എരുമേലിയിലെ പേട്ടതുള്ളല്‍...

എരുമേലിയിലെ പേട്ടതുള്ളല്‍...

HIGHLIGHTS

ദേശത്തിന് ഭീഷണിയായി സംഹാരതാണ്ഡവമാടിയ മഹിഷിയെ മണികണ്ഠന്‍ വകവരുത്തിയതോടെ ദേശക്കാര്‍ ആഹ്ലാദത്തിമിര്‍പ്പിലായി. ഇതിന്‍റെ ഓര്‍മ്മപുതുക്കലാണ് എരുമേലി പേട്ടതുള്ളല്‍.

 

 

എരുമേലിയിലെ കൊച്ചമ്പലം എന്നറിയപ്പെടുന്ന ശാസ്താക്ഷേത്രത്തില്‍ നിന്നാണ് പേട്ടതുള്ളല്‍ ആരംഭിക്കുന്നത്. നൈനാര്‍ മസ്ജിദില്‍(വാവര് പള്ളി) എത്തുന്ന പേട്ടതുള്ളുകാരെ ജമാഅത്ത് കമ്മിറ്റിക്കാര്‍ ഭസ്മം നല്‍കി സ്വീകരിക്കും. വാവരു സ്വാമിയെ വണങ്ങി നാളികേരമുടച്ച് സംഘം തെക്കുഭാഗത്തുള്ള വലിയമ്പലത്തിലേക്ക്(ധര്‍മ്മശാസ്താക്ഷേത്രം) ആനന്ദനൃത്തം ചെയ്ത് നീങ്ങുന്നു. ഇടതുകയ്യില്‍ അമ്പും വില്ലും, മറുകയ്യില്‍ ഉടവാള്‍ തറയില്‍ കുത്തി രൗദ്രഭാവത്തില്‍ നില്‍ക്കുന്ന അയ്യപ്പന്‍റെ(കിരാതശാസ്താവ്) പ്രതിഷ്ഠയാണത്രേ വലിയമ്പലത്തിലുള്ളത്. കുളികഴിഞ്ഞ് ഭഗവവാനെ തൊഴുത് തിരികെയിറങ്ങി സദ്യയും കഴിഞ്ഞ് പമ്പ ലക്ഷ്യമാക്കി അയ്യപ്പന്മാര്‍ യാത്രയാകുന്നു.

പാണ്ടിമേളവും 'അയ്യപ്പ തിന്തകത്തോം.. സ്വാമി തിന്തകത്തോം...' എന്ന വായ്ത്താരിയുമാണ് പേട്ടതുള്ളലിന് അകമ്പടിയാകുന്നത്. ശിരസ്സില്‍ കിരീടവും, ശരീരമാസകലം ഭസ്മവും, വിവിധ വര്‍ണ്ണപ്പൊടികളും തേച്ചുപിടിപ്പിച്ച് കയ്യില്‍ തടികൊണ്ട് നിര്‍മ്മിച്ച കത്തി, ഗദ, വാള്‍, ശരക്കോല്‍, പാണല്‍ ചെടിയുടെ ശിഖരങ്ങള്‍ എന്നിവയുമായിട്ടാണ് പേട്ടതുള്ളല്‍. ശബരിമല തീര്‍ത്ഥാടനത്തിന്‍റെ പ്രധാന ആചാരാനുഷ്ഠാനമാണിത്. ഉദാത്തമായ മതസൗഹാര്‍ദ്ദത്തിന്‍റെ പ്രതീകം കൂടിയാണത്രേ എരുമേലി പേട്ടതുള്ളല്‍.

ആചാരപ്രകാരം എരുമേലി പേട്ടതുള്ളാതെ ശബരിമലയിലേക്ക് അയ്യപ്പഭക്തര്‍ക്ക് യാത്രയില്ലത്രെ. പ്രാചീനകാലത്ത് ധനു 27 ന് മാത്രമായിരുന്നു പേട്ടതുള്ളല്‍ നടന്നിരുന്നത്. പിന്നീട് ധനു 20-30 വരെയുള്ള ദിവസങ്ങളില്‍ രാവും പകലും പേട്ടതുള്ളല്‍ നടന്നിരുന്നു. ഇപ്പോള്‍ ശബരിമല ക്ഷേത്രം മാസപൂജകള്‍ക്കായി നടതുറക്കുമ്പോഴും മണ്ഡല- മകരവിളക്ക് കാലയളവിലും പേട്ടതുള്ളല്‍ നടക്കുന്നു.

ധനു 27 ന് അമ്പലപ്പുഴ- ആലങ്ങാട്ട് സംഘത്തിന്‍റെ പേട്ടതുള്ളലാണ് ഏറെ ശ്രദ്ധേയം. അന്ന് രാവിലെ പതിനൊന്ന് മണിയോടെ മാനത്ത് ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുന്നതോടെ അമ്പലപ്പുഴ സംഘത്തിന്‍റെ പേട്ടതുള്ളല്‍ ആരംഭിക്കുന്നു. രൗദ്രഭാവമാണ് അമ്പലപ്പുഴ പേട്ടതുള്ളലിന്‍റെ പ്രത്യേകത. അയ്യപ്പന്‍റെ മാതൃസ്ഥാനീയരാണത്രേ അമ്പലപ്പുഴ സംഘം. പേട്ടതുള്ളല്‍ കാണാന്‍ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ഗരുഡന്‍റെ മേല്‍ എഴുന്നെള്ളുമെന്നാണ് വിശ്വാസം. 

അയ്യപ്പന്‍ ക്ഷേത്രനിര്‍മ്മാണ സ്ഥലം നിശ്ചയിക്കുന്നതിന് എയ്ത ശരം അന്വേഷിച്ച് പോയ യാത്രയുടെ ഓര്‍മ്മകളുണര്‍ത്തി കൈലിമുണ്ടും ധരിച്ച് ശരീരത്ത് നിറങ്ങള്‍ തേച്ചുപിടിപ്പിച്ച് പച്ചിലത്തൂപ്പുമേന്തിയാണ് അമ്പലപ്പുഴ സംഘം എരുമേലിയില്‍ പേട്ടതുള്ളുന്നത്. ശരം കണ്ടെത്താന്‍ പോയതിന്‍റെ അടിസ്ഥാനത്തില്‍ പേട്ടതുള്ളലിനും, മാളികപ്പുറം മണിമണ്ഡപത്തില്‍ നിന്നുമുള്ള എഴുന്നെള്ളത്തിനും ആദ്യസ്ഥാനം അമ്പലപ്പുഴക്കാര്‍ക്കാണ്. മകരവിളക്ക് ദിവസം രാവിലെ അമ്പലപ്പുഴദേശക്കാരുടെ ഇരുമുടിക്കെട്ടില്‍ കൊണ്ടുവരുന്ന നെയ്തേങ്ങയിലെ നെയ്യ് പ്രത്യേകം അഭിഷേകം ചെയ്യുന്നുണ്ട്. അന്നേദിവസം രാത്രിയില്‍ ദേശക്കാരുടെ കെട്ടിലുള്ള കാര എള്ള്, ശര്‍ക്കര, നെയ്യ്, തേന്‍, കല്‍ക്കണ്ടം, മുന്തിരി ഇവ ചേര്‍ത്ത് തയ്യാറാക്കുന്ന എള്ളുപായസം ദേവന് മഹാനിവേദ്യമായി അര്‍പ്പിക്കുന്നു.

അമ്പലപ്പുഴ സംഘം വാവര് പള്ളിയിലെത്തി പുഷ്പവൃഷ്ടി സ്വീകരിച്ച് വാവര് പ്രതിനിധിയേയും ഒപ്പം ചേര്‍ത്താണ് വലിയമ്പലത്തിലേയ്ക്ക് പോകുന്നത്.
ഉച്ചയ്ക്കുശേഷം 2.30 ഓടെയാണ് ആലങ്ങാട് സംഘത്തിന്‍റെ പേട്ടതുള്ളല്‍. ഇവര്‍ അയ്യപ്പന്‍റെ പിതൃസ്ഥാനീയരാണത്രേ. ചിന്തുപാട്ടിന്‍റെ അകമ്പടിയില്‍ ചടുലവും താളാത്മകവുമാണ് ആലങ്ങാട്ടുകാരുടെ പേട്ടതുള്ളല്‍. വെള്ളമുണ്ടും, ഉത്തരീയവും, ശരീരത്ത് ഭസ്മവും പൂശിയാണ് ഇവരുടെ പേട്ടതുള്ളല്‍. 

വാവരുസ്വാമി അമ്പലപ്പുഴ സംഘത്തോടൊപ്പം യാത്രയായി എന്ന വിശ്വാസത്താല്‍ ഇവര്‍ വാവരുപള്ളിയില്‍ പ്രവേശിക്കാറില്ല. മകരവിളക്കിന്‍റെ പിറ്റേദിവസം വൈകിട്ട് സന്നിധാനത്ത് ആലങ്ങാട്ടുകാര്‍ നടത്തുന്ന താലം എഴുന്നെള്ളിപ്പ് ഏറെ ശ്രദ്ധേയമാണ്. തിരുവാഭരണത്തോടൊപ്പം കൊണ്ടുവരുന്ന കൊടിയുടെ അകമ്പടിയോടെയാണ് മണിമണ്ഡപത്തില്‍നിന്ന് താലം എഴുന്നെള്ളിപ്പ് തുടങ്ങുന്നത്. മകരം 2 ന് പന്തീരാഴി നിവേദ്യം നടത്താനുള്ള അവകാശവും ആലങ്ങാട് യോഗത്തിനാണ്.

വാവരുപള്ളിയിലെ ചന്ദനക്കുട മഹോത്സവത്തിന്‍റെ കൊടി ഇറങ്ങുന്ന സമയത്താണ് അമ്പലപ്പുഴ, ആലങ്ങാട്ട് സംഘത്തിന്‍റെ പേട്ടതുള്ളല്‍ ആരംഭിക്കുന്നത്. ഗജവീരന്മാരുടെ അകമ്പടിയോടെ പേട്ട തുള്ളലിനുള്ള അവകാശവും ഇരുകൂട്ടര്‍ക്കും ഉണ്ട്. അയ്യപ്പനും, വാവരും പേട്ടതുള്ളലില്‍ ഭക്തര്‍ക്കൊപ്പം ഉണ്ടെന്നാണ് വിശ്വാസം.

കാഞ്ഞിരപ്പള്ളി പൊന്‍കുന്നത്തിനടുത്തുള്ള ചിറക്കടവ് ദേശക്കാര്‍ പേട്ടതുള്ളാറില്ലത്രേ. ചിറക്കടവ് ക്ഷേത്രത്തില്‍ ശങ്കരനാരായണനാണ് മൂര്‍ത്തി. മഹാദേവന്‍ അയ്യപ്പന്‍റെ പിതാവാകയാല്‍ ദേശക്കാര്‍ പേട്ട തുള്ളേണ്ടതില്ല എന്നതാണ് വിശ്വാസം. അയ്യപ്പസ്വാമി ചിറക്കടവില്‍ ആയോധനകല പരിശീലിച്ചതായി ഐതിഹ്യം ഉണ്ട്. ഇവിടുത്തെ പ്രശസ്തമായ വേലകളി ഇതുമായി ബന്ധപ്പെട്ടതാണെന്നാണ് പറയപ്പെടുന്നത്.

പണ്ടത്തെ പേട്ടതുള്ളലും ശബരിമല യാത്രയും

പണ്ട് കന്നി അയ്യപ്പന്മാര്‍ നിര്‍ബന്ധമായും പേട്ട തുള്ളണമെന്നതായിരുന്നു കീഴ്വഴക്കം.

'അത്തലെന്യേ
ധരണിയിലുള്ളൊരു
മര്‍ത്ത്യരൊക്കെയുമയ്യനെ
കൂപ്പുവാന്‍ കൂട്ടത്തോടെ 

എരുമേലിയില്‍ ചെന്നിട്ടു പേട്ട' എന്നതായിരുന്നത്രേ പഴയ ആചാരം. എന്നാല്‍ പിന്നീട് പെരുന്നാട്- ചാലക്കയം, പമ്പ-  മുണ്ടക്കയം മൗണ്ട്, കുമളി- വണ്ടിപ്പെരിയാര്‍, പുല്ലുമേട് വഴികളിലൂടെ തീര്‍ത്ഥാടകര്‍ അയ്യപ്പസന്നിധിയില്‍ എത്തിയതോടെ ചിലര്‍ പേട്ടതുള്ളല്‍ ഒഴിവാക്കി. എങ്കിലും സീസണ്‍ സമയത്ത് ദിവസവം പതിനായിരക്കണക്കിന് അയ്യപ്പഭക്തരാണ് എരുമേലിയിലെത്തി പേട്ടതുള്ളുന്നത്. പണ്ട് പേട്ടതുള്ളുന്നവര്‍ ഇതിന് മുന്നോടിയായി വ്രതകാലത്ത് അറിഞ്ഞും അറിയാതെയും ചെയ്തുപോയ തെറ്റുകള്‍ക്ക് അയ്യപ്പനോട് മാപ്പിരന്ന് പ്രാര്‍ത്ഥിക്കുന്നു. ശേഷം വെറ്റിലയില്‍ ഒരു നാണയം, പാക്ക് എന്നിവ ഇരുമുടിക്കെട്ടില്‍ വച്ച് നമസ്ക്കരിക്കുന്നു. 'പ്രായശ്ചിത്തം' എന്ന ചടങ്ങാണിതത്രേ. തുടര്‍ന്ന് പെരിയസ്വാമിക്ക് ദക്ഷിണ സമര്‍പ്പിക്കുന്നു. 

'പേട്ടപ്പണം' എന്നാണിത് അറിയപ്പെടുന്നത്. കൊച്ചമ്പലത്തിന്‍റെ മുന്‍വശത്ത് പേട്ടകെട്ടല്‍. കോട്ടപ്പടിയില്‍ നാളികേരം ഉരുട്ടിയതിന് ശേഷം കൊച്ചമ്പലത്തിലെ ദര്‍ശനം കഴിഞ്ഞ് പേട്ട തുള്ളി വാവര് പള്ളിക്ക് പ്രദക്ഷിണം വച്ച് കാണിക്ക സമര്‍പ്പിക്കുമ്പോള്‍ പള്ളിയിലെ പുരോഹിതന്‍ പ്രസാദമായി ഭസ്മവും, കുരുമുളകും, കല്‍ക്കണ്ടവും നല്‍കുന്നു. പുറംതിരിയാതെ പള്ളിയുടെ പടിയിറങ്ങി മെയിന്‍ റോഡ് വഴി ആനന്ദനൃത്തമാടി 'അയ്യപ്പതിന്തകത്തോം.. സ്വാമിതിന്തകത്തോം...' എന്ന് ഉറക്കെപ്പാടി വലിയമ്പലത്തിലേക്ക് പോകുന്നു. 

ക്ഷേത്രം പ്രദക്ഷിണം വച്ച് കയ്യിലേന്തിയ പച്ചിലക്കമ്പുകള്‍ ക്ഷേത്രത്തിന്‍റെ മുകളിലേക്ക് എറിയുന്നു. കര്‍പ്പൂരം കത്തിച്ച് പേട്ട തുള്ളല്‍ അവസാനിപ്പിക്കുന്നു. ക്ഷേത്രത്തിന്‍റെ മുമ്പിലുള്ള തോട്ടില്‍ കുളിച്ച് ഭഗവാനെ തൊഴുത് അന്നേദിവസം എരുമേലിയില്‍ വിശ്രമിച്ച് പിറ്റേന്ന് ശരീരശുദ്ധി വരുത്തി വലിയമ്പലത്തിലും, കൊച്ചമ്പലത്തിലും ദര്‍ശനം നടത്തി കോട്ടപ്പടിയാ സ്ഥാനവും കടന്ന്, പേരുത്തോട്ടില്‍ നീരാടി, കനിവിനൊടു കാളകെട്ടി, അഴകിനോട് അഴുതാനദിയില്‍ പൂക്കു, അഴുതയില്‍ കുളിച്ചു കല്ലുമെടുത്തു, കല്ലൊരു ചുമടുമേന്തി, കല്ലിടും കുന്നു കയറി കല്ലിട്ടുവലം തിരിഞ്ഞു കരിമലമുകളില്‍ പുക്കു വില്ലും ശരവും കുത്തി, കിണറും കുളവും താണ്ടി, പമ്പയില്‍ തീര്‍ത്ഥമാടി, വലിയൊരു ദാനം കഴിച്ചു ബ്രാഹ്മണ ദക്ഷിണയും ചെയ്തു സദ്യയും കഴിച്ചു ഗുരുക്കന്മാരെ വന്ദിച്ചുകൊണ്ട് നീലിമല ചവിട്ടിക്കയറി, ശബരി പീഠത്തിങ്കലധിവസിച്ചു ശരംകുത്തി വലം തിരിഞ്ഞു സത്യമായ പൊന്നുപതിനെട്ടാം പടിയും ചവിട്ടിക്കയറി അയ്യപ്പസ്വാമിക്കരികിലെത്തുകയായിരുന്നത്രേ പഴയ ശബരിമല യാത്ര.

പേട്ടതുള്ളലിന് താളമായി പാണ്ടിമേളം

കന്യാകുമാരി, മാര്‍ത്താണ്ഡം, മധുര, തേനി, തഞ്ചാവൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പാണ്ടിമേളക്കാര്‍ എരുമേലിയില്‍ എത്തുന്നത്. നൂറുകണക്കിന് മേളക്കാരാണ് മണ്ഡല-മകരവിളക്ക് കാലയളവില്‍ എരുമേലിയിലെത്തുന്നത്. പേട്ട തുള്ളലിന് ഭക്തിയും ചൈതന്യവും പാണ്ടിമേളത്തില്‍ നിന്നാണ് ലഭിക്കുന്നത്.

തകില്‍, നാഗസ്വരം, കുറുംകുഴല്‍ എന്നിവയാണ് പാണ്ടിമേളത്തിലെ വാദ്യോപകരണങ്ങള്‍. മദ്ധ്യഭാഗം വീര്‍ത്ത കുറ്റിയില്‍ ഇരുമുഖങ്ങളിലും തുകല്‍മൂടിയാണ് തകിലിന്‍റെ നിര്‍മ്മിതി. തകിലിന്‍റെ ഇടതുഭാഗത്ത് ലോഹച്ചുറ്റിട്ട കൈവിരലിനാല്‍ പ്രത്യേക താളം കൊട്ടും. തകിലിന്‍റെ വലതുഭാഗത്ത് കോല്‍ ഉപയോഗിച്ചാണ് കൊട്ടുന്നത്. വഴിമദ്ധ്യേ തകില്‍വാദ്യം മുറുകും. ഭക്തിയുടെ ആവേശക്കൊടുമുടിയിലേയ്ക്ക് സ്വാമിമാര്‍ ചുവടുവയ്ക്കും.

കൊച്ചമ്പലത്തില്‍ നിന്നും വാവരുപള്ളിയിലേയ്ക്കും തുടര്‍ന്ന് വലിയമ്പലത്തിലേയ്ക്കുമുള്ള പേട്ടതുള്ളല്‍ സംഘങ്ങളെ പ്രതീക്ഷിച്ച് കൊച്ചമ്പലപരിസരത്തും, വാവരു പള്ളിക്ക് സമീപത്തുമായി വാദ്യമേളക്കാര്‍ നിലയുറപ്പിക്കും. തുക പറഞ്ഞ് ഉറപ്പിച്ചിട്ടാണ് വാദ്യമേളങ്ങള്‍ തുടങ്ങുന്നത്.