ധനാകര്‍ഷണ ശുദ്ധവ്രതത്തെ അറിയുക
ഗൃഹത്തില്‍ നിന്നും ചേട്ടയുടെ സാന്നിധ്യം ഒഴിവാക്കി അവിടെ ലക്ഷ്മീസാമീപ്യം വരുത്തുന്നത് ഏറെ ഗുണകരമാണ്. ഗൃഹവാസികള്‍ക്ക് ഓരോ അറുപത് ദിവസം കൂടുമ്പോഴും അനുഷ്ഠിക്കാവുന്ന ശുദ്ധവ്രതമാണിത്
ഗൃഹത്തില്‍ നിന്നും ചേട്ടയുടെ സാന്നിധ്യം ഒഴിവാക്കി അവിടെ ലക്ഷ്മീസാമീപ്യം വരുത്തുന്നത് ഏറെ ഗുണകരമാണ്. ഗൃഹവാസികള്‍ക്ക് ഓരോ അറുപത് ദിവസം കൂടുമ്പോഴും അനുഷ്ഠിക്കാവുന്ന ശുദ്ധവ്രതമാണിത്.
ചേട്ടയെ ഒഴിവാക്കുവാന്‍
നിത്യജീവിതത്തില്‍ നിരന്തരമായി തടസ്സവും രോഗവും ദുഃഖവും അശുഭകാര്യങ്ങളും വന്നുചേരുവാന്‍ ചേട്ടയുടെ സാന്നിദ്ധ്യം ഇടവരുത്തുന്നു. ചേട്ടയെ വാക്കുവാനായി മന്ത്രവാദപരമായ ഒരു കര്‍മ്മങ്ങളും ചെയ്യാതിരിക്കുന്നതാണ് നല്ലതെന്ന് പറയാം. ഇത്തരം കര്‍മ്മങ്ങള്‍ താല്‍ക്കാലിക നിവൃത്തി തന്ന്, വീണ്ടും കൂടുതല്‍ ശക്തിയോടെ നമ്മുടെ ജീവിതത്തില്‍ ചേട്ടയുടെ ദുഷ്പ്രവൃത്തികള്‍ വന്നണയാന്‍ ഇടയാക്കിയേക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല.
ശുദ്ധവ്രതത്തിലൂടെ മാത്രമേ ഈ ദുഷ്ടശക്തികളെ അകറ്റിനിര്‍ത്തുവാന്‍ സാധ്യമാവുമെന്ന് അറിയുക. ശുദ്ധവ്രതമെടുക്കുന്നതിന് മുമ്പ് ചേട്ടയെന്ന ദുഷ്ടശക്തി സ്വാധീനിച്ചിട്ടുണ്ടോ എന്ന് ചിന്തിക്കണം. അതിനായി നമ്മുടെ നിത്യജീവിതത്തില്‍ സ്ഥിരമായി സംഭവിക്കുന്ന കാര്യകാരണങ്ങളല്ലാതെ ഏത് കാര്യത്തിലും സ്ഥിരമായി തടസ്സങ്ങള്‍, മുട്ടുകള്‍, മുടക്കങ്ങള്‍, ഒരസുഖം കഴിഞ്ഞാല്‍ മറ്റൊന്ന് എന്നിങ്ങനെ തുടര്‍ച്ചയായും, നിത്യ ശല്യമായും, വരുകയാണെങ്കില്‍ കുടുംബങ്ങളില്‍ ഒന്നായി സദാസമയവും, കലഹിതമായ അന്തരീക്ഷം ഇവ നിലനില്‍ക്കുന്നുമുണ്ടെങ്കില്‍ ശുദ്ധവ്രതത്തിലൂടെ വളരെയധികം മോചനം ലഭിക്കുന്നതാണ്.
മഹാലക്ഷ്മി സാന്നിധ്യത്തിന്
ഐശ്വര്യമായിട്ടല്ലാത്ത മുഖങ്ങള്‍, രോഗപീഡകള്‍, കഷ്ടതകള്‍, ദുരിതഹൃദയങ്ങള്‍, ദുഷ്പ്രവൃത്തികള്‍ ചെയ്യുകയും ചിന്തിക്കുകയും ചെയ്യുന്ന ശിരസ്സ്, വൃത്തിഹീനമായ ചുറ്റുപാടുകള്‍, മഹാവ്യാധികള്‍, ദുര്‍ഗന്ധ പ്രദേശങ്ങള്‍ തുടങ്ങിയിടത്തെല്ലാം ചേട്ടയുടെ സാന്നിദ്ധ്യം പെട്ടെന്നുതന്നെ വ്യാപരിക്കപ്പെടുന്നു. എന്നാല്‍ ധനം, ധാന്യം, പണം, സമ്പല്‍സമൃദ്ധി, ഐശ്വര്യദായകവും, ഉന്മേഷദായകവുമായ പ്രവൃത്തികള്‍, കല, സംഗീതം, നൃത്തം, സൗന്ദര്യം, സന്തോഷം, പുഷ്പങ്ങള്‍, ജലസമൃദ്ധഭൂമി, കളകളാരവം പൊഴിച്ചൊഴുകുന്ന അരുവി, നദി, ഇളം തെന്നല്‍, സൂര്യപ്രഭ, നറുനിലാവ്, ദീപനാളങ്ങള്‍, സുഗന്ധം, കുഞ്ഞുങ്ങള്‍, ഐശ്വര്യമുഖങ്ങള്‍, ദയയുള്ള ഹൃദയം, നല്ലതായ ചിന്തകള്‍, കാരുണ്യ ഹൃദയങ്ങള്‍ ഇവയുള്ളിടങ്ങളിലെല്ലാം തന്നെ ലക്ഷ്മീ സാന്നിധ്യം ഉണ്ടാവുന്നു. ചേട്ട പോയി, ലക്ഷ്മിസാന്നിധ്യം വരുന്നതിനായി ഏവര്‍ക്കും അനുഷ്ഠിക്കാവുന്ന വളരെ ലളിതമായ വ്രതമാണ് ശുദ്ധവ്രതം എന്നത്.
ശുദ്ധവ്രത രീതികള്‍
ശുദ്ധവ്രതം തുടങ്ങേണ്ടത് തിങ്കളാഴ്ചകളിലാണ്. ഈ ദിവസം ഉദയത്തോടെ പ്രാഥമികമായ കാര്യങ്ങള്‍ കഴിഞ്ഞ് കുളിച്ച് ശുദ്ധിയോടെ വന്ന് 5 തിരിയിട്ട നിലവിളക്ക് വീടിന്‍റെ പൂമുഖപ്പടിയില്‍ കൊളുത്തി വയ്ക്കുക. ശേഷം ശുദ്ധമായി കഴുകിയ ഒരു കിണ്ടി അല്ലെങ്കില്‍ മൊന്തയില്‍ കിണറില്‍ നിന്നും കോരിയെടുത്തുള്ള ശുദ്ധജലം എടുത്ത് ഏഴ് തുളസിത്തലപ്പുകള്‍ അതില്‍ നിക്ഷേപിക്കുക. കല്ലില്‍ അരച്ചചന്ദനം കിണ്ടിയില്‍ മൂന്നായി കുറിവരച്ച് ഒരു തുളസിയില ചന്ദനത്തില്‍ പതിച്ച് വയ്ക്കുക. ഈ സമയം നിലവിളക്ക് കത്തിക്കൊണ്ടിരിക്കണം.
വീടിന് കിഴക്ക് ഭാഗത്ത് സൂര്യന് അഭിമുഖമായി നിന്ന് കിണ്ടിയുടെ വാല്‍ഭാഗം കിഴക്കായി വച്ച് മഹാലക്ഷ്മിയെയും ഗംഗയെയും മനസ്സില്‍ എങ്ങനെയാണോ സങ്കല്‍പ്പിക്കുന്നത് അതുപോലെ സങ്കല്‍പ്പിച്ച് മനസ്സ് ദേവീസങ്കല്‍പ്പത്തില്‍ അര്‍പ്പിക്കുക. എല്ലാ ദുശ്ശക്തികളും ദുരിതവും നീങ്ങി ഭദ്രകാളി തുണയാവണമെന്നും ലക്ഷ്മീസാന്നിധ്യം ഗൃഹത്തില്‍ വന്ന് അനുഭവിക്കണമെന്നും, സര്‍വ്വൈശ്വര്യവും വന്ന് ഭവിക്കാനായി പ്രാര്‍ത്ഥന നടത്തുക.
വീട്ടില്‍ ഉള്ള അംഗങ്ങള്‍ എല്ലാവരും തന്നെ ശുദ്ധവ്രതത്തില്‍ പങ്കെടുക്കുവാന്‍ പറ്റിയസമയം ഈ വ്രതചിട്ടക്കായി തെരഞ്ഞെടുക്കണം.
ശുദ്ധവ്രതം തുടങ്ങിക്കഴിഞ്ഞാല്‍ ആദ്യദിവസം മാത്രമാണ്(തിങ്കളാഴ്ച) മേല്‍പ്പറഞ്ഞ ചടങ്ങ്. രണ്ടുനേരം സ്നാനം, സസ്യഭക്ഷണം ഇവ ഏറെ ശ്രദ്ധിക്കണം. മത്സ്യം, മാംസം, മുട്ട, മദ്യം, ലഹരിവസ്തുക്കള്‍ ഇവയൊന്നും വ്രതകാലത്ത് പാടില്ലാത്തതാണ്. തിങ്കളാഴ്ച തുടങ്ങുന്ന വ്രതം വെള്ളിയാഴ്ച രാവിലെയോടെ ഉദയത്തിനുശേഷം അവസാനിപ്പിക്കാം. തല്‍ദിവസം ഒരു ചെമ്പുകുടം അല്ലെങ്കില്‍ ഒരു ചെമ്പുപാത്രത്തില്‍ മുക്കാല്‍ ഭാഗം ശുദ്ധജലമെടുത്ത്, അതില്‍ ഒരുപിടി മഞ്ഞള്‍പൊടി, ഒമ്പത് തുളസിത്തലപ്പ് എന്നിവയിട്ട് ഒരു വാഴയിലപ്പോളമുറിച്ച് അതുകൊണ്ട് നന്നായി ഇളക്കി ലയിപ്പിച്ച് വീടിന് പുറത്ത് അകത്തും എല്ലായിടവും തളിക്കുക. ശേഷം മഞ്ഞള്‍വെള്ളം പ്രധാന വാതിലിന് മുന്നില്‍ ഒഴിക്കുക. ശേഷം ഈ മഞ്ഞള്‍ വെള്ളമൊഴിച്ച ചവിട്ടുപടിയില്‍ ഒരു നിലവിളക്കില്‍ 3 തിരികള്‍ കിഴക്ക്, പടിഞ്ഞാറ്, വടക്ക് ദിക്കുകളിലേക്ക് തെളിയിക്കുക.
ശേഷം ഈ വിളക്കില്‍ നോക്കി മൂശ്ശേട്ട മാറിപ്പോയി ലക്ഷ്മീസാന്നിധ്യം ഉണ്ടാവാനായി എല്ലാവരും ഒന്നാകെ പ്രാര്‍ത്ഥന നടത്തുക. അരനാഴിക കഴിഞ്ഞ്(12 മിനിട്ട്) വിളക്കിലെ തിരികള്‍ 'ഊതിത്തന്നെ' കെടുത്തുക. കരിന്തിരി വീടിന്‍റെ തെക്ക് ഭാഗത്ത് ഉപേക്ഷിച്ച് വിളക്കിലെ പഴയ എണ്ണയും കരിയും തുടച്ച് വിളക്കില്‍ നാലുദിക്കിലേയ്ക്കും, അഞ്ചാം തിരി തെക്ക് കിഴക്ക് ഭാഗത്തേയ്ക്കും ജ്വലിപ്പിച്ച് ലക്ഷ്മീപ്രാര്‍ത്ഥനയോടെ അരനാഴികസമയം കൂടിക്കഴിഞ്ഞ ശേഷം എല്ലാ അംഗങ്ങളും കാല്‍കഴുകി അകത്തേക്ക് പ്രവേശിക്കുക. അവസാനം 'ഗൃഹനാഥ' നിലവിളക്ക് എടുത്തുകൊണ്ട് ഉള്ളില്‍ പ്രവേശിച്ച് മുറിയുടെ എല്ലാ മുറിയിലും പ്രകാശം കാണിച്ച ശേഷം വീടിന്‍റെ ഉമ്മറത്ത് ഒരു അരനാഴിക സമയം കൂടി ദീപം അണയാതെ കത്താന്‍ അനുവദിക്കുക. ശേഷം തിരികള്‍ എണ്ണയിലേക്ക് വലിച്ച് തിരികള്‍ കെടുത്തുക.
ശുദ്ധവ്രതം അനുഷ്ഠിച്ച് ലക്ഷ്മീസാന്നിധ്യം കൈ വന്നാല്‍ ധനം- ധാന്യം, മനസ്സുഖം ഇവ ഗൃഹവാസികള്‍ക്ക് വന്നുചേരുമെന്നതാണ് ഗുണഫലം. ഈ കാലയളവില്‍ വീടും പരിസരവും ഏറെ വൃത്തിയോടെ തന്നെ സൂക്ഷിക്കുകയെന്നതും വളരെ പ്രാധാന്യമുള്ള കാര്യമാണെന്ന് അറിയുക.
സി.എം. മലപ്പുറം
Photo Courtesy - Google
