അയ്യപ്പ തിന്തകത്തോം; സ്വാമി തിന്തകത്തോം; മതമൈത്രിയുടെ മഹനീയ സന്ദേശം - പുതുമന മനു നമ്പൂതിരി
എരുമേലിയില്‍ വര്‍ഷം തോറും ധനുമാസം നടക്കുന്ന ചരിത്രപരവും ആചാരപരവുമായ വലിയൊരു ചടങ്ങാണ് പേട്ടതുള്ളല്‍. ഇത്രമാത്രം താളമേള നിബിഢമായ ഒരു സങ്കേതം മറ്റെങ്ങും കാണില്ല. അഹോരാത്രം അസുരവാദ്യമായ ചെണ്ടയുടെയും, തമിഴ്ദേശവാദ്യമായ പമ്പാമേളത്തിന്റേയും മാറ്റൊലി മണ്ഡലകാലാരംഭത്തിന് ആഴ്ചകള്‍ക്ക് മുന്‍പേ തുടങ്ങി മകരവിളക്കും കഴിഞ്ഞ് ഗുരുതി ദിവസംവരെ നീളും. ഭഗവാന് അയ്യപ്പന്റെ മഹിഷി നിഗ്രഹസ്മരണയാണ് ആര്ത്തുകൊട്ടി ആഘോഷിക്കുന്നത്. ആദ്യമായി മലയ്ക്ക് പോകുന്ന സ്വാമിമാര്‍(കന്നി അയ്യപ്പന്മാര്) എരുമേലിയിലെത്തി പേട്ടതുള്ളല്‍ നടത്തി വേണം പതിനെട്ടാം പടി ചവിട്ടുവാന്‍ എന്നാണ് പഴയ ആചാരം. നമ്മള് കേരളീയര്‍ അത് പണ്ടേമറന്ന കാര്യമാണെങ്കിലും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ അതിനും അണുകിട തെറ്റാതെ പാലിക്കുന്നു. അഹന്ത വെടിഞ്ഞ് അയ്യപ്പന് സ്വയമായി അടിയറവ് വയ്ക്കുക എന്നതാണ് പേട്ടതുള്ളലിന്റെ വിശ്വാസം.
മതമൈത്രിയുടെ മഹനീയ സന്ദേശം ഉദ്ഘോഷിക്കുന്ന കലിയുഗവരദനായ അയ്യപ്പന് അവതാരലക്ഷ്യം കൈവരിച്ച മണ്ണ് എന്ന നിലയില്‍, അയ്യപ്പചരിത്രത്തില്‍ എരുമേലിക്കുള്ള സ്ഥാനം അദ്വിതീയമാണ്. പന്തള രാജകുമാരന് അയ്യപ്പന് രാജവൈദ്യന്റെ നിര്‍ദ്ദേശപ്രകാരം അമ്മയുടെ രോഗശമനത്തിനുവേണ്ട പുലിപ്പാലിനായുള്ള യാത്രയില്‍ കാനനമദ്ധ്യത്തില്‍ വച്ച് മഹിഷിയെ വധിച്ചു എന്നാണല്ലോ ഐതിഹ്യം പറയുന്നത്.
അങ്ങനെ മഹിഷിയെ(മഹിഷി എന്നാല്‍ എരുമ എന്നാണര്‍ത്ഥം) നിഗ്രഹിച്ച സ്ഥലം എരുമകൊല്ലിയും(എരുമയെ കൊന്ന സ്ഥലം) കാലാന്തരത്തില്‍ എരുമേലിയും ആയിത്തീര്‍ന്നു എന്ന് സ്ഥലനാമ പുരാണം പറയുന്നു. എന്നാല്‍ എരുമേലി അയ്യപ്പചരിതവുമായി കൂടുതല്‍ ബന്ധപ്പെട്ടുകിടക്കുന്നത് ഈ പുണ്യഭൂമിയില്‍ സ്ഥിതിചെയ്യുന്ന ധര്‍മ്മശാസ്താക്ഷേത്രത്തിന്റെ സാന്നിദ്ധ്യത്താലാണ്.
കേരളസ്രഷ്ടാവായ പരശുരാമന് കേരളഭൂമിയുടെ രക്ഷയ്ക്കായി കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍, കാന്തമല, ശബരിമല എന്നിങ്ങനെ അഞ്ച് ശാസ്താക്ഷേത്രങ്ങളാണ് പണികഴിപ്പിച്ചത്. എന്നാല്‍ അതില്‍ പെടാത്തതും, അതേസമയം ശബരിമല ക്ഷേത്രത്തോളം തന്നെ പ്രാധാന്യവും പൗരാണികതയും അവകാശപ്പെടുന്നതുമായ ക്ഷേത്രമാണ് എരുമേലി ശ്രീധര്‍മ്മശാസ്താക്ഷേത്രം.
മധ്യകേരളത്തിലെ മറ്റ് ശാസ്താക്ഷേത്രങ്ങളില് നിന്ന് തികച്ചും വ്യത്യസ്തമാണ്, ശബരിമലയുടെ പ്രധാന ഇടത്താവളം കൂടിയായ ഈ ക്ഷേത്രം. തോടയാഭരണങ്ങള് അണിഞ്ഞ്, തിങ്ങിനിറഞ്ഞ കേശഭാര മകുടത്തോടുകൂടിയുള്ള ഇവിടുത്തെ പ്രതിഷ്ഠാവിഗ്രഹം വലതുകയ്യില്‍ വില്ലും അമ്പുമേന്തി കിഴക്കോട്ട് നോക്കി നില്ക്കുന്ന ഭാവത്തിലാണ്. യോദ്ധാവിനെപ്പോലെ തുറിച്ച കണ്ണുകളും നീണ്ടമൂക്കും, ആരെയും ഭീതിപ്പെടുത്തുന്ന രൗദ്രഭാവത്തോടുംകൂടി, മഹിഷിവധം കഴിഞ്ഞുനില്ക്കുന്ന കിരാതമൂര്‍ത്തി ഭാവത്തിലാണ് എരുമേലി ധര്‍മ്മശാസ്താവിന്റെ പ്രതിഷ്ഠാസങ്കല്‍പ്പം.
അതേ ഭാവത്തില്‍ തെല്ലിടപോലും മാറ്റം വരുത്താതെയുള്ള ശീവേലി വിഗ്രഹവുമുണ്ട്.
അനിര്‍വചനീയമായ ശാസ്ത്രകലകളാല് സമ്പന്നമായ ക്ഷേത്രത്തിന് ആയിരത്തി ഒരുനൂറില്പ്പരം വര്‍ഷത്തെ പഴമയാണ് കണക്കാക്കപ്പെടുന്നത്. അബ്രാഹ്മണരായ നാടുവാഴികള്ക്കായിരുന്നു ആദ്യകാലത്ത് ക്ഷേത്രഭരണച്ചുമതല. പിന്നീട് രാജഭരണത്തിന് കീഴിലുമായി. ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലും.
അത്യപൂര്‍വ്വമായി മാത്രം ദര്‍ശിക്കുവാന്‍ കഴിയുന്ന, കിരാതശാസ്താവിന്റെ നില്ക്കുന്ന വിഗ്രഹമാണ് എരുമേലി ശാസ്താക്ഷേത്രത്തിന്റെ പ്രത്യേകത. നിത്യവും മൂന്ന് പൂജാവിധാനത്തില് അഭിഷേക ശേഷം കദളിപ്പഴ നിവേദ്യവും, ഉച്ചപ്പൂജയ്ക്ക് എള്ളുപായസവും അത്താഴപൂജയ്ക്ക് പാനകവും നിര്ബന്ധനിവേദ്യമാണ്.
പഞ്ചാമൃതാഭിഷേകവും, നീരാജനവും, പാനകനിവേദ്യവുമാണ് പ്രധാന വഴിപാടുകള്‍. മഹിഷിയെ നിഗ്രഹിച്ച ശാസ്താവാകയാല് സംഹാരമൂര്ത്തിക്ക് നീലപ്പട്ടും നീലശംഖുപുഷ്പവും അര്‍ച്ചനയും നെയ്വിളക്കും നടത്താറുണ്ട്. എരുമേലിയില്‍ അര കിലോമീറ്റര്‍ ചുറ്റളവില്‍ രണ്ട് ക്ഷേത്രങ്ങളുണ്ട്. ഒന്ന്, വലിയമ്പലം എന്നും, ഒന്ന്, കൊച്ചമ്പലം എന്നും അറിയപ്പെടുന്നു. ശബരിമല തീര്‍ത്ഥാടനകാലത്തെ പ്രസിദ്ധമയ എരുമേലി പേട്ടതുള്ളല്‍ വലിയമ്പലത്തിനും കൊച്ചമ്പലത്തിനും സമീപത്താണ് നടത്താറുള്ളത്. എരുമേലി വാവര് മസ്ജിദും, തൊട്ടുരുമ്മി നില്ക്കുന്നു എന്നുപറയാന്‍ തക്കവിധം അടുത്തുതന്നെയാണ് സ്ഥിതി ചെയ്യുന്നത്.
പേട്ടതുള്ളല്‍
എരുമേലിയില്‍ വര്‍ഷം തോറും ധനുമാസം നടക്കുന്ന ചരിത്രപരവും ആചാരപരവുമായ വലിയൊരു ചടങ്ങാണ് പേട്ടതുള്ളല്‍. ഇത്രമാത്രം താളമേള നിബിഢമായ ഒരു സങ്കേതം മറ്റെങ്ങും കാണില്ല. അഹോരാത്രം അസുരവാദ്യമായ ചെണ്ടയുടെയും, തമിഴ്ദേശവാദ്യമായ പമ്പാമേളത്തിന്റേയും മാറ്റൊലി മണ്ഡലകാലാരംഭത്തിന് ആഴ്ചകള്‍ക്ക് മുന്‍പേ തുടങ്ങി മകരവിളക്കും കഴിഞ്ഞ് ഗുരുതി ദിവസംവരെ നീളും. ഭഗവാന് അയ്യപ്പന്റെ മഹിഷി നിഗ്രഹസ്മരണയാണ് ആര്ത്തുകൊട്ടി ആഘോഷിക്കുന്നത്. ആദ്യമായി മലയ്ക്ക് പോകുന്ന സ്വാമിമാര്‍(കന്നി അയ്യപ്പന്മാര്) എരുമേലിയിലെത്തി പേട്ടതുള്ളല്‍ നടത്തി വേണം പതിനെട്ടാം പടി ചവിട്ടുവാന്‍ എന്നാണ് പഴയ ആചാരം. നമ്മള് കേരളീയര്‍ അത് പണ്ടേമറന്ന കാര്യമാണെങ്കിലും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ അതിനും അണുകിട തെറ്റാതെ പാലിക്കുന്നു.
ഒരേ മൂര്‍ത്തിയുടെ രണ്ട് ക്ഷേത്രങ്ങള്‍ എന്നത് എരുമേലിയുടെ എടുത്തുപറയാവുന്ന മറ്റൊരു പ്രത്യേകതയാണ്. ചരിത്രപ്രസിദ്ധമായ പേട്ടതുള്ളല്‍ ആരംഭിക്കുന്നത് ശാസ്താക്ഷേത്രമായ കൊച്ചമ്പലത്തില്‍ നിന്നുമാണ്. അമ്പലപ്പുഴ ഗ്രൂപ്പ്, ആലങ്ങാട് ഗ്രൂപ്പ് എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളാണ് പേട്ടതുള്ളലില്‍ പ്രധാനമായും പങ്കെടുക്കുന്നത്. വാദ്യമേളങ്ങളാല്‍ നടത്തുന്ന പേട്ടതുള്ളലിന് മേളക്കാരുമായി ആയിരക്കണക്കിന് അന്യസംസ്ഥാനകലാകാരന്മാരാണ് ഇവിടെ വന്ന് കാലേക്കൂട്ടി തമ്പടിക്കുന്നത്.
പേട്ടതുള്ളല്‍ ദര്‍ശിക്കുവാന്‍ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്ന് ഭഗവാന് ഗരുഡന്റെ പുറത്ത് എഴുന്നെള്ളുന്നു എന്നാണ് വിശ്വാസം. അഹന്ത വെടിഞ്ഞ് അയ്യപ്പന് സ്വയമായി അടിയറവ് വയ്ക്കുക എന്നതാണ് പേട്ടതുള്ളലിന്റെ വിശ്വാസം.
അനുഷ്ഠാനരീതി
വ്രതാനുഷ്ഠാനകാലത്ത് അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകള്‍ പൊറുക്കണമെന്നപേക്ഷിച്ചുകൊണ്ട് ഒരു നാണയം വെറ്റില പാക്കോടെ പുണ്യപാപച്ചുമടായ ഇരുമുടിക്കെട്ടില്‍ വച്ചു നമസ്ക്കരിക്കുന്ന 'പ്രായശ്ചിത്ത'മാണ് പേട്ടകെട്ടിലെ ആദ്യചടങ്ങ്.
പെരിയ സ്വാമിക്ക് 'പേട്ടപ്പണം കെട്ടല്‍' ആണ് അടുത്ത ചടങ്ങ്. എട്ടടിയോളം നീളമുള്ള ബലമുള്ള ഒരു കമ്പില്‍ കമ്പിളിപ്പുതപ്പിനുള്ളില്‍ പച്ചക്കറികളും കിഴങ്ങുകളും കെട്ടിത്തൂക്കുന്നു. രണ്ട് കന്നി അയ്യപ്പന്മാര് കമ്പിന്റെ അഗ്രങ്ങള്‍ തോളില്‍ വഹിക്കും. ബാക്കിയുള്ളവര്‍ ശരക്കോല്, പച്ചിലക്കമ്പുകള്‍ എന്നിവ കയ്യിലേന്തും. എല്ലാവരും കുങ്കുമം, കരി, ഭസ്മം എന്നിവ ദേഹം മുഴുവന്‍ വാരിപൂശും.
പേട്ടയിലുള്ള കൊച്ചമ്പലത്തിന്റെ മുന്നില്‍ നിന്നാണ് പേട്ടതുള്ളല്‍ തുടങ്ങുക. ആദ്യം കോട്ടപ്പടിയില്‍ നാളികേരം ഉരുട്ടും. അതിനുശേഷം കൊച്ചമ്പലത്തില്‍ കയറി ദര്‍ശനം നടത്തും. അവിടെനിന്നും ചെണ്ടമേളം, നാദസ്വരം, പമ്പമേളം തുടങ്ങിയ വാദ്യമേളങ്ങളുടേയും കീര്‍ത്തനങ്ങളുടേയും അകമ്പടിയോടെ എതിരെയുള്ള വാവര് പള്ളിയിലേക്ക് നീങ്ങും. ആനന്ദനൃത്ത ലഹരിയില്‍ 'അയ്യപ്പ തിന്തകത്തോം, സ്വാമി തിന്തകത്തോം' എന്ന് ആര്‍ത്തുവിളിച്ചാണ് സംഘനൃത്തം.
വാവരുപള്ളിയിലേക്ക് ചെല്ലുന്ന അയ്യപ്പന്മാരെ ജമാഅത്ത് മഹല്ല് കമ്മിറ്റി അംഗങ്ങള്‍ സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യും. തുടര്‍ന്ന് മസ്ജിദില്‍ കാണിക്കയിടുകയും അവിടെനിന്നും കിട്ടുന്ന കുരുമുളക് പ്രസാദവും വാങ്ങി തുള്ളിക്കൊണ്ടുതന്നെ മസ്ജിദിന് ചുറ്റും ഒരു പ്രദക്ഷിണം വയ്ക്കുകയും ചെയ്തശേഷം, വാവരുടെ ഒരു പ്രതിനിധികൂടി അനുഗമിച്ച് ഏകദേശം അര കിലോമീറ്റര്‍ അകലെയുള്ള വലിയമ്പലത്തിലേക്ക് പോകുന്നു. അവിടെ പ്രദക്ഷിണം വയ്ക്കുന്നതോടെ ആഘോഷങ്ങള്‍ അവസാനിക്കും. തുടര്‍ന്ന് അവര്‍ ആയുധങ്ങള്‍ ക്ഷേത്രത്തിന്റെ മേല്ക്കൂരയിലുപേക്ഷിച്ച്, വലംവച്ച് കര്‍പ്പൂരം കത്തിച്ച് തുള്ളല്‍ അവസാനിപ്പിക്കുന്നു. പിന്നെ വലിയമ്പലത്തിന് സമീപം ഒഴുകുന്ന തോട്ടിലിറങ്ങി കുളിച്ചശേഷം, വീണ്ടും ദര്‍ശനം നടത്തി വിരിയില്‍ പോയി വിശ്രമിക്കുന്നു.
അടുത്തദിവസം കുളിച്ച് അമ്പലത്തില്‍ തൊഴുത് വാവരുസ്വാമിയെയും കൊച്ചമ്പലത്തില്‍ അയ്യപ്പനേയും വന്ദിച്ച് ഹരിഹരസുതനെ ദര്‍ശിക്കാനുള്ള യാത്ര തുടരും. ശബരിമല തീര്‍ത്ഥാടനകാലത്ത് പരമ്പരാഗത രീതിയില്‍ സ്വാമിയെ കാണാന്‍ വരുന്ന അയ്യപ്പന്മാരുടെ വലിയ വലിയ കൂട്ടങ്ങളാണ് എരുമേലിയില്‍ എവിടെ നോക്കിയാലും കാണാന്‍ കഴിയുക. അവര്‍ ആചാരപ്രകാരം ഉപയോഗിക്കുന്ന വാദ്യാഘോഷങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദങ്ങള്‍ വേറെയും.
ധനുമാസം 27 ന് നടക്കുന്ന പ്രസിദ്ധമായ പേട്ടതുള്ളലിന്റെ ഒരു സവിശേഷത, ഇതര സമുദായ വിശ്വാസികളും, വാവരുപള്ളി പ്രതിനിധികളും, ഒക്കെ പങ്കുചേര്‍ന്ന് സാര്‍വ്വദേശീയതയുടെ ഒരു മഹാസന്ദേശമായി അത് മാറുന്നു എന്നുള്ളതാണ്. ആ സമയം വിഷ്ണുവാഹനമായ കൃഷ്ണപ്പരുന്തും ശിവസ്വരൂപമായ നക്ഷത്രവും തെളിഞ്ഞ് അയ്യപ്പന്മാരെ ഭക്തിയുടെ ആവേശത്തിലേറ്റുന്നു എന്നുള്ളതാണ് എടുത്തുപറയേണ്ടുന്ന വസ്തുത.
ക്ഷേത്രപുരാണം
ആലമ്പള്ളി മില്ലക്കാരന്(റവന്യു വകുപ്പിലെ ഒരു ഉദ്യോഗനാമം) എന്ന, നാട്ടുവഴിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരുദ്യോഗസ്ഥനാണ് വലിയമ്പലം പണിതത് എന്നാണ് വിശ്വാസം. ആ കഥ ഇങ്ങനെ: ഒരിക്കല്‍ മുക്കൂട്ടുതറ തിരുവമ്പാടി ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കുവാന്‍ ഭാര്യാസമേതം പോയ ആലമ്പള്ളി മില്ലക്കാരന് ക്ഷേത്രഭാരവാഹികളാല് അപമാനിതനായി. അതിന് പ്രതികാരമെന്നോണം സ്വന്തമായി ഒരു ക്ഷേത്രം പണിയണം എന്ന് തീരുമാനിച്ച മില്ലക്കാരന് ഒരു ദിവസം രാത്രിയില്‍ ഒരു സന്യാസിയുടെ സ്വപ്നദര്‍ശനമുണ്ടായി. ദര്‍ശനത്തില്‍ സന്യാസി മില്ലക്കാരനോട് പറഞ്ഞു, അടുത്തദിവസം അതിരാവിലെ പുണ്യനദിയായ പമ്പയില്‍ പോയി മുങ്ങിക്കുളിക്കണമെന്നും, അവിടെ അയ്യപ്പന്റെ ഒരു വിഗ്രഹം കാണുമെന്നും.
അതിന്‍പ്രകാരം അടുത്ത ദിവസം രാവിലെ പമ്പയില്‍ കുളിക്കാനിറങ്ങിയ ആലമ്പള്ളി മില്ലക്കാരന് അയ്യപ്പവിഗ്രഹം കിട്ടി. അന്നുരാത്രി ഒരിക്കല്‍കൂടി സ്വപ്നദര്‍ശനം നല്കിയ സന്യാസി പറഞ്ഞു, വീട്ടുമുറ്റത്ത് പയര്‍ കൃഷി ചെയ്യണം. പാകമാകുമ്പോള്‍ അത് തിന്നാന്‍ ഒരു പശുവിനെ അയയ്ക്കണം. പയര്‍ കഴിച്ചശേഷം പശുവിനെ എവിടെ വേണമെങ്കിലും വിടണമെന്നും, അതിനെ പിന്തുടരണമെന്നും പറഞ്ഞു. അതിന്‍പ്രകാരം മേയാന്‍ വിട്ട പശു വിശ്രമിക്കാനായി കിടന്ന സ്ഥലത്താണ് പ്രതിഷ്ഠ നടത്തിയതെന്നാണ് ഐതിഹ്യം.
ക്ഷേത്രത്തിലെ ഏക ഉപദേവതാ പ്രതിഷ്ഠ മാളികപ്പുറത്തമ്മയാണ്. കുംഭമാസത്തിലെ ഉത്രം നാളില്‍ ആറാട്ട് നടത്താന്‍ പാകത്തിന് പത്തുദിവസമാണ് എരുമേലി ശാസ്താക്ഷേത്രത്തിലെ തിരു ഉത്സവം.
