ദ്വൈവാരഫലങ്ങള്‍ (16-12-2025 മുതല്‍ 31-12-2025 വരെ 1201 ധനു 1 മുതല്‍ 16 വരെ)

ദ്വൈവാരഫലങ്ങള്‍ (16-12-2025 മുതല്‍ 31-12-2025 വരെ 1201 ധനു 1 മുതല്‍ 16 വരെ)

ദ്വൈവാരഫലങ്ങള്‍ 

16-12-2025 മുതല്‍ 31-12-2025 വരെ 1201 ധനു 1 മുതല്‍ 16 വരെ

ഗ്രഹപ്പകര്‍ച്ച

ഡിസംബര്‍ 29 ന് പകല്‍ 7 മണി 25 മിനിട്ടിന് ബുധന്‍ ധനുരാശിയിലേയ്ക്കും, 20 ന് പകല്‍ 7 മണി 47 മിനിട്ടിന് ശുക്രന്‍ ധനുരാശിയിലേക്കും പകരും.ഡിസംബര്‍ 17 ന് പ്രദോഷം. 18 ന് അമാവാസി, 26 ന് ഷഷ്ഠി.  31 ന് ഏകാദശി. 30 ന് രാത്രി 11 മണി 43 മിനിട്ട് 16 ന് പകല്‍ 10 മണി 17 മിനിട്ടുവരെ ഹരിവാസരം

മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം )

നാലില്‍ വ്യാഴം, അഞ്ചില്‍ കേതു, അഷ്ടമത്തില്‍ ബുധന്‍, ശുക്രന്‍, ഒന്‍പതില്‍ ആദിത്യന്‍, കുജന്‍, പതിനൊന്നില്‍ രാഹു, പന്ത്രണ്ടില്‍ ശനി ഇതാണ് ഗ്രഹസ്ഥിതി.

വീട്ടില്‍ അസ്വസ്ഥതകള്‍ കൂടുതലാകും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല അവസരങ്ങള്‍ വന്നുചേരും. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. അഗ്നിബാധ, കലഹം, യന്ത്രസാമഗ്രികള്‍ കേടുവരുക തുടങ്ങിയവയ്ക്ക് സാദ്ധ്യകളുണ്ട്. ത്വക്ക്രോഗം പ്രത്യേകം ശ്രദ്ധിക്കണം. സഹോദരങ്ങള്‍ക്കും സന്താനങ്ങള്‍ക്കും അഭിവൃദ്ധിയുണ്ടാകും. ധനനഷ്ടങ്ങളും കാര്യതടസ്സങ്ങളും ഉണ്ടാകും. പലവിധ ആപത്തുകളും ധനനഷ്ടങ്ങളും കാര്യതടസ്സങ്ങളും ഉണ്ടാകും.  സ്ഥാനനഷ്ടങ്ങള്‍ക്കും സാദ്ധ്യതയുണ്ട്. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങാനാകും. അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും.

ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ ഭാഗ്യസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും,

'പ്രസീദ തുളസീദേവി 
പ്രസീദ ഹരിവല്ലഭേ
ക്ഷീരോദമഥനോദ്ഭൂതേ
തുളസീത്വം നമാമ്യഹം'

ഈ സ്തോത്രം ജപിച്ച് തുളസിയ്ക്ക് 21 പ്രദക്ഷിണം വച്ച് നിത്യവും മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)

മൂന്നില്‍ വ്യാഴം, നാലില്‍ കേതു, ഏഴില്‍ ബുധന്‍, ശുക്രന്‍, അഷ്ടമത്തില്‍ ആദിത്യന്‍, കുജന്‍, പത്തില്‍ രാഹു, പതിനൊന്നില്‍ ശനി ഇതാണ് ഗ്രഹനില.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ധനത്തെ ചൊല്ലി കലഹങ്ങള്‍ ഉണ്ടാകും. കാര്യസാദ്ധ്യങ്ങള്‍ ഉണ്ടാകും. ചെലവുകള്‍ കൂടുതലാകും. അപവാദങ്ങള്‍ കേള്‍ക്കേണ്ടതായി വരും. അല്‍പ്പമായ ധനലാഭങ്ങള്‍ ഉണ്ടാകും. നീര്‍ക്കെട്ട്, പനി ഇവ ശ്രദ്ധിക്കണം. കലഹങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഗവണ്‍മെന്‍റ്ഓഫീസുകളില്‍ നിന്ന് ബുദ്ധിമുട്ടുകള്‍, കാര്യതടസ്സങ്ങള്‍ ഇവയുണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. സന്താനങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള തടസ്സങ്ങള്‍ മാറിക്കിട്ടും.

ദോഷശാന്തിക്കായി  ശിവങ്കല്‍ ധാരയും പിന്‍വിളക്കും കഴിക്കുകയും,

'ഗജാസ്യമേക ദന്തം ച 
ത്രിനേത്രം നാഗഭൂഷണം
കനകാഭം കരാസക്ത 
പാശാങ്കുശവരം തഥാ.'

ഈ ഗണപതിസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)

രണ്ടില്‍ വ്യാഴം, മൂന്നില്‍ കേതു,  ആറില്‍ ബുധന്‍, ശുക്രന്‍, ഏഴില്‍ ആദിത്യന്‍, കുജന്‍, ഒന്‍പതില്‍ രാഹു, പത്തില്‍ ശനി ഇതാണ് ഗ്രഹനില.

ധനത്തെ സംബന്ധിച്ച് കലഹങ്ങള്‍ക്കിടയുണ്ട്. സഹോദരങ്ങള്‍ക്ക് ക്ലേശാനുഭവങ്ങള്‍ ഉണ്ടാകും. അധികാര സ്ഥാനങ്ങളില്‍ നിന്ന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ദാമ്പത്യകലഹങ്ങള്‍ക്കിടയുണ്ട്. നേത്രരോഗം, ഉദരവ്യാധികള്‍ ഇവയ്ക്ക് സാദ്ധ്യതയുണ്ട്. സ്ഥാനമാനങ്ങള്‍ ലഭ്യമാകും. 

കാര്യസാദ്ധ്യങ്ങളുണ്ടാകും. ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. വാക്കുതര്‍ക്കങ്ങള്‍ അധികമാകാതെ ശ്രദ്ധിക്കണം. പ്രായോഗികബുദ്ധി പലപ്പോഴും തോന്നുകയില്ല. ശത്രുവര്‍ദ്ധനയുണ്ടാകും. ഭൂമികൈമാറ്റങ്ങള്‍ നടക്കും. തൊഴില്‍സ്ഥാനത്തുള്ള കലഹങ്ങള്‍, അഗ്നിബാധ, ഉപകരണങ്ങള്‍ക്ക് കേടുപറ്റുക ഇവ ശ്രദ്ധിക്കണം.
ദോഷശാന്തിക്കായി ഗണപതിഹോമം കഴിക്കുകയും

'ഗോഷ്പദീകൃതവാരാശിം
 മശകീകൃതരാക്ഷസം
രാമായണ മഹാമാലാരത്നം 
വന്ദേ ളഅനിലാത്മജം'

ഈ ഹനുമദ്സ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

കര്‍ക്കിടകക്കൂറ്:(പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)

ലഗ്നത്തില്‍ വ്യാഴം, രണ്ടില്‍ കേതു, അഞ്ചില്‍ ബുധന്‍, ശുക്രന്‍, ആറില്‍ ആദിത്യന്‍, കുജന്‍, അഷ്ടമത്തില്‍ രാഹു, ഒന്‍പതില്‍ ശനി ഇതാണ് ഗ്രഹനില.

സാമ്പത്തിക പ്രയാസങ്ങള്‍ തുടരും. മനഃസന്തോഷം ലഭിക്കും. 
മക്കള്‍ക്കഭിവൃദ്ധിയുണ്ടാകും. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. രോഗാരിഷ്ടതകള്‍ പ്രത്യേകം ശ്രദ്ധിക്കണം. തൊഴില്‍രംഗം മെച്ചപ്പെടും. പുതിയ വീടിനായി ശ്രമം തുടങ്ങാം. കലഹഭയം എപ്പോഴും ഉണ്ടാകും. വീട്ടിലെ കലഹങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. സ്ഥാനക്കയറ്റത്തിന് സാദ്ധ്യതയുണ്ട്. സത്കര്‍മ്മങ്ങള്‍ക്കായി പണം ചെലവഴിക്കും. ദീര്‍ഘദൂരയാത്രകള്‍ ഒഴിവാക്കണം. വലിയ ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. ബന്ധുജനങ്ങള്‍ക്ക് സൗഖ്യവും, അഭിവൃദ്ധിയുമുണ്ടാകുമെങ്കിലും അവരുമായുള്ള കലഹങ്ങള്‍ തുടരും.

ദോഷശാന്തിക്കായി സര്‍പ്പാരാധനകേന്ദ്രത്തില്‍ നൂറും പാലും കഴിക്കുകയും

'കാരുണ്യാമൃത വാരിധിം 
കരലസല്‍ കോദണ്ഡ ബാണോജ്വലം
സീതാചിത്ത സരോജ ചാരുമീ 
ഹിരം ദുര്‍വ്വാദള ശ്യാമളം
ശ്രീമദ് വായുസുതേനലാളിത
പദാംഭോജം പരം ദൈവതം
ശ്രീരാമം ഹൃദി സാനുജം 
ശുഭകരം വില്വാദ്രിനാഥം ഭജേ.'

ഈ ശ്രീരാമസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)

ലഗ്നത്തില്‍ കേതു,  നാലില്‍ ബുധന്‍, ശുക്രന്‍, അഞ്ചില്‍ ആദിത്യന്‍, കുജന്‍, ഏഴില്‍ രാഹു, അഷ്ടമത്തില്‍ ശനി, പന്ത്രണ്ടില്‍ വ്യാഴം ഇതാണ് ഗ്രഹനില.

ഗൃഹനിര്‍മ്മാണം തടസ്സമില്ലാതെ മുന്നോട്ടുപോകും. ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകും. മക്കളുടെ ആരോഗ്യത്തില്‍ ആശങ്കയുണ്ടാകും. ധനലാഭ ഐശ്വര്യങ്ങള്‍ ഉണ്ടാകും. കുടുംബ ജനങ്ങള്‍ക്കും ബന്ധുജനങ്ങള്‍ക്കും അഭിവൃദ്ധിയുണ്ടാകും. കാര്യസാദ്ധ്യങ്ങള്‍ ഉണ്ടാകും. ദൂരയാത്രകള്‍ ഒഴിവാക്കണം. മദ്ധ്യസ്ഥതകള്‍ ഒഴിവാക്കണം. തൊഴില്‍രംഗം മെച്ചപ്പെടും. സ്ഥാനക്കയറ്റം,  സ്ഥാനമാനങ്ങള്‍ ലഭിക്കും. ബന്ധുജനസഹായം ലഭ്യമാകും. വാതരോഗത്തിന്‍റെ ഉപദ്രവങ്ങള്‍ കൂടുതലാകും. ആയുര്‍ഭീതിയുണ്ടാകും.

ദോഷശാന്തിക്കായി ശിവങ്കല്‍ മൃത്യുഞ്ജയ മന്ത്ര പുഷ്പാഞ്ജലി നടത്തുകയും,

'ശിരോദൃഷ്ടി ഹൃദ്രോഗ ശൂല പ്രമേഹ
ജ്വരാര്‍ശോ ജരായക്ഷ്മ ഹിക്കാവിഷാര്‍ത്താന്‍
ത്വമാദ്യോ ഭിഷക്, ഭേഷജം ഭസ്മശംഭോ
തദുല്ലാഘയാസ്മന്‍ വപുര്‍ല്ലാഘവായ.'

ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്തിര 1, 2 പാദങ്ങള്‍)

മൂന്നില്‍ ബുധന്‍, ശുക്രന്‍, നാലില്‍ ആദിത്യന്‍, കുജന്‍, ആറില്‍ രാഹു, ഏഴില്‍ ശനി, പതിനൊന്നില്‍ വ്യാഴം, പന്ത്രണ്ടില്‍ കേതു ഇതാണ് ഗ്രഹനില.

ദൂരയാത്രകള്‍ വേണ്ടിവരും. മനോദുഃഖവും അലച്ചിലും കൂടുതലാകും. അപവാദങ്ങള്‍ കേള്‍ക്കേണ്ടതായി വരും. സ്ഥാനക്കയറ്റം ലഭിക്കും. ധനലാഭങ്ങള്‍ ഉണ്ടാകും. പുതിയതും വിശേഷപ്പെട്ടതുമായ വസ്ത്രാദ്യലങ്കാരങ്ങള്‍ ലഭ്യമാകും. കര്‍മ്മവൈകല്യം ഉണ്ടാകും. നിര്‍മ്മാണ പ്രവൃത്തികള്‍ ചിലപ്പോള്‍ പൊളിക്കേണ്ടതായി വരും. തര്‍ക്കവിഷയങ്ങളിലിടപെടരുത്. പോലീസ് കേസുകള്‍ തുടങ്ങിവയ്ക്ക് സാധ്യതകളുണ്ട്. ദുര്‍ജ്ജനങ്ങളുമായുള്ള സഹകരണം ഒഴിവാക്കണം. പനി, ഉദരവ്യാധി ഇവ ശ്രദ്ധിക്കണം. സുഖാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. ദാമ്പത്യക്ലേശങ്ങള്‍ക്കും സാദ്ധ്യതയുണ്ട്.

ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ രാജഗോപാലമന്ത്രം പുഷ്പാഞ്ജലി കഴിക്കുകയും,

'ദശസാഹസ്രദോര്‍ദണ്ഡാം
 നാനാ ശസ്ത്രാസ്ത്രധാരിണീം
വിചിത്രായുധസന്നദ്ധാം 
വിശ്വരൂപാം ശിവാത്മികാം.'

ഈ ദേവിസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

തുലാക്കൂറ് (ചിത്തിര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 പാദങ്ങള്‍) 

രണ്ടില്‍ ബുധന്‍, ശുക്രന്‍, മൂന്നില്‍ ആദിത്യന്‍, കുജന്‍, അഞ്ചില്‍ രാഹു, ആറില്‍ ശനി, പത്തില്‍ വ്യാഴം, പതിനൊന്നില്‍ കേതു ഇതാണ് ഗ്രഹനില.

ചെലവുകള്‍ കൂടുതലാകും. നല്ല വാക്കുകള്‍ പറഞ്ഞ് മറ്റുള്ളവരുടെ പ്രീതിനേടും. സ്ഥാനക്കയറ്റം ലഭ്യമാകും. ധനാഭിവൃദ്ധിയുണ്ടാകും. പൊതുവെ ആരോഗ്യം തൃപ്തികരമായിരിക്കും. ശത്രുക്ഷയം ഉണ്ടാകും. മക്കള്‍ക്ക് സൗഖ്യം ഉണ്ടാകും. കാര്യസാദ്ധ്യങ്ങള്‍ ഉണ്ടാകും. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. കൊടുക്കല്‍വാങ്ങലുകളില്‍ ലാഭം പ്രതീക്ഷിക്കാം. തൊഴില്‍രംഗം മെച്ചപ്പെടും. മംഗളകര്‍മ്മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനാകും. വാഹനങ്ങള്‍ വാങ്ങാം. യാത്രകള്‍ പോകാനവസരം ഉണ്ടാകും. തര്‍ക്കവിഷയങ്ങളില്‍ വിജയം നേടാനാകും. മംഗളവാര്‍ത്തകള്‍ കേള്‍ക്കാനാകും.

ദോഷശാന്തിക്കായി ശിവങ്കല്‍ മുന്‍പിലും പിറകിലും നെയ്വിളക്ക് കത്തിച്ച് 
കൂവളമാല ചാര്‍ത്തുകയും

'സര്‍വ്വമംഗള മാംഗല്യേ 
ശിവേ സര്‍വാര്‍ത്ഥ സാധികേ
ശരണ്യേത്രംബകേ ഗൗരീ 
നാരായണീ നമോസ്തുതേ.'

ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)

ലഗ്നത്തില്‍ ബുധന്‍, ശുക്രന്‍, രണ്ടില്‍ ആദിത്യന്‍, കുജന്‍, നാലില്‍ രാഹു, അഞ്ചില്‍ ശനി, ഒന്‍പതില്‍ വ്യാഴം, പത്തില്‍ കേതു ഇതാണ് ഗ്രഹനില.

മനസ്സിന്‍റെ അസ്വസ്ഥതകള്‍ കൂടുതലാകും. ദുശ്ചിന്തകളും ദുര്‍ബുദ്ധിയും ഒഴിവാക്കണം. വീട്ടില്‍ കലഹങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗം മെച്ചമല്ല. മക്കള്‍ അടുത്തില്ലാത്തതിന്‍റെ വിഷമതകള്‍ കൂടുതലാകും. പലവിധ ദുഃഖാനുഭവങ്ങള്‍ക്കും ഇടയുണ്ട്. ബന്ധനാവസ്ഥവരെ പ്രതീക്ഷിക്കാം. ബന്ധുജനങ്ങളുമായുള്ള കലഹം കൂടുതലാകും. വര്‍ത്തമാനത്തില്‍ മിതത്വം പാലിക്കണം. ഗവണ്‍മെന്‍റ് ഓഫീസുകളുമായുള്ള കാര്യങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. മനോവിചാരങ്ങള്‍ കൂടുതലാകും. ആധിവ്യാധികള്‍ വര്‍ദ്ധിക്കും. കള്ളന്മാരുടേയും അഗ്നിയുടേയും ഉപദ്രവങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ധനനഷ്ടങ്ങളുണ്ടാകും. വഞ്ചനകളില്‍പ്പെടാതെ ശ്രദ്ധിക്കണം.

ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ അപദുദ്ധരണമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും

'മുഖം യഃ സര്‍വ്വദേവാനാം 
യേന ഹവ്യഞ്ചനീയതേ
യേന പ്രവര്‍ത്തതേ സര്‍വ്വം 
നമസ്തസ്മൈ ഹവിര്‍ഭുജേ.'

ഈ ശിവസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)

ലഗ്നത്തില്‍ ആദിത്യന്‍, കുജന്‍, മൂന്നില്‍ രാഹു, നാലില്‍ ശനി, എട്ടില്‍ വ്യാഴം, ഒമ്പതില്‍ കേതു,  പന്ത്രണ്ടില്‍ ബുധന്‍, ശുക്രന്‍ ഇതാണ് ഗ്രഹനില.

ശരീരക്ലേശങ്ങള്‍ കൂടുതലാകും. യാത്രകള്‍ വേണ്ടിവരും. കാര്യതടസ്സങ്ങള്‍ ഉണ്ടാകും. ശത്രുക്കളുടെ ഉപദ്രവം കൂടുതലാകും. വീട്ടില്‍ സ്വസ്ഥത കുറയും. ബുദ്ധിസാമര്‍ത്ഥ്യംകൊണ്ട് പല കാര്യങ്ങളും നേടാനാകും. പല പ്രകാരേണ ധനാഗമം ഉണ്ടാകും. മനോദുഃഖങ്ങള്‍ കൂടുതലാകും. കലഹവാസന കൂടുതലാകും. മറ്റുള്ളവര്‍ക്ക് വശവര്‍ത്തിയായി പ്രവര്‍ത്തിക്കേണ്ടതായി വരും. സഹോദരങ്ങളുമായി കലഹിക്കേണ്ടതായിവരും. ധര്‍മ്മാചാരങ്ങള്‍ ഉപേക്ഷിക്കേണ്ടതായിവരും. സജ്ജനങ്ങളെ കുറ്റം പറയരുത്. കഫത്തിന്‍റെ ഉപദ്രവം കൂടുതലാകും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കും.
ദോഷശാന്തിക്കായി സുബ്രഹ്മണ്യസ്വാമിക്ക് പാലഭിഷേകം കഴിക്കുകയും

'ദേവാധിദേവ രഥമണ്ഡല മധ്യവേദ്യ
ദേവേന്ദ്ര പീഡനകരം ദൃഢചാപഹസ്തം
ശൂരം നിഹത്യ സുരകോടി ഭിരീഡ്യമാന
വല്ലീസനാഥ മമദേഹി കരാവലംബം'

ഈ സുബ്രഹ്മണ്യസ്തുതി നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

മകരക്കൂറ്:(ഉത്രാടം 2,3,4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)

രണ്ടില്‍ രാഹു, മൂന്നില്‍ ശനി, ഏഴില്‍ വ്യാഴം, അഷ്ടമത്തില്‍ കേതു, പതിനൊന്നില്‍ ബുധന്‍, ശുക്രന്‍, പന്ത്രണ്ടില്‍ ആദിത്യന്‍, കുജന്‍ ഇതാണ് ഗ്രഹനില.

ചെലവുകള്‍ കൂടുതലാകും. പ്രാര്‍ത്ഥനകള്‍ക്കും വഴിപാടുകള്‍ക്കും ഫലം കുറയും. പല പ്രകാരത്തിലുള്ള അനര്‍ത്ഥങ്ങള്‍ക്കിടയുണ്ട്. മനോവ്യാധികള്‍ കൂടുതലാകും. നല്ല വാക്കുകള്‍ പറഞ്ഞ് മറ്റുള്ളവരുടെ പ്രീതിനേടാന്‍ ശ്രമിക്കണം. കാര്യസാദ്ധ്യങ്ങള്‍ ഉണ്ടാകും. മനസ്സന്തോഷം ഉണ്ടാകുന്ന കാര്യങ്ങള്‍ ഉണ്ടാകും. ബന്ധുജനസഹായം ലഭ്യമാകും. ബുദ്ധിസാമര്‍ത്ഥ്യവും വാക്സാമര്‍ത്ഥ്യവും കൊണ്ട് പല കാര്യങ്ങളും നേടാനാകും. നാല്‍ക്കാലികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ ശ്രദ്ധിക്കണം. ആയുധംകൊണ്ട് മുറിവേല്‍ക്കാനിടയുണ്ട്. സത്യത്തെ മറച്ചുവെച്ച് സംസാരിക്കേണ്ടതായിവരും. നേത്രരോഗം, അര്‍ശ്ശോരോഗം ഇവ ശ്രദ്ധിക്കണം. 

ദോഷശാന്തിക്കായി ഭഗവതിക്ക് ജയദുര്‍ഗ്ഗാമന്ത്രപുഷ്പാഞ്ജലി കഴിക്കുകയും,

'പഞ്ചവക്ത്രം ത്രിനേത്രം 
ച ശുദ്ധസ്ഫടികസന്നിഭം
വരാഭയ പരശ്വേണ പാണീം 
കോടിരവി പ്രഭം
സര്‍വ്വാംഗസുന്ദരം നിത്യം
ഷോഡശാബ്ദം ജഗദ്ഗുരും
ഭക്തകല്‍പദ്രുമം ശാന്തം വന്ദേ 
ശ്രീപരമേശ്വരം.'

ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)

ലഗ്നത്തില്‍ രാഹു, രണ്ടില്‍ ശനി, ആറില്‍ വ്യാഴം, ഏഴില്‍ കേതു, പത്തില്‍ ബുധന്‍, ശുക്രന്‍, പതിനൊന്നില്‍ ആദിത്യന്‍, കുജന്‍ ഇതാണ് ഗ്രഹനില.

പുതിയ വീടിന്‍റെ പണികള്‍ തടസ്സം കൂടാതെ നടക്കും. വിവാഹാലോചനകള്‍ക്ക് മുടക്കം വരും. തൊഴില്‍രംഗം മെച്ചപ്പെടും. ധനനഷ്ടങ്ങള്‍ ഉണ്ടാകും. സുഖാനുഭവങ്ങള്‍ക്ക് തടസ്സംവരും. ശരീരത്തിന് ശക്തിക്കുറവ് തോന്നും. ശരീരകാന്തിക്ക് കോട്ടം തട്ടിയതായി തോന്നും. അപമാനം ഏല്‍ക്കേണ്ടതായിവരും. കലഹങ്ങള്‍ ഉണ്ടാകും. സന്താനോല്‍പ്പാദനവുമായി ബന്ധപ്പെട്ട ചികിത്സകള്‍ക്ക് ഫലം കാണും. ആഗ്രഹിച്ച വിവാഹങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്. കാര്യങ്ങള്‍ക്ക് സാമര്‍ത്ഥ്യപൂര്‍വ്വം നേതൃത്വം കൊടുക്കാന്‍ സാധിക്കും. ഉദ്യോഗസ്ഥര്‍ക്ക് അധികാരം തടസ്സം കൂടാതെ പ്രയോഗിക്കാന്‍ പറ്റും. സ്ഥാനക്കയറ്റം ലഭിക്കും. മനോവ്യാധികള്‍ക്ക് ശമനംവരും. മക്കള്‍ക്ക് ജോലികിട്ടാനുള്ള സാധ്യതകള്‍ ഉണ്ട്.

ദോഷശാന്തിക്കായി സര്‍പ്പാരാധനാകേന്ദ്രത്തില്‍ നൂറും പാലും കഴിക്കുകയും,

'സ്തുവദ്ഭ്യോ ഭക്തിപൂര്‍വ്വം 
ത്വാം ചണ്ഡികേ വ്യാധിനാശിനി
രൂപം ദേഹിജയം ദേഹിയഛോ 
ദേഹി ദ്വിഷോ ജഹി.'

ഈ ഭഗവതിസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)

ലഗ്നത്തില്‍ ശനി, അഞ്ചില്‍ വ്യാഴം, ആറില്‍ കേതു, ഒന്‍പതില്‍ ബുധന്‍, ശുക്രന്‍, പത്തില്‍ ആദിത്യന്‍, കുജന്‍, പന്ത്രണ്ടില്‍ രാഹു ഇതാണ് ഗ്രഹനില.

തൊഴില്‍രംഗം മെച്ചപ്പെടും. വീടുപണികള്‍ തടസ്സം കൂടാതെ നടക്കും. തൊഴില്‍രംഗത്തുള്ള കലഹങ്ങളും, മറ്റ് ബുദ്ധിമുട്ടുകളും തരണം ചെയ്യാനാകും. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. കാര്യസാദ്ധ്യങ്ങളുണ്ടാകും. ചെയ്യുന്ന പ്രവൃത്തികള്‍ വിജയപ്രദമാകും. പലവിധത്തിലുള്ള ധനലാഭങ്ങള്‍ ഉണ്ടാകും. വാതബന്ധിയായ അസുഖങ്ങള്‍ക്ക് യുക്തമായ ചികിത്സകള്‍ ചെയ്യണം. ബന്ധുജനങ്ങള്‍ക്ക് ദുഃഖാനുഭവങ്ങള്‍ ഉണ്ടാകും. 

ധര്‍മ്മകാര്യപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ സാധിക്കും. വിഷത്തിന്‍റേയും അഗ്നിയുടേയും ഉപദ്രവങ്ങള്‍ക്കിടയുണ്ട്. ബന്ധുജനങ്ങളുമായി കലഹിക്കേണ്ടതായിവരും. ചില ധനനഷ്ടങ്ങള്‍ക്കും സാദ്ധ്യതയുണ്ട്. ദോഷശാന്തിക്കായി ശാസ്താവിന് എള്ളുപായസം കഴിക്കുകയും

'കൃഷ്ണോരക്ഷതുമാം ചരാചരഗുരുഃ
കൃഷ്ണം നമസ്യേ സദാ
കൃഷ്ണേനൈവ സുരക്ഷിതോഹമസകൃത്
കൃഷ്ണായദത്തം നമഃ
കൃഷ്ണാദേവ സമുദ്ഭവോ മമവിഭോ
കൃഷ്ണസ്യ ഭാസോസ്മ്യഹം
കൃഷ്ണേ ഭക്തിരചഞ്ചലാസ്തു ഭഗവന്‍
ഹേ കൃഷ്ണ തുഭ്യം നമഃ'

ഈ വിഷ്ണുസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക. 

 

ജ്യോത്സ്യന്‍ പി. ശരത്ചന്ദ്രന്‍
'സ്മിത'(ഒ), ചേന്ദമംഗലം പി.ഒ, 683512,
വ. പറവൂര്‍
9446057752