കാലന്‍റെ കാലവും ചിത്രാപൗര്‍ണ്ണമിയും

കാലന്‍റെ കാലവും ചിത്രാപൗര്‍ണ്ണമിയും

HIGHLIGHTS

ജനിക്കുന്നവരെല്ലാം എന്നെങ്കിലുമൊരിക്കല്‍ മരിക്കും എന്ന് ഉറപ്പായ ആദിമമനുഷ്യര്‍ അന്നു മുതല്‍ മരണത്തെ ചെറുക്കാനും, അതിജീവിക്കുവാനും മരണമില്ലാത്ത ജീവിതം എന്ന സ്വപ്നം കാണാനും തുടങ്ങി. അതില്‍ നിന്നും ഉദയം കൊണ്ടതാണ് ചിത്രാപൗര്‍ണ്ണമി ഉത്സവം.

കേരളത്തിലെ ഉത്സവ മഹിമയില്‍ മുന്നിട്ട് നിന്നിരുന്നതും ഇപ്പോള്‍ ഏറെക്കുറെ നാമാവശേഷമാകുമോ എന്ന് സംശയിക്കേണ്ടതുമായ ഒരു പുണ്യപുരാതന ഉത്സവമാണ് ചിത്രാപൗര്‍ണ്ണമി ഉത്സവം. ആദിദ്രാവിഡ സംസ്കൃതിയില്‍ ആരംഭം കുറിച്ചതായിരുന്നു ചിത്രാപൗര്‍ണ്ണമി.

തമിഴ്നാട്ടില്‍ ഇപ്പോഴും ഈ ഉത്സവം വ്യാപകമായി വിപുലമായി എല്ലാവര്‍ഷവും തുടര്‍ന്നുപോരുന്നു. തമിഴ്നാട്ടിലെ കാഞ്ചിയിലും, വില്ലുപുരത്തും, അംബാസമുദ്രത്തിനടുത്തുള്ള, പാപനാശത്തും, കാളിമലയിലും, അങ്ങനെ തമിഴ്നാട് ആകെ ഈ ഉത്സവം അതിപ്രധാനമാണ്.

ചിത്ര- ചിത്തിരമാസം(മേടമാസം)
ചിത്രാപൗര്‍ണ്ണമി- മേടമാസത്തിലെ പൗര്‍ണ്ണമി.

അനാദികാലം മുതല്‍ കേരളത്തിലെ പ്രമുഖമായ തറവാടുകളില്‍ വിശിഷ്യാ തെക്കന്‍ കേരളത്തില്‍ ഈ ദിവസം അതിപ്രധാനമായിരുന്നു. തലേദിവസം വ്രതം നോറ്റ് കുടുംബത്തിലേയും ദേശത്തിലേയും ആബാലവൃദ്ധം ഭക്തര്‍ ഈ സുപ്രധാനദിവസം ഈശ്വരസമര്‍പ്പണത്തിനായി പൂര്‍ണ്ണമായും മാറ്റിവച്ചിരുന്നു.

ഈ മഹാഉത്സവത്തിന്‍റെ പിന്നില്‍ മണ്‍മറഞ്ഞുപോയ മനുഷ്യരുടെ മരണാതിജീവനശ്രമത്തിന്‍റെ ആഗ്രഹലക്ഷ്യം ഉണ്ടായിരുന്നു.

ജനിക്കുന്നവരെല്ലാം എന്നെങ്കിലുമൊരിക്കല്‍ മരിക്കും എന്ന് ഉറപ്പായ ആദിമമനുഷ്യര്‍ 
അന്നു മുതല്‍ മരണത്തെ ചെറുക്കാനും, അതിജീവിക്കുവാനും മരണമില്ലാത്ത ജീവിതം എന്ന സ്വപ്നം കാണാനും തുടങ്ങി. അതില്‍ നിന്നും ഉദയം കൊണ്ടതാണ് ചിത്രാപൗര്‍ണ്ണമി ഉത്സവം.

ബ്രഹ്മാവ് കാലനെ സൃഷ്ടിച്ചിട്ട് പറഞ്ഞു. 'അല്ലയോ കാലാ(ധര്‍മ്മരാജാവേ) ഇന്ന് മുതല്‍ അങ്ങ് ഈ  പ്രപഞ്ചത്തിലെ സര്‍വ്വമനുഷ്യരുടേയും ജീവജാലങ്ങളുടേയും സുകൃതം, ദുഷ്കൃതം ഇവ പ്രത്യേകം ശ്രദ്ധിച്ച്, മരണമടഞ്ഞവരുടെ ലിസ്റ്റ് ഒട്ടും പിശക് പറ്റാതെ തിട്ടപ്പെടുത്തി എന്നെ ഏല്‍പ്പിക്കണം. അടുത്തവര്‍ഷം ജീവനെടുക്കുന്നവരുടെ (മരിക്കുന്നവരുടെ) പട്ടിക മുന്‍വര്‍ഷത്തെ ചിത്രാപൗര്‍ണ്ണമി ദിവസം നല്‍കണമെന്നും പറഞ്ഞു. ഈ കാലനെ ധര്‍മ്മരാജാവിനെ സഹായിക്കാനായി ബ്രഹ്മാവ് ചിത്രഗുപ്തനെന്ന ഒരു ദേവനെക്കൂടി സൃഷ്ടിച്ചു. ഒരു മേടമാസത്തിലെ പൗര്‍ണ്ണമി ദിവസം ഇന്ദ്രന്‍റെ പശുവിന്‍റെ ഗര്‍ഭത്തില്‍ നിന്നാണ് ചിത്രഗുപ്തന്‍ ജനിച്ചത്. ഈ ചിത്രഗുപ്തനെ കാലന്‍റെ കണക്കപ്പിള്ളയായി ബ്രഹ്മാവ് അവരോധിച്ചു.

ഇയ്ക്ക്െ അല്‍പ്പകാലം കാലനില്‍ നിന്നും മഹാവിഷ്ണു മരണത്തിന്‍റെ ചുമത ഏറ്റെടുത്തു. കരുണാമയനായ വിഷ്ണുവിന് ആരെയും കൊല്ലാന്‍ മനസ്സനുവദിച്ചില്ല. മനുഷ്യരുടെയും ജീവജാലങ്ങളുടെയും ഭാരം നിമിത്തം കൂടി നൂറുയോജനതാണു. ഉടന്‍ ഭൂമിദേവി കരഞ്ഞുകൊണ്ട് വിഷ്ണുവിനോട് അപേക്ഷിച്ചു. 'ഭഗവാനേ ഭാരം നിമിത്തം ഞാന്‍ താണുപോകും; ക്രമേണ ഇല്ലാതാകും. എന്നെ വിഷ്ണുഭഗവാന്‍ രക്ഷിക്കണം.' മനസ്സലിഞ്ഞ വിഷ്ണു ശ്രീവരാഹം എന്ന അവതാരമെടുത്ത് ഭൂമിയെ ഉയര്‍ത്തി ശരിയാക്കി. തുടര്‍ന്ന് ഇനി കാലനുള്ള കാലം ഉണ്ടാകട്ടെ എന്നുപറഞ്ഞു. വീണ്ടും കാലന്‍ മരണച്ചുമതലയേറ്റെടുത്തു. അന്നു മുതല്‍ ഇന്നുവരെ ജനിച്ചതെല്ലാം എന്നെങ്കിലുമൊരിക്കല്‍ മരിക്കുകയും ചെയ്യുന്നു.

മരണത്തെ അതിജീവിക്കാന്‍ കൊതിക്കുന്ന മനുഷ്യര്‍, മരണദേവതയെ കാലനില്‍നിന്നും രക്ഷപ്പെടാന്‍, മരണത്തിന്‍റെ ലിസ്റ്റില്‍ താനും തങ്ങളുടെ ഉറ്റവര്‍, ഉടയവര്‍ വരാതിരിക്കാന്‍ വേണ്ടി നടത്തിപ്പോന്ന ഉത്സവമാണ് ചിത്ര പൗര്‍ണ്ണമി.

ചിത്രാപുത്രന്‍ ചിത്രഗുപ്തനെക്കുറിച്ചുള്ള ചിത്തിര പുത്തിരെനായിനാര്‍ കതൈ എന്നൊരു തമിഴിലെ മലയാളം ലിപിയിലുള്ള കൃതി ചിത്രാപൗര്‍ണ്ണമി ദിവസം പ്രഭാതം മുതല്‍ അന്ന് രാവ് വൈകുംവരെ പാരായണം ചെയ്യുന്നത് നല്ലതാണ്. ശിവരാത്രിയില്‍ ശിവപുരാണവും, സപ്താഹത്തിന് ഭാഗവതവും വായിക്കുന്നതുപോലെ പ്രധാനമാണത്. കേരളത്തില്‍ മുന്‍കാലങ്ങളില്‍ ചിത്രാപൗര്‍ണ്ണമി ദിവസം ചിത്തിര പുത്തിരൈ നായനാര്‍ കതൈ പാരായണം ചെയ്തിരുന്നു. കാലന്‍റെ കാലനായ ശിവനേയും ശിവകാമിയേയും ഇന്ദ്രന്‍ ബ്രഹ്മാവ്, വിഷ്ണു, ചിത്രഗുപ്തന്‍, ധര്‍മ്മരാജാവ്, കാലന്‍, കാമധേനു, സുരഭി എന്നിവയാണ് മുഖ്യമായും ഇതിലെ കഥാപാത്രങ്ങള്‍.

കാലന്‍ ഗജരാജ വലിപ്പമുള്ള പോത്തിന്‍റെ പുറത്തേറി നീണ്ട കയറുവീശി(കാലപാശം) ആണത്രേ ഓരോ ജീവനേയും കൊണ്ടുപോകുന്നത്. ചിത്രഗുപ്തന്‍റെ കണക്കില്‍ പെടാതിരിക്കാനും, കാലന്‍ കയറുമായി തങ്ങളെ സമീപിക്കാതിരിക്കാനുമാണ് പൂര്‍വ്വികര്‍ ഇത് ആചരിച്ചുപോന്നത്.

ക്ഷേത്രത്തിനേയും, തെക്കിനിയേയും ചക്കച്ചുള, തേങ്ങാപ്പൂള്, മാങ്ങ, പറങ്കിമാവിന്‍ പഴം, പച്ചക്കായ്, പഴവര്‍ഗ്ഗങ്ങള്‍, പാക്ക്, വെറ്റില, അനേകമിനം പൂക്കള്‍, കുരുത്തോല, തെങ്ങിന്‍പൂക്കുല, കമുകിന്‍പൂക്കുല, ചുറ്റും പഴുത്ത കുലവാഴ എന്നിങ്ങനെ ലഭിക്കുന്ന സുന്ദരമായ വസ്തുക്കള്‍ കൊണ്ട് അകംപുറം അലങ്കരിച്ച് പ്രഭാതത്തില്‍ 4 മണിക്ക് തുടങ്ങുന്ന ഉത്സവം രാവേറെവരെ തുടരും.

പൗര്‍ണ്ണമി പൂത്തിങ്കള്‍ ഉദിച്ചുയരുന്ന സമയത്ത് വെണ്‍പായസവും, ഒപ്പം ധാരാളം കര്‍പ്പൂരം ഇട്ട് ജ്വലിപ്പിക്കുന്ന കര്‍പ്പൂരാഴിയും ആണ് ജ്വലിക്കുന്നത്.

മൃത്യുവില്‍ നിന്നും അമൃതത്വത്തിലേക്കുള്ള മഹനീയ സ്വപ്നത്തിന്‍റെ ആഘോഷപരമായ ആവിഷ്ക്കാരമാണ് ചിത്രാപൗര്‍ണ്ണി ഉത്സവം.

പ്രൊഫ. ദേശികം രഘുനാഥന്‍
(8078022068)