സർപ്പദോഷത്തെ നിസ്സാരമായി കാണരുതേ; പരിഹാരങ്ങൾ ഇവയാണ്...

സർപ്പദോഷത്തെ നിസ്സാരമായി കാണരുതേ; പരിഹാരങ്ങൾ ഇവയാണ്...

കേരളത്തിലെ ഹിന്ദു കുടുംബങ്ങളിൽ ഇന്നും സർപ്പാരാധനയ്ക്ക് പ്രധാന സ്ഥാനമുണ്ട്. നിരവധി പഴയ തറവാടുകളോട് ചേർന്ന് സർപ്പക്കാവുകളും കാവിനോട് അനുബന്ധിച്ച കുളങ്ങളും നിലനിൽക്കുന്നത് ഈ വിശ്വാസത്തിന്റെ ഭാഗമായാണ്. ആചാരപ്രകാരം നാഗങ്ങളും സർപ്പങ്ങളും വ്യത്യസ്തമാണെന്നും, നാഗങ്ങൾ സർപ്പങ്ങളുടെ അധിപന്മാരാണെന്നുമാണ് വിശ്വാസം. ഒന്നിലധികം ഫണങ്ങളുള്ള നാഗങ്ങൾക്ക് വിഷമില്ലെന്ന വിശ്വാസവും പ്രചാരത്തിലുണ്ട്.

വേദകാലം മുതൽ സർപ്പാരാധന നിലനിന്നിരുന്നുവെന്നാണ് കരുതപ്പെടുന്നത്. പ്രകൃതിദുരന്തങ്ങളിൽ നിന്നും അനിഷ്ടങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കുമെന്ന വിശ്വാസത്തോടെയാണ് നാഗദൈവങ്ങളെ കാവുകളിൽ പ്രതിഷ്ഠിച്ച് ആരാധന നടത്തുന്നത്.

ജ്യോതിഷവിശ്വാസപ്രകാരം ഏറ്റവും ഗുരുതരമായ ദോഷങ്ങളിൽ ഒന്നാണ് സർപ്പദോഷം. രാഹുവിന്റെ ദേവതയായി സർപ്പങ്ങളെ സങ്കൽപ്പിക്കുന്നതിനാൽ ജാതകത്തിൽ രാഹു അനിഷ്ടസ്ഥാനത്താണെങ്കിൽ സർപ്പാരാധനയും അനുബന്ധപരിഹാരങ്ങളും നിർദേശിക്കപ്പെടാറുണ്ട്.

രാഹുദോഷത്തിന് പരിഹാരമായി സർപ്പക്കാവുകളിൽ വിളക്ക് തെളിയിക്കൽ, നൂറുംപാലും വഴിപാട് നടത്തൽ, സർപ്പപ്പാട്ട്, പാട്ടും തുള്ളലും തുടങ്ങിയ ആചാരങ്ങൾ നടത്തുന്നതാണ് പതിവ്. രാഹുവിന്റെ ജാതകസ്ഥാനമനുസരിച്ച് വിവിധ പരിഹാരങ്ങൾ നിർദേശിക്കപ്പെടുന്നുണ്ട്.

രാശി അടിസ്ഥാനത്തിലുള്ള ആരാധനാ നിർദേശങ്ങൾ

മിഥുനം, കന്നി, ധനു, മീനം – അനന്തനെ ഭജിക്കുന്നത് ഉചിതമാണെന്നാണ് വിശ്വാസം.
മേടം, ചിങ്ങം, മകരം, കുംഭം – വാസുകിയെ പ്രീതിപ്പെടുത്താനുള്ള പൂജകൾ നടത്തണം.
ഇടവം, കർക്കിടകം, തുലാം – നാഗയക്ഷി ആരാധനയ്ക്ക് പ്രാധാന്യം നൽകണം.

രാഹുവിന്റെ സ്ഥാനമനുസരിച്ചുള്ള പരിഹാരങ്ങൾ

ലഗ്നത്തിൽ – നാഗരാജാവിനും നാഗയക്ഷിക്കും ഇളനീർ അഭിഷേകം നടത്തുക.
ആറാം, എട്ടാം, പത്താം സ്ഥാനങ്ങളിൽ – സർപ്പബലി നടത്തുക.
ഏഴാം, പന്ത്രണ്ടാം സ്ഥാനങ്ങളിൽ – സർപ്പപ്പാട്ടും പാട്ടും തുള്ളലും നടത്തുക.
നാലാം സ്ഥാനത്തിൽ – സർപ്പരൂപം സമർപ്പിക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം.