ധൃതി വേണ്ടാ, വിവാഹസമയം സ്വയംതന്നെ വെളിപ്പെടും

ധൃതി വേണ്ടാ, വിവാഹസമയം സ്വയംതന്നെ വെളിപ്പെടും

HIGHLIGHTS

പെണ്‍കുട്ടികള്‍ ഏതാണ്ടൊരു ഇരുപത് വയസ്സോടടുക്കുമ്പോഴേക്കും അച്ഛനമ്മമാര്‍ അവരുടെ വിവാഹകാര്യത്തില്‍ അത്യധികം ഉല്‍ക്കണ്ഠാകുലരായി കാണാറുണ്ട്. എന്നാല്‍ ഇപ്രകാരം മനസ്സ് പുണ്ണാക്കേണ്ട ഒരു കാര്യവും ഇല്ല. കാരണം ജാതകത്തില്‍ കൃത്യമായി വിവാഹസമയം പറഞ്ഞിരിക്കും. ആ സമയം അടുക്കാറാകുമ്പോഴേക്കും വിവാഹാലോചന നടത്തുന്നതായിരിക്കും ഭംഗി.

 

ജാതകത്തിലെ ഏഴാം ഭാവം കൊണ്ടാണ് വിവാഹം ചിന്തിക്കുന്നത്. 7-ാം ഭാവാധിപന്‍, 7 ല്‍ നില്‍ക്കുന്ന ഗ്രഹം, 7 ലേക്ക് നോക്കുന്ന ഗ്രഹം, 7-ാം ഭാവാധിപന്‍റെ നവാംശകാധിപന്‍ ഇവരില്‍ പ്രബലനായ ഗ്രഹത്തിന്‍റെ ദശയില്‍, അപഹാരത്തില്‍, ഛിദ്രത്തില്‍ വിവാഹം നടക്കും. 7-ാം ഭാവം ലഗ്നാലും ചന്ദ്രാലും ശുക്രാലും ചിന്തിക്കണം.

ചിലര്‍ക്ക് വിവാഹം നേരത്തെ നടക്കും, ചിലര്‍ക്ക് നേരെ മറിച്ചും. ലഗ്നാധിപനോ ചന്ദ്രനോ 7 ല്‍ നില്‍ക്കുന്നവര്‍ക്കും ശുക്രന്‍റെ ദൃഷ്ടിയോടെ ചന്ദ്രന്‍ മീനം, കര്‍ക്കിടകം, ഇടവം, തുലാം ഈ രാശികളില്‍ നില്‍ക്കുന്നവര്‍ക്കും 7-ാം ഭാവാധിപതി ലഗ്നാധിപന്‍റെ അടുത്തുനില്‍ക്കുന്നവര്‍ക്കും ഏതെങ്കിലും ഒരു ശുഭഗ്രഹം ലഗ്നാധിപന്‍റെയോ 7-ാം ഭാവാധിപന്‍റെയോ അടുത്തുനില്‍ക്കുന്നവര്‍ക്കും വിവാഹം നേരത്തെ നടക്കും.

വിവാഹം വൈകിനടക്കുന്നത് ഗ്രഹനില നോക്കി പറയാവുന്നതാണ്. 7 ല്‍ നില്‍ക്കുന്ന ശനിയും, ശുക്രശിഖിയോഗവും 7 ലെ ചൊവ്വ ശനി ബന്ധവും ജന്മത്തിലെ രാഹുവും വിവാഹത്തിന് തടസ്സം നില്‍ക്കുന്നവരാണ്. ലഗ്നാലോ ചന്ദ്രാലോ 1, 3, 5, 7, 10 ഈ ഭാവങ്ങളില്‍ ശനി ദുര്‍ബലനായി നില്‍ക്കുന്നവര്‍ക്കും പാപന്മാര്‍ 7 ല്‍ വ്യാഴദൃഷ്ടി ഇല്ലാതെ നില്‍ക്കുന്നവര്‍ക്കും 8 ല്‍ കുജന്‍ നില്‍ക്കുന്നവര്‍ക്കും 7, 2, 11  ഈ ഭാവങ്ങളില്‍ ചന്ദ്രനും ശനിയും യോഗം ചെയ്തുനില്‍ക്കുന്നവര്‍ക്കും ശനിദൃഷ്ടി ശുക്രനും ഏഴാം ഭാവാധിപനും ഉള്ളവര്‍ക്കും വിവാഹം വൈകിയേ നടക്കൂ.

1, 5, 7, 8, 9, 12 ഈ ഭാവങ്ങളില്‍ നില്‍ക്കുന്ന ബലഹീനനായ ചന്ദ്രനും പാപഗ്രഹദൃഷ്ടിയോ യോഗമോ ഉണ്ടെങ്കില്‍ വിവാഹം നീണ്ടുപോകും. 10 ല്‍ നില്‍ക്കുന്ന ശനിയും ശനിയോടുകൂടി നില്‍ക്കുന്ന ഗ്രഹങ്ങളും വിവാഹതടസ്സത്തെ കാണിക്കുന്നു. 7 ല്‍ ശനി നിന്നാലും 7 ന്‍റെ ഉപാധിപന്‍ ശനിയായാലും 7 ന്‍റെ ഉപാധിപനെ ശനി വീക്ഷിച്ചാലും വിവാഹതടസ്സത്തെ പറയാവുന്നതാണ്. ശനി ലഗ്നാലോ ചന്ദ്രാലോ 1, 3, 5, 7, 10 ഇവയില്‍ ഒന്നില്‍ നില്‍ക്കുകയും ആ ശനിക്ക് ശുഭാധിപത്യം ഇല്ലാതെ വന്നാലും ഫലം വിവാഹതടസ്സം തന്നെ.

ലഗ്നാലോ ശുക്രാലോ വ്യാഴം 2, 5, 7, 9, 11 ഈ ഭാവങ്ങളില്‍ വരുന്ന സമയം വിവാഹം നടക്കും. ലഗ്നാധിപന്‍, ലഗ്നനവാംശാധിപന്‍ ഇവരുടെ ദശയിലും ശുക്രന്‍ 7-ാം ഭാവാധിപതിയുമായി യോഗം ചെയ്യുന്നുണ്ടെങ്കില്‍ ആ ശുക്രന്‍റെ ദശയിലും 7-ാം ഭാവാധിപന്‍റെ ദശയിലും രാഹുകേതുക്കള്‍ 7-ാം ഭാവാധിപതിയുമായി യോഗം ചെയ്യുന്നുണ്ടെങ്കില്‍ അവരുടെ ദശാപഹാരങ്ങളിലും 5, 9, 10 ഭാവാധിപന്മാരുടെ ദശാപഹാരങ്ങളിലും ശുക്രന്‍ ലഗ്നാധിപതിയുമായി ഗോചരത്തില്‍ 7 ല്‍ വരുമ്പോഴും ഗോചരഗുരു ശുക്രസ്ഥിതിരാശിയില്‍ പ്രവേശിക്കുമ്പോഴും വിവാഹം നടക്കാവുന്നതാണ്.

ലഗ്നാലോ, ചന്ദ്രാലോ, ശുക്രാലോ നില്‍ക്കുന്ന പ്രബലനായ ഗ്രഹത്തിന്‍റെ ദിക്കായിരിക്കും വധൂവരന്മാരുടെ ദിക്ക്. സൂര്യന് കിഴക്ക,് ശുക്രന് തെക്കുകിഴക്ക്, കുജന് തെക്ക്, രാഹുവിന് തെക്ക് പടിഞ്ഞാറ,് ശനിക്ക് പടിഞ്ഞാറ,് ചന്ദ്രന്‍ വടക്കുപടിഞ്ഞാറും ബുധന് വടക്ക്, വ്യാഴത്തിന് വടക്കുകിഴക്ക്. ഇതുപോലെ രാശി അടിസ്ഥാനത്തിലും ദിക്ക് നിര്‍ണ്ണയിക്കാം. ഗ്രഹം നില്‍ക്കുന്നത് മേടം ചിങ്ങം ധനുവാണെങ്കില്‍ കിഴക്കും ഇടവം കന്നി മകരം ആണെങ്കില്‍ തെക്കും മിഥുനം തുലാം കുംഭം ആണെങ്കില്‍ പടിഞ്ഞാറും കര്‍ക്കിടകം വൃശ്ചികം മീനം ആണെങ്കില്‍ വടക്കും. ഇപ്രകാരമാണ് ദിക്കുകള്‍ നിശ്ചയിക്കുന്നത്.

പുരുഷജാതകത്തില്‍ സപ്തമേശ്വരന്‍ 7 ല്‍ നിന്നാല്‍ ഭാര്യ ഭര്‍ത്താവിന്‍റെ ആജ്ഞ അനുസരിക്കും. സ്ത്രീജാതകത്തില്‍ ലഗ്നാധിപതി 7 ല്‍ നിന്നാല്‍ ഭര്‍ത്താവ് ഭാര്യയുടെ ആജ്ഞ അനുസരിക്കും. ലഗ്നാധിപതി ലഗ്നത്തിലും ഏഴാം ഭാവാധിപതി 7 ലും അല്ലെങ്കില്‍ ഏഴാം ഭാവാധിപതി 7 ലും അല്ലെങ്കിലും രണ്ടുപേരും ലഗ്നത്തിലും അല്ലെങ്കില്‍ രണ്ടുപേരും 7 ലും നില്‍ക്കുന്നത് ദമ്പതിമാര്‍ തമ്മിലുള്ള അത്യധികമായ സ്നേഹത്തേയും പരസ്പരബഹുമാനത്തേയും കാണിക്കുന്നു. 

ലഗ്നാധിപതിയും 7-ാം ഭാവാധിപതിയും പരസ്പരം ദൃഷ്ടി ചെയ്യുന്നതും ദമ്പതിമാര്‍ തമ്മിലുള്ള ഐക്യത്തെയാണ് കാണിക്കുന്നത്. ജാതകത്തില്‍ ലഗ്നാധിപതിക്കും 7-ാം ഭാവാധിപതിക്കും ശത്രുദൃഷ്ടി ഉണ്ടെങ്കില്‍ ദമ്പതിമാര്‍ തമ്മില്‍ സദാപിണക്കത്തിലും പരസ്പരം കുറ്റപ്പെടുത്തലുകള്‍ക്കും വശംവദരായിരിക്കും.

സ്ത്രീജാതകത്തില്‍ 7 ലെ കേതു വികടനും കാര്യശേഷി ഇല്ലാത്തവനും ആയ ഭര്‍ത്താവിനേയും പുരുഷജാതകത്തിലെ 7 ലെ കേതു കുലയോഗ ഭാര്യയേയും സൂചിപ്പിക്കുന്നു. ഏത് ലഗ്നത്തില്‍ ജനിച്ചാലും 9-ാം ഭാവാധിപന്‍ 8 ല്‍ നിന്നാല്‍ അവര്‍ നിര്‍ഭാഗ്യവാന്മാരായിരിക്കും.

7 ല്‍ ശനി ഉള്ളവര്‍ ചെറുപ്പത്തില്‍ വിവാഹം കഴിക്കരുത്. കഴിച്ചാല്‍ പുനര്‍വിവാഹം വേണ്ടിവരും. കേതു 5, 7, 9 ല്‍ നിന്നാല്‍ ദാമ്പത്യ പരാജയം സംഭവിക്കും. അഷ്ടമത്തില്‍ കുജന്‍ നില്‍ക്കുന്ന സ്ത്രീ നിര്‍ഭാഗ്യവതിയും പരാതിക്കാരിയും ആയിരിക്കും.

ലഗ്നത്തില്‍ നിന്ന് 3, 6, 10, 11 എന്നീ ഭാവങ്ങളില്‍ 7-ാം ഭാവാധിപനായ ശുക്രന്‍ നിന്നാല്‍ വിവാഹശേഷം ഉന്നതിയുണ്ടാകും.

മംഗല്യതടസ്സം ഉണ്ടാകുന്നത് മിക്കവാറും മുജ്ജന്മപാപം, തറവാട്ട് സുകൃതക്ഷയം, പരദേവതാ കോപം, സര്‍പ്പദോഷം, ശത്രുമന്ത്രപ്രയോഗം ഇവകൊണ്ടായിരിക്കും.
എല്ലാറ്റിനും പരിഹാരം ഈശ്വരഭജനം.

ഐ.എന്‍. നാരായണന്‍,
(9400481576)