ഒന്നും ആവശ്യപ്പെടണ്ടാ! എല്ലാം ഈശ്വരന്‍ തരും, സ്വര്‍ഗ്ഗവും
ഈശ്വരനോട് സ്നേഹവും പ്രതിബദ്ധതയുമാണ് വേണ്ടത്. ഒന്നും ആവശ്യപ്പെടണ്ടാ. എല്ലാം ഈശ്വരന്‍ തരും, സ്വര്‍ഗ്ഗവും.
മരണം വരിച്ച് മൂന്ന് ഭക്തന്മാര്‍ ചിത്രഗുപ്തന്‍റെ അടുത്ത് എത്തി. അദ്ദേഹം ഭൂമിയിലുള്ള അവരുടെ ജീവിതകാലത്തിലെ നന്മകളും, തിന്മകളും നോക്കിയിട്ട് സ്വര്‍ഗ്ഗലോകവും നരകലോകവും നിശ്ചയിച്ചു. ആദ്യത്തെ ആളിന് സുഗുണന്‍ എന്നായിരുന്നു പേര്. ചിത്രഗുപ്തന്‍ പറഞ്ഞു സുഗുണാ നിന്‍റെ നന്മകളെക്കാള്‍ കൂടുതല്‍ തിന്മകളാണ് നീ ഭൂമിയില്‍ ജീവിച്ചകാലം സമ്പാദിച്ചത്. അതുകൊണ്ട് നിനക്ക് നരകത്തിലേക്ക് പോകാം.
രണ്ടാമത്തെയാളിന് രമണന്‍ എന്നായിരുന്നു പേര്. ചിത്രഗുപ്തന്‍ രമണനോട് പറഞ്ഞു. ഭൂമിയിലുള്ള തന്‍റെ ജീവിതകാലത്ത് ചെയ്ത നന്മകള്‍ കുറവായിരുന്നു. ചെയ്യാത്ത പലതും ചെയ്തു. എന്നാല്‍ അതിലെ തിന്മകള്‍ കൂടുതലും തന്നിലും വന്നുചേര്‍ന്നു. നരകത്തിലേക്ക് പോകാനാണ് തനിക്ക് വിധി. മൂന്നാമത്തെയാള്‍ ഫല്‍ഗുണന്‍. ചിത്രഗുപ്തന്‍ അയാളെ നോക്കി കുറെ നേരം ചിന്തിച്ചു ഇരുന്നു. എന്നിട്ട് പറഞ്ഞു താനും തിന്മകള്‍ അധികമായി സമ്പാദിച്ചു. നന്മകള്‍ കുറച്ചുമാത്രവും. എങ്കിലും തന്‍റെ ഭക്തിയുടെ കാരുണ്യം തന്നെ സ്വര്‍ഗ്ഗത്തില്‍ എത്തിച്ചു.
അതുകേട്ട് സുഗുണനും, രമണണനും ചിത്രഗുപ്തനോട് പറഞ്ഞു- ഞങ്ങളും വലിയ ഈശ്വരഭക്തരായിരുന്നു. എന്നും ക്ഷേത്രങ്ങളില്‍ പോകുകയും, ദേവീദേവന്മാര്‍ക്ക് വേണ്ടുന്ന വഴിപാടുകള്‍ നടത്തുകയും ചെയ്തിരുന്നു. എന്നിട്ട് ഞങ്ങള്‍ക്കു നരകമോ? അതുകേട്ട് ചിത്രഗുപ്തന്‍ പറഞ്ഞു നിങ്ങള്‍ പറഞ്ഞത് ശരിതന്നെ. പക്ഷേ നിങ്ങള്‍ ക്ഷേത്രത്തില്‍ പോകുന്നതും ദേവി, ദേവന്മാര്‍ക്ക് വഴിപാടുകള്‍ നടത്തിയതും, ഓരോ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടിയായിരുന്നില്ലേ. ദേവീദേവന്മാര്‍ ആ ആവശ്യങ്ങള്‍ അപ്പോള്‍തന്നെ സാധിച്ചുംതന്നിട്ടുണ്ടല്ലോ.
നിങ്ങള്‍ ചെയ്ത കര്‍മ്മത്തിന്‍റെ ഫലം ഭൂമിയില്‍ വച്ചുതന്നെ നിങ്ങള്‍ കൈപ്പറ്റിക്കഴിഞ്ഞു. എന്നാല്‍ ഫല്‍ഗുണന്‍ ക്ഷേത്രത്തില്‍ പോയതും, വഴിപാടുകള്‍ നടത്തിയതും എല്ലാം ദേവീദേവന്മാരോട് യാതൊരു ആഗ്രഹവും ആവശ്യപ്പെടാന്‍ വേണ്ടിയായിരുന്നില്ല.
അയാള്‍ അത്തരത്തിലൊരു ആഗ്രഹവും ദേവി, ദേവന്മാരോട് ചോദിക്കുകയോ, വാങ്ങുകയോ ചെയ്തിട്ടില്ല. അതിന്‍റെ ഫലം ഇപ്പോള്‍ ദേവീ ദേവന്മാര്‍ സുഗുണന് നല്‍കി. അതിന്‍റെ ഫലമാണ് കുറെ തിന്‍മകള്‍ സമ്പാദിച്ചിട്ടും, സ്വര്‍ഗ്ഗരാജ്യം കിട്ടാന്‍ കാരണമായത്. ചിത്രഗുപ്തന്‍റെ വാക്കുകള്‍ അവര്‍ക്ക് ബോധ്യപ്പെട്ടു. ദുഃഖിതരായ സുഗുണനും രമണനും നരകവാതിലിനുള്ളിലേക്ക് കയറിപ്പോയി. അവര്‍ ചിന്തിച്ചു. ഈശ്വരനോട് സ്നേഹവും പ്രതിബദ്ധതയുമാണ് വേണ്ടത്. ഒന്നും ആവശ്യപ്പെടണ്ടാ. എല്ലാം ഈശ്വരന്‍ തരും, സ്വര്‍ഗ്ഗവും.
Photo Courtesy - Google
