ദേവപ്രശ്നവും മനുഷ്യപ്രശ്നവും -ജ്യോതിഷന്‍ അച്യുതന്‍നായര്‍

ദേവപ്രശ്നവും മനുഷ്യപ്രശ്നവും -ജ്യോതിഷന്‍ അച്യുതന്‍നായര്‍

HIGHLIGHTS

ദേവപ്രശ്നം എന്നത് വളരെ സങ്കീര്‍ണ്ണമായ വിഷയം തന്നെയാണ്. മനുഷ്യപ്രശ്നവിഷയത്തില്‍ ജാതകത്തിലൂടെയും നാളിലൂടെയും കാലഗണനകള്‍ നടത്താനാവും. വ്യക്തമായ അവസ്ഥ ഗണിക്കാനും, കാലദോഷത്തിനുള്ള ഉചിതമായ പരിഹാരം എഴുതി നല്‍കാനും സാധിക്കും. എന്നാല്‍ ദേവപ്രശ്നമെന്നത് ഒരു ദേശത്തെ മുഴുവന്‍ ബാധിക്കുന്ന വിഷയമാണ്. കാര്യങ്ങള്‍ വ്യക്തമായി തിരിച്ചറിയാനുള്ള സാധ്യതകള്‍ വിരളവുമാണ്. 

ജ്യോതിഷശാസ്ത്രത്തിന്‍റെ അറിവും തിരിച്ചറിവും പ്രായോഗികതയും ഏറെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്ന പ്രതിഭകള്‍ അപൂര്‍വ്വമാണ്. ദേവപ്രശ്നത്തിലും, മനുഷ്യപ്രശ്നത്തിലും അതുല്യപ്രാഗത്ഭ്യമുള്ള വ്യക്തിത്വമാണ് അച്യുതന്‍നായര്‍. മനുഷ്യപ്രശ്നം എപ്പോഴും എത്തിനില്‍ക്കുന്നത് ദേവകാര്യങ്ങളിലായിരിക്കും. ദേവപ്രശ്നത്തിന്‍റെ ഉത്തരങ്ങള്‍ തേടിപ്പോകുമ്പോള്‍ ആ വഴികളെല്ലാം ചെന്നുചേരുന്നതും മനുഷ്യപ്രവൃത്തികളിലായിരിക്കും.

ദേവപ്രശ്നം എന്നത് വളരെ സങ്കീര്‍ണ്ണമായ വിഷയം തന്നെയാണ്. മനുഷ്യപ്രശ്നവിഷയത്തില്‍ ജാതകത്തിലൂടെയും നാളിലൂടെയും കാലഗണനകള്‍ നടത്താനാവും. വ്യക്തമായ അവസ്ഥ ഗണിക്കാനും, കാലദോഷത്തിനുള്ള ഉചിതമായ പരിഹാരം എഴുതി നല്‍കാനും സാധിക്കും. എന്നാല്‍ ദേവപ്രശ്നമെന്നത് ഒരു ദേശത്തെ മുഴുവന്‍ ബാധിക്കുന്ന വിഷയമാണ്. കാര്യങ്ങള്‍ വ്യക്തമായി തിരിച്ചറിയാനുള്ള സാധ്യതകള്‍ വിരളവുമാണ്. നാട്ടുകാരില്‍ ചിലരൊക്കെ പഴയ കാര്യങ്ങള്‍ പറയും. എന്നാല്‍ അവയില്‍ പലതും വെറും കേട്ടുകേള്‍വികള്‍ മാത്രമായിരിക്കും. മാത്രമല്ല സ്വര്‍ണ്ണരാശിയുമായി ചേരുന്നതാവില്ല. പക്ഷേ നാട്ടുകാര്‍ പറയുന്ന അറിവുകളെ പാടേ നിഷേധിക്കാനും ആവില്ല. ഇത്തരം അവസരങ്ങള്‍ ദേവപ്രശ്നവിഷയത്തെ ഏറെ സങ്കീര്‍ണ്ണമായ തീര്‍ക്കുന്ന അവസ്ഥ തന്നെയാണ്.

അഷ്ടമംഗലപ്രശ്നം

ദേവപ്രശ്നങ്ങളെ പൊതുവേ അഷ്ടമംഗല പ്രശ്നം എന്നാണ് പറയുന്നത്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഒറ്റപ്രശ്നങ്ങളും പതിവുണ്ട്. ദേവപ്രശ്നത്തിന്‍റെ പ്രധാന വഴികാട്ടി നിമിത്തങ്ങളും ലക്ഷണങ്ങളുമാണ്. മുന്‍പ് പറഞ്ഞതുപോലെ, പല ക്ഷേത്രങ്ങളുടേയും, പൂര്‍വ്വചരിത്രം ആര്‍ക്കും അറിയില്ല. ഒരുപക്ഷേ ആരാധനാമൂര്‍ത്തികളോ പൂര്‍വ്വാചാരങ്ങളോ പോലും തിരിച്ചറിയാതെയാണ് ക്ഷേത്രങ്ങളിലേക്കും പൂജകള്‍ തുടര്‍ന്നുപോരുന്നതും. എന്നാല്‍ ചില ക്ഷേത്രങ്ങളില്‍ മുന്‍കാലങ്ങളില്‍ ആരാധിച്ചുപോന്ന ദേവതകളെ അറിവില്ലായ്മയാല്‍ ഉപേക്ഷിച്ച നിലയിലുമാണ് കാണാന്‍ സാധിക്കുന്നത്.

ആരാധനനിലച്ച അനവധി കുടുംബക്ഷേത്രങ്ങളുണ്ട്. ഒരു കാലഘട്ടത്തില്‍ എന്തൊക്കെയോ കാരണങ്ങളാല്‍ ഉപേക്ഷിക്കപ്പെട്ടവയാണ് അവയില്‍ പലരും. ആരാധന തുടര്‍ന്നുപോകാന്‍ സാമ്പത്തികമില്ലാത്തതിനാലാവാം അല്ലെങ്കില്‍ ചിലപ്പോള്‍ പുതുതലമുറയുടെ നിഷേധവുമാവാം കാരണം. പിന്നീട് കുടുംബത്തില്‍ വലിയ ദുരിതങ്ങള്‍ ഉണ്ടാവുമ്പോള്‍ കാര്യവും കാരണവും അന്വേഷിച്ചിറങ്ങും.

അടുത്തയിടെ കുടുംബത്തില്‍ അവരുടെ ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നോക്കാനായിപോയി. തലമുറകള്‍ക്ക് മുന്‍പുതന്നെ ചെറിയൊരു ക്ഷേത്രവും കുലാചാര പ്രകാരമുള്ള പൂജകളും അവിടെ ആചരിച്ചിരുന്നു. എന്നാല്‍ കാലത്തിന്‍റെ പോക്കില്‍ ആ ക്ഷേത്രത്തിലെ  പൂജകള്‍ നിലച്ചു. തലമുറകള്‍ കടന്നുപോയി. കുടുംബത്തില്‍ മഹാദുരിതങ്ങള്‍ സംഭവിച്ചപ്പോള്‍ ജ്യോത്സ്യരെ സമീപിച്ചു. പ്രശ്നവും പ്രശ്നവിധികളും ഉണ്ടായി. പഴയക്ഷേത്രം പുതുക്കിപ്പണിതു. ആരാധനാരീതികള്‍ പുനരാരംഭിച്ചു. 

വര്‍ഷങ്ങള്‍ വീണ്ടും കടന്നു. എന്നാല്‍ ദുരിതങ്ങള്‍ക്ക് വലിയ ശമനമൊന്നും ഉണ്ടായില്ല. അങ്ങനെയാണ് അവര്‍ ദേവപ്രശ്നത്തിനായി എന്നെ വിളിക്കുന്നത്. മുന്‍പുകണ്ട ജ്യോത്സ്യന്‍ പറഞ്ഞപ്രകാരം അവര്‍ ക്ഷേത്രവും പ്രതിഷ്ഠയും പൂജയുമെല്ലാം ഭംഗിയായിത്തന്നെ തുടരുന്നുണ്ട്. ദേവപ്രശ്നത്തിലും നിമിത്ത പ്രശ്നത്തിലൂടെയുമെല്ലാം തെളിഞ്ഞത് ഭുവനേശ്വരി ദേവിയുടെ സാന്നിധ്യമായിരുന്നു. എന്നാല്‍ അവിടെ പ്രതിഷ്ഠിച്ച് ആരാധിച്ചുപോന്നിരുന്നത് ദുര്‍ഗ്ഗാസാന്നിധ്യവുമായിരുന്നു. ശ്രീകോവിലിനുള്ളില്‍ പ്രതിഷ്ഠിച്ച വിഗ്രഹത്തിനെ ഇളക്കിമാറ്റാനാവില്ല. പൂജ തുടരുകതന്നെ വേണം. അതിനാല്‍ അവരുടെ പ്രധാന പരദേവതയായ ഭുവനേശ്വരിക്ക് മറ്റൊരു ശ്രീകോവില്‍ നിര്‍മ്മിച്ച് പ്രതിഷ്ഠിക്കുക തന്നെ വേണ്ടി വന്നു.

ഇത് ഒരു ക്ഷേത്രത്തിലെ മാത്രം സംഗതിയായി ചുരുക്കി കാണേണ്ട. എല്ലാത്തിലും ആധുനികം വേണമെന്ന് പറയുന്നവര്‍ ക്ഷേത്രത്തിലെ പൂര്‍വ്വാചാരങ്ങളെപ്പോലും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാമിപ്പോള്‍ കടന്നുപോകുന്നത്. ഒരു കാലഘട്ടത്തില്‍ തല്ലിപ്പൊളിച്ചവയെല്ലാം വീണ്ടും കെട്ടിപ്പടുക്കേണ്ട അവസ്ഥയിലേക്ക് നാം എത്തിച്ചേരുകയാണ്. ഇനിയും തകര്‍ന്നാല്‍ ഒരുപക്ഷേ താങ്ങാനാവാത്ത മഹാവിപത്തുകള്‍ക്ക് കാരണമായി തീര്‍ന്നേക്കാം.

മനുഷ്യവിഷയങ്ങള്‍ ഗണിച്ച് പറയാന്‍ അത്ര അധികസമയമൊന്നും ആവശ്യമായി വരില്ല. എന്നാല്‍ ദേവപ്രശ്നം അപ്രകാരമല്ല. അനവധി നിമിത്തങ്ങളും ലക്ഷണങ്ങളിലൂടെയും പ്രശ്നചിന്ത കടക്കേണ്ടതിനാല്‍ പ്രത്യേകമായി ഒരു സമയപരിധി ദേവപ്രശ്നചിന്തയില്‍ പറയാനാവില്ല എന്നതാണ് വാസ്തവം. രണ്ടുദിവസം എന്ന് കരുതിതുടങ്ങുന്ന ചിന്തകള്‍ ശരിയായ ഉത്തരം തെരഞ്ഞെടുക്കാന്‍ പിന്നേയും ദിവസം വേണ്ടിവരാറുണ്ട്. 

ദേവപ്രശ്നവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണിത്. എന്നാല്‍ ചിലര്‍ പറയാറുണ്ട്, ജ്യോത്സ്യന്മാരുടെ താല്‍പ്പര്യമാണ് ഇങ്ങനെ നീളാന്‍ കാരണമെന്ന്. ദേവപ്രശ്നത്തില്‍ പൂര്‍ണ്ണമായ പരിഹാരം തെരഞ്ഞെടുത്തില്ലെങ്കില്‍ ദുരിതം ബാക്കി നില്‍ക്കുകതന്നെ ചെയ്യും. ദുരിതങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യും.

ജാതകം പരിശോധിക്കുക. ജ്യോതിഷനെ കാണുക എന്നീ കാര്യങ്ങള്‍ ഒരിക്കലും മറ്റൊരാളുടെ പ്രേരണയാല്‍ ചെയ്യേണ്ട കാര്യമല്ല. അപ്രകാരം വേണമെന്ന് സ്വയം തോന്നിയാല്‍ മാത്രം ജ്യോത്സ്യനെ കാണുക. ആരോ പറഞ്ഞിട്ട് ആരെയോ കാണാന്‍ പോയി എന്നൊക്കെ പറയേണ്ട അവസ്ഥ സൃഷ്ടിക്കാതിരിക്കുക.

ജ്യോതിഷന്‍ അച്യുതന്‍നായര്‍
(9447332125)

തയ്യാറാക്കിയത്
കൈലാസ് നാരായണന്‍