ദ്വൈവാരഫലങ്ങള്‍
(1-2-2026 മുതല്‍ 15-2-2026 വരെ 1201 മകരം 18 മുതല്‍ കുംഭം 3 വരെ)
ദ്വൈവാരഫലങ്ങള്‍
1-2-2026 മുതല്‍ 15-2-2026 വരെ 1201 മകരം 18 മുതല്‍ കുംഭം 3 വരെ
ഗ്രഹപ്പകര്‍ച്ച
ഫെബ്രുവരി 3 ന് രാത്രി 9 മണി 53 മിനിട്ടിന് ബുധനും, 6 ന് പുലര്‍ച്ചെ ഒരു മണി 12 മിനിട്ടിന് ശുക്രനും കുംഭം രാശിയിലേക്ക് പകരും ഫെബ്രുവരി 1 ന് പൗര്‍ണ്ണമി. തൈപ്പൂയം. ഫെബ്രുവരി 13 ന് പുലര്‍ച്ചെ 4 മണി 11 മിനിട്ടിന് ധനുക്കൂറില്‍ കുംഭസംക്രമം
മേടക്കൂറ്:(അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം)
മൂന്നില്‍ വ്യാഴം, അഞ്ചില്‍ കേതു, പത്തില്‍ ആദിത്യന്, കുജന്, ബുധന്‍ ശുക്രന്, പതിനൊന്നില്‍ രാഹു, പന്ത്രണ്ടില്‍ ശനി ഇതാണ് ഗ്രഹനില.
മനഃസ്വസ്ഥത കുറയും. മനസ്സ് എപ്പോഴും സംഘര്‍ഷഭരിതമായിരിക്കും. പൊതുവെ എല്ലാകാര്യങ്ങളിലും വിജയം പ്രതീക്ഷിക്കാം. ചെയ്യുന്ന പ്രവൃത്തികള്‍ സഫലമായി തീരും. ശത്രുക്ഷയം വരും. ദാമ്പത്യസൗഖ്യം ഉണ്ടാകും. കമിതാക്കളുടെ പ്രണയം സഫലമാകും. ചില സ്ഥാനനഷ്ടങ്ങള്‍ക്കിടയുണ്ട്. കലഹവാസന കൂടുതലാകും. അപമാനം ഏല്ക്കേണ്ടതായി വരും. അലച്ചിലും ബുദ്ധിമുട്ടും കൂടുതലാകും. തൊഴില്‍രംഗം സമ്മിശ്രമായിരിക്കും. വാതബന്ധിയായ അസുഖങ്ങള്‍ കൂടുതലാകും. ചെലവുകള്‍ കൂടുതലാകും. സഹോദരങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും.
ദോഷശാന്തിക്കായി ഭഗവതിക്ഷേത്രത്തില്‍ ഭാഗ്യസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും
'വിശുദ്ധ ജ്ഞാനദേഹായ
ത്രിവേദീ ദിവ്യ ചക്ഷുഷേ
ശ്രേയഃ പ്രാപ്തി
നിമിത്തായ നമഃ
സോമാര്‍ദ്ധധാരിണേ.'
ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)
രണ്ടില്‍ വ്യാഴം, നാലില്‍ കേതു, ഒന്‍പതില്‍ ആദിത്യന്, കുജന്, ബുധന്‍, ശുക്രന്, പത്തില്‍ രാഹു, പതിനൊന്നില്‍ ശനി ഇതാണ് ഗ്രഹനില.
കാര്യസാദ്ധ്യങ്ങളുണ്ടാകും. വീട്ടില്‍ സ്വസ്ഥത കുറയും. ധനലാഭാദി ഐശ്വര്യങ്ങള്‍ ഉണ്ടാകുമെങ്കിലും, ചില ധനനഷ്ടങ്ങള്‍ക്കും സാദ്ധ്യതയുണ്ട്. സന്ധിവേദനകള് കൂടുതലാകും. പലവിധ ആപത്തുകള്‍ക്കും സാദ്ധ്യതയുണ്ട്. പിതാവുമായി പിതൃസ്ഥാനീയരുമായി കലഹിക്കേണ്ടതായി വരും. ധര്‍മ്മാചാരങ്ങള്‍ക്ക് കുറവുവരും. തൊഴില്‍രംഗം മെച്ചപ്പെടും. പ്രണയവിവാഹങ്ങള്‍ തടസ്സമില്ലാതെ നടക്കും. വാക്സാമര്ത്ഥ്യം കൊണ്ട് മറ്റുള്ളവരുടെ പ്രീതിയും, കാര്യസാദ്ധ്യങ്ങളുമുണ്ടാകും. ആര് എതിര്‍ത്താലും തനിക്ക് ഉചിതമായ പ്രവര്‍ത്തികള്‍ ചെയ്യാന്‍ സാധിക്കും. സത്കീര്ത്തിയുണ്ടാകും. പുതിയ അതിഥികള്‍ വരാനിടയുണ്ട്.
ദോഷശാന്തിക്കായി ശിവങ്കല്‍ ധാര കഴിക്കുകയും
'ത്വല്പ്രസൂത സ്ത്വദാജ്ഞപ്തദ്ദാസസ്ത്വല്പരായണ
ത്വനാമ ചിന്തനപരസ്പദര്ത്ഥേഹം
നിയോജിതാഃ'
ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)
ലഗ്നത്തില്‍ വ്യാഴം, മൂന്നില്‍ കേതു, അഷ്ടമത്തില്‍ ആദിത്യന്, കുജന്, ബുധന്‍, ശുക്രന്, ഒന്‍പതില്‍ രാഹു, പത്തില്‍ ശനി ഇതാണ് ഗ്രഹനില.
സഹോദരങ്ങള്‍ക്ക് ക്ലേശാനുഭവങ്ങള്‍ക്കിടയുണ്ട്. ഗവണ്മെന്റുമായുള്ള കാര്യങ്ങള്‍ക്ക് തടസ്സങ്ങളും കാലതാമസവും ഉണ്ടാകും. ഒടിവ്, ചതവ്, വ്രണങ്ങള്‍, മുറിവ് ഇവ സൂക്ഷിക്കണം. മാനക്ഷയം ഉണ്ടാകാനിടയുണ്ട്. മനസ്സിന് ആഘാതമുണ്ടാക്കുന്ന കാര്യങ്ങള്‍ ഉണ്ടാകും. മക്കള്ക്കഭിവൃദ്ധിയും സൗഖ്യവും ഉണ്ടാകും. ധനപുഷ്ടിയുണ്ടാകും. സ്ഥാനനഷ്ടങ്ങള്‍ക്കിടയുണ്ട്. കലഹവാസന കൂടുതലാകും. പ്രായോഗിക ബുദ്ധി പലപ്പോഴും തോന്നുകയില്ല. തൊഴില്‍രംഗത്ത് മന്ദതയുണ്ടാകും. ഇലക്ട്രോണിക് ഉപകരണങ്ങള്‍ മാറ്റിവാങ്ങാം. ചില ധനനഷ്ടങ്ങള്‍ക്കിടയുണ്ട്.
ദോഷശാന്തിക്കായി സര്‍പ്പാരാധനാകേന്ദ്രത്തില്‍ നൂറും പാലും കഴിക്കുകയും,
'നമോ വിഷ്ണവേ വാസുദേവായ തുഭ്യം
നമോ നാരസിംഹായ ശേഷായ തുഭ്യം
നമഃ കാലരൂപായ സംഹാരകര്ത്രേ
നമസ്തേ വരാഹായ ഭൂയോ നമസ്തേ'
ഈ വിഷ്ണുസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കര്‍ക്കിടകക്കൂറ്:(പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)
രണ്ടില്‍ കേതു, ഏഴില്‍ ആദിത്യന്, കുജന്, ബുധന്‍, ശുക്രന്, അഷ്ടമത്തില്‍ രാഹു, ഒന്‍പതില്‍ ശനി, പന്ത്രണ്ടില്‍ വ്യാഴം ഇതാണ് ഗ്രഹനില.
പിതൃജനങ്ങളുടെ രോഗാരിഷ്ടതകള്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. ധര്‍മ്മകാര്യപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. ബന്ധുജനങ്ങളുമായി കലഹിക്കേണ്ടതായി വരും. സ്ത്രീകള്‍/ പുരുഷന്മാര് മൂലം ഉപദ്രവങ്ങള്‍ ഉണ്ടാകും. വഴിയാത്രകളില്‍ വൈഷമ്യങ്ങള്‍ ഉണ്ടാകും. ചില ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. സത്കര്‍മ്മങ്ങള്‍ക്കായി പണം ചെലവഴിക്കും. കലഹങ്ങള്‍ക്കിടയുണ്ട്. നേത്രരോഗം, ഉദരവ്യാധികള്‍ ഇവ ശ്രദ്ധിക്കണം. എപ്പോഴും ദൈന്യഭാവമായിരിക്കും. കാല്‍നട സഞ്ചാരം കൂടുതലായി വേണ്ടിവരും. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും.
ദോഷശാന്തിക്ക് വിഷ്ണുക്ഷേത്രത്തില്‍ മഹാസുദര്‍ശനമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും
'യത് കടാക്ഷ സമുപാസനാവിധിഃ
സേവകസ്യ സകലാര്‍ത്ഥ സംപദഃ
സം തനോതിവചനാംഗമാനസൈഃ
ത്വം മുരാരി ഹൃദയേശ്വരീം ഭജേ.'
ഈ ഭഗവതിസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)
ലഗ്നത്തില്‍ കേതു, ആറില്‍ ആദിത്യന്, കുജന്, ബുധന്‍, ശുക്രന്, ഏഴില്‍ രാഹു, അഷ്ടമത്തില്‍ ശനി, പതിനൊന്നില്‍ വ്യാഴം ഇതാണ് ഗ്രഹനില.
ധനാഗമങ്ങള്‍ ഉണ്ടാകും. എപ്പോഴും കലഹഭയം ഉണ്ടായിക്കൊണ്ടിരിക്കും. കാര്യസാദ്ധ്യങ്ങള്‍ ഉണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കും. ഭാഗ്യാനുഭവങ്ങള്‍ക്കിടയുണ്ട്. പലവിധ രോഗാരിഷ്ടതകളും ഉണ്ടാകും. ബന്ധുജനങ്ങളുമായി കലഹിക്കേണ്ടതായി വരും. വിശപ്പ് കൂടുതലായനുഭവപ്പെടും. നേതൃഗുണം ഉണ്ടാകും. മുറിവ്, വ്രണം ഇവ സൂക്ഷിക്കണം. കോപാധിക്യം നിയന്ത്രിക്കണം. സംസാരത്തില്‍ മിതത്വം പാലിക്കണം. ഏത് കാര്യത്തിലും ഉറച്ച തീരുമാനമെടുക്കാനാകും. സന്താനോല്‍പ്പാദനത്തിനുള്ള ചികിത്സകള്‍ക്ക് ഫലപ്രാപ്തിയിലെത്താന്‍ കാലതാമസം വരും. അപവാദങ്ങള്‍ കേള്‍ക്കേണ്ടതായി വരും. ഭാര്യ/ഭര്‍ത്താവില്‍ നിന്ന് ക്ലേശാനുഭവങ്ങള്‍ക്കിടയുണ്ട്.
ദോഷശാന്തിക്കായി ഗണപതിഹോമം നടത്തുകയും
'മാം കേശവോ ഗദയാ പ്രതരവ്യാദ്
ഗോവിന്ദ ആസംഗവമാത്ത വേണുഃ
നാരായണഃ പ്രാഹ്ന ഉദാത്തശക്തിര്-
മ്മധ്യന്ദിനേ വിഷ്ണു രരീത്ര പാണീ'
ഈ വിഷ്ണുസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്തിര 1, 2 പാദങ്ങള്‍)
അഞ്ചില്‍ ആദിത്യന്, കുജന്, ബുധന്‍ ശുക്രന്, ആറില്‍ രാഹു, ഏഴില്‍ ശനി, പത്തില്‍ വ്യാഴം, പന്ത്രണ്ടില്‍ കേതു ഇതാണ് ഗ്രഹനില.
ധനലാഭൈശ്വര്യങ്ങള്‍ ഉണ്ടാകും. ശത്രുഭയം കൂടുതലാകും. തന്റേയും മക്കളുടേയും ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടാകും. ഭാര്യയോടും/ ഭര്‍ത്താവിനോടും മക്കളോടും കലഹങ്ങള്‍ ഉണ്ടാകും. സ്ഥാനനഷ്ടങ്ങള്‍ ഉണ്ടാകും. ചെയ്യുന്ന പ്രവൃത്തികള്‍ക്ക് തെറ്റുപറ്റും. ബന്ധുജനങ്ങള്‍ക്ക് സൗഖ്യം ഉണ്ടാകും. ദൂരയാത്രകള് വേണ്ടിവരും. മനോദുഃഖവും അലച്ചിലും കൂടുതലാകും. കാര്യതടസ്സങ്ങളും കാലതാമസ്സവും ഉണ്ടാകും. പലതരത്തിലുള്ള അനര്‍ത്ഥങ്ങള്‍ക്കിടയുണ്ട്. ചഞ്ചലബുദ്ധിയായിരിക്കും. കോപം നിയന്ത്രിക്കണം. സാഹസപ്രവൃത്തികളിലേര്പ്പെടരുത്. നേതൃഗുണം ഉണ്ടാകും.
ദോഷശാന്തിക്കായി ഭഗവതിക്ഷേത്രത്തില്‍ വനദുര്‍ഗ്ഗാമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും,
'ശശിനേ ചന്ദ്രദേവായ
സോമദേവായ ചേന്ദവേ
മൃഗിണേള അസിത
ബിംബായ ലോകദീപായ ദീപിനേ
രോഹിണീസത്ത്വ ചിത്തായ
കന്യാദാന പ്രദായിനേ
ശീതാദിതീതി ബിംബായ
താരാനാഥായ തേ നമഃ'
ഈ ചന്ദ്രഗ്രഹസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
തുലാക്കൂറ് (ചിത്തിര 3,4 പാദങ്ങള്‍, ചോതി, വിശാഖം 1,2,3 പാദങ്ങള്‍)
നാലില്‍ ആദിത്യന്, കുജന്, ബുധന്‍, ശുക്രന്, അഞ്ചില്‍ രാഹു, ആറില്‍ ശനി, ഒന്‍പതില്‍ വ്യാഴം, പതിനൊന്നില്‍ കേതു ഇതാണ് ഗ്രഹനില.
ശൂരത കൂടുതലാകും. ശത്രുജയം ഉണ്ടാകും. പുതിയ ഗൃഹനിര്‍മ്മാണത്തിനുള്ള സമയമായി. സുഖാനുഭവങ്ങള്‍ ഉണ്ടാകും. വിശേഷവസ്ത്രാദ്യലങ്കാരങ്ങള്‍ ലഭിക്കും. ഹൃദയബന്ധിയായ അസുഖങ്ങള്‍ ഉള്ളവര്‍ ശ്രദ്ധിക്കണം. അധര്മ്മന്മാരായ ആളുകളെ ആശ്രയിക്കേണ്ടതായി വരും. ഈശ്വരപൂജാതാല്പ്പര്യം വര്‍ദ്ധിക്കും. തൊഴില്‍രംഗം മെച്ചപ്പെടും. യശസ്സ് വര്‍ദ്ധിക്കും. പൂര്വ്വികധനത്തിന് ഹാനിവരും. മനഃസ്വസ്ഥത കുറയും. ബന്ധുജനങ്ങളുമായി അകലേണ്ടതായി വരും. തര്‍ക്കവിഷയങ്ങളില്‍ വിജയം വരിക്കും. ധനാഗമങ്ങള്‍ ഉണ്ടാകും. വിവാഹാലോചനകള്‍ ഉറപ്പിക്കാനാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ല അവസരങ്ങള്‍ ഉണ്ടാകും.
ദോഷശാന്തിക്കായി സര്‍പ്പാരാധനാകേന്ദ്രത്തില്‍ നൂറും പാലും കഴിക്കുകയും,
'സശംഖചക്രം സകീരിടകുണ്ഡലം
സപീതവസ്ത്രം സരസീരുഹേക്ഷണം
സഹാരവക്ഷസ്ഥല കൗസ്തുഭശ്രീയം
നമാമി വിഷ്ണും ശിരസാ ചതുര്‍ഭുജം.'
ഈ വിഷ്ണുസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
മൂന്നില്‍ ആദിത്യന്, കുജന്, ബുധന്‍, ശുക്രന്, നാലില്‍ കേതു, അഞ്ചില്‍ ശനി, അഷ്ടമത്തില്‍ വ്യാഴം, പത്തില്‍ കേതു ഇതാണ് ഗ്രഹനില.
സാഹസിക കര്മ്മങ്ങളിലേര്പ്പെടേണ്ടതായിവരും. ആത്മബോധം വര്‍ദ്ധിക്കും. കാര്യനിര്വ്വഹണശക്തിയുണ്ടാകും. യാത്രകള്‍ക്കവസരം വരും. ബന്ധുജനസഹായം കുറയും. തന്റെ ഉള്ളിലുള്ള അഭിപ്രായങ്ങള്‍ പുറത്തുപറയാന്‍ പറ്റാതെ വരും. മനഃസ്വസ്ഥത കുറയും. ഓര്‍മ്മക്കുറവ് അനുഭവപ്പെടാനിടയുണ്ട്. ഗൃഹോപകരണങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാകും. പാപകര്മ്മങ്ങളിലേര്പ്പെടേണ്ടതായി വരും. പലവിധ ക്ലേശാനുഭവങ്ങള്‍ക്കും ഇടയുണ്ട്. നിര്‍ബന്ധബുദ്ധി കൂടുതലാകും. നാല്ക്കാലി സമ്പത്തുക്കള്‍ വര്‍ദ്ധിക്കും. സഹോദരങ്ങള്‍ക്ക് ക്ലേശാനുഭവങ്ങള്‍ക്കിടയുണ്ട്.
ദോഷശാന്തിക്കായി ശാസ്താവിന് എള്ളുപായസം നിവേദിക്കുകയും
'സൗമ്യാ സൗമ്യ തരാശേഷ
സൗമ്യേ ഭ്യസ്ത്വതി സുന്ദരീ
പരാപരാണാം പരമാത്വമേവ
പരമേശ്വരീ'
ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
രണ്ടില്‍ ആദിത്യന്, കുജന്, ബുധന്‍, ശുക്രന്, മൂന്നില്‍ രാഹു, നാലില്‍ ശനി, ഏഴില്‍ വ്യാഴം, ഒന്‍പതില്‍ കേതു ഇതാണ് ഗ്രഹനില.
ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. മറ്റുള്ളവരുടെ ചതിയില്‍പ്പെടാതെ ശ്രദ്ധിക്കണം. അധികാരസ്ഥാനങ്ങളില്‍ നിന്ന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ചോരപീഡ, അഗ്നിപീഡ ഇവയുണ്ടാകാനിടയുണ്ട്. മനോവിചാരം കൂടുതലാകും. വീട്ടില്‍ സ്വസ്ഥത കുറയും. ശത്രുക്കളില്‍ നിന്ന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. നിര്‍ബന്ധബുദ്ധി കൂടുതലാകുമെങ്കിലും നല്ല വാക്കുകള്‍ പറഞ്ഞ് മറ്റുള്ളവരുടെ പ്രീതി നേടും. യാത്രകള്‍ വേണ്ടിവരും. ബുദ്ധിസാമര്‍ത്ഥ്യവും വാക്സാമര്‍ത്ഥ്യവും കൊണ്ട് കാര്യസാദ്ധ്യങ്ങള്‍ ഉണ്ടാകും. മറ്റുള്ളവരുടെ ആദരവ് ലഭ്യമാകും. എല്ലാവര്ക്കും വശവര്‍ത്തിയായി പ്രവര്‍ത്തിക്കേണ്ടതായി വരും. ആരോഗ്യവും തൊഴില്‍രംഗവും പൊതുവെ മെച്ചമായിരിക്കും.
ദോഷശാന്തിക്കായി ഭഗവതിക്ഷേത്രത്തില്‍ ജയദുര്ഗ്ഗാമന്ത്രം പുഷ്പാഞ്ജലി കഴിക്കുകയും
'മഹീരുഹാസ്തേംഗരുഹാഃ
പ്രഭാതം വസനം തവ
ഭൂതം ഭവ്യം ഭവീഷ്യയ്യ
നിത്യംഞ്ചതവവിഗ്രഹം.'
ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മകരക്കൂറ്:(ഉത്രാടം 2,3,4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)
ലഗ്നത്തില്‍ ആദിത്യന്, കുജന്, ബുധന്‍, ശുക്രന്, രണ്ടില്‍ രാഹു, മൂന്നില്‍ ശനി, ആറില്‍ വ്യാഴം, അഷ്ടമത്തില്‍ കേതു ഇവയാണ് ഗ്രഹനില.
സത്യത്തെ മറച്ചുവെച്ച് പ്രവര്‍ത്തിക്കേണ്ടതായി വരും. കോപാധിക്യം നിയന്ത്രിക്കണം. കടം വാങ്ങേണ്ടതായി വരും. വ്രണം, നേത്രരോഗം, ദന്തരോഗം ഇവ ശ്രദ്ധിക്കണം. പരദ്രവ്യത്തിലുള്ള ആഗ്രഹം ഉപേക്ഷിക്കണം. ശരീരക്ഷീണം കൂടുതലാകും. വഴിയാത്രകള്‍ വേണ്ടിവരും. കാര്യതടസ്സങ്ങളുണ്ടാകും. ബന്ധുജനങ്ങളുമായി കലഹിക്കേണ്ടതായി വരും. സംസാരിക്കുമ്പോള്‍ വാക്ദോഷം ഉണ്ടാകാതെ സൂക്ഷിക്കണം. ഒന്നിലും സുഖം തോന്നുകയില്ല. നാല്ക്കാലി വളര്‍ത്തലും പാലുല്‍പ്പന്നങ്ങളുടെ കച്ചവടവും മെച്ചപ്പെടും. ജന്തുക്കളുടെ ഉപദ്രവം ഉണ്ടാകാതെ ശ്രദ്ധിക്കണം. ചെലവുകള്‍ കൂടുതലാകും.
ദോഷശാന്തിക്കായി വിഷ്ണുവിങ്കല്‍ ഷഡക്ഷര സുദര്‍ശനമന്ത്രപുഷ്പാഞ്ജലി കഴിക്കുകയും
'സംക്ഷോഭിണീ മുഖ്യ സമസ്ത മുദ്രാ
സംസേ വിതേ സംസരണ പ്രഹന്ത്രി
സംസാരലീലാകരി സാരസാക്ഷി
സദാനമസ്തേ ലളിതേ ധിനാഥേ.'
ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)
ലഗ്നത്തില്‍ രാഹു, രണ്ടില്‍ ശനി, അഞ്ചില്‍ വ്യാഴം, ഏഴില്‍ കേതു, പന്ത്രണ്ടില്‍ ആദിത്യന്, കുജന്, ബുധന്‍, ശുക്രന് ഇതാണ് ഗ്രഹനില.
ശരീരക്ഷീണം അനുഭവപ്പെടും. കാലിന് ബലം കിട്ടുകയില്ല. പ്രാര്‍ത്ഥനകള്‍ക്കും വഴിപാടുകള്‍ക്കും ഫലം കുറയും. പാഴ്ച്ചെലവുകള് കൂടുതലാകും. പല പ്രകാരത്തിലുള്ള അനര്‍ത്ഥങ്ങള്‍ക്കും ഇടയുണ്ട്. നേത്രരോഗം ശ്രദ്ധിക്കണം. ശത്രുക്കളുടെ ഉപദ്രവം കൂടുതലാകും. ത്വക്ക് രോഗം ശ്രദ്ധിക്കണം. ധനലാഭങ്ങള്‍ ഉണ്ടാകും. നൂതനവസ്ത്രങ്ങള് ലഭ്യമാകും. സുഖാനുഭവങ്ങള്‍ക്ക് കുറവ് വരും. ഏകാഗ്രത കുറയും. ഉപാസനയ്ക്ക് ഭംഗം വരും. യാത്രകള്‍ വേണ്ടിവരും. മടിയും അലസതയും കൂടുതലാകും. മക്കളെക്കൊണ്ട് ക്ലേശാനുഭവങ്ങള്‍ക്കിടയുണ്ട്.
ദോഷശാന്തിക്കായി ഭഗവതി ക്ഷത്രത്തില്‍ ദുര്‍ഗ്ഗാസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും
'ഉദ്രക്തദ്ധാമരക്തപ്രഭനിടിലലസല്
നേത്രതിര്യക് കൃശാനു
ജ്വാലാ മാലാതി ഭീമാം
വികടതര കരാളോഗ്ര-
ദംഷ്ട്രാഗ്രതുണ്ഡാം
പക്ഷോല്ക്ഷേപ പ്രചണ്ഡാനില ചടുലരവ
ദ്രാവി താരാതി സംഘാം
ദുര്‍ഗ്ഗാം, നീലിഞ്ജനാഭാം ഖരതരനഖരാം
പക്ഷിരൂപാം നമാമി'
ഈ ഭഗവതിസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
ലഗ്നത്തില്‍ ശനി, നാലില്‍ വ്യാഴം, ആറില്‍ കേതു, പതിനൊന്നില്‍ ആദിത്യന്, കുജന്, ബുധന്‍, ശുക്രന്, പന്ത്രണ്ടില്‍ രാഹു ഇതാണ് ഗ്രഹനില.
പുതിയ വീടുവയ്ക്കാനുള്ള സമയമാണ്. ദൂരദേശയാത്രകള്‍ വേണ്ടിവരും. സ്വജനങ്ങളുമായി അകന്നുകഴിയേണ്ടതായി വരും. ധനലാഭഐശ്വര്യങ്ങള് ഉണ്ടാകും. ഇഷ്ടമുള്ള അന്നപാനസാധനങ്ങള്‍ ലഭിക്കും. ബന്ധുജനങ്ങളുമായി കൂടിച്ചേരാനുള്ള അവസരം വരും. ബന്ധുജനങ്ങള്‍ക്ക് ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. ബന്ധുജനസഹായം ലഭ്യമാകും. കാര്യസാദ്ധ്യങ്ങള്‍ ഉണ്ടാകും. സുഖാനുഭവങ്ങള്‍ ഉണ്ടാകും. സ്ഥാനമാനങ്ങളും സ്ഥാനക്കയറ്റവും ലഭ്യമാകും. പാപപ്രവൃത്തികള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടതായി വരും. വ്യയാധിക്യം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ കോഴ്സുകള്‍ പഠിക്കാനവസരം ലഭിക്കും.
ദോഷശാന്തിക്ക് സുബ്രഹ്മണ്യന് പാലഭിഷേകവും കര്‍പ്പൂരാരാധനയും നടത്തുകയും,
'ദ്വിഷഡ്ഭുജം ദ്വാദശദിവ്യനേത്രം
ത്രയീതനും ശൃങ്ഗമസം ദധാനം
ശേഷാവതാരം കമനീയരൂപം
ബ്രഹ്മണ്യദേവം ശരണം പ്രപദ്യേ.'
ഈ സുബ്രഹ്മണ്യസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ജ്യോത്സ്യന് പി. ശരത്ചന്ദ്രന്
'സ്മിത'(ഒ), ചേന്ദമംഗലം പി.ഒ, 683512, വ. പറവൂര്‍
9446057752
