മഹാദേവന്‍റെ മൂര്‍ത്തീഭാവങ്ങള്‍
ദേവാദിദേവനെന്നും, മഹാദേവനെന്നുമൊക്കെ നമ്മള്‍ വിളിച്ചുപ്രാര്‍ത്ഥിക്കുന്ന ഭഗവാന്‍ ശിവന് നിരവധിയായ മൂര്‍ത്തി ഭാവങ്ങളാണുള്ളത്. ഈ ഓരോ മൂര്‍ത്തി ഭാവത്തോടും കൂടി ഭഗവാനെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ക്ഷേത്രങ്ങള്‍ ഏതൊക്കെയാണെന്നും എവിടെയൊക്കെയാണെന്നും അറിയുന്നത് ഭക്തര്‍ക്ക് ഏറെ പ്രയോജനകരമായിരിക്കും. പ്രത്യേകിച്ച് ശിവഭക്തര്‍ക്ക്.
ദക്ഷിണാമൂര്‍ത്തി
ആല്‍മരച്ചുവട്ടില്‍ ദക്ഷിണാഭിമുഖമായിരുന്ന് സാധകന്മാര്‍ക്ക് ജ്ഞാനോപദേശം ചെയ്യുന്ന ശിവനെയാണ് ദക്ഷിണാമൂര്‍ത്തിയായി കരുതപ്പെടുന്നത്. ശുകപുരം ഗ്രാമത്തിലെ ദക്ഷിണാമൂര്‍ത്തി ക്ഷേത്രം ഈ സങ്കല്‍പ്പത്തിലുള്ളതാണ്.
പരശുരാമന്‍ സൃഷ്ടിച്ച ഗ്രാമങ്ങളില്‍ ഏറ്റവും വലിയ ഗ്രാമമായ ശുകപുരം ഗ്രാമത്തിന്‍റെ ഗ്രാമക്ഷേത്രമാണ് ശുകപുരം ദക്ഷിണാമൂര്‍ത്തി ക്ഷേത്രം. മലപ്പുറം ജില്ലയില്‍ എടപ്പാളിനടുത്താണ് ഈ പുരാതനക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എന്‍.എച്ച്. 17 ല്‍ എടപ്പാള്‍ കവലയില്‍ നിന്നും പാലക്കാട്- പൊന്നാനി റൂട്ടില്‍ ഒരു കി.മീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തില്‍ എത്തിച്ചേരാം. വേദഋഷിയായ ശുകനാണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. കേരളത്തിലെ ആദ്യകാല ബ്രാഹ്മണ വാസസ്ഥലങ്ങളില്‍ ഒന്നുകൂടിയാണ് ശുകപുരം ഗ്രാമം. ശുകമുനി തപസ്സനുഷ്ഠിച്ച സ്ഥലമായതിനാലാണ് പ്രദേശത്തിന് ശുകപുരം എന്ന പേര് വന്നത്.
ലോകഗുരുവായി വിജ്ഞാനം പൊഴിക്കുന്ന ദക്ഷിണാമൂര്‍ത്തി ഭഗവാന്‍ അതുകൊണ്ടുതന്നെ വിജ്ഞാനദൈവമാണ്. സരസ്വതീദേവിക്ക് സമാനമായി വിദ്യാര്‍ത്ഥികള്‍ ദക്ഷിണാമൂര്‍ത്തിയെ ആരാധിച്ചാല്‍ വിദ്യാവിജയവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വസിക്കപ്പെട്ടുപോരുന്നത്. വിജയദശമിദിവസം ദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തില്‍ വിദ്യാരംഭം നടത്തുന്നത് ഐശ്വര്യകരമാണെന്നും വിശ്വസിക്കപ്പെടുന്നു.
നീലകണ്ഠന്‍
പാലാഴികടഞ്ഞപ്പോള്‍ ഉയര്‍ന്നുവന്ന കാളകൂട വിഷം പ്രപഞ്ച രക്ഷയ്ക്കായി ഭഗവാന്‍ ശിവന്‍ പാനം ചെയ്തു. ആ വിഷമാകട്ടെ ഭഗവാന്‍റെ കണ്ഠത്തില്‍ കുടുങ്ങിനിന്നു. അതോടെ അവിടെ നീലനിറമായി. ആ സങ്കല്‍പ്പത്തിലുള്ള ശിവനാണ് നീലകണ്ഠന്‍.
ചേര്‍ത്തലയ്ക്ക് സമീപമുള്ള തിരുവിഴ ക്ഷേത്രത്തില്‍ ശിവനെ നീലകണ്ഠനായി ആരാധിക്കുന്നു. കാസര്‍ഗോഡ് നീലേശ്വരത്ത് നീലേശ്വരനായും നീലകണ്ഠനെ പൂജിക്കുന്നു.
നീലകണ്ഠ സങ്കല്‍പ്പത്തിലുള്ള തിരുവിഴ മഹാദേവര്‍ ക്ഷേത്രം ഒട്ടേറെ സവിശേഷതകളുള്ള, കേരളത്തിലെ അതിപുരാതനമായ ഒരു ക്ഷേത്രമാണ്. കൈവിഷഹാരിയായ ശ്രീനീലകണ്ഠ ഭാവത്തില്‍ സ്വയംഭൂവാണ് ഇവിടുത്തെ മഹാദേവന്‍. കൈവിഷക്ഷേത്രത്തിനുള്ള മരുന്നുസേവ ഇവിടെ മാത്രം നടന്നുവരുന്ന ഒരു അത്ഭുത ചികിത്സയാണ്. പരദേശികളും അന്യമതസ്ഥരും ഉള്‍പ്പെടെ നിരവധി ഭക്തരാണ് മരുന്നുസേവയ്ക്കായി ദിവസവും ക്ഷേത്രത്തിലെത്തുന്നത്. തിരുനീലകണ്ഠന്‍റെ തിരുസന്നിധിയിലെത്തി ഔഷധസേവ നടത്തി അതിവേഗം സുഖംപ്രാപിച്ചുമടങ്ങുന്ന ചിത്തഭ്രമക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടുത്തെ നിത്യകാഴ്ചയാണെന്നാണ് നാട്ടുകാരും പറയുന്നത്. തിരുവിഴ മഹാദേവക്ഷേത്രത്തിലെ ഔഷധസേവയെപ്പറ്റി ഐതിഹ്യമാലയിലും മറ്റും വിശദമായി പ്രതിപാദിക്കുന്നുണ്ട്.
ക്ഷേത്രത്തിന്‍റെ പരിസരപ്രദേശങ്ങളില്‍ കാണപ്പെടുന്ന ഒരു പ്രത്യേകതരം ചെടിയുടെ നീരാണ് ഇടിച്ചുപിഴിഞ്ഞെടുത്ത് പാലില്‍ ചേര്‍ത്ത് പന്തീരടി പൂജയ്ക്ക് ദേവന് നിവേദിച്ച് ഔഷധമായി നല്‍കുന്നത്. ശാസ്ത്രീയമായ പഠനങ്ങളില്‍ ഈ ചെടിയുടെ ഔഷധഗുണത്തെ സംബന്ധിച്ച് കണ്ടെത്തലുകള്‍ ഒന്നുമില്ലാത്തതിനാല്‍ മഹാദേവന്‍റെ പ്രഭാവത്താലാണ് ഔഷധഗുണം കൈവരുന്നതെന്നാണ് വിശ്വാസം.
വൈദ്യനാഥന്‍
വൈദ്യനാഥന്‍ എന്നാല്‍ വൈദ്യന്മാരുടെ നാഥന്‍ എന്ന് അര്‍ത്ഥം. ഭക്തരെ രോഗപീഡകളില്‍ നിന്നും മാറാവ്യാധികളില്‍ നിന്നും മോചിപ്പിക്കുവാന്‍ കൈലാസനാഥനായ ശിവന്‍ വൈദ്യനാഥസങ്കല്പത്തിലും കുടികൊള്ളുന്നു എന്നാണ് വിശ്വാസം. ആ മൂര്‍ത്തിഭാവത്തെയാണ് വൈദ്യനാഥനായി കണക്കാക്കി ആരാധിക്കുന്നത്
കേരളത്തിലെ ഏറ്റവും പ്രശസ്തമായ വൈദ്യനാഥ ക്ഷേത്രം കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പിന് സമീപം സ്ഥിതി ചെയ്യുന്ന കാഞ്ഞിരങ്ങാട് ക്ഷേത്രമാണ്. അപൂര്‍വ്വങ്ങളായ ആചാരങ്ങളും വിശ്വാസങ്ങളുമുള്ള ഇവിടേക്ക്, ദൂരെ ദിക്കുകളില്‍ നിന്നുപോലും നൂറുകണക്കിന് ഭക്തരാണ് ദിവസവും വന്നുചേരുന്നത്. തങ്ങളുടെ മനസ്സുനിറഞ്ഞ പ്രാര്‍ത്ഥന ശ്രവിക്കുന്ന വൈദ്യനാഥനായ ശിവന്‍റെ അനുഗ്രഹത്താല്‍ മാറാവ്യാധികളും രോഗദുരിതങ്ങളും ഇല്ലാതാകുമെന്നാണ് അവരുടെ വിശ്വാസം.
ത്വക്ക്രോഗത്തിന് പ്രതിവിധി കണ്ടെത്തുവാന്‍ 12 ആദിത്യന്മാരില്‍ ഒരാള്‍ ക്ഷേത്രത്തിലെ വിഗ്രഹപൂജ നടത്തി എന്നാണ് വിശ്വാസം. സൂര്യതേജസ്സുള്ള വിഗ്രഹമായതിനാല്‍ ഞായറാഴ്ചകള്‍ക്കാണ് ഇവിടെ വലിയ പ്രാധാന്യം. ക്ഷേത്രസന്നിധിയില്‍ സൂര്യനമസ്ക്കാരം ചെയ്യുന്നത് ശ്രേഷ്ഠകരമായിട്ടാണ് കരുതപ്പെട്ടുപോരുന്നത്. വിഷബാധ മാറുവാനും വൈദ്യനാഥദര്‍ശനം ശ്രേഷ്ഠമാണ്. ക്ഷേത്രഭൂമിയിലാകെ അമൂല്യങ്ങളായ ഔഷധങ്ങളുടെ നിക്ഷേപമാണത്രേ ഉള്ളത്.
കുരുക്ഷേത്ര യുദ്ധകാലത്ത് പാണ്ഡവമാതാവായ കുന്തീദേവി തന്‍റെ മക്കളുടെ ദീര്‍ഘായുസ്സിനും വിജയത്തിനുമായി ഇവിടെ വന്ന്, വൈദ്യനാഥനെ വ്രതാനുഷ്ഠാനങ്ങളോടെ ഭജിച്ചു എന്നും പാണ്ഡവര്‍ വിജയിച്ച വാര്‍ത്ത വായുഭഗവാന്‍ കുന്തീദേവിയെ അറിയിച്ചത് ഇവിടത്തെ ആലിന്‍ചുവട്ടില്‍ വച്ചായിരുന്നു എന്നും അതുകേട്ട കുന്തദേവീ ആലിനെ വലം വച്ച് നമസ്ക്കരിച്ചു എന്നും തൊട്ടടുത്തുള്ള കാഞ്ഞിരത്തറയില്‍ പോയി ഇരുന്ന് വ്രതസമാപനസൂചകമായി മുറുക്കുകയും ചെയ്തു എന്നും വിശ്വാസം. ഒരു ധനു 18 ന് ആണ് ഇത് സംഭവിച്ചത്. അതിനാല്‍ ഇന്നും ആ കാഞ്ഞിരത്തിലെ ഇലയ്ക്ക് കയ്പ്പില്ല. വിശാലമായ ഭൂമിയില്‍ പൗരാണികതയുടെ മകുടോദാഹരണമായി സ്ഥിതി ചെയ്യുന്ന ക്ഷേത്രം ആ നിലയിലും സന്ദര്‍ശിക്കേണ്ട ഒരിടമാണ്.
കിരാതമൂര്‍ത്തി
അര്‍ജ്ജുനനെ സഹായിക്കാനായി കിരാതരൂപമെടുത്ത ശിവനെയാണ് കിരാതമൂര്‍ത്തി എന്നുപറയുന്നത്. വേട്ടക്കരന്‍ എന്ന അപരനാമത്തിലും അറിയപ്പെടുന്നു.
പാശുപതാസ്ത്ര സമ്പാദനത്തിനായി അര്‍ജ്ജുനന്‍ പരമശിവനെ ധ്യാനിച്ച് കഠിനമായ തപസ്സനുഷ്ഠിച്ചു. തപസിന്‍റെ പാരമ്യത്തില്‍ ക്ഷിപ്രപ്രസാദിയായ ഭഗവാന്‍ പാര്‍ത്ഥന് അഭീഷ്ടവരം നല്‍കുവാന്‍ അമാന്തിക്കുന്നതുകണ്ട് പാര്‍വ്വതിദേവി പരിഭവിച്ചു. അപ്പോള്‍ ഭഗവാന്‍ ഒരു കാട്ടാളവേഷം ധരിച്ച് താപസസ്ഥലത്തേയ്ക്ക് പുറപ്പെടുന്നത് കണ്ട് പരിഭ്രമിച്ച പാര്‍വ്വതി വേഷമാറ്റത്തിനുള്ള കാരണം തിരക്കിയപ്പോള്‍, അഹങ്കാരിയായ അര്‍ജ്ജുനന് ഗര്‍വ്വശമനം വരുത്താതെ വരം നല്‍കിയാല്‍ അത് ഫലം ചെയ്യില്ലെന്നായിരുന്നു മഹാദേവന്‍റെ മറുപടി. അങ്ങനെ കാട്ടാളവേഷം ധരിച്ച ശിവനെയാണ് കിരാതമൂര്‍ത്തിയായി ആരാധിക്കുന്നത്. കേരളത്തിലെ പല പുരാതനതറവാടുകളിലും ശിവന്‍റെ കാട്ടാളരൂപത്തെ പരദേവതയായി ആരാധിക്കുന്നുണ്ട്. വേട്ടേക്കരന്‍ എന്ന രൂപത്തിലും സങ്കല്‍പ്പിച്ച് ആരാധിക്കാറുണ്ട്.
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കില്‍ തച്ചമ്പാറ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന മുളകുറിശ്ശി ക്ഷേത്രം, കോട്ടയം ജില്ലയില്‍ പുന്നത്തറ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന കക്കയം കിരാതമൂര്‍ത്തി ക്ഷേത്രം എന്നിവയാണ് കേരളത്തിലെ പ്രശസ്തമായ കിരാതമൂര്‍ത്തി ക്ഷേത്രങ്ങള്‍. എറണാകുളം നഗരമദ്ധ്യത്തിലെ എറണാകുളത്തപ്പന്‍ ക്ഷേത്രവും, ആലപ്പുഴ ജില്ലയിലെ പാണാവള്ളിയിലുള്ള നാല്‍പ്പത്തെണ്ണീശ്വരം ശിവക്ഷേത്രവും ഭഗവാന്‍ പരമേശ്വരന്‍ കിരാതമൂര്‍ത്തിയായി പാര്‍വ്വതിസമേതം കുടികൊള്ളുന്ന ക്ഷേത്രങ്ങളാണ്.
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ രാവിലെ ഭഗവാനെ ദക്ഷിണാമൂര്‍ത്തിയായും ഉച്ചയ്ക്ക് കിരാതമൂര്‍ത്തിയായും വൈകിട്ട് പാര്‍വ്വതിസമേതനായ പരമേശ്വരനായും ആരാധിക്കുന്നു. രാവിലെ ദര്‍ശനം നടത്തിയാല്‍ ജ്ഞാനവും ഉച്ചയ്ക്ക് ദര്‍ശനം നടത്തിയാല്‍ സിദ്ധിയും പ്രാപ്തമാകുമെന്നാണ് വിശ്വാസം.
കാലസംഹാര മൂര്‍ത്തി
തിരുനാവായ്ക്ക് സമീപം തൃപ്പങ്ങോട്ട് ശിവക്ഷേത്രത്തില്‍ ശിവനെ കാലസംഹാരമൂര്‍ത്തിയായിട്ടാണ് ആരാധിക്കുന്നത്.
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രങ്ങളിലൊന്നാണ് തൃപ്പങ്ങോട്ട് ശിവക്ഷേത്രം. കാലസംഹാര മൂര്‍ത്തി സങ്കല്‍പ്പത്തില്‍ പടിഞ്ഞാറോട്ട് ദര്‍ശനമായിട്ടാണ് ഇവിടുത്തെ പ്രതിഷ്ഠ. കൂടാതെ വേറെയും നാല് ശിവപ്രതിഷ്ഠകള്‍ ഈ ക്ഷേത്രത്തിലുണ്ട്.
പതിനെട്ട് പുരാണങ്ങളില്‍ അതിപ്രസിദ്ധമായ മാര്‍ക്കണ്ഡേയ പുരാണത്തില്‍ നിന്നെടുത്ത കഥയാണ് ഈ ക്ഷേത്രത്തിന്‍റെ ഉത്ഭവത്തിന് ആധാരം. താപസശ്രേഷ്ഠനായ മൃഗണ്ഡു മഹര്‍ഷിക്കും പത്നി മദ്രുവതിക്കും ശിവനെ ഭജിച്ചു ലഭിച്ച പുത്രനാണ് മാര്‍ക്കണ്ഡേയന്‍. അല്‍പ്പായുസാണ് ഭഗവാന്‍ മാര്‍ക്കണ്ഡേയന് വിധിച്ചിരുന്നത്. അതിന്‍പ്രകാരം 16-ാം വയസ്സില്‍ മാര്‍ക്കണ്ഡേയന്‍റെ ആയുസിന്‍റെ അന്ത്യമടുത്ത വിവരമറിഞ്ഞ് പോത്തിന്‍റെ പുറത്തേറി കാലന്‍ പുറപ്പെട്ടു. തിരുനാവായ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയായിരുന്ന മാര്‍ക്കണ്ഡേയന്‍ ഭയന്നുവിറച്ച് ശ്രീലകത്ത് കടന്ന് നാവാമുകുന്ദനെ ശരണം പ്രാപിച്ചപ്പോള്‍ ഭഗവാന്‍ അവനോട് പറഞ്ഞു, ശിവനെ ശരണം പ്രാപിക്കുവാന്‍.
അതിന്‍പ്രകാരം തൃപ്പങ്ങോട്ട് ക്ഷേത്രത്തിന്‍റെ ശ്രീകോവിലില്‍ കടന്നുചെന്ന് അവിടുത്തെ ശിവലിംഗത്തെ കെട്ടിപ്പിടിച്ച് സഹായം അഭ്യര്‍ത്ഥിച്ച മാര്‍ക്കണ്ഡേയന് നേരെ കാലന്‍ കയര്‍ എറിഞ്ഞപ്പോള്‍ ശിവലിംഗവും അതില്‍പ്പെടുകയും, ശിവലിംഗത്തിന് ഇളക്കം തട്ടുകയും ചെയ്തു. ആ മാത്രയില്‍ തന്നെ ശിവലിംഗത്തില്‍ നിന്ന് പ്രത്യക്ഷപ്പെട്ട പരമശിവന്‍ വലിയൊരു ഏറ്റുമുട്ടലിനുശോഷം തന്‍റെ ശൂലം കൊണ്ട് കാലനെ കുത്തിക്കൊന്നു. ശേഷം അടുത്തുള്ള കുളത്തില്‍ ശൂലം കഴുകിയശേഷം സ്വയംഭൂവായി അവതരിക്കുകയായിരുന്നു.
അങ്ങനെ അത്യുഗ്രമൂര്‍ത്തിയായ കാലാന്ത കാലന്‍ മൃത്യുഞ്ജയനായി വാഴുന്ന ക്ഷേത്രത്തിലെത്തി കാലകാലനെ ഭജിച്ചാല്‍ മരണഭയത്തില്‍ നിന്നും രോഗാവശതകളില്‍ നിന്നും മോചനം ലഭിക്കുമെന്നാണ് വിശ്വാസം.
അഘോരമൂര്‍ത്തി
ശിവന്‍റെ അഞ്ച് മുഖങ്ങളില്‍ ഒന്നാണ് അഘോരഭാവം. അഘോരന്‍ എന്നാല്‍ ഒട്ടും ഘോരന്‍ (സൗമ്യന്‍) അല്ലാത്തവനെന്ന് അര്‍ത്ഥം.
ഏറ്റുമാനൂര്‍ക്ഷേത്രത്തില്‍ അഘോരമൂര്‍ത്തിയായിട്ടാണ്(ഉഗ്രമൂര്‍ത്തി) ശിവനെ ആരാധിക്കുന്നത്. ഭക്തര്‍ക്ക് സൗമ്യനും ദുഷ്ടന്മാര്‍ക്ക് ഘോരനുമായ ഭഗവാനായിട്ടാണ് ഏറ്റുമാനൂരപ്പനെ കരുതപ്പെട്ടുപോരുന്നത്. കോട്ടയം ജില്ലയില്‍ ഏറ്റുമാനൂര്‍ നഗരഹൃദയത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രൗദ്രഭാവത്തിലുള്ള പരമശിവനാണ് മുഖ്യപ്രതിഷ്ഠ. ഭഗവാന്‍ ഭക്തര്‍ക്ക് ദിവസവും മൂന്ന് ഭാവങ്ങളില്‍ ദര്‍ശനം നല്‍കുന്നതായാണ് വിശ്വാസം. രാവിലെ ശിവശക്തി ഐക്യരൂപമായ അര്‍ദ്ധനാരീശ്വരനായും, ഉച്ചയ്ക്ക് അര്‍ജ്ജുനനെ പരീക്ഷിച്ച് പാശുപതാസ്ത്രം നല്‍കിയ കിരാതമൂര്‍ത്തിയായും, വൈകിട്ട് പ്രപഞ്ചത്തെ മുച്ചൂടും ഇല്ലാതാക്കുന്ന സംഹാരരുദ്രനായുമാണ് ദര്‍ശനം നല്‍കുന്നത്.
ഒരുപാട് ഐതിഹ്യങ്ങളും ചരിത്രവും ആചാരസവിശേഷതകളുമുള്ളതാണ് ഏറ്റുമാനൂര്‍ ക്ഷേത്രം. ഇവിടുത്തെ ഏഴരപ്പൊന്നാന എഴുന്നെള്ളത്തും കൈവിളക്കും പ്രസിദ്ധമാണ്. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ ഏഴ് വലിയ ആനകളും ഒരു ചെറിയ ആനയുമടങ്ങുന്ന ശിവരൂപമാണ് ഏഴരപ്പൊന്നാന. കുംഭമാസത്തിലെ ഉത്സവത്തിനിടയ്ക്ക് എട്ടാം നാളില്‍ ആസ്ഥാനമണ്ഡപത്തില്‍ ഭഗവാന്‍റെ തിടമ്പിനൊപ്പം ഏഴരപ്പൊന്നാനയും പ്രദര്‍ശനത്തിന് വയ്ക്കും. അത് കണ്ടുതൊഴുന്നത് വലിയ അനുഗ്രഹമാണെന്ന് വിശ്വസിച്ചുപോരുന്നു.
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ കെടാവിളക്ക് കത്തിനില്‍ക്കുന്ന ക്ഷേത്രവും ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രമാണ്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പെന്നോ സ്ഥാപിച്ച ഈ വിളക്ക് ഇന്നും കെടാതെ കത്തുന്നു എന്നും വിശ്വസിച്ചുപോരുന്നു.
പാര്‍വതീസമേത ശിവന്‍
പാര്‍വ്വതീസമേതനായി ശിവന്‍ കുടികൊള്ളുന്ന ക്ഷേത്രങ്ങള്‍ നിരവധിയുണ്ടെങ്കിലും പ്രധാനപ്പെട്ടത് തിരുവൈരാണിക്കുളം ക്ഷേത്രമാണ്.
എറണാകുളം ജില്ലയില്‍ ആലുവ താലൂക്കിലാണ് മൃത്യുഞ്ജയനായ ശിവനും ആദിപരാശക്തിയായ പാര്‍വ്വതിയും പ്രധാന പ്രതിഷ്ഠകളായുള്ള തിരുവൈരാണിക്കുളം മഹാദേവര്‍ ക്ഷേത്രം. കൂട്ടത്തില്‍ പാര്‍വ്വതിദേവിക്കാണ് കൂടുതല്‍ പ്രസിദ്ധി. ശിവന്‍ കിഴക്കോട്ടും പാര്‍വ്വതി പടിഞ്ഞാറോട്ടും ഒരേ ശ്രീകോവിലില്‍ ദര്‍ശനം നല്‍കുന്നുണ്ടെങ്കിലും ധനുമാസത്തിലെ തിരുവാതിരനാള്‍ മുതല്‍ 12 ദിവസം മാത്രമേ ഇവിടെ ശ്രീപാര്‍വ്വതി ദേവിയുടെ നട തുറക്കുകയുള്ളൂ.
അതുകൊണ്ടുതന്നെ ഈ ദിവസങ്ങളില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് ഭക്തരാണ് ഇവിടേക്ക് എത്തിച്ചേരുക. അതില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണെന്നതിനാല്‍ സ്ത്രീകളുടെ ശബരിമല എന്ന പേരിലും തിരുവൈരാണിക്കുളം ക്ഷേത്രം അറിയപ്പെടുന്നു. ഈ പന്ത്രണ്ട് ദിവസത്തെ ശ്രീ പാര്‍വ്വതിദേവിയുടെ നടതുറപ്പ് മഹോത്സവം എന്ന പേരിലാണ് അറിയപ്പെടുന്നത്. മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത ഇങ്ങനൊരു വിശേഷാല്‍ച്ചടങ്ങ് ഇവിടെ തുടങ്ങാനൊരു കാരണമുണ്ട്.
പണ്ടുകാലത്ത് ദേവിയുടെ നട എന്നും തുറന്നിരുന്നു. അന്ന് ക്ഷേത്രത്തില്‍ ഭഗവാന് നിവേദ്യം തയ്യാറാക്കിയിരുന്നത് ദേവിയായിരുന്നു. ഈ സങ്കല്‍പ്പത്തില്‍ നിവേദ്യത്തിനുള്ള സാധനങ്ങള്‍ തിടപ്പള്ളിയിലെത്തിച്ചാല്‍ പിന്നെ അത് അടച്ചിടുകയാണ് പതിവ്. നിശ്ചിതസമയം കഴിഞ്ഞ് തുറന്നുനോക്കുമ്പോഴേക്കും നിവേദ്യം തയ്യാറായിട്ടുണ്ടാകും. ഒരു ദിവസം നിശ്ചിത സമയത്തിനു മുന്‍പ് തിടപ്പള്ളി തുറന്ന് നിവേദ്യരഹസ്യം കണ്ടുപിടിച്ചു. അതില്‍ കുപിതയായ ദേവി അവിടം വിട്ടുപോകാന്‍ തീരുമാനിച്ചപ്പോള്‍ വര്‍ഷത്തില്‍ 12 ദിവസങ്ങളില്‍ ദര്‍ശനം നല്‍കാമെന്ന് സമ്മതിച്ചു. അങ്ങനെയാണ് പാര്‍വ്വതിദേവിയുടെ നട 12 ദിവസം മാത്രം തുറക്കാന്‍ തുടങ്ങിയത്.
അതിരൗദ്രശിവന്‍
അതിരൗദ്രതയേറിയ ശിവഭാവമാണ് പൊക്കുനി മഹാദേവ ക്ഷേത്രത്തിലെ ശിവപ്രതിഷ്ഠ. പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ വടവന്നൂരിലാണ് ഈ പുരാതനക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രസിദ്ധമായ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നായ ഇവിടെ പരശുരാമന്‍ കുളത്തിലാണ് പ്രതിഷ്ഠ നടത്തിയതെന്നാണ് ഐതിഹ്യം. മഹാദേവന്‍റെ കാഠിന്യം കുറയ്ക്കുവാനും ശാന്തിനല്‍കുവാനുമുള്ള മാര്‍ഗ്ഗമായിട്ടാണ് പരശുരാമന്‍ ശിവവിഗ്രഹം കുളത്തില്‍ സ്ഥാപിച്ചത്. അതുകൊണ്ടുതന്നെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കുളത്തിലാണ്.
കപാലീശ്വരന്‍
കണ്ണൂര്‍ ജില്ലയിലെ പെരളശ്ശേരി പഞ്ചായത്തില്‍ കാട്ടാച്ചിറയില്‍ സ്ഥിതി ചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് കാട്ടാച്ചിറ ശ്രീതൃക്കച്ചാലം മഹാശിവക്ഷേത്രം. 108 ശിവക്ഷേത്രങ്ങളില്‍ പറയുന്ന മൂന്ന് തൃക്കപാലീശ്വരങ്ങളില്‍ ഒന്നാണിത്. പെരളശ്ശേരി തൃക്കച്ചാലം മഹാക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്ന് വിശ്വസിക്കുന്നു. ഇവിടെ ശിവപ്രതിഷ്ഠ സങ്കല്‍പ്പം കപാലീശ്വരനാണ്. കപാലീശ്വര സങ്കല്‍പ്പത്തിലുള്ള രണ്ട് ശിവലിംഗപ്രതിഷ്ഠകളുള്ള അപൂര്‍വ്വം ക്ഷേത്രമാണിത്. രണ്ട് ശിവലിംഗങ്ങളും കിഴക്ക് ദര്‍ശനം നല്‍കിയാണ് പ്രതിഷ്ഠ.
കിഴക്കുവശത്തായി ഒരു ക്ഷേത്രക്കുളമുണ്ട്. മഹാദേവന്‍റെ രൗദ്രഭാവത്തിന് ശമനം ഉണ്ടാക്കുവാനായി ആ ക്ഷേത്രക്കുളത്തിലേക്ക് ക്ഷേത്രേശന്മാരുടെ ദൃഷ്ടി വരത്തക്കവിധമാണ് പ്രതിഷ്ഠ നടത്തിയിരിക്കുന്നത്.
ത്രിനേത്രന്‍
ത്രിനേത്രം തുറന്ന നിലയിലുള്ള ശിവനെയാണ് കുറുകൈ ശിവക്ഷേത്രത്തില്‍ ആരാധിച്ചുവരുന്നത്. മന്മഥനെ എരിച്ചുകളയാനായിട്ടാണ് ശിവന്‍ മൂന്നാം കണ്ണ് തുറന്ന് അഗ്നി വമിപ്പിച്ചതെന്നാണ് വിശ്വാസം. മുന്നില്‍ കാണുന്ന എന്തിനേയും എരിച്ചുകളയുവാന്‍ ശേഷിയുള്ളതാണ് ശിവന്‍റെ ക്രോധാഗ്നി. ഓരോവട്ടം ശിവന്‍ തന്‍റെ മൂന്നാം കണ്ണ് തുറക്കുമ്പോഴും പിന്നില്‍ നിന്ന് പ്രാര്‍ത്ഥനകളോടെ പാര്‍വ്വതി അത് അടപ്പിക്കുന്നതായാണ് പുരാണങ്ങളില്‍ പറയുന്നത്. ശിവന്‍റെ മൂന്നാം കണ്ണ് ലോകത്തിന്‍റെ വെളിച്ചം കൂടിയാണ്. നാശം വിതയ്ക്കാനും വെളിച്ചം നല്‍കാനും ഒരുപോലെ കഴിവുള്ള ഈ മൂന്നാം കണ്ണ് പുരാണങ്ങളില്‍ പലേടത്തും പ്രാധാന്യത്തോടെ പരാമര്‍ശിക്കുന്നുണ്ട്.
