ദ്വൈവാരഫലം: 2022 സെപ്റ്റംബർ 1 മുതൽ 15 വരെ (1198 ചിങ്ങം 16 മുതൽ 30 വരെ)

ദ്വൈവാരഫലം: 2022 സെപ്റ്റംബർ 1 മുതൽ 15 വരെ (1198 ചിങ്ങം 16 മുതൽ 30 വരെ)

HIGHLIGHTS

ഗ്രഹപ്പകർച്ചയില്ല

മേടക്കൂറ്: 
(അശ്വതി, ഭരണി, കാർത്തിക 1-ാം പാദം )

ഈ കൂറുകാർക്ക് ലഗ്‌നത്തിൽ രാഹുവും, രണ്ടിൽ കുജനും, അഞ്ചിൽ രവിയും ശുക്രനും, ആറിൽ ബുധനും, ഏഴിൽ കേതുവും, കർമ്മത്തിൽ ശനിയും, വ്യയത്തിൽ ഗുരുവും സഞ്ചരിക്കുന്ന സമയമാണ്. 
താൽക്കാലികമായെങ്കിലും കർമ്മത്തിൽ ശനി സഞ്ചരിക്കുന്നതിനാൽ നല്ല ശ്രദ്ധയോടെ വേണം ഈ ദിവസങ്ങളിൽ പ്രവർത്തനങ്ങൾ ചെയ്യേണ്ടത്. എല്ലാ കാര്യങ്ങൾക്കും മന്ദഗതി അനുഭവപ്പെടും. ജീവിതാനുഭവങ്ങളിൽ ചില മാറ്റങ്ങൾ വരുന്നതാണ്. നൂതനസംരംഭങ്ങൾക്ക് തുടക്കം കുറിക്കുവാൻ സാധിക്കും. വ്യാപാര രംഗത്തുള്ളവർക്ക് സാമ്പത്തികമായ അഭിവൃദ്ധിക്ക് നേരിയ സാധ്യത തെളിയും. വിദ്യാർഥികൾ ശ്രദ്ധയോടെ പുതിയ പഠനത്തിലേക്ക് പ്രവേശിക്കണം. ആരോഗ്യപ്രശ്‌നങ്ങൾ സദാ അലട്ടുവാനുള്ള ലക്ഷണമുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള വേദനകൾ മാനസികമായ ശക്തിയെ കുറയ്ക്കും. കൃഷി, കന്നുകാലി വളർത്തൽ, സ്വയം തൊഴിലുകൾ, കരകൗശല മേഖലകൾ ഇവയെല്ലാം ഉന്നതി പ്രാപിക്കും. ദാമ്പത്യ കലഹങ്ങൾക്കും, പരസ്പര വിശ്വാസം നഷ്ടപ്പെട്ട് ജീവിതം ദുസ്സഹമാകുന്നതിനും സാധ്യതയുണ്ട് എന്ന് മനസ്സിലാക്കി കൊണ്ട് വേണം ദാമ്പത്യം മുന്നോട്ട് കൊണ്ടുപോകുവാൻ. 
ദോഷപരിഹാരങ്ങൾക്ക് ജന്മനാളുകളിൽ ശിവക്ഷേത്രദർശനം നടത്തി ആയുസ്സൂക്തം പുഷ്പാഞ്ജലി, പിൻവിളക്ക്, ശ്രീരുദ്രം ധാര എന്നിവ നടത്താവുന്നതാണ്. ശനീശ്വര പ്രീതിക്കും, ശാസ്താവിന്റെ പ്രീതിക്കും വേണ്ടതായ നാമജപങ്ങൾ നടത്തേണ്ടതാണ്. ശനിയാഴ്ചകളിൽ വ്രതം അനുഷ്ഠിക്കുകയും ശാസ്താദർശനം നടത്തി അടനിവേദ്യം, എള്ളുതിരികത്തിക്കൽ, നെയ്‌വിളക്ക് എന്നിവ ചെയ്യുന്നതും നല്ലതാണ്.
'തേജോമണ്ഡലമധ്യഗം ത്രിണയനം
ദിവ്യാംബരാലങ്കൃതം
ദേവം പുഷ്പശരേക്ഷുകാർമുകലസ-
ന്മാണിക്യപാത്രാഭയം
ബിഭ്രാണംകരപങ്കജൈർമദഗജ-
സ്‌കന്ധാധിരൂഢംവിഭും
ശാസ്താരംശരണം ഭജാമിസതതം
ത്രൈലോക്യസമ്മോഹനം'
ഈ ധ്യാനശ്ലോകം ചൊല്ലി ശാസ്താവിനെ നമസ്‌കരിക്കുന്നത് വളരെ വേഗം തന്നെ ദോഷ ശാന്തി നൽകുന്നതാണ്.
 
ഇടവക്കൂറ്: 
(കാർത്തിക 2, 3, 4 പാദങ്ങൾ, രോഹിണി, മകയിരം 1, 2 പാദങ്ങൾ)

ഈ കൂറുകാർക്ക് ലഗ്‌നത്തിൽ കുജനും, നാലിൽ രവിയും ശുക്രനും, അഞ്ചിൽ ബുധനും, ആറിൽ കേതുവും,  ഭാഗ്യത്തിൽ ശനിയും, ലാഭത്തിൽ ഗുരുവും, വ്യയത്തിൽ രാഹുവും സഞ്ചരിക്കുന്ന സമയമാണ്. 
പൊതുവേ അത്ര അപകടകരമായ സമയമല്ല. ഈശ്വരാധീനം കൊണ്ട് പ്രവർത്തനങ്ങൾക്ക് വൈകിയാണെങ്കിൽ കൂടി ഉദ്ദേശിച്ച അനുഭവങ്ങൾ ഉണ്ടാകും. വളരെ കാലങ്ങളായി ആഗ്രഹിച്ചതായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചെന്നും വന്നേക്കാം. പ്രായമായവരിൽ രോഗപീഡകളിൽ നിന്നും വലിയ മനോവിഷമങ്ങൾ ഉണ്ടാകും. മാതാപിതാക്കൾക്ക് മക്കളിൽ നിന്നും നല്ല സ്‌നേഹവും, പരിചരണങ്ങളും ലഭിക്കുമെന്നത് ആശാവഹമാണ്. നൂതന ഗൃഹനിർമാണത്തിന് എന്നപോലെതന്നെ പഴയ വീടുകൾ പുതുമോടി അണിയിക്കുന്നതിനും ഭാഗ്യം കൈവരും. പാരമ്പര്യമായി ലഭിക്കേണ്ടതും,  പല പല കാരണങ്ങളാൽ മുടങ്ങിക്കിടക്കുന്നതുമായ ധനം വന്നുചേരുന്നതിന്റെ ചില നല്ല സൂചനകൾ കേൾക്കാൻ സാധിക്കും എന്നത് സന്തോഷകരം തന്നെയാണ്. വിദ്യാർഥികൾക്ക് നല്ല സമയമാണ്.  മൂത്രാശയ രോഗങ്ങൾ, ഉദരരോഗങ്ങൾ, ശിരോരോഗങ്ങൾ, നാഡീസംബന്ധമായ രോഗങ്ങൾ എന്നിവയ്‌ക്കെല്ലാം സാധ്യതയേറെയാണ്. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്കും, വിദേശങ്ങളിൽ സ്ഥിരതാമസമാക്കിയവർക്കും പുതിയ തുടക്കങ്ങൾക്ക് സാധ്യത കാണുന്നുണ്ട്. 
ദോഷപരിഹാരങ്ങൾക്ക് നിത്യേന പരമാവധി പഞ്ചാക്ഷരി ജപിക്കുകയും, ഏതെങ്കിലും ഗുരുസ്ഥാനീയനായ ശുദ്ധാത്മാവിന് ദക്ഷിണ നൽകി നമസ്‌കരിക്കുകയും ചെയ്യുക.
'അർദ്ധകായം മഹാവീര്യം
ചന്ദ്രാദിത്യവിമർദ്ദനം
സിംഹികാഗർഭസംഭൂതം
തം രാഹും പ്രണമാമ്യഹം'
ഈ സ്‌തോത്രം ചൊല്ലി രാഹുദോഷശാന്തിക്കുകയ പ്രാർത്ഥിച്ചു        നമസ്‌കരിക്കായി ചെയ്യുക.
 
മിഥുനക്കൂറ്:
(മകയിരം 3, 4 പാദങ്ങൾ, തിരുവാതിര, പുണർതം 1, 2, 3 പാദങ്ങൾ)

ഈ കൂറുകാർക്ക് മൂന്നിൽ രവിയും ശുക്രനും, നാലിൽ ബുധനും, അഞ്ചിൽ കേതുവും, അഷ്ടമത്തിൽ ശനിയും, കർമ്മത്തിൽ ഗുരുവും, ലാഭത്തിൽ രാഹുവും, വ്യയത്തിൽ കുജനും സഞ്ചരിക്കുന്ന സമയമാണ്. 
പൊതുവേ നല്ല സമയമാണ്. രോഗാതുരമായ ആളുകൾക്ക് അല്പം ശമനം ഉണ്ടാകും.  വിദ്യാർഥികൾക്കും, തൊഴിൽ അന്വേഷിക്കുന്നവർക്കും ലക്ഷ്യപ്രാപ്തി ഉണ്ടാകും. സൗഹൃദങ്ങൾ, കുടുംബബന്ധങ്ങൾ എന്നിവിടങ്ങളിൽ ശൈഥില്യം വരാതിരിക്കാൻ വേണ്ടതായ മുൻകരുതലുകൾ ഉണ്ടാക്കിയെടുക്കേണ്ടതാണ്. ഗുണനിലവാരമില്ലാത്ത സൗഹൃദങ്ങൾ ഉണ്ടാകാനും ഉള്ള സൗഹൃദങ്ങൾക്ക് നിലവാരം നഷ്ടപ്പെടാനും വളരെയധികം സാധ്യത കാണുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങളിൽ നിന്ന് സ്വയമേവ മാറി നിൽക്കാനുള്ള മാനസികമായ മുന്നൊരുക്കം വിദ്യാർത്ഥികൾ നടത്തണം. ചെറിയ കുഞ്ഞുങ്ങൾക്ക് കഫജന്യമായ അസുഖങ്ങൾക്ക് സാധ്യത ഏറെയാണ് എങ്കിലും ഒരുതരത്തിലും ഭയപ്പെടേണ്ടതില്ല. 
'കാളി കാളി മഹാകാളി 
 ഭദ്രകാളി നമോസ്തുതേ 
 കുലം ച കുലധർമ്മം ച 
 മാം ച പാലയ പാലയ'
ഈ സ്തുതി ചൊല്ലി ഭദ്രയെ ഭജിക്കുന്നതും  കനകധാരാസ്‌തോത്രം നിത്യേന ചൊല്ലുകയും, ദേവിക്ക് നിറപറ സമർപ്പിക്കുന്നതും ദോഷശാന്തി നൽകും. 

കർക്കിടകക്കൂറ്:
(പുണർതം 4-ാം പാദം, പൂയം, ആയില്യം)

ഈ കൂറുകാർക്ക് രണ്ടിൽ രവിയും ശുക്രനും, മൂന്നിൽ ബുധനും, നാലിൽ കേതുവും, ഏഴിൽ ശനിയും, ഭാഗ്യത്തിൽ ഗുരുവും, കർമ്മത്തിൽ രാഹുവും, ലാഭത്തിൽ കുജനും സഞ്ചരിക്കുന്ന സമയമാണ്.
കുറച്ചു മാസങ്ങൾക്ക് ആണെങ്കിലും ഏഴിൽ ശനി സഞ്ചരിക്കുന്ന സമയമാണ് എന്നത് സൂക്ഷിക്കേണ്ടതാണ്. അകാരണമായ ഭയം, സകല കാര്യങ്ങളിലും കാലതാമസങ്ങൾ, ബന്ധങ്ങളിൽ നേരിടുന്ന വീഴ്ചകൾ എന്നിവ അലട്ടിക്കൊണ്ടിരിക്കും. സാമ്പത്തികപരമായി മുമ്പുണ്ടായ പ്രതിസന്ധികൾ തരണം ചെയ്യുവാനുള്ള അവസരങ്ങൾ ലഭിക്കും. വിദ്യാർഥികൾക്കും, തൊഴിലന്വേഷകർക്കും പൊതുവേ നല്ല സമയമാണ്. വിദേശരാജ്യങ്ങളിൽ പോകാനുള്ള അവസരങ്ങൾ കൈവരും. സ്ഥിരം നിയമനങ്ങൾ ലഭിക്കുവാനുള്ള സാധ്യതയും കാണുന്നുണ്ട്. സഹോദര ബന്ധങ്ങളിൽ നിന്നും സഹായങ്ങൾ ഉണ്ടാകും. ഗൃഹനിർമ്മാണം, വാഹനം, കുടുംബബന്ധങ്ങൾ, നാൽക്കാലികൾ എന്നിവയ്‌ക്കെല്ലാം അത്ര നല്ലതല്ല.

ദോഷപരിഹാരങ്ങൾക്ക് ഈ കൂറുകാർ ശനിയാഴ്ച വ്രതം അനുഷ്ഠിച്ച്  ഗൃഹത്തിൽ ഒരു എള്ളുതിരി കത്തിക്കുകയും 
'നീലാഞ്ജനസമാനാഭം 
 രവിപുത്രം യമാഗ്രജം 
ഛായാമാർത്താണ്ഡ സംഭൂതം 
തം നമാമി ശനൈശ്ചരം'
ഈ ശ്ലോകം ചൊല്ലി ശനിദോഷശാന്തിക്കായി പ്രാർത്ഥിച്ചു നമസ്‌കരിക്കുക.

ചിങ്ങക്കൂറ്:
(മകം, പൂരം, ഉത്രം 1-ാം പാദം)

ഈ കൂറുകാർക്ക് ലഗ്‌നത്തിൽ രവിയും ശുക്രനും, രണ്ടിൽ ബുധനും, മൂന്നിൽ കേതുവും, ആറിൽ ശനിയും, അഷ്ടമത്തിൽ ഗുരുവും, ഭാഗ്യത്തിൽ രാഹുവും, കർമ്മത്തിൽ കുജനും സഞ്ചരിക്കുന്ന സമയമാണ്.
അത്ര അപകടകരമായ സമയമല്ല എന്നത് ആശ്വാസകരമാണ്. വിദ്യാഭ്യാസം, ധനസമ്പാദനം എന്നിവയ്ക്ക് ധാരാളം നന്മകൾ സംഭവിക്കും. കാലങ്ങളായി മുടങ്ങിക്കിടക്കുന്നതായ കാര്യങ്ങൾ നടന്നുതുടങ്ങും. ആരോഗ്യപ്രശ്‌നങ്ങൾക്ക് കുറവ് വന്നു തുടങ്ങും. കൃഷി, കന്നുകാലി വളർത്തൽ, സ്വയംതൊഴിലുകൾ, ക്രയവിക്രയങ്ങൾ എന്നിവയെല്ലാം  സമ്മിശ്ര ഫലങ്ങൾ നൽകും.  വിദേശയാത്രികർക്കും, അവിടെ സ്ഥിരതാമസം ചെയ്യുന്നവർക്കും അൽപ്പം പ്രയാസം അനുഭവപ്പെടുന്ന സമയമാണ്. ദാമ്പത്യ കലഹങ്ങൾ ഉണ്ടാകും, ശത്രുക്കൾ കൂടെ നിന്ന് ഉപദ്രവിക്കുവാനുള്ള സാധ്യതയുണ്ട്.

ദോഷപരിഹാരങ്ങൾക്ക് നിത്യേന ശിവപഞ്ചാക്ഷരി മന്ത്രം ജപിക്കുക. ജന്മനാളുകളിൽ ശിവക്ഷേത്ര ദർശനം നടത്തി കൂവളത്തില സമർപ്പിക്കുക. ഗുരുവാരവ്രതം അനുഷ്ഠിക്കുക.
'കൃഷ്ണായ വാസുദേവായ
 ദേവകീ നന്ദനായ ച
 നന്ദഗോപകുമാരായ
 ഗോവിന്ദായ നമോ നമഃ'
ഈ ശ്ലോകം ചൊല്ലി ശ്രീകൃഷ്ണ ഭഗവദ്പാദങ്ങളെ സങ്കൽപ്പിച്ച് നമസ്‌കരിക്കുന്നത് വളരെവേഗം ദോഷശാന്തി നൽകും.

കന്നിക്കൂറ്:
(ഉത്രം 2, 3, 4 പാദങ്ങൾ, അത്തം, ചിത്തിര 1, 2 പാദങ്ങൾ)

ഈ കൂറുകാർക്ക്  ലഗ്‌നത്തിൽ ബുധനും, രണ്ടിൽ കേതുവും, അഞ്ചിൽ ശനിയും, ഏഴിൽ ഗുരുവും, അഷ്ടമത്തിൽ രാഹുവും, ഭാഗ്യത്തിൽ കുജനും, വ്യയത്തിൽ രവിയും ശുക്രനും സഞ്ചരിക്കുന്ന സമയമാണ്.
നല്ല സമയമാണ്, സമസ്ത മേഖലകളിലും ഐശ്വര്യ പ്രദമായ നേട്ടങ്ങൾ കൈവരിക്കും, ശാരീരിക പ്രതിസന്ധികളിൽ നിന്നും മോചനം നേടും എന്നൊക്കെ പറയാമെങ്കിലും ധനപരമായി ചില ഊരാക്കുടുക്കുകളിൽ ചെന്നുപെടുവാനുള്ള സാധ്യതയെ കൂടുതൽ ശ്രദ്ധിക്കണം. ഗുണനിലവാരമില്ലാത്ത സൗഹൃദങ്ങൾ ഉണ്ടാകാനും ഉള്ള സൗഹൃദങ്ങൾക്ക് നിലവാരം നഷ്ടപ്പെടാനും വളരെയധികം സാധ്യത കാണുന്നുണ്ട്. ദാമ്പത്യ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകും. പ്രണയം സഫലമാകും. വിദേശങ്ങളിൽ പൗരത്വത്തിന് ശ്രമിക്കുന്നവർക്ക് ലഭിക്കും. സ്ത്രീകൾ കർമങ്ങളിൽ പ്രവേശിക്കുന്നത് വിജയത്തിന് കാരണമാകും.സ്വർണ്ണാഭരണങ്ങൾ ലഭിക്കുവാനും, നഷ്ടപ്പെട്ടവ തിരികെ വരുന്നതിനുമുള്ള വഴികൾ തുറക്കുന്നതും കാണുവാൻ ഈ ദിവസങ്ങളിൽ സാധിക്കും.

ദോഷപരിഹാരങ്ങൾക്ക് ശിവഭജനം മുടങ്ങാതെ നടത്തുക. കൂവളത്തില, എണ്ണ എന്നിവ ശിവങ്കൽ തിങ്കളാഴ്ചകളിൽ സമർപ്പിക്കുക. 
'സൂര്യായ സോമായ 
 മംഗളായ ബുധായ ച 
 ഗുരും ശുക്രശനിഭൃശ്ച 
 രാഹവേ കേതവേ നമഃ '
ഈ ധ്യാനം ചൊല്ലി നവഗ്രഹപ്രീതിക്കായി പ്രാർത്ഥിച്ചു നിത്യേന ഒമ്പത് പ്രാവശ്യം  നമസ്‌കരിക്കുക. 

തുലാക്കൂറ് 
(ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)

ഈ കൂറുകാർക്ക് ലഗ്‌നത്തിൽ കേതുവും, നാലിൽ ശനിയും, ആറിൽ ഗുരുവും, ഏഴിൽ രാഹുവും, അഷ്ടമത്തിൽ കുജനും, ലാഭത്തിൽ രവിയും ശുക്രനും, വ്യയത്തിൽ ബുധനും സഞ്ചരിക്കുന്ന സമയമാണ്.
നാലിൽ ശനി സഞ്ചരിക്കുന്നു എന്നതുകൊണ്ടുതന്നെ അത്ര ഉത്തമമായ സമയം അല്ല. ഈശ്വരഭജനം, അധ്വാനം, കൃത്യനിഷ്ഠത എന്നീ കാര്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് ഈ ദിവസങ്ങളെ നമുക്ക് മനോഹരമാക്കണം. കാലങ്ങളായുള്ള വലിയ ആഗ്രഹങ്ങൾ സഫലമാകാനുള്ള സാധ്യതകൾ കാണുന്നു. എന്നാൽ ഗൃഹനിർമാണവും വാഹനം വാങ്ങിക്കലും മുടങ്ങിയേക്കാം. മക്കളുടെ വിദ്യാഭ്യാസകാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നത് മനോവിഷമങ്ങൾ ഉണ്ടാക്കുന്നതാണ്. ദാമ്പത്യകലഹങ്ങൾ വേദനയുണ്ടാക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് വലിയ പ്രതീക്ഷകൾ നൽകുന്ന സമയമാണ്. വിദേശഗമനം യാഥാർഥ്യമാവുകയും തദ്വാരാ വലിയ ഉന്നതിയിൽ എത്തുകയും ചെയ്യും. വ്യാപാരികളിൽ സമ്മിശ്രമായ ഫലങ്ങളാണ് കാണുന്നത്. 

ദോഷപരിഹാരങ്ങൾക്ക് സുബ്രഹ്മണ്യഭജനം, നാരസിംഹഭജനം എന്നിവ നിത്യേന നടത്തുക. വിഷ്ണുവിങ്കൽ കദളിപ്പഴം, കൽക്കണ്ടം എന്നിവ നിവേദിക്കുക. പുരുഷസൂക്തം, ഭാഗ്യസൂക്തം അർച്ചനകളും തുളസീസമർപ്പണവും ചെയ്യുക. 
'മൂകം കരോതി വാചാലം 
 പംഗും ലഘ്‌നയതേ ഗിരിം 
 യത് കൃപാ തമഹം വന്ദേ 
 പരമാനന്ദ  മാധവം'
 ഇതുചൊല്ലി നിത്യേന വിഷ്ണുപാദത്തിൽ ഏഴുപ്രാവശ്യം
 നമസ്‌കരിക്കുക. 

വൃശ്ചികക്കൂറ് 
(വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)

ഈ കൂറുകാർക്ക് മൂന്നിൽ ശനിയും, അഞ്ചിൽ ഗുരുവും, ആറിൽ രാഹുവും, ഏഴിൽ കുജനും, കർമ്മത്തിൽ രവിയും ശുക്രനും, ലാഭത്തിൽ ബുധനും, വ്യയത്തിൽ കേതുവും സഞ്ചരിക്കുന്ന സമയമാണ്.
പൊതുവെ അത്ര അപകടകരമായ സമയമല്ല. ശ്രദ്ധാപൂർവ്വം നേരിട്ടാൽ വളരെ  നല്ല ദിവസങ്ങളാക്കി മാറ്റുവാൻ സാധിക്കും.
 വിദ്യാർത്ഥികൾ സ്ഥിരമായ ഉത്സാഹം നഷ്ടപ്പെടാതിരിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണം. ചെറിയ കുഞ്ഞുങ്ങൾക്ക് കഫജന്യരോഗങ്ങൾ നിരന്തരമായി വന്നുകൊണ്ടിരിക്കും. സ്ത്രീകൾക്കും, സംരംഭകർക്കും ധനാഗമനത്തിനുള്ള മാർഗങ്ങൾ മുന്നിലേക്ക് വരും.  കാലങ്ങളായി കൊണ്ടുനടക്കുന്ന സ്വപ്നങ്ങൾ യാഥാർഥ്യമാകാൻ തുടങ്ങും. മാതാപിതാക്കളുമായുള്ള ബന്ധങ്ങളിലെ ദൃഢത വർധിപ്പിക്കാൻ നിരന്തരം ശ്രമിക്കേണ്ടിവരും. ദാമ്പത്യബന്ധം ചില തെറ്റിദ്ധാരണകൾ നിമിത്തം അകന്നു പോകുവാനും നിയമപരമായ വ്യവഹാരങ്ങളിൽ എത്തിപ്പെടാനും സാധ്യത വളരെയധികമാണ്. സന്താനങ്ങൾ ഇല്ലാത്തവർക്ക് സന്താനപ്രാപ്തിയും, ഉള്ള സന്താനങ്ങളിൽ നിന്ന് വേദനകൾ നേരിട്ടവർക്ക് അതിനു ശമനവും ലഭിക്കുന്നതാണ്.  
ദോഷപരിഹാരങ്ങൾക്ക് പരിഹാരമായി നിത്യേന നാമജപം നടത്തേണ്ടതാണ്. രാമനാമം, പഞ്ചാക്ഷരി  മന്ത്രം എന്നിവ ജപിച്ച് ശിവഭഗവാനേയും, ശ്രീരാമ സ്വാമിയേയും പ്രീതിപ്പെടുത്തുന്നത് വേഗംതന്നെ ദോഷശാന്തി നൽകും. 
'അർദ്ധകായം മഹാവീര്യം
ചന്ദ്രാദിത്യവിമർദ്ദനം
സിംഹികാഗർഭസംഭൂതം
തം രാഹും പ്രണമാമ്യഹം'
ഈ സ്‌തോത്രം ചൊല്ലി രാഹുദോഷശാന്തിക്കായി പ്രാർത്ഥിച്ചു       നമസ്‌കരിക്കുക.

ധനുക്കൂറ് 
(മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)

ഈ കൂറുകാർക്ക് രണ്ടിൽ ശനിയും, നാലിൽ ഗുരുവും, അഞ്ചിൽ രാഹുവും, ആറിൽ കുജനും, ഭാഗ്യത്തിൽ രവിയും ശുക്രനും, കർമ്മത്തിൽ ബുധനും, ലാഭത്തിൽ കേതുവും സഞ്ചരിക്കുന്ന സമയമാണ്. 
രണ്ടാംഭാവത്തിൽ ശനി സഞ്ചരിക്കുന്നത് കൊണ്ടുതന്നെ സാമ്പത്തികകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നതാണ് നല്ലത്. വഞ്ചനകൾ മനസ്സിനെ വല്ലാതെ വേദനിപ്പിക്കും. സന്താനങ്ങൾ നിമിത്തം മാതാപിതാക്കൾക്ക് സങ്കടമുണ്ടാകാനുള്ള സാധ്യതയുണ്ട്.  ധനവിനിയോഗം വളരെ ശ്രദ്ധാപൂർവം നടത്തേണ്ട സമയമാണ്.  സ്ത്രീകൾ കർമങ്ങളിൽ പ്രവേശിക്കുന്നത് വിജയത്തിന് കാരണമാകും. വിദ്യാർത്ഥികളിൽ മനഃസാന്നിദ്ധ്യക്കുറവും മറവിയും കൂടുതലാവും. വിദ്യാഭ്യാസത്തിനുള്ള രേഖാപരമായ തടസ്സങ്ങളും ഉണ്ടാകുന്നതാണ്. കർഷകർക്ക് വിപണിയിൽനിന്നും ലഭിക്കാനുള്ള പണം കുറഞ്ഞ അളവിലാണെങ്കിൽപോലും ലഭിച്ചുതുടങ്ങും. തൊഴിലാളികൾക്ക് പൊതുവെ നല്ലസമയമാണ്. 
ദോഷപരിഹാരങ്ങൾക്ക് ശനിയാഴ്ച വ്രതമനുഷ്ഠിക്കുക, ഗൃഹത്തിൽ എള്ളുതിരി കത്തിക്കുക, ശാസ്താക്ഷേത്രങ്ങളിൽ ദർശനം നടത്തി നെയ്‌വിളക്ക്, പുഷ്പാഞ്ജലി, നീരാജനം, കറുത്തപട്ടു ചാർത്തൽ, പായസം എന്നിവ യഥാശക്തി നടത്തുക. ജന്മനാളുകളിൽ ശിവക്ഷേത്രത്തിൽ ആയുസ്സൂക്തം പുഷ്പാഞ്ജലി, ശംഖാഭിഷേകം, വിളക്ക് എന്നിവ നടത്തുന്നതും നല്ലതാണ്. 
'കൽഹാരോജ്ജ്വല നീലകുന്തളഭരം
കാളാംബുദശ്യാമളം
കർപ്പൂരാകലിതാഭിരാമവപുഷം
കാന്തേന്ദു ബിംബാനനം
ശ്രീദണ്ഡാങ്കുശപാശശൂലവിലസത്
പാണിംമദാന്ധദ്വിപാ-
രൂഢം ശത്രുവിമർദ്ദനം ഹൃദിമഹാ-
ശാസ്താരമാദ്യം ഭജേ'
ഈ ധ്യാനം ചൊല്ലി ദിവസേന ശാസ്താവിനെ സങ്കൽപ്പിച്ച്  ദോഷശാന്തിക്കായി പ്രാർത്ഥിച്ച് നമസ്‌കരിക്കുക.

മകരക്കൂറ്:
(ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1, 2 പാദങ്ങൾ)

ഈ കൂറുകാർക്ക് ലഗ്‌നത്തിൽ ശനിയും, മൂന്നിൽ ഗുരുവും, നാലിൽ രാഹുവും, അഞ്ചിൽ കുജനും, അഷ്ടമത്തിൽ രവിയും ശുക്രനും, ഭാഗ്യത്തിൽ ബുധനും, കർമ്മത്തിൽ കേതുവും സഞ്ചരിക്കുന്ന സമയമാണ്.
ഗൃഹകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം. കുടുംബബന്ധങ്ങൾ വിട്ടു പോകാതെ നോക്കണം. വാഹനം, ഗൃഹനിർമ്മാണം തുടങ്ങിയ കാര്യങ്ങൾക്ക് അത്ര നല്ലതല്ല. സാമ്പത്തിക നഷ്ടങ്ങൾ ഇത്തരം കാര്യങ്ങളിൽ കൂടുതൽ പ്രതീക്ഷിക്കണം. മാതാപിതാക്കളുമായുള്ള ബന്ധം ഊഷ്മളമാക്കി ഗുരുത്വം നേടണം. വൈവാഹിക ബന്ധങ്ങൾ, പ്രണയം, കൂട്ടുകച്ചവടങ്ങൾ എന്നിവിടങ്ങളിൽ പരസ്പരവിശ്വാസം നഷ്ടപ്പെടും. തൊഴിലിടങ്ങളിൽ നിന്ന് ഒറ്റപ്പെടുവാനും, തൊഴിലിനോട് ഇഷ്ടം കുറയുവാനും സാധ്യതയുണ്ട്.  പൊതുഇടങ്ങളിൽ നല്ല പേര് ഉണ്ടാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുവാനുള്ള പുതിയ സാധ്യകൾ നല്ലപോലെ വിനിയോഗിക്കണം. ഉദ്യോഗാർത്ഥികൾക്ക് അവരുടെ കഠിനാധ്വാനത്തിനുള്ള ഫലം ലഭ്യമാകുന്നതിന്റെ ആദ്യ ചലനങ്ങൾ ദൃശ്യമാവും. കലാ കായിക സാഹിത്യ മേഖലയിൽ വലിയ നേട്ടങ്ങൾ കൈവരുന്നതിന്റെ തുടക്കവും ഉണ്ടാകുന്നതാണ്. ശാസ്ത്ര മേഖലയിലുള്ളവർക്ക് മന:സംതൃപ്തി കുറയും.
ദോഷപരിഹാരങ്ങൾക്ക്  അവതാരവിഷ്ണുവിനെ ഭജിക്കുന്നത് നല്ലതാണ്. ശ്രീകൃഷ്ണഭഗവാന് വെണ്ണനിവേദ്യം നടത്തുകയും നെയ്‌വിളക്ക് വയ്ക്കുകയും ചെയ്യുക. 
'വിജയേനയുതോ രഥസ്ഥിത:
 പ്രസമാനീയ സമുദ്രമധ്യത 
 പ്രദദത്തനയാൻ ദ്വിജന്മനേ
 സ്മരണീയോ വസുദേവനന്ദന'
ഈ ധ്യാനം ചൊല്ലി സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാനെ സങ്കൽപ്പിച്ച് എല്ലാദിവസവും                 നമസ്‌കരിക്കുക.

കുംഭക്കൂറ്:
(അവിട്ടം 3, 4 പാദങ്ങൾ, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങൾ)

ഈ കൂറുകാർക്ക് രണ്ടിൽ ഗുരുവും, മൂന്നിൽ രാഹുവും, നാലിൽ കുജനും, ഏഴിൽ രവിയും ശുക്രനും, അഷ്ടമത്തിൽ ബുധനും, ഭാഗ്യത്തിൽ കേതുവും, വ്യയത്തിൽ ശനിയും സഞ്ചരിക്കുന്ന സമയമാണ്. 
കാര്യങ്ങളിൽ അൽപ്പം വേഗത കുറയുമെങ്കിലും ആഗ്രഹിച്ച ഫലങ്ങൾ നൽകും. സാമ്പത്തിക വിഷമതകൾ നേരിടും. വാക്കുകൾ പാലിക്കുന്നതിന് സാധിക്കാതെ വരുകയും ബന്ധങ്ങളിൽ വിള്ളൽ നേരിടുകയും ചെയ്യും. ചില സാംക്രമികരോഗങ്ങൾ പിടികൂടുവാനും വലിയ ശാരീരിക വിഷമങ്ങൾ അനുഭവിക്കാനും സാധ്യത കൂടുതലാണ്.   ധനപരമായും വസ്തുവകകൾ ഹേതുകമായുമുള്ള നിയമപ്പോരാട്ടങ്ങൾ ആവശ്യമായി വന്നേക്കാം. വിദ്യാർത്ഥികളിൽ തടസ്സങ്ങൾ നേരിടുമെങ്കിലും പരിഹരിക്കപ്പെടും.വലിയ ബന്ധങ്ങൾ സൃഷ്ടിക്കപ്പെടാം.  ഉദ്യോഗാർത്ഥികൾ കൂടുതൽ ശാസ്താഭജനം നടത്തേണ്ടതാണ്. ശത്രുക്കളെ ശ്രദ്ധാപൂർവ്വം നേരിടേണ്ടതാണ്.
ദോഷപരിഹാരങ്ങൾക്ക് നിത്യേന ഗൃഹത്തിൽ രാമായണപാരായണം നടത്തുക. ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തി ഭാഗ്യസൂക്തം, പുരുഷസൂക്തം എന്നിവ ജപിച്ച് പുഷ്പാഞ്ജലി നടത്തുക. മഞ്ഞപ്പട്ടിൽ എണ്ണാതെ ദ്രവ്യം നടയ്ക്കൽ സമർപ്പിക്കുക.
'ആപദാമപഹർത്താരം
ദാതാരം സർവസമ്പദാം
ലോകാഭിരാമം ശ്രീരാമം
ഭൂയോ ഭൂയോ നമാമ്യഹം'
ഈ ധ്യാനം ചൊല്ലി ശ്രീരാമസ്വാമിയെ പതിനാലുപ്രാവശ്യം നിത്യേന നമസ്‌കരിക്കുക.

മീനക്കൂറ്
(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)

ഈ കൂറുകാർക്ക് ലഗ്‌നത്തിൽ ഗുരുവും, രണ്ടിൽ രാഹുവും, മൂന്നിൽ കൂജനും, ആറിൽ രവിയും ശുക്രനും, ഏഴിൽ ബുധനും, അഷ്ടമത്തിൽ കേതുവും, ലാഭത്തിൽ ശനിയും സഞ്ചരിക്കുന്ന സമയമാണ്.
കഴിഞ്ഞ കാലഘട്ടത്തിൽ സംഭവിച്ചതായ എല്ലാ വിധത്തിലുള്ള നഷ്ടങ്ങൾ, വേദനകൾ, മാനഹാനി, ആരോഗ്യപ്രശ്‌നങ്ങൾ ഇവയ്‌ക്കെല്ലാം ചെറിയതോതിലെങ്കിലും പരിഹാരമാർഗങ്ങൾ കണ്ടുതുടങ്ങും. വിദ്യാർഥികൾക്ക് നഷ്ടപ്പെട്ടതായ ശ്രദ്ധയും പഠനമികവും തിരിച്ചുപിടിക്കാൻ പറ്റിയ സന്ദർഭമാണ്.  ചെറിയ കുഞ്ഞുങ്ങൾക്ക് കഫജന്യമായ അസുഖങ്ങൾക്ക് സാധ്യത ഏറെയാണ് എങ്കിലും ഒരുതരത്തിലും ഭയപ്പെടേണ്ടതില്ല. വാതജന്യ രോഗങ്ങൾ, പ്രമേഹ സംബന്ധിയായ രോഗങ്ങൾ, ശരീരത്തിന്റെ മധ്യഭാഗത്തു നിന്നും താഴേക്കുള്ള രോഗങ്ങൾ എന്നിവ അലട്ടും. കലാ കായിക മേഖലകളിൽ വിജയം കൈവരിക്കാൻ സാധിക്കും. വളരെയധികം വർഷങ്ങളായി തേടുന്ന ജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കും. മാതാപിതാക്കൾ, ഗുരുജനങ്ങൾ എന്നിവരുമായുള്ള ബന്ധങ്ങൾ ഊഷ്മളമാക്കാൻ പ്രത്യേക ശ്രദ്ധ കാണിക്കണം. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നല്ല തൊഴിലുകൾ തേടാവുന്നതാണ്. 
ദോഷപരിഹാരങ്ങൾക്ക് ഗുരുവാരവ്രതം അനുഷ്ഠിക്കുക. സാധ്യമാകുമെങ്കിൽ അന്നേദിവസം വിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തി തുളസിമാല ചാർത്തുക. നെയ്‌വിളക്ക്, വെണ്ണ നിവേദ്യം, പാൽപ്പായസം എന്നിവ നടത്തുന്നതും നല്ലതാണ്. ദിവസേന നാരായണീയം, വിഷ്ണു സഹസ്രനാമം, വിഷ്ണുഭുജംഗപ്രയാതം, ഭാഗവതം എന്നിവയിൽ ഏതെങ്കിലും ഒരെണ്ണം ഭക്തി ശ്രദ്ധയോടെ വായിക്കുന്നതും ദോഷശാന്തി നൽകും.
'ദേവാനാം ച ഋഷീണാം ച
ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം
തം നമാമി ബൃഹസ്പതിം'
ഈ ശ്ലോകം ചൊല്ലി ബൃഹസ്പതിയെ മനസ്സിൽ ധ്യാനിച്ച്   ദോഷശാന്തി പ്രാർത്ഥിച്ചു  നമസ്‌കരിക്കുക.