പ്രതീക്ഷയുടെയും ഉത്സാഹത്തിന്റെയും  ദീപപ്രഭ ചൊരിഞ്ഞുനില്ക്കുന്ന ദീപാവലി

പ്രതീക്ഷയുടെയും ഉത്സാഹത്തിന്റെയും ദീപപ്രഭ ചൊരിഞ്ഞുനില്ക്കുന്ന ദീപാവലി

ഉത്സവങ്ങളുടെ നാടാണ് ഭാരതം. ഒരു വര്‍ഷത്തിലുടനീളം എണ്ണമറ്റ ഉത്സവങ്ങള്‍ നമ്മള്‍ ആഘോഷിക്കാറുണ്ട്. ലോകകാര്യങ്ങളില്‍ മുഴുകിയിരിക്കുന്ന മനുഷ്യമനസ്സിനെ ഈശ്വരസ്മരണയിലേക്കും, ആത്മാന്വേഷണത്തിലേക്കും തിരിച്ചുവിടുക എന്നതാണ് ഉത്സവങ്ങളുടെ ലക്ഷ്യം. അതുപോലെ തന്നെ സാംസ്ക്കാരികമായ ഐക്യം ജനങ്ങളില്‍ വളര്‍ത്താനും ഉത്സവങ്ങള്‍ ഉപകരിക്കുന്നു. ദീപാവലി ദീപങ്ങളുടെ ഉത്സവമാണ്; പ്രകാശത്തിന്‍റെ ഉത്സവമാണ.് പ്രകാശം നന്മയെയും ജ്ഞാനത്തെയും പ്രതിനിധീകരിക്കുമ്പോള്‍ ഇരുട്ട് തിന്മയുടേയും അജ്ഞാനത്തിന്‍റേയും പ്രതീകമാകുന്നു.

ദീപാവലിയെക്കുറിച്ച് വ്യത്യസ്തമായ ഐതിഹ്യങ്ങളുണ്ട്. 14 വര്‍ഷത്തെ വനവാസത്തിനുശേഷം ശ്രീരാമന്‍ അയോദ്ധ്യയില്‍ തിരിച്ചെത്തിയപ്പോള്‍ രാജ്യം മുഴുവന്‍ ദീപങ്ങള്‍ തെളിയിച്ച് പ്രജകള്‍ അദ്ദേഹത്തെ വരവേറ്റതിന്‍റെ ഓര്‍മ്മയാണ് ദീപാവലിയെന്നാണ് ഒരു ഐതിഹ്യം. തിന്മയുടെ പ്രതീകമായ നരകാസുരനെ വധിച്ച് ശ്രീകൃഷ്ണന്‍ ലോകത്തിന് നന്മയുടെ വെളിച്ചം പകര്‍ന്നതിന്‍റെ ഓര്‍മ്മയായാണ് ദീപാവലി ആഘോഷിക്കുന്നതെന്നത് മറ്റൊരു ഐതിഹ്യം. ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും ദീപാവലി ആഘോഷിക്കുമെങ്കിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ആഘോഷത്തിന്‍റെ തിളക്കം കൂടുതല്‍.

കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ദിവസം വരുന്ന ദീപാവലി ഭാരതത്തിലെ ഏറ്റവും കൂടുതല്‍ ജനവിഭാഗം കൊണ്ടാടുന്ന മഹോത്സവമാണ്. പേര് സൂചിപ്പിക്കുന്നതുപോലെ ദീപങ്ങളുടെ ആവലി(കൂട്ടം)യാണ് ദീപാവലി. സംസ്ക്കാരത്തിന്‍റെ സംരക്ഷണവും പോഷണവുമാണല്ലോ ആഘോഷങ്ങളുടെ മുഖ്യധര്‍മ്മം. വിജ്ഞാനവും, വിനോദവും നല്‍കുന്ന ആചാരാനുഷ്ഠാനങ്ങളോടുകൂടിയ ഉത്സവങ്ങള്‍ നിരക്ഷരനുപോലും വിജ്ഞാനം പകര്‍ന്നുകൊടുക്കുന്ന അനൗപചാരിക വിദ്യാഭ്യാസ പ്രക്രിയയാണ്. ദീപാവലിയുമായി ബന്ധപ്പെട്ട ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, വിശ്വാസങ്ങള്‍, സങ്കല്‍പ്പങ്ങള്‍, കലാപരിപാടികള്‍ എന്നിവ ജനങ്ങളെ സ്വാധീനിച്ചതുപോലെ മറ്റൊരു ആഘോഷമില്ലെന്നുതന്നെ പറയാം. കുടില്‍ മുതല്‍ കൊട്ടാരം വരെയും പാമരനും പണ്ഡിതനുമൊക്കെ ഒരുപോലെ നെഞ്ചിലേറ്റുന്ന ദിവസമാണ് ദീപാവലി.

ദീപാവലി ആചാരങ്ങള്‍

അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ആചാര ആഘോഷങ്ങളാണ് ദീപാവലിയോടനുബന്ധിച്ചിട്ടുള്ളത്.

1. ധനത്രയോദശി: ദീപാവലി ആഘോഷങ്ങളുടെ തുടക്കം ധന്‍തേരസ് അഥവാ ധനത്രയോദശി ദിവസം ആണ്. അന്ന് വീടും വ്യാപാര സ്ഥാപനങ്ങളും ദീപങ്ങളാല്‍ അലങ്കരിച്ച് കോലമൊക്കെയിടുന്നു. വൈകിട്ട് വിളക്കുവെച്ച് ലക്ഷ്മീപൂജ ചെയ്യുന്നു.

2. നരകചതുര്‍ദശി: രണ്ടാം ദിവസമായ ഈ ദിവസം നരകാസുരനെ വധിച്ച് കാളിയെ ആരാധിക്കുന്ന തുലാംമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ആണിത്.

3. ലക്ഷ്മിപൂജ: മൂന്നാം ദിവസമാണ് ലക്ഷ്മിപൂജ. വളരെ പ്രധാനപ്പെട്ട ദിവസം ഇതാണ്. അമാവാസിയായ അന്നേദിവസം ഗണപതി, ലക്ഷ്മിയുടെ മൂന്ന് രൂപങ്ങളായ മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി, കുബേരന്‍ എന്നിവരെ പൂജിക്കുന്നു.

4. ബലിപ്രതിഭ: വാമനന്‍ ചവിട്ടിത്താഴ്ത്തിയ ബലിയേയും പത്നിയേയും ആരാധിക്കുന്ന ഒരു ദിവസം കൂടിയാണ് ഇത്. മഹാബലി പാതാളത്തില്‍ നിന്നുവരുന്ന ദിവസമായി ചില സ്ഥലങ്ങളില്‍ ആചരിക്കുകയും ദീപം കത്തിച്ചുവെച്ച് വരവേല്‍ക്കുകയും ചെയ്യുന്നു.

5. ഭാതൃദ്വിതീയ: അഞ്ചാം ദിവസമാണ് ഭാതൃദ്വിതീയ. ഇതോടുകൂടി ദീപാവലി ആഘോഷങ്ങള്‍ അവസാനിക്കുന്നു. യമദേവന്‍ സഹോദരി യമിയെ സന്ദര്‍ശിച്ചു എന്നാണ് ഈ ദിവസത്തിന്‍റെ ഐതിഹ്യം. അതിനാല്‍ ഈ ദിവസത്തിനെ യമദ്വിതീയ എന്നും വിളിക്കുന്നു. സഹോദരീസഹോദരന്‍മാര്‍ ചേര്‍ന്ന് ചെയ്യുന്ന ആചാരങ്ങളാണ് ഈ ദിവസത്തെ ആചാരങ്ങളില്‍ പ്രധാനം. ഇതുമാത്രമല്ല എണ്ണ തേച്ചുകുളി, വിഭവസമൃദ്ധമായ സദ്യ, പ്രകാശമയമായ അന്തരീക്ഷം ഇവ ബാഹ്യമായ അന്ധകാരത്തെ അകറ്റുന്നതിലുപരി ആന്തരികമായ തമസ്സിനെയും ഇല്ലാതാക്കുന്നു. മധുരപലഹാരങ്ങള്‍ പരസ്പരം കൊടുത്തും പുതുവസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചും ആശംസകള്‍ കൈമാറിയും പടക്കം പൊട്ടിച്ചും ദീപങ്ങളാല്‍ അലങ്കരിച്ചും ജാതിഭേദമെന്യേ ഭാരതീയര്‍ ആഘോഷിക്കുന്ന ഒന്നാണ് ദീപാവലി.

വേദോപനിഷത്തുകളുടെ വിസ്തൃതമായ വ്യാഖ്യാനത്തിന് വേണ്ടിയാണല്ലോ ഇതിഹാസ പുരാണങ്ങളും ഉണ്ടായതുതന്നെ. അങ്ങനെയെങ്കില്‍ ദീപാവലിയുമായി ബന്ധപ്പെട്ട പ്രധാന പരാമര്‍ശങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

* ശ്രീകൃഷ്ണന്‍ സത്യഭാമാസമേതനായി ഗരുഡാരൂഢനായി പ്രാഗ്ജ്യോതിഷമെന്ന നഗരത്തില്‍ ചെന്ന് ത്രിഭുവനങ്ങളെയും വിറപ്പിച്ചുകൊണ്ടിരുന്ന നരകാസുരനെ വധിച്ച് തടവറയിലുണ്ടായിരുന്ന പതിനായിരം കന്യകമാരെ മോചിപ്പിച്ച ദിനമാണിത്. നരകാസുരനുമായി ബന്ധപ്പെട്ട ചതുര്‍ദശി എന്നര്‍ത്ഥത്തില്‍ നരക ചതുര്‍ദശി എന്ന പ്രയോഗം ഇതുമായി ബന്ധപ്പെട്ടു പറയുന്നുണ്ട്. അസുരവധത്തിനുശേഷം ഭഗവാന്‍ എണ്ണ തേച്ചുകുളിച്ചതിന്‍റെ ഓര്‍മ്മയ്ക്കാണ് അന്നേദിവസം എണ്ണ തേയ്ക്കുന്നത്. ഈ കുളി അതിരുകടന്നതുകൊണ്ടാവാം. ദീവാളി കുളിക്കുക എന്ന പ്രയോഗം വന്നത്.

* രാവണവധാനന്തരം ശ്രീരാമചന്ദ്രന്‍ ശ്രീലങ്കയില്‍ നിന്നും അയോദ്ധ്യയിലെത്തിയ ദിനം സന്തുഷ്ടരായ ജനങ്ങള്‍ ശ്രീരാമചന്ദ്രനെ വരവേല്‍ക്കുന്നതിനായി എല്ലായിടവും അലങ്കാരങ്ങളാല്‍ മനോഹരമാക്കി. ദീപങ്ങള്‍ നിരനിരയായി കൊളുത്തിവച്ച് മധുരപലഹാരങ്ങള്‍ പങ്കുവച്ചും പടക്കം പൊട്ടിച്ചും തങ്ങളുടെ സ്നേഹാദരങ്ങള്‍ പ്രകടമാക്കി.

* പാലാഴിമഥനസമയത്ത് ക്ഷീരസാഗരത്തില്‍ നിന്ന് അമൃതകുംഭവുമായി ഐശ്വര്യദേവതയായ ലക്ഷ്മിദേവി പ്രത്യക്ഷപ്പെട്ടത് അമാവാസി ദിവസമാണ്. ഇക്കാരണത്താല്‍ ദാരിദ്ര്യത്തിന്‍റെ പ്രതീകമായ അലക്ഷ്മിയെ(ജ്യേഷ്ഠാ ഭഗവതിയെ) പുറത്താക്കുന്നതിന്‍റെ ഭാഗമായി വീടും പരിസരവും വൃത്തിയാക്കി അഭ്യംഗസ്നാനം ചെയ്ത് വ്രതശുദ്ധിയോടെ മഹാവിഷ്ണു, മഹാലക്ഷ്മി, മഹാഗണപതി എന്നിവരെ പൂജ ചെയ്ത് ലക്ഷ്മിയെ സ്ഥിരമായി കുടിയിരുത്തിയതിന്‍റെ സന്തോഷം പുതുവസ്ത്രമണിഞ്ഞും മധുരപലഹാരം വിതരണം ചെയ്തും പങ്കുവയ്ക്കുന്നു.

* മഹാബലിയെ വാമനാവതാരത്തിലെത്തിയ മഹാവിഷ്ണു സുതലത്തില്‍ ഇന്ദ്രനായി വാഴിച്ചത് ഈ ദിനത്തിലാണെന്നും അതിന്‍റെ സന്തോഷസൂചകമായി ഇന്ദ്രന്‍ ദീപാവലി ആഘോഷിച്ചിരുന്നുവെന്നുമാണ് മറ്റൊരു കഥ.