ഭക്തി മിന്നല്‍പ്പിണറുപോലെ...  എഴക്കരനാട് പെരിയകാവ് ഭഗവതീക്ഷേത്രം

ഭക്തി മിന്നല്‍പ്പിണറുപോലെ... എഴക്കരനാട് പെരിയകാവ് ഭഗവതീക്ഷേത്രം

HIGHLIGHTS

ക്ഷേത്രങ്ങള്‍ തേടിയുള്ള യാത്രകള്‍ പലപ്പോഴും നമ്മെ അത്ഭുതപരതന്ത്രരാക്കാറുണ്ട് എന്നാണ് വാസ്തവം. മഹാക്ഷേത്രങ്ങള്‍ എന്ന് വിളിക്കപ്പെടേണ്ട പല ക്ഷേത്രങ്ങളും മാലോകരാരും അറിയാതെ ഈ നാടിന്‍റെ പല ഭാഗങ്ങളിലും നിലകൊള്ളുന്നു എന്നത് നമ്മെ വല്ലാത്ത അതിശയപ്പെടുത്തിപ്പോകാറുണ്ട്. അപ്രകാരത്തിലുള്ള ഒരു അതിശയക്കാഴ്ചയാണ് പിറവം രാമമംഗലത്തിന് സമീപത്തെ എഴക്കരനാട് ഗ്രാമങ്ങളില്‍ സ്ഥിതിചെയ്യുന്ന 'പെരിയകാവ് ദേവീക്ഷേത്രം' ദര്‍ശനം.

പെരിയകാവ് എന്നാല്‍ വലിയ കാവ് എന്നുതന്നെയാണ് അര്‍ത്ഥമാക്കുക. ഒരു കാലഘട്ടത്തില്‍ കേരളത്തിലെ എണ്ണപ്പെട്ട വലിയ കാവുകളില്‍ ഒന്നായിരുന്നിരിക്കാം ഈ ഗ്രാമക്ഷേത്രമായ പെരിയകാവ് ദേവീക്ഷേത്രവും. ക്ഷേത്രവും വിധാനവും ഐതിഹ്യവും അത്ര ഏറെ ശക്തവും ശ്രേഷ്ഠവുമാണ്. ഭക്തി മിന്നല്‍പ്പിണറുപോലെ ശിരസ്സില്‍ നിന്നുണര്‍ന്ന് മേലാകെ പടര്‍ന്നിറങ്ങുന്നതുപോലെയായിരുന്നു പെരിയകാവ് ദേവിയെ ദര്‍ശിച്ച പ്രഥമ നിമിഷം.

ഒരേ വിധാനത്തില്‍ രണ്ട് ശ്രീകോവിലുകള്‍ ചേര്‍ന്ന അതിവിശാലമായ നാലകമാണ് ഈ ശ്രീലകം. എട്ടുകെട്ട് എന്നുതന്നെ പറയാം ഈ ക്ഷേത്രത്തിന്‍റെ ഉള്ളകം. രണ്ട് ബലിക്കപ്പുരകള്‍ ചേര്‍ന്ന ക്ഷേത്രം, ഒരു ശ്രീകോവിലില്‍ ഭഗവതിയും മറ്റൊരു ശ്രീകോവിലില്‍ ശാസ്താവും തുല്യപ്രാധാന്യത്തോടുകൂടുത്തന്നെ ഇവിടെ നിലകൊള്ളുന്നു.

കാലവും ഐതിഹ്യവും

ഒരു കാലഘട്ടത്തില പ്രഭുക്കളായ നാല് ബ്രാഹ്മണ കുടുംബക്കാരുടേതായിരുന്നു ക്ഷേത്രം. ആ നാല് ഇല്ലക്കാര്‍ ആരാണെന്നതിനെക്കുറിച്ച് വ്യക്തമായ യാതൊരു തെളിവുകളും ലഭ്യമല്ല. സമ്പത്തിന്‍റെ ആധിക്യം, സമ്പത്തിനോടുള്ള ആര്‍ത്തി, മനുഷ്യനെ അനുചിതമായ പ്രവൃത്തികള്‍ക്കും പ്രേരിപ്പിക്കും. അവരുടെ അധീനതയിലായിരുന്നു ഈ ക്ഷേത്രം. കലഹങ്ങള്‍ മൂര്‍ച്ഛിച്ചപ്പോള്‍ പരമ്പരയില്‍ ആരും തന്നെ ശേഷിക്കാതെ മണ്ണടിഞ്ഞു എന്നാണ് കരുതുന്നത്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആര്‍ക്കിയോളജി വിഭാഗത്തില്‍ നിന്നും ചിലര്‍ എഴക്കരനാട് വന്നിരുന്നു. തൃശൂര്‍ പൂരംപോലെ വലിയ ഉത്സവം ആചരിച്ചിരുന്ന ദേവീക്ഷേത്രം  അന്വേഷിച്ചായിരുന്നു അവര്‍ വന്നത്. നാം അറിയാത്ത ആ കാലശേഷം പെരിയകാവ് ക്ഷേത്രത്തിന്‍റെ പെരുമയെ ചരിത്രം ഓര്‍ത്തുപറയുകയാണ്.

പെരിയകാവിലെ ആദ്യക്ഷേത്രം ശാസ്താവിന്‍റേതായിരുന്നു. സകലകലകളും ചേര്‍ന്ന പരിപൂര്‍ണ്ണ ശാസ്താവ് തന്നെയാണ് ഇവിടെ നിലകൊള്ളുന്നത്. എന്നാല്‍ ദേവിയുടെ സാന്നിധ്യം ഈ പ്രകൃതിയുടെ ഉത്സവകാലം മുതല്‍തന്നെ ഇവിടെ നിറഞ്ഞുനിന്നിരുന്നു. കാലം പിന്നീട് കാരണങ്ങള്‍ ചേര്‍ത്ത് തെളിയിച്ചതാണ് ഭഗവതിയുടെ നിറസാന്നിധ്യം.

തലമുറയിലെ പിന്‍മുറക്കാരാണ് ദേവീസാന്നിധ്യം ക്ഷേത്രക്കുളത്തില്‍ തിരിച്ചറിഞ്ഞത്. ദേവി ശയനഭാവത്തില്‍ ക്ഷേത്രക്കുളത്തില്‍ നിലകൊള്ളുന്നു എന്നാണ് അവര്‍ക്ക് സ്വപ്നദര്‍ശനം ഉണ്ടായത്. സ്വപ്നദര്‍ശനപ്രകാരം കുളം വറ്റിച്ചപ്പോള്‍ പൂഴിമണലിനൊപ്പം ഉയര്‍ന്നുവന്നത് ദേവിയുടെ സ്വയംഭൂ വിഗ്രഹമായിരുന്നു.

അഷ്ടബന്ധമില്ലാതെ, ശ്രീപീഠമില്ലാതെ മഹാദേവി

ഈ ശ്രീലകത്തിനും പ്രതിഷ്ഠയ്ക്കും മറ്റെങ്ങും പറയാനാവാത്ത സവിശേഷതയുണ്ട്. മണ്ണില്‍ കുത്തിനിര്‍ത്തിയതുപോലെയാണ് ഈ ശ്രീലകത്തെ ദേവീപ്രതിഷ്ഠ. വെറും സാധാരണ ഒരു ശിലയാണ്. ശില്‍പ്പികളുടെ ഉളിപ്പാടുകള്‍ സ്പര്‍ശിക്കാത്ത ശില. ശ്രീപീഠമില്ല. ദേവിയെ ആരും പ്രതിഷ്ഠിച്ചിട്ടുമില്ല. വിഗ്രഹത്തിന് ചുറ്റും മണല്‍ വിരിച്ചിരിക്കുന്ന 'മണല്‍ ചീത്തയാവുമ്പോള്‍(അഴുക്ക് പിടിക്കുമ്പോള്‍) പുഴയില്‍ നിന്നും മണല്‍ കൊണ്ടുവന്ന് ശുദ്ധമാക്കി നിരത്തും. ക്ഷേത്രപൂജാരി ഭക്ത്യാ തുടര്‍ന്നുപറഞ്ഞു. 
ധര്‍മ്മശാസ്താവിന്‍റേയും ശാന്തരൂപിണിയായ ഭഗവതിയുടെയും പൂര്‍ണ്ണസാന്നിധ്യം നിറഞ്ഞുനില്‍ക്കുന്ന ശ്രീലകമാണ് പെരിയകാവ് ദേവീക്ഷേത്രം.

സന്താനദുരിതങ്ങള്‍ക്ക് ക്ഷിപ്രനിവൃത്തിയാണ് ഇവിടുത്തെ ശാസ്താപ്രീതിയെന്ന് അനവധി കഥകളിലൂടെയും അനുഭവങ്ങളിലൂടെയും ഭക്തര്‍ തിരിച്ചറിഞ്ഞതാണ്. മാറാരോഗങ്ങള്‍ക്ക് സിദ്ധഔഷധമാണ് ശാസ്താപ്രീതിയെന്ന് ആയുസ്സ് നീട്ടിക്കിട്ടിയ ഭക്തര്‍ ഏറ്റുപറയുന്നു. ശാന്തസ്വരൂപിണിയായ ഭഗവതി സര്‍വ്വമംഗള കാരിണിയായി സമീപത്തായിത്തന്നെ മരുവുന്നു. ഭക്തിയുടെ അപൂര്‍വ്വകാഴ്ചകള്‍ തന്നെയായിരുന്നു പെരിയകാവ് ദേവീക്ഷേത്രത്തില്‍ വലംവെച്ച ഓരോ നിമിഷവും.

പെരിയകാവ് ക്ഷേത്രം
(9446566473)

തയ്യാറാക്കിയത്:
നാരായണന്‍പോറ്റി