ശിവനും മുരുകനും ഒരേ സന്നിധിയില്‍
പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ട 108 ശിവാലയങ്ങളുടെ കൂട്ടത്തില്‍ എറണാകുളത്തെ വൈറ്റില ക്ഷേത്രത്തിന്‍റെ സ്ഥാനം ചെറുതല്ല. ശിവക്ഷേത്രവും മുരുകന്‍റെ ക്ഷേത്രവും അടുത്തടുത്തായി ഇരിക്കുന്ന കാഴ്ച ഏതൊരു ഭക്തന്‍റെയും മനസ്സില്‍ ശ്രദ്ധിക്കപ്പെടുന്നതാണ് എന്നതാണ് ഈ ക്ഷേത്രങ്ങളുടെ ഒരു സവിശേഷത.
കുറഞ്ഞത് 1000 വര്‍ഷങ്ങളുടെ കാലപ്പഴക്കമാണ് ഈ ക്ഷേത്രങ്ങള്‍ക്ക് കണക്കാക്കപ്പെടുന്നത്. അതിന് ഉത്തമമായ ഏതാനും തെളിവുകളുണ്ട്. ശിവക്ഷേത്രം സ്ഥാപിച്ചതിനേക്കാള്‍ മുന്‍പ് ഇവിടെ മുരുകന്‍റെ ക്ഷേത്രമാണ് സ്ഥാപിച്ചതെന്ന് ചില തെളിവുകള്‍ വ്യക്തമാക്കുന്നുണ്ട്.
ആദിശങ്കരാചാര്യരുടെ പ്രഥമ ശിഷ്യനായിരുന്ന തൃശ്ശിവപേരൂര്‍ തെക്കേമഠം എന്ന സന്യാസി മഠത്തിന്‍റെ സ്ഥാപകനായ പത്മപാദന്‍റെ ശിഷ്യന്മാരില്‍ ആരെങ്കിലും ഒരു സന്യാസി വര്യന്‍ ആയിരിക്കാം ശിവക്ഷേത്രം സ്ഥാപിച്ചത് എന്നതാണ് പറയപ്പെടുന്നത്. വര്‍ഷംതോറും തെക്കേ മഠം സ്വാമിയാര്‍ ഈ ക്ഷേത്രം സന്ദര്‍ശിച്ച് പൂജകള്‍ നടത്തി വരുന്നത് ഈ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നു.
ഇവിടുത്തെ വിഗ്രഹം ശിവലിംഗ പ്രതിഷ്ഠയാണ്. ശിവസുബ്രഹ്മണ്യ ക്ഷേത്രങ്ങളുടെ ശ്രീകോവിലുകളുടെ കാലപ്പഴക്കം നിര്‍ണ്ണയിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും ഇന്നുകാണുന്ന രീതിയിലുള്ള നാലമ്പലവും ബലിക്കല്‍പ്പുരയും കൊല്ലവര്‍ഷം 196 ല്‍ പണി കഴിപ്പിച്ചതാണ്. ശിവക്ഷേത്രത്തിലെ ബലിക്കല്‍പ്പുരയുടെ മുഖമണ്ഡപത്തില്‍ കൊല്ലവര്‍ഷം 196 ല്‍ ഒരു പിരോള പണിക്കന്‍ പണിതതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ കണക്കാക്കുമ്പോഴാണ് ക്ഷേത്രത്തിന് ആയിരം വര്‍ഷങ്ങളുടെ കാലപ്പഴക്കമുണ്ടെന്നുള്ള വസ്തുത ബലപ്പെടുന്നത്.
കിഴക്ക് ദര്‍ശനമായിട്ടാണ് ഈ ക്ഷേത്രങ്ങള്‍ വൈറ്റിലയില്‍ നിലകൊള്ളുന്നത്. കിഴക്കേ ഗോപുരവാതിലില്‍ കൂടി ക്ഷേത്രത്തിനുള്ളിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ ആദ്യം കാണാന്‍ കഴിയുന്നത് മുരുകന്‍റെ ശ്രീകോവിലാണ്. ശിവക്ഷേത്രത്തിന്‍റെ വടക്കുദിശയിലാണ് പുത്രന്‍ മുരുകക്ഷേത്രത്തിന്‍റെ സ്ഥാനം. ശിവക്ഷേത്രത്തേക്കാള്‍ കുറച്ച് വലുതാണ് മുരുകക്ഷേത്രം. മാത്രമല്ല, ശിവക്ഷേത്ര അതിര്‍ത്തിയില്‍ നിന്നും അല്‍പ്പം മുന്നിലേയ്ക്ക് മുരുകക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഇവിടുത്തെ ശ്രീകോവിലിന്‍റെ മാതൃക മാളികരൂപത്തിലാണ്. ശിവക്ഷേത്രമാണ് ആദ്യം സ്ഥാപിച്ചതെങ്കില്‍ അതിനുശേഷം നിര്‍മ്മിക്കപ്പെട്ടു എന്നുപറയുന്ന മുരുകക്ഷേത്രം ഒരിക്കലും വലുതാകാന്‍ പാടില്ലാത്തതാണ്.
പൂര്‍വ്വികര്‍ ഉള്‍പ്പെടെ ഇന്നത്തെ പുതുതലമുറയില്‍പ്പെട്ട ഭക്തര്‍ പോലും പറയുന്ന വിശ്വാസ്യപരമായ ഒരു കാര്യമുണ്ട്. വേലായുധന്‍ 'സ്വയംഭൂവാ'ണെന്നതാണ് അവരുടെ വിശ്വാസം. ഇതിന് ഉത്തമദൃഷ്ടാന്തമാണ് താഴ്ന്നുകാണുന്ന പീഠം. കൂടാതെ പഴയകാലത്ത് തൈപ്പൂയ കാവടിയോടനുബന്ധിച്ച് ഉടുക്കുകൊട്ടുപാട്ടില്‍ 'പീഠത്തോളം സമമാകും മുന്‍പേ സ്വാമി നാട്ടില്‍ അനര്‍ത്ഥങ്ങള്‍ തീര്‍ത്തുവയ്ക്കും' എന്ന് വര്‍ണ്ണിക്കുന്നതില്‍ നിന്നും സുബ്രഹ്മണ്യന്‍ സ്വയംഭൂവാണെന്ന അനുമാനത്തിലെത്താം.
ഏതൊരു ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോഴും മുഖ്യദേവനെ തൊഴുതുവണങ്ങിയതിനുശേഷം ഇടതുഭാഗത്ത് കൂടി പ്രദക്ഷിണം വയ്ക്കുമ്പോള്‍ അടുത്തതായി ഗണപതി ഭഗവാനെ വന്ദിച്ച് നമസ്ക്കരിക്കുക എന്നതാണ് ചിട്ട. എന്നാല്‍ വൈറ്റില ക്ഷേത്രത്തില്‍ ഗണപതി പ്രതിഷ്ഠ സുബ്രഹ്മണ്യസ്വാമിയുടെ നാലമ്പലത്തിനുള്ളിലാണ്.
ശിവക്ഷേത്രമാണ് ആദ്യം ഉണ്ടായതെങ്കില്‍ ശിവനെയാണ് മുഖ്യദേവനായി സങ്കല്‍പ്പിക്കപ്പെട്ടിരുന്നതെങ്കില്‍ ഗണേശ പ്രതിഷ്ഠ ശിവക്ഷേത്രത്തിലാകേണ്ടതായിരുന്നു. ഇതില്‍ നിന്നും വ്യക്തമാകുന്ന കാര്യം പൗരാണികകാലം മുതല്‍ മുഖ്യദേവനായി കരുതിയിരുന്നത് സുബ്രഹ്മണ്യനെയായിരുന്നുവെന്ന് അനുമാനിക്കാം.
സുബ്രഹ്മണ്യന്‍ സ്വയംഭൂ ആയതിനാല്‍ പ്രതിഷ്ഠാമൂര്‍ത്തിയായ ശിവക്ഷേത്രത്തേക്കാള്‍ പഴമ ഈ ക്ഷേത്രത്തിന് തന്നെയായിരിക്കണം.
ഈ ക്ഷേത്രങ്ങള്‍ക്ക് രണ്ട് വിളിപ്പേരുകളുണ്ടെന്നതും മറ്റൊരു സവിശേഷതയാണ് 'ദക്ഷിണ പഴനി'യെന്നും 'ഇരട്ടയമ്പല'മെന്നും പറയാറുണ്ട്. ശിവക്ഷേത്രത്തിന്‍റെയും സുബ്രഹ്മണ്യ ക്ഷേത്രത്തിന്‍റെയും മാതൃക ഏകദേശം ഒരേ രൂപത്തിലായതിനാല്‍ ആയിരിക്കണം ഇരട്ടയമ്പലമെന്ന പേര് വീണത്.
മുരുകക്ഷേത്രത്തിന്‍റെ വടക്കുകിഴക്കുഭാഗത്തായി ഭദ്രകാളി പ്രതിഷ്ഠയും ശിവക്ഷേത്രത്തിന്‍റെ തെക്കുപടിഞ്ഞാറ് ഭാഗത്തായി കലിയുഗവരദനായ ശ്രീ ധര്‍മ്മശാസ്താപ്രതിഷ്ഠയും നിലകൊള്ളുന്നു.
ഭഗവതിക്ഷേത്രത്തിന്‍റെ സമീപത്തായി വടക്കുകിഴക്കുഭാഗത്ത് ഹിഡുംബ, വീരഭദ്രാദി പ്രതിഷ്ഠകളും ഉണ്ട്. അടുത്തകാലത്ത് നടന്ന അഷ്ടമംഗല്യ പ്രശ്നത്തിലാണ് വീരഭദ്ര സാന്നിദ്ധ്യം തെളിഞ്ഞത്.
സുബ്രഹ്മണ്യക്ഷേത്രത്തിന്‍റെ നാലമ്പലത്തിനുള്ളില്‍ തെക്കുപടിഞ്ഞാറ് ഭാഗത്തായിട്ടാണ് ഗണപതി പ്രതിഷ്ഠ. മുരുകനെ വന്ദിച്ചതിനുശേഷം ഇടത്തേയ്ക്ക് പ്രദക്ഷിണം വയ്ക്കുമ്പോള്‍ ഗണപതിയെ വന്ദിച്ചതിനുശേഷമേ പ്രദക്ഷിണം തുടരാവൂ.
വിശേഷപ്പെട്ട ദിനങ്ങള്‍
തൈപ്പൂയം, തൃക്കാര്‍ത്തിക, ഷഷ്ഠിവ്രതം, പ്രദോഷവ്രതം, ശിവരാത്രി, മകരഭരണി തുടങ്ങിയവയാണ് ഈ ക്ഷേത്രത്തിലെ പ്രധാനവും വിശേഷപ്പെട്ടതുമായ ദിനങ്ങളും ആഘോഷവും.
ഭഗവതിക്ഷേത്രം
ഇവിടുത്തെ ഭദ്രകാളി കോവിലില്‍ നമുക്ക് രണ്ട് ബിംബങ്ങള്‍ ദര്‍ശിക്കാന്‍ കഴിയും. പരമശിവന്‍റെ ജടയില്‍ നിന്നും ഉത്ഭവിച്ച ശക്തിയാണ് ഭദ്രകാളിയെന്നും അതല്ല, ശിവന്‍റെ മൂന്നാം തൃക്കണ്ണില്‍ നിന്നും ഉത്ഭവിച്ച ശക്തിയാണെന്നും രണ്ടുവിധത്തിലുള്ള അഭിപ്രായങ്ങളുണ്ട്. ഇപ്പോള്‍ നാം കാണുന്ന ബിംബത്തിന്‍റെ പിന്‍ഭാഗത്താണ് ശക്തിസ്വരൂപിണിയായ സാക്ഷാല്‍ ഭദ്രകാളി പ്രതിഷ്ഠ. ഞായര്‍, ചൊവ്വ, വെള്ളി എന്നീ ദിവസങ്ങളില്‍ മാത്രമേ ഇവിടെ പൂജയുള്ളൂ.
പാട്ടുതാലപ്പൊലി
ഭദ്രകാളിയുടെ കളംപാട്ടമ്പലത്തില്‍ കുറുപ്പന്മാര്‍ ഭദ്രകാളിയെ സ്തുതിച്ച് ഗാനങ്ങള്‍ പാടുക എന്നതാണ് ഭദ്രകാളിപ്പാട്ടിലെ ചടങ്ങ്. ശ്രീകോവിലില്‍ നിന്ന് ദേവിയുടെ പള്ളിവാളെഴുന്നെള്ളിപ്പ് കളമെഴുതിയിട്ടുള്ള പാട്ടമ്പലത്തില്‍ വെച്ച് പൂജ നടത്തുമ്പോള്‍ ദേവിയെ സ്തുതിക്കുന്ന പാട്ടുപാടുന്നു.
ഇന്ന് പാട്ടുതാലപ്പൊലി വളരെ ഗംഭീരമായി ആഘോഷിച്ചുവരുന്നു. മകരമാസത്തിലെ അശ്വതി നക്ഷത്രത്തില്‍ ഒരു ദിവസത്തെ ആഘോഷമാണ് ഇന്ന് നടക്കുന്നത്.
മകരഭരണി
അശ്വതി പാട്ടുതാലപ്പൊലി കഴിഞ്ഞ് പിറ്റേന്നുള്ള മകരഭരണിയാണ് വൈറ്റില ഭഗവതി ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനം. ഭഗവതിയുടെ ഏറ്റവും വിശേഷപ്പെട്ട ഈ ദിനത്തിന് പുറമെ വെള്ളി, ഞായര്‍, ചൊവ്വ ദിനങ്ങളും ഭദ്രകാളീദര്‍ശനം ഭക്തര്‍ക്ക് പ്രിയപ്പെട്ടതാണ്.
മുടിയേറ്റ്
സാധാരണ ഭദ്രകാളീക്ഷേത്രങ്ങളില്‍ നടത്തിവരുന്ന പ്രധാനപ്പെട്ട ഒരു വഴിപാടാണ് മുടിയേറ്റ്. ഇവിടെയും എല്ലാവര്‍ഷവും മീനമാസത്തിലെ ഏതെങ്കിലും വിശേഷപ്പെട്ട ഒരു ദിവസം മുടിയേറ്റ് നടത്തിവരുന്നു.
മുടിയേറ്റ് ഒരു അനുഷ്ഠാനകലയാണ്. രാത്രിയിലാണ് ഈ കലാരൂപം അരങ്ങേറുന്നത്. മുടിയേറ്റ് കഴിഞ്ഞതിനുശേഷം കുരുതിയും പണമുഴിച്ചിലും നടത്തുന്നു. കാളിയെക്കൊണ്ട് ചെറിയ കുട്ടികളെ പന്തമുഴിച്ചില്‍ നടത്തുന്നത് വളരെ വിശേഷപ്പെട്ടതായി കരുതുന്നു.
ധര്‍മ്മശാസ്താ ക്ഷേത്രം
ശിവക്ഷേത്രത്തിന്‍റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ധര്‍മ്മശാസ്താക്ഷേത്രത്തില്‍ വൃശ്ചികമാസത്തിലെ മണ്ഡലകാലത്ത് ഒരു ദിവസം ശ്രീധര്‍മ്മശാസ്താ സമിതിയുടെ ആഭിമുഖ്യത്തില്‍ വളരെ വിപുലമായ രീതിയില്‍ നിറമാല, വിളക്ക് വയ്പ്പ്, ദീപാരാധന, കരിമരുന്ന് പ്രയോഗം, അയ്യപ്പന്‍പാട്ട് എന്നിവ നടത്തിവരുന്നു.
ഷഷ്ഠിവ്രതം
എല്ലാ മാസത്തിലെയും വെളുത്ത ഷഷ്ഠി സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ അതിവിശിഷ്ടമാണ്.
ബ്രഹ്മാവിന്‍റെ മാനസപുത്രിയായ ദേവസേനയാണ് ഷഷ്ഠിദേവി. അതുകൊണ്ടുതന്നെ ഇഷ്ടസന്താനലബ്ധിക്ക് ഏറെ ഉത്തമമാണ് ഷഷ്ഠിവ്രതം.
കൂടാതെ ഷഷ്ഠിദേവിയെ പ്രീണിപ്പിക്കുന്നത് സുബ്രഹ്മണ്യ പ്രീതിക്ക് പാത്രമാകുന്നു. എല്ലാ മാസത്തിലെയും വെളുത്ത ഷഷ്ഠി പ്രാധാന്യമര്‍ഹിക്കുന്നു. എങ്കിലും സ്കന്ദഷഷ്ഠിയും ആചരിക്കുന്നത് ഏറെ സവിശേഷമാണ്.
വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തിക കാര്‍ത്തികേയന്‍റെ തിരുനാളാണ്. പണ്ടുകാലത്തില്‍ ഇവിടെ കാര്‍ത്തികയൂട്ട് ആര്‍ഭാടമായി നടന്നിരുന്നു.
തൈപ്പൂയം
പഴനിയില്‍ തൈപ്പൂയമഹോത്സവം കൊണ്ടാടുന്ന മകരമാസത്തിലെ പൂയം നാളില്‍ തന്നെയാണ് ഇവിടെയും തൈപ്പൂയ മഹോത്സവം നടക്കുക. കാവടിയാട്ടം പ്രധാനമാണ്.
ഭസ്മക്കാവടി, പാല്‍ക്കാവടി, പൂക്കാവടി, നിലക്കാവടി എന്നിങ്ങനെ വിവിധ കാവടികളുണ്ട്. തൈപ്പൂയം നാളില്‍ ഭഗവാന് പൂജാദ്രവ്യങ്ങള്‍ കാവടിയില്‍ കെട്ടികൊണ്ടുവരുന്നവരെ അനുഗ്രഹിക്കുമെന്നും അവര്‍ക്ക് സര്‍വ്വൈശ്വര്യങ്ങളും ഉണ്ടാകുമെന്നുമാണ് ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നവരുടെ വിശ്വാസം.
ചൊവ്വാഗ്രഹ ദോഷശാന്തിയ്ക്ക് സുബ്രഹ്മണ്യഭജനവും പുഷ്പാഞ്ജലിയും ഫലം നല്‍കുന്നു.
പ്രദോഷവ്രതം
ദ്വാദശി പ്രദോഷവും ത്രയോദശി പ്രദോഷവും സാധാരണമെന്ന പോലെയുണ്ടെങ്കിലും ത്രയോദശി പ്രദോഷത്തിനാണ് പ്രാധാന്യം. ശനിയാഴ്ചയും തിങ്കളാഴ്ചയും വരുന്ന പ്രദോഷത്തിന് പ്രത്യേകതയും പ്രാധാന്യവും കൂടുകയും ചെയ്യുന്നു.
ശിവരാത്രി
കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്‍ദശിക്ക് ആഘോഷിക്കുന്ന ഈ ദിനം ഭംഗിയായി ചിട്ടയോടെ ആചരിച്ചുവരുന്നു. ശിവപൂജയില്‍ പങ്കെടുക്കാന്‍ ധാരാളം ഭക്തര്‍ എത്തിച്ചേരാറുണ്ട്. ശിവരാത്രിവ്രതം ആചരിച്ചാല്‍ പാപമോചനം ലഭിച്ച് ശിവലോകം പൂകാന്‍ സാധിക്കുമെന്നാണല്ലോ ഭക്തരുടെ വിശ്വാസം.
ശിവ- സുബ്രഹ്മണ്യക്ഷേത്രങ്ങളിലെ ഉത്സവം
രണ്ട് ദേവന്മാര്‍ക്ക് ഒരേ ദിവസം കൊടിയേറി ആറാട്ടോടെ സമാപിക്കുന്ന ഉത്സവം നടക്കുന്നു. അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ശിവ- സുബ്രഹ്മണ്യക്ഷേത്രം. കുംഭമാസത്തിലെ തിരുവാതിര ആറാട്ടായി എട്ടുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവമാണ് ക്ഷേത്രത്തില്‍ നടക്കുന്നത്.
വിശേഷപ്പെട്ട ദിനങ്ങള്‍
തൈപ്പൂയം, തൃക്കാര്‍ത്തിക, ഷഷ്ഠിവ്രതം, പ്രദോഷവ്രതം, ശിവരാത്രി, മകരഭരണി തുടങ്ങിയവയാണ്.
Photo Courtesy - Google
