ഏകാദശിയുടെ മഹത്വം!

ഏകാദശിയുടെ മഹത്വം!

വിദര്‍ഭരാജാവ് രുഗ്മാംഗദന്‍റെ അരമന നന്ദവനത്തില്‍ സുഗന്ധവാഹിനികളായ ധാരാളം പുഷ്പങ്ങള്‍ പൂത്തുനില്‍ക്കുന്നുണ്ടാവും. ആ പൂക്കള്‍ രാജാവ് മാത്രമേ ഉപയോഗിക്കയുള്ളു. ആ നന്ദവനത്തിന്‍റെ നടുവില്‍ ജാപാലി എന്ന മഹര്‍ഷി തപസ്സനുഷ്ഠിച്ചുപോന്നിരുന്നു. ഒരിക്കല്‍ ഈ പ്രദേശത്ത് വന്ന ദേവലോകസ്ത്രീകള്‍ സുഗന്ധമുള്ള ആ പൂക്കളില്‍ മോഹിതരായി നിത്യം വന്ന് പൂക്കള്‍ പറിച്ചുകൊണ്ട് പോകാന്‍ തുടങ്ങി. പൂക്കള്‍ കുറയുന്നതുകണ്ട രാജാവ് കള്ളനെ പിടിക്കുവാന്‍ ഉത്തരവിട്ടു. കാവല്‍ക്കാരന്‍ അവിടെ തപസ്സനുഷ്ഠിക്കുന്ന മഹര്‍ഷിയാവാം പൂക്കള്‍ കട്ടിട്ടുണ്ടാവുക എന്ന് കരുതി അദ്ദേഹത്തെ കൂട്ടിക്കൊണ്ട് വന്ന് രാജാവിന്‍റെ മുന്നില്‍ നിര്‍ത്തി. പൂക്കള്‍ കളവ്  പോകാന്‍ താനല്ല കാരണക്കാരന്‍ എന്നുപറഞ്ഞ മഹര്‍ഷി നന്ദവനത്തില്‍ കുമ്മട്ടി വിത്തുകള്‍ വിതയ്ക്കുവാന്‍ രാജാവിന് നിര്‍ദ്ദേശം നല്‍കി. രാജാവും അപ്രകാരം തന്നെ ഉത്തരവിട്ടു.

ഒരു ദിവസം ദേവലോക സ്ത്രീകള്‍ നന്ദവനത്തിലുള്ള കുളത്തില്‍ കുളിച്ചുകൊണ്ടിരിക്കവേ, ഒരു പെണ്ണിന്‍റെ കാലില്‍ കുമ്മട്ടിക്കൊടി ചുറ്റിയകാരണം   അവള്‍ക്ക് ഭൂമിയില്‍ തന്നെ തങ്ങേണ്ടതായി വന്നു. നന്ദവനത്തില്‍ സുദര്‍ശനത്തിനെത്തിയ രാജാവിനോട് ദേവലോകസ്ത്രീ 'നന്ദവനത്തില്‍ നിന്നും പൂക്കള്‍ പറിച്ചവര്‍ ഞങ്ങളാണെന്നും. കുമ്മട്ടിച്ചെടിയുടെ വള്ളി എന്‍റെ കാലില്‍ പിണഞ്ഞതിനാല്‍ എനിക്ക് പോകാനായില്ലെന്നും  ദേവലോകത്ത് പോകാന്‍  സഹായിക്കണം' എന്നും ആവശ്യപ്പെട്ടു. പക്ഷേ അവളെ എങ്ങനെ സഹായിക്കണം എന്നറിയാത്തതുകൊണ്ട് അവളോടുതന്നെ ഉപായം എന്തെന്ന് ആരാഞ്ഞു രാജാവ്. അവള്‍ ഏകാദശിയുടെ മഹത്വം വിവരിച്ച്, ഏകാദശി വ്രതഫലം ദാനമായി തന്നാലേ എനിക്ക് പോകാന്‍ കഴിയൂ എന്നുപറഞ്ഞു.

എന്നാല്‍ രാജാവാകട്ടെ അങ്ങനെയൊരു വ്രതമിരിക്കാന്‍ തനിക്ക് അറിയില്ലെന്ന് പറഞ്ഞു. അപ്പോള്‍ ദേവലോകസ്ത്രീ 'താങ്കളുടെ കൊട്ടാരത്തിലെ തുണി അലക്കുന്ന അലക്കുകാരി ഏകാദശി വ്രതം അനുഷ്ഠിക്കുന്നവളാണ്. അവളെ വിളിച്ചുകൊണ്ടുവന്ന് ഏകാദശി വ്രതഫലങ്ങള്‍ എനിക്ക് നല്‍കുവാന്‍ പറയൂ' എന്ന് പറഞ്ഞു. വിവരം അറിഞ്ഞ് അലക്കുകാരി  തന്‍റെ ഏകാദശിഫലങ്ങള്‍ ദേവലോകമങ്കയ്ക്ക് നല്‍കി. അതുകാരണം അവള്‍ ദേവലോകത്തേയ്ക്ക് മടങ്ങി. ഏകാദശി വ്രതത്തിന്‍റെ മഹത്വം മനസ്സിലാക്കിയ രാജാവ് രുഗ്മാംഗദന്‍ അന്ന് മുതല്‍ നാട്ടിലെ ജനങ്ങള്‍ എല്ലാവരും ഏകാദശിവ്രതം അനുഷ്ഠിക്കണമെന്ന് നിര്‍ദ്ദേശിച്ചു. ഒപ്പം രാജാവും വ്രതം അനുഷ്ഠിച്ചു. അതുകാരണം രുഗ്മാംഗദന്‍റെ രാജ്യം സമ്പല്‍സമൃദ്ധമായി. ജനങ്ങളും അതീവ സന്തുഷ്ടരായി.

കെ. ലക്ഷ്മി