അക്ഷരവരദായിനിയും അഭയദായിനിയും
എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂരില്‍ സ്ഥിതിചെയ്യുന്ന പ്രശസ്തമായ സരസ്വതിക്ഷേത്രമാണ് ദക്ഷിണ മൂകാംബിക സരസ്വതിക്ഷേത്രം. കൊല്ലൂരിലെപ്പോലെ ഇവിടെയും ഹരിശ്രീ കുറിക്കാന്‍ ദിവസം നോക്കേണ്ടതില്ല എന്നാണ് വിശ്വാസം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ഈ ക്ഷേത്രത്തില്‍ ദിനംപ്രതി നിരവധി കുരുന്നുകളാണ് അക്ഷരപുണ്യം നുകരാന്‍ എത്തുന്നത്. വിളിച്ചാല്‍ വിളിപ്പുറത്തുള്ള അമ്മയുടെ അനുഗ്രഹത്തിനായി ഇവിടെ ഒരു തവണ എത്തിയാല്‍ വീണ്ടും വീണ്ടും എത്താന്‍ ഓരോ ഭക്തരുടേയും മനസ്സ് മന്ത്രിക്കും. ഭക്തരുടെ ഉള്ളിലെ അജ്ഞാനമാകുന്ന ഇരുട്ടിനെ അശറ്റി ജ്ഞാനമേകുന്ന വെളിച്ചം പകരുന്ന അമ്മയാണ് ഇവിടെയുള്ളത്.
എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂരില്‍ സ്ഥിതിചെയ്യുന്ന പ്രശസ്തമായ സരസ്വതിക്ഷേത്രമാണ് ദക്ഷിണ മൂകാംബിക സരസ്വതിക്ഷേത്രം.
ദേവീസാന്നിധ്യം കൊണ്ട് ഭക്തജനങ്ങളുടെ ഹൃദയം കവര്‍ന്ന കര്‍ണ്ണാടകയിലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ ഔഷധമായ കഷായ നിവേദ്യമുള്ള കേരളത്തിലെ ഏക സരസ്വതിക്ഷേത്രവും ഇതുതന്നെയാണ്. കൊടുങ്ങല്ലൂരില്‍ നിന്ന് 12 കിലോ മീറ്ററും പറവൂര്‍ കെ.എസ്. ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നിന്ന് നൂറ് മീറ്റര്‍ അകലത്തിലുള്ള ഈ ക്ഷേത്രത്തില്‍ അക്ഷരവരദായിനിയുടെ അനുഗ്രഹത്തിനായി ദൂരെദിക്കില്‍നിന്ന് നിരവധി ഭക്തജനങ്ങള്‍ എന്നും എത്തുന്നു.
ദേവീഭക്തനായ തമ്പുരാന്‍
ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ ഐതിഹ്യം ഇങ്ങനെയെന്ന് പഴമക്കാര്‍ പറയുന്നു.
വടക്കന്‍ പറവൂരൂം സമീപസ്ഥലങ്ങളും ഭരിച്ചിരുന്ന തമ്പുരാന്‍ മൂകാംബികാഭക്തനായിരുന്നു. എല്ലാമാസവും മുടങ്ങാതെ മൂകാംബികയില്‍ പോയി അമ്മയെ ദര്‍ശനം നടത്തിയിരുന്നു. വര്‍ഷങ്ങള്‍ കടന്നുപോയി. തമ്പുരാന് പ്രായാധിക്യമായി. മാനസികമായും ശാരീരികമായും അദ്ദേഹം തളര്‍ന്നു. മൂകാംബികയില്‍ പോയി ദര്‍ശനം നടത്താന്‍ കഴിയാത്തതില്‍ ഏറെ വിഷമിച്ചുകൊണ്ട് നാളുകള്‍ തള്ളിനീക്കി. കൊല്ലൂരില്‍ എത്താന്‍ കഴിയാത്തതില്‍ ഏറെ ദുഃഖിതനായി കഴിയുന്ന തന്‍റെ ഭക്തന്‍റെ മനസ്സറിഞ്ഞ ദേവി ഒരു ദിവസം രാത്രിയില്‍ തമ്പുരാന് സ്വപ്നത്തില്‍ ദര്‍ശനം നല്‍കി.

കൊല്ലൂരില്‍ വരാന്‍ ബുദ്ധിമുട്ടായതിനാല്‍ ഇനി അവിടേക്ക് വരേണ്ടതില്ലെന്നും പകരം കൊട്ടാരത്തിന് സമീപമുള്ള പൊയ്കയില്‍ തന്‍റെ ചൈതന്യമുണ്ടാകുമെന്നും ദേവി അരുളി.
പൊയ്കയില്‍ നിന്ന് ദേവീകടാക്ഷം കൊണ്ട് ലഭ്യമായ ഒരു തിടമ്പും ശ്രീചക്രവും വെച്ച് മൂകാംബികയുടെ സാന്നിധ്യം ആവാഹിച്ചെടുത്ത തന്‍റെ താമസസ്ഥലത്തുതന്നെ തമ്പുരാന്‍ ക്ഷേത്രം പണികഴിപ്പിച്ചു. ആ ക്ഷേത്രമാണ് ഇന്നും ദേവീസാന്നിദ്ധ്യമുള്ള ദക്ഷിണമൂകാംബികാക്ഷേത്രം.
പതിമൂന്ന് വയസ്സ് മാത്രമുള്ള ബാലികയായിട്ടാണ് ദേവീസങ്കല്‍പ്പം. ബാലാ പരമേശ്വരിയുടെ ഭാവമാണ് ഇവിടുത്തെ പ്രതിഷ്ഠയ്ക്കുള്ളത്. ദേവി അക്ഷരവരദായിനി ആയിട്ടാണ് ഉപവിഷ്ടയായിരിക്കുന്നത്.ക്ഷരമില്ലാത്തതാണല്ലോ അക്ഷരം. ദേവി അങ്ങനെ വരദായിനിയും അഭയദായിനിയും അക്ഷരവരദായിനിയും ആയിരിക്കുമ്പോള്‍ ചതുര്‍ബാഹുവായ ദേവി പുറകിലെ വലതുകയ്യില്‍ അക്ഷരമാലയും പുറകിലെ ഇടതുകയ്യില്‍ വെള്ളത്താമരയും മുന്നിലെ ഇടതുകയ്യില്‍ ഗ്രന്ഥവും ധരിച്ച് മുന്നിലെ വലതുകൈ വ്യാഖ്യാനമുദ്രയില്‍ പിടിച്ചിരിക്കുന്നു. താമരക്കുളത്തിന് നടുവിലെ ശ്രീകോവിലില്‍ കിഴക്കോട്ട് ദര്‍ശനമായിട്ടാണ് ദേവി കുടികൊള്ളുന്നത്.
നവദേവീപൂജ
നവരാത്രിനാളുകളില്‍ ഇവിടുത്തെ വിശേഷാല്‍പൂജയാണ് നവദേവീപൂജ. പ്രഥമ മുതല്‍ നവമി വരെ ആദിപരാശക്തിയെ ഓരോ ഭാവത്തില്‍ സങ്കല്‍പ്പിച്ചുചെയ്യുന്ന ഈ പൂജകള്‍ ഓരോ ദിവസവും വിവിധ ഫലങ്ങള്‍ നല്‍കുന്നു എന്നാണ് വിശ്വാസം. ആദ്യദിനം ശൈലപുത്രി സങ്കല്‍പ്പത്തില്‍ നടത്തുന്ന പൂജ ധനധാന്യ അഭിവൃദ്ധി, കളത്ര പുത്ര ലാഭം എന്നിവയ്ക്കുവേണ്ടിയുള്ളതാണ്. ബ്രഹ്മചാരിണിഭാവത്തില്‍ നടത്തുന്ന രണ്ടാം ദിനത്തിലെ പൂജ ആയുസ്സ്, സ്വയംവരം, പുത്രപൗത്രാഭിവൃദ്ധി എന്നിവയ്ക്കും മൂന്നാം ദിവസം ചന്ദ്രഘണ്ഡ ഭാവത്തിലാണ് ദേവിക്ക് പൂജചെയ്യുന്നത്. വിദ്യാഭിവൃദ്ധി, രാജ്യാഭിവൃദ്ധി എന്നിവയാണ് ഫലം.

നാലാമത്തെ ദിവസത്തെ പൂജ കൂശ്മാണ്ഡ സങ്കല്‍പ്പത്തിലാണ്. രോഗശമനത്തിനും മനോവ്യഥ അകറ്റാനും വേണ്ടിയുള്ളതാണ്. സ്കന്ദമാതയായി അഞ്ചാമത്തെ ദിവസം പൂജിക്കുന്നതിന്‍റെ ഫലം ശത്രുനാശവും വിദ്യാവിജയവുമാണ്. കാര്‍ത്യായനീഭാവത്തില്‍ ആറാം ദിവസത്തില്‍ പൂജിക്കുന്നത് രോഗശമനം, വിദ്യാഭിവൃദ്ധി എന്നിവയ്ക്കാണ്. ഏഴാം ദിവസം കാളരാത്രി സങ്കല്‍പ്പത്തിലുള്ള പൂജയ്ക്ക് വിജയം, വശീകരം എന്നിവയാണ് ഫലം. എട്ടാം ദിനം മഹാഗൗരിയായി പൂജിക്കുന്നത് ശത്രുനാശത്തിനും വിദ്യാവിജയത്തിനും വേണ്ടിയാണ്. സിദ്ധിദാത്രി ഭാവത്തിലുള്ള ഒന്‍പതാം ദിവസത്തെ പൂജ വിദ്യാവിജയം, സര്‍വ്വവിജയം എന്നിവ നല്‍കുമെന്നാണ് വിശ്വാസമെന്ന് ക്ഷേത്രം മേല്‍ശാന്തി ബി.എം. അജിത്കുമാര്‍ എമ്പ്രാന്തിരി പറഞ്ഞു.
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെപ്പോലെ ഇവിടെയും കഷായ നിവേദ്യമുണ്ട്.
ഐശ്വര്യം നല്‍കുന്ന ഉപദേവതകള്‍
നാലമ്പലത്തിനകത്ത് തെക്ക് പടിഞ്ഞാറ് ഭാഗത്ത് കിഴക്കോട്ട് ദര്‍ശനമായാണ് ഗണപതിഭഗവാന്‍റെ പ്രതിഷ്ഠ. ഒന്നരയടി പൊക്കം വരുന്ന ഭഗവദ്വിഗ്രഹത്തിന് സാധാരണ ഗണപതി വിഗ്രഹങ്ങളുടെ അതേ രൂപമാണ്. പുറകിലെ വലതുകയ്യില്‍ മഴുവൂം പുറകിലെ ഇടതുകയ്യില്‍ കയറും മുന്നിലെ ഇടതുകയ്യില്‍ മോദകവും ധരിച്ച ഭഗവാന്‍ മുന്നിലെ വലതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിക്കുന്നു. നാലമ്പലത്തില്‍നിന്ന് അല്‍പ്പം മുകളിലായാണ് ഗണപതി ശ്രീകോവില്‍.

സുബ്രഹ്മണ്യന്‍
നാലമ്പലത്തിന് പുറത്ത് തെക്ക് കിഴക്കേമൂലയില്‍ പടിഞ്ഞാറ് ദര്‍ശനമായാണ് ദേവസേനാപതിയായ സുബ്രഹ്മണ്യ സ്വാമി കുടികൊള്ളുന്നത്.
മഹാവിഷ്ണു
നാലമ്പലത്തിന് പുറത്ത് തെക്ക് പടിഞ്ഞാറേ മൂലയില്‍ കിഴക്കോട്ട് ദര്‍ശനമായാണ് വൈകുണ്ഠനാഥനായ മഹാവിഷ്ണുഭഗവാന്‍ കുടികൊള്ളുന്നത്. ചതുര്‍ബാഹുവും ശംഖുചക്രഗദാപത്മധാരിയുമായ ഭഗവാനാണ് ഇവിടെയും.
ഹനുമാന്‍
നാലമ്പലത്തിന് പുറത്ത് വടക്ക് പടിഞ്ഞാറേ മൂലയില്‍ കിഴക്കോട്ട് ദര്‍ശനമായാണ് ശ്രീരാമദാസനും ചിരഞ്ജീവിയുമായ ഹനുമാന്‍സ്വാമിയുടെ പ്രതിഷ്ഠ. വിഗ്രഹത്തില്‍ വെള്ളിഗോളക ചാര്‍ത്തിയിട്ടുണ്ട്.
വീരഭദ്രന്‍
നാലമ്പലത്തിന് പുറത്ത് വടക്ക് കിഴക്കേമൂലയില്‍ പടിഞ്ഞാറ് ദര്‍ശനമായാണ് ദക്ഷാന്തകനായ വീരഭദ്ര സ്വാമിയുടെ പ്രതിഷ്ഠ. ദേവിയുടെ അംഗരക്ഷകനായാണ് ഇവിടെ വീരഭദ്ര സ്വാമിക്ക് സങ്കല്‍പ്പം. വലതുകയ്യില്‍ വാള്‍പിടിച്ച് ഇടതുകൈ അരയില്‍ കുത്തിവച്ചുകൊണ്ടാണ് പ്രതിഷ്ഠ.
നാഗദൈവങ്ങള്‍
ക്ഷേത്രത്തിന് പുറത്തുള്ള അരയാല്‍മരത്തിന്‍റെ ചുവട്ടിലാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നവനാഗസാന്നിധ്യമുള്ള ഇവിടെ സ്തോത്രത്തില്‍ പറയുന്ന അതേ രൂപത്തിലാണ് വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുള്ളത്. അത്യുഗ്രമൂര്‍ത്തികളായ നാഗദൈവങ്ങള്‍ പ്രപഞ്ചത്തിന്‍റെ രക്ഷകരാണെന്ന് വിശ്വസിച്ചുപോരുന്നു.
യക്ഷിയമ്മ
മഹാവിഷ്ണു ശ്രീകോവിലിന് തൊട്ടരികിലാണ് യക്ഷിയമ്മയുടെ പ്രതിഷ്ഠ. മേല്‍ക്കൂരയില്ലാത്ത ഒരു തറയിലാണ് യക്ഷിയമ്മ കുടികൊള്ളുന്നത്. അത്യപൂര്‍വ്വമായ വാല്‍ക്കണ്ണാടി രൂപത്തിലുള്ള ബിംബമാണ് യക്ഷിയമ്മയ്ക്ക്.
നിത്യേന അഞ്ചുപൂജകളും മൂന്ന് ശീവേലികളുമുള്ള മഹാക്ഷേത്രമാണിത്.

അക്ഷരപുണ്യം
കൊല്ലൂരിലെപ്പോലെ ഇവിടെയും ഹരിശ്രീ കുറിക്കാന്‍ ദിവസം നോക്കേണ്ടതില്ല എന്നാണ് വിശ്വാസം. നവരാത്രിയും അമ്പലത്തിലെ ഉത്സവവുമാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങള്‍. മകരമാസത്തിലെ ഉത്രട്ടാതിനാളില്‍ ആറാട്ടായി നടത്തുന്ന പത്തുദിവസത്തെ കൊടിയേറ്റുത്സവവും ഏറെ ശ്രദ്ധേയമാണ്.
.jpg)
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ഈ ക്ഷേത്രത്തില്‍ ദിനംപ്രതി നിരവധി കുരുന്നുകളാണ് അക്ഷരപുണ്യം നുകരാന്‍ എത്തുന്നത്. വിളിച്ചാല്‍ വിളിപ്പുറത്തുള്ള അമ്മയുടെ അനുഗ്രഹത്തിനായി ഇവിടെ ഒരു തവണ എത്തിയാല്‍ വീണ്ടും വീണ്ടും എത്താന്‍ ഓരോ ഭക്തരുടേയും മനസ്സ് മന്ത്രിക്കും. ഭക്തരുടെ ഉള്ളിലെ അജ്ഞാനമാകുന്ന ഇരുട്ടിനെ അശറ്റി ജ്ഞാനമേകുന്ന വെളിച്ചം പകരുന്ന അമ്മയാണ് ഇവിടെയുള്ളത്.
എ.എന്‍. മനയ്ക്കല്‍,
ഫോട്ടോ: അഭിലാഷ് നാരായണന്‍
Photo Courtesy - അഭിലാഷ് നാരായണന്‍
