ദൃഷ്ടിദോഷങ്ങളും പരിഹാരങ്ങളും

ദൃഷ്ടിദോഷങ്ങളും പരിഹാരങ്ങളും

HIGHLIGHTS

നമുക്കുണ്ടാവുന്ന ഓരോ പ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പല പല കാരണങ്ങള്‍ പറയപ്പെടുന്നുണ്ടെങ്കിലും അവയില്‍ പ്രധാനപ്പെട്ട ഒന്ന് കണ്ണേറ് ദോഷമാണ്. അതുകൊണ്ടാണ് നമ്മുടെ കാരണവന്മാര്‍ 'കല്ലേറ് കൊണ്ടാലും കണ്ണേറ് കൊള്ളരുത്' എന്നുപറഞ്ഞുവെച്ചിട്ടുള്ളത്. ഇതുമൂലമുള്ള ദോഷം മനസ്സിലാക്കിയാണ് ആരതി ഉഴിയല്‍, കണ്ണേറ് ഉഴിഞ്ഞ് കളയല്‍ എന്നിങ്ങനെയുള്ള കര്‍മ്മങ്ങള്‍ പരിഹാരാര്‍ത്ഥം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഇന്നത്തെ തലമുറക്കാര്‍ മറന്നുപോയ ആ പരമ്പരാഗതമായ എളിയ 'ദൃഷ്ടിദോഷ' പരിഹാരകര്‍മ്മങ്ങള്‍ ഇവിടെ കുറിക്കുന്നു.

 

 

സ്വപ്നങ്ങള്‍

ക്ഷേത്രങ്ങളിലൊഴികെ എവിടെപ്പോയിട്ട് വീട്ടില്‍ തിരിച്ചെത്തിയാലും കാലുകള്‍ നല്ലവണ്ണം കഴുകിവേണം വീട്ടിനകത്ത് പ്രവേശിക്കാന്‍. ഇത് ശുദ്ധിയെ കണക്കാക്കി മാത്രമല്ല, അറിയാതെ നിങ്ങളില്‍ വന്നുപെടുന്ന ദൃഷ്ടിദോഷങ്ങള്‍ നിങ്ങളുടെ വീടിനും പിടിപെടാതിരിക്കാന്‍ വേണ്ടിയാണ്. രാത്രി ഉറക്കമില്ലാതെ ദുഷിച്ച സ്വപ്നങ്ങള്‍ കണ്ട് മനസ്സ് അസ്വസ്ഥമാകുന്നുണ്ടെങ്കില്‍, ദിവസവും വൈകുന്നേരം, വീട്ടില്‍ ദൈവത്തിന് മുമ്പാകെ വിളക്കുകത്തിച്ച് വെച്ച് പ്രാര്‍ത്ഥിച്ച് സാമ്പ്രാണി പുകയ്ക്കുക.

ജനിച്ച കുഞ്ഞുങ്ങള്‍

ജനിച്ച കുഞ്ഞുങ്ങള്‍, കൊച്ചു കുട്ടികള്‍ ഏതെങ്കിലും കാരണത്താല്‍ ഇടയ്ക്കിടെ കരയുന്നത് സ്വാഭാവികമാണ്. അതുതന്നെ ശരീരം ഇറുക്കിപ്പിടിച്ചുകൊണ്ട് തുടര്‍ച്ചയായി നിര്‍ത്താതെ കരയുകയാണെങ്കില്‍ തീര്‍ച്ചയായും അത് ദൃഷ്ടിദോഷം അഥവാ കണ്ണേറ് ദോഷം കൊണ്ടാണെന്ന് തീര്‍ച്ചപ്പെടുത്താം. ഒരു വെറ്റിലയില്‍ കര്‍പ്പൂരം വെച്ച് കത്തിച്ച് അമ്മയേയും കുഞ്ഞിനേയും ദൃഷ്ടി ചുറ്റി വാതില്‍ക്കല്‍ വെച്ചശേഷം തിരിഞ്ഞുനോക്കാതെ വരിക. കുട്ടി ചിരിച്ചുതുടങ്ങും. ആറുമാസം പ്രായമുള്ള കുഞ്ഞിന്‍റെ അമ്മയാണ് നിങ്ങളെങ്കില്‍ കുഞ്ഞിന്‍റെ കഴുകിയ വസ്ത്രങ്ങള്‍, മാറ്റിയ വസ്ത്രങ്ങള്‍ എന്നിവ വീടിനകത്തുതന്നെ ഉണക്കാനിടുക. അല്ലെങ്കില്‍ അവ രാവിലെ എട്ടുമണിക്ക് അലക്കി വൈകുന്നേരം നാലുമണിക്കുള്ളില്‍ പുറത്തിട്ട് ഉണക്കി എടുക്കുക. അതിരാവിലെയും അന്തിവേളയിലും കുഞ്ഞിന് പക്ഷിദോഷം ഉണ്ടാവാതിരിക്കാന്‍ ഇങ്ങനെ ചെയ്യേണ്ടത് വളരെ പ്രധാനമാണ്.

ഭക്ഷണം

പെട്ടെന്ന് ഭക്ഷണത്തോട് അപ്രിയവും ഭക്ഷണം കണ്ടാല്‍ മനംപിരട്ടലും അനുഭവപ്പെടുന്നുണ്ടെങ്കില്‍ വലിയവരായാലും ചെറിയവരായാലും നിങ്ങള്‍ ആഹാരം കഴിക്കുന്ന പാത്രത്തില്‍ കുറച്ച് ഭക്ഷണം എടുത്ത് അതില്‍ കുറച്ച് മഞ്ഞളും കുങ്കുമവും ചേര്‍ത്ത് കുഴച്ച് നാല് ഉരുളകള്‍ ഉണ്ടാക്കുക. ശേഷം വാതില്‍ക്കല്‍ നിന്ന് ആ ഉരുളകള്‍ കൊണ്ട് തലയെ ചുറ്റി ദിക്കില്‍ ഒന്നുവീതം എറിഞ്ഞശേഷം കാലുകഴുകി വീട്ടില്‍ കടക്കുക. ഭക്ഷണത്തോട് പ്രിയവും ഭക്ഷണത്തിന് രുചിയും വര്‍ദ്ധിക്കും.

വഴക്ക്

വീട്ടില്‍ സദാ എന്തെങ്കിലും പ്രശ്നങ്ങളും വഴക്കും വക്കാണവുമൊക്കെയായി മന:സമാധാനം നഷ്ടപ്പെട്ടാല്‍ അത് മറ്റുള്ളവരുടെ അസൂയയാലുള്ള ദോഷമാകാം. പടികാരം(ചീനക്കാരം, സ്ഫടികക്കാരം) ഒരെണ്ണം എടുത്ത് കുടുംബാംഗങ്ങള്‍ എല്ലാവരുടേയും തല മുതല്‍ കാല്‍ വരെ ഉഴിഞ്ഞശേഷം അത് തീയില്‍ ഇടുക. പിന്നീട് അതെടുത്ത് കാല്‍സ്പര്‍ശം ഏല്‍ക്കാത്ത  സ്ഥലത്ത്  വലിച്ചെറിയുക.

കാര്യതടസ്സം

വീടിന്‍റെ മുന്‍വശത്തെ വാതിലിന്‍റെ പിറകില്‍, നിങ്ങള്‍ പുറത്തേക്ക് ഇറങ്ങുമ്പോള്‍ കാണത്തക്കവിധം ഒരു ഗണപതി യന്ത്രം സ്ഥാപിക്കുക. നിത്യവും അതിന് ചന്ദനത്തിരി കത്തിച്ച് ധൂമം കാണിക്കുക. അപ്രതീക്ഷിത ദൃഷ്ടികളാല്‍ നിങ്ങള്‍ക്ക് കാര്യതടസം അനുഭവപ്പെടാതിരിക്കാന്‍ ഇത് വളരെ അത്യന്താപേക്ഷിതമാണ്.

കുടുംബം

കുടുംബാംഗങ്ങളില്‍ ആരെങ്കിലും ഒരാള്‍ക്ക് മാത്രം ഇടയ്ക്കിടെ ആരോഗ്യപ്രശ്നങ്ങളുണ്ടാവുന്നുണ്ടെങ്കില്‍ നാട്ടുകാരുടെ മാത്രമല്ല ബന്ധുമിത്രാദികളുടെ കണ്ണേറും ഏറ്റിട്ടുണ്ടെന്ന് കരുതുക. അടുത്തുള്ള വിഷ്ണുക്ഷേത്രത്തില്‍ പ്രത്യേകിച്ച് നരസിംഹ സന്നിധിയില്‍ നിന്നും നല്‍കുന്ന തീര്‍ത്ഥം ആ വ്യക്തിയുടെ മുഖത്ത് തളിച്ച്, മുഖം തുടയ്ക്കാതെ താനേ ഉണങ്ങുവാന്‍ അനുവദിക്കുക. ദോഷം മാറി സന്തോഷമുണ്ടാവും.

ശാരീരിക രോഗങ്ങള്‍

നാട്ടുകാരുടെയോ ബന്ധുക്കളുടെയോ കണ്ണേറ് കൊണ്ട് വീട്ടില്‍ ആര്‍ക്കെങ്കിലും ഇടയ്ക്കിടെ ശാരീരിക രോഗങ്ങള്‍ ഉണ്ടെങ്കില്‍ മൂന്നും കൂടിയ വഴിയിലെ മണ്ണ്, കല്ലുപ്പ്, ഉണക്കമുളക് എന്നിവ കുടുംബാംഗങ്ങള്‍ എല്ലാവരേയും ദൃഷ്ടി ഉഴിഞ്ഞശേഷം കരിയും ചുണ്ണാമ്പും കൊണ്ട് പുള്ളികള്‍ കുത്തിയ മണ്‍ചട്ടിയില്‍ ചാണകവരളിയിട്ട് കത്തിച്ച് ഉഴിഞ്ഞ മണ്ണും, ഉപ്പും, ഉണക്കമുളകും അതിലിട്ട് കത്തിക്കുക. ആരോഗ്യം മെച്ചപ്പെടും.

കച്ചവടം

കണ്ണാടിഗ്ലാസ് അല്ലെങ്കില്‍ കണ്ണാടിജാറില്‍ ശുദ്ധവെള്ളം നിറച്ച് അതില്‍ ഒരു ചെറുനാരങ്ങ ഇട്ടുവയ്ക്കുക. അത് കച്ചവടസ്ഥാപനത്തിലോ തൊഴില്‍ ചെയ്യുന്ന സ്ഥലത്തോ വരുന്നവര്‍ കാണത്തക്കരീതിയില്‍ വയ്ക്കുക. ദിവസവും അതിലെ വെള്ളം മാറ്റുക. ആഴ്ചയില്‍ ഒരിക്കല്‍ വെള്ളവും ചെറുനാരങ്ങയും പാദസ്പര്‍ശമേല്‍ക്കാത്ത സ്ഥലത്ത് കളയുക. വ്യാപാരം അഭിവൃദ്ധിപ്പെടും.

വീട്

നമ്മുടെ വീട്ടില്‍ ബന്ധുമിത്രാദികള്‍ പതിവ് സന്ദര്‍ശകരായി വന്നുപൊയ്ക്കൊണ്ടിരിക്കും. അവരുടെ നോട്ടത്തിന്‍റെ ഫലമായി വിലകൂടിയ വസ്തുക്കള്‍ക്ക് കേട് സംഭവിക്കാം. പല നിറത്തിലുള്ള കല്ലുകള്‍ കണ്ണാടിക്കിണ്ണത്തില്‍ നിറച്ച് എല്ലാവരുടേയും നോട്ടം കിട്ടുന്ന സ്ഥലത്ത് വയ്ക്കുക. ദൃഷ്ടിദോഷം ഓടിപ്പോകും.

കുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോള്‍

കൊച്ചുകുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോള്‍, ഒടുവിലത്തെ കപ്പ് വെള്ളം ഒഴിക്കുമ്പോള്‍, അതില്‍ കുറച്ചുവെള്ളം ബാക്കിവയ്ക്കുക. ആ വെള്ളം കുഞ്ഞിന്‍റെ തലയ്ക്കുമീതെ വലത്തുനിന്നും ഇടത്തോട്ടും ഇടത്തുനിന്നും വലത്തോട്ടും ചുറ്റി അതില്‍ നിന്നും കുറച്ചുവെള്ളം കുടിപ്പിക്കുക. ബാക്കിവെള്ളം കുഞ്ഞിന്‍റെ കാലിനടുത്ത് ഒഴിക്കുക. ആ വെള്ളം തൊട്ട് കുഞ്ഞിന്‍റെ തലയില്‍ തെളിക്കുക. വന്നുപോയവരുടെ ദൃഷ്ടിദോഷങ്ങള്‍ ഇതിലൂടെ അകലും.

ക്ഷീണം

കൊച്ചുകുട്ടികള്‍ സദാ ഉത്സാഹഭരിതരായിരിക്കുന്നതാണ് നല്ലത്. അവര്‍ ഇടയ്ക്കിടെ ക്ഷീണിതരായി തളര്‍ന്നുകിടക്കുകയാണെങ്കില്‍, അവര്‍ക്ക് എന്തെങ്കിലും കണ്ണേറ് തട്ടിയിട്ടുണ്ടാവും എന്ന് അനുമാനിക്കാം. ഒരു കൈപ്പിടി കല്ലുപ്പ് എടുത്ത് കുട്ടിയുടെ വലത്തുനിന്നും ഇടത്തോട്ടും ഇടത്തുനിന്നും വലത്തോട്ടും ദൃഷ്ടി ചുറ്റുക. അതിനുശേഷം കുട്ടിയുടെ പിന്നിലൂടെ പോയി ആ ഉപ്പ് വെള്ളത്തില്‍ അലിയിച്ച് കളയുക. കുട്ടി ഉത്സാഹത്തോടെ ചിരിച്ചുകളിച്ചുതുടങ്ങും.

വിദ്യാഭ്യാസം

നല്ലവണ്ണം പഠിച്ചുകൊണ്ടിരുന്ന കുട്ടികള്‍ പെട്ടെന്ന് പഠിത്തത്തില്‍ അശ്രദ്ധരാവുന്നു. അതുകാരണം നിങ്ങള്‍ക്കോ നിങ്ങളുടെ ജീവിതപങ്കാളിയ്ക്കോ മാനസിക അസ്വസ്ഥതയുണ്ടാവുന്നുവെങ്കില്‍ അതും ഒരുതരം കണ്ണേറ് ദോഷം തന്നെയാണ്. നായ്ക്കുരുണ വേര് അല്ലെങ്കില്‍ ചെടി വീട്ടുവാതില്‍ക്കല്‍ വലതുഭാഗത്തായി കെട്ടിയിടുക. അതിനുശേഷം പശുവിന് അഗത്തിച്ചീര വാങ്ങിച്ചുകൊടുക്കുക. മകനായാലും മകള്‍ക്കായാലും വിദ്യാഭിവൃദ്ധിയുണ്ടാവും. ഉത്സാഹത്തോടെ പഠിച്ചുതുടങ്ങും. അവരുടെ മനസ്സും ബലപ്പെടും.

വയറുവേദന

വയറുവേദനകൊണ്ട് കുട്ടികള്‍ ഇടയ്ക്കിടെ വല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? വിശന്നുകരഞ്ഞാലും പാലുകുടിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നുണ്ടോ...? തീര്‍ച്ചയായും കണ്ണേറ് കൊണ്ടിട്ടുണ്ടാവും. മൂന്നും കൂടിയ സ്ഥലത്തെ മണ്ണും കടുകും ചേര്‍ത്ത് ഇടതുകയ്യില്‍ വച്ച് മൂടിപ്പിടിക്കുക. അത് കുട്ടിയുടെ വയറ്റിന് ചുറ്റും ഉഴിയുക. എന്നിട്ട് മണ്ണും കടുകും തീയില്‍ ഇടുക. കടുക് പൊട്ടിത്തെറിക്കുംപോലെ ദോഷവും ചിതറിത്തെറിച്ചുപോകും.

മീന്‍ വളര്‍ത്തല്‍

പൊതുവേ എല്ലാവരുടേയും വീടുകളില്‍ ഏതെങ്കിലും തരത്തില്‍ ദൃഷ്ടിദോഷം ഉണ്ടായിക്കൊണ്ടേയിരിക്കും. അത് അകലാന്‍ എളിയ മാര്‍ഗ്ഗം, മീന്‍ വളര്‍ത്തുന്നതാണ്. എല്ലാവരുടേയും നോട്ടം കിട്ടുന്ന സ്ഥലത്ത് മീന്‍ തൊട്ടിവച്ച് അതില്‍ മീന്‍ വളര്‍ത്തുക. അവ നീന്തി വലംവയ്ക്കുന്നതിനനുസരിച്ച് വീട്ടിലും സമൃദ്ധിയുണ്ടാവും.

ദുഃഖവാര്‍ത്തകള്‍

വീട്ടില്‍ ഇടയ്ക്കിടെ ദുഃഖവാര്‍ത്തകള്‍ കേള്‍ക്കാനിടവരികയോ, ദുഃഖകരമായ സന്ദര്‍ഭങ്ങളെ ഇടയ്ക്കിടെ നേരിടേണ്ടി വരികയോ ചെയ്യുന്നുവെങ്കില്‍ ദൃഷ്ടിദോഷമാണ് അതിനുകാരണം. വീട് തൂത്ത് വൃത്തിയാക്കി തേഞ്ഞുപോയ ചൂല് കൊണ്ട് വീട്ടിലുള്ളവരെ ദൃഷ്ടി ചുറ്റി, ആ ചൂല് വീടിന്‍റെ പിന്‍ഭാഗത്തുവെച്ച് തീയിട്ടു കത്തിക്കുക. സാവധാനം ശുഭവാര്‍ത്തകള്‍ വന്നുതുടങ്ങും.

പ്രസവിച്ച പെണ്ണുങ്ങള്‍

പ്രസവിച്ച പെണ്ണിനെ പെട്ടെന്ന് തന്നെ ദൃഷ്ടി ദോഷം പിടികൂടും. അതിന് ലളിതമായ പ്രതിവിധി പ്രസവിച്ച ദിവസം മുതല്‍ 48 ദിവസം പുറത്തുപോകുമ്പോള്‍ അരയിലോ തലയിലോ ആര്യവേപ്പിന്‍റെ ഇല തിരുകിവെയ്ക്കുക എന്നതാണ്. വീട്ടില്‍ തിരിച്ച് എത്തിയാല്‍ ഉടന്‍തന്നെ അത് എടുത്ത് പുറത്തേയ്ക്ക് വലിച്ചെറിയണം.

പാലുകൊടുക്കുന്ന അമ്മമാര്‍

കുഞ്ഞിന് പാലുകൊടുക്കുമ്പോള്‍ മറ്റുള്ളവരുടെ കണ്ണേറ് ഏറ്റ്, അമ്മയ്ക്ക് പാല്‍ കെട്ടി ക്കിടന്ന് വേദന അനുഭവപ്പെടും. ആ ദൃഷ്ടിദോഷം മാറാന്‍, ചെറുനാരങ്ങ എടുത്ത് ഓരോന്നായി ദൃഷ്ടിചുറ്റി അവ ഒന്നിച്ച് പുറത്തുകൊണ്ടുപോയി ദിക്കിന് ഒന്നുവീതം എറിയുക. ഒരു ചെറുനാരങ്ങയുടെ മീതെ കര്‍പ്പൂരം വെച്ച് കത്തിച്ചു വീടിന്‍റെ വാതിലിന് മധ്യേ വെച്ച് അത് അണഞ്ഞശേഷം ചവിട്ടിത്തേച്ച ശേഷം കാലുകള്‍ കഴുകി വീട്ടിനകത്ത് പ്രവേശിക്കുക. അമ്മയ്ക്കും കുഞ്ഞിനും ദൃഷ്ടിദോഷം മാറി സൗഖ്യമുണ്ടാവും.

പടികാരം, ഊമത്തം, പച്ചമുളക്, ശംഖ്, എരിക്കിന്‍വേര്, കറ്റാര്‍വാഴച്ചെടി ഇവയ്ക്കൊക്കെ ദൃഷ്ടിദോഷങ്ങള്‍ അകറ്റാനുള്ള ശക്തിയുണ്ട്. ഇവയില്‍ ഏതെങ്കിലും ഒന്ന് കറുത്ത കമ്പിളി കയറ്റില്‍ കെട്ടി വീട്ടുവാതില്‍ക്കല്‍ തൂക്കിയിടുക. ഭൂരിഭാഗം കണ്ണേറുദോഷങ്ങളും വീട്ടിനകത്തേയ്ക്ക് വരാതെ വാതില്‍ക്കല്‍ നിന്നുതന്നെ പിന്‍വലിയും.

വെള്ളം

വെള്ളത്തിനും ദൃഷ്ടിദോഷം മാറ്റാനുള്ള കഴിവുണ്ട്. എവിടേയ്ക്കെങ്കിലും പോകാനൊരുങ്ങുമ്പോള്‍, ആരെങ്കിലും വിളിച്ചാല്‍ വീടിനകത്തുചെന്ന് കുറച്ചുവെള്ളം കുടിച്ചശേഷം പുറപ്പെടാറുണ്ട്. മക്കള്‍ ദൃഷ്ടിദോഷത്തിന് പാത്രീഭവിക്കാതിരിക്കാനായി, ആഴ്ചയില്‍ ഒരിക്കല്‍ നിങ്ങളുടെ കൈ ഉപ്പുവെള്ളത്തില്‍ നനച്ച് ആ കൈകള്‍ കൊണ്ട് അവരുടെ ഉച്ചി മുതല്‍ പാദം വരെ തടവുക. കൈ കഴുകിയ ശേഷം ബാക്കിയുള്ള വെള്ളം മക്കളുടെ തലയ്ക്ക് ഉഴിഞ്ഞ് വാതിലിന്‍റെ അല്ലെങ്കില്‍ ഗേറ്റിന്‍റെ ഇടതുവശത്ത് ഒഴിച്ചുകളയുക. മക്കള്‍ക്ക് ദൃഷ്ടി ഏല്‍ക്കാതിരിക്കും.

ചുണ്ണാമ്പും മഞ്ഞളും

'ചുണ്ണാമ്പും മഞ്ഞളും ശക്തിയേറിയ കണ്ണേറുകാര്‍ക്ക്' എന്നുപറയാറുണ്ട്. ജനനം(പ്രസവം) മുതല്‍ വിവാഹം ഉള്‍പ്പെടെയുള്ള എല്ലാ ശുഭകര്‍മ്മങ്ങളിലും പ്രധാനപ്പെട്ടതാണ് ചുണ്ണാമ്പും മഞ്ഞളും. രണ്ടും വെള്ളത്തില്‍ കലക്കി ആരതി ഉഴിയുന്ന പതിവുണ്ട്. ഇത് സകല ദോഷങ്ങളെയും മാറ്റുന്നു.

ശാസ്ത്രം

ഒന്‍പത് പച്ചമുളക്, ഒരു ചെറുനാരങ്ങ, ചെറിയ കഷണം പടികാരം എന്നിവ കറുത്ത കമ്പിളി നൂലില്‍ കോര്‍ത്ത് വീട്ടുവാതില്‍ക്കലോ, കച്ചവടസ്ഥലത്തോ, വാഹനത്തിലോ എവിടെ വേണമെങ്കിലും തൂക്കിയിടുക. മറ്റുള്ളവര്‍ കളിയാക്കിയേക്കാം. എന്നാല്‍ നെഗറ്റീവ് വൈബ്രേഷനുകളെ തടയുവാനുള്ള കഴിവ് ഇവയ്ക്ക് ഉണ്ടെന്നത് ശാസ്ത്രീയമായ സത്യമാണ്. അതുകൊണ്ട് തീര്‍ച്ചയായും ഇവ ദൃഷ്ടിദോഷങ്ങളെ തടയും. അവനവന്‍ തന്നെ ഇവയെ കോര്‍ത്ത് കെട്ടുന്നത് സവിശേഷം. കെട്ടിയശേഷം കയ്യും മുഖവും കഴുകേണ്ടതാണ്.

ഒന്നുമുതല്‍ പന്ത്രണ്ടുവരെ

ഒരു മുറ്റത്തില്‍ കുറച്ച് കല്ലുപ്പ്, ഉണക്കമുളക്, കടുക്, ഒരു കഷണം കര്‍പ്പൂരം എന്നിവ എടുക്കുക. ഒരു വയസ്സ് മുതല്‍ പന്ത്രണ്ട് വയസുവരെയുള്ള കുട്ടികള്‍ എന്തെങ്കിലും കണ്ണേറുദോഷത്താല്‍ ഇടയ്ക്കിടെ ക്ഷീണിതരോ, ഉത്സാഹക്കുറവുള്ളവരോ ആയി കാണപ്പെട്ടാല്‍ അവരെ മേല്‍പറഞ്ഞവ കൊണ്ട് ദൃഷ്ടിചുറ്റി അതെല്ലാം തീയിട്ട് കത്തിക്കുക. കടുകും, ഉപ്പും, ഉണക്കമുളകും തീയില്‍ പൊട്ടിച്ചിതറുന്ന പോലെ ദൃഷ്ടിദോഷവും പൊട്ടിച്ചിതറിപ്പോകും.

കണ്ണാടി

നിങ്ങളുടെ വീട്ടില്‍ സന്ദര്‍ശകരായോ അതിഥികളായോ എത്തുന്നവര്‍ ഏത് മാനസികാസ്ഥയിലാണ് വരിക എന്ന് നമുക്കറിയില്ല. അവരുടെ ചിന്തകള്‍ നിങ്ങളെ ദോഷകരമായി ബാധിക്കാതിരിക്കാന്‍, വീട്ടില്‍ പ്രവേശിക്കുന്നവരുടെ മുഖം കാണത്തക്കവിധം വാതില്‍പ്പടിക്കുനേരെ എതിരെ ഒരു കണ്ണാടി ഘടിപ്പിക്കുക. ഒപ്പം വരുന്നവരോട് കാലുകഴുകി അകത്തുകടക്കാന്‍ ആവശ്യപ്പെടുക. ദൃഷ്ടികള്‍ അടുക്കുകയില്ല.

നാളികേരം ചെറുനാരങ്ങ

കുമ്പളങ്ങ(ഇളവന്‍), നാളികേരം, ചെറുനാരങ്ങ എന്നിവയ്ക്ക് ദൃഷ്ടിയെ ആവാഹിക്കാനുള്ള കഴിവുണ്ട്. ഇവകൊണ്ട് ദൃഷ്ടി ചുറ്റുന്നതും, ഇവ ദൃഷ്ടി മാറുവാനായി വയ്ക്കുന്നതും നല്ലതുതന്നെ. എന്നാല്‍ പ്രധാനപ്പെട്ട ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ദൃഷ്ടി ചുറ്റിയ ശേഷം ഇവയെ നടുറോഡിലോ, മൂന്നും കൂടിയ വഴിയിലോ എറിയരുത്. അത് വളരെ അധമമാണ്. മറ്റുള്ളവരുടെ കാലില്‍തട്ടി 'ച്ഛേ... അയ്യോ' എന്ന മട്ടില്‍ എന്തെങ്കിലും പറഞ്ഞാല്‍ ഒഴിഞ്ഞ ദൃഷ്ടി നിങ്ങളില്‍ തന്നെ തിരിച്ചെത്തും. അതുകൊണ്ട് മറ്റുള്ളവരുടെ പാദസ്പര്‍ശമേല്‍ക്കാത്ത വിധം അവയെ കളയുക. അതിനുശേഷം കാലും കൈകളും കഴുകി കുറച്ചുവെള്ളം തലയില്‍ തെളിക്കുക.

പൂക്കള്‍

അകലമുള്ള മണ്‍പാത്രത്തില്‍ വെള്ളം നിറയ്ക്കുക. അതില്‍ ഒരു അടുപ്പ് കരിയുടെ തുണ്ട് ഇടുക. ശേഷം ആ പാത്രത്തില്‍ നിറവും മണവുമുള്ള പൂക്കള്‍ അതിന് മീതെ പൊങ്ങികിടക്കും വിധം ഇടുക. അത് ഓഫീസിലെ സ്വീകരണമുറിയില്‍, വരുന്ന ഓരോരുത്തരുടേയും നോട്ടം കിട്ടുന്ന സ്ഥലത്ത് വയ്ക്കുക. അസൂയ, കണ്ണേറ് എന്നിവയാല്‍ ഓഫീസ് ജോലിയില്‍ ഭംഗം വരാതിരിക്കാന്‍ പൂക്കള്‍ വാടുന്നതിന് മുമ്പുതന്നെ വെള്ളവും പൂക്കളും മാറ്റുക. പതിവായി ഇത് ചെയ്താല്‍ കണ്ണേറ് ദോഷങ്ങള്‍ മാറി കച്ചവടവും ഓഫീസിലെ പ്രവര്‍ത്തികളും മെച്ചപ്പെടും.

ഉണക്കമുളക്

ഏറെ ആഗ്രഹിച്ചുവാങ്ങിയ വസ്തുക്കള്‍ കേടായി അവ ഉപയോഗിക്കാനാവാതെയാവുന്നുവെങ്കില്‍ അത് ആ വസ്തുവിന് കണ്ണേറ് ഏറ്റതുകൊണ്ടാണെന്ന് മനസ്സിലാക്കാം. ഉണക്കമുളക് ആ വസ്തുവിന്‍റെ അടുത്ത് അല്ലെങ്കില്‍ അതിനുമുന്നില്‍ വയ്ക്കുക. അല്‍പ്പം ഉപ്പുവെള്ളം മുളകിനുമീതെ തളിച്ച് ആ മുളകുകൊണ്ട് ആ ഉപകരണത്തെ ദൃഷ്ടി ഉഴിയുക. അതിനുശേഷം ഉണക്കമുളകിനൊപ്പം തൂത്തുവാരുന്ന ചൂലിന്‍റെ ഏഴ് ചെറിയ ഈര്‍ക്കില്‍തുണ്ടുകള്‍ ചേര്‍ത്ത് തറയിലിടുക.

കലശവെള്ളം

ഹോമം, യാഗം എന്നിവ അടുത്തു ക്ഷേത്രങ്ങളില്‍ നടത്തുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അതില്‍ പങ്കെടുക്കുക. അവിടെ പൂജയില്‍ വച്ച കലശവെള്ളം വാങ്ങിച്ചുകൊണ്ടുവന്ന് വീട് മുഴുവന്‍ തെളിക്കുക. വീടിനെ ഗ്രസിച്ചിട്ടുള്ള ദോഷങ്ങള്‍ അപ്രത്യക്ഷമാവും.

ഭയം

വിഷജന്തുക്കള്‍, പ്രാണികള്‍, പേപ്പട്ടികള്‍ എന്നിവയെ കണ്ട് ഭയപ്പെടുന്നതും ഒരുതരം ദൃഷ്ടിദോഷം തന്നെയാണ്. അങ്ങനെ വീട്ടിലുള്ള ആരെങ്കിലും ഭയക്കുന്നുണ്ടെങ്കില്‍, ദര്‍ഭയുടെ ഒരു ചെറിയ കെട്ട് വാതില്‍പ്പടിയുടെ ഇടതുഭാഗത്ത് കെട്ടിത്തൂക്കിയിടുക. വീട്ടിലെ കുടിക്കുന്ന വെള്ളത്തിലും ഉപ്പുപാത്രത്തിലും ദര്‍ഭയുടെ ഒരു കഷണം ഇട്ടുവയ്ക്കുക. ഭയദൃഷ്ടി അപ്രത്യക്ഷമാവും.

ദുഷ്ടലാക്ക്

ശനി, ഞായര്‍, അമാവാസി ദിവസങ്ങള്‍ കണ്ണേറുദോഷം ഒഴിക്കാന്‍ ഏറ്റവും നല്ല ദിനങ്ങളാണ്. മറ്റുള്ള ദിവസങ്ങളില്‍ വൈകുന്നേരം ആറുമണിക്കോ, ഉച്ചവേളയായ പന്ത്രണ്ട് മണിക്കോ, ദൃഷ്ടി ഉഴിയാവുന്നതാണ്. ആരെയും സംശയിച്ചുകൊണ്ട് ദൃഷ്ടി ഉഴിയരുത്. ദൃഷ്ടിദോഷമുള്ളവരെ കിഴക്കോട്ട് ഇരുത്തി അവര്‍ക്ക് എതിരെ നിന്ന് ദൃഷ്ടി ഉഴിയുന്നതാണ് ഉചിതം. വലത്തുനിന്നും ഇടത്തോട്ടും ഇടത്തുനിന്നും വലത്തോട്ടും മുകളില്‍ നിന്നും താഴോട്ടുമായി ദൃഷ്ടി ഉഴിയുക. താഴെനിന്നും മുകളിലോട്ട് ദൃഷ്ടി ഉഴിയരുത്. ദുഷ്ടലാക്കോടെ ദൃഷ്ടി ഉഴിഞ്ഞാല്‍ അത് ആ വ്യക്തിയെത്തന്നെ തിരിച്ചടിക്കും എന്നോര്‍ക്കുക.

വി. എസ്