അമൃതകലശ ഹസ്തായ ധന്വന്തരയേ നമഃ

അമൃതകലശ ഹസ്തായ ധന്വന്തരയേ നമഃ

HIGHLIGHTS

ജരാനരകളേയും മരണത്തേയും ഇല്ലാതാക്കുന്ന അമൃത കുംഭവുമായി പാല്‍ക്കടലില്‍ നിന്ന് മഹാവിഷ്ണു ധന്വന്തരീഭാവത്തിലാണ് ഉയര്‍ന്നുവന്നതെന്നാണ് ഭാഗവതം പറയുന്നത്. ധന്വന്തരിയെ ചതുര്‍ബാഹു രൂപത്തിലാണ് പൂജിക്കുന്നത്. ധന്വന്തരിയെ ആരാധിച്ചാല്‍ രോഗങ്ങള്‍ ശമിച്ച് ആരോഗ്യവും ആയുസ്സും സിദ്ധിക്കുമെന്നാണ് വിശ്വാസം. 

 

ദേവന്മാരുടെ വൈദ്യനാണ് സാക്ഷാല്‍ ധന്വന്തരി. സിദ്ധര്‍ അഗസ്തിയാര്‍ തന്‍റെ പ്രസിദ്ധമായ അഗതിയാര്‍ 12000 ല്‍ പറയുന്നത് ധന്വന്തരി, ഭഗവാന്‍ മഹാവിഷ്ണുവിന്‍റെ വംശപരമ്പരയില്‍ ഉള്‍പ്പെട്ട സിദ്ധനാണെന്നും സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ പിറവിയെടുത്തയാളുമെന്നാണത്രേ. 18 സിദ്ധന്മാരില്‍ നിന്നുമാണ് ധന്വന്തരി സിദ്ധവൈദ്യത്തെക്കുറിച്ചുള്ള അറിവുകള്‍ സ്വായത്തമാക്കുന്നത്. മൂന്ന് ലക്ഷം ക്രാന്തങ്ങള്‍ ധന്വന്തരി തന്‍റെ ഗുരുക്കന്മാരില്‍ നിന്നും പഠിച്ചതായി അനുമാനിക്കപ്പെടുന്നു.

ജരാനരകളേയും മരണത്തേയും ഇല്ലാതാക്കുന്ന അമൃത കുംഭവുമായി പാല്‍ക്കടലില്‍ നിന്ന് മഹാവിഷ്ണു ധന്വന്തരീഭാവത്തിലാണ് ഉയര്‍ന്നുവന്നതെന്നാണ് ഭാഗവതം പറയുന്നത്. ധന്വന്തരിയെ ചതുര്‍ബാഹു രൂപത്തിലാണ് പൂജിക്കുന്നത്. ധന്വന്തരിയെ ആരാധിച്ചാല്‍ രോഗങ്ങള്‍ ശമിച്ച് ആരോഗ്യവും ആയുസ്സും സിദ്ധിക്കുമെന്നാണ് വിശ്വാസം. 

ത്രേതായുഗത്തില്‍ ജീവിച്ചിരുന്ന ധന്വന്തരി മൂര്‍ച്ചയുള്ള 20 തരവം, 101 തരത്തിലുള്ള ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഉപയോഗിച്ചിരുന്നതായി സുശ്രുത  സംഹിതയില്‍ നിന്ന് മനസ്സിലാക്കാം.

വിഷ്ണു ഭഗവാന്‍റെ അവതാരമായ ധന്വന്തരിയെ ആയൂര്‍വേദത്തിന്‍റെ ആചാര്യനായും കണക്കാക്കപ്പെടുന്നു. ഭഗവാന്‍ മഹാവിഷ്ണുവിനെആരാധിച്ചാല്‍ ധന്വന്തരി മൂര്‍ത്തിയുടെ അനുഗ്രഹം സിദ്ധിക്കാം. വിഷ്ണു ക്ഷേത്രദര്‍ശനം, വ്രതം, വഴിപാടുകള്‍ എന്നിവയെല്ലാം ധന്വന്തരി കടാക്ഷത്തിന് കാരണമാകും. വ്യാഴാഴ്ചയും, ഏകാദശിയും ധന്വന്തരിയെ പൂജിക്കാന്‍ വിശേഷപ്പെട്ടതാണ്.

ധന്വന്തരീമന്ത്രം

ഓം ശ്രീ ധന്വന്തര മൂര്‍ത്തേ നമഃ
അരിസദരജ്ജുകെ രത്നപീയൂഷ കുംഭേ
പ്രതിഘടിക കടകകാന്ത പീതാംബരാഢ്യം
സ്മിത വദനവിരാജന്‍ മൗലികാരോഗ്യദായിന്‍
ശതമഖ മണിവര്‍ണ്ണ പാതു ധന്വന്തരി നമഃ
നമാമി. ധന്വന്തരി മാദി ദേവം സുരാസുര
സേവിത പാദപത്മം ലോകൈ ജരാരുഗ്
ഭയ മൃത്യുനാശം നമാമി ഈശം വിവിധ ഔഷധീനാം

മഹാരോഗ ശമനത്തിന് ധന്വന്തരമൂര്‍ത്തി നാമജപം

രോഗി മത്സ്യ, മാംസ, ലഹരി പദാര്‍ത്ഥങ്ങള്‍ വര്‍ജ്ജിച്ച് ബ്രഹ്മചര്യം അനുഷ്ഠിച്ച് ധന്വന്തരി മൂര്‍ത്തിയെ ഉപാസിക്കുക. 'ഓം ധന്വന്തര മൂര്‍ത്തയേ നമഃ' എന്ന് സദാനേരവും ജപിക്കുക. ഔഷധസേവ നടത്തുമ്പോഴും ധന്വന്തരീമൂര്‍ത്തിയുടെ മന്ത്രജപം നടത്തുക. ഇത് ദിനവും 1008 തവണ ചെയ്യുക. മന്ത്രം ജപിച്ച തുളസീതീര്‍ത്ഥം വെറും വയറ്റില്‍ കഴിക്കുക. രോഗിക്ക് വേണ്ടി ബന്ധുക്കള്‍ ധന്വന്തരി/ വൈഷ്ണവ ക്ഷേത്രദര്‍ശനം, 
വഴിപാട് നടത്തുക.

രോഗശമനത്തിന് ധന്വന്തരീമൂലമന്ത്രം

ഓം നമോ ഭഗവതേ ധന്വന്തരയേ
അമൃതകലശ ഹസ്തായ
സര്‍വ്വാമയ വിനാശകായ
ത്രൈലോക്യ നാഥായ
മഹാവിഷ്ണുവേ സ്വാഹാ

(ഈ മന്ത്രം അത്ഭുത ശക്തിയുള്ളതാണ്. ദിനം 108 വീതം 2 തവണ ജപിക്കുക)

കുട്ടികളുടെ ആരോഗ്യത്തിന് ധന്വന്തരി പ്രാര്‍ത്ഥന

കുട്ടികളുടെ ബാലാരിഷ്ടത അകലാന്‍ ധന്വന്തരി പ്രീതി സഹായിക്കും. ഇതിനായി മാതാപിതാക്കള്‍ താഴെ കൊടുത്തിരിക്കുന്ന മന്ത്രദിനവും 7 തവണ രാവിലെ ജപിക്കുക. ശരീരശുദ്ധിയോടെ വെള്ളവസ്ത്രം ധരിച്ച് വേണം മന്ത്രം ചൊല്ലാന്‍. വ്രതം നോക്കണമെന്നില്ല.

ഓം ശ്രീം വിഷ്ണുവേ
വിശ്വാധാരായ വിശ്വപതയേ
സ്ഥിതികാരായ ശ്രീം
ദുരിതശാന്തി പ്രദേ ഭവ
ഓം നമോ ധന്വന്തരയേ കോടി
സൂര്യപ്രതീകായ
സര്‍വ്വരോഗദുരിതശാന്തി
പ്രദായിനേശ്രീം നമഃ

ധന്വന്തരീ കടാക്ഷത്തിന് സപ്തമന്ത്രങ്ങള്‍

ഓം കേശവായ നമഃ
ഓം വിഷ്ണുവേ നമഃ
ഓം ദേവവന്ദിതായ നമഃ
ഓം മഹായോഗിനേനമഃ
ഓം സര്‍വ്വാത്മകായ നമഃ
ഓം ചിതേ നമഃ
ഓം മധുപ്രിയായ നമഃ

ആയൂരാരോഗ്യസിദ്ധിക്ക് ചതുര്‍ദശ ധന്വന്തരീമന്ത്രങ്ങള്‍

ഓം സര്‍വ്വശക്തിസ്വരൂപിണേ നമഃ
ഓം സച്ചിദാനന്ദവിഗ്രഹായ നമഃ
ഓം രമയ പരിസേവിതായ നമഃ
ഓം രോഗഹാരക മൂര്‍ത്തയേ നമഃ
ഓം സുസത്വയാ നമഃ
ഓം കാലചക്രപ്രവര്‍ത്തകായ നമഃ
ഓം മഹായോഗിനേനമഃ
ഓം സര്‍വ്വാന്തര്യാമിണേ നമഃ
ഓം മേധാമൂര്‍ത്തയേ നമഃ
ഓം അമൃതദായിനേനമഃ
ഓം ശാശ്വതായ നമഃ
ഓം ജഗദ്രേകാബീജായ നമഃ
ഓം സര്‍വ്വലോകൈനാഥായ നമഃ

ഈ 14 മന്ത്രങ്ങള്‍ ദിനം 18തവണ ആവര്‍ത്തിച്ച് ചൊല്ലുക. ധന്വന്തരിമൂര്‍ത്തി ആയൂരാരോഗ്യം നല്‍കും. വിളക്ക് കൊളുത്തിവച്ച് ചൊല്ലുക. വ്രതം നോക്കേണ്ടതില്ല.

കരിക്ക് നിവേദ്യത്തിലൂടെ ഉദരരോഗ ശമനം

ധന്വന്തര മൂര്‍ത്തിക്കോ, വിഷ്ണു ഭഗവാനോ ധന്വന്തരീ മന്ത്രം കൊണ്ട് 108 ഉരു അര്‍ച്ചനചെയ്ത് കരിക്ക് നിവേദിച്ച് ഈ കരിക്ക് പ്രസാദമായി സേവിക്കുക. ബുധനാഴ്ചകളിലായി 7 തവണ ഈ കര്‍മ്മം ചെയ്യുക.

ധന്വന്തരി പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ മൂലമന്ത്രം കൊണ്ട് പാലഭിഷേകം(കരിക്കിന്‍ വെള്ളവുമാകാം) നടത്തുന്നത് ദുരിതങ്ങളെ അകറ്റും. ശംഖില്‍ പാലോ, കരിക്കിന്‍ വെള്ളമോ നിറച്ച് മൂലമന്ത്രം ചൊല്ലിയാണ് അഭിഷേകം ചെയ്യുന്നത്. 108 തവണ അഭിഷേകം ചെയ്യുമ്പോള്‍ ശാരീരിക രോഗങ്ങള്‍ക്ക് അന്ത്യമാകും. 

മാനസികരോഗശമനത്തിനും ഇത് ഉപകരിക്കും. വ്യാഴാഴ്ചയാണ് ഈ കര്‍മ്മത്തിന് ഉത്തമം.

ധന്വന്തരീക്ഷേത്രങ്ങള്‍ കുറവായതിനാല്‍ മഹാവിഷ്ണു ക്ഷേത്രത്തിലും ഈ കര്‍മ്മം ചെയ്യാം. സാളഗ്രാമത്തില്‍ ചെയ്യുന്നതിന് ശക്തി കൂടുതലാണ്. ഈ കര്‍മ്മം 3,7,12 പ്രാവശ്യം ആവര്‍ത്തിക്കാം. വ്യാഴാഴ്ച ഈ കര്‍മ്മം ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ഞായര്‍, ബുധന്‍, ദിവസങ്ങളിലുമാകാം.

ചികിത്സാഫലം ലഭിക്കുവാനുള്ള ധന്വന്തരീമന്ത്രം

ഓം വിഷ്ണുവേ വിശ്വഗ്രാസായ വിശ്വനാഥായ
വിശ്വംഭരായ ശ്രീം ധന്വന്തരയേ നമഃ 

ഈ മന്ത്രം 84 വീതം 2 നേരം 21 ദിവസം ജപിച്ചാല്‍ ചികിത്സാവിധികള്‍ ഫലപ്രദമാകും.

നേത്രരോഗം, ത്വക്ക് രോഗം ധന്വന്തരി മന്ത്ര ജപത്തിലൂടെ ശമനം

ഓം നമോ ഭഗവതേ ധന്വന്തരയേ
സൂര്യകോടി കിരണസ്ഥായ സര്‍വ്വപാപഹരണായ നമഃ

എന്ന മന്ത്രം 36 വീതം രാവിലെ ജപിക്കുക. 21, 36, 41 തുടങ്ങി യഥാശക്തി ദിനവും ജപിക്കുക. ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ ജപാരംഭം നന്ന്.