ദ്വൈവാരഫലം; ജനുവരി 1 മുതല്‍ 15 വരെ (1198 ധനു 17 മുതല്‍ ധനു 30 വരെ)

ദ്വൈവാരഫലം; ജനുവരി 1 മുതല്‍ 15 വരെ (1198 ധനു 17 മുതല്‍ ധനു 30 വരെ)

HIGHLIGHTS

1-1-2023 മുതല്‍  14-1-2023 വരെ (1198 ധനു 17 മുതല്‍ ധനു 30 വരെ)
14-1-2023 ശനിയാഴ്ച  രാത്രി 8 മണി  46 മിനിട്ടിന് മകരസംക്രമം

മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം )

മേടരാശിയില്‍ രാഹുവും ചന്ദ്രനും രണ്ടാം ഭാവത്തില്‍ കുജനും ഏഴാം ഭാവത്തില്‍ കേതുവും ഒന്‍പതാം ഭാവത്തില്‍ ആദിത്യനും ബുധനും പത്താം ഭാവത്തില്‍ ശുക്രനും ശനിയും പന്ത്രണ്ടാം ഭാവത്തില്‍ വ്യാഴവും സഞ്ചരിക്കുന്നു.

സത്കര്‍മ്മങ്ങള്‍ക്കായി പണം ചെലവഴിക്കും. അപ്രതീക്ഷിതമായി ചില ധനനഷ്ടങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ശരീരത്തിന് പല കാരണങ്ങളാല്‍ ക്ഷതം സംഭവിക്കും. പലവിധത്തിലുള്ള ആപത്തുകള്‍ക്കിടയുണ്ട്. കാര്യതടസ്സങ്ങള്‍, ദാമ്പത്യകലഹം ഇവയുണ്ടാകും. വിവാഹാലോചനകള്‍ക്കും നിശ്ചയിച്ചുറച്ച വിവാഹങ്ങള്‍ക്കും തടസ്സക്ലേശങ്ങള്‍ ഉണ്ടാകും. സഹോദരങ്ങള്‍ക്കും സഹായികള്‍ക്കും ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. സുഖനിദ്രയുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് മേലധികാരികളുടെ അപ്രീതിയുണ്ടാകും. അഗ്നിയില്‍ നിന്നും കള്ളന്മാരില്‍ നിന്നും ഉപദ്രവം ഉണ്ടാകും. മനോവിചാരം ഏറും, വാതസംബന്ധമായ അസുഖങ്ങള്‍ കൂടുതലാകും. യാത്രയില്‍ തടസ്സങ്ങള്‍ ഉണ്ടാകും. വിദ്യാഭ്യാസത്തിന് തടസ്സക്ലേശങ്ങള്‍ ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ല അവസരങ്ങള്‍ പ്രതീക്ഷിക്കാം.
ദോഷപരിഹാരങ്ങള്‍ക്ക് ഗണപതി ഹോമം കഴിക്കുന്നതും വിഷ്ണു സഹസ്രനാമജപവും നല്ലതാണ്. കൂടാതെ

'കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ
പ്രണതഃ ക്ലേശ നാശായ ഗോവിന്ദായ നമോ നമഃ'
ഈ മന്ത്രം നിത്യവും രാവിലെയും വൈകിട്ടും 21 പ്രാവശ്യം ജപിക്കണം. 

ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)

ഇടവരാശിയില്‍ കുജനും ആറാം ഭാവത്തില്‍ കേതുവും അഷ്ടഭാവത്തില്‍ ആദിത്യനും ബുധനും ഒന്‍പതില്‍ ശുക്രനും ശനിയും പതിനൊന്നില്‍ വ്യാഴവും പന്ത്രണ്ടില്‍ രാഹുവും ചന്ദ്രനും സഞ്ചരിക്കുന്നു.

സര്‍ക്കാരുമായുള്ള ഇടപാടുകളില്‍ തടസ്സങ്ങള്‍ നേരിടുമെങ്കിലും കാര്യസാദ്ധ്യം ഉണ്ടാകും. കോടതിയില്‍ കേസുകള്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണം. സ്ത്രീകള്‍ പുരുഷന്മാരുമായും പുരുഷന്മാര്‍ സ്ത്രീകളുമായും കലഹിക്കാനിട വരും. ശരീരത്തിന് ക്ലേശങ്ങള്‍ ഉണ്ടാകും. ആഭരണങ്ങള്‍, അലങ്കാര വസ്തുക്കള്‍ ഇവ വാങ്ങാന്‍ നല്ല സമയമാണ്. സന്താനങ്ങളെക്കൊണ്ട് സന്തോഷം ലഭിക്കും. ധനലാഭവും മനഃസുഖവും ഉണ്ടാകും. അപ്രതീക്ഷിതമായി ചില കാര്യങ്ങളില്‍ വിജയം നേടും. ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടസ്ഥലങ്ങളിലേയ്ക്ക് മാറ്റത്തിന് ശ്രമിക്കാം. ഉന്നതസ്ഥാനങ്ങള്‍ ലഭ്യമാകും. അധികാരസ്ഥാനങ്ങളിലുള്ളവര്‍ക്ക് അത് നിലനിര്‍ത്താനാകും. ധര്‍മ്മകാര്യങ്ങള്‍ക്കായി പണം ചെലവിടും. പ്രണയകലഹങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ പറ്റിയ സമയമാണ്. വിവാഹമോചനക്കേസ്സുകള്‍ ഒത്തുതീര്‍പ്പിനായി ശ്രമിക്കാം. ബന്ധുജനങ്ങള്‍ വിരോധികളാകും. മത്സരപരീക്ഷകളില്‍ വിജയം കാണും.

ദോഷപരിഹാരങ്ങള്‍ക്ക് ഹനുമദ്സ്വാമിക്ക് അവല്‍ നിവേദ്യം, വിഷ്ണുവിന് പാല്‍പ്പായസം ഇവ കഴിക്കണം.

നിരവധി സുഖമിന്ദിരാകടാക്ഷം
ക്ഷപിത സുരേന്ദ്ര ചതുര്‍മ്മുഖാദിദുഃഖം
നരവരമനിശം നതോസ്മിരാമം
വരദമഹം വരചാപബാണഹസ്തം

ഈ ശ്ലോകം സന്ധ്യാനാമ ജപത്തോടൊപ്പം 21 ഉരു ജപിക്കുന്നത് നല്ലതാണ്.

മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)

മിഥുനം രാശിയുടെ അഞ്ചാം ഭാവത്തില്‍ കേതുവും ഏഴാം ഭാവത്തില്‍ ആദിത്യനും ബുധനും അഷ്ടമത്തില്‍ ശുക്രനും ശനിയും പത്താം ഭാവത്തില്‍ വ്യാഴവും പതിനൊന്നില്‍ രാഹുവും ചന്ദ്രനും പന്ത്രണ്ടാം ഭാവത്തില്‍ കുജനും സഞ്ചരിക്കുന്നു.

ദീര്‍ഘദൂരയാത്രകള്‍ വേണ്ടി വരും. വ്യവഹാരകാര്യങ്ങള്‍ ദോഷകരമാവാനിടയുണ്ട്. രോഗാരിഷ്ടതകള്‍ ഉണ്ടാകും. പല പ്രകാരത്തിലുള്ള അനര്‍ത്ഥങ്ങള്‍ക്കിടയുണ്ട്. നേത്രരോഗം, പിത്താധിക്യം മൂലമുള്ളതും രക്തസംബന്ധിയായതുമായ അസുഖങ്ങള്‍ക്കിടയുണ്ട്. കലഹങ്ങള്‍, പോലീസ് കേസാകാതെ ശ്രദ്ധിക്കണം. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റത്തിനിടയുണ്ട്. കമ്പനി ജോലിക്കാരും തൊഴിലാളികളും ശ്രദ്ധിക്കണം. തൊഴില്‍രംഗം പുഷ്ടിപ്പെടും. ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അനുകൂലസമയമാണ്. ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ പറ്റും. രത്നാഭരണങ്ങള്‍ വാങ്ങാനും അനുകൂലകാലമാണ്. ദാമ്പത്യസുഖമുണ്ടാകും. അടുത്ത ബന്ധുക്കളുമായി വേര്‍പിരിയേണ്ടി വരും. ശത്രുക്കള്‍ ശക്തിപ്രാപിക്കും. മനസ്വസ്ഥത കുറവായിരിക്കും. സത്കര്‍മ്മങ്ങള്‍ ചെയ്യുന്നതിനും തീര്‍ത്ഥാടനത്തിനും ഉചിതമായ കാലമാണ്.
ദോഷപരിഹാരങ്ങള്‍ക്ക് ഗണപതിക്ക് നാളികേരം ഉടയ്ക്കുക, മോദകനിവേദ്യം, ഭഗവതിക്ക് വനദുര്‍ഗ്ഗാമന്ത്ര പുഷ്പാഞ്ജലി ഇവ നടത്തണം.

സര്‍വ്വമംഗളമാംഗല്യേ ശിവേ സര്‍വ്വാര്‍ത്ഥ സാധികേ
ശരണ്യേ ത്ര്യംബകേ ഗൗരീ നാരായണീ നമോളസ്തുതേ

ഈ ശ്ലോകം പതിനൊന്ന് പ്രാവശ്യം വീതം രാവിലെയും വൈകിട്ടും ജപിക്കണം.

കര്‍ക്കിടകക്കൂറ്: (പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)

കര്‍ക്കിടകരാശിയില്‍ നാലില്‍ കേതുവും ആറില്‍ ആദിത്യനും ബുധനും ഏഴില്‍ ശനിയും ശുക്രനും ഒമ്പതില്‍ വ്യാഴവും പത്തില്‍ ചന്ദ്രനും രാഹുവും പതിനൊന്നില്‍ കുജനും സഞ്ചരിക്കുന്നു.

കേസുകളിലും വിവാദങ്ങളിലും വിജയം കാണും. മനസ്സിന് ധൈര്യം വര്‍ദ്ധിക്കും. പല പ്രകാരേണ ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. പലവിധ രോഗാരിഷ്ടകളാല്‍ കഷ്ടപ്പെടും. അസൂയമൂലമുള്ള ശത്രുക്കള്‍ വര്‍ദ്ധിക്കുമെങ്കിലും അതിനെ അതിജീവിക്കാന്‍ സാധിക്കും. അധികാരസ്ഥാനങ്ങളിലുള്ളര്‍ക്ക് യഥേഷ്ടം അവ പ്രയോഗിക്കാന്‍ പറ്റും. ധനലാഭവും സുഖാനുഭവങ്ങളും ഉണ്ടാകും. ഉന്നതസ്ഥാനമാനങ്ങള്‍ പ്രതീക്ഷിക്കാം. അലര്‍ജി മൂലമുള്ള അസുഖങ്ങള്‍ക്കിടയുണ്ട്. ദാമ്പത്യസുഖം ഉണ്ടാകും. വിവാഹാലോചനകള്‍ പുഷ്ടിപ്പെടും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കും. സന്താനങ്ങളെക്കൊണ്ട് സന്തോഷം ഉണ്ടാകും. പുനര്‍വിവാഹം വേണ്ടവര്‍ക്ക് അതിനായി ശ്രമിക്കാം. ദൂരയാത്രകള്‍ മൂലം അലച്ചിലും മനോദുഃഖവും ഉണ്ടാകും.

ദോഷപരിഹാരങ്ങള്‍ക്ക് ശിവങ്കല്‍ ധാര, പുറകുവിളക്ക് ഇവ ചെയ്യുക.

ശിവതവ പരിചര്യാ
സന്നിധിയഗൗര്യാ
ഭവമമഗുണധുര്യാം ബുദ്ധികമ്യാം പ്രഭാസേ
സകലഭുവനബന്ധോ, സച്ചിദാനന്ദ സിന്ധോ
സദയ ഹൃദയഗേഹേ സര്‍വ്വദാ സംവസത്വം

ഈ മന്ത്രം 27 ഉരു രാവിലെയും വൈകിട്ടും ജപിക്കണം.

ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)

ചിങ്ങരാശിയില്‍ മൂന്നില്‍ കേതുവും അഞ്ചില്‍ ആദിത്യനും ബുധനും ആറില്‍ ശുക്രനും ശനിയും അഷ്ടമത്തില്‍ വ്യാഴവും ഒന്‍പതില്‍ ചന്ദ്രനും രാഹുവും പത്തില്‍ കുജനുമാണ് ഗ്രഹസ്ഥിതി.

കാര്യതടസ്സങ്ങള്‍ ഉണ്ടാകും. നേത്രരോഗം പ്രത്യേകം ശ്രദ്ധിക്കണം. സഹോദരബന്ധങ്ങളില്‍ ഉലച്ചിലുണ്ടാകും. ദാമ്പത്യക്ലേശങ്ങള്‍ ഉണ്ടാകും. വിവാഹമോചനക്കേസുകളില്‍ ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ പരാജയപ്പെടും. ശത്രുക്കളില്‍ നിന്ന് ദുഃഖാനുഭവങ്ങളുണ്ടാകും. ഭൂമി ഇടപാടുകളില്‍ ധനലാഭം പ്രതീക്ഷിക്കാം. ഭാര്യാഭര്‍ത്തൃകലഹം, സന്താനങ്ങളുമായി കലഹം ഇവയുണ്ടാകും. കഠിനമായ ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. യാത്രകള്‍ വേണ്ടിവരും. ബന്ധനാവസ്ഥയുണ്ടാകാതെ സൂക്ഷിക്കണം. പലവിധ രോഗാരിഷ്ടതകള്‍ ഉണ്ടാകും. എന്നാല്‍ ദീര്‍ഘകാലമായുള്ള രോഗാരിഷ്ടതകള്‍ക്ക് അല്‍പ്പം സമാധാനം ലഭിക്കും. തൊഴില്‍രംഗം സമാധാനപരമായിരിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ഉചിതമായ പഠനസൗകര്യം ലഭ്യമാകും. വിദേശജോലികള്‍ക്ക് തടസ്സം നേരിടും. പുതിയ ഗൃഹനിര്‍മ്മാണത്തിന് നല്ല അവസരമാണ്.
ദോഷപരിഹാരങ്ങള്‍ക്ക് വിഷ്ണുക്ഷേത്രത്തില്‍ ധന്വന്തരീ മന്ത്രപുഷ്പാഞ്ജലി, കദളിപ്പഴ നിവേദ്യം ഇവ ചെയ്യണം.

ഓം സര്‍വ്വസ്വരൂപേ സര്‍വ്വേശേ സര്‍വ്വശക്തി സമന്വിതേ
ഭയോഭ്യസ്നാഹി നോ ദേഹീ ദുര്‍ഗ്ഗേ ദേവി നമോളസ്തുതേ

ഈ ശ്ലോകം രാവിലെയും വൈകിട്ടും 27 തവണ   ജപിക്കുക.

കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്തിര 1, 2 പാദങ്ങള്‍)

കന്നിക്കൂറില്‍ രണ്ടില്‍ കേതുവും നാലില്‍ ആദിത്യനും ബുധനും അഞ്ചില്‍ ശുക്രനും ശനിയും ഏഴില്‍ വ്യാഴവും അഷ്ടമത്തില്‍ ചന്ദ്രനും രാഹുവും ഒന്‍പതില്‍ കുജനുമാണ് ഗ്രഹസ്ഥിതി.

കാമുകീകാമുകന്മാരുടെ പ്രണയം സഫലമാകും. ദാമ്പത്യസൗഖ്യം ഉണ്ടാകും. ജീവിതപങ്കാളികള്‍ക്ക് സ്ഥാനമാനങ്ങള്‍, സമ്മാനലഭ്യത ഇവയുണ്ടാകും. മനഃസമാധാനം, സൗഖ്യം ഇവയുണ്ടാകും. ഉല്ലാസയാത്രകള്‍ക്കും തീര്‍ത്ഥാടനങ്ങള്‍ക്കും നല്ല അവസരമാണ്. വായുബന്ധിയായ രോഗങ്ങള്‍, അര്‍ശ്ശോരോഗം, മൂത്രാശയബന്ധിയായ അസുഖങ്ങള്‍ ഇവയുണ്ടാകും.  ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. തൊഴില്‍രംഗം പുഷ്ടിപ്പെടും. വാക്കുതര്‍ക്കങ്ങള്‍ക്കിടയുണ്ട്. കുടുംബജനങ്ങള്‍ക്കും അഭിവൃദ്ധിയുണ്ടാകും. വാക്സാമര്‍ത്ഥ്യം കൊണ്ട് കാര്യസാദ്ധ്യം ഉണ്ടാകും. ഗുരുജനങ്ങളുട സന്തോഷം അനുഭവിക്കാനിടവരും. സന്താനങ്ങളുടെ വിരഹം ദുഃഖത്തിലാക്കും. വാതബന്ധിയായ അസുഖങ്ങള്‍ക്കും നേത്രരോഗത്തിനും ശരിയായ ചികിത്സ നോക്കണം. ദൂരയാത്രയ്ക്ക് സാദ്ധ്യതയുണ്ട്. സഹോദരങ്ങള്‍ക്ക് ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. അവരുടെ സഹായം പ്രതീക്ഷിക്കാം.

ദോഷപരിഹാരങ്ങള്‍ക്ക് ശിവങ്കല്‍ അഘോരമന്ത്ര പുഷ്പാഞ്ജലി, കൂവളമാല ചാര്‍ത്ത് ഇവ ചെയ്യുക.

കൃപാസമുദ്രം സുമുഖം ത്രിനേത്രം
ജഡാധരം പാര്‍വ്വതി വാമഭാഗം
സദാശിവം രുദ്രമനന്തമൂര്‍ത്തിം
പ്രദോഷശംഭും ശരണം പ്രപദ്യേ.

ഈ ശ്ലോകം സന്ധ്യാസമയത്ത് 27 ഉരു ജപിക്കുക.

തുലാക്കൂറ് (ചിത്തിര 3,4 പാദങ്ങള്‍, ചോതി, വിശാഖം 1,2,3 പാദങ്ങള്‍)

തുലാക്കൂറില്‍ ലഗ്നത്തില്‍ കേതുവും മൂന്നില്‍ ആദിത്യനും ബുധനും നാലില്‍ ശുക്രനും ശനിയും ആറില്‍ വ്യാഴവും ഏഴില്‍ ചന്ദ്രനും രാഹുവും അഷ്ടമത്തില്‍ കുജനുമാണ് ഗ്രഹസ്ഥിതി.

പലവിധ ഐശ്വര്യാനുഭവങ്ങള്‍ ഉണ്ടാകുമെങ്കിലും, അനുഭവയോഗക്കുറവുമൂലം അവ വേണ്ടവിധം ഫലത്തില്‍ വരുകയില്ല. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് സമ്മിശ്രഫലമായിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ല അവസരങ്ങള്‍ വരും. ധനലാഭം ഉണ്ടാകും. അഗ്നികൊണ്ടും ആയുധം കൊണ്ടുമുള്ള ഉപദ്രവങ്ങള്‍ ശ്രദ്ധിക്കണം. കലഹിച്ചു നില്‍ക്കുന്ന സഹോദരങ്ങള്‍ ഐക്യതയിലെത്തും. വീട് മോടിപ്പിടിപ്പിക്കാന്‍ പറ്റിയ സമയമാണ്. ശത്രുതകള്‍ ശമിക്കും. സ്ഥാനമാനങ്ങള്‍ ലഭിക്കും. ഭക്ഷണത്തില്‍ കൂടിയോ പാനീയത്തില്‍ കൂടിയോ വിഷബാധ മൂലം ഉദരരോഗത്തിന് സാധ്യതയുണ്ട്. വ്രണം, ഒടിവ്, ചതവ്, ഇവയുണ്ടാകാന്‍ സാധ്യതയുണ്ട്. മനസ്സിന് ആഘാതം ഏല്‍ക്കുന്ന സംഭവങ്ങള്‍ ഉണ്ടാകും. സര്‍ക്കാരുമായുള്ള ഏര്‍പ്പാടുകള്‍ പരാജയത്തിലേക്കെത്തും. ബന്ധുജനങ്ങളുമായി സഹകരിക്കും. എന്നാല്‍ എല്ലാവരോടും കലഹവാസന പ്രകടിപ്പിക്കും.

ദോഷപരിഹാരങ്ങള്‍ക്ക് വിഷ്ണുക്ഷേത്രത്തില്‍ ഷഡാക്ഷര സുദര്‍ശനമന്ത്രപുഷ്പാഞ്ജലി, പാല്‍പ്പായസം ഇവ നടത്തുക.

ദേവാനാം ച ഋഷിണാം ച ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം നം നമാമി ബൃഹസ്പതിം

ഈ ശ്ലോകം രാവിലെയും വൈകുന്നേരവും 27 ഉരു ജപിക്കണം.

വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)

രണ്ടില്‍ ആദിത്യനും ബുധനും മൂന്നില്‍ ശുക്രനും ശനിയും അഞ്ചില്‍ വ്യാഴവും ആറില്‍ ചന്ദ്രനും രാഹുവും ഏഴില്‍ കുജനും പന്ത്രണ്ടില്‍ കേതുവുമാണ് തുലാക്കൂറിന്‍റെ ഗ്രഹസ്ഥിതി.

വാക്സാമര്‍ത്ഥ്യം കൊണ്ട് പല കാര്യങ്ങളും സാധ്യമാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ല അവസരമാണ്. വിദേശത്ത് പഠനത്തിനും ജോലിക്കുമായി ശ്രമിക്കുന്നവര്‍ക്ക് ഫലം കിട്ടും. സഹോദരങ്ങള്‍ക്ക് ധനവ്യയം കൂടുതലാകും. കഴുത്തിന് മുകളിലുള്ള അംഗങ്ങളിലെ രോഗപീഡ ശ്രദ്ധിക്കണം. ഗൃഹനിര്‍മ്മാണങ്ങള്‍ മന്ദഗതിയിലാകും. വസ്തുക്കളുടെ കച്ചവടവും അതുമൂലം ധനലാഭവും ഉണ്ടാകും. മനസ്സിന് സ്വസ്ഥതയും സമാധാനവും കിട്ടും. പ്രണയവിവാഹത്തിനുള്ള തടസ്സങ്ങള്‍ മാറിക്കിട്ടും. ഭാര്യയ്ക്കും ഭര്‍ത്താവിനും രോഗാരിഷ്ടതകള്‍ കൊണ്ട് കുറച്ച് ക്ലേശങ്ങള്‍ ഉണ്ടാകുമെങ്കിലും വലിയ പ്രശ്നങ്ങള്‍ ഉണ്ടാകില്ല. തീര്‍ത്ഥാടനത്തിനും വിനോദയാത്രകള്‍ക്കും നല്ല സമയമാണ്. സന്താനങ്ങളെക്കൊണ്ട് സന്തോഷവും സമാധാനവും ലഭ്യമാകും. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. പുതിയ ഉടമ്പടികള്‍ തയ്യാറാക്കുമ്പോള്‍ തര്‍ക്കങ്ങള്‍ക്കിടയുണ്ട്. നാല്‍ക്കാലികളും  മറ്റും ജന്തുക്കളുടെ ഉപദ്രവം ഉണ്ടാകാനിടയുണ്ട്.

ദോഷപരിഹാരങ്ങള്‍ക്ക് ഭഗവതിക്ക് ത്രിപുരസുന്ദരീ മന്ത്രപുഷ്പാഞ്ജലി, തൃമധുരം നിവേദ്യം ഇവ കഴിക്കുക.

സര്‍വ്വഭൂതാ യദാ ദേവി സ്വര്‍ഗ്ഗമുക്തി പ്രദായിനി
ത്വം സ്തുതാ സ്തുതയേ കാവാ ഭവന്തു പരമോക്തയഃ

ഈ ശ്ലോകം ദിവസവും 21 ഉരു  ജപിക്കുക.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)

ലഗ്നരാശിയില്‍ ആദിത്യനും ബുധനും രണ്ടില്‍ ശുക്രനും ശനിയും നാലില്‍ വ്യാഴവും അഞ്ചില്‍ ചന്ദ്രനും രാഹുവും ആറില്‍ കുജനും പതിനൊന്നില്‍ കേതുവുമാണ് ഗ്രഹസ്ഥിതി.

വീട്ടില്‍ സമാധാനം ലഭിക്കുമെങ്കിലും മനസ്സ് എപ്പോഴും അസ്വസ്ഥമായിരിക്കും. പുതിയ ഗൃഹനിര്‍മ്മാണം, ഗൃഹംമോടിപിപ്പിക്കല്‍, ഗൃഹോപകരണങ്ങള്‍ വാങ്ങല്‍ തുടങ്ങിയവയ്ക്ക് നല്ല സമയമാണ്. ധനലാഭ ഐശ്വര്യങ്ങള്‍ ഉണ്ടാകും. സഹോദരങ്ങളുടെ സഹായം ലഭ്യമാകും. വിദേശത്ത് ജോലിക്കും പഠനത്തിനും ആഗ്രഹിക്കുന്നവര്‍ക്ക് അതിനായി ശ്രമിക്കാം. ഫലം കിട്ടും. ദീര്‍ഘകാലമായുള്ള ആഗ്രഹങ്ങള്‍ സഫലമാകും. സന്താനങ്ങളില്‍ നിന്ന് സങ്കടകരമായ അനുഭവങ്ങള്‍ക്കിടയുണ്ട്. വിവാഹാദി മംഗളകര്‍മ്മങ്ങള്‍ക്ക് തുടക്കമിടും. തര്‍ക്കവിഷയങ്ങളില്‍ മദ്ധ്യസ്ഥത വഹിക്കേണ്ടതായി വരും. മറ്റുള്ളവരുമായുള്ള  വിഷയങ്ങള്‍ പറഞ്ഞുതീര്‍ക്കാനാവും. അച്ഛന്‍റെ ധനം ലഭിക്കാനിടയുണ്ട്. ശസ്ത്രക്രിയകള്‍ ആവശ്യമെങ്കില്‍ അവ നടത്താം. പൊതുവെ അനുകൂലമായ കാലമാണ്.
ദോഷപരിഹാരങ്ങള്‍ക്ക് സര്‍പ്പാരാധനാകേന്ദ്രങ്ങളില്‍ നൂറും പാലും, സര്‍പ്പസൂക്ത പുഷ്പാഞ്ജലി ഇവ ചെയ്യണം.

ശൃംണ്വത്തു മുനയസ്സര്‍വ്വേ രാഹുപ്രീതികരം സ്തവം
സര്‍വ്വരോഗ പ്രശമനം വിഷഭീതി ഹരം പരം.

ഈ ശ്ലോകം രാവിലെ 27 ഉരു ജപിച്ച് നാഗങ്ങളെ പ്രാര്‍ത്ഥിക്കണം.

മകരക്കൂറ്: (ഉത്രാടം 2,3,4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)

ലഗ്നത്തില്‍ ശുക്രനും ശനിയും മൂന്നില്‍ വ്യാഴവും നാലില്‍ ചന്ദ്രനും രാഹുവും അഞ്ചില്‍ ചൊവ്വയും പത്തില്‍ കേതുവും പന്ത്രണ്ടില്‍ ആദിത്യനും ബുധനുമാണ് ഗ്രഹസ്ഥിതി.

ധനലാഭൈശ്വര്യങ്ങള്‍ ഉണ്ടാകും. സഹോദരങ്ങള്‍ക്ക് നല്ല സമയമാണ്. അവരുമായുള്ള ഭിന്നതകള്‍ തീരും. ദൂരസ്ഥലങ്ങളിലുള്ള സഹോദരങ്ങളെ സന്ദര്‍ശിക്കാനിടവരും. വീട്ടില്‍ സമാധാനം കുറയും. വിഷഭീതിയുണ്ടാകും. ജന്തുക്കളുടെ ഉപദ്രവം ഉണ്ടാകും. മനസ്സിന് സ്വസ്ഥത കുറയുകയും കലഹവാസന വര്‍ദ്ധിക്കുകയും ചെയ്യും. സ്നേഹിതരുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കാനിടവരും. മറ്റുള്ളവരുടെ തര്‍ക്കങ്ങളില്‍ ഇടപെടരുത്. നീച ജനങ്ങളില്‍ നിന്ന് അപവാദം കേള്‍ക്കാനിടവരും. പൊതുമുതല്‍ കൈകാര്യം ചെയ്യുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. വായുകോപം, ശ്വാസതടസ്സം ഇവയുണ്ടാകാനിടയുണ്ട്. അധികാരസ്ഥാനങ്ങളിലുള്ളവര്‍ ശ്രദ്ധിക്കണം. വാഹനങ്ങള്‍ ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണം. കച്ചവടത്തില്‍ ലാഭം പ്രതീക്ഷിക്കാം. പുതിയ സംരംഭത്തിലേര്‍പ്പെടാതെ ഉള്ള സംരംഭം മെച്ചപ്പെടുത്താം.

ദോഷപരിഹാരങ്ങള്‍ക്ക് ശാസ്താവിന് എള്ളുകിഴി, എള്ളുപായസം ഇവ കഴിക്കുക.

'സ്തവ നിശമ്യ പാര്‍ത്ഥസ്യ
പ്രത്യക്ഷോഭൂത് ശനൈശ്ചരഃ
ദത്വാരാജ്ഞേ വരകാമഃ
ശനിശ്ചാന്തര്‍ ദധതദാ.'

ഈ ശ്ലോകം രാവിലെ 7 പ്രാവശ്യം ജപിക്കണം.

കുംഭക്കൂറ്: (അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)

രണ്ടാം ഭാവത്തില്‍ വ്യാഴവും മൂന്നില്‍ ചന്ദ്രനും രാഹുവും നാലില്‍ കുജനും ഒന്‍പതില്‍ കേതുവും പതിനൊന്നില്‍ ആദിത്യനും ബുധനും പന്ത്രണ്ടില്‍ ശുക്രനും ശനിയും ആണ് ഗ്രഹസ്ഥിതി.

ധനാഗമം വര്‍ദ്ധിക്കുന്നതോടൊപ്പം ചെലവുകളും കൂടുതലാകും. കടം പോയ ധനം തിരികെ ലഭിക്കും. നല്ല വാക്കുകള്‍ പറഞ്ഞ് മറ്റുള്ളവരുടെ പ്രീതി സമ്പാദിക്കും. മനസ്സിന് അസ്വസ്ഥത കൂടുതലാകും. സന്താനങ്ങള്‍ക്ക് മെച്ചപ്പെട്ട നിലവാരം. പനി, നീര്‍ക്കെട്ട്, ശരീരവേദന ഇവയുണ്ടാകും. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങള്‍ വരും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല അവസരങ്ങള്‍ ഉണ്ടാകും. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ മെച്ചപ്പെട്ട നിലയിലാകും. സ്ഥിരം ജോലി ലഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ മാറും. മംഗളകര്‍മ്മങ്ങള്‍ക്കിടെ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും. പുതിയ വാഹനങ്ങള്‍ വാങ്ങാം. അധികാര സ്ഥാനങ്ങളിലുള്ളവക്ക് പ്രശംസ ലഭിക്കും. കച്ചവടങ്ങള്‍ ലാഭകരമാകും. അരുചികരമായ ഭക്ഷണങ്ങള്‍ ഒഴിവാക്കണം. പൊതുവേ മെച്ചപ്പെട്ട സമയമാണ്.

ദോഷപരിഹാരങ്ങള്‍ക്ക് ഭദ്രകാളി ക്ഷേത്രത്തില്‍ ചുവന്ന പുഷ്പാഞ്ജലി, നെയ്വിളക്ക്, കടുംപായസം ഇവ നടത്തണം.

പ്രകാശമദ്ധ്യാസ്ഥിത ചിത്തസ്യരൂപാം
വരാഭയേ സന്ദധതീം ത്രിനേത്രാം
സിന്ദൂരവര്‍ണ്ണാഞ്ചിത കോമളാംഗീം
മായാമയിം തത്വമയിം നമാമി

ഈ ശ്ലോകം രാവിലെയും വൈകുന്നേരവും 11 ഉരു ജപിക്കണം.

മീനക്കൂറ് (പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)

ലഗ്നത്തില്‍ വ്യാഴം, രണ്ടില്‍ ചന്ദ്രനും രാഹുവും മൂന്നില്‍ കുജനും അഷ്ടമത്തില്‍ കേതുവും പത്തില്‍ ആദിത്യനും ബുധനും പതിനൊന്നില്‍ ശുക്രനും ശനിയുമാണ് ഗ്രഹസ്ഥിതി.

ശരീരക്ലേശങ്ങള്‍ വര്‍ദ്ധിക്കും. തൊഴില്‍രംഗം മെച്ചപ്പെടും. വിദേശജോലികള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് നല്ലഫലം കാണും. സംസാരത്തില്‍ വാക്കുകള്‍ ശ്രദ്ധിക്കണം. വിദ്യാഭ്യാസത്തിന് തടസ്സങ്ങള്‍ നേരിടും. മംഗളകര്‍മ്മങ്ങള്‍ക്ക് മുന്‍കയ്യെടുക്കും. തര്‍ക്കവിഷയത്തില്‍ അഭിപ്രായം പറയരുത്. മദ്ധ്യസ്ഥതയ്ക്കും പോകരുത്. ഉദരസംബന്ധിയായ അസുഖങ്ങള്‍, നേത്രരോഗം ഇവ ശ്രദ്ധിക്കണം. വിവാഹാലോചനകള്‍ ഫലപ്രാപ്തിയിലെത്തും. കച്ചവടത്തില്‍ ലാഭമുണ്ടാകും. വളരെക്കാലമായി നടക്കാതിരുന്ന പല കാര്യങ്ങളും ഫലപ്രാപ്തിയിലെത്തും. ജലയാത്ര ചെയ്യുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. വളര്‍ത്തുമൃഗങ്ങളുടെ ഉപദ്രവവും ശ്രദ്ധിക്കണം.
ദോഷപരിഹാരങ്ങള്‍ക്ക് വിഷ്ണുക്ഷേത്രത്തില്‍ തൃക്കൈവെണ്ണ, പാല്‍പ്പായസം ഇവ ചെയ്യണം.

'ധ്യായന്തേ യോഗിനോ യോഗാല്‍
സിദ്ധാഃ സിദ്ധേശ്വരാശ്ചയം
തം ധ്യായേത്സന്തതം ശുദ്ധം
ഭഗവന്തം സനാതനം.'

ഈ ശ്ലോകം 7 ഉരു ജപിച്ച് രാവിലെ പ്രാര്‍ത്ഥിക്കണം.

ജ്യോത്സ്യന്‍ പി. ശരത്ചന്ദ്രന്‍
'സ്മിത'(ഒ)
ചേന്ദമംഗലം പി.ഒ, 683512
വ. പറവൂര്‍
9446057752