അന്ന് വൈകുണ്ഠത്തില്‍ച്ചെന്ന പ്രതീതി... അയ്യപ്പനെ പിരിഞ്ഞപ്പോള്‍  ഉള്ളുലഞ്ഞ വേദന...

അന്ന് വൈകുണ്ഠത്തില്‍ച്ചെന്ന പ്രതീതി...
അയ്യപ്പനെ പിരിഞ്ഞപ്പോള്‍ ഉള്ളുലഞ്ഞ വേദന...

HIGHLIGHTS

ഭഗവാനോടൊത്തുള്ള സഹവാസം ഇനിയില്ലല്ലോ എന്നുള്ള വിഷമം. നമ്മുടെ സമയം കഴിഞ്ഞല്ലോ എന്നുള്ള വിഷമം മനസ്സിലുണ്ടാകും. ആ വിഷമത്തോടെ പടിയിറങ്ങുമ്പോള്‍ ഉള്ളുലയും. അതുകൊണ്ടാണ് എല്ലാ മേല്‍ശാന്തിമാരും പടിയിറങ്ങുമ്പോള്‍ ദുഃഖം കൊണ്ട് കരഞ്ഞുപോകുന്നത്. ഞാനും കരഞ്ഞുപോയി. അത്രമാത്രം വേദനയുണ്ടായിരുന്നു, അയ്യപ്പനെ പിരിയുവാന്‍. നിര്‍വ്വചിക്കാനാകാത്ത ഒരു വേദനയാണത്. എങ്കിലും അനിവാര്യം.

പുറപ്പെടാശാന്തിയായി ഒരു വര്‍ഷക്കാലം ശബരിമല അയ്യപ്പനെ സേവിച്ചശേഷം  ഇക്കഴിഞ്ഞ തുലാം 30 ന് മലയിറങ്ങിയ അരുണ്‍കുമാര്‍ നമ്പൂതിരി ജ്യോതിഷരത്നത്തോട്...
 

കൊല്ലവര്‍ഷം 1200-ാമാണ്ട് വൃശ്ചികം ഒന്ന്. അതൊരു തിങ്കളാഴ്ചയായിരുന്നു. 2024 ഡിസംബര്‍ 16 തിങ്കളാഴ്ച. കൊല്ലം വള്ളിക്കീഴ് തോട്ടത്തില്‍ മഠത്തില്‍ അരുണ്‍കുമാര്‍ നമ്പൂതിരിയുടെ ജീവിതത്തില്‍ ആ ദിവസത്തിനൊരു പ്രത്യേകതയുണ്ട്. അതുവരെയില്ലാതിരുന്ന ഒരു പ്രത്യേകത.

നീണ്ടകര പരിമണം കയ്പവിള അയ്യപ്പക്ഷേത്രത്തില്‍ അച്ഛന്‍ ശങ്കരന്‍ നമ്പൂതിരിക്ക് സഹായിയായി പൂജാകര്‍മ്മങ്ങള്‍ ചെയ്യാന്‍ പോയിരുന്ന കുട്ടിക്കാലം മുതല്‍ക്കേ അരുണ്‍കുമാറിന്‍റെ മനസ്സില്‍ ഒരു വലിയ ആഗ്രഹമുണ്ടായിരുന്നു. വലുതാകുമ്പോള്‍ എന്നെങ്കിലുമൊരിക്കല്‍ സാക്ഷാല്‍ ശബരിമല അയ്യപ്പന് പൂജകഴിക്കണം. പിന്നീട് അതേ കയ്പവിള ക്ഷേത്രത്തില്‍ തന്നെ ദേവസ്വം ശാന്തിയായി ആദ്യനിയമനം ലഭിക്കുക കൂടി ചെയ്തപ്പോള്‍ അതൊരു ജീവിതാഭിലാഷമായി മാറി.

അരുണ്‍കുമാര്‍ നമ്പൂതിരിയുടെ ആ ജീവിതാഭിലാഷം സാക്ഷാത്ക്കരിക്കപ്പെട്ട ധന്യദിനമാണ് 2024 ഡിസംബര്‍ 16 തിങ്കളാഴ്ചയിലെ ആ വൃശ്ചികം ഒന്ന്. അഞ്ചുപ്രാവശ്യം മേല്‍ശാന്തി തസ്തികയിലേക്ക് അപേക്ഷിച്ചെങ്കിലും പരാജയപ്പെട്ട അരുണ്‍കുമാര്‍ നമ്പൂതിരിയെ ആറാമത് പ്രാവശ്യമാണ് ഭഗവാന്‍ കടാക്ഷിച്ചത്. അതിന്‍പ്രകാരം ശബരിമലയിലെത്തി ആദ്യമായി അയ്യപ്പന് പൂജകഴിച്ചത് ഈ പുണ്യദിനത്തിലാണ്.

കെട്ടുംകെട്ടി ശബരിമലയ്ക്ക്

മുന്‍പ് പലപ്രാവശ്യം ശബരിമല കയറി അയ്യപ്പനെക്കാണാന്‍ പോയിട്ടുണ്ടെങ്കിലും 2024 ഡിസംബര്‍ 15 ഞായറാഴ്ചയിലെ മലയ്ക്ക് പോക്കിന് അതുകൊണ്ടുതന്നെ പതിവില്‍ കവിഞ്ഞ ഒരു പ്രാധാന്യമുണ്ടായിരുന്നു. അതേക്കുറിച്ച്, ഒരു വര്‍ഷക്കാലം പുറപ്പെടാശാന്തിയായി സന്നിധാനത്ത് താമസിച്ച് അയ്യപ്പന് പൂജചെയ്തശേഷം ഇക്കഴിഞ്ഞ തുലാം 30 ന് (നവംബര്‍ 16 ഞായറാഴ്ച) ജന്മസാഫല്യപുണ്യവുമായി മലയിറങ്ങി തോട്ടത്തില്‍ മഠത്തില്‍ മടങ്ങിയെത്തിയ അരുണ്‍കുമാര്‍ നമ്പൂതിരി ആ നല്ല നാളുകള്‍ ഓര്‍ക്കുന്നതിങ്ങനെ:

തലേന്നുതന്നെ കെട്ടുംകെട്ടി മഠത്തില്‍ നിന്നും പുറപ്പെട്ടു. പുറപ്പെടുമ്പോള്‍ ഇനി ഒരു വര്‍ഷം ഇവിടേക്കില്ലല്ലോ എന്നുള്ള വിഷമം സ്വാഭാവികമായും ഉണ്ടായെങ്കിലും, പോകുന്നത് അയ്യപ്പസന്നിധിയിലേക്ക് അവിടുന്ന് വിളിച്ചിട്ടാണെന്നും, എല്ലാം ഭഗവാന്‍ നോക്കിക്കോളും എന്നുമുള്ള വിശ്വാസമുണ്ടായിരുന്നതിനാല്‍ അതൊരു വിഷമമായി തോന്നിയില്ല.
പതിനെട്ടാംപടി കയറി സന്നിധാനത്തെത്തി ഭഗവാന് മുന്നില്‍ കൈകൂപ്പി പ്രാര്‍ത്ഥിച്ചു നിന്നപ്പോള്‍ മനസ്സിലുണ്ടായ ഭക്തികലര്‍ന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല. അടുത്ത പ്രഭാതം മുതല്‍ ഞാന്‍ പൂജിക്കാന്‍ പോകുന്ന ഭഗവാന്‍റെ തിരുരൂപത്തിന് പതിവിലധികം ചൈതന്യമുണ്ടെന്ന് തോന്നി.

പിന്നെ തന്ത്രിയദ്ദേഹം വന്ന് പുതിയ മേല്‍ശാന്തിയെ കലശാഭിഷേകം ചെയ്ത്, കൈപിടിച്ച് ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോയി അയ്യപ്പന്‍റെ മൂലമന്ത്രവും പൂജാവിധികളും പറഞ്ഞുതന്നു.

അതിനുശേഷം സ്ഥാനമൊഴിഞ്ഞ മേല്‍ശാന്തി ശ്രീകോവില്‍ നടയടച്ച് താക്കോല്‍ ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്ക് കൈമാറി. അദ്ദേഹം അത് പുതിയ മേല്‍ശാന്തിയായ എനിക്കും കൈമാറി. അതൊരു ചിഹ്നമാണ്. അവരോധ ചിഹ്നം. താക്കോല്‍ക്കൂട്ടവും കിണ്ടിയും ലഭിച്ചു കഴിയുമ്പോഴാണ് പുതിയ മേല്‍ശാന്തി ആ സ്ഥാനത്ത് അവരോധിതനാകുന്നത്.

ആ നിമിഷം മറക്കാനാകുന്നതല്ല. ലോകൈക നാഥനായ അയ്യപ്പസ്വാമിയുടെ ശ്രീകോവിലിന്‍റെ താക്കോലാണ് കയ്യില്‍ കിട്ടിയിരിക്കുന്നത്. ഇനി ഒരു വര്‍ഷം ആ തിരുനട തുറക്കേണ്ടതും അടയ്ക്കേണ്ടതും ഈയുള്ളവന്‍. ഭഗവാനെ പള്ളിയുണര്‍ത്തേണ്ടതും പള്ളിയുറക്കത്തിലേക്ക് നയിക്കേണ്ടതും തോട്ടത്തില്‍ മഠത്തില്‍ അരുണ്‍കുമാര്‍ നമ്പൂതിരി എന്ന ഈ ഞാന്‍. ഒരു നിമിഷം എല്ലാം മറന്ന് നിന്നുപോയി.

അടുത്തദിവസം വെളുപ്പിന് മൂന്ന് മണിക്ക്, അക്കാലമത്രയും മനസ്സില്‍ കണ്ട ആ ധന്യമുഹൂര്‍ത്തമായി. മണ്ഡലകാല തീര്‍ത്ഥാടനത്തിനായി നടതുറന്ന് അകത്തുകയറി. അപ്പോള്‍ ഭാഗവതത്തില്‍ പറയുംപോലെ വൈകുണ്ഠത്തില്‍ ചെന്ന പ്രതീതിയായിരുന്നു. പലപ്രാവശ്യം ദര്‍ശനത്തിന് പോയിട്ടുണ്ടെങ്കിലും മേല്‍ശാന്തിയായി, അയ്യപ്പനെ പൂജിക്കുവാനുള്ള അധികാരവുമായി ചെല്ലുന്നത് ആദ്യമായിട്ടാണല്ലോ. അതായത് ശ്രീകോവിലിനുള്ളില്‍ കയറാനും, കോടാനുകോടി ഭക്തര്‍ കൈകൂപ്പി വണങ്ങുന്ന ആ വിഗ്രഹത്തെ തൊടാനും, പൂജകഴിക്കാനുമൊക്കെയുള്ള അവകാശവും അധികാരവും.

ശബരിമലയില്‍ മൂന്ന് പൂജയാണ്. പള്ളിയുണര്‍ത്തലും നിര്‍മ്മാല്യദര്‍ശനവും അഭിഷേകവും കഴിഞ്ഞാല്‍ ഉഷഃപൂജ. ഉച്ചയ്ക്ക് ഉച്ചപൂജ. രാത്രിയില്‍ അത്താഴ പൂജ.

തീര്‍ത്ഥാടനകാലം കഴിഞ്ഞാല്‍ പിന്നെ മാസപൂജയ്ക്കായി മാത്രമാണ് നടതുറക്കുക. ആ സമയത്ത് പൂജയില്ലെങ്കിലും നടയിലൊക്കെ രാവിലെയും വൈകിട്ടും വിളക്കുവയ്ക്കും. ബാക്കിയുള്ള സമയം എഴുതാം, വായിക്കാം, ജപിക്കാം, പഠിക്കാം. ഏറ്റവും കൂടുതല്‍ ജപമാണ്. എഴുതാനും പഠിക്കാനും ജപിക്കാനുമാണ് ഞാന്‍ സമയം ചെലവിട്ടിരുന്നത്.

പുറപ്പെടാശാന്തിയായതിനാല്‍ പതിനെട്ടാംപടിയിറങ്ങാന്‍ പാടില്ല. ഇറങ്ങാം, ക്ഷേത്ര ആവശ്യവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ക്കുമാത്രം. ഉദാഹരണത്തിന് ആഴിതെളിയിക്കാന്‍ പതിനെട്ടാംപടി ഇറങ്ങിയാലല്ലേ പറ്റൂ. അതുപോലെ പള്ളിവേട്ട ശരംകുത്തിയിലും ആറാട്ട് പമ്പയിലുമാണല്ലോ. ആ സമയങ്ങളിലും പതിനെട്ടാംപടിയിറങ്ങാം. അല്ലാത്തപ്പോഴൊക്കെ സന്നിധാനത്തുതന്നെ കഴിച്ചുകൂട്ടണം.

മേല്‍ശാന്തിക്ക് സഹായികളായി പതിനെട്ടുപേരെ കൊണ്ടുപോകാം. അവര്‍ക്കുള്ള ശമ്പളം ബോര്‍ഡ് നല്‍കും.

സീസണ്‍ കഴിയുമ്പോള്‍, ആളും ആരവവും ഒഴിയുമ്പോള്‍ ഏറിയാല്‍ 15 പേര്‍ മാത്രമേ അവിടെ കാണൂ. ഡ്യൂട്ടിക്കുള്ള പോലീസ്, വാച്ചര്‍, ഗാര്‍ഡുകള്‍ തുടങ്ങി 15 പേര്‍. ഈ കാലത്ത് പുലി, കാട്ടുപോത്ത്, ആന തുടങ്ങിയുള്ള മൃഗങ്ങള്‍ ക്ഷേത്രപരിസരത്തുവന്ന് സ്വൈരവിഹാരം നടത്തും. അവ പക്ഷേ നമ്മളെ ഉപദ്രവിക്കാറില്ല. അതുകൊണ്ടുതന്നെ ഭയവും ഉണ്ടാകാറില്ല. കാരണം നമുക്ക് ഭഗവാന്‍റെ സംരക്ഷണമുണ്ട്.

അതുപോലെതന്നെ കാലാവസ്ഥയും. കാട്ടിലാകുമ്പോള്‍ ഇടിയും മിന്നലും കാറ്റും മഴയുമൊക്കെ നാട്ടിലേക്കാള്‍ ഭയാനകമായിരിക്കുമല്ലോ. എന്നാല്‍ അതൊന്നും നമ്മളെ ബാധിക്കാറില്ല. കാരണം, ബാഹ്യമായ കാര്യങ്ങളൊക്കെ ത്യജിച്ച് ഭഗവാനോടൊപ്പം നമ്മളും അവിടെ തപസ്സ് ചെയ്യുകയാണ്. അങ്ങനൊരു താപസിയായി ജീവിക്കുമ്പോള്‍ എന്തിന് ഭയപ്പെടണം. പോരാത്തതിന് നമുക്ക് സംരക്ഷണം ഭഗവാന്‍ തരും എന്നുള്ള ചിന്തകൂടിയാകുമ്പോള്‍ പ്രത്യേകിച്ചും.

ഒരു വര്‍ഷം കഴിഞ്ഞ് ഭഗവാനെ പിരിഞ്ഞ് മലയിറങ്ങിയപ്പോള്‍ എന്തായിരുന്നു മനസ്സില്‍. വേദനയുണ്ടാക്കിയ വേര്‍പാടായിരുന്നോ അത്?

തീര്‍ച്ചയായും അത് അങ്ങനെതന്നെയായിരിക്കുമല്ലോ. ഒരു വര്‍ഷക്കാലത്തെ ചുമതലകളെല്ലാം പൂര്‍ത്തിയാക്കി, ഭഗവാനെ സേവിച്ചിട്ട് ഇറങ്ങുകയല്ലേ. അപ്പോള്‍ സ്വാഭാവികമായും മനസ്സില്‍ വിഷമമുണ്ടാകും. ഭഗവാനോടൊത്തുള്ള സഹവാസം ഇനിയില്ലല്ലോ എന്നുള്ള വിഷമം. നമ്മുടെ സമയം കഴിഞ്ഞല്ലോ എന്നുള്ള വിഷമം മനസ്സിലുണ്ടാകും. ആ വിഷമത്തോടെ പടിയിറങ്ങുമ്പോള്‍ ഉള്ളുലയും. അതുകൊണ്ടാണ് എല്ലാ മേല്‍ശാന്തിമാരും പടിയിറങ്ങുമ്പോള്‍ ദുഃഖം കൊണ്ട് കരഞ്ഞുപോകുന്നത്. ഞാനും കരഞ്ഞുപോയി. അത്രമാത്രം വേദനയുണ്ടായിരുന്നു, അയ്യപ്പനെ പിരിയുവാന്‍. നിര്‍വ്വചിക്കാനാകാത്ത ഒരു വേദനയാണത്. എങ്കിലും അനിവാര്യം.

ഇനിയൊരിക്കല്‍ക്കൂടി ഈ സൗഭാഗ്യം ലഭിക്കണമെന്ന് ആഗ്രഹമുണ്ടോ?

ആര്‍ക്കാണ് അങ്ങനൊരാഗ്രഹം ഇല്ലാത്തത്. പ്രത്യേകിച്ചും അയ്യപ്പന് പൂജ കഴിക്കുവാന്‍. പക്ഷേ രണ്ടാമത് മേല്‍ശാന്തിയായി ശബരിമലയില്‍ പോവുക പ്രയാസമുള്ള കാര്യമാണ്. പ്രായപരിധി കഴിയും എന്നുള്ളതുതന്നെയാണ് പ്രധാനം. ഒരിക്കല്‍ മേല്‍ശാന്തിയായാല്‍ പത്തുവര്‍ഷം കഴിഞ്ഞേ വീണ്ടും അപേക്ഷിക്കാനാകൂ എന്നാണ് വ്യവസ്ഥ. അപ്പോഴേക്കും പ്രായപരിധി കഴിഞ്ഞിരിക്കും. അതുകൊണ്ട് ഒരു വിധപ്പെട്ടവര്‍ക്കാര്‍ക്കും അതിനുള്ള അവസരം കിട്ടാറില്ല.

ഇനി പൂവന്‍പുഴ ക്ഷേത്രത്തിലേക്കാണ് പോകുന്നത്. വീടിനടുത്തുതന്നെയുള്ള ക്ഷേത്രം ചോദിച്ചുവാങ്ങിയതാണ്.