എല്ലാം എല്ലാം അയ്യപ്പന്‍....  ചോതിനാള്‍ വിജയലക്ഷ്മി തമ്പുരാട്ടി (പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാട്ടി)

എല്ലാം എല്ലാം അയ്യപ്പന്‍.... ചോതിനാള്‍ വിജയലക്ഷ്മി തമ്പുരാട്ടി (പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാട്ടി)

HIGHLIGHTS

അയ്യപ്പന്‍റെ മാതൃസ്ഥാനീയയാണ് ചോതിനാള്‍ വിജയലക്ഷ്മി തമ്പുരാട്ടി. 2022 ല്‍ വലിയ തമ്പുരാട്ടി ആയിരുന്ന മകം നാള്‍ തന്വംഗി തമ്പുരാട്ടിയുടെ മരണത്തെത്തുടര്‍ന്നാണ് കാലാകാലങ്ങളായി തുടര്‍ന്നുവരുന്ന ആചാരങ്ങളുടെ ഭാഗമായി രാജവംശത്തിലെ മുതിര്‍ന്ന അംഗമായ 94 കാരിയായ ചോതിനാള്‍ വിജയലക്ഷ്മി തമ്പുരാട്ടിക്ക് അയ്യപ്പന്‍റെ മാതൃസ്ഥാനീയ ആകാനുള്ള നിയോഗം ലഭിക്കുന്നത്. 'പമ്പയ്ക്കപ്പുറം യാത്ര പാടില്ല' എന്നാണ് തമ്പുരാട്ടിമാര്‍ക്കുള്ള പ്രമാണം. സ്മരണയില്‍ എപ്പോഴും മനസ്സില്‍ തെളിയുന്നത് കനകാഭരണ വിഭൂഷിതനായ സ്വന്തം മകന്‍റെ മുഖം... സ്വാമിയേ ശരണമയ്യപ്പാ..


രമ്പരാഗത ആചാരങ്ങളും നൂറ്റാണ്ടുകളായി പിന്തുടര്‍ന്ന് തലമുറകള്‍ കൈമാറി വരുന്ന അനുഷ്ഠാനങ്ങളുമാണ്  പന്തളം കൊട്ടാരത്തിന്‍റെ പ്രത്യേകത.

അയ്യപ്പന്‍റെ മാതൃസ്ഥാനീയയാണ് ചോതിനാള്‍ വിജയലക്ഷ്മി തമ്പുരാട്ടി. 2022 ല്‍ വലിയ തമ്പുരാട്ടി ആയിരുന്ന മകം നാള്‍ തന്വംഗി തമ്പുരാട്ടിയുടെ മരണത്തെത്തുടര്‍ന്നാണ് കാലാകാലങ്ങളായി തുടര്‍ന്നുവരുന്ന ആചാരങ്ങളുടെ ഭാഗമായി രാജവംശത്തിലെ മുതിര്‍ന്ന അംഗമായ 94 കാരിയായ ചോതിനാള്‍ വിജയലക്ഷ്മി തമ്പുരാട്ടിക്ക് അയ്യപ്പന്‍റെ മാതൃസ്ഥാനീയ ആകാനുള്ള നിയോഗം ലഭിക്കുന്നത്.

പന്തളം കൊട്ടാരത്തിലെ വടക്കേമുറി നാലുകെട്ട് പുത്തന്‍ കോയിക്കല്‍ ഉത്രം നാള്‍ തന്വംഗി തമ്പുരാട്ടിയുടെയും, നെല്ലിപ്പുഴ ഇല്ലം ഹരിഹരേശ്വരന്‍ നമ്പൂതിരിയുടേയും മകളായി 1930 ല്‍ ജനനം. 15 വയസ്സ് പ്രായമുള്ളപ്പോള്‍ അച്ഛന്‍റെ നാടായ കോട്ടയം കിടങ്ങൂര്‍ നെല്ലിപ്പുഴ ഇല്ലത്തേയ്ക്ക് പോയി. എങ്കിലും പന്തളത്തെത്തി ബന്ധുജനങ്ങളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. 1958 ല്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് എന്‍ജിനീയറായിരുന്ന മഠത്തില്‍ രാമവര്‍മ്മ രാജ ജീവിതപങ്കാളിയായതോടെ അദ്ദേഹത്തിന്‍റെ ഔദ്യോഗികജോലിയുടെ ഭാഗമായി കേരളത്തിലെ വിവിധ സ്ഥലങ്ങളിലായിരുന്നു താമസം.

1969 ലാണ് അദ്ദേഹം ജോലിയില്‍ നിന്ന് വിരമിക്കുന്നത്. ഇപ്പോള്‍ തൃശൂര്‍ അയ്യന്തോളിലുള്ള 'ഹില്‍വ്യൂ'വില്‍ മകന്‍ സലിംകുമാറിനോടൊപ്പം താമസിക്കുന്നു.

'പന്തളം കൊട്ടാരത്തിലെ എല്ലാ സ്ത്രീകള്‍ക്കും അയ്യപ്പനോട് മാതൃസ്നേഹമാണുള്ളത്. എന്‍റെ മകനല്ലേ.. എന്നാണ് സ്ത്രീകള്‍ എപ്പോഴും പറയാറ്... അതുകൊണ്ടാണ് പന്തളം കൊട്ടാരത്തിലെ സ്ത്രീകള്‍ അയ്യപ്പസന്നിധിയില്‍ പോകാത്തത്. പിതൃസ്ഥാനീയര്‍ അയ്യപ്പനരികില്‍ എത്തിയാല്‍ ഭഗവാന്‍ ബഹുമാനപൂര്‍വ്വം എഴുന്നേല്‍ക്കുമെന്നും, മാതൃസ്ഥാനീയര്‍ അയ്യപ്പനരികില്‍ എത്തിയാല്‍ വാത്സല്യപൂര്‍വ്വം ഭഗവാന്‍ അമ്മയോടൊപ്പം പോകുമെന്നാണ് വിശ്വാസം. അതിനാല്‍ കൊട്ടാരത്തിലെ സ്ത്രീകള്‍ അവിടേയ്ക്ക് പോകാറില്ല.

എപ്പോഴും കണ്‍മുമ്പില്‍ തന്നെ അയ്യപ്പനുണ്ട്. സങ്കടങ്ങളും സന്തോഷങ്ങളും ആവശ്യങ്ങളും എല്ലാം പങ്കുവയ്ക്കുന്നത് അയ്യപ്പനോടാണ്. 94 വയസ്സ് വരെ ജീവിക്കാനായതും അവിടുത്തെ കാരുണ്യമെന്നാണ് വിശ്വാസം. തമ്പുരാട്ടിമാര്‍ക്ക് അയ്യപ്പദര്‍ശനം പാടില്ലാത്തതിനാല്‍ ഞങ്ങള്‍ക്ക് അയ്യപ്പനെ പ്രാര്‍ത്ഥിക്കാനാണ് രാജാവ് കൊട്ടാരത്തിന് സമീപം നിര്‍മ്മിച്ച തേവാരപ്പുര വലിയ കോയിക്കല്‍ ക്ഷേത്രം. അവിടെ പ്രതിഷ്ഠയില്ല. അയ്യപ്പന്‍ കുടികൊള്ളുന്നു എന്നതാണ് വിശ്വാസം.

നിരവധി തവണ തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്ന ദിനം പന്തളത്ത് എത്തിയിട്ടുണ്ട്. കൊട്ടാരത്തില്‍ ഏറ്റവും അധികം സന്തോഷമുള്ള ദിനമാണന്ന്. രാജകുടുംബാംഗങ്ങള്‍ ഒത്തുചേരുന്ന ദിനവും അന്നാണ്. തിരുവാഭരണ ഘോഷയാത്രയിലെ രാജപ്രതിനിധി കൈപ്പുഴ കൊട്ടാരത്തിലെത്തി വല്യതമ്പുരാട്ടിയുടെ കാല്‍ക്കല്‍ ഉടവാള്‍ വച്ച് തൊഴുത് നമസ്ക്കരിക്കുന്നതും, വലിയ തമ്പുരാട്ടി ഉടവാള്‍ എടുത്ത് നല്‍കി അനുഗ്രഹിക്കുന്നതുമൊക്കെ ഭക്ത്യാദരവോടെയും കൗതുകത്തോടെയും നിരവധി തവണ കുട്ടിക്കാലത്ത് കണ്ടിട്ടുണ്ട്.

പന്തളം കൊട്ടാരത്തിലെ വസ്തുവകകള്‍ അപഹരിക്കാനാകില്ല എന്നാണ് പറയുക. ഒരിക്കല്‍ പന്തളം കൊട്ടാരത്തിലേയ്ക്ക് വരുന്ന വഴികളിലും കൊട്ടാരപ്പറമ്പിലുമായി വൈക്കോല്‍ (കച്ചി) ഉണങ്ങാനിട്ടിരുന്നു. രാത്രിയില്‍ മോഷ്ടാക്കളിത് കടത്തിക്കൊണ്ടുപോയി. രാവിലെ വിവരം കൊട്ടാരത്തിലുള്ളവര്‍ അറിഞ്ഞു. അയ്യപ്പസ്മരണയും, പരസ്നേഹവുമായി നടക്കുന്ന രാജകുടുംബക്കാര്‍ വൈക്കോല്‍ നഷ്ടപ്പെട്ടത് അത്ര വലിയ സംഭവമായി കണ്ടില്ല. പോയത് പോകട്ടെ എന്ന ചിന്തയില്‍ അവരത് മറന്നു.

പക്ഷേ മോഷ്ടാവിന് പിറ്റേരാത്രിയില്‍ അത്ഭുതകരമായ ഒരനുഭവം ഉണ്ടായത്രേ. സ്വപ്നത്തില്‍ ചൂരല്‍വടിയുമായി ഒരു ബാലന്‍ ദേഷ്യത്തോടെ ശകാരിക്കുകയും ചൂരലുകൊണ്ട് അടിക്കുന്നതുമായ അനുഭവം. ഞെട്ടി ഉണര്‍ന്ന മോഷ്ടാവിന് ശരീരമാസകലം നീറുന്ന വേദന. ചൂരല്‍വടിയുടെ അടിയേറ്റതുപോലെ ശരീരം ചുവന്ന് തടിച്ചിരിക്കുന്നു. കാര്യങ്ങള്‍ മനസ്സിലായ മോഷ്ടാവ് വൈക്കോല്‍ കൊട്ടാരത്തിലെത്തിച്ച് മാപ്പു പറഞ്ഞു. അയ്യപ്പനോട് മാപ്പു പറഞ്ഞ് പൊയ്ക്കൊള്ളാന്‍ കാരണവന്മാര്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്.

ധനു 28 ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടുമ്പോള്‍ കൈപ്പുഴക്കൊട്ടാരത്തിലെ ആചാരപരമായ ചടങ്ങുകള്‍ തമ്പുരാട്ടിയുടെ സാന്നിധ്യത്തിലാണ് നടക്കുന്നത്. രാജപ്രതിനിധി ഉടവാള്‍ തമ്പുരാട്ടിയുടെ കാല്‍ക്കല്‍വച്ച് നമസ്ക്കരിക്കുമ്പോള്‍ തമ്പുരാട്ടി തിരികെ വാളും ഭസ്മവും നല്‍കി അനുഗ്രഹിക്കും. പന്തളം കൊട്ടാരത്തിലും, വലിയ കോയിക്കല്‍ ക്ഷേത്രത്തിലും എത്തുന്ന പ്രമുഖ വ്യക്തികള്‍ തമ്പുരാട്ടിയെ വന്നുകണ്ട് അനുഗ്രഹം വാങ്ങും. എല്ലാവരോടും വിശേഷങ്ങള്‍ തിരക്കി അനുഗ്രഹം നല്‍കാന്‍ കഴിയുന്നത് മണികണ്ഠ കൃപ.

ശാരീരിക പ്രശ്നങ്ങള്‍ ഉണ്ട്, കേള്‍വിക്കുറവും ഉണ്ട്. എങ്കിലും ലളിതമായ ജീവിതവും, പുരാണപാരായണവും, ധ്യാനവും, പ്രാര്‍ത്ഥനയും, അയ്യപ്പസ്മരണയും ശാരീരിക പ്രശ്നങ്ങള്‍ വല്ലാതെ അലട്ടാതെ കാത്ത് പരിപാലിക്കുന്നു.

'പമ്പയ്ക്കപ്പുറം യാത്ര പാടില്ല' എന്നാണ് തമ്പുരാട്ടിമാര്‍ക്കുള്ള പ്രമാണം. സ്മരണയില്‍ എപ്പോഴും മനസ്സില്‍ തെളിയുന്നത് കനകാഭരണ വിഭൂഷിതനായ സ്വന്തം മകന്‍റെ മുഖം... സ്വാമിയേ ശരണമയ്യപ്പാ..