ആദ്യദര്‍ശനം ദിവ്യദര്‍ശനം -കാര്‍ത്തി ശിവകുമാര്‍
അയ്യപ്പദര്‍ശനത്തിലൂടെ സിദ്ധിച്ച അവാച്യമായ ആത്മീയ അനുഭൂതിയുടെ നിറവിലാണ് തമിഴ് സൂപ്പര്‍ താരം കാര്‍ത്തി.

ഇക്കഴിഞ്ഞ ഉത്സവ- വിഷു ചടങ്ങുകള്‍ക്കായി നടതുറന്നപ്പോഴാണ് അയ്യപ്പസ്വാമിയെക്കണ്ട് തൊഴുത് പ്രാര്‍ത്ഥിക്കാനായത്. വളരെക്കാലത്തെ ആഗ്രഹസഫലീകരണമാണ് ഈ യാത്ര. കേട്ടറിവും ടി.വിയിലൂടെ കണ്ടുമാത്രം പരിചയമുള്ള ശബരിമല സന്നിധാനത്ത് എത്തിയപ്പോള്‍ ഏറെ അത്ഭുതവും ഭക്തിയുമാണ് അനുഭവമായത്. ചെറിയ കുട്ടികളും പ്രായമായവരുമൊക്കെ ശരണം വിളിച്ച് ചുറുചുറുക്കോടെ മലകയറുന്നത് കണ്ടപ്പോള്‍ പണ്ടേ ഇങ്ങ് എത്താനായില്ലല്ലോ എന്നോര്‍ത്ത് സങ്കടവും തോന്നി. കേരളക്കാരുടെ പ്രിയനടന്‍ ജയറാം സാര്‍ കാണുമ്പോഴെല്ലാം അയ്യപ്പനെക്കുറിച്ചു പറയാറുണ്ടായിരുന്നു. പക്ഷേ ജയംരവിക്കൊപ്പമായിരുന്നു അയ്യപ്പസന്നിധിയിലേയ്ക്കുള്ള കന്നിയാത്ര സാധ്യമാകുന്നത്. ജയംരവിയെ അയ്യപ്പന്‍റരികിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്നത് ജയറാം സാറായിരുന്നു. കഴിയുമെങ്കില്‍ ഇക്കുറി മകരജ്യോതി ദര്‍ശനത്തിനായി ജയറാം സാറിനോടൊപ്പം മലകയറണം.
ശബരിമല അയ്യപ്പനെ ആദ്യമായിട്ടാണ് ദര്‍ശിക്കുന്നതെങ്കിലും മഹാലിംഗപുരത്തെ അയ്യപ്പക്ഷേത്രത്തില്‍ അച്ഛനോടും, അമ്മയോടും സഹോദരങ്ങള്‍ക്കൊപ്പവും കുട്ടിക്കാലത്ത് നിരവധി തവണ പോയിട്ടുണ്ട്. ആദ്യമായി അഭിനയിച്ച പരുത്തിവീരന്‍ ചിത്രീകരണ സമയത്തും നിരവധി തവണ ഇവിടെത്തി പ്രാര്‍ത്ഥിച്ചിട്ടുണ്ട്. അച്ഛന്‍റെ സുഹൃത്തായിരുന്ന ഗായകന്‍ വീരമണിസാര്‍ ആലപിച്ച 'പള്ളിക്കെട്ട് സബരിമലയ്ക്ക്... ' എന്ന് തുടങ്ങുന്ന ഗാനം വീട്ടിലെ എല്‍.പി റിക്കോര്‍ഡറിലൂടെ പണ്ട് എപ്പോഴും മുഴങ്ങുന്ന ഗാനമായിരുന്നു. ഈ ഗാനം അന്ന് പമ്പാഗണപതി കോവിലിന്‍റെ അടുത്തുള്ള ഉച്ചഭാഷിണിയിലൂടെ കേട്ടപ്പോള്‍ കൗതുകം തോന്നി. വീട്ടിലെ പൂജാമുറിയില്‍ മറ്റ് ഈശ്വരന്മാരുടെ വര്‍ണ്ണചിത്രങ്ങള്‍ക്കൊപ്പം അയ്യപ്പന്‍റെ ചിത്രവുമുണ്ട്. മഹാലിംഗപുരം അയ്യപ്പക്ഷേത്രത്തില്‍ വച്ചാണ് ജയംരവി, സിനിമാനിര്‍മ്മാതാവ് ലക്ഷ്മണ്‍ സാറിനോടൊപ്പം കെട്ടുനിറച്ച് ശരണം വിളിച്ച് ശബരിമലയാത്ര ആരംഭിക്കുന്നത്.

അവനവന്‍റെ ഈശ്വരീയതയെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗമാണ് അയ്യപ്പനിലേയ്ക്കുള്ള യാത്ര. അയ്യപ്പമുദ്ര കഴുത്തിലണിയുന്നതോടെ നമ്മുടെ നാമം ഇല്ലാതാകുന്നു. ശേഷം നമ്മള്‍ അയ്യപ്പനായി മാറുന്നു. മറ്റൊരിടത്തും സംഭവിക്കാത്ത കാര്യങ്ങളാണ് ഇവിടെ സംഭവിക്കുന്നത്. ഭക്തകോടികളെ ആകര്‍ഷിക്കുകയും അവര്‍ക്ക് ആശ്രയമാവുകയും ചെയ്യുന്ന അയ്യപ്പന്‍റെ സന്നിധിയില്‍ ഭക്തരുടെ എണ്ണം വര്‍ഷംതോറും ഇരട്ടിക്കുന്നതായിട്ടാണത്രേ കേള്‍വി. അസാധാരണമായ മനഃശാന്തിയുമായി ഭക്തര്‍ മലയിറങ്ങുന്നു. ലഭിച്ച മനഃശാന്തിയെക്കുറിച്ച് സ്വന്തക്കാരോടും, സുഹൃത്തുക്കളോടും, ദേശക്കാരോടും പറയുന്നു. കേള്‍ക്കുന്നവര്‍ മനശ്ശാന്തിക്കായി വരുംവര്‍ഷം മലകയറുന്നു. ഇത് തലമുറകളായി തുടരുന്നു. എല്ലാ ക്ഷേത്രങ്ങളിലും മൗനപ്രാര്‍ത്ഥനയ്ക്കാണ് പ്രാധാന്യം. അയ്യപ്പസന്നിധിയില്‍ പ്രാര്‍ത്ഥനയ്ക്കൊപ്പം ശരണം വിളിക്കും ഏറെ പ്രാധാന്യമുണ്ട്. മല കയറുമ്പോള്‍ തമിഴില്‍ ഒരു ഭക്തന്‍ ശരണം വിളിക്കുന്നത് കേട്ടിരുന്നു. ശരണം വിളി ശ്രദ്ധിച്ചപ്പോള്‍ അയ്യപ്പസ്തുതികളാണെന്ന് അപ്പോഴാണ് മനസ്സിലായത്. മനസ്സ് നിറഞ്ഞുള്ള ആ ഭക്തന്‍റെ ശരണം വിളിയില്‍ അയ്യപ്പന്‍റെ മനസ്സലിഞ്ഞിട്ടുണ്ടാവുമെന്നാണ് തോന്നുന്നത്...
അയ്യപ്പദര്‍ശനം കഴിഞ്ഞ് മടങ്ങി എത്തുന്ന സുഹൃത്തുക്കളേയും സ്വന്തക്കാരേയും അയല്‍വാസികളേയുമൊക്കെ കണ്ടിട്ടുണ്ട്. അവര്‍ക്ക് പറയാന്‍ കുറേ നല്ല അനുഭവങ്ങള്‍ ഉണ്ടാവും. മാത്രവുമല്ല അവരുടെ പെരുമാറ്റത്തിലും, സംസാരത്തിലുമൊക്കെ പറഞ്ഞറിയിക്കാനാകാത്ത ഒരു ശാന്തത ഉണ്ടാവും.

പന്തളം കൊട്ടാരം, എരുമേലി പേട്ടതുള്ളല്‍ ഇവയെക്കുറിച്ചെല്ലാം കേട്ടറിവുണ്ട്. കഴിയുമെങ്കില്‍ ഇക്കുറി ഈ പുണ്യസ്ഥലങ്ങളിലും പോകണമെന്നാണ് ആഗ്രഹം. വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളത്തില്‍ പുറത്തിറങ്ങിയ 'മാളികപ്പുറം' എന്ന സിനിമ കണ്ടിരുന്നു. ഇതില്‍ വില്ലനായി അഭിനയിച്ച സമ്പത്ത് റാം അടുത്ത സുഹൃത്താണ്. അദ്ദേഹമാണ് ഈ സിനിമയെക്കുറിച്ച് പറയുന്നത്.
മലയാളത്തിലെ ഏറെ ഇഷ്ടപ്പെട്ട സിനിമയാണിത്. അയ്യപ്പസന്നിധിയിലേയ്ക്കുള്ള യാത്രയ്ക്ക് 'മാളികപ്പുറ'വും കാരണമായി. സര്‍ദാര്‍ 2 എന്ന സിനിമയുടെ ചിത്രീകരണസമയത്താണ് അയ്യപ്പസന്നിധിയിലെത്തുന്നത്. സിനിമയുടെ വിജയത്തിനായും അന്ന് പ്രാര്‍ത്ഥിച്ചിരുന്നു. സര്‍ദാര്‍ 2 വന്‍വിജയമായത് സ്വാമിയുടെ അനുഗ്രഹമെന്ന് വിശ്വസിക്കുന്നു. ദേശ-ഭാഷ-മത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും അയ്യപ്പസ്വാമിയുടെ അനുഗ്രഹമോക്ഷം ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. സ്വാമിയേ ശരണമയ്യപ്പാ..
