മങ്കമാര്‍ മകം തൊഴുന്നു പുരുഷന്മാര്‍ പൂരം തൊഴുന്നു

മങ്കമാര്‍ മകം തൊഴുന്നു പുരുഷന്മാര്‍ പൂരം തൊഴുന്നു

HIGHLIGHTS

ശബരിമലയും ഗുരുവായൂരും കൊടുങ്ങല്ലൂരും കഴിഞ്ഞാല്‍ ഏറ്റവുമധികം ഭക്തര്‍ ദര്‍ശനത്തിനെത്തുന്ന ചോറ്റാനിക്കര ക്ഷേത്രം നൂറ്റെട്ട് ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ ഒന്നാണെന്നാണ് വിശ്വാസം. ആഗ്രഹസാഫല്യത്തിനുള്ള വഴിപാടാണ് മകം തൊഴല്‍. മകം തൊഴലിന്‍റെ പിറ്റേന്നു വരുന്ന പൂരം തൊഴലും പ്രസിദ്ധമാണ്. മകം തൊഴല്‍ സ്ത്രീകള്‍ക്കും പൂരം തൊഴല്‍ പുരുഷന്മാര്‍ക്കും അതിവിശേഷമായി കണക്കാക്കപ്പെടുന്നു. ഒന്‍പതുദിവസത്തെ ഉത്സവത്തില്‍ ഏഴാം ദിവസമാണ് പ്രസിദ്ധമായ മകം തൊഴല്‍. കേരളത്തിനകത്തും പുറത്തും നിന്നായി പതിനായിരങ്ങളാണ് മകം തൊഴലിന് എത്തുന്നത്. അതുതന്നെയാണ് എട്ടാം ഉത്സവദിവസത്തെ പൂരം തൊഴലിനും കാണുവാന്‍ കഴിയുക. 

ചോറ്റാനിക്കര ക്ഷേത്രത്തിന് മറ്റൊരു ക്ഷേത്രത്തിലും കാണുവാന്‍ കഴിയാത്ത ഒരു പ്രത്യേകതയുണ്ട്. ആശ്രിതവത്സലയും ഇഷ്ടവരദായിനിയുമായ ഇവിടുത്തെ ദേവി ഒരേദിവസം തന്നെ വ്യത്യസ്തങ്ങളായ മൂന്ന് രൂപഭാവങ്ങളിലാണ് ഭക്തര്‍ക്ക് ദര്‍ശനപുണ്യം നല്‍കുന്നത്. പ്രഭാതത്തില്‍ വെള്ളവസ്ത്രം ധരിച്ച് കൊല്ലൂര്‍ മൂകാംബികാഭാവത്തില്‍ മഹാസരസ്വതിയായും, ഉച്ചയ്ക്ക് ചുവപ്പ് വസ്ത്രം ധരിച്ച് ഭദ്രകാളിയായും, വൈകിട്ട് നീലവസ്ത്രം ധരിച്ച് ദുര്‍ഗ്ഗാപരമേശ്വരി ഭാവത്തിലുമാണ് ദേവിയുടെ ദര്‍ശനസായൂജ്യം ഭക്തര്‍ക്ക് ലഭിക്കുന്നത്. ഈവിധം എല്ലാ പ്രധാനഭാവങ്ങളിലും ആരാധിക്കപ്പെടുന്നതിനാല്‍ ചോറ്റാനിക്കര അമ്മയെ ആദിപരാശക്തിയായാണ് ആരാധിക്കപ്പെടുന്നത്.

ശബരിമലയും ഗുരുവായൂരും കൊടുങ്ങല്ലൂരും കഴിഞ്ഞാല്‍ ഏറ്റവുമധികം ഭക്തര്‍ ദര്‍ശനത്തിനെത്തുന്ന ചോറ്റാനിക്കര ക്ഷേത്രം നൂറ്റെട്ട് ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ ഒന്നാണെന്നാണ് വിശ്വാസം. ചോറ്റാനിക്കര ഭഗവതിക്ഷേത്രം എന്നാണ് വിളിപ്പേരെങ്കിലും, മഹാലക്ഷ്മിക്കൊപ്പം തുല്യപ്രാധാന്യത്തോടെ മഹാവിഷ്ണുവിനേയും പ്രതിഷ്ഠിച്ചിട്ടുള്ളതിനാല്‍ ലക്ഷ്മിനാരായണ സങ്കല്‍പ്പത്തിലാണ് ക്ഷേത്രത്തിലെ ആരാധന. മഹാദേവ സാന്നിധ്യം ഉള്ളതിനാല്‍ ചോറ്റാനിക്കര അമ്മയെ പാര്‍വ്വതിയായും സങ്കല്‍പ്പിച്ചു പോരുന്നു.

ക്ഷേത്രോല്‍പ്പത്തി

അദ്വൈത സിദ്ധാന്തത്തിന്‍റെ പ്രയോക്താവായ ആദിശങ്കരനുമായി ബന്ധപ്പെട്ടതാണ് ചോറ്റാനിക്കര ക്ഷേത്രത്തിന്‍റെ ഉത്പത്തി ചരിത്രം.

ആദ്ധ്യാത്മിക ചിന്തയിലും വിദ്യാസമ്പന്നതയിലുമൊക്കെ പുകള്‍പെറ്റതാണെങ്കിലും തന്‍റെ ജന്മനാട്ടില്‍ വിദ്യാദേവതയായ സരസ്വതിക്ക് ഒരു ക്ഷേത്രം ഇല്ല എന്നുള്ളത് ശങ്കരാചാര്യരുടെ ഒരു  വലിയ ദുഃഖം ആയിരുന്നു. അതിനൊരു പരിഹാരം തേടി ദേവപ്രീതിക്കായി അദ്ദേഹം കുടജാദ്രിയില്‍ പോയി തപസ്സിരുന്നു. ഏറെക്കാലത്തെ കഠിനതപസ്സിനൊടുവില്‍ തപസ്സില്‍ സംപ്രീതനായ സരസ്വതിദേവി ശങ്കരാചാര്യര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അദ്ദേഹം തന്‍റെ ആഗ്രഹം ദേവിക്ക് മുന്നില്‍ ഉണര്‍ത്തിച്ചു. എന്നാല്‍ തന്‍റെ വാസസ്ഥാനമായ കൊല്ലൂര്‍ മൂകാംബികാക്ഷേത്രം വിട്ടുപോകുവാന്‍ വിസമ്മതിച്ച ദേവി ഒടുവില്‍ ഭക്തനായ ശങ്കരാചാര്യരുടെ ആഗ്രഹം സഫലീകരിച്ചു കൊടുക്കുവാന്‍ തീരുമാനിച്ചു.

അതിന്‍പ്രകാരം ശങ്കരാചാര്യരോട് തന്‍റെ മുന്‍പേ നടന്നുകൊള്‍വാന്‍ പറഞ്ഞ ദേവി ഒരു നിബന്ധനകൂടി വച്ചു. ഒരിക്കലും തിരിഞ്ഞുനേ ാക്കരുത്. നോക്കിയാല്‍ ആ നിമിഷം താന്‍ അപ്രത്യക്ഷയാകും. നിബന്ധനയനുസരിച്ച് ശങ്കരാചാര്യന്‍ മുന്‍പിലും ദേവി പിന്നിലുമായി നടന്നുതുടങ്ങി. കുറേ ദൂരം ചെന്നുകഴിഞ്ഞപ്പോള്‍ ദേവിയുടെ കാലൊച്ച കേള്‍ക്കാതായി. നിബന്ധനമറന്ന ശങ്കരാചാര്യര്‍ തിരിഞ്ഞുനോക്കി, ദേവി ഒരു വിഗ്രഹമായി മാറിയതായിട്ടാണ് കണ്ടത്. അതുകണ്ട് ഏറെ വിഷമിച്ച ശങ്കരാചാര്യര്‍ വീണ്ടും തപസ്സും പ്രാര്‍ത്ഥനകളും തുടങ്ങി.

അപ്പോളൊരു ദിവസം ദേവി പ്രത്യക്ഷപ്പെട്ട്, തനിക്ക് വരാന്‍ കഴിയില്ലെന്നും നിര്‍ബന്ധമാണെങ്കില്‍ ശങ്കരാചാര്യര്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് കുടികൊള്ളാമെന്നും അറിയിച്ചു. അതേത്തുടര്‍ന്ന് ശങ്കരാചാര്യര്‍ നിര്‍ദ്ദശിച്ച സ്ഥലമാണ് ചോറ്റാനിക്കര. അങ്ങനൊരു സ്ഥലനിര്‍ദ്ദേശം വയ്ക്കുമ്പോള്‍ ഒരു കാര്യം കൂടി ശങ്കരാചാര്യര്‍ ദേവിയോട് അഭ്യര്‍ത്ഥിച്ചു. രാവിലെ നട തുറക്കുമ്പോള്‍ അമ്മ ചോറ്റാനിക്കര ക്ഷേത്രത്തില്‍ കുടി കൊള്ളണം. അവിടെ നിര്‍മ്മാല്യവും ഉഷഃപൂജയും കഴിഞ്ഞുമാത്രമേ കൊല്ലൂരിലേക്ക് പോകാവൂ. ദേവി അത് സമ്മതിച്ചു. കൊല്ലൂര്‍ മൂകാംബികാക്ഷേത്രത്തില്‍ രാവിലെ 5 മണിക്ക് മാത്രം നട തുറക്കുന്നതിന്‍റെ കാരണം അതാണ്. ചോറ്റാനിക്കരയില്‍ 4 മണിക്കു തന്നെ നടതുറന്ന് നിര്‍മ്മാല്യവും ഉഷഃപൂജയും കഴിഞ്ഞാണ് കൊല്ലൂരിലെ നടതുറക്കല്‍.
അങ്ങനെ ശങ്കരാചാര്യര്‍ മൂകാംബികാദേവിയുടെ ജ്യോതി ആനയിച്ചുകൊണ്ടുവന്ന സ്ഥലം ജ്യോതിയാനയിച്ച കരയായി. കാലക്രമത്തില്‍ അത് ലോപിച്ച് ചോറ്റാനിക്കരയുമായി.

ക്ഷേത്രസ്ഥാപനവും കണ്ണപ്പനും

ഇന്ന് ക്ഷേത്രം നില്‍ക്കുന്ന സ്ഥലം പണ്ട് സ്വാഭാവികമായി കൊടുംകാടായിരുന്നു. ആദിവാസികളായ മലയരന്‍മാരായിരുന്നു സ്ഥിരം താമസക്കാര്‍. അവരുടെ നേതാവ് ദുഷ്ടനും ക്രൂരനുമായ കണ്ണപ്പനും. അടുത്തുള്ള ഗ്രാമങ്ങളില്‍ പോയി പശുക്കളെ മോഷ്ടിക്കലായിരുന്നു കണ്ണപ്പന്‍റെ ജോലി. എന്നുമാത്രമല്ല, ഇങ്ങനെ മോഷ്ടിച്ചുകൊണ്ട് വരുന്ന കന്നുകാലികളില്‍ ലക്ഷണം തികഞ്ഞ ഒന്നിനെ അയാള്‍ മലംകാളിക്ക് ബലികൊടുക്കുകയും അതിന്‍റെ മാംസം തന്‍റെ അനുചരന്മാര്‍ക്ക് ഭക്ഷിക്കാനായി നല്‍കുകയും ചെയ്തിരുന്നു. അകാലത്തില്‍ ഭാര്യ മരിച്ച കണ്ണപ്പന്‍ മക്കളുമൊത്തായിരുന്നു താമസം. അമ്മയില്ലാതെ വളരുന്നതുകൊണ്ടുകൂടി, കണ്ണപ്പന് മകള്‍ ജീവനായിരുന്നു. അവള്‍ക്കും അങ്ങനെതന്നെയായിരുന്നെങ്കിലും, അച്ഛന്‍റെ മൃഗബലിയെ അവള്‍ മനസ്സുകൊണ്ട് എതിര്‍ത്തിരുന്നു. ഉഗ്രപ്രതാപിയായ അച്ഛനോട് അതിനെപ്പറ്റി സംസാരിക്കുവാനുള്ള ധൈര്യം പാവത്തിനുണ്ടായില്ല.

അങ്ങനിരിക്കെ ഒരു ദിവസം ഇവരുടെ കുടിലിലേക്ക് നല്ല ഐശ്വര്യമുള്ള ഒരു പശു കടന്നുവന്നു. കണ്ണപ്പന്‍റെ മകള്‍ ആ പശുവിനെ സ്വന്തമാക്കുകയും വളര്‍ത്താല്‍ തുടങ്ങുകയും ചെയ്തു. തന്‍റെ പതിവ് സ്വഭാവത്തില്‍ നിന്നുമാറി കണ്ണപ്പനും ആ പശുവിനെ സ്നേഹിക്കാന്‍ തുടങ്ങി. ആ സംഭവം കണ്ണപ്പന്‍റെ അനുചരന്മാരെ ഞെട്ടിക്കാന്‍ പോന്നതായിരുന്നു. കാരണം, അയല്‍ഗ്രാമങ്ങളില്‍ നിന്ന് മോഷ്ടിച്ചുകൊണ്ടുവരുന്ന പശുക്കളെ മലങ്കാളിക്ക് ബലി നല്‍കിയശേഷം അതിന്‍റെ ഇറച്ചി അനുചരന്മാര്‍ക്ക് വീതിച്ചു കൊടുക്കുകയുമായിരുന്നല്ലോ കണ്ണപ്പന്‍ ചെയ്തിരുന്നത്. അങ്ങനെയുള്ള കണ്ണപ്പന്‍ ഒരു പശുവിനെ സ്നേഹിക്കുന്നത്, മറ്റ് വല്ലതിന്‍റെയും സൂചനയാണോ എന്നതായിരുന്നു അവരുടെ സംശയം. എങ്കിലും പശുക്കളെ മോഷ്ടിക്കലും ബലികൊടുക്കലും കണ്ണപ്പന്‍ നിര്‍ത്തിയില്ല. തുടര്‍ന്നുകൊണ്ടിരുന്നു.

കാലം കുറെ ചെന്നപ്പോള്‍ കണ്ണപ്പന് പശുക്കളെ കിട്ടാതായി ത്തുടങ്ങി. ഗത്യന്തരമില്ലാതെ തന്‍റെ മകള്‍ വളര്‍ത്തുന്ന പശുവിനെത്തന്നെ ബലികൊടുക്കുവാന്‍ അയാള്‍ തീരുമാനിച്ചു. അതറിഞ്ഞ മകള്‍ നിലവിളിച്ചു കൊണ്ടുവന്ന് അച്ഛനോട് പറഞ്ഞു, തന്‍റെ പശുവിനെ ബലി കൊടുക്കരുതെന്നും പകരം തന്നെ ബലികൊടുക്കുവാനും. മകളുടെ നിലവിളിയും, യാചനയും കണ്ണപ്പനില്‍ മനഃപരിവര്‍ത്തനമുണ്ടാക്കി. അന്ന് മുതല്‍ അയാള്‍ മൃഗബലി നിര്‍ത്തുകയും മറ്റൊരു മനുഷ്യനായി മാറുകയും ചെയ്തു. എങ്കിലും മുന്‍പ് ചെയ്ത പാപത്തിന്‍റെ ഫലം അയാള്‍ അനുഭവിക്കുക തന്നെ ചെയ്തു. അയാള്‍ ഏറെ സ്നേഹിച്ചുവളര്‍ത്തിയ മകളുടെ മരണം കണ്ണപ്പന് കാണേണ്ടിവന്നു.

അങ്ങനിരിക്കെ ഒരു ദിവസം അയാളൊരു സ്വപ്നം കണ്ടു. മകളുടെ മരണശേഷം താന്‍ വളര്‍ത്തിയിരുന്ന മകളുടെ പശു തൊഴുത്തില്‍ ഒരു കല്ലായി കിടക്കുന്നു. അടുത്തുതന്നെ മറ്റൊരു കല്ലുമുണ്ട്. അതിനടുത്തായി ഒരു ദിവ്യസന്ന്യാസി നാമജപത്തോടെ നില്‍ക്കുന്നു. അതായിരുന്നു സ്വപ്നം. ഉറക്കമുണര്‍ന്നെഴുന്നേറ്റ കണ്ണപ്പന്‍ നേരെ തൊഴുത്തില്‍ ചെന്നുനോക്കിയപ്പോള്‍, സ്വപ്നം യാഥാര്‍ത്ഥ്യമായിരിക്കുന്നതാണ് കണ്ടത്. അപ്പോള്‍ അവിടെ വന്ന ദിവ്യസന്ന്യാസി പറഞ്ഞു:

കണ്ണപ്പാ.. നീയൊരു പുണ്യപുരുഷനാണ്. നിന്നോടൊപ്പം ഇത്രയും കാലം പശുവായി ജീവിച്ചുപോന്നത്, സാക്ഷാല്‍ മഹാലക്ഷ്മിയാണ്. അടുത്തുകാണുന്ന മറ്റൊരു ശിലയില്ലേ, അത് മഹാവിഷ്ണുവാണ്. ഇവിടെ നീ നിത്യവും ആരാധന നടത്തണം. കാലാന്തരത്തില്‍ ഇവിടെ ഒരു മഹാക്ഷേത്രം ഉയരും. നിന്‍റെ ഈ ജന്മത്തിലെ പുണ്യം കാരണം അന്ന് നീ ഇവിടെ വീണ്ടും വരും.

ഇത്രയും പറഞ്ഞശേഷം സന്ന്യാസി അപ്രത്യക്ഷനായി. വേദവ്യാസമഹര്‍ഷിയുടെ പിതാവും, ഹോരാശാസ്ത്രത്തിന്‍റെ പിതാവുമായ പരാശരമഹര്‍ഷിയായിരുന്നു ആ ദിവ്യന്‍ എന്നാണ് വിശ്വസിച്ചുവരുന്നത്.

കാലം കടന്നുപോയി. കണ്ണപ്പനും അനുചരന്മാരും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. പിന്നെയും ഏറെക്കാലം കഴിഞ്ഞപ്പോള്‍, കാട്ടില്‍ പുല്ലരിയാന്‍ പോയ സ്ത്രീകളാണ് കല്ലില്‍ നിന്ന് ചോര വരുന്നത് കണ്ടതും വിവരം നാട്ടുപ്രമാണിയും താന്ത്രികാചാര്യനുമായിരുന്ന എടാട്ട് നമ്പൂതിരിയെ അറിയിച്ചതും. പ്രശ്നം വച്ചപ്പോള്‍, കണ്ണപ്പന്‍ പൂജിച്ചിരുന്ന അതേ ലക്ഷ്മി നാരായണ വിഗ്രഹമാണ്. അതെന്ന് തെളിഞ്ഞു. നമ്പൂതിരി ഉടന്‍തന്നെ അപ്പോള്‍ കയ്യില്‍ കിട്ടിയ ഒരു ചിരട്ടയില്‍ നിവേദ്യം സമര്‍പ്പിച്ചു. അതുമൂലം ഇന്നും ചോറ്റാനിക്കര അമ്പലത്തിലെ രാവിലത്തെ നിവേദ്യം ചിരട്ടയിലാണ് നല്‍കുന്നത്. തുടര്‍ന്ന് ഒന്‍പത് ഇല്ലക്കാരുടെ നേതൃത്വത്തില്‍ അവിടെ ക്ഷേത്രം പണി നടത്തുകയും എടാട്ട് നമ്പൂതിരിയെ ശാന്തിക്കാരനായി തീരുമാനിക്കുകയും ചെയ്തു. ആ ക്ഷേത്രമാണ് ഇന്ന് പ്രസിദ്ധമായ ചോറ്റാനിക്കര ദേവിക്ഷേത്രം.

ചോറ്റാനിക്കര അമ്മയുടെ ശ്രീകോവില്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു കണ്ണപ്പന്‍റെ കുടില്‍ നിന്നിരുന്നത്. തൊഴുത്ത് നിന്നിരുന്ന സ്ഥലം പവിഴമല്ലിത്തറയും. ദേവി ആദ്യമായി കുടികൊണ്ട സ്ഥലമായതിനാല്‍ ശ്രീമൂലസ്ഥാനം എന്ന പേരിലാണ് ഇവിടം അറിയപ്പെടുന്നത്. 

മകം തൊഴല്‍

ചോറ്റാനിക്കര ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിശേഷമാണ് കുംഭമാസത്തിലെ മകം തൊഴല്‍. മകം  നക്ഷത്രവും പൗര്‍ണ്ണമിയും കൂടിയ ദിവസം നടക്കുന്ന മകം തൊഴല്‍ ചടങ്ങ് തുടങ്ങിയതിന് പിന്നില്‍ ഒരു കഥയുണ്ട്. ക്ഷേത്രത്തിന്‍റെ കിഴക്കുഭാഗത്ത് താഴ്ചയില്‍ കാണപ്പെടുന്ന കീഴ്ക്കാവ് ക്ഷേത്രത്തിന്‍റെ ഉദ്ഭവവുമായി ബന്ധപ്പെട്ടതാണ് ആ കഥ.

ഒരിക്കല്‍, ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ മാഹാത്മ്യം കേട്ടറിഞ്ഞ വില്വമംഗലം സ്വാമിയാര്‍ ക്ഷേത്രത്തില്‍ വരാനിടയായി. കുംഭമാസത്തിലെ മകം നക്ഷത്രവും പൗര്‍ണ്ണമിയും ചേര്‍ന്നുവന്ന ദിവസമാണ് സ്വാമിയാര്‍ ക്ഷേത്രത്തില്‍ വന്നത്. തുടര്‍ന്ന്, ക്ഷേത്രദര്‍ശനത്തിന് മുന്നോടിയായി ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ സമയത്ത് കാലില്‍ എന്തോ തടയുന്നതായി സ്വാമിയാര്‍ക്ക് തോന്നി. എടുത്തുനോക്കിയപ്പോള്‍ ഒരു കാളീവിഗ്രഹം. ഉടന്‍ തന്നെ വില്വമംഗലം സ്വാമിയാരും ശിഷ്യരും കൂടി ആ വിഗ്രഹത്തെ കുളത്തിന്‍റെ കിഴക്കേക്കരയില്‍ പടിഞ്ഞാറോട്ട് ദര്‍ശനമായി പ്രതിഷ്ഠിച്ചു. അങ്ങനെയാണ് കീഴ്കാവ് ഭദ്രകാളി ക്ഷേത്രം പിറവിയെടുക്കുന്നത്.

തുടര്‍ന്ന് മേല്‍ക്കാവിലേക്ക് നോക്കിയ വില്വമംഗലം കണ്ടത് അത്ഭുതകരമായ ഒരു ദൃശ്യമായിരുന്നു. സാക്ഷാല്‍ മഹാലക്ഷ്മിയായ ചോറ്റാനിക്കര അമ്മ ശ്രീനാരായണ സമേതനായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. സ്വാമിയാര്‍ ഉടന്‍തന്നെ ദേവീപാദങ്ങളില്‍ വീണ് നമസ്ക്കരിച്ചു. കുംഭമാസത്തിലെ മകം നാളില്‍ ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് മിഥുനം ലഗ്നത്തിലായിരുന്നു സംഭവം. ആ ഓര്‍മ്മയിലാണ് ഇന്നും അതേ ദിവസം അതേ ലഗ്നത്തില്‍ മകം തൊഴല്‍ നടത്തുന്നത്. ആഗ്രഹസാഫല്യത്തിനുള്ള വഴിപാടാണ് മകം തൊഴല്‍. മകം തൊഴലിന്‍റെ പിറ്റേന്നു വരുന്ന പൂരം തൊഴലും പ്രസിദ്ധമാണ്. മകം തൊഴല്‍ സ്ത്രീകള്‍ക്കും പൂരം തൊഴല്‍ പുരുഷന്മാര്‍ക്കും അതിവിശേഷമായി കണക്കാക്കപ്പെടുന്നു.

ചോറ്റാനിക്കര ഗ്രാമത്തിന്‍റെ ഒത്ത നടുക്ക് രണ്ടേക്കറോളം വിസ്തീര്‍ണ്ണം വരുന്ന മതിലകത്തോടുകൂടിയ ക്ഷേത്രത്തിലെ വലിയ ആനക്കൊട്ടിലും, 200 അടി ഉയരമുള്ള സ്വര്‍ണ്ണക്കൊടിമരവും ആരെയും ആകര്‍ഷിക്കാന്‍ പോന്നതാണ്. തെക്കുഭാഗത്തുള്ള പവിഴമല്ലിത്തറയില്‍(ശ്രീമൂലസ്ഥാനം) തൊഴുതിട്ട് വേണം ദേവിയെ തൊഴാന്‍ എന്നാണ് ആചാരം. നാരായണനോടൊപ്പം ദേവി ആദ്യമായി പ്രത്യക്ഷപ്പെട്ടത് ഇവിടെയാണെന്നാണ് സങ്കല്‍പ്പം. ശ്രീമൂലസ്ഥാനത്തിന്‍റെ പടിഞ്ഞാറ് ഭാഗത്ത് പ്രത്യേകം ശ്രീകോവിലില്‍ കിഴക്കോട്ട് ദര്‍ശനമായി ശിവനും ഗണപതിയുമുണ്ട്. ശിവന്‍റെ ശ്രീകോവിലിനോട് ചേര്‍ന്നു പണിതിട്ടുള്ള ഒരു കൊച്ചുമുറിയിലാണ് ഗണപതി വിഗ്രഹമുള്ളത്. അരയടി മാത്രം ഉയരമുള്ള ഈ ഗണപതിയെ ഒക്കത്ത് ഗണപതി എന്ന പേരിലാണ് അറിയപ്പെടുന്നത്.

കീഴ്ക്കാവ് ക്ഷേത്രം

കിഴക്കേ നടയില്‍ നിന്ന് 57 കരിങ്കല്‍പ്പടികള്‍ ഇറങ്ങിയാല്‍ കീഴ്ക്കാവിലെത്താം. വഴിയുടെ തെക്കുഭാഗത്ത് ഒരു കൊച്ചുധര്‍മ്മശാസ്താക്ഷേത്രം കാണാം. ഭഗവതിയുടെ അംഗരക്ഷകന്‍റെ സ്ഥാനമാണ് ഇവിടെ ധര്‍മ്മശാസ്താവിനുള്ളത്. അതിനാല്‍ ഉത്സവനാളുകളില്‍ ഭഗവതി എഴുന്നെള്ളുമ്പോള്‍ ശാസ്താവും കൂടെയുണ്ടാകും. പടിഞ്ഞാറോട്ട് ദര്‍ശനമായുള്ള ഭദ്രകാളിയാണ് കീഴ്ക്കാവിലെ പ്രതിഷ്ഠ. ഇവിടെയാണ് ഗുരുതി പൂജ നടക്കുന്നത്. ശ്രീകോവിലിന്‍റെ വടക്കുഭാഗത്ത് ഒരു പാലമരമുണ്ട്. അതില്‍ ധാരാളം ആണി അടിച്ചുവച്ചിട്ടുള്ളതുകാണാം. ബാധയുടെ ഉപദ്രവമുള്ളവരെ കൊണ്ടുവന്ന്, ബാധ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് പാലമരത്തില്‍ ആണിയടിക്കുന്നത്.

ശ്രീകോവില്‍

ചതുരാകൃതിയില്‍ തീര്‍ത്ത കൊച്ചുശ്രീകോവിലാണ് ഇവിടെയുള്ളത്. ചെമ്പുമേഞ്ഞ്, മുകളില്‍ സ്വര്‍ണ്ണത്താഴികക്കുടമുള്ള, കരിങ്കല്ലില്‍ തീര്‍ത്ത ശ്രീകോവിലിന് മൂന്ന് മുറികളുണ്ട്. പടിഞ്ഞാറേ ഭാഗത്താണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗര്‍ഭഗൃഹം. മൂന്നടിയോളം ഉയരം വരുന്ന, രുദ്രാക്ഷശിലാനിര്‍മ്മിതമായ സ്വയം ഭൂവിഗ്രഹത്തില്‍ കിഴക്കോട്ട് ദര്‍ശനമായിട്ടാണ് ചോറ്റാനിക്കര അമ്മ വാഴുന്നത്. സ്ഥിരമായ ആകൃതിയില്ലാത്ത ഒരു ശിലാഖണ്ഡത്തില്‍ ദേവിയെ ആവാഹിച്ചിരിക്കുകയാണ്. അതില്‍ സ്വര്‍ണ്ണഗോളക ചാര്‍ത്തിയിട്ടുണ്ട്. രത്നപീഠത്തില്‍ കാലുകള്‍ രണ്ടും താഴോട്ട് തൂക്കിയിരിക്കുന്ന ചതുര്‍ബാഹുവായ ദേവിയാണ് പ്രതിഷ്ഠ. പുറകിലെ വലതുകയ്യില്‍ ശ്രീചക്രവും ഇടതുകയ്യില്‍ ശംഖും കാണാം. മുന്നിലെ വലതുകൈ ഭക്തരുടെ ദുഃഖങ്ങള്‍ സ്വീകരിക്കാനായി താഴ്ത്തിവച്ചിരിക്കുന്നു. മുന്നിലെ ഇടതുകൈകൊണ്ട് ഭക്തരെ അനുഗ്രഹിക്കുന്നു.

ദേവിയുടെ വിഗ്രഹത്തിനടുത്തായി അതേ ഉയരത്തില്‍ മറ്റൊരു ശിലാഖണ്ഡം കാണാം. അത് മഹാവിഷ്ണു സാന്നിധ്യമാണ്. കൂടാതെ ബ്രഹ്മാവ്, ശിവന്‍, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യന്‍ എന്നിവരും ഈ ശ്രീകോവിലില്‍ കുടികൊള്ളുന്നു.

ചോറ്റാനിക്കര അമ്മയെ രാവിലെ ദര്‍ശിച്ചാല്‍ വിദ്യാലബ്ധിയും, ഉച്ചയ്ക്ക് ദര്‍ശിച്ചാല്‍ ദുരിതനാശവും, വൈകിട്ട് ദര്‍ശിച്ചാല്‍ ദുഃഖശമനവും ഫലമുള്ളതായാണ് വിശ്വാസം. കൂടാതെ ശ്രീകോവിലില്‍ മഹാവിഷ്ണു സാന്നിധ്യമുള്ളതിനാല്‍ മഹാലക്ഷ്മിയായും, ക്ഷേത്രത്തില്‍ ശിവസാന്നിധ്യമുള്ളതിനാല്‍ ശ്രീ പാര്‍വ്വതിയായും വേറെയും രണ്ട് ഭാവങ്ങളുണ്ട്. ചോറ്റാനിക്കര അമ്മയ്ക്ക് രാജരാജേശ്വരി സങ്കല്‍പ്പമാണുള്ളത്. എന്നിരുന്നാലും മേല്‍ക്കാവില്‍ മഹാലക്ഷ്മിക്ക് തന്നെയാണ് പ്രാധാന്യം.

മണ്ഡപത്തില്‍ പാട്ട്, ഭജനം പാര്‍ക്കല്‍, ഉദയാസ്തമനപൂജ, അന്നദാനം, പട്ടും താലിയും ചാര്‍ത്തല്‍ തുടങ്ങിയവയാണ് മേല്‍ക്കാവിലമ്മയ്ക്കുള്ള പ്രധാന വഴിപാടുകള്‍.
സുബ്രഹ്മണ്യന്‍, നാഗദൈവങ്ങള്‍, ജ്യേഷ്ഠഭഗവതി, രക്ഷസ്സുകള്‍, യക്ഷിയമ്മ എന്നിവരുടെ സാന്നിധ്യവുമുണ്ട്.

ദിവസവും അഞ്ച് പൂജകളും മൂന്ന് ശീവേലികളുമുള്ള മഹാക്ഷേത്രമാണ് ചോറ്റാനിക്കര ഭഗവതി ക്ഷേത്രം. രാവിലെ മൂന്നുമണിക്ക് നിയമവെടിയും, തുടര്‍ന്ന് ഏഴുതവണ ശംഖുവിളിയും കഴിഞ്ഞ് നാലുമണിക്കാണ് നടതുറക്കല്‍. ഉച്ചപൂജ കഴിഞ്ഞ് പന്ത്രണ്ടരയ്ക്ക് നട അടയ്ക്കും. വൈകിട്ട് നാലുമണിക്ക് തുറന്ന്  രാത്രി ഒമ്പതുമണിക്കാണ് അടയ്ക്കുന്നത്. 

ഉത്സവം

കുംഭമാസത്തിലെ രോഹിണി നാളില്‍ കൊടിയേറി ഉത്രം നാളില്‍ ആറാട്ടോടുകൂടി സമാപിക്കുന്ന കൊടിയേറ്റുത്സവവും അതിനോടനുബന്ധിച്ചുള്ള മകം, പൂരം തൊഴലുമാണ് പ്രധാന വിശേഷങ്ങള്‍. ഒന്‍പതുദിവസത്തെ ഉത്സവത്തില്‍ ഏഴാം ദിവസമാണ് പ്രസിദ്ധമായ മകം തൊഴല്‍. കേരളത്തിനകത്തും പുറത്തും നിന്നായി പതിനായിരങ്ങളാണ് മകം തൊഴലിന് എത്തുന്നത്. അതുതന്നെയാണ് എട്ടാം ഉത്സവദിവസത്തെ പൂരം തൊഴലിനും കാണുവാന്‍ കഴിയുക. നവരാത്രി, മണ്ഡലകാലം എന്നിവയും വിശേഷദിവസങ്ങളാണ്.

 

Photo Courtesy - jyothisharathnam