വെള്ളയുടെ വിശുദ്ധിയിൽ ഇടപ്പള്ളി അഞ്ചുമന ക്ഷേത്രം; വെള്ളാംഭഗവതിയുടെ അപൂർവ ആചാരങ്ങൾ
കൊച്ചി: ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തിലെ വെള്ളാംഭഗവതിയുടെ ആരാധനയിൽ വെള്ള നിറത്തിനാണ് ഏറ്റവും വലിയ പ്രാധാന്യം. പൂജ മുതൽ ഉത്സവാഘോഷങ്ങൾ വരെ എല്ലായിടത്തും വെള്ളയുടെ സാന്നിധ്യം നിറഞ്ഞുനിൽക്കുന്ന അപൂർവ ആചാരങ്ങളാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത.
വിശ്വകർമ്മ ധർമ്മോദ്ധാരണ സമാജത്തിന്റെ ഉടമസ്ഥതയിലുള്ള ഈ പുരാതന ക്ഷേത്രത്തിൽ ഭുവനേശ്വരിയാണ് പ്രധാന പ്രതിഷ്ഠ. അന്നപൂർണേശ്വരിയായ വെള്ളാംഭഗവതിയും ഭദ്രകാളിയുമാണ് പ്രധാന ഉപദേവതകൾ. വെള്ളാംഭഗവതിക്ക് അർപ്പിക്കുന്ന പൂജകളിൽ മുല്ല, വെള്ളയരളി തുടങ്ങിയ വെളുത്ത പൂക്കൾ മാത്രമാണ് ഉപയോഗിക്കുന്നത്. തുളസിയിലയും പൂജയുടെ ഭാഗമാകും.
ദേവിക്ക് അണിയിക്കുന്നത് വെള്ള വസ്ത്രങ്ങളാണ്. നിവേദ്യവും വെളുത്ത വിഭവങ്ങൾ തന്നെയാണ്. ഉത്സവത്തിൽ ദേവിയെ ആനപ്പുറത്ത് എഴുന്നള്ളിക്കുമ്പോൾ വെള്ളിത്തിടമ്പും വെള്ളപ്പട്ടുകൊണ്ടുള്ള കുടയും ഉപയോഗിക്കുന്നു. ഉത്സവസദ്യയിൽ വിളമ്പുന്നത് വെളുത്ത കറികളും പാൽപ്പായസവുമാണ്.
വെള്ളിയും തിങ്കളാഴ്ചയും വെള്ളാംഭഗവതിക്ക് വിശേഷദിനങ്ങളായി കണക്കാക്കപ്പെടുന്നു. അന്നേദിവസം വെള്ളപ്പൂക്കൾ കോർത്ത 21 മാലകൾ ദേവിക്ക് ചാർത്തുന്ന പതിവ് ഇന്നും തുടരുന്നു. ഈ ആചാരത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും തലമുറകളായി അത് മുടങ്ങാതെ പാലിച്ചുവരികയാണ്.
അഞ്ചുമന ഉത്സവത്തിലെ പറയെടുപ്പിനും പ്രത്യേകതയുണ്ട്. കോലവും കൈയിലേന്തി കാൽനടയായി എത്തുന്ന പൂജാരിയും സംഘവും വീടുകളിലേക്ക് നേരിട്ട് കയറിയാണ് പറയെടുപ്പ് നടത്തുന്നത്. വൈക്കം വരെ ഏകദേശം 45 കിലോമീറ്റർ ദൂരം നടന്നാണ് പറയെടുപ്പ് പൂർത്തിയാക്കുന്നത്. ഈ ചടങ്ങിനായി ക്ഷേത്രം ഏഴ് ദിവസത്തേക്ക് അടച്ചിടുന്നതും പതിവാണ്.
സിനിമാലോകത്തിന്റെ പ്രിയ ലൊക്കേഷൻ
അഞ്ചുമന ക്ഷേത്രം മലയാള സിനിമയുടെയും ടെലിവിഷൻ സീരിയലുകളുടെയും സുപരിചിതമായ ചിത്രീകരണ കേന്ദ്രമാണ്. ദിലീപ് നായകനായ പറക്കും തളികയുടെ പ്രധാന രംഗങ്ങൾ ക്ഷേത്രമൈതാനത്തായിരുന്നു ചിത്രീകരിച്ചത്. നെടുമുടി വേണു, മേനക, ശങ്കർ എന്നിവർ അഭിനയിച്ച അമ്പട ഞാനേയുടെ ഭൂരിഭാഗം രംഗങ്ങളും ഇവിടെ തന്നെയാണ് ചിത്രീകരിച്ചത്. വല്ല്യേട്ടൻ, ഫ്രണ്ട്സ് ഉൾപ്പെടെ നൂറിലധികം സിനിമകളിൽ അഞ്ചുമന ക്ഷേത്രം പശ്ചാത്തലമായിട്ടുണ്ട്. പ്രത്യേകിച്ച് വിവാഹരംഗങ്ങൾ ചിത്രീകരിക്കാൻ സംവിധായകർ കൂടുതലായി തിരഞ്ഞെടുക്കുന്ന ലൊക്കേഷനാണ് ഈ ക്ഷേത്രം. പ്രമുഖ സിനിമാതാരങ്ങൾ ഉൾപ്പെടെ നിരവധി പേർ ഇവിടെ ദർശനത്തിനെത്താറുമുണ്ട്.
