ആത്മീയ മാര്‍ഗ്ഗങ്ങളിലൂടെ ധനസമൃദ്ധിയും ഐശ്വര്യവും

ആത്മീയ മാര്‍ഗ്ഗങ്ങളിലൂടെ ധനസമൃദ്ധിയും ഐശ്വര്യവും

HIGHLIGHTS

ധനം മനുഷ്യജീവിതത്തിന്‍റെ അനിവാര്യഘടകമാണ്. എന്നാല്‍ ധനസമ്പാദനം മാത്രം പോരാ; സമ്പാദിച്ച ധനം നിലനില്‍ക്കുകയും ക്രമേണ വര്‍ദ്ധിക്കുകയും ചെയ്യേണ്ടതുണ്ട്. പലര്‍ക്കും അധ്വാനിച്ചുനേടുന്ന പണം കൈയില്‍ നില്‍ക്കാതെ ചോര്‍ന്നുപോകുന്ന അനുഭവം ഉണ്ടാകാറുണ്ട്. ഇതിന് കാരണം സാമ്പത്തിക അച്ചടക്കമില്ലായ്മ മാത്രമല്ല, ചിലപ്പോള്‍ സമയവും സാഹചര്യവും അനുകൂലമല്ലാതെ വരുന്നതും ആകാം.

 
 
ഭാരതീയ ജ്യോതിഷശാസ്ത്രവും ധര്‍മ്മശാസ്ത്രങ്ങളും ധനകാര്യ ഇടപാടുകള്‍ക്കും ദാനധര്‍മ്മങ്ങള്‍ക്കും അനുയോജ്യമായ സമയങ്ങളും, ഒഴിവാക്കേണ്ട ദിവസങ്ങളും വിശദമായി പ്രതിപാദിക്കുന്നു. അതോടൊപ്പം ലക്ഷ്മീ- കുബേരാരാധന, വിഷ്ണുഭക്തി, ദാനധര്‍മ്മം, സത്യസന്ധമായ ജീവിതം എന്നിവയാണ് സ്ഥിരമായ ഐശ്വര്യത്തിന്‍റെ അടിസ്ഥാനമെന്നും ശാസ്ത്രങ്ങള്‍ ഉപദേശിക്കുന്നു.
 
ധനകാര്യ ഇടപാടുകളില്‍ ശ്രദ്ധിക്കേണ്ട കാര്യം
 
പുരാതനമുഹൂര്‍ത്തശാസ്ത്രങ്ങളില്‍ ധനം വാങ്ങുന്നതിനും കൊടുക്കുന്നതിനും അനുയോജ്യമല്ലാത്ത ചില നക്ഷത്രങ്ങളെക്കുറിച്ച് ഒരു സുപ്രസിദ്ധ ശ്ലോകമിതാണ്.
 
കൃത്തികാ ഭാഗ്യ മൂലാ ച
മഖാ ചിത്രാ ച രേവതീ
ആധാദവ്യം ന ദാദവ്യം തത് 
ശേഷം തു വിനശ്യതി!!
 
ഈ ശ്ലോകത്തിന്‍റെ അര്‍ത്ഥം അനുസരിച്ച് കാര്‍ത്തിക, മകം, ഉത്രം, ചിത്തിര, മൂലം, രേവതി എന്നീ നക്ഷത്രങ്ങള്‍ വരുന്ന ദിവസങ്ങളില്‍ ധനം വാങ്ങുകയോ കടം കൊടുക്കുകയോ ചെയ്യരുതെന്നാണ്. അങ്ങനെ ചെയ്താല്‍ സമ്പത്തിന്‍റെ ക്ഷയം, അനാവശ്യ സാമ്പത്തികനഷ്ടം, കടബാധ്യതകള്‍ എന്നിവ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.
 
ഒഴിവാക്കേണ്ട ദിവസങ്ങളും സമയങ്ങളും
 
ധനകാര്യ ഇടപാടുകളില്‍ ചില ദിവസങ്ങളും സമയങ്ങളും പരമ്പരാഗതമായി അനുകൂലമല്ലെന്ന് കരുതപ്പെടുന്നു.
 
ചൊവ്വാഴ്ച: ചൊവ്വാഗ്രഹം കടം, തര്‍ക്കം, ചെലവ് എന്നിവയുടെ കാരകനായി കണക്കാക്കപ്പെടുന്നു. അതിനാല്‍ ചൊവ്വാഴ്ച പണം കൊടുത്താല്‍ അത് തിരികെ ലഭിക്കാന്‍ വൈകുകയോ ബുദ്ധിമുട്ടുണ്ടാക്കുകയോ ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.
 
വെള്ളിയാഴ്ച: വെള്ളിയാഴ്ച മഹാലക്ഷ്മീദേവിയുടെ ദിവസമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം വീട്ടില്‍ നിന്നുള്ള ധനപ്രവാഹം വര്‍ദ്ധിപ്പിക്കുന്നത് ഐശ്വര്യത്തിന് അനുകൂലമല്ലെന്നാണ് ആചാരവിശ്വാസം. അതിനാല്‍ വലിയ സാമ്പത്തിക ഇടപാടുകള്‍ ഒഴിവാക്കുന്നതാണ് ഉചിതമെന്ന് പറയപ്പെടുന്നു.
 
ശനിയാഴ്ച: ശനി കര്‍മ്മഫലദാതാവായി കണക്കാക്കപ്പെടുന്നു. ശനിയാഴ്ച അനാവശ്യമായി പണം കടം കൊടുക്കുകയോ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുകയോ ചെയ്താല്‍ തിരിച്ചടവ് വൈകാനും സാമ്പത്തിക സമ്മര്‍ദ്ദം വര്‍ദ്ധിക്കാനും സാധ്യതയുണ്ട്.
 
മാസത്തിലെ ഒന്നാം തീയതി: മാസത്തിന്‍റെ ആദ്യദിവസം വലിയ തുകകള്‍ പുറത്തേക്ക് പോകുന്നത് ആ മാസം മുഴുവന്‍ സാമ്പത്തിക സമ്മര്‍ദ്ദം അനുഭവിക്കേണ്ട സാഹചര്യം സൃഷ്ടിക്കുമെന്നാണ് വിശ്വാസം.
 
സന്ധ്യാസമയം: പകലും രാത്രിയും കൂടിച്ചേരുന്ന സന്ധ്യാസമയം ലക്ഷ്മീദേവി വീടുകളില്‍ പ്രവേശിക്കുന്ന സമയമാണെന്ന് വിശ്വാസമുണ്ട്. അതിനാല്‍ ഈ സമയത്ത് പണം, ധാന്യം, സ്വര്‍ണ്ണം തുടങ്ങിയവ മറ്റുള്ളവര്‍ക്ക് നല്‍കുന്നത് പരമാവധി ഒഴിവാക്കുന്നത് നല്ലതാണ്.
 
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍: 
 
ജീവിതത്തില്‍ സാമ്പത്തികപ്രശ്നങ്ങള്‍ നേരിടാത്തവര്‍ വിരളമാണ്. പലപ്പോഴും അപ്രതീക്ഷിത സാഹചര്യങ്ങളില്‍ കടം വാങ്ങുകയോ കൊടുക്കുകയോ ചെയ്യേണ്ടിവരും. എന്നാല്‍ സാഹചര്യം അനുവദിക്കുകയാണെങ്കില്‍, മുകളില്‍ പറഞ്ഞ അനുകൂലമല്ലാത്ത ദിവസങ്ങളും നക്ഷത്രങ്ങളും ഒഴിവാക്കി ഇത്തരം ഇടപാടുകള്‍ നടത്തുന്നത് സാമ്പത്തികസ്ഥിരതയ്ക്ക് സഹായകരമാണെന്ന് ജ്യോതിഷം നിര്‍ദ്ദേശിക്കുന്നു.
 
വ്യാഴാഴ്ചയുടെ മഹത്വം
 
ധനവര്‍ദ്ധനയ്ക്കും ഭാഗ്യവര്‍ദ്ധനയ്ക്കും ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് വ്യാഴാഴ്ച. വ്യാഴഗ്രഹം ജ്ഞാനത്തിന്‍റെയും ധനത്തിന്‍റെയും സൗഭാഗ്യത്തിന്‍റെയും കാരകനാണ്. വ്യാഴാഴ്ചകളില്‍ ശീലിക്കാവുന്ന ചില ആത്മീയ ആചാരങ്ങള്‍ ഇവയാണ്.
 
* രാവിലെ സ്നാനം ചെയ്ത് മഞ്ഞവസ്ത്രം ധരിക്കുക.
 
* ഭഗവാന്‍ മഹാവിഷ്ണുവിനെ ആരാധിക്കുക.
 
* വിഷ്ണുക്ഷേത്രദര്‍ശനം നടത്തുക.
 
* നെയ്യ്, തുളസിമാല, മഞ്ഞപ്പൂക്കള്‍ സമര്‍പ്പിക്കുക.
 
* ഭാഗ്യസൂക്ത അര്‍ച്ചന നടത്തുക.
 
* വിഷ്ണു സഹസ്രനാമം ജപിക്കുക.
 
* തുളസിച്ചെടി നനയ്ക്കുക.
 
* കഴിയുന്നത്ര സസ്യാഹാരം സ്വീകരിക്കുക.
 
* അന്നദാനം നടത്തുക.
 
ദാനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം അന്നദാനമാണെന്ന് ശാസ്ത്രങ്ങള്‍ പറയുന്നു. അര്‍ഹരായവര്‍ക്ക് ഭക്ഷണം നല്‍കുന്നത് ധനവര്‍ദ്ധനയ്ക്കും പുണ്യവര്‍ദ്ധനയ്ക്കും കാരണമാകുന്നു എന്നാണ് വിശ്വാസം.
 
വെങ്കടേശ്വരാരാധന
 
വ്യാഴാഴ്ച തിരുപ്പതി ശ്രീ വെങ്കടേശ്വരനെ ധ്യാനിച്ച് 'ഓം നമോ വെങ്കടേശായ'എന്ന മന്ത്രം 108 പ്രാവശ്യം ജപിക്കുന്നത് ഐശ്വര്യവര്‍ദ്ധനയ്ക്ക് ഗുണകരമാണെന്ന് വിശ്വാസമുണ്ട്. വെങ്കടേശ്വര ഗായത്രി ജപവും സാമ്പത്തിക പുരോഗതിക്ക് അനുഗ്രഹം നല്‍കുമെന്നാണ് വിശ്വാസം.
 
മഹാലക്ഷ്മി ആരാധന
 
ധനസമൃദ്ധിക്കായി മഹാലക്ഷ്മിയുടെ അനുഗ്രഹം അനിവാര്യമായി കണക്കാക്കപ്പെടുന്നു. പൂര്‍ണ്ണവിശ്വാസത്തോടെ താഴെക്കൊടുത്തിരിക്കുന്ന മന്ത്രം ജപിക്കുന്നത് ഐശ്വര്യവര്‍ദ്ധനവിന് ഉപകരിക്കും.
 
ഓം നമോ ഭഗവത്യൈ ലോകവശീകര 
മോഹിന്യൈ ഓം ഈം ഐം ക്ഷീം ശ്രീ-
ആദിലക്ഷ്മി സന്താനലക്ഷ്മീ ഗജലക്ഷ്മീ 
ധനലക്ഷ്മീ ധാന്യലക്ഷ്മീ വിജയലക്ഷ്മീ
വീരലക്ഷ്മീ ഐശ്വര്യലക്ഷ്മീ അഷ്ടലക്ഷ്മീ 
ഇത്യാതി ദേവ്യാ: മമ ഹൃദയേ
ദൃഢതയാ സ്ഥിത്വാ സര്‍വലോക
സര്‍വരാജ സര്‍വജന വശീകരണം
സര്‍വകാര്യസിദ്ധിം ച കുരു 
സര്‍വാരിഷ്ടം ജഹി ജഹി സര്‍വസൗഭാഗ്യം
കുരു കുരു ഓം നമോ ഭഗവത്യൈ 
ശ്രീ മഹാലാക്ഷ്മ്യൈ ഹ്രീം ഫട് സ്വാഹാ!!
 
ധനസമൃദ്ധിക്കായുള്ള വേദമന്ത്രം
 
ധനധാന്യസമൃദ്ധിക്കായി വേദങ്ങളില്‍ പ്രസിദ്ധമായ ഒരു പ്രാര്‍ത്ഥനയാണ് താഴെക്കൊടുക്കുന്നത്.
 
'ധാതാ രാതിസ്സവിതേദം ജുഷന്താം പ്രജാപതിര്‍നിധിപതിര്‍നോ അഗ്നിഃ! ത്വഷ്ടാ വിഷ്ണുഃ പ്രജയാ സംര-രാണോ യജമാനായ ദ്രവിണം ദധാതു'!!
 
ഈ മന്ത്രം പ്രഭാതസമയത്ത് ഭക്തിപൂര്‍വ്വം ജപിക്കുന്നത് ധനം, സന്താനം, ഐശ്വര്യം, സമൃദ്ധി എന്നിവയ്ക്കായി പ്രാര്‍ത്ഥിക്കുന്ന വേദോക്ത മാര്‍ഗ്ഗമായി കണക്കാക്കപ്പെടുന്നു.
 
ഇതോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം സ്തോത്രങ്ങള്‍ ഭക്തിപൂര്‍വ്വം ആര്‍ക്കും ജപിക്കാമെന്നും വേദമന്ത്രങ്ങള്‍ ശരിയായ ദേവതാജ്ഞാനത്തോടും ഉച്ചാരണരീതിയോടും കൂടി ഗുരുവില്‍ നിന്ന് ഉപദേശം സ്വീകരിച്ചശേഷം മാത്രം ജപിക്കണമെന്നുമാണ്.
 
ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്ന ജീവിതശൈലി
 
ധനം വര്‍ദ്ധിപ്പിക്കാന്‍ മന്ത്രങ്ങളും പൂജകളും മാത്രം മതിയാകില്ല എന്നതാണ് പ്രധാന പാഠം. ധാര്‍മ്മികമായ ജീവിതത്തെയും ഇവയോളം തന്നെ പ്രാധാന്യത്തോടെ ശാസ്ത്രങ്ങള്‍ കാണുന്നു.
 
* ദിവസവും രാവിലെയും വൈകുന്നേരവും വിളക്ക് തെളിച്ച് പ്രാര്‍ത്ഥിക്കുക.
 
* സത്യസന്ധമായി കഠിനാധ്വാനം ചെയ്യുക.
 
* അനാവശ്യ കടബാധ്യതകള്‍ ഒഴിവാക്കുക.
 
* വരവിനനുസരിച്ച് ചെലവ് നിയന്ത്രിക്കുക.
 
* അര്‍ഹരായവര്‍ക്ക് സഹായം  ചെയ്യുക.
 
* അന്നദാനം, വിദ്യാദാനം തുടങ്ങിയ ദാനധര്‍മ്മങ്ങള്‍ ശീലിക്കുക.
 
* ലക്ഷ്മീദേവിയെയും കുബേരനെയും ഭക്തിപൂര്‍വ്വം ആരാധിക്കുക.
 
* കുടുംബത്തില്‍ ശുചിത്വവും സമാധാനവും നിലനിര്‍ത്തുക.
 
ഇതോടൊപ്പം സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ജ്യോതിഷം മാത്രമല്ല, വ്യക്തിയുടെ വരുമാനം, ചെലവ്, നിയമപരമായ ബാധ്യതകള്‍, സാമ്പത്തിക ആസൂത്രണം എന്നിവയും ഒരുപോലെ പരിഗണിക്കേണ്ടതാണ്. ആവശ്യമായാല്‍ പരിചയസമ്പന്നനായ ജ്യോതിഷവിദഗ്ദ്ധന്‍റെ ഉപദേശവും ധനകാര്യ വിദഗ്ദ്ധന്‍റെ നിര്‍ദ്ദേശവും സ്വീകരിക്കുന്നത് ഉചിതമായിരിക്കും.
 
ഐശ്വര്യം എന്നത് പണം മാത്രമല്ല; മനഃശാന്തി, ആരോഗ്യസമ്പത്ത്, കുടുംബസൗഖ്യം, ധാര്‍മ്മിക ജീവിതം, ദൈവാനുഗ്രഹം എന്നിവയുടെ സമന്വയമാണ്.  ശുഭസമയങ്ങളില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുക, അനുകൂലമല്ലാത്ത ദിവസങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കുക. മഹാലക്ഷ്മിയെയും മഹാവിഷ്ണുവിനെയും കുബേരനെയും ഭക്തിപൂര്‍വ്വം ആരാധിക്കുക. ദാനധര്‍മ്മം ശീലിക്കുക. കഠിനാധ്വാനവും സാമ്പത്തിക അച്ചടക്കവും പാലിക്കുക-ഇവയൊക്കെയാണ് സ്ഥിരമായ ധനസമൃദ്ധിയിലേക്കുള്ള യഥാര്‍ത്ഥ മാര്‍ഗ്ഗങ്ങള്‍.
 
ഡോ. ബ്രഹ്മശ്രീ പാടൂര്‍ സുബ്രഹ്മണ്യശാസ്ത്രികള്‍
 ഫോണ്‍: 8943340423