ഏഴരശ്ശനിയെ പേടിക്കണോ?
ശനി എന്ന് കേട്ടാല്‍ തന്നെ എല്ലാവരും ഭയപ്പെടുന്നു. എനിക്ക് ഏഴരശ്ശനി നടക്കുന്നു, എനിക്ക് കണ്ടകശനിയാണ്, അഷ്ടമശനിയാണ്, എന്നൊക്കെ പറഞ്ഞ് ഭയപ്പാടു കാണിക്കുന്നവരാണ് ഏറെപേരും. എന്നാല്‍ എല്ലാവരും കരുതുന്നപോലെ ശനി അത്ര വലിയ ദുഷ്ടനൊന്നുമല്ല. അവരവര്‍ ചെയ്ത പാപപുണ്യങ്ങള്ക്കനുസൃതമായി ഫലം നല്കുന്ന നീതിമാനാണ് ശനീശ്വരന്.
ശനി എന്ന് കേട്ടാല്‍ തന്നെ എല്ലാവരും ഭയപ്പെടുന്നു. എനിക്ക് ഏഴരശ്ശനി നടക്കുന്നു, എനിക്ക് കണ്ടകശനിയാണ്, അഷ്ടമശനിയാണ്, എന്നൊക്കെ പറഞ്ഞ് ഭയപ്പാടു കാണിക്കുന്നവരാണ് ഏറെപേരും. എന്നാല്‍ എല്ലാവരും കരുതുന്നപോലെ ശനി അത്ര വലിയ ദുഷ്ടനൊന്നുമല്ല. അവരവര്‍ ചെയ്ത പാപപുണ്യങ്ങള്ക്കനുസൃതമായി ഫലം നല്കുന്ന നീതിമാനാണ് ശനീശ്വരന്. അതുകൊണ്ടാണ് തുലാസ് ചിഹ്നമായിട്ടുളള തുലാം രാശിയില്‍ പ്രവേശിക്കുമ്പോള്‍ ശനിഭഗവാന് ഉച്ഛം നേടുന്നത്. മാത്രമല്ല നവഗ്രഹങ്ങളില്‍ ഈശ്വരപദവി നേടിയ ഏക ഗ്രഹവുമാണ് ശനി. പലപ്പോഴും ശനി പകര്ച്ചയോടനുബന്ധിച്ച് ഗോചരം നടക്കുമ്പോഴാണ് എല്ലാവരെയും ഭീതി അലട്ടുക. ഗോചരം എന്നത് വര്‍ത്തമാനകാല ഗ്രഹനിലയെ കുറിക്കുന്നു. അതുപ്രകാരം ഏതേതു രാശിക്ക് എന്തെന്ത് നന്മ- തിന്മകളേകും എന്നതിനെ അടിസ്ഥാനമാക്കിയാണ് ഗോചരഫലം പറയപ്പെടുന്നത്.
ഏഴരശ്ശനി
ഒരാളുടെ ജന്മരാശിക്ക് ആകെ ഏഴരവര്‍ഷം ശനി പിടിക്കുന്നതിനെയാണ് ഏഴരശ്ശനി എന്ന് പറയുന്നത്. ഒരാളുടെ ജന്മരാശി മുമ്പുളള രാശിയില്‍ രണ്ടര വര്‍ഷവും, ജന്മ രാശിയില്‍ രണ്ടര വര്‍ഷം, ജന്മരാശിയുടെ അടുത്ത രാശിയില്‍ രണ്ടര വര്‍ഷം എന്നിങ്ങനെ ഗോചരവശാല്‍ ശനി സഞ്ചരിക്കുന്ന കാലത്തെയാണ് ഏഴരശ്ശനി എന്ന് പറയുന്നത്. ഉദാഹരണത്തിന് ഒരാളുടെ രാശി മേടമാണെങ്കില് അതിന്റെ മുന്നത്തെ രാശിയായ മീനത്തില്‍ ശനി സഞ്ചരിക്കുന്ന കാലം തൊട്ട് ഏഴരശ്ശനി തുടങ്ങുകയായി. ജന്മരാശിയുടെ അടുത്ത രാശിയായ ഇടവം രാശി കടക്കുന്ന വരെ ഏഴരശ്ശനി കാലം തുടരുന്നു. ജന്മരാശിയുടെ മുമ്പത്തെ രാശിയില്‍ ശനി സഞ്ചരിക്കുന്ന കാലം വിരയശനിയായും, രാശിയില്‍ സഞ്ചരിക്കുന്ന കാലത്തെ ജന്മ ശനിയായും, രണ്ടാം രാശിയില്‍ സഞ്ചരിക്കുന്ന കാലത്തെ പാദശനിയായും അറിയപ്പെടുന്നു.
വിരയശനി
ഏഴരശനിയില്‍ ആദ്യത്തെ രണ്ടര വര്‍ഷം ശനി ജന്മരാശിയുടെ മുമ്പത്തെ ഭാവമായ വിരയസ്ഥാനത്ത്, അതായത് പന്ത്രണ്ടാം ഭാവത്തില്‍ സഞ്ചരിക്കുന്നു. ആ സമയത്ത് ഏറ്റെടുക്കുന്ന കാര്യങ്ങളില്‍ തടസ്സം, പരാജയം, കച്ചവടത്തില്‍ നഷ്ടം, അനാവശ്യമായ പണച്ചെലവുകള്‍, യാത്രയില്‍ അപകടങ്ങള്‍, പരിക്ക്, അലച്ചില്‍, വിദ്യാതടസ്സം, ഔഷധസേവ എന്നിവയുണ്ടാവാം. ബന്ധപ്പെട്ട വ്യക്തിയുടെ ജാതകത്തില്‍ ശനി നല്ല സ്ഥാനത്താണെങ്കില്‍ ദോഷഫലങ്ങള്‍ വളരെയധികം കുറയുന്നു.
ജന്മശനി
ഏഴരശ്ശനികാലത്ത് അടുത്ത രണ്ടര വര്‍ഷം ശനി ജന്മരാശിയിലായിരിക്കും. ഇക്കാലം പരീക്ഷണ കാലം തന്നെയാവും. രോഗങ്ങള്‍, തൊഴില്‍മാറ്റം, തൊഴില്‍ നഷ്ടം, സ്ഥലംമാറ്റം, സ്ഥാനചലനം, ബന്ധുക്കളുമായി ശത്രുത, സഹോദരങ്ങളുമായി പിണക്കം, ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവിന് രോഗബാധ, ജയില്‍വാസം, കോടതി കയറേണ്ട അവസ്ഥ എന്നിങ്ങനെ പരീക്ഷണങ്ങളുടെ കാലമാവും. ഇക്കാലത്ത് ജാതകത്തില്‍ ശനിയുടെ സ്ഥാനം നല്ലതാണെങ്കില്‍ ദോഷഫലങ്ങള്‍ കുറഞ്ഞ് മനസ്സിന് സ്വസ്ഥതയുണ്ടാവും.
പാദശനി
ജന്മരാശിയുടെ അടുത്ത രാശിയില്‍ അവസാനത്തെ രണ്ടര വര്‍ഷം ശനി സഞ്ചരിക്കുന്ന കാലത്തെ ഏഴരശ്ശനിയിലെ 'പാദശ്ശനി' എന്ന് പറയുന്നു. ഈ കാലത്ത് ഇതുവരെയുണ്ടായിരുന്ന പരീക്ഷണങ്ങള്‍ക്ക് ചെറിയ ശമനമുണ്ടാകും എങ്കിലും ദുരിതങ്ങള്‍ക്ക് അറുതിയായി കരുതാനാവില്ല. പാദശനികാലത്ത് ശനി ഭഗവാന് നല്ല അനുഭവങ്ങള്‍ നല്‍കും. എന്നിരുന്നാലും ഭാഗ്യങ്ങള്‍ക്ക് ഭംഗം സൃഷ്ടിക്കും. മാതാപിതാക്കള്‍ക്ക് ദോഷഫലങ്ങള്‍ നല്‍കും. കുടുംബത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സൃഷ്ടിക്കും. പാദശനി നടക്കുന്ന അവസാനത്തെ ആറുമാസ കാലത്ത് വരുമാനത്തില്‍ പുരോഗതിയുണ്ടാവും. കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. നല്ലവരുമായുളള സൗഹാര്‍ദ്ദ സഹകരണങ്ങളുണ്ടാവും. വ്യവഹാര വിജയം, വാഹനയോഗം, സുഖ ജീവിതം എന്നിവ ലഭിക്കും.
ശനിയാഴ്ച തോറും അയ്യപ്പന്, ഹനുമാന് എന്നിവരെ ഭജിച്ചു പോന്നാല്‍ ശനിദോഷകാഠിന്യം കുറഞ്ഞ് സദ്ഫലങ്ങള്‍ ഉണ്ടാകും. കഴിയുന്നത്ര വികലാംഗരെ സഹായിക്കുക. സല്‍കര്‍മ്മങ്ങള്‍ ചെയ്യുക. സത്യസന്ധരായി ജീവിക്കുക. ഇവരെ ശനി ശിക്ഷിക്കുന്നതിനു പകരം അനുഗ്രഹിക്കും.
Photo Courtesy - Google
