സമ്പദ്സമൃദ്ധി ഏകുന്ന ഏകാദശി വ്രതം

സമ്പദ്സമൃദ്ധി ഏകുന്ന ഏകാദശി വ്രതം

ഏകാദശിയുടെ മഹത്വം എത്രപറഞ്ഞാലും തീരില്ല. ഏകാദശി വ്രതമനുഷ്ഠിച്ചവര്‍ക്കുണ്ടായ അനുഭവകഥകള്‍ എത്രയെത്രയോ ആണ്. വിദര്‍ഭ മഹാരാജാവ് രുഗ്മാംഗദന്‍റെ കൊട്ടാരത്തിലെ നന്ദവനത്തില്‍ സുഗന്ധമുള്ള ധാരാളം പൂക്കള്‍ പുഷ്പിക്കുമായിരുന്നു. ആ പൂക്കള്‍ രാജാവ് മാത്രമേ ഉപയോഗിക്കുമായിരുന്നുള്ളൂ. നന്ദവനത്തിന്‍റെ മധ്യത്തിലായി ജാപാലി എന്ന മഹര്‍ഷി തപസ്സനുഷ്ഠിച്ചിരുന്നു. ഒരിക്കല്‍ ഈ പ്രദേശത്തുകൂടി വന്ന ദേവലോകസ്ത്രീകള്‍ക്ക് അവിടെ സുഗന്ധം പരത്തി പൂത്തുനിന്നിരുന്ന പൂക്കളോട് എന്തെന്നില്ലാത്ത പ്രത്യേകത തോന്നി. അവര്‍ നിത്യവും അവിടെവന്ന് പൂക്കള്‍ പറിച്ചുകൊണ്ടുപോകാന്‍ തുടങ്ങി. ദിവസം ചെല്ലുംതോറും പൂക്കള്‍ കുറയുന്നത് ശ്രദ്ധയില്‍പ്പെട്ട രാജാവ് പൂക്കള്‍ കട്ടുകൊണ്ടുപോകുന്ന കള്ളന്മാരെ പിടിക്കാന്‍ ഉത്തരവിട്ടു. കാവല്‍ക്കാരാകട്ടെ അവിടെ തപസ്സനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന മഹര്‍ഷി പൂക്കള്‍ കട്ടിട്ടുണ്ടാവും എന്ന് അനുമാനിച്ച് അദ്ദേഹത്തെ രാജാവിന്‍റെ അടുത്തേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു.

പൂക്കള്‍ കളവുപോയതിന്‍റെ കാരണക്കാരന്‍ താനല്ല എന്നുപറഞ്ഞ മഹര്‍ഷി, നന്ദവനത്തില്‍ കുമ്മട്ടി വിത്തുകള്‍ വിതയ്ക്കുവാന്‍ രാജാവിന് നിര്‍ദ്ദേശം നല്‍കി. രാജാവും അപ്രകാരം തന്നെ ചെയ്യിച്ചു. ഒരു ദിവസം ദേവലോക സ്ത്രീകള്‍ എത്തി നന്ദവനത്തിലുള്ള കുളത്തില്‍ കുളിച്ചുകൊണ്ടിരിക്കവേ ഒരു പെണ്ണിന്‍റെ കാലില്‍, കുമ്മട്ടിയുടെ ഒരു വള്ളി ചുറ്റിപ്പിടിച്ചു. അതുകാരണം അവള്‍ക്ക് തിരിച്ചുപോകാനാവാതെ ഭൂമിയില്‍ തന്നെ കഴിയേണ്ടി വന്നു. നന്ദവനത്തില്‍ പരിശോധനയ്ക്ക് എത്തിയ രാജാവിനെക്കണ്ട ദേവലോകസ്ത്രീ അദ്ദേഹത്തോട് നന്ദവനത്തിലെ പൂക്കള്‍ പറിച്ചത് ഞങ്ങള്‍ തന്നെയാണ്, കുമ്മട്ടി വള്ളിയില്‍ എന്‍റെ കാലുകള്‍ പെട്ടുപോയതുകൊണ്ട് ഞാന്‍ ഉറങ്ങിപ്പോയി, വീണ്ടും പരിശുദ്ധി നേടി എനിക്ക് ദേവലോകത്തേയ്ക്ക് തിരിച്ചുപോകാന്‍ താങ്കള്‍ എന്നെ സഹായിക്കണം എന്ന് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ അവളെ എങ്ങനെ സഹായിക്കണം എന്നറിയാത്തതിനാല്‍ ദേവലോകസ്ത്രീയോട് തന്നെ ഉപായം ആരാഞ്ഞു.

അവള്‍ ഏകാദശിയുടെ മഹത്വം വിവരിച്ചുകൊണ്ട്, ഏകാദശിയുടെ വ്രതഫലം ദാനമായി നല്‍കിയാല്‍ തനിക്ക് പോകാന്‍ കഴിയും എന്നുപറഞ്ഞു. രാജാവാകട്ടെ അങ്ങനെയൊരു വ്രതം ഉള്ളതായി തനിക്ക് അറിയില്ല എന്നുപറഞ്ഞു. അപ്പോള്‍ അവള്‍ 'താങ്കളുടെ കൊട്ടാരത്തില്‍ ജോലി ചെയ്യുന്ന അലക്കുകാരി ഏകാദശിവ്രതം അനുഷ്ഠിക്കുന്നവളാണ്, അവളെ വിളിച്ചുവരുത്തി ഏകാദശി വ്രതഫലം എനിക്ക് നല്‍കാന്‍ പറയൂ' എന്ന് ആവശ്യപ്പെട്ടു. അതുപ്രകാരം അലക്കുകാരി ഏകാദശി വ്രതഫലം ദേവലോകസ്ത്രീക്ക് നല്‍കവേ, ദേവലോകസ്ത്രീ വീണ്ടും ദേവലോകത്ത് എത്തി. ഏകാദശിവ്രത മഹിമ മനസ്സിലാക്കിയ രുഗ്മാംഗദ രാജാവ് അന്ന് മുതല്‍ പ്രജകളോട് ഏവരോടും മുടങ്ങാതെ ഏകാദശി വ്രതം അനുഷ്ഠിക്കുവാന്‍ നിര്‍ദ്ദേശിച്ചു. രാജാവും മുടങ്ങാതെ വ്രതം അനുഷ്ഠിച്ചുപോന്നു. അതുകൊണ്ട് വിദര്‍ഭദേശം സമ്പല്‍സമൃദ്ധമായി. ജനങ്ങളുടെ ജീവിതവും ആഹ്ലാദഭരിതമായി. ഇത് ഏകാദശിയെക്കുറിച്ചുള്ള എണ്ണിയാലൊടുങ്ങാത്ത അനുഭവകഥകളിലെ ഒരു ഏടുമാത്രമാണ്. കലിയുഗത്തില്‍ നാരായണനെ മനസ്സില്‍ നിര്‍മ്മല ഭക്തിയോടുകൂടി ധ്യാനിച്ച് യഥാവിധി ഏകാദശിവ്രതം അനുഷ്ഠിച്ചാല്‍ സര്‍വ്വ ഐശ്വര്യങ്ങളും ആയുരാരോഗ്യസൗഖ്യവും സിദ്ധിക്കുമെന്ന് സുനിശ്ചിതം.

ദേവദേവന്‍