'ദ്വാരക' വെറും ഒരു മിത്തല്ല

'ദ്വാരക' വെറും ഒരു മിത്തല്ല

HIGHLIGHTS

ഭാരതത്തില്‍ ഏഴ് പുണ്യ നഗരങ്ങളാണുണ്ടായിരുന്നത്. ഈ ക്ഷേത്രങ്ങളും നഗരങ്ങളും സന്ദര്‍ശിക്കുന്നവര്‍ക്ക് മോക്ഷം കിട്ടുമെന്നാണ് വിശ്വാസം. അത്തരം പുണ്യനഗരങ്ങളിലൊന്നാണ് ഗുജറാത്തിലെ 'ദ്വാരക.' ഗുജറാത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നായ ദ്വാരകയിലെ ദ്വാരകാധീഷ്ക്ഷേത്രം ഭഗവാന്‍ കൃഷ്ണന്‍റെ പുരാതന രാജ്യമായാണ് അറിയപ്പെടുന്നത്. ഇത് 'ചാര്‍ധാം ക്ഷേത്ര'ങ്ങളിലെ ഒരു പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രമാണ്. ദ്വാരകാധീഷ് ക്ഷേത്രം 'ജഗത് മന്ദിര്‍' എന്ന പേരിലും അറിയപ്പെടുന്നു. ഈ ക്ഷേത്രം ഗുജറാത്തിലെ 'ദേവഭൂമി ദ്വാരകാ' ജില്ലയിലെ 'ഗോമതി' നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്നു. ഇവിടുത്തെ പ്രതിഷ്ഠ ശ്രീകൃഷ്ണന്‍ അഥവാ ദ്വാരകാധീഷ് ആണ്. 

 

ഭാരതത്തിന്‍റെ പഴയകാല ചരിത്രത്തിലേക്കൊന്ന് തിരിഞ്ഞുനോക്കിയാല്‍ ഇവിടെ ഉടലെടുത്ത എല്ലാ സംസ്കൃതികളും സംസ്കാരങ്ങളും ഇവിടുത്തെ അറിയപ്പെടുന്ന ചില നദീതടങ്ങളിലാണ് ഉണ്ടായിട്ടുള്ളതെന്ന് നിസ്സംശയം കാണാന്‍ കഴിയും. ഇതില്‍ നിന്നും ഒട്ടും വിഭിന്നമല്ല ഗുജറാത്തിലെ 'ദേവഭൂമി ദ്വാരക'യിലും കാണുക.

 

ഭാരതത്തില്‍ ഏഴ് പുണ്യ നഗരങ്ങളാണുണ്ടായിരുന്നത്. ഈ ക്ഷേത്രങ്ങളും നഗരങ്ങളും സന്ദര്‍ശിക്കുന്നവര്‍ക്ക് മോക്ഷം കിട്ടുമെന്നാണ് വിശ്വാസം. അത്തരം പുണ്യനഗരങ്ങളിലൊന്നാണ് ഗുജറാത്തിലെ 'ദ്വാരക.'

ഗുജറാത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നായ ദ്വാരകയിലെ ദ്വാരകാധീഷ്ക്ഷേത്രം ഭഗവാന്‍ കൃഷ്ണന്‍റെ പുരാതന രാജ്യമായാണ് അറിയപ്പെടുന്നത്. ഇത് 'ചാര്‍ധാം ക്ഷേത്ര'ങ്ങളിലെ ഒരു പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രമാണ്. ദ്വാരകാധീഷ് ക്ഷേത്രം 'ജഗത് മന്ദിര്‍' എന്ന പേരിലും അറിയപ്പെടുന്നു. ഈ ക്ഷേത്രം ഗുജറാത്തിലെ 'ദേവഭൂമി ദ്വാരകാ' ജില്ലയിലെ 'ഗോമതി' നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്നു. ഇവിടുത്തെ പ്രതിഷ്ഠ ശ്രീകൃഷ്ണന്‍ അഥവാ ദ്വാരകാധീഷ് ആണ്. 

കറുത്ത കല്ലില്‍ മനോഹരമായി തീര്‍ത്തിരിക്കുന്ന കൃഷ്ണന്‍റെ പ്രതിമ എപ്പോഴും പ്രഭതൂകി ഭക്തലക്ഷങ്ങളെ അനുഗ്രഹിച്ചുകൊണ്ട് പ്രകാശം ചൊരിഞ്ഞുനില്‍ക്കുന്നത് ആരേയും അത്ഭുതപ്പെടുത്തുന്നതും വിസ്മയം ജനിപ്പിക്കുന്നതുമായ ഒരനുഭവം തന്നെയാണ്. ഇന്ന് ആരാധിച്ചുപോരുന്നതും ഭാരതത്തിലെ അറിയപ്പെടുന്നതുമായ ദ്വാരകാക്ഷേത്രം ഏതാണ്ട് 2500 വര്‍ഷങ്ങള്‍ക്കപ്പുറം പഴക്കമുള്ളതും ആ കാലയളവില്‍ പണികഴിപ്പിച്ചതുമാണെന്നാണ് കണക്കാക്കപ്പെടുന്നത്.

ഉത്തര്‍പ്രദേശിലെ 'മഥുര'യില്‍ ജനിച്ച ശ്രീകൃഷ്ണന്‍ 

മഹാഭാരതയുദ്ധത്തിനുശേഷം യാദവവംശജര്‍ക്കായി ദ്വാരകയിലെ ഗോമതി നദിക്കരയില്‍ പണികഴിപ്പിച്ച അതിമനോഹരവും സുന്ദരവുമായ നഗരമാണ് ദ്വാരകയെന്ന ഈ പുണ്യനഗരം. പുരാണങ്ങളില്‍ പരാമര്‍ശിക്കും പ്രകാരം ദേവശില്‍പ്പിയായ വിശ്വകര്‍മ്മാവിന്‍റെ അനിതരസാധാരണമായ വൈഭവം കൊണ്ടാണ് ഈ നഗരം വെറും ഒരു രാത്രി കൊണ്ട് നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു. കൃഷ്ണന്‍റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം ഒരിക്കല്‍ അദ്ദേഹം ഭരിച്ചിരുന്ന ഈ നഗരം കടലില്‍ മുങ്ങിപ്പോയതായി ചരിത്രം പറയുന്നു. പിന്നീട് കൃഷ്ണന്‍റെ സ്മരണാര്‍ത്ഥം ഒരു ക്ഷേത്രം നിര്‍മ്മിച്ചതായും അതാണ് ദ്വാരകയെന്നും പറയപ്പെടുന്നു. ദ്വാരകയുടെ രാജാവായി കണക്കാക്കപ്പെട്ടിരുന്ന ദ്വാരകാധീഷ് പിന്നീട് ദ്വാരകയുടെ അധിപതിയായും ഈ പുണ്യസ്ഥലം ചാര്‍ധാം തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നായി മാറുകയുമായിരുന്നു.

കംസനെ നിഗ്രഹിച്ചശേഷം ഭഗവാന്‍ കൃഷ്ണന്‍ ഉഗ്രസേനനെ മഥുരയിലെ രാജാവായി വാഴിച്ചു. അതിനുശേഷം ശ്രീകൃഷ്ണന്‍ തന്‍റെ പ്രജകളെയും കൊണ്ട് ജരാസന്ധന്‍റെ നിരന്തരമായ ആക്രമണത്തില്‍ നിന്നും രക്ഷനേടുന്നതിനുവേണ്ടി മഥുരയിലെ തന്‍റെ കുലത്തില്‍പ്പെട്ട യാദവസമൂഹവുമായി ദ്വാരകയില്‍ വന്നെന്നും ഭഗവാന്‍ കൃഷ്ണന്‍റെ നിര്‍ദ്ദേശപ്രകാരം അവിടെ ദ്വാരകാനഗരം പണികഴിപ്പിച്ചെന്നും പറയപ്പെടുന്നു. മഹാഭാരതയുദ്ധത്തിനുശേഷം ഗാന്ധാരി കൃഷ്ണനെ ശപിക്കുന്നു. തന്‍റെ കുലം നശിച്ചുപോയതുപോലെ കൃഷ്ണന്‍റെ കുലവും, വംശവും നശിച്ചുപോകട്ടെയെന്ന് അവര്‍ ശപിക്കുന്നു. ഈ ശാപത്തെത്തുടര്‍ന്ന് യദുവംശീയര്‍ സ്വയം തമ്മിലടിച്ച് നശിക്കുവാന്‍ തുടങ്ങി. 

ഇതിനുശേഷം കൃഷ്ണന്‍ ദേഹത്യാഗം ചെയ്തതോടുകൂടി ദ്വാരകാനഗരം സമുദ്രം വിഴുങ്ങുകയുണ്ടായി. ഇന്ന് ഈ പുരാതനനഗരത്തിന്‍റെ അവശിഷ്ടങ്ങളും കടലിനടിയിലുള്ള ക്ഷേത്രത്തിന്‍റെയും മതിലുകളുടെയും അവശേഷിപ്പുകള്‍ ദര്‍ശിക്കുവാന്‍ സാധിക്കും.

ജരാസന്ധന്‍റെ നിരന്തരമായ ആക്രമണത്തിലൂടെ കൃഷ്ണനെയും കൃഷ്ണന്‍റെ വംശത്തേയും ഉന്മൂലനം ചെയ്യുകയെന്നതായിരുന്നു ജരാസന്ധന്‍റെ പദ്ധതി. കംസനെ കൃഷ്ണന്‍ വധിച്ചതിലുള്ള രോഷവും പ്രതികാരവും അയാളില്‍ ആളിക്കത്തുകയായിരുന്നു. കംസന്‍റെ വധത്തിലൂടെ തന്‍റെ മകളെ വിധവയാക്കിയ കൃഷ്ണനോടും യാദവരോടുമുള്ള ജരാസന്ധന്‍റെ പക വര്‍ദ്ധിച്ചുവരുകയായിരുന്നു. അതിലൂടെ പതിനേഴ് പ്രാവശ്യമാണ് ജരാസന്ധന്‍ മഥുരയെ ആക്രമിച്ചത്.

കടലാക്രമണത്തിന്‍റെ ഫലമായും ദ്വാരകാനഗരം ആറുപ്രാവശ്യം നശിക്കപ്പെട്ടതായും കരുതിപ്പോരുന്നു. ഇന്ന് കാണുന്ന പട്ടണം ഏഴാമത്തേതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഗുജറാത്തിലെ 'കാത്തിയാവാഡ്' എന്നറിയപ്പെടുന്ന പ്രദേശത്തിന്‍റെ പടിഞ്ഞാറെയറ്റത്തു സ്ഥിതി ചെയ്യുന്ന ദ്വാരക ശ്രീകൃഷ്ണന്‍റെ രാജധാനിയായിരുന്നുവെന്നാണ് വിശ്വാസം. ദ്വാരവതി, കുശസ്ഥലി എന്നീ പേരുകളിലും ദ്വാരക അറിയപ്പെട്ടിരുന്നു.
ഭാരതത്തിലെ ഏഴ് പുരാതന പുണ്യക്ഷേത്രങ്ങളില്‍ ഒന്നാണ് ദ്വാരക. ഇതില്‍ 'വാരണാസി' ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതും പ്രധാനപ്പെട്ടതുമാകുന്നു. ഈ ഏഴ് സ്ഥലങ്ങളും മോക്ഷപ്രാപ്തി ലഭിക്കുന്ന സ്ഥലങ്ങളായി കരുതിപ്പോരുന്നു.

ഇന്ന് ദ്വാരകയില്‍ കാണുന്ന നിലവിലുള്ള ക്ഷേത്രം പതിനാറാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണെന്നാണ് വിശ്വസിച്ചുപോരുന്നത്. ദ്വാരകയിലെ ഈ ക്ഷേത്രം കല്ലുകളില്‍ പണിതെടുത്തതാണ്. പതിനേഴ് മീറ്റര്‍ വീതിയും അന്‍പത്തിരണ്ട് മീറ്റര്‍ ഉയരവുമുള്ള ക്ഷേത്രമാണിത്. ഈ ക്ഷേത്രം അറുപത് തൂണുകളിലാണ് നിലകൊള്ളുന്നത്. അതുപോലെ അഞ്ചുനിലകളിലാണ് പണികഴിപ്പിച്ചിരിക്കുന്നതും. ക്ഷേത്രത്തിന്‍റെ പല വര്‍ണ്ണങ്ങളിലുള്ള കൊടി 157 അടി ഉയരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. വിവിധ വര്‍ണ്ണങ്ങളിലും നീളത്തിലുമുള്ളതുമായ ഈ കൊടി പാറി അന്തരീക്ഷത്തില്‍ നില്‍ക്കുന്നത് വളരെ ദൂരത്തുനിന്നുകൂടി കാണുവാന്‍ സാധിക്കും.

ഈ പതാകദിവസവും ആറുനേരം മാറ്റുക പതിവാണ്. രാവിലെ മൂന്നുപ്രാവശ്യവും ഉച്ചതിരിഞ്ഞ് മൂന്നുപ്രാവശ്യവുമാണ് ഈ കൊടിമാറ്റുക. ഈ കൊടി സമര്‍പ്പിക്കുന്നവര്‍ക്ക് അവരുടെ കൊടിസമര്‍പ്പണ ഊഴത്തിന് ബുക്കുചെയ്തതിനുശേഷം മാസങ്ങള്‍ കാത്തിരിക്കേണ്ടതായി വരുന്നു. ഈ കൊടിസമര്‍പ്പണം വളരെ ആഘോഷമായി വാദ്യഘോഷങ്ങളും നൃത്തച്ചുവടുകളുമായി ഭക്തിലഹരിയില്‍ ആടിയും പാടിയും ക്ഷേത്രാങ്കണത്തിലേക്ക് ആനയിക്കുന്നത് ഒരു പ്രത്യേക കാഴ്ചയും അനുഭൂതിയുമാണ്.

ദ്വാരകാക്ഷേത്രത്തിന്‍റെ പ്രധാന കവാടത്തിന് 'സ്വര്‍ഗ്ഗദ്വാര്‍' എന്നും മറ്റൊരു പ്രധാനപ്പെട്ട കവാടം 'മോക്ഷദ്വാര്‍' എന്നും അറിയപ്പെടുന്നു. ഈ ക്ഷേത്രത്തിലെ കൊത്തുപണികള്‍ പ്രശംസനീയമാണ്. എവിടേയും കാണാന്‍ കഴിയാത്ത കൊത്തുപണികള്‍ കൊണ്ട് ക്ഷേത്രം പൂര്‍ണ്ണമായും ഒരുക്കിയിരിക്കുകയാണ്. പല ദേവതകളുടെയും അതുപോലെ വിഷ്ണുവിന്‍റെയും മറ്റ് അവതാരങ്ങളുടെയും ശില്‍പ്പങ്ങള്‍ അതിമനോഹരമായി കൊത്തിവച്ചിരിക്കുന്നത് ആരേയും വിസ്മയം ജനിപ്പിക്കുന്നവയും ആകര്‍ഷിക്കപ്പെടുന്നതുമാണ്.

ദ്വാരക ശ്രീകൃഷ്ണന്‍റെ രാജധാനിയാണ്. സമുദ്രം ശ്രീകൃഷ്ണന് ഇവിടെയൊരു നഗരം സൃഷ്ടിക്കുവാന്‍ ഇടം നല്‍കിയെന്നാണ് ഐതിഹ്യങ്ങളില്‍ സൂചിപ്പിക്കുന്നത്. വിഷ്ണുഭഗവാന്‍റെ വാഹനമായ ഗരുഡനാണ് ഈ പുണ്യനഗരം ഇവിടെ പണികഴിപ്പിക്കുവാന്‍ സ്ഥലം കണ്ടെത്തിയതെന്നും പറഞ്ഞുപോരുന്നു. ഈ പ്രദേശം പടിഞ്ഞാറന്‍ ഭാരതത്തിന്‍റെ കവാടമായും ഇതിലൂടെ മറ്റുരാജ്യങ്ങളുമായി വ്യാപാരവും മറ്റും നടത്തി ഭാരതത്തിന് സാമ്പത്തികസഹായം നേടിക്കൊടുത്തതുമൊക്കെ ചരിത്രരേഖകളില്‍ പ്രതിപാദിക്കുന്നു. അതുകൊണ്ടുതന്നെയാണ് ഈ പ്രദേശത്തെ ദേവഭൂമിയെന്നും സ്വര്‍ണ്ണപുരിയെന്നുമൊക്കെ വിളിച്ചുപോന്നിരുന്നത്. ധനത്തിന്‍റെ അതിപ്രസരവും സാമ്പത്തിക ഉന്നമനവും വേണ്ടുവോളമുണ്ടായിരുന്ന ഒരു പ്രദേശമായിരുന്നു 'കുശസ്ഥലി'യെന്നുകൂടി അറിയപ്പെട്ടിരുന്ന ദ്വാരകാനഗരം.ആദിശങ്കരാചാര്യരുടെ നാലുമഠങ്ങളില്‍ ഒന്നുകൂടിയാണ് ദ്വാരക. ഇത് 'ദ്വാരകാപീഠം' എന്നറിയപ്പെടുന്നു.

ദ്വാരകാധീഷിന്‍റെ വിഗ്രഹം പല രൂപത്തില്‍ ദര്‍ശിക്കുവാന്‍ കഴിയും. ഓരോ ദര്‍ശനത്തിനും പല രൂപത്തിലുള്ള വേഷങ്ങള്‍ ചാര്‍ത്തിയുള്ള ഭഗവാനെ മാത്രമേ ദര്‍ശിക്കുവാന്‍ കഴിയുകയുള്ളൂ. ഇവിടുത്തെ വിവിധ ദര്‍ശനങ്ങളും പൂജാവിധികളും ഇപ്രകാരമാണ്. മംഗളം, ശൃംഗാരം, രാജഭോഗം, ബോഗ്, സന്ധ്യാ ആരതി, ശയനം എന്നിങ്ങനെയാണ് ഇവ.

ദ്വാരകയില്‍ വരാനും ദര്‍ശനം നല്‍കാന്‍ ആഗ്രഹിക്കുന്നതുമായ ഭക്തജനങ്ങള്‍ക്ക് റോഡുമാര്‍ഗ്ഗവും, റെയില്‍മാര്‍ഗ്ഗവും, വ്യോമമാര്‍ഗ്ഗവുമൊക്കെ ഇവിടെ എത്തിച്ചേരാം. ട്രെയിന്‍മാര്‍ഗ്ഗം വരാന്‍ ആഗ്രഹിക്കുന്നവര്‍ ദ്വാരക റെയില്‍വേ സ്റ്റേഷനിറങ്ങിയാല്‍ അവിടെനിന്നും കേവലം രണ്ട് കിലോമീറ്റര്‍ മാത്രം ദൂരമുള്ള ക്ഷേത്രസമുച്ചയത്തിലെത്തിച്ചേരാം. വിമാനമാര്‍ഗ്ഗം വരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജാംനഗര്‍, രാജക്കോട്ട്, അഹമ്മദാബാദ് എന്നീ വിമാനത്താവളങ്ങളെ ആശ്രയിക്കാം. ജാംനഗര്‍ വിമാനത്താവളം ഇവിടെനിന്നും അന്‍പത് കിലോമീറ്റര്‍ ദൂരെയാണ്. ഇതുകൂടാതെ ഗുജറാത്തിന്‍റെ മിക്ക നഗരങ്ങളില്‍ നിന്നും ബസ്സിന്‍റെ ലഭ്യതയും ഉണ്ടായിരിക്കും.