ഭക്തരക്ഷാർത്ഥം  നരസിംഹാവതാരം

ഭക്തരക്ഷാർത്ഥം നരസിംഹാവതാരം

ശ്രീ നാരായണന്റെ നാലാമത്തെ അവതാരമായ നരസിംഹം, മൃഗത്തിൽ നിന്ന് മനുഷ്യനിലേക്കുളള പരിണാമഘട്ടത്തെ സൂചിപ്പിക്കുന്നു. മഹാവിഷ്ണുവിന്റെ ഏറ്റവും ഉഗ്രമായ അവതാര രൂപമാണ് നരസിംഹാവതാരം.ശ്രീമദ് ഭാഗവതത്തിലെ സ്പതമസ്‌കന്ധത്തിലാണ് നരസിംഹാവതാരകഥ വിവരിക്കുന്നത്. ഭക്ത പ്രഹ്ലാദനെ രക്ഷിക്കാനായി അവതരിച്ച നരസിംഹമൂർത്തി ഹിരണ്യകശിപുവിന്റെ നിഗ്രഹ കർത്തവ്യം കൂടി നിറവേറ്റുന്നു. ബ്രഹ്മാവിൽ നിന്നും അതിവിചിത്ര വരം നേടിയ ഹിരണ്യകശിപുവിനെവധിക്കാൻ മഹാവിഷ്ണുവിന് അതിഭയങ്കര  രൂപവും സ്ഥലവും സമയവുമെല്ലാം തെരഞ്ഞെടുക്കേണ്ടി വന്നു 

ഹിരണ്യാക്ഷനെമഹാവിഷ്ണു വരാഹാവതാരം പൂണ്ടു നിഗ്രഹിച്ചതോടെ സഹോദരനായ ഹിരണ്യകശിപുവിന് ക്ഷോഭമുണ്ടായി. മരണമില്ലാതെ അജയ്യനായി വാഴണം. അതിനായി ഹിരണ്യകശിപു ഉഗ്രതപം ചെയ്യുവാൻ തീരുമാനിച്ചു. ഹിരണ്യകശിപുവിന്റെ ഘോര തപസ്സിന്റെ ചൂടിനാൽ ദേവലോകം തന്നെ വിറച്ചു. ദേവന്മാർ ബ്രഹ്മാവിനെചെന്നുകണ്ട് ഹിരണ്യകശിപുവിനെപ്രീതിപ്പെടുത്തണമെന്ന് അപേക്ഷിച്ചു. ബ്രഹ്മാവ് ഹിരണ്യകശിപുവിന്റെ മുന്നിൽ പ്രത്യക്ഷനായി എന്ത് വരമാണ് വേണ്ടതെന്ന് ചോദിച്ചു. ചിരഞ്ജീവിയാകണം അതായിരുന്നു ഹിരണ്യകശിപുവിന്റെ ആവശ്യം. ബ്രഹ്മാവ് പോലും ചിരഞ്ജീവിയല്ല. അതിനാൽ അത്തരമൊരു വരം നൽകാൻ സാധ്യമല്ലെന്ന് ബ്രഹ്മാവ് അറിയിച്ചു. എന്നാൽ മൃത്യുവിനെഅതിജീവിക്കാനുളള ചില തന്ത്രങ്ങൾ മെനഞ്ഞ് ഹിരണ്യകശിപു അത്തരമൊരു വരം നൽകാൻ ആവശ്യപ്പെട്ടു. ബ്രഹ്മാവിന്റെ സൃഷ്ടികളിൽ നിന്നൊന്നും മരണമുണ്ടാകരുത്. ഭൂമിയിലോ ആകാശത്തോ വച്ചോ, മനുഷ്യനാലോ മൃഗങ്ങളാലോ, പകലോ, രാത്രിയിലോ ഏതെങ്കിലും വിധത്തിലുളള ആയുധങ്ങളാലോ മരണമുണ്ടാകരുത് എന്നായിരുന്നു ഹിരണ്യകശിപുവിന്റെ അഭ്യർത്ഥന. ബ്രഹ്മാവ് അത്തരത്തിലൊരു വരം നൽകാൻ നിർബന്ധിതനായി.

ഹിരണ്യകശിപുവിന് നാലു പുത്രന്മാരുണ്ടായി. സംഹ്ലാദൻ, അനുഹ്ലാദൻ, ഹ്ലാദൻ, പ്രഹ്ലാദൻ എന്നീ നാലുപേരിൽ ഏറ്റവും ഇളയ പുത്രനായ പ്രഹ്ലാദൻ സദ്ഗുണ സമ്പന്നനായിരുന്നു. ഹിരണ്യകശിപുവിന്റെ എല്ലാ ദുർനടപടികൾക്കും എതിരായി ചിന്തിക്കുന്ന സാത്വികനായ പ്രഹ്ലാദൻ തികഞ്ഞ നാരായണ ഭക്തൻ കൂടിയായിരുന്നു.

ഇതിനിടെ നാരായണ വിരോധിയായ ഹിരണ്യകശിപു തന്റെ ഖ്യാതികൾ സർവ്വയിടത്തും വ്യാപിക്കണമെന്ന ലക്ഷ്യത്തോടെ ക്രൂരതകൾ തുടർന്നുകൊണ്ടിരിക്കുകയായിരുന്നു. എങ്കിലും ഇളയമകനായ പ്രഹളാദന്റെ പ്രവൃത്തികളിൽ ഉൽകണ്ഠാകുലനായിരുന്ന ഹിരണ്യകശിപു മകന്റെ ഗുരുകുലപഠനം എന്തായി എന്നറിയാൻ മകനെയും ഗുരുക്കന്മാരെയും വിളിപ്പിച്ചു. മകനെമടിയിലിരുത്തി ഹിരണ്യകശിപു സ്‌നേഹത്തോടെ അവൻ നേടിയ അറിവിനേക്കുറിച്ചു  ചോദിച്ചു. നിർഭയനായ പ്രഹ്ലാദൻ പറഞ്ഞത് വേദാന്തചിന്തകളായിരുന്നു. അവന്റെ ദൈവീകചിന്തകൾക്ക് കാരണക്കാർ തങ്ങളല്ലെന്ന് പറഞ്ഞ് ഗുരുക്കന്മാർ തടിയൂരി.

പിതാവിന്റെ ഉഗ്രശാസനഉണ്ടെങ്കിലും പ്രഹ്ലാദൻ കൂട്ടുകാർക്കായി സന്മാർഗ്ഗ കഥകൾ പറഞ്ഞുകൊണ്ടിരുന്നു. പ്രഹ്ലാദന്റെ ഇത്തരത്തിലുളള ജ്ഞാനത്തേക്കുറിച്ച് കൂട്ടുകാർക്ക് വലിയ സംശയമായി. എങ്ങനെയാണ് പ്രഹ്ലാദൻ ഇങ്ങനെയുളള അറിവ് നേടിയതെന്നറിയുവാൻ അവർക്ക് വലിയ മോഹമായി. അവരുടെ ആഗ്രഹത്തിനു വഴങ്ങി പ്രഹ്ലാദൻ, ഈശ്വരജ്ഞാനം നേടാനുണ്ടായ സാഹചര്യം അവർക്ക് പറഞ്ഞുകൊടുത്തു. പ്രഹ്ലാദന്റെ അമ്മ ഗർഭിണിയായിരുന്ന നേരത്തായിരുന്നു ഹിരണ്യകശിപു ഉഗ്രതപസ്സിനായി പോയത്. ആ തക്കം നോക്കി ദേവന്മാർ അസുരന്മാരുമായി യുദ്ധം ചെയ്യാനെത്തി. ദേവന്മാർ ഹിരണ്യകശിപുവിന്റെ കൊട്ടാരം കൊളളയടിക്കുകയും ദേവേന്ദ്രൻ ഹിരണ്യ പത്‌നിയെ അപഹരിച്ചുകൊണ്ടു പോകുകയും ചെയ്തു. ആ സമയത്ത് ദേവേന്ദ്രനെതടയുകയും ഒരു സ്ത്രീയെ അപഹരിച്ചതിനെപരിഹസിക്കുകയും ചെയ്തു. അപ്പോൾ ദേവേന്ദ്രൻ നാരദ മഹർഷിയോട് പറഞ്ഞു. ഹിരണ്യ പത്‌നിയെ അപഹരിച്ചത് സ്ത്രീയോടുളള ദുഷ്‌ടോദേശ്യത്തോടെയല്ല. അവർ ഇപ്പോൾ ഗർഭിണിയാണ്. ആ വയറ്റിൽ ഒരു അസുരൻ വളർന്നു വരുന്നുണ്ട്. അവൻ അതിശക്തിമാനാണ്. അസുരകുലത്തിൽ അവൻ ഉണ്ടായാൽ ദേവന്മാർക്ക് വലിയ ആപത്താണ്. അതുകൊണ്ട് അവൻ പിറവിയെടുത്ത ഉടനെഅവനെവധിച്ചശേഷം അവന്റെ അമ്മയെ മോചിപ്പിക്കും. ദേവേന്ദ്രന്റെ വാക്കുകൾ കേട്ട നാരദൻ പറഞ്ഞു. നിങ്ങൾക്ക് തെറ്റുപറ്റി. പിറക്കാൻ പോകുന്ന കുട്ടി തികഞ്ഞ നാരായണ ഭക്തനാണ്. അവൻ മൂലം ദേവന്മാർക്ക് നന്മയാണുണ്ടാവുക. അതുകേട്ടപ്പോൾ ഇന്ദ്രൻ ഹിരണ്യ പത്‌നിയെ മോചിപ്പിച്ചു. നാരദൻ ഹിരണ്യപതിനിയെ ആശ്രമത്തിലേക്ക് കൂട്ടികൊണ്ടുപോയി. അവിടെ വെച്ച് നാരദമഹർഷി ഹിരണ്യപത്‌നിക്ക് ആത്മിയോപദേശം നൽകികൊണ്ടിരുന്നു. ആ അമ്മ അതു കേട്ടു കൊണ്ടിരുന്നെങ്കിലും അതിനേക്കാൾ നന്നായി ഉൾക്കൊണ്ടിരുന്നത് വയറ്റിൽ വളരുന്ന പ്രഹ്ലാദനായിരുന്നു. ആ ഗർഭസ്ഥശിശു നിഷ്‌കാമ ഭക്തിയാണ് ഏറ്റവും ശ്രേഷ്ഠമെന്ന് മനസ്സിലാക്കി. ഗർഭാവസ്ഥയിൽ ഇരിക്കുമ്പോൾ തന്നെ നാരായണ ഭക്തനാവുകയും ചെയ്തു.

ഹിരണ്യകശിപു നാരായണ ഭക്തനായ മകനെഉന്മൂലനം ചെയ്യാൻ തന്നെ തീരുമാനിച്ചു. അതിനായി പല മാർഗ്ഗങ്ങളും പ്രയോഗിച്ചു തുടങ്ങി. ആനയെ കൊണ്ട് ചവിട്ടിയും, സർപ്പത്തെ കൊണ്ട് കൊത്തിയും വലിയ കുന്നിൽ നിന്ന് അഗാധ ഗർത്തത്തിലേക്ക് തളളിയിട്ടും, മണ്ണിൽ കുഴിച്ചുമൂടിയും, തീയിട്ടുമെല്ലാം പ്രഹ്ലാദനെകൊല്ലുവാൻ ശ്രമിച്ചു. എന്നാൽ ഈശ്വര കടാക്ഷം കൊണ്ട് പ്രഹ്ലാദൻ അതിനെയെല്ലാം അതിജീവിച്ചു.

ഒടുവിൽ ഹിരണ്യകശിപുതന്നെ നേരിട്ട് മകനെവധിക്കാൻ തയ്യാറായി വന്നു. ഹിരണ്യൻ ക്രോധനായി മകനോട് പറഞ്ഞു. ഞാൻ നിന്നെ വധിക്കുവാൻ പോകുകയാണ്. എന്നേക്കാൾ ശക്തനായ രക്ഷകനുണ്ടെങ്കിൽ പറയൂ നിന്നെ വന്ന് രക്ഷിക്കാൻ പറയൂ. അപ്പോൾ നിർഭനായി പ്രഹ്ലാദൻ പറഞ്ഞു.

''അച്ഛാ നാരായണനാണെന്റെ രക്ഷകൻ.'' അദ്ദേഹം ഏത് ആപത്തിൽ നിന്നും രക്ഷിക്കും...

അതുകേട്ട് അടക്കാനാകാത്ത കോപത്തോടെ ഹിരണ്യൻ ചോദിച്ചു. എവിടെയാണ് നിന്റെ ആ നാരായണൻ ? പ്രഹ്ലാദൻ പറഞ്ഞു നാരായണൻ എവിടെയുമുണ്ട്. ഹിരണ്യൻ പുച്ഛത്തോടെ പറഞ്ഞു. ഉവ്വോ, അങ്ങനെയാണെങ്കിൽ ഈ തൂണിലുണ്ടോ നിന്റെ ഭഗവാൻ. എന്നാൽ അതൊന്നു കാണിക്കു.

പ്രഹ്ലാദൻ പറഞ്ഞു. ഉണ്ട് ഈ തൂണിനുളളിലും എന്റെ രക്ഷകനായ ഭഗവാനുണ്ട്.

എന്നാൽ അതൊന്ന് കാണട്ടെയെന്ന് പറഞ്ഞുകൊണ്ട് ഹിരണ്യകശിപു ആ തൂണിൽ ഒന്നാഞ്ഞു വെട്ടി. ഉടനെ വലിയ ശബ്ദത്തോടെ തൂണ് പിളർന്ന് അതിൽ നിന്നും മനുഷ്യന്റെ ശരീരവും സിംഹത്തിന്റെ ശിരസ്സുമായ നരസിംഹരൂപം പുറത്തുവന്നു.     മനുഷ്യനും മൃഗവുമല്ലാത്ത ആ രൂപം കണ്ടതോടെ ഹിരണ്യകശിപുവിന് അല്പം സംഭ്രമമായി. സമയം സന്ധ്യയായിരിക്കുന്നു. രാത്രിയും പകലും അല്ലാത്ത സമയം. താൻ നേടിയ വരത്തെ മറികടക്കുവാനുളള സാഹചര്യങ്ങളാണ് ഇപ്പോഴുളളത്. എങ്കിലും ധൈര്യം വെടിയാതെ ഹിരണ്യകശിപു ഗദയുമായി നരസിംഹത്തെ നേരിടുവാനൊരുങ്ങി. ഭഗവാന്റെ അവതാരമായ നരസിംഹത്തിന് ഹിരണ്യകശിപു വലിയ ശക്തനായി തോന്നിയില്ല. നരസിംഹം ഹിരണ്യനെപിടിച്ച് കട്ടളപ്പടിമേൽ ഇരുന്നു. അകത്തും പുറത്തുമല്ല, മനുഷ്യനും മൃഗവുമല്ല, പകലും രാത്രിയുമല്ല, ബ്രഹ്മാവിന്റെ സൃഷ്ടിയുമല്ല. ഹിരണ്യകശിപു നേടിയ വരത്തെ നിഷ്പ്രഭമാക്കികൊണ്ട് നരസിംഹം ഹിരണ്യനെതന്റെ മടിയിൽ കിടത്തി ദ്രംഷ്ടകൾ കൊണ്ട് ഹിരണ്യകശിപുവിന്റെ മാറും വയറും പിളർത്തി കുടൽ മാല പുറത്തെടുത്തു. അവ കഴുത്തിലണിഞ്ഞു. ഭഗവാന്റെ ഉഗ്രരൂപം കണ്ട പ്രപഞ്ചം തന്നെ വിറച്ചു പോയി. ഹിരണ്യകശിപുവിന്റെ അന്ത്യത്തോടെ കൃതയുഗത്തിലെ ജയവിജയന്മാരുടെ ആദ്യത്തെ ജന്മം പൂർത്തിയായി.

ഭഗവാന്റെ കാരുണ്യത്താൽ പ്രഹ്ലാദൻ അവിടത്തെ രാജാവായി. പ്രഹ്ലാദ പുത്രനായ വിരോചനന്റെ മകനാണ് മഹാബലി.

3000 വർഷം പഴക്കമുളള  നരസിംഹമൂർത്തി ക്ഷേത്രം

അതിപുരാതനക്ഷേത്രങ്ങളിൽ ഒന്നാണ് പാലക്കാട് ജില്ലയിലെ കറുകപുത്തൂർ ശ്രീ നരസിംഹമൂർത്തി ക്ഷേത്രം. ഏകദേശം 3000 വർഷം പഴക്കമുളള ഈ വിഷ്ണു ക്ഷേത്രത്തിൽ നരസിംഹമൂർത്തിയെ സങ്കൽപ്പിച്ച് പൂജ നടത്തുവാൻ ഒരു കാരണമുണ്ടായിരുന്നു. വളരെ സമ്പൽ സമൃദ്ധമായിരുന്ന ഈ പ്രദേശത്തെ ധനവാനായ ഒരു ബ്രഹ്മണന് സന്താനഭാഗ്യം ഉണ്ടായിരുന്നില്ല. മരുന്നും മന്ത്രവും പ്രാർത്ഥനകളുമായി കഴിഞ്ഞുകൊണ്ടിരിക്കേ ഒരു യോഗീശ്വരൻ ആ ഇല്ലത്തേക്ക് വരുവാൻ ഇടയായി. ആ യോഗി സന്താനഭാഗ്യത്തിനായി കൊതിക്കുന്ന നമ്പൂതിരിയുടെ വേദനമനസ്സിലാക്കി. ഇല്ലത്ത് മഹാവിഷ്ണുവിനെസങ്കല്പിച്ച് ആദ്യാവതാരമായ മത്സ്യം തൊട്ട് ഓരോ മണ്ഡലകാലത്തും പ്രത്യേക പൂജ നടത്തി ഉപവസിക്കുവാൻ പറഞ്ഞ് ആ യോഗി യാത്രയായി. ആ ബ്രഹ്മണൻ അങ്ങനെമഹാവിഷ്ണുവിനെസങ്കല്പിച്ച് ഓരോ മണ്ഡലകാലത്തും മത്സ്യാവതാരം തൊട്ട് ഉപവസിക്കാൻ തുടങ്ങുകയും ചെയ്തു. അങ്ങനെനാലാമത്തെ മണ്ഡലം പൂർത്തിയാകുന്നതിനുമുൻപ് ഇല്ലത്തെ അന്തർജനം ഗർഭം ധരിച്ചു. എല്ലാവരും ആഗ്രഹിച്ചതുപോലെ ഒരു ഉണ്ണി പിറക്കുകയും ചെയ്തു. അതിൽ സന്തുഷ്ടനായ ആ നമ്പൂതിരി ഇല്ലപ്പറമ്പിൽ മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമായ നരസിംഹമൂർത്തിയെ സങ്കല്പിച്ച് പ്രതിഷ്ഠ നടത്തി ക്ഷേത്രം പണിയുകയായിരുന്നു. ക്ഷേത്രത്തിന്റെ കരിങ്കല്ലിൽ തീർത്ത മണ്ഡപത്തറയുടെ വളരിൽ കുംഭശ്ശനി മിഥുനഞായറ്റിൽ ഒറോം പുറത്ത് അക്കിരമൻ ചമെപ്പിച്ച് കലശമാടിച്ചു. എന്ന തമിഴ് വടിവിലുളള കുറിപ്പ് ക്ഷേത്രത്തിന്റെ പഴക്കവും പ്രൗഡിയും വ്യക്തമാക്കുന്നു.

ക്ഷേത്രത്തിന്റെ ചുറ്റുമുളള പ്രദേശത്ത് 36 ഇല്ലക്കാർ ഉണ്ടായിരുന്നു. അവർ ഒരുമിച്ച് ക്ഷേത്ര പുനരുദ്ധാരണം നടത്തി പൂജയും മറ്റു ക്ഷേത്രവിധികളും നടത്തി പോന്നിരുന്നു. എ.ഡി 1200 ആണ്ടുവരെ ഈ ഇല്ലക്കാർ ഇവിടെ ഉണ്ടായിരുന്നതായി കരുതുന്നു. ക്ഷേത്രത്തിലെ 36 കഴുക്കോലുകൾ 36 ഇല്ലങ്ങളെ പ്രതിനിധാനം ചെയ്യുന്നതായി കരുതിപ്പോരുന്നു. പിന്നീട് ഈ ഇല്ലങ്ങൾ നശിക്കുകയോ അവർ നാടുവിടുകയോ ചെയ്തു. അതിനുശേഷം ക്ഷേത്രഭരണം മാണ്ഡലിക വംശക്കാരായ കൈപ്ര തറവാട്ടുകാരിൽ നിക്ഷിപ്തമായി.  തുടർന്ന് ഏകദേശം 500 വർഷങ്ങൾക്കുശേഷം അവിടത്തെ പ്രശസ്ത തറവാട്ടുകാരായ മലയത്ത് വീട്ടുകാരേയും മുരിയത്ത് വീട്ടുകാരെയും ചേർത്ത് ക്ഷേത്ര ഊരായ്മ വിപുലികരിച്ചു.

ചതുർബാഹുവായ മഹാവിഷ്ണുവാണ് ഇവിടുത്തെ പ്രതിഷ്ഠയെങ്കിലും പൂജാകർമ്മങ്ങളെല്ലാം ഉഗ്രരൂപിയായ നരസിംഹമൂർത്തിയെ സങ്കല്പിച്ചിട്ടുളളതാണ്. ഗണപതി, ശിവൻ, ശാസ്താവ്, ഭഗവതി എന്നീ ഉപദേവതാ പ്രതിഷ്ഠകൾ നാലമ്പലത്തിനകത്ത് തന്നെയുണ്ട്. നാലമ്പലത്തിന് പുറത്ത് മതിലകത്ത് ശ്രീ അയ്യപ്പനും ബ്രഹ്മരക്ഷസ്സിനും വേവ്വേറെ  ക്ഷേത്രങ്ങളുണ്ട്. മതിലിനുപുറത്ത് ആൽത്തറയിൽ ഹനുമാനും   പ്രതിഷ്ഠയുണ്ട്.

മകരമാസത്തിലെ ശുക്ലപക്ഷ ഏകാദശി കറുകപുത്തൂർ ഏകാദശിയായി ഇവിടെ ആഘോഷിച്ചു വരുന്നു. ആ ദിവസം ശ്രീ ഗുരുവായൂരപ്പനും നെല്ലുവായ് ധന്വന്തരി മൂർത്തിയും ഈ ക്ഷേത്രത്തിൽ ഉണ്ടാകുമെന്നാണ് വിശ്വാസം. ഏകാദശിക്കു മുൻപ് വരുന്ന പ്രഥമ തൊട്ട് 11 നാൾ ക്ഷേത്രത്തിൽ പ്രത്യേക പൂജകളും കലാപരിപാടികളും നടക്കാറുണ്ട്. നരസിംഹ ജയന്തിയും പ്രതിഷ്ഠാദിനവും ഇവിടെ ആഘോഷദിനങ്ങളാണ്. നരസിംഹ ജയന്തിക്ക് നിറപറ മഹോത്സവവും പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് മഹാഗണപതി ഹോമവും ആനയൂട്ടും നടത്തി വരുന്നു. ആഗ്രഹ സഫലീകരണത്തിനായി ഇവിടെ നടത്തുന്ന പാനക പൂജ ഏറെ വിശേഷമാണ്.