ദ്വൈവാര ഫലങ്ങൾ;ഫെബ്രുവരി 1 മുതൽ 15 വരെ (1198 മകരം 18 മുതൽ കുംഭം 3 വരെ)

ദ്വൈവാര ഫലങ്ങൾ;ഫെബ്രുവരി 1 മുതൽ 15 വരെ
(1198 മകരം 18 മുതൽ കുംഭം 3 വരെ)

HIGHLIGHTS

ഗ്രഹപ്പകർച്ചകൾ
7-2-2023 ചൊവ്വാഴ്ച പകൽ 7 മണി 27 മിനിട്ടിന്  ബുധൻ മകരം രാശിയിലേക്ക് പകരും

മേടക്കൂറ്: (അശ്വതി, ഭരണി, കാർത്തിക 1-ാം പാദം )

ലഗ്നത്തിൽ രാഹു, രണ്ടിൽ  കുജൻ, ഏഴിൽ കേതു, ഒൻപതിൽ ബുധൻ, പത്തിൽ ആദിത്യൻ, പതിനൊന്നിൽ ശുക്രനും ശനിയും പന്ത്രണ്ടിൽ വ്യാഴം ഇതാണ് ഗ്രഹസ്ഥിതി.
ഉത്കൃഷ്ടസ്ഥാനമാനങ്ങൾ ലഭിക്കും. എല്ലായിടത്തും മാന്യത ലഭിക്കും. കാര്യതടസ്സങ്ങൾക്കൊപ്പം കാര്യസാദ്ധ്യങ്ങളും ഉണ്ടാകും. ധനാഗമം ഉണ്ടാകും. ഉപേക്ഷിച്ച ധനങ്ങൾ പോലും വന്നുചേരാനിടയുണ്ട്. വിവാഹാലോചനകൾക്ക് മുടക്കം വരും. സർക്കാരുമായുള്ള ഇടപാടുകളിൽ കാലതാമസം വരുമെങ്കിലും കാര്യങ്ങൾ നടക്കും. മനസ്സിന് ആധി കൂടുതലാകും. ശത്രുക്കൾ ശക്തി പ്രാപിക്കുമെങ്കിലും വലിയ ഉപദ്രവങ്ങൾ ഉണ്ടാകില്ല. നല്ല വാക്കുകൾ കൊണ്ട് എല്ലാവരേയും പ്രീതിപ്പെടുത്തും. പൊതുവേ എല്ലാവിധ സുഖാനുഭവങ്ങളും അൽപ്പമായി അനുഭവപ്പെടും. എന്നാൽ ചില കഠിനമായ ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. ബന്ധുജനങ്ങളുടെ സഹായം ലഭിക്കും. തീർത്ഥയാത്രകൾ നടത്താൻ പറ്റിയ സമയമാണ്. പ്രതാപം വർദ്ധിക്കും. വിദ്യാഭ്യാസത്തിനുള്ള തടസ്സങ്ങൾ മാറും. തൊഴിൽരംഗം മെച്ചപ്പെടും. അർശസ്,

മൂത്രാശയബന്ധിയായ അസുഖങ്ങൾ ഇവ കൂടുതലാകും.

ദോഷപരിഹാരങ്ങൾക്ക് ഭഗവതിക്ക് ഭാഗ്യസൂക്തം പുഷ്പാഞ്ജലി, നെയ്‌വിളക്ക് ഇവ കഴിക്കണം.

'നമോ വിഷ്ണുവേ 
വാസുദേവായ തുഭ്യം
നമോ നാരസിംഹാ 
സ്വരൂപായ തുഭ്യാം
നമഃ കാലരൂപായ സംഹാരകത്രേ
നമസ്‌തേ വരാഹായ 
ഭുയോ നമസ്‌തേ.'

ഈ വിഷ്ണുസ്തുതി നിത്യം 21 ഉരു ജപിക്കുന്നത് നല്ലതാണ്.


ഇടവക്കൂറ്: (കാർത്തിക 2, 3, 4 പാദങ്ങൾ, രോഹിണി, മകയിരം 1, 2 പാദങ്ങൾ)

 

ഈ കൂറുകാർക്ക് ലഗ്നത്തിൽ  കുജൻ, ആറിൽ കേതുവും അഷ്ടമത്തിൽ ബുധനും, ഒമ്പതിൽ ആദിത്യനും പത്തിൽ ശുക്രനും ശനിയും പതിനൊന്നിൽ വ്യാഴവും പന്ത്രണ്ടിൽ രാഹുവും ആണ് ഗ്രഹസ്ഥിതി.

പലവിധ ആപത്തുകൾക്കും ഇടയുണ്ട്. വീട്ടിൽ സമാധാനം കുറയും. ചഞ്ചലമനസ്സായിരിക്കും. ശയനസൗഖ്യം ഉണ്ടാകും. ആഗ്രഹങ്ങൾ സഫലമാകാൻ തടസ്സങ്ങൾ ഉണ്ടാകും. ശരീരത്തിൽ മുറിവ്, ചതവ്, ഒടിവ് ഇവയുണ്ടാകാനിടയുണ്ട്. വാതബന്ധിയായ അസുഖങ്ങൾ കൂടുതലാകും. സ്ഥാനമാനങ്ങൾ, ആദരവ് ഇവ ലഭിക്കും. നീചജനങ്ങളാൽ അപമാനിക്കപ്പെടാനിടയുണ്ട്. യശസ്സിനും ധനത്തിനും ക്ഷയം വരും. അലച്ചിലുകൾ കൂടുതലാകും. വിദ്യാഭ്യാസത്തിനുള്ള തടസ്സങ്ങൾ മാറും. തൊഴിൽപരമായി ഉന്നതിയിലെത്തും. കച്ചവടങ്ങൾ മെച്ചപ്പെടും. പാപവിചാരങ്ങൾ കൂടുതലാകും. ചെലവുകളും കൂടുതലാകും. നാൽക്കാലികളെ വാങ്ങാനും വിൽക്കാനും നല്ലസമയമാണ്. വിദേശത്ത് ജോലി തേടാൻ ഈ സമയം ഉപയോഗിക്കാം. വിവാഹാലോചനകൾ ഫലവത്താകും. 
ദോഷപരിഹാരങ്ങൾക്ക് ശിവന് ധാര, കൂവളമാല ഈ വഴിപാടുകൾ കഴിക്കുകയും

'ശിവാകാന്താകാന്ത! സ്മരാരേ പുരാരേ!
ത്വദന്യോ വരേണ്യോ നമാന്യോ നഗണ്യഃ
ശംഭോ മഹേശ
 കരുണാമയ ശൂലപാണേ
ഗൗരീപതേ പശുപതേ 
പശുപാശനാഥിൻ'

ഈ സ്‌തോത്രം ജപിച്ച് ശിവക്ഷേത്രത്തിൽ മൂന്ന് പ്രദക്ഷിണം വച്ച് തൊഴുകയും ചെയ്യുക.

 

മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങൾ, തിരുവാതിര, പുണർതം 1, 2, 3 പാദങ്ങൾ)

 

അഞ്ചിൽ കേതു, ഏഴിൽ ബുധൻ, അഷ്ടമത്തിൽ ആദിത്യൻ, ഒൻപതിൽ ശുക്രൻ-ശനി പത്തിൽ വ്യാഴം, പതിനൊന്നിൽ രാഹു, പന്ത്രണ്ടിൽ  കുജനും ആണ് ഗ്രഹനിലയിൽ.
ഗവൺമെന്റുമായുള്ള ഇടപാടുകളിൽ പരാജയം ഉണ്ടാകും. ധനനഷ്ടങ്ങൾ, പല പ്രകാരേണയുള്ള അനർത്ഥങ്ങൾ, മനസ്സിന് അസ്വസ്ഥത ഇവയുണ്ടാക്കും. അപ്രതീക്ഷിതമായ ധനാഗമം ഉണ്ടാകുമെങ്കിലും ചെലവുകൾ കൂടുതലാകും. ആഭരണങ്ങൾ വാങ്ങാം. മനസ്സന്തോഷം കിട്ടുന്ന ചില കാര്യങ്ങൾ ഉണ്ടാകും. സ്ഥാനചലനങ്ങൾക്കിടയുണ്ട്. ഉദ്യോഗസ്ഥർക്ക് ആജ്ഞാശക്തിയോടെ കാര്യങ്ങൾ നിർവ്വഹിക്കാനാകും. സ്വയം തൊഴിലുകാർക്ക് ക്ലേശങ്ങൾ കൂടുതലാകും. ധനകാര്യങ്ങളിൽ ബന്ധപ്പെട്ട് പ്രവർത്തിക്കാനാകും. ബന്ധുജനങ്ങളുമായി കലഹിക്കേണ്ടതായി വരും. ബന്ധനാവസ്ഥ ഉണ്ടാകും. ഇവയ്ക്ക് യുക്തമായ ഔഷധസേവ നടത്തണം. അകന്നുകഴിയുന്ന ബന്ധുക്കളും, സുഹൃത്തുക്കളും സൗഹൃദം പുനഃസ്ഥാപിക്കും. പാപവിചാരം കൂടുതലാകും. നിർബന്ധബുദ്ധി കൂടുതലുണ്ടാകും. അപസ്മാര പീഡയുള്ളവർ ശ്രദ്ധിക്കണം.

ദോഷപരിഹാരങ്ങൾക്ക് വിഷ്ണുക്ഷേത്രത്തിൽ പാൽപ്പായസം, കദളിപ്പഴ നിവേദ്യം ഇവ നടത്തുകയും,

'ഭജേ വിശേഷ സുന്ദരം 
സമസ്തപാപലേണ്ഡനം
സ്വഭക്ത ചിത്തരഞ്ജനം സദൈവ രാമമദ്വയം.'

ഈ സ്‌തോത്രം നിത്യം 27 ഉരു ജപിക്കുകയും ചെയ്യുന്നത് ദോഷശാന്തിക്ക് നല്ലതാണ്.

 

കർക്കിടകക്കൂറ്:(പുണർതം 4-ാം പാദം, പൂയം, ആയില്യം)

നാലിൽ കേതു, ആറിൽ ബുധൻ, ഏഴിൽ ആദിത്യൻ, അഷ്ടമത്തിൽ ശുക്രൻ, ശനി ഒൻപതിൽ വ്യാഴം, പത്തിൽ രാഹു, പതിനൊന്നിൽ  കുജൻ ഇതാണ് ഈ കൂറുകാരുടെ ഗ്രഹനില.

പലപ്രകാരത്തിലുള്ള ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. വീട്ടിൽ സമാധാനം കുറയും. ആവശ്യമില്ലാതെ, മനോവിചാരമേറി വഴിയിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കും. ഉദരരോഗങ്ങൾ, തൈറോയ്ഡിന്റെ പ്രശ്‌നങ്ങൾ, മൂത്രാശയ രോഗങ്ങൾ ഇവ കൂടുതലാകും. പലിശയ്ക്കും മറ്റും കൊടുത്ത പണം തിരികെ കിട്ടും. വേറെയും ധനാഗമങ്ങൾ ഉണ്ടാകും. ബന്ധുജനങ്ങൾ ഒത്തുകൂടും. പുതിയ സ്ഥാനമാനങ്ങൾ ലഭിക്കും. സുഖാനുഭവങ്ങൾ ഉണ്ടാകും. അസാദ്ധ്യമെന്ന് കരുതിയിരുന്ന പല കാര്യങ്ങളം സാദ്ധ്യമാകും. ധനകാര്യ സ്ഥാപനങ്ങളിലെ ഏർപ്പാടുകളിൽ ചില തടസ്സങ്ങൾ ഉണ്ടാകാനിടയുണ്ട്. ഇലക്ട്രിക്കൽ ഉപകരണങ്ങൾ വാങ്ങും. കൂടുതൽ സ്‌നേഹബന്ധത്തിലുള്ളവരുമായി പിരിയാനിടവരും. മറ്റുള്ളവരെ അപവാദം പറയാതെ ശ്രദ്ധിക്കണം. അഗ്നികൊണ്ടും ജലം കൊണ്ടും പ്രവർത്തിക്കുന്ന തൊഴിലുകൾ മെച്ചപ്പെടും.

ദോഷപരിഹാരങ്ങൾക്ക്  ശിവന് ധാര, പഞ്ചാക്ഷര മന്ത്ര പുഷ്പാഞ്ജലി ഇവ ചെയ്യണം.

'ഗ്രഹാണാം ആദിരാദിത്യോ ലോകരക്ഷണ കാരകഃ
വിഷമസ്ഥാനസംഭൂതാം പീഡാം ഹരതുമേ രവി,'

ഈ ആദിത്യപീഡാഹരണ സ്‌തോത്രം നിത്യവും 12 ഉരു ജപിക്കുന്നതും ദോഷശാന്തിക്ക് നല്ലതാണ്.

 

ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)

 

ഈ കൂറുകാർക്ക് മൂന്നിൽ കേതു, അഞ്ചിൽ ബുധൻ, ആറിൽ ആദിത്യൻ, ഏഴിൽ ശുക്രൻ, ശനി അഷ്ടമത്തിൽ വ്യാഴം, ഒൻപതിൽ രാഹു, പത്തിൽ  കുജനും ആണ് ഗ്രഹനില.
രോഗാരിഷ്ടതകൾക്ക് കുറവുവരും. ശത്രുക്കളുടെ ഉപദ്രവം കുറയും. ധനലാഭങ്ങൾ വർദ്ധിക്കും. ഭൂമി, വാഹനം ഇവകളുടെ കച്ചവടം നടത്തും. അവിചാരിതമായ ധനാഗമം ഉണ്ടാകും. ഭാര്യയോടും ഭർത്താവിനോടും സന്താനങ്ങളോടും കലഹങ്ങൾ ഉണ്ടാകും. ജോലിയിൽ പ്രൊമോഷൻ സാധ്യതകളുണ്ട്. സ്ത്രീ/പുരുഷന്മാരുടെ ഉപദ്രവം കൂടുതലാകും. ദീർഘദൂര യാത്രകൾ വേണ്ടിവരും. അലച്ചിലും മനോദുഃഖവും കൂടുതലാകും. എല്ലാ കാര്യങ്ങൾക്കും തടസ്സങ്ങൾ ഉണ്ടാകും. നേതൃസ്ഥാനത്തേയ്ക്ക് ഉയരാൻ സാധിക്കും. കീർത്തിയും പ്രശസ്തിയും നേടും. പിതൃ- മാതുല- സ്ഥാനത്തുള്ളവരോടും സഹോദരങ്ങളോടും ഉള്ള കലഹം വരുതാകാതെ ശ്രദ്ധിക്കണം. വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ആഗ്രഹം സഫലമാകും. അക്ഷമയും ഈർഷ്യയും കൂടുതലാകും. എല്ലാത്തിനും എതിർക്കുന്ന സ്വഭാവം ഉണ്ടാകും. ദുർജ്ജനങ്ങളുമായി സംസർഗ്ഗത്തിലേർപ്പെടും.

ദോഷപരിഹാരങ്ങൾക്ക് വിഷ്ണുവിന് സുദർശനമന്ത്രപുഷപാഞ്ജലിയും നടത്തി

'ഉദാരാന്തരംഗം 
സദാരാമഭക്തം
സമുദുണ്ഡ വൃത്തിം 
ദ്വഷഭണ്ഡലോലം
അമോഘാനുഭാവം    തമൗഘ്‌നദക്ഷം
തന്ത്രമൽ പ്രഭാവം 
ഹനുമന്ത മീഡേ.'

ഈ സ്‌തോത്രം നിത്യവും കഴിയുന്നത്ര ജപിച്ച് ഹനുമദ് സ്വാമിയെ പ്രാർത്ഥിക്കുകയും ചെയ്യുക.

 

കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങൾ, അത്തം,ചിത്തിര 1, 2 പാദങ്ങൾ)

 

ഈ കൂറുകാർക്ക് രണ്ടിൽ കേതുവും നാലിൽ ബുധനും അഞ്ചിൽ രവിയും ആറിൽ ശുക്രനും ശനിയും ഏഴിൽ വ്യാഴവും എട്ടിൽ രാഹുവും ഒൻപതിൽ കുജനും ആണ് ഗ്രഹനില.

തൊഴിൽരംഗം മെച്ചപ്പെടും. പുതിയ സംരംഭങ്ങൾ തുടങ്ങാം. വിദേശത്ത് ജോലിക്ക് ശ്രമിക്കാം. ഉറപ്പിച്ച വിവാഹങ്ങൾ തടസ്സം കൂടാതെ നടക്കും. പുതിയ വീടു പണി തുടങ്ങാം. ധനനഷ്ടങ്ങൾ ഉണ്ടാകും. മനഃസ്വസ്ഥത കുറയും. സന്ധികളിൽ വേദന, വയറ്റിൽ നീർക്കെട്ടുണ്ടാകുക, ഗർഭപാത്രം സംബന്ധിച്ചു അസുഖങ്ങൾ ഇവ ശ്രദ്ധിക്കണം. ശസ്ത്രക്രിയകൾ ആവശ്യമെങ്കിൽ നടത്താം. എല്ലാത്തിനും തടസ്സങ്ങളും ക്ലേശങ്ങളും ഉണ്ടാകും. വിദ്യാഭ്യാസം സംബന്ധിച്ച് തടസ്സങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. മനസ്സിൽ എപ്പോഴും ആധി കൂടുതലായിരിക്കും. ബന്ധുജനങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകും. കഠിനമായ ദുഃഖാനുഭവങ്ങൾ, ബന്ധനാവസ്ഥ ഇവയുണ്ടാകാനിടയുണ്ട്. ബുദ്ധിസാമർത്ഥ്യം കൊണ്ടും വാക്‌സാമർത്ഥ്യം കൊണ്ടും പല കാര്യങ്ങളും നേടാൻ ശ്രമിക്കണം. കച്ചവടത്തിൽ ലാഭം പ്രതീക്ഷിക്കാം. തർക്കവിഷയങ്ങളിൽ മദ്ധ്യസ്ഥത വഹിക്കേണ്ടതായി വരും. വിനോദയാത്രകൾ നടത്താം.

ദോഷപരിഹാരങ്ങൾക്ക് സർപ്പാരാധന കേന്ദ്രത്തിൽ നൂറും പാലും കഴിക്കണം.

'രാഹോ കരാള വദനരവിചന്ദ്രഭയങ്കരഃ
തമോരൂപ നമസ്തുഭ്യം പ്രസാദം കുരുസർവ്വദാ'
ഈ രാഹുസ്‌തോത്രം നിത്യവും ജപിച്ച് നാഗദൈവങ്ങളെ പ്രാർത്ഥിക്കുന്നത് നല്ലതാണ്.

 

തുലാക്കൂറ് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)

 

ലഗ്നത്തിൽ കേതു മൂന്നിൽ ബുധൻ, നാലിൽ ആദിത്യൻ, അഞ്ചിൽ ശുക്രനും ശനിയും ആറിൽ വ്യാഴം, ഏഴിൽ രാഹു അഷ്ടമത്തിൽ കുജനും ആണ് ഗ്രഹനില.
സുഖകാര്യങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാകും. ആഗ്രഹങ്ങൾ സഫലമാകാൻ ബുദ്ധിമുട്ടാണ്. അഗ്നി കൂടുതൽ കൈകാര്യം ചെയ്യണം. വ്രണങ്ങൾ, രക്തബന്ധിയായ അസുഖങ്ങൾ, കാല്, പല്ല്, കണ്ണ് എന്നീ അംഗങ്ങളിലെ അസുഖങ്ങൾ ഇവ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. പ്രമേഹം അസ്ഥിരമായി നിൽക്കും. സർക്കാരുമായുള്ള കാര്യങ്ങളിൽ പരാജയം ഉണ്ടാകും. ജപ്തി നടപടികളിലേയ്ക്ക് നീങ്ങാൻ സാദ്ധ്യതയുണ്ട്. എന്നാൽ അവിചാരിതമായ ചില ധനാഗമങ്ങളും ഉണ്ടാകും. ബന്ധുജനങ്ങൾക്ക് സൗഖ്യം ഉണ്ടാകും. സന്താനങ്ങളെക്കൊണ്ട് സന്തോഷം ഉണ്ടാകുമെങ്കിലും അവരുടെ ദുസ്വഭാവവും മറ്റും ദുഃഖം ഉണ്ടാക്കും. അനാവശ്യമായി ധനം ചെലവാക്കേണ്ടതായി വരും. എരിവുരസങ്ങളിൽ താൽപ്പര്യം വർദ്ധിക്കും. കലഹവാസന, ഏഷണി പറയുക, നന്ദിയില്ലായ്മ തുടങ്ങിയവ പ്രകടിപ്പിക്കും. അന്യദേശങ്ങളിൽ മാറിത്താമസിക്കേണ്ടതായി വരും. ഉദ്യോഗസ്ഥർക്ക് ചില നടപടികൾ നേരിടേണ്ടതായി വരും.

ദോഷപരിഹാരങ്ങൾക്ക് വിഷ്ണുക്ഷേത്രത്തിൽ ഭാഗ്യസൂക്തം പുഷ്പാഞ്ജലി, സഹസ്രനാമ ജപം ഇവ ചെയ്യണം.

'ഖ്യാതശ്രീരാമ ദൂത 
പവനുതനുഭവ
പിംഗളാക്ഷ ശിഖാവാൻ
സീതാശോകാപഹാരീ ദശമുഖ വിജയീ
ലക്ഷ്മണ പ്രാണദാതാ.'

ഈ ഹനുമദ് സ്‌തോത്രം നിത്യവും 11 ഉരു ജപിച്ച് പ്രാർത്ഥിക്കുക.

 

വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)

 

ഈ കൂറുകാർക്ക് രണ്ടിൽ ബുധൻ, മൂന്നിൽ ആദിത്യൻ നാലിൽ ശുക്രൻ, ശനി, അഞ്ചിൽ വ്യാഴം, ആറിൽ രാഹു, ഏഴിൽ  കുജൻ, പന്ത്രണ്ടിൽ കേതു ഇതാണ് ഗ്രഹസ്ഥിതി.
മംഗളകർമ്മങ്ങൾക്ക് നേതൃത്വം നൽകും. വിവാഹാലോചകൾ ഫലവത്താകും. ജോലിക്കാർക്ക് പ്രൊമോഷൻ സാദ്ധ്യതയുണ്ട്. ധനാഭിവൃദ്ധി ഉണ്ടാകും. പൊതുവെ ആരോഗ്യം തൃപ്തികരമാണെങ്കിലും അർശ്ശോരോഗം, തലവേദന ഇവ ശ്രദ്ധിക്കണം. നല്ല വാക്കുകൾ കൊണ്ട് മറ്റുള്ളവരെ സ്വാധീനിക്കും. നാൽക്കാലികളെ വാങ്ങാനും കൊടുക്കാനും നല്ല സമയമാണ്. സന്താനങ്ങളെക്കൊണ്ട് സന്തോഷവും സംതൃപ്തിയുമുണ്ടാകും. പുതിയ വീട് വയ്ക്കാനും, ഉള്ളവ പുതുക്കി പ്പണിയാനും നല്ല സമയമാണ്. വിദ്യാഭ്യാസത്തിൽ പുരോഗതി കാണും. ബന്ധുജനങ്ങളുടെ കൂടിച്ചേരലുകൾ ഉണ്ടാകും. പൂർവ്വികബന്ധുക്കൾക്ക് ദോഷം നാശം വരും. മനസ്സിൽ ദുഷ്ചിന്തകൾ വളരും. വളരെക്കാലമായി അകന്നിരുന്ന ചില സുഹൃത്തുക്കളേയും ബന്ധുജനങ്ങളേയും കാണാനവസരം ഉണ്ടാകും.

ദോഷപരിഹാരങ്ങൾക്ക് സർപ്പാരാധനാകേന്ദ്രങ്ങളിൽ കദളിപ്പഴ നിവേദ്യം, നൂറും പാലും ഇവ കഴിക്കണം.

ഷഡാനനം ചന്ദനലേപിതാംഗം
മഹാത്ഭുതം ദിവ്യമയൂരം വാഹനം
രുദ്രസ്യസൂനും സുരലോക നാഥം
ബ്രഹ്മണ്യദേവം ശരണം പ്രപദ്യേ

ഈ സ്‌തോത്രം 12 ഉരുജപിച്ച് സുബ്രഹ്മണ്യനെ പ്രാർത്ഥിക്കണം.

 

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)

ലഗ്നത്തിൽ ബുധൻ, രണ്ടിൽ ആദിത്യൻ, മൂന്നിൽ ശുക്രൻ, ശനി നാലിൽ വ്യാഴം, അഞ്ചിൽ രാഹു, ആറിൽ  കുജൻ, പതിനൊന്നിൽ കേതു ഇതാണ് ഈ കൂറുകാരുടെ ഗ്രഹനില.

പുതിയ വീടുവയ്ക്കുന്നതിനും വാങ്ങുന്നതിനും അനൂകൂലകാലമാണ്. ഭാവിയിലേക്ക് കരുതി പല പദ്ധതികളും രൂപപ്പെടുത്തും. മറ്റുള്ളവരുടെ ചതിയിലും വഞ്ചനയിലും പെടാതെ സൂക്ഷിക്കണം. കലഹഭയം എപ്പോഴും മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. ശത്രുക്കളുടെ വേർപാട് വിഷമം ഉണ്ടാക്കും. ചെമ്പുകൊണ്ടുള്ള സാധനങ്ങളും സ്വർണ്ണവും വാങ്ങാം. സ്വജനങ്ങളോട് കലഹിക്കേണ്ടതായി വരും. സംസാരിക്കുമ്പോൾ വാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കണം. ബന്ധുക്കളിൽ നിന്ന് ദുഃഖാനുഭവങ്ങൾ ഉണ്ടാകും. വീട്ടിൽ സ്വസ്ഥത കുറയും. സ്ഥാനപ്രാപ്തിയിൽ ബഹുമാനവും ആദരവും ലഭിക്കും. ആജ്ഞാശക്തി കൈവരും. പൊതുവേ ആഗ്രഹങ്ങൾ സഫലമാകും. സഹോദരർക്ക് ഉയർച്ചയുണ്ടാകും. അവരുടെ സഹായസഹകരണങ്ങൾ പ്രതീക്ഷിക്കാം. നേത്രരോഗം, കൊളസ്‌ട്രോൾ ഇവ ശ്രദ്ധിക്കണം. പുതിയ ജോലിയിൽ പ്രവേശിക്കാം.
ദോഷപരിഹാരങ്ങൾക്ക് വിഷ്ണുവിന് പാൽപ്പായസ നിവേദ്യം, ഭഗവതിക്ക് അശ്വാരൂഢ മന്ത്രപുഷ്പാഞ്ജലി ഇവ കഴിക്കുകയും

'ശിവോ മഹേശ്വരഃ ശംഭു പിനാകീ ശശിശേഖരഃ
വാമദേവോ വിരൂപാക്ഷഃ കപദ്ദീ നീലലോഹിതാഃ'
ഈ ശിവസ്‌തോത്രം 7 ഉരു ജപിക്കുകയും ചെയ്യുക.

മകരക്കൂറ്:(ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1, 2 പാദങ്ങൾ)

ഈ കൂറുകാർക്ക് ലഗ്നത്തിൽ ആദിത്യൻ, രണ്ടിൽ ശുക്രനും, ശനിയും മൂന്നിൽ വ്യാഴം, നാലിൽ രാഹു, അഞ്ചിൽ  കുജൻ, പത്തിൽ കേതു, പന്ത്രണ്ടിൽ ബുധൻ ഇതാണ് ഗ്രഹസ്ഥിതി.

പലവിധത്തിലുള്ള രോഗാരിഷ്ടതകളാൽ കഷ്ടത ഏറും. ധനാഗമവും ധനനഷ്ടവും ഉണ്ടാകും. യാത്രകൾ കൊണ്ട് ഫലം കാണുകയില്ല. യാത്രകളിൽ ക്ലേശങ്ങൾ വർദ്ധിക്കും. സന്താനങ്ങൾക്കു രോഗാരിഷ്ടതകൾ ഉണ്ടാകും. ശത്രുഭയവും രോഗഭീതിയും ഒരുപോലെ ബുദ്ധിമുട്ടിക്കും. കാര്യതടസ്സങ്ങൾ ഉണ്ടാകും. ജോലിക്കാർക്ക് സ്ഥാനചലനങ്ങൾ പ്രതീക്ഷിക്കാം. സഹോദരങ്ങൾക്ക് കാര്യസാദ്ധ്യം, മനസ്സമാധാനം ഇവയുണ്ടാകും. അലങ്കാര സാധനങ്ങൾ വാങ്ങാൻ സാധിക്കും. വിദ്യാഭ്യാസത്തിന് മന്ദതയും അലസതയും ഉണ്ടാകും. ഉൽപ്പന്നങ്ങളുടേയും ഭൂമിയുടേയും വാഹനങ്ങളുടേയും ക്രയവിക്രയം നടക്കും. എപ്പോഴും മനസ്സിൽ ഭയമുണ്ടാകും. കേസുകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. മദ്ധ്യസ്ഥതയ്ക്ക് പോകരുത്. സുഹൃത്ബന്ധങ്ങൾക്ക് കോട്ടം വരും. അപവാദം കേൾക്കേണ്ടതായി വരും.

ദോഷപരിഹാരങ്ങൾക്ക് വിദ്യാർത്ഥികൾ ഭഗവതിക്ക് വിദ്യാരാജ്ഞി മന്ത്രപുഷ്പാഞ്ജലിയും, മറ്റുള്ളവർ വിഷ്ണുവിന് ഷഡക്ഷര സുദർശനമന്ത്ര പുഷ്പാഞ്ജലിയും നാരായണകവച പാരായണവും നടത്തണം.

ധ്യായതേ യോഗിനോ യോഗാൽ
സിദ്ധാഃ സിദ്ധേശ്വരാശ്രയം
തം ധ്യായേത്സന്തതം ശുദ്ധം
ഭഗവന്തം സനാതനം.

ഈ വിഷ്ണുസ്‌തോത്രം നിത്യവും 27 ഉരു ജപിച്ച് പ്രാർത്ഥിക്കണം.

 

കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങൾ, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങൾ)

 

ലഗ്നത്തിൽ ശുക്രൻ, ശനി, രണ്ടിൽ വ്യാഴം, മൂന്നിൽ രാഹു, നാലിൽ  കുജൻ, ഒൻപതിൽ കേതു, പതിനൊന്നിൽ ബുധൻ, പന്ത്രണ്ടിൽ ആദിത്യൻ ഇതാണ് ഈ കൂറുകാരുടെ ഗ്രഹനില.

വഴിപാടുകൾക്കും പ്രാർത്ഥനകൾക്കും ഫലം കാണാതെ വരും. ഉൾഭയം വിടാതെ തുടരും. വീട്ടിലെ അസ്വസ്ഥതകൾക്ക് കുറവ് കാണുകയില്ല. വിദ്യാഭ്യാസകാര്യങ്ങൾക്ക് തടസ്സങ്ങൾ മാറിക്കിട്ടും. ഉദ്യോഗാർത്ഥികൾക്കു നല്ല സമയമാണ്. വിദേശത്ത് തൊഴിൽ തേടുന്നതിനും പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും നല്ല സമയമാണ്. ധനത്തെ സംബന്ധിച്ചുള്ള ബുദ്ധിമുട്ടുകൾ മാറും. സഹായികളും സഹോദരങ്ങളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും. സുഖകരവും ഇഷ്ടപ്പെട്ടതുമായ ഭക്ഷണ പാനീയങ്ങൾ ലഭ്യമാകും. പുതിയ കട്ടിൽ, കിടക്ക, കിടക്കവിരികൾ ഇവ വാങ്ങാം. വാഹനങ്ങളും മാറ്റി വാങ്ങാൻ ശ്രമിക്കാം. വിനോദയാത്രകൾ, തീർത്ഥാടനങ്ങൾ ഇവയ്ക്ക് പറ്റിയ സമയമാണ്. സ്വജനങ്ങളോട് വേർപെട്ട് നിലക്കേണ്ടതായി വരും. എല്ലാ ഘട്ടത്തിലും അഭിമാനത്തോടെ നിൽക്കാൻ ശ്രമിക്കണം. ചില അവസരങ്ങളിൽ ശൂരത പ്രകടിപ്പിക്കും. നല്ല വാക്കുകൾ കൊണ്ട് മറ്റുള്ളവരുടെ പ്രീതി സമ്പാദിക്കും.

ദോഷപരിഹാരങ്ങൾക്ക് ഭഗവതിക്ക് ത്രിപുരസുന്ദരിമന്ത്ര പുഷ്പാഞ്ജലി കഴിക്കണം.

'ശോണപ്രഭം സോമകലാവതംസം
പാണിസ്ഫുരത് പഞ്ചശരേക്ഷുചാപം
പ്രാണപ്രിയം സൗമീ പിനാക പാണേഃ
കോണത്രയസ്ഥം കുലദൈവതം നഃ'

ഈ ദേവീസ്‌തോത്രം നിത്യവും രണ്ടുനേരം ജപിച്ച് പ്രാർത്ഥിക്കണം.

 

മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)

 

ലഗ്നത്തിൽ വ്യാഴം, രണ്ടിൽ രാഹു, മൂന്നിൽ കുജൻ, അഷ്ടമത്തിൽ കേതു, പത്തിൽ ബുധൻ, പതിനൊന്നിൽ ആദിത്യൻ, പന്ത്രണ്ടിൽ ശുക്രനും ശനിയും ആണ് ഈ കൂറുകാരുടെ ഗ്രഹനില.

ഉയർന്ന സ്ഥാനമാനങ്ങൾ ലഭിക്കും. പലവിധ ഐശ്വര്യങ്ങൾ ഉണ്ടാകും. ആധിവ്യാധികൾക്ക് ശമനം വരും. വഴിപാടുകൾക്കും മറ്റും ഫലപ്രാപ്തിയുണ്ടാകും. ശത്രുനാശം ഉണ്ടാകും. ദാമ്പത്യകലഹങ്ങൾ പറഞ്ഞുതീർക്കാൻ പറ്റും. വീട്ടിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ചില പ്രത്യേക സന്ദർഭങ്ങളിൽ വേണ്ടപോലെ പ്രവർത്തിക്കാൻ പറ്റാതെ വരും.  ഭാവിയിലേക്ക് വേണ്ട കാര്യങ്ങൾ ആലോചിച്ച് തീരുമാനങ്ങളെടുക്കാൻ പറ്റും. അലച്ചിലും ബുദ്ധിമുട്ടുകളും ഉണ്ടാകും. വാക്‌ദോഷങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. സത്യത്തെ മറച്ചുവെച്ച് പലപ്പോഴും സംസാരിക്കേണ്ടിവരും. കണ്ണ്, മൂക്ക്, ചെവി, തൊണ്ട തുടങ്ങിയവയ്ക്ക് അസുഖങ്ങൾ, മുറിവ്, വ്രണം ഇവയുണ്ടാകാനിടയുണ്ട്.

ദോഷപരിഹാരങ്ങൾക്ക് സർപ്പാരാധനാകേന്ദ്രത്തിൽ നൂറും പാലും കഴിക്കണം.

'കോണാന്തഗോ 
രൗദ്രയ മേശ ബഭ്രുഃ
കൃഷ്ണശ്ശനിഃ 
പിംഗള മമ സൗരി
നിത്യം സ്മൃതയോ 
ഹരതേ ച പീഡാം
തസ്‌മൈശ്രീ രവി നന്ദനായ.'

ഈ ശനിസ്‌തോത്രം നിത്യവും രാവിലെ 7 ഉരു ജപിച്ച് പ്രാർത്ഥിക്കണം.