ജീവിത വിജയം നേടാൻ ശുഭമുഹൂർത്തങ്ങൾ നോക്കേണ്ടതുണ്ടോ?

ജീവിത വിജയം നേടാൻ ശുഭമുഹൂർത്തങ്ങൾ നോക്കേണ്ടതുണ്ടോ?

HIGHLIGHTS

ശുഭമുഹൂർത്തങ്ങൾക്ക് ഒരു വ്യക്തിയുടെ ജീവിതവിജയത്തിൽ വളരെ പ്രാധാന്യമായ പങ്ക് വഹിക്കുന്നുണ്ട്.

ഒരു വ്യക്തിയുടെ ജാതകത്തിൽ ആ വ്യക്തിയുടെ ജീവിതത്തെക്കുറിച്ച് വ്യക്തമായി വിവരിക്കുന്നുണ്ട്. നല്ല കാലവും കഷ്ടകാലവും ജാതകത്തിലൂടെ തിരിച്ചറിയാൻ കഴിയും. പൂർവ്വജന്മദുരിതമാണ് ഈ ജന്മത്തിലെ കഷ്ടതകൾക്ക് കാരണമായി തീരുന്നതായി പറയുന്നത്. എന്നാൽ ജാതകത്തിൽ നല്ലദശാകാലം പ്രവചിച്ചിരിക്കുന്ന സമയത്തുപോലും ചിലർക്ക് ദുരിതം അനുഭവിക്കാനാണ് യോഗമുണ്ടാവുക. എന്താണിപ്രകാരം നല്ല ദശാകാലത്തും ദുരിതയോഗെമന്ന് പലരും ചോദിക്കാറുണ്ട്. നമ്മളുടെ പ്രവൃത്തികൾ തന്നെയാണ് നമ്മൾ ഓരോരുത്തരുടേയും ജീവിതാനുഭവങ്ങൾക്ക് കാരണമായി തീർന്നത്. ചിലപ്പോൾ നല്ലതെന്ന് കരുതി നാം ചെയ്യുന്ന പ്രവൃത്തിപോലും ഭാവിയിൽ ദുരിതങ്ങൾക്ക് കാരണമായി തീരും. പ്രവൃത്തികളുടെ വിജയത്തിന് ഈശ്വരാധീനം ആവശ്യമാണ്. ശുഭമുഹൂർത്തങ്ങളിൽ ചെയ്യുന്ന പ്രവൃത്തികളിൽ മാത്രമേ ഈശ്വരാധീനവും പ്രവൃത്തിവിജയവു സംഭവിക്കുകയുള്ളൂ. ശുഭമുഹൂർത്തങ്ങൾക്ക് ഒരു വ്യക്തിയുടെ ജീവിതവിജയത്തിൽ വളരെ പ്രാധാന്യമായ പങ്ക് വഹിക്കുന്നുണ്ട്.

വിവാഹമുഹൂർത്തം

 ഉത്തമമുഹൂർത്തങ്ങൾ ഈശ്വരാധീനം നിറഞ്ഞ നിമിഷമാണ്. ഈ സമയത്ത് ചെയ്യുന്ന കർമ്മങ്ങൾ ശുഭകരമായി തന്നെ ഭവിക്കും. വിവാഹ വിഷയവുമായി ബന്ധപ്പെടുത്തി മുഹൂർത്തപ്രാധാന്യം ചിന്തിച്ചാൽ, മദ്ധ്യമരജ്ജു, വേധം, ദശാസന്ധി എന്നീ ദോഷങ്ങൾക്ക് പരിഹാരമായി ഉത്തമമുഹൂർത്തത്തെ കണക്കാക്കാനാവില്ല. എന്നാൽ ദാമ്പത്യജീവിതത്തിലെ മറ്റ് പല ഉയർച്ചകൾക്കും മുഹൂർത്ത നിർണ്ണയം അതിശ്രേഷ്ഠം തന്നെയാണ്. ഉഭയലഗ്നത്തിൽ രവി, ചന്ദ്രന്മാർപാടില്ല, ഏഴിൽ പാപൻ പാടില്ല, എട്ടിൽ രാഹു, ചൊവ്വ എന്നിവർ വരാൻ പാടില്ല എന്നതാണ് വിവാഹമുഹൂർത്തം നിശ്ചയിക്കേണ്ട ആചാര്യവിധി. സ്ത്രീജാതകവും പുരുഷജാതകവും പരിശോധിച്ചുവേണം  വിവാഹമുഹൂർത്തം നിശ്ചയിക്കേണ്ടത്.

അഭിജിത്ത് എന്നത്  വിവാഹ മുഹൂർത്തമാണോ?

ഇന്നിപ്പോൾ ധാരാളമായി കാണപ്പെടുന്ന വിവാഹമുഹൂർത്ത ചാർത്താണ് അഭിജിത്ത് മുഹൂർത്തം. എന്താണ് ഈ അഭിജിത്ത് മുഹൂർത്തം? സൂര്യൻ മധ്യത്തിൽ പൂർണ്ണരശ്മി ഭൂമിയിൽ പതിക്കുന്ന നിമിഷങ്ങളാണ് അഭിജിത്ത് മുഹൂർത്തം. അഭിജിത്ത് എന്ന മുഹൂർത്തത്തിന്റെ ആവിർഭാവത്തെക്കുറിച്ച് ചെറിയൊരു കഥ പുരാണത്തിൽ വിവരിക്കുന്നുണ്ട്. ഇതിഹാസത്തിലെ ആദ്യമുഹൂർത്ത നിർണ്ണയമായിട്ടാണ് അഭിജിത്തിനെ പുരാണങ്ങളിൽ പറയപ്പെടുന്നത്. ശ്രീരാമപട്ടാഭിഷേത്തിന് വേണ്ടി വസിഷ്ഠ മഹർഷി ഉണ്ടാക്കിയതാണ് അഭിജിത്ത് മുഹൂർത്തം എന്ന് പറയപ്പെടുന്നു. രാജാധികാരം ഏറ്റെടുക്കാൻ ഉത്തമ മുഹൂർത്തമായി കൽപ്പിക്കുന്ന അഭിജിത്ത് വിവാഹത്തിന് ഉത്തമമുഹൂർത്തമാണെന്ന് ശാസ്ത്രത്തിൽ പ്രതിപാദിച്ചിട്ടുള്ളതായി അറിയില്ല. പരിഹാരമായി അഭിജിത്ത് എടുത്തോളൂ എന്ന് പറഞ്ഞതായിട്ടുമറിയില്ല.

അമ്പലങ്ങളിൽ മുഹൂർത്തം നോക്കണ്ടേ?

അന്നപ്രാശം, വിദ്യാരംഭം തുടങ്ങിയ മംഗളകർമ്മങ്ങൾ ക്ഷേത്രത്തിൽ വെച്ചാണ് നടത്തുന്നതെങ്കിൽ മുഹൂർത്തം നോക്കേണ്ട എന്നൊരു സങ്കൽപ്പം പല ക്ഷേത്രങ്ങളിലും ഇന്നിപ്പോൾ പറഞ്ഞുകേൾക്കുന്നുണ്ട്. ഈ വിശ്വാസം ശരിയാണോ എന്നതിനെക്കുറിച്ച് അൽപ്പം ചിന്തിക്കേണ്ടതായിട്ടുണ്ട്. ഒരു മംഗളകർമ്മം നടത്തുന്നത് ക്ഷേത്രത്തിൽ വെച്ചാണെങ്കിൽ മുഹൂർത്തം നോക്കണമെന്ന് ജ്യോതിഷശാസ്ത്രത്തിൽ പറയുന്നില്ല. ക്ഷേത്രങ്ങൾ ഈശ്വര സാന്നിധ്യം നിറഞ്ഞുനിൽക്കുന്ന ചുറ്റുപാടായതിനാൽ മംഗളകർമ്മങ്ങൾക്ക് ഉത്തമം തന്നെയാണ്. ഭക്തിയുടെ നിറഞ്ഞ ഭാവത്തിൽ ക്ഷേത്രസന്നിധിയിൽ വെച്ച് നടത്തുന്ന മംഗളകർമ്മങ്ങൾക്ക് ശുഭപ്രാപ്തിയുണ്ടാകും. എന്നാൽ ഈ ഭക്തി എപ്രകാരമുള്ളതായിരിക്കണം എന്നതാണ് ഇതിൽ ഏറെ പ്രാധാന്യം. ഞാൻ കർത്താവും ഭോക്താവുമല്ല എന്ന് കരുതി എല്ലാം ദേവനിൽ വിട്ടുകൊടുക്കുന്ന മനോനിലയോടുകൂടി ചെയ്യുന്ന പ്രവർത്തി ശുഭഫലം നൽകും. തുടർന്നുള്ള ജീവിതവും ഭഗവാനിൽ അർപ്പിച്ചുതന്നെ മുന്നോട്ടുനീങ്ങുകയും ചെയ്യണം. എന്നാൽ ഇന്നിപ്പോൾ കാണുന്നത് അപ്രകാരമല്ലല്ലോ. എല്ലാവരും കൂടിച്ചേർന്ന് അവർക്ക് സൗകര്യമുള്ള ഒരു ദിവസം അമ്പലത്തിൽ പോയി ചടങ്ങ് നടത്തി ആഘോഷമായി തിരികെ പോരുന്നു. പിന്നീടുള്ള ജീവിതത്തിൽ ഒരിക്കൽപോലും ആ അമ്പലത്തിലേയ്ക്ക് ഒന്നുപോയി തൊഴാൻപോലും ആർക്കും സമയം ഉണ്ടാകില്ല. ഇത്തരം പ്രവൃത്തികൾ ഭാവിജീവിതത്തിൽ ഒട്ടനവധി ദുരിതങ്ങൾക്കും മുൻപ് പറഞ്ഞതുപോലെ നല്ല ദശാകാലഘട്ടത്തിൽ പോലും ദുരിതങ്ങൾ അനുഭവിക്കാൻ കാരണമായിട്ടും ഭവിച്ചേക്കാം.

ജീവിതത്തിലെ ഓരോ പ്രവൃത്തിയിലും ഉത്തമ മുഹൂർത്തം തെരഞ്ഞെടുക്കുന്നത് കാലദോഷ നിവൃത്തിക്ക് ഏറെ ഉത്തമമായ മാർഗ്ഗം തന്നെയാണ്.