നക്ഷത്രപദവി നേടിയെടുത്ത ധ്രുവന്‍

നക്ഷത്രപദവി നേടിയെടുത്ത ധ്രുവന്‍

HIGHLIGHTS

ലോകപാലകരായ സപ്തര്‍ഷിമാരുടേയും നവഗ്രഹങ്ങളുടേയും ഉത്തരഭാഗത്തായി വിളങ്ങുന്ന നക്ഷത്രമാണ് ധ്രുവനക്ഷത്രം. ത്രിസന്ധ്യാ നേരങ്ങളില്‍ ധ്രുവനക്ഷത്രത്തെ സ്മരിക്കുകയും വന്ദിക്കുകയും സ്തുതിക്കുകയും ചെയ്യുന്നതിലൂടെ ലോകര്‍ക്ക് എളുപ്പത്തില്‍ മോക്ഷം ലഭിക്കും. 

പ്രിയവ്രതനും ഉദ്ധാനപാദനും സ്വയംഭൂ മനുവിന്‍റെ പുത്രന്മാരായിരുന്നു. ജ്യേഷ്ഠനായ പ്രിയവ്രതന്‍ ലൗകിക കാര്യങ്ങളില്‍ താല്‍പ്പര്യമില്ലാതെ വിഷ്ണുഭഗവാനെ ധ്യാനിക്കുന്നതിലേക്കായി വളരെ ചെറുപ്പത്തിലെ തന്നെ ഹിമാലയത്തിലേക്ക് പോയി. അതോടെ രാജ്യഭരണം നീതിമാനും ധര്‍മ്മിഷ്ഠനുമായ ഉദ്ധാനപാദനില്‍ വന്നുചേര്‍ന്നു. നല്ലൊരു ഭരണാധികാരിയായിരുന്നു ഉദ്ധാനപാദന്‍. അദ്ദേഹത്തിന്‍റെ ഭാര്യമാരായിരുന്നു സുനീതിയും സുരുചിയും. ഗര്‍വ്വിഷ്ഠയും സുന്ദരിയുമായിരുന്നു സുരുചി. ധര്‍മ്മിഷ്ഠയും ഈശ്വരഭക്തയുമായിരുന്നു സുനീതി. സുന്ദരിയായ സുരുചിയുടെ ബാഹ്യസൗന്ദര്യത്തില്‍ ആകൃഷ്ടനായ രാജാവ് സദാസമയവും സുരുചിയോടൊപ്പമായിരുന്നു. സുനീതിയുടെ ആന്തരിക സൗന്ദര്യമോ സത്ഗുണങ്ങളോ അദ്ദേഹത്തെ ആകര്‍ഷിച്ചില്ല.

കാലം കഴിഞ്ഞപ്പോള്‍ സുരുചിയിലും സുനീതിയിലും രാജാവിന് ഓരോ പുത്രന്മാര്‍ ജനിച്ചു. സുരുചിയുടെ മകന് ഉത്തമന്‍ എന്നും സുനീതിയുടെ പുത്രന് ധ്രുവനെന്നും അദ്ദേഹം നാമകരണം ചെയ്തു. സുരുചിയോടുള്ള പ്രേമാധിക്യത്താല്‍ രാജാവ് ഉത്തമനെ കൂടുതലായി സ്നേഹിച്ചു. തന്‍റെ മകനെ അവഗണിക്കുന്നതറിഞ്ഞ സുനീതി അതില്‍ വളരെയധികം വേദനിച്ചു. ദുഃഖാര്‍ത്തയായ സുനീതി സദാസമയവും വിഷ്ണുവിനെ ഭജിച്ചും വ്രതങ്ങള്‍ നോറ്റും അനന്തപുരത്തിനുള്ളില്‍ തന്നെ കഴിഞ്ഞു. കാലങ്ങള്‍ കഴിഞ്ഞുപോയി. ഒരുനാള്‍ ഉത്തമനും ധ്രുവനും തങ്ങളുടെ ക്രീഡകള്‍ കഴിഞ്ഞ് പിതാവിന്‍റെ മടിയില്‍ ചെന്നിരുന്നു. അതേസമയം അവിടെയെത്തിയ സുരുചി അതുകണ്ട് കോപിഷ്ഠയായി. അസൂയമൂത്ത സുരുചി ധ്രുവനെ അച്ഛന്‍റെ മടിയില്‍ നിന്നും തള്ളിമാറ്റി കോപത്തോടെ ശാസിച്ചു. മഹാരാജാവിന്‍റെ മടിയില്‍ കയറിയിരിക്കാന്‍ നിനക്കെങ്ങനെ ധൈര്യം വന്നു.

സര്‍വ്വലോകത്തിന്‍റെയും രാജാവായ അദ്ദേഹത്തിന്‍റെ മടിത്തട്ട് നിന്നെ പോലുള്ളവര്‍ക്ക് കയറിയിരിക്കാനുള്ളതല്ല. ആ അധികാരം എന്‍റെ പുത്രനായ ഉത്തമന് മാത്രമാണുള്ളത്. സദാസമയവും അന്തഃപുരത്തിനുള്ളില്‍ വിഷ്ണുവിനെ ഭജിച്ചുകഴിയുന്ന നിന്‍റെ മാതാവ് രാജാവിന്‍റെ കാര്യങ്ങള്‍ നോക്കുന്നുണ്ടോ, ഞാന്‍ അദ്ദേഹത്തിന്‍റെ പ്രിയപത്നിയാണ്. അദ്ദേഹത്തിന്‍റെ എല്ലാകാര്യങ്ങളും നോക്കുന്നത് ഞാനാണ്. ധിക്കാരിയായ നിനക്ക് അദ്ദേഹത്തിന്‍റെ മടിയില്‍ ഇരിക്കണമെന്നുണ്ടെങ്കില്‍ നീ നിന്‍റെ അമ്മയെപ്പോലെ വിഷ്ണുഭഗവാനെ തപസ്സ് ചെയ്യൂ.' അതുകേട്ട് ദുഃഖിതനായ ആ പിഞ്ചുബാലന്‍ തന്‍റെ മാതാവിന്‍റെ സമീപത്തെത്തി വിഷമം അറിയിച്ചു. തന്‍റെ പുത്രന് നേരിടേണ്ടി വന്ന യാതനകളോര്‍ത്ത് ആ മാതൃഹൃദയം തപിച്ചു. അവള്‍ മകനെ തലോടിക്കൊണ്ട് പറഞ്ഞു.

'പുത്രാ, നാമെല്ലാം പൂര്‍വ്വജന്മങ്ങളുടെ ഫലമാണ് അനുഭവിക്കുന്നത്. വിധിയെ മാറ്റിമറിക്കാന്‍ ആര്‍ക്കും കഴിയില്ല. ഭാഗ്യദോഷിയായ എന്നില്‍ വന്നുപിറന്നതാണ് നിന്‍റെ ഭാഗ്യദോഷം. മുജ്ജന്മസുകൃതം കൊണ്ടാണ് സുരുചിക്ക് എല്ലാ സ്നേഹവും അനുഭവിക്കാന്‍ കഴിയുന്നത്. നിന്‍റെ മുജ്ജന്മ പാപങ്ങള്‍ തീരുവാന്‍ നീ വിഷ്ണുഭഗവാനെ അഭയം പ്രാപിക്കുക. നദികള്‍ സാഗരത്തില്‍ വന്നുചേരുന്നതുപോലെ നിന്നിലെ ഭക്തിയും ശുദ്ധിയും അനുസരിച്ച് അദ്ദേഹം എന്നെങ്കിലും നിന്നില്‍ പ്രസാദിക്കും. അതുവരെ നീ കാത്തിരിക്കുക. നിനക്ക് അദ്ദേഹത്തെ തപസ്സ് ചെയ്ത് പ്രസാദിപ്പിക്കുവാന്‍ കഴിയും.'

അമ്മ ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും ശിശുവായ ധ്രുവന്‍റെ മനസ്സിന്‍റെ വേദനയെ ശമിപ്പിക്കാന്‍ കഴിഞ്ഞില്ല. വിഷാദമഗ്നനായ അവന്‍ കൊട്ടാരത്തില്‍ നിന്നും പുറത്തുകടന്നു. എങ്ങോട്ടെന്നില്ലാതെ നടന്ന അവന്‍ തന്‍റെ യാത്രാമദ്ധ്യേ സപ്തര്‍ഷികളായ മരീചി, അതി, അംഗിരസ്സ്, പുലസ്ത്യന്‍, പുലഹന്‍, ക്രതു, വസിഷ്ഠന്‍ എന്നിവരെ കണ്ടു. അവര്‍ ബാലനായ ധ്രുവന്‍റെ സമീപമെത്തി യാത്രാ ഉദ്ദേശം ആരാഞ്ഞു. താന്‍ ശ്രീഹരിയെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്താന്‍ വനത്തിലേക്ക് പോകുകയാണെന്ന് അവന്‍ അവരോട് പറഞ്ഞു.

ഇത്ര ചെറുപ്പത്തിലേതന്നെ ധ്രുവന് ജീവിതവിരക്തി വരുവാന്‍ എന്താണ് കാരണമെന്ന് അവര്‍ അന്വേഷിച്ചു. തനിക്ക് നേരിട്ട അപമാനത്തിന്‍റെ കഥ ധ്രുവന്‍ അവരോട് പറഞ്ഞു. അതുകേട്ട് മഹര്‍ഷിമാര്‍ അവനോട് ക്ഷത്രിയന്‍റെ മനോബലത്തെ കുറിച്ച് പുകഴ്ത്തി. തുടര്‍ന്നുപറഞ്ഞു. 'കഴിഞ്ഞ ജന്മത്തില്‍ സുകൃതിയും വിഷ്ണുഭക്തനുമായ ഒരു വിപ്രനായിരുന്നു നീ. തന്‍റെ കൂട്ടുകാരനായ രാജകുമാരന്‍റെ ഭൗതികമായ ഐശ്വര്യങ്ങളില്‍ ആകൃഷ്ടനായി തനിക്കും ഒരു രാജകുമാരന്‍റെ ജന്മം ലഭിക്കണമെന്ന് ആഗ്രഹിച്ചു.

ആ ആഗ്രഹസാഫല്യമായിട്ടാണ് നീ ഈ ജന്മം രാജകുമാരനായി ജനിച്ചത്. ഭൗതികജീവിതത്തിലെ സുഖദുഃഖങ്ങളെക്കുറിച്ച് നിനക്കിപ്പോള്‍ ബോധം വന്നിരിക്കും. സുഖമുള്ളിടത്ത് ദുഃഖമുണ്ട്. ഇവയൊന്നും ശാശ്വതങ്ങളല്ല. കേവലം അല്‍പ്പായുസ്സുക്കളായ ദുഃഖത്തില്‍ നിന്നുള്ള നേരിയ വിരാമം മാത്രമാണ് സുഖം. കരുണാമയനും പരമാത്മാവുമായ വിഷ്ണുവിന്‍റെ പാദങ്ങളില്‍ ശരണം പ്രാപിക്കുന്നതാണ് യഥാര്‍ത്ഥ സുഖം. അതിനെക്കാള്‍ വലുതായി വേറൊന്നുമില്ല. നീ അദ്ദേഹത്തെ ഭജിച്ചാലും. വിഷ്ണു സന്തോഷിച്ചാല്‍ ലഭിക്കാത്തതായി യാതൊന്നുമില്ല.

നിന്നെപ്പോലെ ഉത്തമനായ ഭക്തന്‍റെ മുന്നില്‍ അദ്ദേഹം പ്രസാദിക്കുക തന്നെ ചെയ്യും. വിഷ്ണുവിനെ പ്രസാദിപ്പിച്ചാണ് ഇന്ദ്രന് ദേവേന്ദ്രപദം ലഭിച്ചത്. വാസുദേവനെ ഭജിച്ചാല്‍ തീര്‍ച്ചയായും നിന്‍റെ ദുഃഖങ്ങള്‍ ശമിക്കുന്നതാണ്. ഇതുകേട്ട ധ്രുവന്‍ മുനിമാരോട് ആരാഞ്ഞു. 'മുനിമാരേ, വിഷ്ണുഭഗവാനെ പ്രസാദിപ്പിക്കുവാന്‍ ഞാനേത് വിധത്തിലാണ് അദ്ദേഹത്തെ ആരാധിക്കേണ്ടത്? എന്തുമന്ത്രമാണ് ഞാന്‍ ജപിക്കേണ്ടത്? ദയവായി പറഞ്ഞുതന്നാലും. ധ്രുവന്‍റെ സംശയം കേട്ട ഋഷിമാര്‍ പറഞ്ഞു.'

ധ്രുവകുമാരാ, ഭൗതികമായ ആഗ്രഹങ്ങളാണ് നമ്മെ ഭഗവാനില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. അതിനാല്‍ നീ ഇന്ദ്രിയങ്ങളേയും മനസ്സിനേയും ബാഹ്യപ്രപഞ്ചത്തില്‍ നിന്നും വേര്‍തിരിച്ച് വിഷ്ണുവില്‍ ലയിപ്പിക്കുക. അനന്തരം ശുദ്ധമായ ഹൃദയത്തോടും നിഷ്ക്കളങ്കമായ ഭക്തിയോടുംകൂടി നിഷ്കാമനായി 'ഓം വാസുദേവായ നമഃ, ഓം നാരായണായ നമഃ'എന്നിവയിലേതെങ്കിലും ജപിക്കുക. നിന്‍റെ പിതാമഹനായ സ്വയംഭൂ മനുവിന് കൈവല്യം സിദ്ധിച്ചത് ഈ മന്ത്രങ്ങള്‍ ജപിച്ചിട്ടാണ്. നീയും അതുതന്നെ പിന്തുടരുക.

ധ്രുവന്‍റെ നക്ഷത്രപദവി

സപ്തര്‍ഷികളില്‍ നിന്നും ഉപദേശം സ്വീകരിച്ച ധ്രുവന്‍ യമുനാനദീതീരത്തുള്ള മധുവനം എന്ന പുണ്യപ്രദേശത്തേയ്ക്ക് പോയി. മധു എന്ന രാക്ഷസന്‍ വസിച്ചിരുന്നതുകൊണ്ടാണ് ആ വനത്തിന് മധുവനം എന്ന പേര് ലഭിച്ചത്. ആ കൊടും കാനനമധ്യത്തില്‍ ധ്രുവന്‍ ഏകാഗ്രമായ മനസ്സോടെ വിഷ്ണുവിനെ തപസ്സ് ചെയ്യാന്‍ ആരംഭിച്ചു. ആരംഭഘട്ടങ്ങളില്‍ അപൂര്‍വ്വമായി മാത്രം കായ്കനികള്‍ ഭക്ഷിച്ചിരുന്ന ധ്രുവന്‍ ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ കേവലം ജലപാനം മാത്രമായി. മാസങ്ങള്‍ കടന്നുപോകെ, ഭക്ഷണം വായു മാത്രമായി.

എന്നിട്ടും വിഷ്ണുഭഗവാന്‍ പ്രീതനല്ലായെന്നറിഞ്ഞ ധ്രുവന്‍ പ്രാണന്‍, അപാനന്‍, സമാനന്‍, ഉദാനന്‍, വ്യാനന്‍ തുടങ്ങിയ സര്‍വ്വപ്രാണങ്ങളേയും നിയന്ത്രിച്ച് 'ഓം ശ്രീനാരായണ നമഃ' എന്ന പ്രണവമന്ത്രത്തില്‍ സര്‍വ്വവും അധിഷ്ഠിതമാക്കി. ധ്രുവന്‍റെ തപ:ശക്തിയാല്‍ ഭൂമിദേവിക്ക് അവന്‍റെ ഭാരം താങ്ങാന്‍ കഴിയാതെയായി. സമുദ്രങ്ങള്‍ ഇളകിമറിഞ്ഞു. പര്‍വ്വതങ്ങള്‍ ഉരുകിയൊലിച്ചു. നിയന്ത്രണം വിട്ട വായുദേവന്‍ ധരണിയിലാകെ ആഞ്ഞടിച്ചു. ഉദയാസ്തമയങ്ങള്‍ തിരിച്ചറിയാത്ത വിധം ഗഗനം കാര്‍മേഘങ്ങളാല്‍ നിറഞ്ഞു. ധ്രുവന്‍റെ തപസ്സ് മുടക്കുവാന്‍ ദേവന്മാര്‍ തീരുമാനിച്ചു.

അവര്‍ മായാസിദ്ധികൊണ്ട് സുനീതിയെ സൃഷ്ടിച്ചു. മായാസുനീതി ധ്രുവന്‍റെ സമീപത്തെത്തി പലതും പറഞ്ഞു. എന്നാല്‍ ധ്രുവനെ അതൊന്നും സ്വാധീനിച്ചില്ല. ധ്രുവന്‍റെ തപസ്സിന് ഭംഗം വരുത്താനായി അസുരന്മാര്‍ അവന്‍റെ മുന്നില്‍ ഭീകരരൂപത്തില്‍ നൃത്തം ചെയ്തു. ക്രൂരന്മാരായ മൃഗങ്ങളുടെ രൂപത്തില്‍ ഗര്‍ജ്ജിച്ചു. വിഷ്ണുവില്‍ മാത്രം മനസ്സുറപ്പിച്ച ധ്രുവന്‍ ഇതൊന്നും അറിഞ്ഞതേയില്ല. ധ്രുവന്‍റെ തപസ്സ് മുടക്കാന്‍ സാധിക്കില്ലായെന്നറിഞ്ഞ് ദേവന്മാര്‍ അവസാനം ബ്രഹ്മദേവനേയും മഹേശ്വരനെയും മഹാഋഷിമാരെയും കൂട്ടി വൈകുണ്ഠത്തിലെത്തി. വിഷ്ണുഭഗവാനെ വിവരം ധരിപ്പിച്ചു. ധ്രുവരാജകുമാരനെ എങ്ങനെയെങ്കിലും തപസ്സില്‍ നിന്ന് പിന്‍തിരിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഇതുകേട്ട് വിഷ്ണു ഭഗവാന്‍ അരുളിച്ചെയ്തു.

'ദേവന്മാരെ, തന്നില്‍തന്നെ ലയിപ്പിച്ച് ഭക്തിയോടുകൂടി സര്‍വ്വതും മറന്ന് നിസ്വാര്‍ത്ഥനായി തപസ്സ് ചെയ്യുന്ന ധ്രുവനില്‍ ഞാന്‍ പ്രസാദിക്കുന്നതാണ്. നിങ്ങളെല്ലാവരും ശാന്തരായി സ്വസ്ഥാനങ്ങളിലേയ്ക്ക് മടങ്ങുക. ലോകത്തില്‍ വച്ച് ശ്രേഷ്ഠമായ സ്ഥാനം തന്നെ ഞാനവന് വരമായി നല്‍കുന്നതാണ്, ആശങ്കപ്പെടേണ്ടതില്ല. ഇതുകേട്ട ഇന്ദ്രാദിദേവന്മാരും ബ്രഹ്മദേവനും മഹേശ്വരനും നാരായണനെ വണങ്ങി വൈകുണ്ഠത്തില്‍ നിന്നും മടങ്ങി. തുടര്‍ന്ന് വിരാട്രൂപിയായ വിഷ്ണുഭഗവാന്‍ ധ്രുവന് മുന്നില്‍ പ്രത്യക്ഷപ്പെട്ടു.

സകല ജീവജാലങ്ങളിലും അധിവസിക്കുന്ന എന്നാല്‍ ഭക്തര്‍ക്ക് മാത്രം ദര്‍ശനീയനുമായ ഭഗവാനെ കണ്ട് ധ്രുവന്‍ ആനന്ദപുളകിതനായി. അവന്‍ 'നാരായണജയ നാരായണ ജയ' എന്ന് മാത്രം ജപിച്ചുകൊണ്ട് വിഷ്ണു ഭഗവാനെ വണങ്ങി നിന്നു. അപ്പോള്‍ ഭഗവാന്‍ അവനോട് പറഞ്ഞു: 'വത്സാ, സ്വയംഭൂ മനുവിന്‍റെ പൗത്രനായ നിന്നില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു. നിന്‍റെ തപസ്സില്‍ ഞാന്‍ സംപ്രീതനാണ്. അതികഠിനമായ തപസ്സ് മൂലം നീ എല്ലാവരെക്കാളും ശ്രേഷ്ഠനായിരിക്കുന്നു. നിനക്കെന്താണ് വേണ്ടത് ചോദിച്ചുകൊള്ളുക.' ഭഗവാനെ കണ്ട് സ്വയം മറന്നുനിന്ന ധ്രുവന്‍ അല്‍പ്പനേരത്തെ പരിഭവത്തിനുശേഷം ദേവദേവനായ ഹരിയെ സ്തുതിക്കുവാന്‍ തുടങ്ങി.

പരമാത്മാവും ജീവാത്മാവുമായി വിരാജിച്ചിരിക്കുന്നതാരാണോ ആ ദേവദേവന്  നമസ്കാരം. സര്‍വ്വജ്ഞാനിയും, സര്‍വ്വവ്യാപിയും, പരമാത്മാവുമായ ദേവേശാ, ഈ ബാലന്‍റെ നമസ്കാരം സ്വീകരിച്ചാലും. സൂര്യനും ചന്ദ്രനും ആകാശവും വായുവും എല്ലാം അങ്ങാകുന്നു. മഹാപ്രഭോ, നശ്വരമായ ഭൗതികജീവിതത്തിലെ യാതൊരു സുഖവും ഞാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങയുടെ പാദങ്ങളില്‍ എനിക്ക് അഭയം നല്‍കിയാലും. അങ്ങയോടുള്ള നിര്‍വിശേഷമായ ഒടുങ്ങാത്ത ഭക്തി എനിക്ക് പ്രദാനം ചെയ്താലും. ലോകത്തില്‍ വച്ച് ഏറ്റവും ഉത്തമമായ ആ സ്ഥാനം എനിക്ക് നല്‍കിയാലും.

ഇതല്ലാതെ മറ്റൊരു വരവും അതിന് തുല്യമാവില്ല. ഭക്തധ്രുവന്‍റെ സവിശേഷമായ ഭക്തിയില്‍ സന്തുഷ്ടനായ ഭഗവാന്‍ നിന്‍റെ ആഗ്രഹം ഞാന്‍ നിറവേറ്റി തരുന്നതാണ് എന്നുപറഞ്ഞു. 'എന്നിരുന്നാലും സകലജീവിക്കും അവരുടെ ജീവിതത്തില്‍ അവരുടേതായ കര്‍ത്തവ്യങ്ങള്‍ അനുഷ്ഠിക്കേണ്ടതായുണ്ട്. ക്ഷത്രിയനായ നീ എന്നെ സ്മരിച്ചുകൊണ്ട് ലോകസാമ്രാട്ടായി ഭരണം നടത്തുക. മുജ്ജന്മ സുകൃതത്തിന്‍റെ ഫലമായാണ് നീ സ്വയംഭൂ മനുവിന്‍റെ കുലത്തില്‍ ജനിച്ചത്. ക്ഷത്രിയധര്‍മ്മത്തിന് യോജിച്ച വിധം നീ ഭരണം നടത്തുക.

ലോകപാലകരായ സപ്തര്‍ഷിമാരുടേയും നവഗ്രഹങ്ങളുടേയും ഉത്തരഭാഗത്തായി അനശ്വരമായ താരമായി നീ വിളങ്ങുക. ആ നക്ഷത്രം ധ്രുവനക്ഷത്രമെന്ന പേരില്‍ അറിയപ്പെടും. നിന്‍റെ മാതാവായ സുനീതിയും തിളങ്ങിനില്‍ക്കും. ത്രിസന്ധ്യാ നേരങ്ങളില്‍ നിന്നെ സ്മരിക്കുകയും വന്ദിക്കുകയും സ്തുതിക്കുകയും ചെയ്യുന്നതിലൂടെ ലോകര്‍ക്ക് എളുപ്പത്തില്‍ മോക്ഷം ലഭിക്കുന്നതാണ്. നീ ലോകത്തിന് ഒരു വഴികാട്ടിയായി മാറുക.' ഇതുകേട്ട ധ്രുവന്‍ സര്‍വ്വേശ്വരനായ വിഷ്ണുഭഗവാനെ വിനീതനായി നമസ്ക്കരിച്ചു. 'അങ്ങയുടെ  ആജ്ഞപോലെ സര്‍വ്വവും ഈയുള്ളവന്‍ അനുഷ്ഠിക്കാം. അങ്ങയ്ക്ക് എന്‍റെ ആയിരം കോടി പ്രണാമം.'

(ശ്രീവിഷ്ണു പുരാണം) നാഗരാജ്
(9387909366)

Photo Courtesy - jyothisharathnam