കാണണം, കണ്ടുവണങ്ങണം എന്റെ എറണാകുളത്തപ്പനെ
അറബിക്കടലിന്റെ തീരത്ത് ഭക്തര്‍ക്ക് ദര്‍ശനസായൂജ്യവും മോക്ഷപ്രാപ്തിയുമേകുന്ന ഒരു മഹാദേവാലയമുണ്ട്. ദേവന്മാരുടെ ദേവനായ സാക്ഷാല്‍ മഹാദേവന്‍ കുടികൊള്ളുന്ന പുണ്യഗേഹമായ ഇവിടം ഋഷിനാഗകുളം എന്നാണ് പണ്ട് അറിയപ്പെട്ടിരുന്നത്. അന്ന് മഹാദേവന്‍ അവിടെ ഋഷിനാഗകുളത്തപ്പനും പിന്നീട് പ്രസ്തുത ഇടം എറണാകുളമായതോടെ എറണാകുളത്തപ്പനുമായി മാറി. മുജ്ജന്മ പാപഭാരങ്ങളും ദുഃഖങ്ങളും ദുരിതങ്ങളുമെല്ലാം ഭഗവാന് മുന്നില്‍ ഇറക്കിവെച്ച് നിറകണ്ണുകളോടെ തൊഴുതുമടങ്ങാന്‍ ഇന്ന് എറണാകുളത്തുകാര്‍ മാത്രമല്ല ഇവിടെത്തുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും പ്രതിവര്‍ഷം ആയിരക്കണക്കിന് ഭക്തരാണ് ഇവിടെ മഹാദേവനെ കണ്ടുവണങ്ങാന്‍ എത്തുന്നത്.
പരശുരാമന്‍ പ്രതിഷ്ഠിച്ച 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് കീര്‍ത്തികേട്ട ഋഷിനാഗകുളം ശിവക്ഷേത്രം
അറബിക്കടലിന്റെ തീരത്ത് ഭക്തര്‍ക്ക് ദര്‍ശനസായൂജ്യവും മോക്ഷപ്രാപ്തിയുമേകുന്ന ഒരു മഹാദേവാലയമുണ്ട്. ദേവന്മാരുടെ ദേവനായ സാക്ഷാല്‍ മഹാദേവന്‍ കുടികൊള്ളുന്ന പുണ്യഗേഹമായ ഇവിടം ഋഷിനാഗകുളം എന്നാണ് പണ്ട് അറിയപ്പെട്ടിരുന്നത്. അന്ന് മഹാദേവന്‍ അവിടെ ഋഷിനാഗകുളത്തപ്പനും പിന്നീട് പ്രസ്തുത ഇടം എറണാകുളമായതോടെ എറണാകുളത്തപ്പനുമായി മാറി. മുജ്ജന്മ പാപഭാരങ്ങളും ദുഃഖങ്ങളും ദുരിതങ്ങളുമെല്ലാം ഭഗവാന് മുന്നില്‍ ഇറക്കിവെച്ച് നിറകണ്ണുകളോടെ തൊഴുതുമടങ്ങാന്‍ ഇന്ന് എറണാകുളത്തുകാര്‍ മാത്രമല്ല ഇവിടെത്തുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും പ്രതിവര്‍ഷം ആയിരക്കണക്കിന് ഭക്തരാണ് ഇവിടെ മഹാദേവനെ കണ്ടുവണങ്ങാന്‍ എത്തുന്നത്.
പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിലൊന്നാണ് എറണാകുളത്തപ്പന്‍ ക്ഷേത്രം എന്നതാണ് വിശ്വാസം. ഇതുമായി ബന്ധപ്പെട്ട് പലവിധ കഥകളും കേട്ടുകേള്‍വികളും നിലവിലുണ്ട്. അതില്‍ പ്രധാനം ദേവലനുമായി ബന്ധപ്പെട്ടുള്ളതാണ്. ആ കഥ ഇതാണ്- ദ്വാപരയുഗത്തില്‍, ഹിമാലയ പ്രാന്തങ്ങളില്‍ തപസ്സനുഷ്ഠിച്ചിരുന്ന കുലമുനിയുടെ മൂന്ന് കുമാരന്മാരില്‍ ഒരാളായിരുന്നു ദേവലന്‍. ഹോമദ്രവ്യങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയ ദേവലന്‍, തന്നെ ദംശിച്ച ഒരു സര്‍പ്പത്തെ കൊല്ലാനിടയായി.
ഇത് മുനി അറിഞ്ഞു. ആ ഹിംസയ്ക്ക് ദേവലനെ, പാമ്പിന്റെ ശിരസും മനുഷ്യന്റെ ഉടലുമുള്ള ഭീകരജീവിയാകട്ടെ എന്ന് ഗുരു ശപിച്ചു. അങ്ങനെ ദേവലന്‍ ഒരു നാഗര്‍ഷിയായി മാറി. തുടര്‍ന്ന് മുനി തന്നെ ദേലവന് ശാപമോക്ഷവും കൊടുത്തു. അതിന്‍പ്രകാരം ഗുരു അരുള്‍ ചെയ്തത് ഇതായിരുന്നു. കിഴക്കുദിക്കില്‍, മന്ഥരപര്‍വ്വതത്തില്‍ ഇലഞ്ഞിമരച്ചുവട്ടില്‍ നാഗം പൂജ ചെയ്യുന്ന ഒരു ശിവലിംഗമുണ്ട്. അത് നീ കണ്ടെത്തണം. ആ വിഗ്രഹം വാങ്ങി നീ പൂജ ചെയ്യണം. തുടര്‍ന്ന് ദക്ഷിണ ദിക്കിലേക്ക് സഞ്ചരിക്കണം. യാത്രയിലുടനീളം പൂജ മുടക്കാതെ നോക്കണം. പുജയ്ക്കിടെ എവിടെയെങ്കിലും വെച്ച് പൂജാവിഗ്രഹം ഉറച്ചുപോകുന്നുണ്ടെങ്കില്‍ അന്നേരം നീ ശാപമോചിതനാകും.
ഗുരുവിന്റെ അരുള്‍പ്രകാരം ശിവവിഗ്രഹവുമായി ദേവലന്‍ എന്ന നാഗര്‍ഷി ദക്ഷിണ ദിക്കിലേക്ക് യാത്ര തിരിച്ചു. അറബിക്കടലിന്റെ തീരത്തുനിന്നും തെല്ലുമാറി ഒരു വൃക്ഷത്തണലില്‍ വിഗ്രഹം വെച്ച ശേഷം, അടുത്തുള്ള കുളത്തിലിറങ്ങി കുളിച്ചുവന്ന് ദേവലന്‍ പൂജ ആരംഭിച്ചു. അന്നേരം ചിലര്‍ കുളക്കടവില്‍ വരികയും അവര്‍ ദേവലനെ ഭീകരജീവിയായി കണ്ട് ഉപദ്രവിക്കാനും തുടങ്ങി. തുടര്‍ന്ന് നാഗര്‍ഷി വിഗ്രഹമെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വിഗ്രഹം അവിടെ ഉറച്ചുപോയിരുന്നു. തുടര്‍ന്ന് നാഗര്‍ഷി ഭഗവാന് മുന്നില്‍ സാഷ്ടാംഗ പ്രണാമം നടത്തി. അതോടെ ദേവലന്‍ പൂര്‍വ്വസ്ഥിതിയിലേക്കെത്തി.
ശേഷം, ദേശാധിപനായ തൂശത്തുകൈമള്‍ വിവരങ്ങള്‍ അറിഞ്ഞ് ശിവലിംഗം ഇരുന്ന സ്ഥാനത്ത് എത്തുകയും പിന്നീട് അദ്ദേഹം അവിടെ ശിവക്ഷേത്രം പണിയിക്കുകയും ചെയ്തു എന്നാണ് വിശ്വാസം. അക്കാലത്ത് പ്രസ്തുത ക്ഷേത്രത്തിന് വടക്കുകിഴക്കായുള്ള കുളം ഋഷിനാഗകുളം എന്നാണ് അറിയപ്പെടുന്നത്. അങ്ങനെ അവിടത്തെ മൂര്‍ത്തി ഋഷിനാഗക്കുളത്തപ്പനായി മാറി. കാലാന്തരത്തില്‍ ഋഷിനാഗക്കുളം എറണാകുളമായി മാറിയതോടെ മൂര്‍ത്തി എറണാകുളത്തുകാരുടെ സ്വന്തം എറണാകുളത്തപ്പനായി മാറി.
കൂടുതല്‍ വിശേഷങ്ങള്‍ ഇങ്ങനെ-
പ്രധാന മൂര്‍ത്തിയായ ശിവന്‍ പാര്‍വ്വതീസമേതനായി പടിഞ്ഞാറോട്ട് ദര്‍ശനം നല്‍കിയാണ് ഇവിടെ വാണരുളുന്നത്. ആദ്യകാലത്ത് ഭഗവാന്റെ ദര്‍ശനം കിഴക്കോട്ട് ആയിരുന്നെന്നും ഉഗ്രമൂര്‍ത്തിയായ ശിവന്റെ കോപം കാരണം കിഴക്കുഭാഗത്തുള്ള നിരവധി സ്ഥലങ്ങള്‍ അഗ്നിക്കിരയായെന്നും പറയപ്പെടുന്നു. തുടര്‍ന്ന് വില്വമംഗലം സ്വാമിയാരുടെ അഭ്യര്‍ത്ഥനപ്രകാരം ഭഗവാന്‍ സ്വയം പടിഞ്ഞാട്ട് ദര്‍ശനം നല്‍കുന്ന രീതിയില്‍ മാറിയെന്നും പഴമക്കാര്‍ വിശ്വസിച്ചുപോരുന്നു. ക്ഷേത്രത്തിന് കിഴക്കുള്ള 'കരിത്തറ' എന്ന സ്ഥലത്തിന് ആ പേരുവരാന്‍ തന്നെ കാരണം ശിവന്റെ കോപാഗ്നിയാണെന്നും പറയപ്പെടുന്നു.
കിഴക്കേനടയില്‍ പാര്‍വ്വതീസാന്നിധ്യമുള്ളതായി വിശ്വസിക്കപ്പെടുന്നു. പക്ഷേ, ആ നട തുറക്കാറില്ല. ഇതും വില്വമംഗലം സ്വാമിയാരുടെ അഭ്യര്‍ത്ഥനപ്രകാരമാണുണ്ടായതത്രെ. ഇന്ന് അവിടെ പാര്‍വ്വതിദേവിയുടെ ചെറിയൊരു കണ്ണാടി വിഗ്രഹമുണ്ട്. അവിടെ ദിവസവും വിളക്ക് വയ്ക്കാറുണ്ട്. ക്ഷേത്രത്തിന് പടിഞ്ഞാറും കിഴക്കുമായി രണ്ട് ഗോപുരങ്ങളാണുള്ളത്. ഭഗവാന്റെ ദര്‍ശനം പടിഞ്ഞാറോട്ട് ആയതിനാല്‍ പടിഞ്ഞാറ് ഭാഗത്തിനാണ് ഏറെ പ്രാധാന്യം. രണ്ട് നിലകളുള്ള പടിഞ്ഞാറേ ഗോപുരത്തിന് ഇരുവശവും ത്രികോണാകൃതിയില്‍ ചെരിഞ്ഞുനില്‍ക്കുന്ന മേല്‍ക്കൂരയും ഒരു വശത്തേയ്ക്ക് തെന്നി മാറിനില്‍ക്കുന്ന ജനാലകളുമുണ്ട്. രണ്ടുഭാഗത്തും ആനക്കൊട്ടിലുകളുണ്ട്. ദര്‍ശനവശമായ പടിഞ്ഞാറ് ഭാഗത്ത് വളരെ ഉയരം കൂടിയ ഒരു സ്വര്‍ണ്ണക്കൊടിമരവുമുണ്ട്. ശ്രികോവില്‍ വൃത്താകൃതിയിലാണ്.
ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് മറ്റൊരു ശിവപ്രതിഷ്ഠയുണ്ട്. കിരാതമൂര്‍ത്തിഭാവത്തിലാണ് ഭഗവാന്‍ ഇവിടെ കുടികൊള്ളുന്നത്. പടിഞ്ഞാറ് ദിക്കിലേക്ക് തന്നെയാണ് ഇവിടെയും ദര്‍ശനം. അര്‍ജുനന്‍ പൂജിച്ചതാണ് ഈ ശിവലിംഗമെന്നും വിശ്വാസമുണ്ട്. അര്‍ജ്ജുനന് പാശുപതാസ്ത്രം നല്‍കാന്‍ മഹാദേവന്‍ കൈക്കൊണ്ട രൂപമാണ് കിരാതമൂര്‍ത്തിഭാവം എന്നാണ് മഹാഭാരതത്തില്‍ പറയുന്നത്. നാലമ്പലത്തിന് പുറത്ത് തെക്കുപടിഞ്ഞാറ് ഭാഗത്തായി ശാസ്താവ്, നാഗദൈവങ്ങള്‍ എന്നിവര്‍ക്കും പ്രതിഷ്ഠയുണ്ട്. വള്ളി, ദേവസേന എന്നീ രണ്ട് പത്‌നിമാരോടുകൂടിയ സുബ്രഹ്‌മണ്യസ്വാമിയാണ് മറ്റൊരു പ്രധാന പ്രതിഷ്ഠ.
ഒരു സംഭവകഥ
ഒരിക്കല്‍ വന്നാല്‍ പിന്നെയും വരാന്‍ തോന്നുന്ന ഈ ദേവാലയത്തിലെ ആത്മീയചൈതന്യവും ക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന ആത്മീയ ഉണര്‍വ്വും അനുഭവിച്ചറിയേണ്ടതാണ്. 90 കളുടെ ഒടുക്കത്തില്‍ കൊച്ചി കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വണ്‍ഡേ മത്സരത്തിനായി എത്തിയ അന്നത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും തങ്ങിയത് ടാജ് ഹോട്ടലിലായിരുന്നു. അതീവ സുരക്ഷയിലായിരുന്നു താരങ്ങളുടെ താമസം.
എന്നാല്‍ നിര്‍ണ്ണായകമായ മത്സരത്തിന്റെ അന്ന് രാവിലെ സച്ചിനും ഗാംഗുലിക്കും ഒരുള്‍വിളി ഉണ്ടായി. അടുത്തുള്ള ഏതെങ്കിലും ഒരു ക്ഷേത്രത്തില്‍ ചെന്ന് തൊഴണം. ഹോട്ടല്‍ ജീവനക്കാരോട് അന്വേഷിച്ചപ്പോള്‍ അടുത്തുള്ള എറണാകുളത്തപ്പന്റെ കഥ അവര്‍ പറഞ്ഞു. പിന്നൊന്നും ആലോചിച്ചില്ല. ഇരുവരും സുരക്ഷാസംവിധാനങ്ങളെല്ലാം ഒഴിവാക്കി സാധാരണക്കാരില്‍ സാധാരണക്കാരെപ്പോലെ അതിരാവിലെ തന്നെ എറണാകുളത്തപ്പനെ വന്നുകണ്ട് തൊഴുതു.
അപ്രതീക്ഷിതമായി ക്ഷേത്രത്തില്‍ എത്തിയ ക്രിക്കറ്റ് താരങ്ങളെ കണ്ട ഭക്തരും ക്ഷേത്ര ജീവനക്കാരുമെല്ലാം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ക്രിക്കറ്റ് ഇതിഹാസങ്ങളുടെ ക്ഷേത്രസന്ദര്‍ശനം അന്ന് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഭഗവാന്റെ ദര്‍ശനത്തെക്കുറിച്ച് അന്വേഷിച്ച മാധ്യമപ്രവര്‍ത്തകരോട് അന്ന് സച്ചിനും ഗാംഗുലിയും പറഞ്ഞത് ഇങ്ങനെ- ഭഗവാന്റെ ദര്‍ശനപുണ്യത്തിലൂടെ വല്ലൊത്തൊരുണര്‍വ്വും ഉന്മേഷവും ലഭിച്ചു. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. വിഖ്യാതമായ ഹിന്ദുഭക്തി ഗാനങ്ങളിലൊന്നില്‍ ഗാനഗന്ധര്‍വ്വന്‍ ഡോ. കെ.ജെ. യേശുദാസ് എറണാകുളത്തപ്പനെക്കുറിച്ച് പാടിയത് ഇങ്ങനെയാണ്- വരദാഭയങ്ങളുമായി മേവും നിന്‍ കാല്‍ക്കല്‍ വരുവാന്‍ കഴിഞ്ഞാലോ ഭാഗ്യം.. തൃപ്പാദപത്മത്തില്‍ ആത്മാര്‍പ്പണം ചെയ്ത പുഷ്പങ്ങള്‍തന്‍ ജന്മം ധന്യം.. ശംഭോ...
