നിറങ്ങളുടെ ഉത്സവം

നിറങ്ങളുടെ ഉത്സവം

HIGHLIGHTS

സാമ്പത്തിക ഉയര്‍ച്ചയുണ്ടാകുവാന്‍ ഭക്തര്‍ പ്രത്യേകിച്ച് വ്യാപാരികളും വ്യവസായികളും വീടുകളിലും വ്യവസായ സ്ഥാപനങ്ങളിലും സമ്പത്തിന്‍റെ ദേവതയായ ധനലക്ഷ്മിയെ പൂജിക്കുന്ന ദിവസമായും ദീപാവലിയെ കണക്കാക്കിവരുന്നു. അതിനാല്‍ ലക്ഷ്മീപൂജയെന്ന പേരിലും ദീപാവലി അറിയപ്പെടുന്നു.

എവിടെയും ആഹ്ലാദത്തിമിര്‍പ്പിന്‍റെയും സന്തോഷത്തിന്‍റെയും ആരവങ്ങളുടെയും അലയടികള്‍. കുട്ടികളും യുവാക്കളും പ്രായമായവരുമെല്ലാം സന്തോഷത്തിന്‍റെ നിറവില്‍ തങ്ങളുടെ വര്‍ണ്ണങ്ങളുടെ ഉത്സവമായ ദീപാവലിയെ എതിരേല്‍ക്കാന്‍ സജ്ജമായിക്കഴിഞ്ഞു. നാടുംനഗരവും ഒരു പ്രത്യേക ഉണര്‍വിന്‍റെ ലോകത്തിലേക്ക് വഴുതിവീണ പ്രതീതി. വീടും പരിസരവും ഒരുത്സവത്തിന്‍റെ അതിരറ്റ ആവേശത്തോടെ ദീപാവലിയെ സ്വീകരിക്കുവാന്‍ തയ്യാറായിക്കഴിഞ്ഞു...

ദീപാവലി, നിറങ്ങളുടെ ഉത്സവം മാത്രമല്ല, മറിച്ച് വിവിധ സംസ്ക്കാരങ്ങളുടെ മൂല്യം നിലനിര്‍ത്തുന്ന ഒരുത്സവം കൂടിയാണ്. മധുരപലഹാരങ്ങളുടെയും, മിഠായികളുടെയും വിതരണത്തിലൂടെ ഊട്ടിവളര്‍ത്തുന്ന ഒരു സംസ്ക്കാരത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും ചുവടുപിടിച്ചുകൊണ്ട് ആഘോഷിച്ചുപോരുമ്പോള്‍ വര്‍ണ്ണങ്ങളുടെയും വിവിധ നിറച്ചാര്‍ത്തുകളുടെയും 'രംഗോലികള്‍' തീര്‍ക്കുമ്പോള്‍ ഇത് വെറുമൊരു വര്‍ണ്ണവിസ്മയമല്ലെന്നും, ബന്ധങ്ങളേയും സൗഹൃദങ്ങളേയും കൂട്ടിയുറപ്പിക്കുന്ന എവിടെയും കാണാത്ത ഒരുത്സവമായി ദീപാവലി മാറുമെന്ന് പറയുമ്പോള്‍ ഭാരതത്തിന്‍റെ പാരമ്പര്യവും അഖണ്ഡതയും ഈ ഉത്സവത്തിലൂടെ ഉയര്‍ത്തിക്കാണിക്കുക തന്നെയാണ്. അതുകൊണ്ടുതന്നെ ഈ ഉത്സവം തിന്മയുടെ മേല്‍ നന്മയുടെ വിജയമായി ആഘോഷിച്ചുപോരുന്നതും.

ഭാരതത്തില്‍ ഉടനീളം ആചരിച്ചുപോരുന്ന ഒരു ഉത്സവം തന്നെയാണ് ദീപാവലി അഥവാ നമ്മള്‍ വിളിച്ചുപോരുന്ന 'ദീവാളി.' അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ഈ ഉത്സവം ഭാരതത്തില്‍ വര്‍ഷങ്ങളായി ആചരിച്ചുപോരുന്നതും വിവിധങ്ങളായ ഐതിഹ്യങ്ങളുടെ പിന്‍ബലത്തില്‍ അറിയപ്പെടുന്നതുമാണ്. ദീപാവലി എല്ലാവര്‍ഷവും ഒക്ടോബര്‍ മാസം രണ്ടാം പകുതി മുതല്‍ നവംബര്‍ ആദ്യപകുതിവരെയുള്ള അമാവാസിയോട് ചേര്‍ന്നുവരുന്നു. 

അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ഈ ആഘോഷങ്ങള്‍ അമാവാസിക്ക് രണ്ടുദിവസം മുന്‍പേ വരുന്ന 'ധന്തേരസി'ന്‍റെ ദിവസത്തോടൂകൂടി ആരംഭം കുറിക്കുന്നു. അന്നേദിവസം വീടും പരിസരവും, ഉദ്യോഗസ്ഥാപനങ്ങളും വൃത്തിയാക്കി അലങ്കാരങ്ങളും മറ്റുമൊരുക്കി ധനലക്ഷ്മി പൂജ നടത്തുന്ന ദിവസമാണ്. ഈ ദിവസം പൂജ നടത്തുന്നതിലൂടെ പലവിധത്തിലുള്ള നേട്ടങ്ങളും സമ്പത്തും അഭിവൃദ്ധിയും ഉണ്ടാകുമെന്നാണ് സങ്കല്‍പ്പം. ഈ ദിവസം വീടുകളില്‍ സ്വര്‍ണ്ണാഭരണങ്ങളും പാത്രങ്ങളും മറ്റും വാങ്ങുന്നതും അതിവിശിഷ്ടമായി കരുതിപ്പോരുന്നു.

രണ്ടാം ദിവസമായ 'നരകചതുര്‍ദശി' അഥവാ ചോതി ദീപാവലി എന്നറിയപ്പെടുന്ന ദിവസം കൃഷ്ണഭഗവാന്‍ നരകാസുരനെ വധിച്ചതിന്‍റെ സ്മരണയ്ക്കായി ആഘോഷിച്ചുപോരുന്നു. ഈ ദിവസം പൂര്‍വ്വീകരുടെ ആത്മാക്കള്‍ക്കായി പ്രത്യേക പൂജകളും ചെയ്തുപോരുന്നു.

മൂന്നാം ദിവസം നടക്കുന്ന ലക്ഷ്മീപൂജയില്‍ കുടുംബത്തിന്‍റെ ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടി പൂജകളും മറ്റും നടത്തുന്നതിനോടൊപ്പം ഗൃഹങ്ങളില്‍ വിളക്കുകളും ചിരാതുകളും കത്തിക്കുകയും അതോടൊപ്പം പടക്കങ്ങളും മറ്റും പൊട്ടിച്ച് ഈ ദിവസത്തെ വരവേല്‍ക്കുന്നു. ഉത്സവത്തിന്‍റെ പാരമ്യത വിളിച്ചോതുന്ന ഈ ദിവസത്തെ ദീപാവലിയായി കണക്കാക്കുന്നു. ദീപാവലി ഉത്സവങ്ങളുടെ പ്രധാനദിവസം കൂടിയാണിത്.

നാലാം ദിവസം ഗോവര്‍ദ്ധന്‍ പൂജയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ദിവസം ചില സംസ്ഥാനങ്ങള്‍ പുതുവര്‍ഷമായും ആചരിച്ചുപോരുന്നു. വ്യാപാരികള്‍ ഈ ദിവസം മതപരമായ ചടങ്ങുകളും പൂജകളും പ്രത്യേകം ചെയ്യുന്നതിനോടൊപ്പം അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള പുതിയ അക്കൗണ്ട് ബുക്കുകളും തുറക്കുന്നു.

അഞ്ചാം ദിവസം സഹോദരീ സഹോദരങ്ങള്‍ തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെ എടുത്തുകാണിക്കുന്നു. ഈ ദിവസത്തെ 'ഭായ് ഭുജ്' എന്നാണ് അറിയപ്പെടുന്നത്. അന്നേദിവസം സഹോദരിമാര്‍ സഹോദരങ്ങളുടെ ഗൃഹങ്ങള്‍ സന്ദര്‍ശിക്കുകയും അവരുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഈ ദിവസം സുഹൃത്തുക്കളുടെയും ബന്ധുജനങ്ങളുടെയും വീടുകള്‍ സന്ദര്‍ശിക്കുവാന്‍ ജനങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചുപോരുന്നു. ഇതിലൂടെ സുഹൃത്ബന്ധങ്ങളെ തീക്ഷ്ണവും കെട്ടുറപ്പുള്ളതുമാക്കി മാറ്റുന്നു.

ദീപാവലിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളും നിലനിന്നുപോരുന്നു. അതില്‍ പ്രധാനമായും, ശ്രീരാമന്‍ പതിനാലുവര്‍ഷത്തെ വനവാസം കഴിഞ്ഞ് സീതാദേവി, ലക്ഷ്മണന്‍, ഹനുമാന്‍ എന്നിവരുമൊത്ത് അയോദ്ധ്യയിലേക്ക് തിരിച്ചെത്തുന്ന ദിവസത്തെ ദീപാവലിയായി ആചരിച്ചുപോരുന്നുവെന്ന് ഒരു ഐതിഹ്യം പറയുന്നു. 

അയോദ്ധ്യാനിവാസികള്‍ ഇവരെ അതിഗംഭീരമായി വരവേല്‍ക്കുവാന്‍ അലങ്കരിച്ച രഥത്തില്‍ രാജപാതയുടെ ഇരുവശങ്ങളിലും മണ്‍ചിരാതുകള്‍ കത്തിച്ചും മറ്റു ദീപാലങ്കാരങ്ങളുമൊരുക്കിയാണ് സ്വീകരിച്ചത്. ഇതിന്‍റെ സന്തോഷസൂചകമായും ഒരു ഓര്‍മ്മപുതുക്കലുമായിട്ടാണ് ദീപാവലി ആഘോഷിക്കുന്നതെന്ന് ഒരു സങ്കല്‍പ്പവും നിലവിലുണ്ട്.

ശ്രീകൃഷ്ണഭഗവാന്‍ നരകാസുരനെ വധിക്കുകയും അതിലൂടെ ലോകത്തെ രക്ഷിക്കുകയും ചെയ്തതിന്‍റെ ഓര്‍മ്മയ്ക്കായും ദീപാവലി ആഘോഷിച്ചുപോരുന്നതായി വേറൊരു ഐതിഹ്യം കൂടി നിലനിന്നുപോരുന്നു. ഈ വിശ്വാസത്തിന്‍റെ ചുവടുപിടിച്ചുകൊണ്ടാണ് ദീപാവലി ആചരിച്ചുപോരുന്നത്.

പാലാഴിമഥനത്തിലൂടെ മഹാലക്ഷ്മി അവതരിച്ച ദിവസത്തെ ദീപാവലിയുമായി ബന്ധപ്പെടുത്തിയ മറ്റൊരു വിശ്വാസവും ഉണ്ട്. സമ്പത്തിന്‍റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മീദേവിയെ പൂജിക്കുന്ന ഒരുത്സവം കൂടിയാണ് ദീപാവലിയെന്ന ഈ മഹോത്സവം. ഹൈന്ദവ വിശ്വാസപ്രകാരം പാലാഴിയില്‍ നിന്നുള്ള മഹാലക്ഷ്മിയുടെ അവതാരദിവസമായി ദീപാവലി കണക്കാക്കപ്പെടുന്നതായും മറ്റൊരു വിശ്വാസം നിലനില്‍ക്കുന്നു. സാമ്പത്തിക ഉയര്‍ച്ചയുണ്ടാകുവാന്‍ ഭക്തര്‍ പ്രത്യേകിച്ച് വ്യാപാരികളും വ്യവസായികളും വീടുകളിലും വ്യവസായ സ്ഥാപനങ്ങളിലും സമ്പത്തിന്‍റെ ദേവതയായ ധനലക്ഷ്മിയെ പൂജിക്കുന്ന ദിവസമായും ദീപാവലിയെ കണക്കാക്കിവരുന്നു. അതിനാല്‍ ലക്ഷ്മീപൂജയെന്ന പേരിലും ദീപാവലി അറിയപ്പെടുന്നു.

പുതുവസ്ത്രങ്ങളണിഞ്ഞ് ആബാലവൃദ്ധം ജനങ്ങള്‍ തെരുവുകളിലൂടെ മധുരപലഹാരങ്ങളും മറ്റും വിതരണം ചെയ്യുന്നതും നാടും നഗരവും വൃത്തിയും വെടിപ്പുമായി അലങ്കരിച്ചും ദീപപ്രഭയില്‍ കുളിച്ചുനില്‍ക്കുന്ന രമ്യഹര്‍മ്യങ്ങളും ആകാശത്തെ കീറിമുറിച്ചുകൊണ്ട് വിസ്മയം തീര്‍ക്കുന്ന പല വര്‍ണ്ണങ്ങളിലും കണ്ണുമഞ്ചിപ്പിക്കുന്ന അമിട്ടുകളും പടക്കങ്ങളും കാതടപ്പിക്കുന്ന വെടിക്കെട്ടിന്‍റെ ശബ്ദകോലാഹലങ്ങളും കൊണ്ട് ഹരമാക്കി ത്തീര്‍ക്കുന്ന നിറങ്ങളുടെയും അതിഥിസല്‍ക്കാരങ്ങളുടെയും സാഹോദര്യബന്ധങ്ങളുടെയുമൊക്കെ കഥയാണ് ദീപാവലിയെന്ന ആ മഹോത്സവത്തിന് പിന്നിലുള്ളത്. ലോകത്തൊരിടത്തും കാണാന്‍ കഴിയാത്ത ഈ അത്ഭുത ആഘോഷം ഭാരതത്തിന്‍റെ പാരമ്പര്യവും, സംസ്ക്കാരവും, പൈതൃകവും എന്നും വിളിച്ചോതുന്നുവെന്ന്  നിസ്സംശയം പറയുന്നതില്‍ തെറ്റില്ല.