ദേവപ്രശ്‌നത്തിന്റെ കാലികമായ ആവശ്യകത

ദേവപ്രശ്‌നത്തിന്റെ കാലികമായ ആവശ്യകത

HIGHLIGHTS

ജ്യോതിഷവും ദേവപ്രശ്‌നവും തമ്മിലുള്ള ബന്ധമെന്നാണ്. ജ്യോതിഷവും ദേവപ്രശ്‌നവും പരസ്പരപൂരകങ്ങളാണ്. ജ്യോതിഷം എപ്പോഴും മനുഷ്യന്റെ അവസ്ഥകളെയും പ്രശ്‌നങ്ങളേയും ആധാരമാക്കിയാണെങ്കിൽ ദേവപ്രശ്‌നം ക്ഷേത്രങ്ങളെ ആധാരമാക്കിയെന്നേ വ്യത്യാസമുള്ളൂ. 

മിക്കവാറും ക്ഷേത്രങ്ങളിൽ ദേവപ്രശ്‌നവും തുടർന്നുള്ള പരിഹാരകർമ്മങ്ങളും നടത്താറുണ്ടല്ലോ. എന്താണ് ദേവപ്രശ്‌നം? എന്താണ് അതുകൊണ്ടുദ്ദേശിക്കുന്നത്? ദേവപ്രശ്‌നം ക്ഷേത്രങ്ങളെ സംബന്ധിച്ചിടത്തോളം നിർബന്ധമുള്ള കാര്യമാണോ?

ക്ഷേത്രങ്ങളിൽ സാധാരണയായി അഷ്ടബന്ധകലശം നടത്താറുണ്ടെന്നറിയാമല്ലോ. അതൊരു നവീകരണമാണ്. പന്ത്രണ്ടുവർഷം കൂടുമ്പോൾ നടത്തുന്ന ഒരു നവീകരണം.
പ്രതിഷ്ഠ കഴിഞ്ഞാൽ പിന്നെ തുടർന്നുള്ള എല്ലാവർഷവും ക്ഷേത്രങ്ങളിൽ ഉത്സവം നടത്താറുണ്ട്. തന്ത്രിയുടെ നേതൃത്വത്തിലാണ് അത് നടത്തുക. ഒപ്പം ഉത്സവത്തിന്റെ പ്രാധാന്യം അർഹിക്കുന്ന കാര്യങ്ങളും നടത്തുന്നു. പന്ത്രണ്ടുവർഷം കൂടുമ്പോൾ അഷ്ടബന്ധ നവീകരണ കലശമായിട്ടും നടത്തും. അങ്ങനെ നടത്തണമെന്നുള്ളത് താന്ത്രികമായ നിബന്ധനതന്നെയാണ്. ഗുരുവായൂർ പോലുള്ള മഹാക്ഷേത്രങ്ങളിൽ അത് യഥാസമയം തന്നെ നടത്തും. എന്നാൽ ചില ക്ഷേത്രങ്ങളിൽ പതിമൂന്നും, പതിന്നാലും ചിലപ്പോൾ ഇരുപതും വർഷം വരെ നീണ്ടുപോകും. കാരണം സാമ്പത്തികം ഒരു വലിയ ഘടകമാണ്. പ്രതിഷ്ഠയ്ക്ക് ചെയ്യുന്ന അതേപോലുള്ള ക്രിയകളെല്ലാം ഇതിനും വേണം.

ഇതിനകത്തൊരു ചെറിയ ഭാഷ്യമുണ്ട്. അങ്ങനെപന്ത്രണ്ടുവർഷം കൂടുമ്പോൾ അഷ്ടബന്ധ നവീകരണ കലശം നടത്തുന്നതുപോലെതന്നെ ആ സമയത്ത് ഒരു ദേവപ്രശ്‌നവും നടത്തേണ്ടതല്ലേ എന്നൊരു ചിന്തയോ സംശയമോ വരാം.

ശാസ്ത്രീയമായിട്ടുപറഞ്ഞാൽ അതിന്റെ ആവശ്യമില്ല. ദേവപ്രശ്‌നം നടത്തേണ്ടത് എപ്പോഴാണെന്നുള്ളതിന് നിയമമുണ്ട്. അതായത് ക്ഷേത്രത്തിൽ എന്തെങ്കിലും തരത്തിലുള്ള ദേവകോപ നിമിത്തങ്ങൾ സംഭവിച്ചാൽ ദേവപ്രശ്‌നം നടത്തണം, ദേവകോപ നിമിത്തങ്ങൾ എന്നാൽ എന്താണെന്ന് തന്ത്രസമുച്ചയം പറയുന്നുണ്ട്. ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ മരണം സംഭവിക്കുക, ജനനം സംഭവിക്കുക, മുറ്റത്തും മറ്റും രക്തം വീഴുക, മലമൂത്ര വിസർജ്ജനം നടത്തുക, കയറികൂടാത്തവർ ക്ഷേത്രത്തിൽ കയറുക.. എന്നിങ്ങനെയുള്ള ദുർനിമിത്തങ്ങൾ പലയാവർത്തി സംഭവിക്കുമ്പോൾ ക്ഷേത്രതന്ത്രിയുമായി ആലോചിക്കണം. എന്നാൽ, അത് തന്ത്രിക്ക് പരിഹരിക്കാവുന്നതേയുള്ളൂവെങ്കിലും ഇന്നത്തെ തന്ത്രിമാരിൽ നല്ലൊരു ശതമാനവും പ്രശ്‌നത്തിലേക്ക് വിടുകയേയുള്ളൂ. ക്ഷേത്രത്തിൽ എന്തെങ്കിലും സംഭവിച്ചാൽ അതിനുള്ള പരിഹാരക്രിയകൾ നടത്തുക എന്നത് മാത്രമേ തന്ത്രിമാർ ചെയ്യുകയുള്ളൂ. മറ്റുകാര്യങ്ങളിൽ അവർ ഉടൻ ചെയ്യുന്നത് അഷ്ടമംഗല ദേവപ്രശ്‌നത്തിന് വിടുകയാണ്.

പ്രശ്‌നചിന്തയുടെ തുടക്കം അവിടെ നിന്നുമാണ്.

ഒരു പുതിയ ക്ഷേത്രം നിർമ്മിക്കുന്നു എന്നുകരുതുക. സ്വാഭാവികമായും അതൊന്ന് ഡിസൈൻ ചെയ്യണമല്ലോ. ഡിസൈൻ ചെയ്യാനുള്ള പദ്ധതി പ്രശ്‌നം തന്നെയാണ്. അങ്ങനെ പ്രശ്‌നത്തിലേക്ക് കടക്കുന്നു.

പ്രശ്‌നത്തിന് ഒന്നുരണ്ടുകാരണങ്ങളുണ്ട്. ഒന്ന് ദേവകോപ നിമിത്തങ്ങൾ ഉണ്ടാകുമ്പോൾ ദേവപ്രശ്‌നം നടത്തുന്നു. മറ്റൊന്ന് പൂജകൾ മുടങ്ങുമ്പോഴാണ്. ഒരു കാരണവുമില്ലാതെ പൂജ മുടങ്ങുക, ഉത്സവം മുടങ്ങുക, ദൈനംദിനകാര്യങ്ങൾ മുടങ്ങുക.. അതൊക്കെ ദുർനിമിത്തങ്ങളായാണ് കണക്കാക്കപ്പെടുന്നത്. അതുപോലെ ക്ഷേത്രത്തിൽ മോഷണം നടന്നാൽ, അതും ദേവപ്രശ്‌നത്തിന് കാരണമാണ്.

അതുപോലെതന്നെ, ക്ഷേത്രത്തിന്റെ നല്ല കാര്യങ്ങൾക്കു വേണ്ടിയും ദേവപ്രശ്‌നം നടത്താറുണ്ട്. ക്ഷേത്രത്തിന് സാമ്പത്തികമായി നേട്ടമുണ്ടാക്കാനും, അനിയന്ത്രിതമായ ചെലവുണ്ടെങ്കിൽ അത് കുറയ്ക്കാനും ഒക്കെ ദേവപ്രശ്‌നം നടത്താം. അങ്ങനെനടത്തി ഒരു വ്യവസ്ഥാപിത സംവിധാനത്തിന് രൂപം നൽകാം. പക്ഷേ അത് എങ്ങും സ്വീകരിക്കാറില്ല. ഏതെങ്കിലും തരത്തിലുള്ള ദോഷങ്ങളുണ്ടായാൽ അതിനുള്ള പരിഹാരം എന്ന നിലയിൽ തന്ത്രിക്ക് ചെയ്യാവുന്ന കാര്യത്തിൽ പോലും ദേവപ്രശ്‌നത്തെ ആശ്രയിക്കുന്ന രീതിയാണ് പൊതുവേ കണ്ടുവരുന്നത്.

ഇതൊക്കെയാണെങ്കിലും ദേവകോപത്തിന്റെ പ്രധാനകാരണം ആ ക്ഷേത്രത്തിലെ ദേവനാണ്. ഒരു ക്ഷേത്രത്തിലെ പ്രധാനദേവന് ചൈതന്യഹാനി സംഭവിച്ചാൽ, ഏറ്റവും പ്രധാനമായി ആ കാര്യം കണ്ടെത്തുന്നത് ദേവപ്രശ്‌നത്തിലൂടെയാണ്. ചൈതന്യ ഹാനി എന്നുപറയുമ്പോൾ ക്ഷേത്രത്തിൽ നിത്യപൂജയുണ്ട്, പരിചാരകന്മാരുണ്ട്, തന്ത്രിമാരുണ്ട്, കമ്മറ്റിക്കാരുണ്ട്.. എല്ലാമുണ്ടെങ്കിലും ചൈതന്യഹാനി സംഭവിക്കാം. അതായത് ക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം ക്ഷേത്രപരിസരം, ശ്രികോവിൽ, ബിംബം, മന്ത്രം, ദേവന്റെ ഭൂഷണങ്ങൾ, മൂലസ്ഥാനബന്ധം, അവിടെ വിശേഷാലുള്ള നിവേദ്യങ്ങളും സാന്നിധ്യവിശേഷണങ്ങളും, അവിടെ ചെയ്യേണ്ട ഉപാസനാദി കാര്യങ്ങൾ. ഈ വിഷയങ്ങളുടെയെല്ലാം സമഗ്രമായ ഒരു ചിന്താപദ്ധതി തന്നെയാണ് ദേവപ്രശ്‌നം കൊണ്ടുദ്ദേശിക്കുന്നത്. അത് ഒരു ദിവസം കൊണ്ടോ രണ്ടുദിവസം കൊണ്ടോ ഒരാഴ്ച കൊണ്ടോ നടത്താം.

ഇതിനകത്ത് ഏറ്റവും പ്രധാനമായിട്ടുള്ള കാര്യം നിവേദ്യ വിഷയത്തിലോ, പരിഹാര വിഷയത്തിലോ, അശുദ്ധി വിഷയത്തിലോ ഒക്കെ മാനുഷികമായിട്ടുള്ള ചെറിയ ചെറിയ വീഴ്ചകളായിരിക്കും കാരണം. അതേസമയം ദേവകോപമുണ്ടാക്കുന്ന ഒരു വലിയ സംഗതി കാണും. അതാണ് മർമ്മപ്രധാനം. ദേവന്റെ ചൈതന്യത്തിന് ഹാനി സംഭവിക്കുന്ന എന്തെങ്കിലും കാര്യം. ദേവന്റെ ആഭരണങ്ങൾ അപഹരിക്കുക, പ്രധാന പൂജകൾ ഏതെങ്കിലും മനഃപൂർവ്വമായി മുടക്കുക... എന്നിങ്ങനെയുള്ള കാര്യങ്ങൾ. അതുപോലെതന്നെ പ്രധാനദേവതയ്ക്കും ദേവനോടൊപ്പം പ്രാരംഭകാലം മുതലുള്ള സാന്നിധ്യത്തിനും മറ്റും യാതൊരു വിധത്തിലുമുള്ള മാറ്റവും വരരുത്. ദേവതാമാറ്റം ക്ഷേത്രത്തിനാപത്താണ്. പാരമ്പര്യമായി ആചരിക്കുന്നവ പ്രതീകാത്മകമായിട്ടെങ്കിലും ആചരിക്കേണ്ടതാണ്. അതിന് ചെയ്യേണ്ട പല പല കാര്യങ്ങളുണ്ട്. അതൊന്നും നമ്മളായിട്ട് മുടക്കാൻ പാടില്ല. ശബരിമലയിൽ തന്നെ ഉത്സവം കഴിഞ്ഞാൽ മാളികപ്പുറത്തമ്മയുടെ എഴുന്നെള്ളത്ത്, മണിമണ്ഡപം ശുദ്ധീകരിക്കൽ.. അതൊക്കെ ആര് ചെയ്യണം, എങ്ങനെചെയ്യണം എന്നൊക്കെയുള്ളതിന് ഒരു പാരമ്പര്യ വിധിയുണ്ട്.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുവാനുള്ളത്, ദേവകാര്യങ്ങൾ വളരെ സൂക്ഷിച്ചുവേണം ചെയ്യുവാൻ. തുടങ്ങിയാൽ പിന്നെ മുടക്കാൻ പാടില്ല. അതും പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ ഒരു ദിവസത്തേയ്ക്ക് വേണ്ടി നടത്തുവാനും പാടില്ല. ദീർഘവീക്ഷണത്തോടുകൂടിയേ നടത്താൻ പാടുള്ളൂ. അതുപോലെ ഒരു കാരണവശാലും പരമ്പരാഗത കാര്യങ്ങൾ മുടക്കാൻ പാടില്ല. പലരും അങ്ങനെമുടക്കിയിട്ടുണ്ട്.  

കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനക്കാരും ദേവപ്രശ്‌നത്തിൽ വിശ്വസിക്കുന്നവരാണോ?

കേരളത്തെ സംബന്ധിച്ചിടത്തോളം പണ്ടുമുതലേയുള്ള ആചരണം കൗളാചാര പ്രകാരമുള്ളതാണ്. താന്ത്രികമല്ല, കൗളാചാരം എന്നുപറഞ്ഞാൽ മൂലാചാരം എന്നാണർത്ഥം. പണ്ടുമുതൽക്കേ ഇവിടുണ്ടായിരുന്ന പാരമ്പര്യമായിട്ടുള്ള സമ്പ്രദായങ്ങളാണത്. പരശുരാമൻ ഇവിടെ 108 ശിവാലയങ്ങളും 108 ദുർഗ്ഗാലയങ്ങളും സ്ഥാപിച്ചു. ഇവിടെ താന്ത്രിക ക്രിയ നടത്തുവാൻ വേണ്ടിയാണ് നമ്പൂതിരിമാരെ കൊണ്ടുവന്നത്. അവർ ആന്ധ്രാപ്രദേശ് തുടങ്ങിയുള്ള സ്ഥലക്കാരാണ്.

അങ്ങനെ ഇവർ താന്ത്രികമായ ക്രിയ നടത്തുവാൻ ഇവിടെ വന്നുകഴിഞ്ഞപ്പോൾ ഇവിടുള്ള കൗളാചാരങ്ങളൊക്കെയും താന്ത്രികമാക്കാൻ നോക്കി. ഉദാഹരണത്തിന് ആലപ്പുഴ പ്രദേശത്തുള്ള വെള്ളോർവട്ടം ക്ഷേത്രത്തിൽ രണ്ട് ശിവനുണ്ട്. അതിൽ വടക്കുവശത്തുള്ള വലിയ ശിവലിംഗമാണ് പരശുരാമൻ പ്രതിഷ്ഠിച്ചത്. ഇപ്പുറത്തെ ശിവൻ സ്വയംഭൂവാണ്. പണ്ട് ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ ഇവിടെ വന്നിട്ട് വൈക്കത്ത് പോകുമായിരുന്നു. ഒരിക്കൽ അതിനൊരു തടസ്സം നേരിട്ടു. പോകാൻ പറ്റിയില്ല. അതിൽ വിഷമിച്ചുനിന്ന തമ്പ്രാക്കൾക്ക് മുന്നിൽ സ്വയംഭൂവായ വൈക്കത്തപ്പൻ ഹോമകുണ്ഡത്തിലൂടെ ദർശനം നൽകി. അങ്ങനെയാണ് അവിടെ സ്വയംഭൂശിവൻ ഉണ്ടായത്.
ഒരു ജില്ലയിലോ ഒരു പ്രദേശത്തോ കൗളാചാര സമ്പ്രദായപ്രകാരം പ്രതിഷ്ഠ ഉണ്ടെങ്കിൽ അതിനെ താന്ത്രികമാക്കാൻ ശ്രമിച്ചുകൂടാ. അതാണ് ഇവിടെ അപചയം. അതിനെ കൗളാചാരമായി തന്നെ നിലനിർത്തണം. അതിനകത്തൊക്കെ ജ്യോതിഷം കടന്നുകയറിയപ്പോഴാണ് താന്ത്രികമാക്കിയത്. താന്ത്രികമാക്കുമ്പോൾ പഴയ സമ്പ്രദായം മാറി പുതിയ സമ്പ്രദായം വരും. ഉദാഹരണത്തിന് ഗുരുസി. പണ്ട് മനുഷ്യനെ, ആടിനെ കൊടുത്തുകൊണ്ടിരുന്ന സമ്പ്രദായത്തിൽ നിന്ന് താൽക്കലിക സമ്പ്രദായത്തിലേക്ക് വന്നപ്പോൾ ഇന്നത്തെ രീതിയിലുള്ള അനുഷ്ഠാനമായി അത് മാറി. 

പക്ഷേ കാലത്തിന്റെ മാറ്റവും പുരോഗതിയും അടിസ്ഥാനമാക്കി ആടിനെയും കോഴിയേയുമൊന്നും ഗുരുതി കഴിക്കാൻ പറ്റില്ല എന്ന് നമ്മളും പറഞ്ഞേനെ. എന്നുപറഞ്ഞാൽ അങ്ങനൊരു വിധി നമുക്കുണ്ടായിരുന്നു. ഉണ്ടാകും. കാരണം നമുക്കിവിടെ ഒത്തിരി കാര്യങ്ങൾ പരിഷ്‌കൃതമായില്ലേ. സതി സമ്പ്രദായം തന്നെ മാറിയില്ലേ.

ജ്യോതിഷവും ദേവപ്രശ്‌നവും തമ്മിലുള്ള ബന്ധമെന്നാണ്. ജ്യോതിഷവും ദേവപ്രശ്‌നവും പരസ്പരപൂരകങ്ങളാണ്. ജ്യോതിഷം എപ്പോഴും മനുഷ്യന്റെ അവസ്ഥകളെയും പ്രശ്‌നങ്ങളേയും ആധാരമാക്കിയാണെങ്കിൽ ദേവപ്രശ്‌നം ക്ഷേത്രങ്ങളെ ആധാരമാക്കിയെന്നേ വ്യത്യാസമുള്ളൂ. ജ്യോതിഷത്തിന്റെ നിയമത്തിൽ ദൈവജ്ഞന്മാർ ഒരു കാര്യം പാലിക്കണം. നമ്മുടെ വീട്ടിൽ വന്ന് ഒരാൾ പ്രശ്‌നം ചെയ്യുമ്പോൾ, ചിലപ്പോൾ ശാസ്ത്രത്തിന് അനിഷ്ടമായ കാര്യമാണ് അവിടെ നടക്കുന്നതെങ്കിലും കുലത്തിന്റെയും ദേശത്തിന്റെയും ആചാരങ്ങളൊക്കെ മാറ്റി മറിക്കാൻ ഒരു ശാസ്ത്രത്തിനും അധികാരമില്ല. ഇവിടുത്തെ പാരമ്പര്യം അതാണ്. ദേശത്തിനും, ജാതിക്കും മൂലത്തിനുമൊക്കെ വ്യത്യസ്തമായ ആചരണമുണ്ട്. ഇതിനെയെല്ലാം സമന്വയിപ്പിച്ചുകൊണ്ടുപോയിട്ട്, ദൈവികവും മാനുഷികവുമായ ഒരു പദ്ധതി നടപ്പാക്കുന്നതിന്റെ സദുദ്ദേശം ദൈവജ്ഞന്മാർക്ക് ദേവപ്രശ്‌നത്തിലൂടെ നോക്കാം. 

ഋഷീശ്വരന്മാരിൽ നിന്നും പകർന്നുകിട്ടിയ സഹസ്രാബ്ദങ്ങളായുള്ള ഒരു ശാസ്ത്രമാണിത്. ശാസ്ത്രത്തിന്റെ എല്ലാവശങ്ങളെയും ഇത് വിഭാവനം ചെയ്യുകയും അതിന്റെ ഉൾക്കാഴ്ചയിലൂടെ ഇതിന്റെ വെളിച്ചം എല്ലായിടത്തും വീശുകയും ചെയ്യുന്നു എന്ന് ഏവർക്കും അറിവുള്ളതാണ്. ദേവപ്രശ്‌നം കേരളത്തിലും കേരളക്കാരുള്ളിടത്തും മാത്രമേ കാണപ്പെടുന്നുള്ളൂ. കാരണം, കേരളക്കാരാണ് പ്രശ്‌നചിന്ത നടത്തുന്നത്. അതുകൊണ്ട് ദേവപ്രശ്‌നവും ഇവിടെയാണ് കൂടുതൽ.

Photo Courtesy - കാർത്തിക്‌ ഗോപൻ