ഗോക്കളെ വണങ്ങാം ഒപ്പം ഗോശാലകൃഷ്ണനേയും...
തെക്കു വശത്തെ ഒരു ശിവക്ഷേത്രത്തിലേക്ക് ദിനേനസഞ്ചരിച്ചിരുന്ന ഒരു സന്യാസിശ്രേഷ്ഠന് ഉണ്ടായിരുന്നു. എല്ലാദിവസവും അദ്ദേഹം ശിവപൂജയ്ക്കായി തെക്കോട്ട് യാത്ര ചെയ്യുമായിരുന്നു. കാലം കടന്നതോടെ പ്രായാധിക്യത്താല്‍ അദ്ദേഹത്തിന് യാത്ര ദുഷ്കരമായി തീര്‍ന്നു. അങ്ങനൊരിക്കല്‍ ഭഗവാന് അദ്ദേഹത്തിന് സ്വപ്നദര്‍ശനം നല്കി. അതിവിദൂരത്തല്ലാത്ത ഒരിടത്ത് ധാരാളം കാവുകളും കുളങ്ങളും ഉണ്ടെന്നും ആ ദിക്കിലേയ്ക്ക് ചെന്നാല്‍ തന്നെ ദര്‍ശിക്കാന്‍ സാധിക്കുമെന്നും ഭഗവാന് അദ്ദേഹത്തോട് അരുള്‍ ചെയ്തത്രേ. തുടര്‍ന്ന് ഭഗവാന് നിര്‍ദ്ദേശിച്ച ദിക്കിലേക്ക് സന്യാസിശ്രേഷ്ഠന് സഞ്ചരിച്ചു. അവിടെ കുറേ കാവുകളും കുളവുമൊക്കെ നിറഞ്ഞ ഒരു പ്രദേശം അദ്ദേഹം കണ്ടെത്തി. കുളത്തില്‍ സ്നാനം ചെയ്ത സന്യാസിശ്രേഷ്ഠന് ഒരു സ്വയംഭൂലിംഗം കാണാനിടയായി. അതിന്റെ ചൈതന്യം തിരിച്ചറിഞ്ഞ അദ്ദേഹം ആ സ്വയംഭൂലിംഗത്തെ ആരാധിക്കാന്‍ തുടങ്ങി. ആയിടമാണ് പില്ക്കാലത്ത് ഇളംകുളം മഹാദേവ ക്ഷേത്രം എന്ന പേരില്‍ ഖ്യാതി കേട്ട ശിവാലയമായി മാറിയത്.
തെക്കു വശത്തെ ഒരു ശിവക്ഷേത്രത്തിലേക്ക് ദിനേനസഞ്ചരിച്ചിരുന്ന ഒരു സന്യാസിശ്രേഷ്ഠന് ഉണ്ടായിരുന്നു. എല്ലാദിവസവും അദ്ദേഹം ശിവപൂജയ്ക്കായി തെക്കോട്ട് യാത്ര ചെയ്യുമായിരുന്നു. കാലം കടന്നതോടെ പ്രായാധിക്യത്താല്‍ അദ്ദേഹത്തിന് യാത്ര ദുഷ്കരമായി തീര്‍ന്നു. അങ്ങനൊരിക്കല്‍ ഭഗവാന് അദ്ദേഹത്തിന് സ്വപ്നദര്‍ശനം നല്കി. അതിവിദൂരത്തല്ലാത്ത ഒരിടത്ത് ധാരാളം കാവുകളും കുളങ്ങളും ഉണ്ടെന്നും ആ ദിക്കിലേയ്ക്ക് ചെന്നാല്‍ തന്നെ ദര്‍ശിക്കാന്‍ സാധിക്കുമെന്നും ഭഗവാന് അദ്ദേഹത്തോട് അരുള്‍ ചെയ്തത്രേ. തുടര്‍ന്ന് ഭഗവാന് നിര്‍ദ്ദേശിച്ച ദിക്കിലേക്ക് സന്യാസിശ്രേഷ്ഠന് സഞ്ചരിച്ചു. അവിടെ കുറേ കാവുകളും കുളവുമൊക്കെ നിറഞ്ഞ ഒരു പ്രദേശം അദ്ദേഹം കണ്ടെത്തി. കുളത്തില്‍ സ്നാനം ചെയ്ത സന്യാസിശ്രേഷ്ഠന് ഒരു സ്വയംഭൂലിംഗം കാണാനിടയായി. അതിന്റെ ചൈതന്യം തിരിച്ചറിഞ്ഞ അദ്ദേഹം ആ സ്വയംഭൂലിംഗത്തെ ആരാധിക്കാന്‍ തുടങ്ങി. ആയിടമാണ് പില്ക്കാലത്ത് ഇളംകുളം മഹാദേവ ക്ഷേത്രം എന്ന പേരില്‍ ഖ്യാതി കേട്ട ശിവാലയമായി മാറിയത്.
തിരുവനന്തപുരം ശ്രീകാര്യം കല്ലമ്പള്ളിയില്‍ ദേശീയപാതയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഇളംകുളം മഹാദേവക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യമാണ് മേല്‍ വിവരിച്ചത്. ഏകദേശം 1000 കൊല്ലത്തോളം പഴക്കമുണ്ട് ഇളംകുളം ക്ഷേത്രത്തിന് എന്നാണ് പഴമക്കാര്‍ പറയുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു കുളവും അതിനെ ചുറ്റിപ്പറ്റി കുറേ കാവുകളും മാത്രമായിരുന്ന സ്ഥലത്തിന് കാലാന്തരത്തില്‍ പല രൂപമാറ്റങ്ങളും സംഭവിച്ചു.
കുളത്തിന്റെ കുറേഭാഗം കരഭൂമിയാക്കി മാറ്റപ്പെട്ടു. മണ്ണും വിണ്ണും വെള്ളവും തുടങ്ങി പ്രകൃതിയുടെ പലവിധ ലീലാഭാവങ്ങള് സമന്വയിപ്പിക്കുന്ന ഒരു സമത്വസുന്ദര ആത്മീയകേന്ദ്രമാണ് ഇന്നീ ക്ഷേത്രം. കുളം ഏറെക്കുറെ നികത്തപ്പെട്ടെങ്കിലും ഇപ്പോഴും ഒരേക്കറോളം വിസ്തൃതി അതിനുണ്ട്. കുളത്തിന് അഭിമുഖമായി കിഴക്ക് ദര്‍ശനം നല്കുന്ന സാക്ഷാല്‍ പരമശിവനാണ് മുഖ്യപ്രതിഷ്ഠ.
ഗജപൃഷ്ഠാകൃതിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ശ്രീകോവില്‍ നിര്‍മ്മിച്ചിരിക്കുന്ന ശിലകള്‍ക്ക് തന്നെ ഏറെ പ്രത്യേകതകളുണ്ട്. അവ പാറക്കല്ലല്ല, വെട്ടുകല്ലുമല്ല ആയ് രാജവംശത്തിന്റെ കാലത്താണ് ഇത്തരം ശിലകളും അവ ഉപയോഗിച്ചുള്ള നിര്മ്മാണരീതിയുമൊക്കെ ഉണ്ടായിരുന്നതെന്ന് ചരിത്രകാരന്മാര് സാക്ഷ്യപ്പെടുത്തുന്നുണ്ട്. കൊല്ലം ആസ്ഥാനമായി ഭരിച്ചിരുന്ന ഉദയവര്‍മ്മന്റെ കാലത്താണ് ഇളംകുളം ക്ഷേത്രം പണിതതെന്നും അത് പിന്നീട് തിരുവിതാംകൂര്‍ രാജവംശത്തിന്റെ അധീനതയിലായതാണെന്നും വിവക്ഷിക്കുന്നവരുമുണ്ട്.
ക്ഷേത്രത്തിനകത്തെ അഭിഷേകജലം അദൃശ്യമായ ഒരു ഓവുചാലിലൂടെ കിണറ്റിലേക്ക് എത്തുകയും അവിടെ നിന്നും അത് കുളത്തിലേക്ക് പകരുകയും ചെയ്യുന്നതായാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ ക്ഷേത്രക്കുളത്തിലെ ജലത്തിന് ഔഷധഗുണമുണ്ടെന്നാണ് വിശ്വാസം. ഭഗവാന്റെ വിഗ്രഹമെന്ന് പറയുന്നത് പഞ്ചലോഹത്തിന്റെ ഗോളകയാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസത്തിലൊരിക്കല്‍ അത് മാറ്റുമ്പോള്‍ അവിടെ നിറയെ വെള്ളമായിരിക്കും. അത്രയേറെ ജലസാന്നിധ്യമുള്ള ഇടത്താണ് ഭഗവാന് കുടികൊള്ളുന്നത്. ഭഗവാന്റെ ഒക്കത്തായി മകന് ഗണപതിയും സ്ഥിതി ചെയ്യുന്നു. ഒക്കത്ത് ഗണപതി എന്ന് സങ്കല്‍പ്പിച്ചാണ് കുംഭീമുഖനെ ഇവിടെ കുടിയിരുത്തിയിട്ടുള്ളത്.
മഹാദേവന്റെ തിരുസ്വരൂപം ദര്ശിച്ചിറങ്ങുമ്പോള് ആദ്യനോട്ടം ചെന്നെത്തുക സമീപത്തെ ഗോശാലകൃഷ്ണന്റെ അങ്കണത്തിലേക്കാണ്. നാലുകെട്ട് മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന കണ്ണന്റെ ആലയമാണ് അത്. കാലികളെ മേയ്ക്കുന്ന 12 വയസ്സുകാരനായ ചമ്മട്ടി ഏന്തി നില്ക്കുന്ന ഗോശാലകൃഷ്ണനാണ് ഇവിടുത്തെ പ്രതിഷ്ഠ. കണ്ണന് നാലുചുറ്റിലും നാലുശാലകളും അവയ്ക്കുള്ളില്‍ നിറയെ പൈക്കളുമുണ്ട്. ഭാരതത്തിന്റെ വിവിധ ദേശങ്ങളില്‍ നിന്നുമുള്ള തനിനാടന്‍(ഏഴ് ഇനം) പശുക്കളാണ് ചതുശ്ശാലകളില് വസിക്കുന്നത്. ഗീര്‍, സഹിവാള്‍, രക്തപിങ്കാക്ഷി(കപില ഇനം), കാണ്കറേജ്, വെച്ചൂര്‍, കൃഷ്ണ, പൂങ്കന്നൂര്‍ തുടങ്ങിയ തനി നാടന്‍ പശുക്കള്‍ കണ്ണന് ചുറ്റിലും ഐശ്വര്യം പരത്തുന്ന കാഴ്ച പ്രത്യേക അനുഭൂതിയാണ് ഭക്തര്‍ക്ക് പകര്ന്നുനല്കുന്നത്.
ഇവിടെ ഗോക്കളെ കണ്ട് വണങ്ങിയ ശേഷമാണ് ഭക്തര്‍ കണ്ണനെ തൊഴുന്നത്. ഇവിടെ കണ്ണനെ ഗോക്കള്‍ പൂജിക്കുന്നു. ഗോക്കളെ ഭക്തര്‍ പൂജിക്കുന്നു. ഇതാണ് സങ്കല്‍പ്പം. ഇവിടെ ഭക്തര്‍ക്ക് രണ്ടുണ്ട് ഗുണം. ഒന്ന് ഭഗവാനെ പൂജിക്കാം. രണ്ട് ഭഗവാനെ പൂജിക്കുന്ന പൈക്കളേയും പൂജിക്കാം. അതിലൂടെ പൈക്കളുടേയും ഭഗവാന്റെയും പ്രീതിക്ക് നാം പാത്രീഭൂതരാകുന്നു എന്നാണ് വിശ്വാസം. ഗോപൂജ നടത്തുമ്പോള്‍ ഗോക്കളെ ഊട്ടുന്നത് ഭക്തര്‍ തന്നെയാണ് എന്നതാണ് മറ്റൊരു പ്രത്യേകത.
മംഗലാപുരത്തുനിന്നും ആന്ധ്രയില്‍ നിന്നുമൊക്കെ നിരവധി ഭക്തരാണ് ഗോപൂജയിലും ഗോവൂട്ടിയിലും പങ്കെടുക്കാനായി ഇവിടെത്തുന്നത്.
പരമശിവന് അഭിമുഖമായി പടിഞ്ഞാറ് ദര്‍ശനമായി കുടികൊള്ളുന്ന ഹനുമാന് സ്വാമിയാണ് പ്രധാന ഉപദേവന്മാരില്‍ ഒരാള്‍. വ്യാഴാഴ്ചയാണ് ഹനുമാന് സ്വാമിയുടെ വിശേഷദിനമായി കണക്കാക്കപ്പെടുന്നത്. തൃക്കൈവെണ്ണയും വെള്ളച്ചാര്ത്ത്, വടമാല, വെറ്റിലമാല ചാര്‍ത്തുക എന്നിവയാണ് വഴിപാടുകള്‍. ഇതുകൂടാതെ ത്വക്ക് രോഗശമനത്തിനായി നാഗര്‍ക്ക് നൂറും പാലും നേരാനും ധാരാളം ഭക്തര്‍ വന്നുപോകുന്നുണ്ട്. യക്ഷിയമ്മയും മാടന്തമ്പുരാനുമാണ് മറ്റു പ്രധാന പ്രതിഷ്ഠകള്‍. കുട്ടികളിലെ ബാലാരിഷ്ടതകള്‍ മാറാനായി യക്ഷിയമ്മയ്ക്ക് കരിവള സമര്‍പ്പിക്കുന്നതും പ്രധാന വഴിപാടുകളില്‍ ഒന്നാണ്.
മൂന്ന് ദേവിമാരാണ് ഇളംകുളത്ത് കുടികൊള്ളുന്നത്. ഭദ്രയും ഭഗവതിയും ദുര്‍ഗ്ഗയുമാണ് ദേവിമാര്‍. ഇതില്‍ ഭദ്രകാളിയുടെ ചൈതന്യം കലമാന്‍ കൊമ്പിലാണ് കുടിയിരുത്തിയിട്ടുള്ളത്. കലമാന്കൊമ്പിലെ ഭദ്ര ശക്തിമത്താണ്. ഇവിടെ ഗുരുതി അര്‍പ്പിക്കാന്‍ വിവിധ ദേശങ്ങളില്‍ നിന്നും ഭക്തര്‍ വന്നുപോകുന്നുണ്ട്. ശിവരാത്രിനാളും ധനുമാസത്തിലെ തിരുവാതിരനാളിലും പ്രത്യേക പൂജകള്‍ നടക്കാറുണ്ട്. തിരുവാതിരനാള്‍ തിരുവാതിരക്കളി വഴിപാടായി സമര്‍പ്പിക്കുന്ന ഭക്തരും നിരവധിയാണ്.
എത്തിച്ചേരേണ്ട വഴി
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി ശ്രീകാര്യം- കഴക്കൂട്ടം ഭാഗത്തേയ്ക്കുള്ള ബസില്‍ കയറിയാല്‍ കല്ലമ്പള്ളി ജംഗ്ഷനില്‍ എത്താം. അവിടെ നിന്നും ക്ഷേത്രത്തിലേക്ക് നടന്നെത്താം. കൊല്ലം ഭാഗത്തുനിന്നും ബസില്‍ വരുന്നവര്‍ക്ക് ശ്രീകാര്യം ജംഗ്ഷനിലോ കല്ലമ്പള്ളിയിലോ ഇറങ്ങിയും ക്ഷേത്രത്തിലേക്ക് എത്താവുന്നതാണ്.
അനീഷ് മോഹനചന്ദ്രന്
Photo Courtesy - Google
