ദ്വൈവാര ഫലങ്ങൾ: 2023 മെയ് 16 മുതൽ 31 വരെ (1198 ഇടവം 02 മുതൽ 17 വരെ)
മേയ് 30 ന് രാത്രി 7 മണി 41 മിനിട്ട് ശുക്രൻ കർക്കിടകം രാശിയിലേക്ക് പകരും
മേയ് 17 ന് പ്രദോഷവ്രതം. 19 ന് അമാവാസി, ഒരിക്കൽ 25 ന് ഷഷ്ഠിവ്രതം, 31 ന് ഏകാദശിവ്രതം. പുലർച്ചെ 6 മണി 36 മിനിട്ട് മുതൽ 7 മണി 46 മിനിട്ടുവരെ ഹരിവാസരം
മേടക്കൂറ്: (അശ്വതി, ഭരണി, കാർത്തിക 1-ാം പാദം )
ലഗ്നത്തിൽ ബുധൻ, വ്യാഴം, രാഹു, രണ്ടിൽ ആദിത്യൻ, മൂന്നിൽ ശുക്രൻ, നാലിൽ കുജൻ, ഏഴിൽ കേതു, പതിനൊന്നിൽ ശനി ഇതാണ് ഗ്രഹനില.
ധനനഷ്ടങ്ങൾ ഉണ്ടാകും. വീട്ടിൽ സ്വസ്ഥത കുറയും. കാര്യതടസ്സങ്ങൾ ഉണ്ടാകും. ദാമ്പത്യക്ലേശങ്ങളും കുറവല്ല. തൊഴിൽരംഗം മെച്ചപ്പെടും. കച്ചവടത്തിൽ നല്ല ലാഭം കിട്ടും. ഭൂമി സംബന്ധിച്ചും ധനപരമായും ഉള്ള വഞ്ചനകളിൽ പെടാതെ സൂക്ഷിക്കണം. സ്ത്രീ/പുരുഷബന്ധിയായി ചതിയിൽപ്പെടുത്താൻ സാദ്ധ്യതകളുണ്ട്. നല്ലതെന്ന് വിചാരിച്ച് ചെയ്യുന്ന പല കാര്യങ്ങളും വിപരീതഫലം ചെയ്യും. ഉദരരോഗം, നേത്രരോഗം, പനി, മുറിവിൽ നിന്നും അമിതമായ രക്തസ്രാവം, അർശ്ശോരോഗബന്ധിയായ രക്തസ്രാവം ഇവ ശ്രദ്ധിക്കണം. ബന്ധുജനങ്ങളുമായി കലഹിക്കേണ്ടതായി വരും. വാക്‌ദോഷം മൂലം കാര്യതടസ്സങ്ങൾ ഉണ്ടാകും. ജോലിക്കാർക്ക് സ്ഥലംമാറ്റം പ്രതീക്ഷിക്കാം. അധികാരസ്ഥാനങ്ങളിലുള്ളവർക്ക് ആജ്ഞാശക്തി കൊണ്ട് കാര്യങ്ങൾ നടത്തേണ്ടതായി വരും. മറ്റുള്ളവരുടെ ആദരവും അംഗീകാരവും ലഭിക്കും. വിവാഹമോചനക്കേസുകൾ സൂക്ഷ്മതയോടെ നടത്തണം. അപ്രതീക്ഷിതമായി ചില പ്രധാന കാര്യസാദ്ധ്യങ്ങൾ ഉണ്ടാകും. വീട്ടിൽ കലഹങ്ങൾ കൂടുതലാകും.
ദോഷശാന്തിക്കായി ഭഗവതി ക്ഷേത്രത്തിൽ ഐകമത്യസൂക്ത പുഷ്പാഞ്ജലി കഴിക്കുകയും
വിഷ്ണും ജിഷ്ണും മഹാവിഷ്ണും പ്രഭവിഷ്ണും മഹേശ്വരം
അനേകരൂപദൈത്യാന്തം
നമാമി പുരുഷോത്തമം
ഈ വിഷ്ണുസ്‌തോത്രം നിത്യവും ഇരുപത്തൊന്ന് പ്രാവശ്യം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
ഇടവക്കൂറ്: (കാർത്തിക 2, 3, 4 പാദങ്ങൾ,രോഹിണി, മകയിരം 1, 2 പാദങ്ങൾ)
ലഗ്നത്തിൽ ആദിത്യൻ, രണ്ടിൽ ശുക്രൻ, മൂന്നിൽ കുജൻ, ആറിൽ കേതു, പത്തിൽ ശനി, പന്ത്രണ്ടിൽ ബുധൻ, വ്യാഴം രാഹു ഇതാണ് ഗ്രഹസ്ഥിതി.
വിദ്യാഭ്യാസത്തിന് തടസ്സങ്ങൾ നേരിടും. ധനനഷ്ടം ഉണ്ടാകും. പല പ്രാകാരേണ ധനാഗമങ്ങൾ ഉണ്ടാകും. കഠിനമായ ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. വഴിയാത്രയിൽ പല വിഷമതകളും ഉണ്ടാകും. ശത്രുക്കളുടെ ഉപദ്രവങ്ങൾ കൂടുതലാകും. പലവിധത്തിലുള്ള രോഗാരിഷ്ടതകളാൽ ബുദ്ധിമുട്ടും. ബന്ധുജനങ്ങളുമായി സംസർഗ്ഗത്തിലേർപ്പെടും. യാത്രകൾ വേണ്ടി വരും. തൊഴിൽരംഗത്ത് വേണ്ടത്ര പുരോഗതി കാണുകയില്ല. വിവാഹാലോചനകൾക്ക് തടസ്സം വരും. ഉറപ്പിച്ച വിവാഹങ്ങൾ നടത്താൻ ക്ലേശിക്കും. ഈശ്വരാരാധനയ്ക്ക് പണം ചെലവഴിക്കും. ഭൂമി കച്ചവടത്തിൽ നഷ്ടം വരും. നാൽക്കാലി വളർത്തൽ ലാഭകരമാകും. ഉദ്യോഗാർത്ഥികൾക്ക് നല്ല സമയമാണ്. സ്വയം തൊഴിലുകളിൽ അധികപണം ചെലവാക്കരുത്. ഗർഭപാത്രബന്ധിയായ രോഗങ്ങൾ, മൂത്രാശയ ബന്ധിയായ രോഗങ്ങൾ, വീഴ്ച ഇവ ശ്രദ്ധിക്കണം.
ദോഷശാന്തിക്കായി ഗണപതി ഹോമം കഴിപ്പിക്കുകയും
ദ്രിഭുജം പദ്മഹസ്തം ച വരേദം മകുടാന്വിതം
ധ്യായേത് ദിവാകരം രക്തം ഛയാസംജ്ഞായുതം പ്രഭും
ഈ ആദിത്യസ്‌തോത്രം നിത്യവും രാവിലെ ഏഴുപ്രാവശ്യം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങൾ, തിരുവാതിര, പുണർതം 1, 2, 3 പാദങ്ങൾ)
ലഗ്നത്തിൽ ശുക്രൻ, രണ്ടിൽ കുജൻ, അഞ്ചിൽ കേതു, ഒൻപതിൽ ശനി, പതിനൊന്നിൽ ബുധൻ, വ്യാഴം രാഹു, പന്ത്രണ്ടിൽ ആദിത്യൻ ഇതാണ് ഗ്രഹനില.
പ്രാർത്ഥനകൾക്കും വഴിപാടുകൾക്കും ഫലം കുറയും. കോൺട്രാക്ടർമാർക്ക് നല്ല കാലമാണ്. ഗവൺമെന്റിൽ നിന്ന് കാര്യതടസ്സങ്ങൾ ഉണ്ടാകും. കള്ളന്മാരുടേയും അഗ്നിയുടേയും ഉപദ്രവം ഉണ്ടാകാനിടയുണ്ട്. മനോവിചാരങ്ങളും ആധിയും കൂടുതലാകും. ശത്രുക്കളുടെ ശക്തി കുറയുമെങ്കിലും കരുതിയിരിക്കണം. ധനാഗമങ്ങൾ ഉണ്ടാകും. വിവാഹാലോചനകൾ ഉറപ്പിക്കാനാകും. ദാമ്പത്യ കലഹങ്ങൾ പറഞ്ഞുതീർക്കാൻ ശ്രമിക്കണം. ശ്വാസം മുട്ടൽ, പനി, ചുമ, കാലിന് തരിപ്പ്, നടുവും പുറവും വേദന, പ്രമേഹത്തിന്റെ ബുദ്ധിമുട്ടുകൾ ഇവയുണ്ടാകും. വാഹനങ്ങളിൽ നിന്നും മറ്റും വീഴാനുള്ള സാദ്ധ്യതയുണ്ട്. മനസ്സിന് സ്വസ്ഥത കുറയും. മുൻകോപം നിയന്ത്രിക്കണം. ഉറക്കം കുറയും. അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. വിദ്യാഭ്യാസത്തിന് തടസ്സക്ലേശങ്ങൾ ഉണ്ടാകും.
ദോഷശാന്തിക്കായി വിദ്യാർത്ഥികൾ ഭഗവതി ക്ഷേത്രത്തിൽ ശ്രീവിദ്യാമന്ത്രം പുഷ്പാഞ്ജലിയും, മറ്റുള്ളവർ അശ്വാരൂഢ മന്ത്രപുഷ്പാഞ്ജലി കഴിക്കുകയും,
'പാപാരിഃ പരമോദാരഃ പ്രജേശഃ പങ്കനാശനഃ
നഷ്ടകർമ്മാ നഷ്ടവൈര ഇഷ്ടസിദ്ധി പ്രദായകഃ'
ഈ ശനൈശ്വര സ്‌തോത്രം നിത്യം രണ്ടുനേരം ഏഴുപ്രാവശ്യം വീതം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
കർക്കിടകക്കൂറ്:(പുണർതം 4-ാം പാദം, പൂയം, ആയില്യം)
ലഗ്നത്തിൽ കുജൻ, നാലിൽ കേതു, അഷ്ടമത്തിൽ ശനി, പത്തിൽ ബുധൻ, വ്യാഴം, രാഹു, പതിനൊന്നിൽ ആദിത്യൻ, പന്ത്രണ്ടിൽ ശുക്രൻ ഇതാണ് ഗ്രഹനില.
ഉദ്യോഗക്കയറ്റത്തിന് സാദ്ധ്യതയുണ്ട്. പ്രാർത്ഥനകൾക്കും വഴിപാടുകൾക്കും ഫലം കാണും. പലവിധ ഐശ്വര്യാനുഭവങ്ങൾ ഉണ്ടാകും. ഉൾഭയം വർദ്ധിക്കും. വാക്കുതർക്കങ്ങളിലേർപ്പെടരുത്. വഴിയിൽ തടഞ്ഞുനിർത്തുക തുടങ്ങിയ അനുഭവങ്ങളുണ്ടാകാനിടയുണ്ട്. കാര്യതടസ്സങ്ങൾ ഉണ്ടാകും. ശരീരക്ഷീണം കൂടുതലാകും. എല്ലാ കാര്യങ്ങൾക്കും അലസതയുണ്ടാകും. ദാമ്പത്യബന്ധം അത്ര നന്നായിരിക്കില്ല. തൊഴിൽ രംഗത്ത് ബുദ്ധിമുട്ടുകൾ ഉണ്ടാകും. പ്രോജക്ടുകളുടേയും ശിൽപ്പങ്ങളുടേയും മറ്റും നിർമ്മാണത്തിൽ തെറ്റുപറ്റാനിടയുണ്ട്. നൂതനവസ്ത്രങ്ങൾ, അലങ്കാരവസ്തുക്കൾ ഇവ ലഭിക്കും. ബന്ധുജനങ്ങളുടെ വേർപാട് ദുഃഖത്തിലാഴ്ത്തും. ഉദരബന്ധിയായ രോഗങ്ങൾ, വായുകോപം ഇവ പ്രത്യേകം ശ്രദ്ധിക്കണം. കൊളസ്‌ട്രോളിനോടനുബന്ധിച്ചുള്ള അസുഖങ്ങൾക്കും സാദ്ധ്യതയുണ്ട്. വീട്ടിൽ സ്വസ്ഥത കുറയും. വാടകവീടുകൾ മാറേണ്ടതായി വരും. കടം കൊടുത്ത പണം തിരികെ കിട്ടാൻ പ്രയാസപ്പെടും. യന്ത്രങ്ങൾ കൈകാര്യം ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.
ദോഷശാന്തിക്കായി ശാസ്താവിന് നീരാജനം കഴിക്കുകയും,
'ദേവി പ്രപന്നാർത്തി
ഹരേ പ്രസീദ
പ്രസീദ മാതാർജഗതോള ഖിലസ്യ
പ്രസീദ വിശ്വേശ്വരി
പാഹിവിശ്വം
ത്വമീശ്വരി ദേവി ചരാചരസ്യ.'
ഈ ദേവീസ്‌തോത്രം നിത്യവും ഇരുപത്തൊന്ന് പ്രാവശ്യം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)
മൂന്നിൽ കേതു, ഏഴിൽ ശനി, ഒൻപതിൽ ബുധൻ, വ്യാഴം, രാഹു, പത്തിൽ ആദിത്യൻ, പതിനൊന്നിൽ ശുക്രൻ, പന്ത്രണ്ടിൽ കുജൻ ഇതാണ് ഗ്രഹനില.
തൊഴിൽരംഗം മെച്ചപ്പെടും. സർക്കാർ- കമ്പനി ഉദ്യോഗസ്ഥർക്ക് നല്ല സമയമാണ്. ഉദ്യോഗാർത്ഥികൾക്കും നല്ല സമയമാണ്. ഏറ്റെടുക്കുന്ന പദ്ധതികൾ വിജയിപ്പിക്കാനാകും. ശരീരത്തിന് ക്ഷീണം ഉണ്ടാകും. കാര്യതടസ്സങ്ങൾ ക്ഷമയോടെ നേരിടണം. ദുർവ്യയങ്ങൾ ഉണ്ടാകും. പലപ്രകാരത്തിലുള്ള അനർത്ഥങ്ങൾക്കും സാദ്ധ്യതയുണ്ട്. മനസ്സ് എപ്പോഴും അസ്വസ്ഥമായിരിക്കും. ദാമ്പത്യ കലഹങ്ങൾ ഉണ്ടാകും. പല കാര്യങ്ങളിലും പ്രായോഗിക ബുദ്ധി പ്രകടമാക്കും. ധനലാഭൈശ്വര്യങ്ങൾ ഉണ്ടാകും. പ്രതാപത്തോടെ ജീവിക്കാൻ ശ്രമിക്കും. സഹായികളിൽ നിന്ന് അപവാദങ്ങൾ കേൾക്കും. മനോദുഃഖവും അലച്ചിലും കൂടുതലാകും. അലസത ഉണ്ടാകും. കേസുകാര്യങ്ങളിൽ വിജയിക്കും. തൊഴിലിൽ നിന്ന് വരുമാനം നന്നായി ലഭിക്കും. പണമിടപാടുകളിൽ വഞ്ചിക്കപ്പെടാനിടയുണ്ട്. സഹോദര ബന്ധങ്ങളിൽ ഉലച്ചിലുണ്ടാകും. തീർത്ഥയാത്രകൾ മുടങ്ങാനിടയുണ്ട്.
ദോഷശാന്തിക്കായി ഗണപതിഹോമം കഴിക്കുകയും,
'ദശാനാം ത്രിനേത്രാ ച സമുന്നതപയോധരാംഏവം ധ്യായേന്മഹാജ്വാലാം മഹിഷാസുരമർദ്ദിനീം
ഈ ദേവീസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
കന്നിക്കൂറ്(ഉത്രം 2, 3, 4 പാദങ്ങൾ, അത്തം, ചിത്തിര 1, 2 പാദങ്ങൾ)
രണ്ടിൽ കേതു, ആറിൽ ശനി, അഷ്ടമത്തിൽ ബുധൻ, വ്യാഴം, രാഹു, ഒൻപതിൽ ആദിത്യൻ, പത്തിൽ ശുക്രൻ, പതിനൊന്നിൽ കുജൻ ഇതാണ് ഗ്രഹനില.
പലവിധ ആപത്തുകൾക്കിടയുണ്ട്. മുഖത്ത് ദൈന്യഭാവം ഉണ്ടാകും. പാരിതോഷികങ്ങൾ ലഭിക്കും. സുഖശയനം ഉണ്ടാകും. ധനാഗമങ്ങൾ ഉണ്ടാകുമെങ്കിലും ചില സമയങ്ങളിൽ ധനസംബന്ധിയായ പ്രതിസന്ധിയും ഉണ്ടാകും. ബുദ്ധിപൂർവ്വം പ്രവർത്തിച്ചാൽ പല കാര്യങ്ങളും നേടാനാകും. വാക്‌ദോഷം മൂലം പല അനർത്ഥങ്ങളും ഉണ്ടാകും. കലഹങ്ങൾ ഉണ്ടാകാനിടയുണ്ട്. അപമാനം ഏൽക്കേണ്ടതായി വരും. രോഗശാന്തിയുണ്ടാകും. ഭക്ഷണത്തിലൂടെയും മുറിവിലൂടെയും വിഷാംശം ഏൽക്കാനിടയുണ്ട്. കഫക്കെട്ട് മൂലമുള്ള തലവേദന, മുടികൊഴിച്ചിൽ, ത്വക്ക് ബന്ധിയായ അസുഖങ്ങൾ തുടങ്ങിയവയ്ക്ക് സാദ്ധ്യതയുണ്ട്. പരാജയങ്ങൾ ഉണ്ടാകുമ്പോഴും ആത്മവിശ്വാസം നിലനിർത്താനാകും. നാൽക്കാലി വളർത്തുന്നവർക്കും അലങ്കാര സാധനങ്ങൾ വിൽക്കുന്നവർക്കും നല്ല സമയമാണ്. ഭൂമിയിടപാടുകൾക്ക് മങ്ങലേൽക്കും. പണം കൈകാര്യം ചെയ്യുന്നവർ കൂടുതൽ സൂക്ഷിക്കണം. അവർ വരവ് ചെലവ് കണക്കുകൾ പ്രത്യേകം സൂക്ഷിക്കണം.
ദോഷശാന്തിക്കായി സർപ്പാരാധനാ കേന്ദ്രത്തിൽ നൂറും പാലും കഴിക്കുകയും
'പ്രണതാനാം പ്രസീദത്വം ദേവി വിശ്വാർത്തി ഹാരിണി
ത്രൈലോക്യ വാസിനാമീദ്ധ്യേ ലോകാനാം വരദാഭവ'
ഈ ദേവീസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
തുലാക്കൂറ് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)
ലഗ്നത്തിൽ കേതു, അഞ്ചിൽ ശനി, ഏഴിൽ ബുധൻ, വ്യാഴം രാഹു, അഷ്ടമത്തിൽ ആദിത്യൻ, ഒൻപതിൽ ശുക്രൻ, പത്തിൽ കുജൻ ഇതാണ് ഗ്രഹനില.
മക്കളെക്കൊണ്ട് ക്ലേശാനുഭവങ്ങൾ ഉണ്ടാകും. ദൂരെ സ്ഥലങ്ങളിലുള്ള മക്കളെയോർത്ത് ആധി വർദ്ധിക്കും. ധനലാഭങ്ങൾ ഉണ്ടാകും. ധനകാര്യങ്ങളുടെ പ്രവർത്തനങ്ങളിലേർപ്പെടാനാകും. ദാമ്പത്യസൗഖ്യം ഉണ്ടാകും. വിവാഹാലോചനകൾക്ക് തടസ്സം വരും. നിശ്ചയിച്ച വിവാഹങ്ങളും നടക്കാൻ തടസ്സങ്ങൾ കാണുന്നുണ്ട്. പ്രേമബന്ധങ്ങളിലും വിള്ളൽ വീഴാനിടയുണ്ട്. എപ്പോഴും ആത്മസംയമനം പാലിക്കണം. കലഹവാസന എപ്പോഴുമുണ്ടാകും. തൊഴിൽ രംഗത്തും തടസ്സങ്ങൾ ഉണ്ടാകും. അഗ്നി, യന്ത്രങ്ങൾ, രാസവസ്തുക്കൾ ഇവ കൈകാര്യം ചെയ്യുന്നവർ സൂക്ഷിക്കണം. പോലീസുകേസുകളിൽപ്പെടാതിരിക്കാനും ശ്രദ്ധിക്കണം. കാര്യതടസ്സങ്ങൾ ഉണ്ടാകും. ഗവ. ഓഫീസുകളിൽ കലഹം ഉണ്ടാകാതെ ശ്രദ്ധിക്കണം. ശരീരത്തിൽ നീർക്കെട്ട് പനി, ഉദരബന്ധിയായ അസുഖങ്ങൾ, രക്തസമ്മർദ്ദം ഇവ ശ്രദ്ധിക്കണം. കാലം തീരെ മോശമാണെന്ന് കരുതിയിരിക്കണം.
ദോഷശാന്തിക്കായി ഗണപതിഹോമം, ഗണപതിക്ക് അപ്പം, നിവേദ്യം ഇവ കഴിക്കുകയും
'ഗജാസ്യം ഗിരിജാപുത്രം വൃഷാങ്കതനയം വിഭും
വന്ദേ സർവ്വസുരാരാദ്ധ്യം വിഘ്‌നേശം സർവ്വകാമദം.'
ഈ ഗണപതിസ്‌തോത്രം നിത്യവും ഇരുപത്തൊന്ന് പ്രാവശ്യം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
നാലിൽ ശനി, ആറിൽ ബുധൻ, വ്യാഴം രാഹു, ഏഴിൽ ആദിത്യൻ, അഷ്ടമത്തിൽ ശുക്രൻ, ഒമ്പതിൽ കുജൻ, പന്ത്രണ്ടിൽ കേതു ഇതാണ് ഗ്രഹനില.
യാത്രാക്ലേശങ്ങൾ ഉണ്ടാകും. സംസാരത്തിലും മുഖത്തും എപ്പോഴും ദൈന്യഭാവം ഉണ്ടാകും. പലവിധ രോഗാരിഷ്ടതകൾ ഉണ്ടാകൂം. ശസ്ത്രക്രിയ വേണമെങ്കിൽ നടത്താം. പല പ്രകാരത്തിലുള്ള ദുഃഖാനുഭവങ്ങൾക്കും ഇടയുണ്ട്. കാര്യതടസ്സങ്ങൾ ഉണ്ടാകും. സ്ഥാനമാനങ്ങൾ ലഭിക്കും. ചെറിയ ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. എല്ലാവിധ സുഖസൗകര്യങ്ങളും ഉണ്ടാകുമെങ്കിലും ഒന്നും അനുഭവയോഗ്യമല്ല. ഗൃഹോപകരണങ്ങൾ വാങ്ങാനാകും. മനോദുഃഖം കൂടുതലാകും. ഭാര്യാഭർത്താക്കന്മാർ വേറിട്ട് താമസിക്കാനുള്ള യോഗം കാണുന്നുണ്ട്. സഹായികളോടും സഹോദരങ്ങളോടും കലഹമുണ്ടാകും. വീടിന്റെ അറ്റകുറ്റപ്പണികൾ തീർക്കാനാകും. അടുക്കളയിൽ അഗ്നിബാധയുണ്ടാകാതെ ശ്രദ്ധിക്കണം. സഹപ്രവർത്തകർ തമ്മിലുള്ള തർക്കങ്ങളിലൊന്നും ഏർപ്പെടരുത്. ഒരു കാര്യത്തിലുള്ള ജാമ്യം നിൽക്കരുത്. വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണം.
ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തിൽ സുദർശനമന്ത്രപുഷ്പാഞ്ജലി കഴിക്കുകയും,
ഛായായാം പാരിജാതസ്യഹേമ സിംഹാസനോപരി
ആസീനമംബുദശ്യാമ മായതാക്ഷ മലംകൃതം
ചന്ദ്രാനനം ചതുർബാഹും ശ്രീവത്സാങ്കിത വക്ഷസം
രുഗ്മിണി സത്യഭാമാഭ്യാം സഹിതം കൃഷ്ണമാശ്രയേ
ഈ വിഷ്ണുസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
മൂന്നിൽ ശനി, അഞ്ചിൽ ബുധൻ, വ്യാഴം രാഹു, ആറിൽ ആദിത്യൻ, ഏഴിൽ ശുക്രൻ, അഷ്ടമത്തിൽ കുജൻ, പതിനൊന്നിൽ കേതു ഇതാണ് ഗ്രഹനില.
ധനലാഭങ്ങൾ ഉണ്ടാകുമെങ്കിലും ചെലവുകൾ കൂടുതലാകും. ശത്രുക്കളുടെ ശക്തി കുറയും. വ്യവഹാരങ്ങളിൽ വിജയം ഉണ്ടാകും. വ്രണങ്ങൾ, ത്വക്ക് രോഗം, വായുബന്ധിയായ അസുഖങ്ങൾ ഇവയുണ്ടാകും. മനസ്സ് എപ്പോഴും അസ്വസ്ഥമായിരിക്കും. അപമാനമുണ്ടാകും. അപവാദങ്ങൾ കേൾക്കേണ്ടതായി വരും. വീട്ടിൽ കലഹം വർദ്ധിക്കും. നാൽക്കാലികളെ വാങ്ങും. മക്കളെക്കൊണ്ട് സമാധാനം കുറയും. പുതിയ വീടുവയ്ക്കുന്നതിനും വാങ്ങുന്നതിനും പറ്റിയ സമയമാണ്. സ്ത്രീകൾ/ പുരുഷന്മാർ നിമിത്തം ഉപദ്രവങ്ങളുണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടും. പൊതുപ്രവർത്തകർക്ക് അംഗീകാരം ലഭിക്കും. സഹോദരങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകും. അവരുടെ സഹായസഹകരണങ്ങൾ ലഭിക്കും. സ്‌നേഹിതരോട് കലഹിക്കാതെ ശ്രദ്ധിക്കണം. പൊതുവായ കാര്യങ്ങളിലഭിപ്രായം പറയരുത്. ജന്തുക്കളുടെ ഉപദ്രവം ഉണ്ടാകാനിടയുണ്ട്. പണം നിമിത്തം കലഹങ്ങളുണ്ടാകാനിടയുണ്ട്.
ദോഷശാന്തിക്കായി സുബ്രഹ്മണ്യസ്വാമിക്ക് പാലഭിഷേകം ചെയ്യുകയും
'നമാ ക്ഷീരാർണ്ണവ സുതേ നമസ്‌ത്രൈലോക്യ ധാരിണി
വസുവൃഷ്‌ടേ നമസ്തുഭ്യം രക്ഷമാം ശരണാഗതം'
ഈ ദേവീസ്‌തോത്രം നിത്യവും പതിനൊന്ന് പ്രാവശ്യം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
മകരക്കൂറ്:(ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1, 2 പാദങ്ങൾ)
രണ്ടിൽ ശനി, നാലിൽ ബുധൻ, വ്യാഴം രാഹു, അഞ്ചിൽ ആദിത്യൻ, ആറിൽ ശുക്രൻ, ഏഴിൽ കുജൻ, പത്തിൽ കേതു ഇതാണ് ഗ്രഹനില.
ധനാഗമങ്ങൾ ഉണ്ടാകുമെങ്കിലും ചെലവുകൾ വർദ്ധിക്കും. ശരീരത്തിന് ക്ഷീണവും ശക്തിക്കുറവും ഉണ്ടാകും. ധനത്തെ സംബന്ധിച്ച കലഹങ്ങൾക്കിടയുണ്ട്. ശത്രുക്കളിൽ നിന്ന് ഉപദ്രവങ്ങൾ ഉണ്ടാകും. കലഹങ്ങൾ പോലീസ് കേസാകാതെ ശ്രദ്ധിക്കണം. നേത്രരോഗം, ഉദരരോഗം, ഗുഹ്യരോഗങ്ങൾ, അർശ്ശോരോഗം, ഗർഭാശയ ബന്ധിയായ രോഗങ്ങൾ ഇവ ശ്രദ്ധിക്കണം. ബന്ധുജനങ്ങൾക്ക് ദുഃഖാനുഭവങ്ങൾ ഉണ്ടാകും. ഒരിടത്തും സ്വസ്ഥത കിട്ടുകയില്ല. ചില ബന്ധുജനങ്ങൾക്ക് ചെറിയ അഭിവൃദ്ധിയുമുണ്ടാകും. കുടുംബത്തിൽ ഐശ്വര്യാഭിവൃദ്ധിയുണ്ടാകുമെങ്കിലും കുടുംബജനങ്ങൾ പരസ്പരം ശത്രുക്കളുടേതുപ്പോലെയാകും പെരുമാറുക. ദാമ്പത്യകലഹങ്ങൾ കൂടുതലാകും. തൊഴിൽരംഗം മോശമാകും. തൊഴിൽ വിട്ടുപോകേണ്ട അവസ്ഥകൾ വരെ വരും. തൊഴിൽരംഗത്തും കലഹങ്ങൾക്കിടയുണ്ട്. പുനർവിവാഹങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് അലസതയും മടിയും ഉണ്ടാകും.
ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തിൽ ധന്വന്തരീമന്ത്രപുഷ്പാഞ്ജലി കഴിച്ച്
'ബ്രഹ്മ സ്വരൂപബ്രഹ്മജനബ്രഹ്മഭാര്യവേ ചതൽപ്പരഃ
ബ്രഹ്മ ബീജസ്യരൂപേണ ബ്രഹ്മരൂപ നമസ്തുതേ.'
ഈ ശിവസ്‌തോത്രം ഏഴുപ്രാവശ്യം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങൾ, ചതയം,പൂരുരുട്ടാതി 1, 2, 3 പാദങ്ങൾ)
ലഗ്നത്തിൽ ശനി, മൂന്നിൽ ബുധൻ, വ്യാഴം രാഹു, നാലിൽ ആദിത്യൻ, അഞ്ചിൽ ശുക്രൻ, ആറിൽ കുജൻ, ഒൻപതിൽ കേതു ഇതാണ് ഗ്രഹനില.
സുഖാനുഭവങ്ങൾക്ക് തടസ്സം വരും. കാര്യതടസ്സങ്ങൾ, ചെയ്യുന്ന കാര്യങ്ങൾ സഫലമാകാതെ വരിക, വ്യയാധിക്യം ഇവയുണ്ടാകും. അഭിമാനകാര്യം ഉണ്ടാകും. ഉപാസനകൾ മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. കലഹഭയം എപ്പോഴും ഉണ്ടാകും. ശത്രുക്കളോട് അകന്നുനിൽക്കാൻ ശ്രദ്ധിക്കണം. അധികാരസ്ഥാനങ്ങളിൽ നിന്ന് പ്രതികൂല നടപടികൾ ഉണ്ടാകാനിടയുണ്ട്. സ്ഥാനഭ്രംശം ഉണ്ടാകും. ഭക്ഷണത്തിലൂടെ വിഷാംശം ഏൽക്കാനിടയുണ്ട്. അന്യദേശവാസമുണ്ടാകും. സ്വജനങ്ങളുടെ വേർപാട് മനോവിഷമം കൂടുതലാകും. ധനനഷ്ടങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. തൊഴിൽരംഗം നന്നായിരിക്കില്ല. ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ ബുദ്ധിമുട്ടും. കാർഷികരംഗത്തും പരാജയം ഉണ്ടാകും. വിദ്യാഭ്യാസത്തിന് തടസ്സങ്ങൾ ഉണ്ടാകും. വായുകോപം, അർശോരോഗം, മൂത്രാശയബന്ധിയായ രോഗങ്ങൾ, ത്വക്കുരോഗം ഇവയുണ്ടാകാനിടയുണ്ട്.
ദോഷശാന്തിക്കായിസുബ്രഹ്മണ്യ ക്ഷേത്രത്തിൽ പഞ്ചാമൃതനിവേദ്യം, ഭസ്മാഭിഷേകം ഇവ നടത്തുകയും
ശരവണഭവഗുഹ
ഷൺമുഖഭോ
താരകകുമാരക പാലയമാം
ഷൺമുഖപാലയ
ശംഭുകുമാര
സുബ്രഹ്മണ്യകൃപാകരവീര
ഈ മുരുകസ്‌തോത്രം ഏഴുപ്രാവശ്യം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
ലഗ്നത്തിൽ ചന്ദ്രൻ, രണ്ടിൽ ബുധൻ, വ്യാഴം, രാഹു, മൂന്നിൽ ആദിത്യൻ, നാലിൽ ശുക്രൻ, അഞ്ചിൽ കുജൻ, അഷ്ടമത്തിൽ കേതു, പന്ത്രണ്ടിൽ ശനി ഇതാണ് ഗ്രഹനില.
അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. കാര്യതടസ്സങ്ങൾ ഉണ്ടാകും. ഗൃഹനിർമ്മാണത്തിന് തടസ്സങ്ങൾ ഉണ്ടാകും. വീടുവയ്ക്കുന്നതിന്റെ പ്ലാനുകൾ മാറ്റാനിടയുണ്ട്. ബന്ധുജനങ്ങൾക്കാപത്തുകൾക്കിടയുണ്ട്. മനസ്സിന് സ്വസ്ഥത കിട്ടുകയില്ല. ബന്ധുജനങ്ങളുടെ സഹകരണം ലഭിക്കും. ധനലാഭങ്ങൾ ഉണ്ടാകുമെങ്കിലും ചെലവുകൾ കൂടുതലാകും. നല്ല വാക്കുകൾ കൊണ്ട് മറ്റുള്ളവരുടെ ആദരവ് നേടും. സന്താനങ്ങളുടെ വിഷമതകൾ കൂടുതൽ വിഷമത്തിലാക്കും. പലവിധ രോഗാരിഷ്ടതകളാൽ മനസ്സിന് സ്വസ്ഥത കുറയും. സ്ഥാനചലനങ്ങളോടൊപ്പം ജോലിയും അഭിവൃദ്ധിയുമുണ്ടാകും. കർമ്മമണ്ഡലം അഭിവൃദ്ധിപ്പെടും. സഹായികളെ അന്ധമായി വിശ്വസിക്കരുത്. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങാൻ സാധിക്കും. ഓമനിച്ച് വളർത്തുന്ന പക്ഷിമൃഗാദികൾ നഷ്ടപ്പെടാനിടയുണ്ട്. വീഴ്ചയിൽ ഒടിവ്, ചതവ്, മുറിവ് ഇവ പറ്റാൻ സാദ്ധ്യതയുണ്ട്.
ദോഷശാന്തിക്കായി ഭഗവതി ക്ഷേത്രത്തിൽ വനദുർഗ്ഗാ മന്ത്രപുഷ്പാഞ്ജലി നടത്തുകയും
'നമസ്‌തേ മഹാസൗരി തുല്യായ തുഭ്യാം
നമസ്‌തേ ഫലീഭൂത
സൂര്യായ തുഭ്യം
നമസ്‌തേ മഹാമർത്തു
കായായ തുഭ്യം
നമസ്‌തേ മഹൽ
ബ്രഹ്മചര്യായ തുഭ്യം.'
ഈ ഹനുമത്‌സ്‌തോത്രം നിത്യവും ജപിച്ച് (7 പ്രാവശ്യം) പ്രാർത്ഥിക്കുകയും ചെയ്യുക.