ദേവേന്ദ്രനില്‍ നിന്ന് ആദ്യപൂജയേറ്റു
പതിവ്രതയായ ഗൗതമപത്നിയെ പ്രാപിക്കാന്‍ മുതിര്‍ന്ന ദേവരാജനെ ദേവീകോപം ബ്രഹ്മരക്ഷസ്സായി പിന്തുടര്ന്നു. ബ്രഹ്മരക്ഷസ്സില്‍ നിന്നു മോചനം കാംക്ഷിച്ച ശചീപതി, ദേവഗുരുവിന്റെ ഉപദേശാനുസരണം തീര്‍ത്ഥസ്നാനങ്ങള്‍ തോറും ശിവപൂജ നടത്തിപ്പോന്നു.
ഒരിക്കല്‍ വൈഗാനദി പാദം കഴുകിയൊഴുകുന്ന കദംബവനത്തില്‍ പുരന്ദരനെത്തി. വൃക്ഷത്തണലില്‍ വിശ്രമമേല്ക്കുന്ന നേരം, ഒട്ടകലെ എന്തോ തിളങ്ങുന്നതായി തോന്നി. നോക്കുമ്പോള്‍- സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന ഒരു ശിവലിംഗത്തിന്റെ മകുടം... തൊട്ടടുത്തുള്ള പൊയ്കയിലെ ജലം കൊണ്ടുവന്ന് ദേവേന്ദ്രന് ശിവലിംഗത്തില്‍ അഭിഷേകം നടത്തി. അന്നേരം, സാക്ഷാല്‍ മഹേശ്വരന് ഉമാദേവിക്കൊപ്പം പ്രത്യക്ഷപ്പെട്ടുകൊണ്ട് പറഞ്ഞു: അഹല്യാശാപത്തില് നിന്ന് അങ്ങ് പൂര്‍ണ്ണമായും മുക്തി നേടിയിരിക്കുന്നു. ബ്രഹ്മരക്ഷസ്സ് ഇനി പിന്തുടരുന്നില്ല. നേരെ ദേവലോകത്തേയ്ക്ക് പൊയ്ക്കോളൂ.
ദേവേന്ദ്രന് താഴ്മയായി മൊഴിഞ്ഞു: ഇവിടുത്തേക്ക് പൂജയര്പ്പിക്കുന്നേരം ഞാന്‍ സ്വര്‍ഗ്ഗീയസുഖം നേടുന്നു. ഈ സുഖം വിട്ടുപോവാന്‍ മനസ്സനുവദിക്കുന്നില്ല...
ഏറെ നിര്‍ബന്ധിച്ചപ്പോള്‍ മാത്രമാണ് ദേവരാജന്‍ സ്വര്‍ഗ്ഗത്തിലേക്ക് തിരിക്കാന്‍ സമ്മതിച്ചത്. വര്‍ഷത്തിലൊരിക്കല്‍ ഇവിടെ വന്നു പൂജിക്കാന്‍ അദ്ദേഹം അനുവാദം വാങ്ങി. അതിന്പ്രകാരമാണത്രെ, പില്ക്കാലം, മേടത്തിലെ പൗര്‍ണ്ണമിനാളില്‍ ഉമാമഹേശ്വരന്മാര്ക്ക് പൂജയര്‍പ്പിക്കാന്‍ ദേവേന്ദ്രന് സൗകര്യമൊരുങ്ങിയത്- അവിടെ: മധുരയില്‍...
മധുരയില്‍ ഉമാദേവി മീനാക്ഷിയാണ്; മഹേശ്വരന് സുന്ദരേശ്വരനും. മധുരമന്നനായിരുന്ന മകരധ്വജപാണ്ഡ്യന്റെ ഏകമകളായിരുന്നു മീനാക്ഷി. പിറക്കുമ്പോള്‍ അവള്‍ക്ക് ഒരു മൂന്നാം സ്തനമുണ്ടായിരുന്നു. പ്രതിശ്രുതവരനെ കാണുന്നേരം അവളുടെ മൂന്നാം സ്തനം അപ്രത്യക്ഷമാവുമെന്ന് അരുളപ്പാടുണ്ടായി. രാജ്യഭാരമേറ്റ മീനാക്ഷി ദിഗ്വിജയത്തിന് പുറപ്പെട്ടു. അഷ്ടദിക്പാലകരെ കീഴടക്കി, മഹേശ്വരന് വാഴുന്ന കൈലാസത്തിലെത്തി. മഹേശ്വരനെകണ്ടനേരം മീനാക്ഷിയുടെ മൂന്നാം സ്തനം അപ്രത്യക്ഷമായത്രെ. മഹേശ്വരന് മനസ്സിലായി: മീനാക്ഷിയായി അവതരിച്ച പരാശക്തിയാണ് തന്റെ മുന്നില്‍ നില്‍ക്കുന്നത്. അവിടുന്നപ്പോള് സുന്ദരേശ്വരരൂപം പൂണ്ടു; മീനാക്ഷിയെ കൂട്ടി മധുരയിലെത്തി. ഇന്നും അവര്‍ അവിടെ വാഴുന്നു- മീനാക്ഷിയും സുന്ദരേശ്വരനുമായി.
തമിഴ്നാട്ടിലെ മധുരയിലെ മീനാക്ഷിക്ഷേത്രം
പ്രതിഷ്ഠ:ശിവപാര്‍വ്വതിമാര്‍
(സുന്ദരേശ്വരനും മീനാക്ഷിയും)
