ്ര സ്ഥാനത്താവുക, ലഗ്നാധിപന്‍ 11 ലും ചന്ദ്രലഗ്നാധിപന്‍ ചന്ദ്രന്‍റെ പതിനൊന്നില്‍ വരിക- ഇതും ആയുസ്സ് നല്‍കും.
പഞ്ചമഹാപുരുഷയോഗം, ശരഭയോഗം ഇവ വരിക, ലഗ്നാധിപനും ആരൂഢലഗ്നാധിപനും ബന്ധുവാകുക- ഇത് ആയുസ്സിന് പുഷ്ടി നല്‍കും. ദീര്‍ഘായുസ്സ് എന്നാല്‍ 84 വയസ്സ്. ആയിരം പൂര്‍ണ്ണചന്ദ്രനെ കാണാനുള്ള യോഗം. അതുപോലെ അനേകം ദീര്‍ഘായുര്‍യോഗങ്ങളും, അല്‍പ്പായുര്‍യോഗങ്ങളും, മദ്ധ്യമായുര്‍യോഗങ്ങളും ഉണ്ട്. അവയെല്ലാം അടുത്ത ലേഖനങ്ങളിലൂടെ പരാമര്‍ശിക്കാം.

മേമ്പൊടി: മൂര്‍ഖനെ അടിക്കണമെങ്കില്‍ പത്തി ഒതുക്കി അടിക്കണം.