ചൂരല്‍മലയിലെ വിശ്വാസത്തിന്റെ കെടാവിളക്ക്
മഹാദുരന്തത്തിന് പോലും പോറലേല്‍പ്പിക്കാന്‍ സാധിക്കാത്ത വിശ്വാസം. വയനാട് ചൂരല്‍മലയ്ക്ക് പറയാനുള്ളത് അചഞ്ചലമായ ഭക്തിയുടെയും കാത്തിരിപ്പിന്റെയും കഥയാണ്. 2024 ജൂലൈ -30 ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലിലും പ്രളയത്തിലും ഒഴുകിപ്പോയത് മനുഷ്യജീവനുകള്‍ മാത്രമല്ല, നാട്ടുകാരുടെ ആരാധനാകേന്ദ്രമായ ചൂരല്‍മല ശ്രീ ശിവക്ഷേത്രം കൂടിയായിരുന്നു. ദുരന്തമുണ്ടായി ഒരു വര്‍ഷം തികയും മുമ്പു തന്നെ ക്ഷേത്രം പുനര്‍നിര്‍മിക്കണമെന്ന ചിന്ത ഗ്രാമവാസികള്ക്കിടെ ശക്തമായി. തന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ 16 മാസമായി കെടാവിളക്ക് കത്തിക്കുന്നുണ്ട്. പുതിയ ക്ഷേത്രനിര്‍മാണത്തിന്റെ ഭാഗമായി പ്രശസ്ത ജ്യോതിഷനും തന്ത്രവിദ്യാ കുലപതിയുമായ കാണിപ്പയ്യൂര്‍ നാരായണന് നമ്പൂതിരിപ്പാട് ചൂരല്‍മലയില്‍ ക്ഷേത്രം നിലനിന്ന ഭാഗം സന്ദര്‍ശിച്ച് രൂപരേഖ തയ്യാറാക്കി. ക്ഷേത്രനിര്‍മ്മാണ പ്രവൃത്തികളില്‍ കാഞ്ചികാമകോടി പീഠം താല്‍പ്പര്യം പ്രകടിപ്പിച്ചത് ആശയ്ക്ക് വകനല്കിയിട്ടുണ്ട്.
മഹാദുരന്തത്തിന് പോലും പോറലേല്‍പ്പിക്കാന്‍ സാധിക്കാത്ത വിശ്വാസം. വയനാട് ചൂരല്‍മലയ്ക്ക് പറയാനുള്ളത് അചഞ്ചലമായ ഭക്തിയുടെയും കാത്തിരിപ്പിന്റെയും കഥയാണ്. 2024 ജൂലൈ -30 ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലിലും പ്രളയത്തിലും ഒഴുകിപ്പോയത് മനുഷ്യജീവനുകള്‍ മാത്രമല്ല, നാട്ടുകാരുടെ ആരാധനാകേന്ദ്രമായ ചൂരല്‍മല ശ്രീ ശിവക്ഷേത്രം കൂടിയായിരുന്നു. ഏത് പ്രതിസന്ധിഘട്ടത്തിലും ചൂരല്‍മലക്കാര്‍ ഹൃദയത്തില്‍ ചേര്‍ത്തുപിടിച്ച കൂപ്പുകൈകളോടെ ഓടിയെത്തിയിരുന്നത് ശിവക്ഷേത്രത്തിലായിരുന്നു. ഭഗവാനോട് കേണപേക്ഷിച്ചാല്‍ ഏത് ദുരിതങ്ങളും പമ്പകടക്കുമെന്നത് അവര്‍ക്ക് അനുഭവവേദ്യമായിരുന്നു.

പ്രകൃതി അതിന്റെ സമസ്ത രൗദ്രതകളോടും താണ്ഡവമാടിയ രാത്രിയിലെ ഉരുള്‍പൊട്ടലില്‍ ക്ഷേത്രത്തിലെ ശ്രീകോവിലുകള്‍ ഉള്‍പ്പെടെ ഒഴുകിപ്പോയി. മലവെള്ളപ്പാച്ചിലില്‍ ക്ഷേത്രം നിന്ന ഭാഗം വലിയൊരു വെള്ളക്കെട്ടായി രൂപാന്തരപ്പെട്ടു. ദിവസങ്ങള്‍ കഴിഞ്ഞ് വെള്ളം വറ്റിയപ്പോള്‍ കണ്ടത് കൂറ്റന്‍ കല്ലുകളുടെയും മരക്കൂട്ടങ്ങളുടെയും കൂമ്പാരമായിരുന്നു. ദിവസങ്ങളെടുത്ത് അവയെല്ലാം നീക്കിയപ്പോള്‍ ക്ഷേത്രത്തിന്റെ അടിത്തറ തെളിഞ്ഞുവന്നു.
ചൂരല്‍മലയിലെ ജനങ്ങളുടെ മനസ്സിലെ വിശ്വാസത്തിന്റെ ശക്തിയാണ് ആ അടിത്തറയില്‍ തെളിഞ്ഞത്. അവിടെ ഗ്രാമദേവതയായ ശിവഭഗവാന്റെ ശ്രീകോവില്‍ പുനഃസ്ഥാപിക്കണമെന്ന് ഗ്രാമവാസികള്‍ മനസ്സില്‍ ദൃഢപ്രതിജ്ഞയെടുത്ത ദിവസം കൂടിയായിരുന്നു അന്ന്. ക്ഷേത്രം തന്ത്രി കോഴിക്കോട് മാവൂര്‍ ചിറ്റാരി പാലക്കോള്‍ നാരായണന് നമ്പൂതിരിയുടെ നിര്‍ദ്ദേശപ്രകാരം ചൂരല്‍മല ദുരന്തത്തിന്റെ 42-ാം നാള് മുതല്‍ ക്ഷേത്രം നിലനിന്നതിന് മുന്നില്‍ കെടാവിളക്ക് കത്തിച്ചു തുടങ്ങി. ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രതിഷ്ഠ നടത്തുന്നതുവരെ ആ വിളക്കുകള്‍ തെളിഞ്ഞു കൊണ്ടേയിരിക്കും. ചൂരല്‍മലയിലെ ജനങ്ങളുടെ മനസ്സിലെ കനലടങ്ങാത്ത വിശ്വാസത്തിന്റെ പ്രതീകമായി.

മാരിയമ്മയും പരമേശ്വരനും
പഴയകാലത്ത് മാരിയമ്മയെയാണ് ഇവിടെ ആരാധിച്ചിരുന്നത്. തോട്ടം മേഖലയായ ചൂരല്‍മലയില്‍ നൂറ്റാണ്ടുമുമ്പ് കുടിയേറിപ്പാര്‍ത്ത തമിഴ് വംശജരാണ് പുന്നപ്പുഴയുടെ ഓരത്ത് മാരിയമ്മന്‍ കോവില്‍ സ്ഥാപിച്ചത്.
'തോട്ടം മേഖലയില്‍ പണിയെടുക്കാന്‍ കുടിയേറിയ തമിഴ് വംശജര്‍ക്ക് ആരാധിക്കാന്‍ ഹാരിസണ്‍ കമ്പനിയാണ് സ്ഥലം അനുവദിച്ചത്.' ചൂരല്‍മല ശിവക്ഷേത്രം ക്ഷേത്രകമ്മിറ്റി ജോയിന്റ് സെക്രട്ടറി കെ.എസ്.രാജേന്ദ്രന് 'ജ്യോതിഷരത്ന'ത്തോട് പറഞ്ഞു.
'തുടക്കത്തില്‍ കല്ലും ശൂലവും കുത്തുവിളക്കും വെച്ചായിരുന്നു ആരാധന. കാലാന്തരേണ ചെറിയ ശ്രീകോവിലില്‍ മാരിയമ്മയുടെ ഫോട്ടോവച്ച് ആരാധന തുടങ്ങി. പില്ക്കാലത്ത് പ്രശ്നം വച്ചപ്പോള്‍ ശിവചൈതന്യം കണ്ടതിനെ തുടര്‍ന്ന് ശിവനെ മുഖ്യദേവതയായി ആരാധന തുടങ്ങി. അപ്പോഴേക്കും തമിഴര്‍ക്കൊപ്പം മലയാളികളും ഇതര സംസ്ഥാനക്കാരും ക്ഷേത്രനടത്തിപ്പില്‍ സജീവമായി. 2017-ലെ ദേവപ്രശ്നത്തിലാണ് ക്ഷേത്രം പുനരുദ്ധരിക്കണമെന്ന് ദേവഹിതം കണ്ടത്.'രാജേന്ദ്രന് പറഞ്ഞു.

മുഖ്യപ്രതിഷ്ഠയ്ക്ക് പുറമെ ഉപദേവതകളായി ഗണപതി, മാരിയമ്മ, ദുര്‍ഗ്ഗ, അയ്യപ്പന് എന്നിവയും നാഗത്തറയും സ്ഥാപിച്ചു. നാഗത്തറയിലും ഗണപതിയുടെ ശ്രീകോവിലിലും ശൂലമുണ്ടായിരുന്നു. ചൂരല്‍മലയിലെ ഓരോ കുടുംബവും ക്ഷേത്രപുനര്നിര്മാണത്തില് പങ്കാളികളായി. ധനാഢ്യരില്ലാത്ത ഗ്രാമത്തില്‍ സാധാരണക്കാരും ഇടത്തരക്കാരുമായ ഗ്രാമവാസികള്‍ ജോലി ചെയ്യുന്ന തുകയില്‍നിന്ന് മിച്ചം പിടിച്ചാണ് ക്ഷേത്രനിര്‍മാണത്തില്‍ പങ്കാളികളായത്. ഒരോ കുടുംബവും 21,000 രൂപ വീതം സംഭാവനചെയ്തത് പൂര്‍ണ്ണ മനസ്സോടെ. ഒരു കോടിയില്‍പ്പരം ചെലവാക്കിയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
അങ്ങനെ ഗ്രാമത്തിന്റെ ഐശ്വര്യമായി ശ്രീശിവക്ഷേത്രം ഉയര്‍ന്നു. 2022 മെയ് 10 മുതല്‍ 18 വരെ നടന്ന വിപുലമായ പുനഃപ്രതിഷ്ഠാ കര്‍മ്മങ്ങള്‍ക്ക് തന്ത്രി മാവൂര്‍ ചിറ്റാരി പാലക്കോള്‍ നാരായണന് നമ്പൂതിരി നേതൃത്വം നല്കി.
ഗ്രാമത്തിന് ഐശ്വര്യം കൊണ്ടുവന്ന ക്ഷേത്രം
ക്ഷേത്ര പുനഃനിര്‍മ്മാണത്തിന് ശേഷം ഗ്രാമത്തിലെ ജനങ്ങള്‍ക്ക് എല്ലാ വിധത്തിലും ഉയര്ച്ചയായിരുന്നുവെന്ന് ക്ഷേത്രകമ്മിറ്റി വൈസ് പ്രസിഡന്റ് എസ്. സബിത 'ജ്യോതിഷരത്ന'ത്തോട് പറഞ്ഞു. 'നാട്ടിലെ സ്ത്രീജനങ്ങളെ സംബന്ധിച്ചിടത്തോളം ക്ഷേത്രം വലിയൊരു ആശ്രയമായിരുന്നു.
പുനഃപ്രതിഷ്ഠയ്ക്ക് ശേഷം എട്ടു കൊല്ലം തുടര്‍ച്ചയായി ദീപാരാധനാസമയത്ത് ശിവപഞ്ചാക്ഷരിമന്ത്രം ജപിക്കണമെന്ന് തന്ത്രി നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം ക്ഷേത്രത്തിലെ മാതൃസമിതിയില്‍ അംഗങ്ങളായ സ്ത്രീകളും പെണ്‍കുട്ടികളും വൈകിട്ട് സ്ഥിരമായി ക്ഷേത്രത്തില്‍ പഞ്ചാക്ഷരിമന്ത്രം ജപിക്കുന്നുണ്ടായിരുന്നു. ശിവരാത്രിക്ക് തിരുവാതിരയും കൈകൊട്ടിക്കളിയും അവതരിപ്പിക്കും.
പുനഃപ്രതിഷ്ഠാ വാര്‍ഷിക ചടങ്ങില്‍ കുട്ടികളുടെ ദേവീനൃത്തവും ഗാനാലാപനവും മറ്റൊരു പ്രത്യേകതയായിരുന്നു.'സബിത ഓര്‍ക്കുന്നു.

ക്ഷേത്രത്തിലെ താലിചാര്‍ത്ത് വഴിപാട് പ്രസിദ്ധമാണ്. മാംഗല്യം വൈകുന്നവര്‍ക്ക് വഴിപാട് നേര്‍ന്നാല്‍ ഫലസിദ്ധി പെട്ടെന്നായിരുന്നു. ഇളനീരഭിഷേകവും ധാരയുമാണ് മറ്റ് പ്രധാന വഴിപാടുകള്‍.
മകരമണ്ഡലകാലത്ത് ചൂരല്‍മല നിവാസികള്‍ കെട്ടു കെട്ടുന്നതും ഇവിടെ നിന്നാണ്. സമീപഗ്രാമങ്ങളായ മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിലെ ഭക്തരും ദര്‍ശനത്തിന് എത്താറുണ്ട്.
കാണിപ്പയ്യൂര്‍ നാരായണന് നമ്പൂതിരിപ്പാടും കാഞ്ചികാമകോടി പീഠവും
ദുരന്തമുണ്ടായി ഒരു വര്‍ഷം തികയും മുമ്പു തന്നെ ക്ഷേത്രം പുനര്‍നിര്‍മിക്കണമെന്ന ചിന്ത ഗ്രാമവാസികള്ക്കിടെ ശക്തമായി. തന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ 16 മാസമായി കെടാവിളക്ക് കത്തിക്കുന്നുണ്ട്. കെടാവിളക്കിന് തിരിതെളിയിക്കുന്ന ചടങ്ങില്‍ കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ധിക്ക് ഉള്‍പ്പെടെ പങ്കെടുത്തു. സബിതയും ക്ഷേത്രഭാരവാഹികളുമാണ് മാറി, മാറി എണ്ണയൊഴിക്കുന്നതും തിരി നീട്ടുന്നതും. പുതിയ ക്ഷേത്രനിര്‍മാണത്തിന്റെ ഭാഗമായി പ്രശസ്ത ജ്യോതിഷനും തന്ത്രവിദ്യാ കുലപതിയുമായ കാണിപ്പയ്യൂര്‍ നാരായണന് നമ്പൂതിരിപ്പാട് ചൂരല്‍മലയില്‍ ക്ഷേത്രം നിലനിന്ന ഭാഗം സന്ദര്‍ശിച്ച് രൂപരേഖ തയ്യാറാക്കി.

മൂന്ന് മലകള്‍ക്ക് അഭിമുഖമായുള്ള ഭഗവാന്റെ സ്ഥാനം അതീവ ശുഭകരവും അപൂര്വവുമാണെന്നാണ് കാണിപ്പയ്യൂരിന്റെ അഭിപ്രായം. ക്ഷേത്രനിര്‍മ്മാണ പ്രവൃത്തികളില്‍ കാഞ്ചികാമകോടി പീഠം താല്‍പ്പര്യം പ്രകടിപ്പിച്ചത് ആശയ്ക്ക് വകനല്കിയിട്ടുണ്ട്. സന്യാസിമാര്‍ ചൂരല്‍മല സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. എന്‍. മനോജാണ് ക്ഷേത്രം പ്രസിഡന്റ്. വിജയന് സെക്രട്ടറിയാണ്.
പ്രേമാനന്ദ് ഇരുട്ടി
(9447725649)
