ദ്വൈവാര ഫലങ്ങള്‍ (1-1-2026 മുതല്‍ 15-1-2026 വരെ (1201 ധനു 17 മുതല്‍ മകരം 1 വരെ))
ദ്വൈവാര ഫലങ്ങള്‍
1-1-2026 മുതല്‍ 15-1-2026 വരെ (1201 ധനു 17 മുതല്‍ മകരം 1 വരെ)
ഗ്രഹപ്പകര്‍ച്ച
ജനുവരി 14 ന് പകല്‍ 3 മണി 10 മിനിട്ടിന് വൃശ്ചികക്കൂറില്‍ മകരസംക്രമം ജനുവരി 13 ന് പുലര്‍ച്ചെ 3 മണി 59 മിനിട്ടിന് ശുക്രന്‍ മകരം രാശിയിലേക്ക് പകരും. ജനുവരി 1 ന് പ്രദോഷം. 2 ന് പൗര്‍ണ്ണമി. തിരുവാതിര, ആദ്രാവ്രതം, 14 ഏകാദശി. പകല്‍ 11 മണി 15 മിനിട്ട് മുതല്‍ രാത്രി 12 മണി 30 മിനിട്ട് വരെ ഹരിവാസരം.
മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം )
മൂന്നില്‍ വ്യാഴം, അഞ്ചില്‍ കേതു, ഒന്‍പതില്‍ ആദിത്യന്‍, കുജന്‍, ബുധന്‍, ശുക്രന്‍, പതിനൊന്നില്‍ രാഹു, പന്ത്രണ്ടില്‍ ശനി ഇതാണ് ഗ്രഹനില.
മനഃക്ലേശം കൂടുതലാകും. പല പ്രകാരത്തിലുള്ള ക്ലേശങ്ങളും ദുഃഖാനുഭവങ്ങളും ഉണ്ടാകാനിടയുണ്ട്. സത്യധര്‍മ്മാദികള്‍ക്ക് ഭംഗം വരും. അരുതാത്ത കാര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കേണ്ടതായി വരും. തണുപ്പ് സഹിക്കുവാന്‍ പ്രയാസമായിരിക്കും. സദസ്സുകളില്‍ നല്ലവണ്ണം ശോഭിക്കുവാന്‍ സാധിക്കും. പിതൃഗൃഹത്തില്‍ ധനാഭിവൃദ്ധിയുണ്ടാകും. കമിതാക്കളുടെ ആഗ്രഹം സഫലമായി വരും. സന്താനോല്‍പ്പാദനത്തിനുള്ള ചികിത്സകള്‍ക്ക് മുടക്കം വരും. തര്‍ക്കവിഷയങ്ങളില്‍ വിജയം വരിക്കും. പ്രസിദ്ധിയുണ്ടാകും.
ദോഷശാന്തിക്കായി ശിവങ്കല്‍ ധാരയും മൃത്യുഞ്ജയ മന്ത്രപുഷ്പാഞ്ജലിയും കഴിച്ച്,
'നമഃ ശിവാഭ്യാം നവയൗവ്വനാഭ്യാം
പരസ്പരാശ്ലിഷ്ടവപുര്‍ധരാഭ്യാം
നാഗേന്ദ്രകന്യാവൃഷ കേതനാഭ്യാം
നമോഃ നമ ശങ്കര പാര്‍വ്വതിഭ്യാം'
ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)
രണ്ടില്‍ വ്യാഴം, നാലില്‍ കേതു, അഷ്ടമത്തില്‍ ആദിത്യന്‍, കുജന്‍, ബുധന്‍, ശുക്രന്‍, പത്തില്‍ രാഹു, പതിനൊന്നില്‍ ശനി ഇതാണ് ഗ്രഹനില.
വീട്ടില്‍ അസ്വസ്ഥത കൂടുതലാകും. രാജതുല്യതയുണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. ചപലത കൂടുതലാകും. ചില ത്യാഗങ്ങള്‍ സഹിക്കേണ്ടതായി വരും. നീചജനങ്ങളുമായി സൗഹൃദത്തിലേര്‍പ്പെടേണ്ടതായി വരും. ധനാഗമം ഉണ്ടാകും. ധര്‍മ്മാചാരങ്ങള്‍ ഉപേക്ഷിക്കേണ്ടതായി വരും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല കാലമാണ്. നൂതനാഹാരങ്ങളോട് താലപ്പര്യം കൂടുതലാകും. ബന്ധുജനങ്ങളുമായി കലഹത്തിലേര്‍പ്പെടേണ്ടതായി വരും. പൂര്‍വ്വിക ധനത്തിന് നാശം വരാനിടയുണ്ട്. പരധനം ആഗ്രഹിക്കരുത്. പലതരം വിനോദങ്ങളിലേര്‍പ്പെടാനവസരം വരും. ആരോഗ്യം പൊതുവേ നന്നായിരിക്കും.
ദോഷശാന്തിക്കായി ഭഗവതി ക്ഷേത്രത്തില്‍ ത്രിപുരമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും
'സ്രഷ്ടാ ചരസ്യ സര്‍വ്വസ്യ
ലോകാനാഞ്ച പിതാമഹഃ
ആദിശ്ച സര്‍വ്വഭൂതാനാം
തസ്മൈ വേദാത്മനേ നമഃ'
ഈ ആദിത്യസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)
ലഗ്നത്തില്‍ വ്യാഴം, മൂന്നില്‍ കേതു, ഏഴില്‍ ആദിത്യന്‍ കുജന്‍, ബുധന്‍, ശുക്രന്‍, ഒന്‍പതില്‍ രാഹു, പത്തില്‍ ശനി, ഇതാണ് ഗ്രഹനില.
നൂതന വസ്ത്രാദ്യലങ്കാരങ്ങള്‍ ലഭ്യമാകും. ഗവണ്‍മെന്‍റുമായുള്ള കാര്യങ്ങളില്‍ പരാജയം ഉണ്ടാകും. കഴുത്തിന് മുകളിലുള്ള അംഗങ്ങളിലെ രോഗാരിഷ്ടതകള്‍ പ്രത്യേകം ശ്രദ്ധിക്കണം. വ്രണങ്ങള്‍ ഉണ്ടാകാനിടയുണ്ട്. മനസ്സിന് ആഘാതമുണ്ടാകുന്ന കാര്യങ്ങള്‍ ഉണ്ടാകും. മാനക്ഷയത്തിനും സാദ്ധ്യതയുണ്ട്. ചില കാര്യസാദ്ധ്യങ്ങള്‍ ഉണ്ടാകും. കലഹവാസന കൂടുതലാകും. സ്ഥാനനഷ്ടങ്ങള്‍ ഉണ്ടാകും. പ്രായോഗികബുദ്ധി ഉടനെ തോന്നുകയില്ല. ചില സുഖാനുഭവങ്ങള്‍ക്കിടയുണ്ട്. നീചകര്‍മ്മങ്ങളിലേര്‍പ്പെടേണ്ടതായി വരും. ബന്ധുജനങ്ങളുടെ സന്തോഷത്തില്‍ പങ്കുചേരാനാകും. വിവാദങ്ങള്‍ ഒഴിവാക്കണം.
ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ ധന്വന്തരീമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും
'ദ്വിഷശഭുജം ഷണ്‍മുഖമംബികാസുതം
കുമാരമാദിത്യ സമാനതേജസം
വന്ദേമയൂരാസനമഗ്നിസംഭവം
സേനാന്യമദ്യാഹ മഭീഷ്ട സിദ്ധയേ.'
ഈ സുബ്രഹ്മണ്യസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കര്‍ക്കിടകക്കൂറ്: (പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)
രണ്ടില്‍ കേതു, ആറില്‍ ആദിത്യന്‍, കുജന്‍, ബുധന്‍, ശുക്രന്‍, അഷ്ടമത്തില്‍ രാഹു, ഒന്‍പതില്‍ ശനി, പന്ത്രണ്ടില്‍ വ്യാഴം ഇതാണ് ഗ്രഹനില.
സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകും. വര്‍ത്തമാനത്തില്‍ മിതത്വം പാലിക്കണം. കേസുകളിലും മറ്റും പെടാതെ ശ്രദ്ധിക്കണം. കുടുംബജനങ്ങള്‍ വിരോധത്തിലാകും. പാപപ്രവൃത്തികളിലേര്‍പ്പെടരുത്. ശരീരക്ഷീണം കൂടുതലാകും. ഭാഗ്യാനുഭവങ്ങള്‍ക്ക് കുറവുവരും. കലഹഭയം എപ്പോഴും ഉണ്ടാകും. ശത്രുക്കളുമായി അകന്നുകഴിയണം. ചില കാര്യസാദ്ധ്യങ്ങളുണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കും. സത്കര്‍മ്മങ്ങള്‍ക്കായി പണം ചെലവഴിക്കും. ബന്ധുജനങ്ങളുമായി കലഹത്തില്‍പ്പെടാതെ ശ്രദ്ധിക്കണം. ധര്‍മ്മകാര്യപ്രവൃത്തികള്‍ക്ക് തടസ്സം വരും. പിതൃജനങ്ങളുടെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം.
ദോഷശാന്തിക്കായി സര്‍പ്പാരാധനാകേന്ദ്രത്തില്‍ നൂറും പാലും കഴിക്കുകയും,
'അഗ്നേത്വം പരായാ നവ്യോ അസ്മാന്‍
സ്വസ്തിഭിരതി ദുര്‍ഗ്ഗാണി വിശ്വാ
പുശ്ചപൃഥ്വി ബഹുലാ ന ഉര്‍വ്വീഭവാ
തോകായ തനയായ ശംയോ.'
ഈ ദുര്‍ഗ്ഗാസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ചിങ്ങക്കൂറ്: (മകം, പൂരം, ഉത്രം 1-ാം പാദം)
ലഗ്നത്തില്‍ കേതു, അഞ്ചില്‍ ആദിത്യന്‍, കുജന്‍, ബുധന്‍, ശുക്രന്‍, ഏഴില്‍ രാഹു, അഷ്ടമത്തില്‍ ശനി, പതിനൊന്നില്‍ വ്യാഴം ഇതാണ് ഗ്രഹനില.
മനഃസ്വസ്ഥത കുറയും. ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്ക കൂടുതലാകും. ശത്രുക്കളുടെ ഉപദ്രവം കൂടുതലാകും. കാര്യസാദ്ധ്യങ്ങള്‍ ഉണ്ടാകും. ഭാര്യയോടും/ ഭര്‍ത്താവിനോടും മക്കളോടുമുള്ള കലഹങ്ങള്‍ ഒഴിവാക്കണം. മക്കളുടെ ആരോഗ്യം ശ്രദ്ധിക്കണം. ധനനഷ്ടങ്ങള്‍ ഉണ്ടാകും. പാപകര്‍മ്മങ്ങളില്‍ താല്‍പ്പര്യം കൂടുതലാകും. അപമാനങ്ങള്‍ കേള്‍ക്കേണ്ടതായി വരും. ബന്ധുജനങ്ങളില്‍ നിന്ന് ക്ലേശാനുഭവങ്ങള്‍ ഉണ്ടാകും. ദുര്‍ജ്ജനങ്ങളോടുള്ള ഭയം കൂടുതലാകും. അവരില്‍ നിന്ന് ഉപദ്രവങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഭാര്യ/ഭര്‍ത്താവിനെക്കുറിച്ചും മക്കളെക്കുറിച്ചും ഉള്ള ആധി കൂടുതലാകും. വാതരോഗത്തിന്‍റെ ഉപദ്രവം കൂടാനിടയുണ്ട്.
ദോഷശാന്തിക്കായി ശാസ്താവിന് നീലപ്പട്ടുചാര്‍ത്തി ഭാഗ്യസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും,
'മഹാഗ്രാഹപീഡാ മഹോത്പാതപീഡാം
മഹാരോഗപീഡാ മഹാതീവ്രപീഡാം
ഹരത്യാശു തേ പാദപത്മാനുരക്തോ
നമസ്തേ കപിശ്രേഷ്ഠ രാമപ്രിയായാ!'
ഈ ഹനുമത്സ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍ അത്തം, ചിത്തിര 1, 2 പാദങ്ങള്‍)
നാലില്‍ ആദിത്യന്‍, കുജന്‍, ബുധന്‍, ശുക്രന്‍, ആറില്‍ രാഹു, ഏഴില്‍ ശനി, പത്തില്‍ വ്യാഴം, പന്ത്രണ്ടില്‍ കേതു ഇതാണ് ഗ്രഹനില.
പുതിയ ഗൃഹനിര്‍മ്മാണം നടത്താം. അമ്മാവന്മാരുമായി കലഹത്തിനിടവരും. സുഖാനുഭവങ്ങള്‍ ഉണ്ടാകും. സത്കര്‍മ്മങ്ങള്‍ക്കായി പണം ചെലവഴിക്കും. ശത്രുനാശം ഉണ്ടാകും. മക്കള്‍ക്ക് ക്ഷേമൈശ്വര്യങ്ങളുണ്ടാകും. അപവാദം കേള്‍ക്കേണ്ടതായി വരും. ഭാര്യയ്ക്ക്/ ഭര്‍ത്താവിന് രോഗാരിഷ്ടതകളുണ്ടാകും. ഗൃഹസമ്പത്തുകള്‍ വര്‍ദ്ധിക്കും. വിവാഹാലോചനകള്‍ ഉറപ്പിക്കാനാകും. സജ്ജനങ്ങളുടെ ആദരവ് ലഭിക്കും. അലങ്കാരവസ്തുക്കള്‍ ലഭ്യമാകും. ധനാഗമങ്ങള്‍ ഉണ്ടാകും. കടങ്ങള്‍ തീര്‍ക്കാനാകും. സഹോദരങ്ങള്‍ക്ക് ക്ലേശാനുഭവങ്ങള്‍ക്കിടയുണ്ട്. മറ്റുള്ളവര്‍ക്ക് വശവര്‍ത്തിയായി പ്രവര്‍ത്തിക്കരുത്. തര്‍ക്കവിഷയങ്ങളില്‍ പരാജയം ഉണ്ടാകും.
ദോഷശാന്തിക്കായി ഭഗവതിക്ക് സംവാദസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും,
'ഹരഗാത്ര മഹാശക്തിം
ഹരിതാരണ്യവാസിനീം
ഹരിതാലംകൃതാദേവീം
കരോമികരസംപുടം'
ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
തുലാക്കൂറ് (ചിത്തിര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 പാദങ്ങള്‍)
മൂന്നില്‍ ആദിത്യന്‍, കുജന്‍, ബുധന്‍, ശുക്രന്‍, അഞ്ചില്‍ രാഹു, ആറില്‍ ശനി, ഒന്‍പതില്‍ വ്യാഴം, പതിനൊന്നില്‍ കേതു ഇതാണ് ഗ്രഹനില.
സ്ഥാനക്കയറ്റം ലഭിക്കും. ധനാഗമങ്ങള്‍ ഉണ്ടാകും. പൊതുവെ ആരോഗ്യം തൃപ്തികരമാണെങ്കിലും, നീരിറക്കം, തലവേദന ഇവയുണ്ടാകും. സഹോദരങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. ശത്രുഭയം കൂടുതലാകും. സര്‍ക്കാരില്‍ നിന്ന് കിട്ടാനുള്ള ആനുകൂല്യങ്ങള്‍, വായ്പ മുതലായവയ്ക്ക് തടസ്സങ്ങളുണ്ടാകും. ദാമ്പത്യസൗഖ്യം ഉണ്ടാകും. അസാദ്ധ്യമെന്ന് കരുതിയ ചില കാര്യങ്ങള്‍ സാധ്യമാകും. മക്കള്‍ക്കഭിവൃദ്ധിയുണ്ടാകും. ഉന്നത വിദ്യാഭ്യാസം ചെയ്യുന്നവര്‍ക്ക് നല്ല സമയമാണ്.
ദോഷശാന്തിക്കായി ഭഗവതിക്ക് ദുര്‍ഗ്ഗാസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും,
'ഓം മഹാദേവ്യൈ ച വിദ്മഹേ
വിഷ്ണപത്ന്യൈ ച ധീമഹീ
തന്നോ ലക്ഷ്മി പ്രചോദയാത്.'
ഈ ഭഗവതിസ്തോത്രം ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
രണ്ടില്‍ ആദിത്യന്‍, കുജന്‍, ബുധന്‍, ശുക്രന്‍, നാലില്‍ രാഹു, അഞ്ചില്‍ ശനി, അഷ്ടമത്തില്‍ വ്യാഴം, പത്തില്‍ കേതു ഇതാണ് ഗ്രഹനില.
അച്ഛനുമായി കലഹങ്ങള്‍ക്കിടയുണ്ട്. ക്ലേശാനുഭവങ്ങള്‍ ഉണ്ടാകും. വാഹനാപകടങ്ങള്‍ക്കിടയുണ്ട്. ധനപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. നേതൃഗുണം ഉണ്ടാകും. നീചജനങ്ങളുമായുള്ള അടുപ്പം കുറയ്ക്കണം. പാപകര്‍മ്മങ്ങള്‍ക്കിടയാകും. മനഃസ്വസ്ഥത കുറയും. ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. അന്യന്മാരുടെ വഞ്ചനകളില്‍പ്പെടാതെ സൂക്ഷിക്കണം. ചോരാഗ്നിപീഡയുണ്ടാകാനിടയുണ്ട്. മനോവിചാരം കൂടുതലാകും. ശത്രുക്കള്‍ മൂലം ദുഃഖാനുഭവങ്ങള്‍ ഉണ്ടാകും. ഏത് പ്രതിസന്ധിയും നല്ല വാക്കുകള്‍കൊണ്ട് തരണം ചെയ്യാനാകും. അവിചാരിതമായ ചില ധനാഗമങ്ങള്‍ ഉണ്ടാകും.
ദോഷശാന്തിക്കായി ശിവങ്കല്‍ പഞ്ചാക്ഷര മന്ത്രപുഷ്പാഞ്ജലി കഴിച്ച്,
'ഹേ നീലകണ്ഠ വൃഷഭധ്യജ പഞ്ചവക്ത്ര
ലോകേശ ശേഷ വലയ പ്രമഥേശസര്‍വ്വ!
ഹേ ധൂര്‍ജ്ജടേ പശുപതേ ഗിരിജാപതേ മാം
സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ!'
ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
ലഗ്നത്തില്‍ ആദിത്യന്‍, കുജന്‍, ബുധന്‍, ശുക്രന്‍, മൂന്നില്‍ രാഹു, നാലില്‍ ശനി, ഏഴില്‍ വ്യാഴം, ഒന്‍പതില്‍ കേതു ഇതാണ് ഗ്രഹനില.
വീട്ടില്‍ അസ്വസ്ഥതകള്‍ കൂടുതലാകും. മനോവ്യാധികള്‍ വര്‍ദ്ധിക്കും. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. ശരീരക്ലേശങ്ങള്‍ കൂടുതലാകും. വഴിയാത്രകള്‍ കൂടുതലായി വേണ്ടിവരും. കാര്യതടസ്സങ്ങള്‍ ഉണ്ടാകും. ബന്ധുജനങ്ങളുമായുള്ള കലഹങ്ങള്‍ കൂടുതലാകും. വാക്ദോഷം മൂലം പല അനര്‍ത്ഥങ്ങളും ഉണ്ടാകും. ബുദ്ധിസാമര്‍ത്ഥ്യംകൊണ്ട് പല കാര്യങ്ങളും നേടാനാകും. ദാമ്പത്യക്ലേശങ്ങള്‍ ഉണ്ടാകും. സഹോദരങ്ങള്‍ക്കും ക്ലേശാനുഭവങ്ങള്‍ക്കിടയുണ്ട്. സന്താനലബ്ധിക്കായുള്ള ചികിത്സകള്‍ തുടങ്ങാം. ഈശ്വരാരാധന ചെയ്യുന്നവരേയും ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നവരേയും പരിഹസിക്കരുത്.
ദോഷശാന്തിക്കായി ഗണപതി ഹോമം നടത്തുകയും
'ഭജേ ലക്ഷ്മണ പ്രാണദക്ഷാദിദക്ഷം
ഭജേ തോഷികാനേക ഗീര്‍വാണപക്ഷം
ഭജേ ഘോരസംഗ്രാമ സീമാഹിതാക്ഷം
ഭജേ രാമ നാമാതി സംപ്രാപ്തരക്ഷം.'
ഈ ഹനുമദ്സ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മകരക്കൂറ്:(ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)
രണ്ടില്‍ രാഹു, മൂന്നില്‍ ശനി, ആറില്‍ വ്യാഴം, അഷ്ടമത്തില്‍ കേതു, പന്ത്രണ്ടില്‍ ആദിത്യന്‍, കുജന്‍, ബുധന്‍, ശുക്രന്‍ ഇതാണ് ഗ്രഹനില.
തൊഴില്‍രംഗം മെച്ചപ്പെടും. സഹോദരങ്ങള്‍ക്കും മക്കള്‍ക്കും ക്ലേശാനുഭവങ്ങള്‍ക്കിടയുണ്ട്. അര്‍ശ്ശോരോഗം പ്രത്യേകം ശ്രദ്ധിക്കണം. യാത്രകള്‍ക്കിടയില്‍ വാഹനങ്ങളില്‍നിന്ന് ഭയം ഉണ്ടാകും. ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. മത്സ്യമാംസാഹാരങ്ങളില്‍ താല്‍പ്പര്യം കൂടുതലാകും. തനിക്കയനുയോജ്യമല്ലാത്തവരുടെ അടുത്തും വീടുകളിലും പോകരുത്. പ്രാര്‍ത്ഥനകള്‍ക്കും സത്കര്‍മ്മങ്ങള്‍ക്കും ഫലം കുറയും. പല പ്രകാരത്തിലുള്ള അനര്‍ത്ഥങ്ങള്‍ക്കിടയുണ്ട്. ചെലവുകള്‍ കൂടുതലാകും. ശത്രുപീഡകള്‍ കൂടുതലാകും. ചില ധനാഗമങ്ങള്‍ക്കും സാദ്ധ്യതയുണ്ട്. നാല്‍ക്കാലികളെക്കൊണ്ട് ലാഭം ഉണ്ടാകും.
ദോഷശാന്തിക്കായി സുബ്രഹ്മണ്യസ്വാമിക്ക് പൂവന്‍പഴം നിവേദ്യവും പാലഭിഷേകവും നടത്തി,
'സ്ഫുരന്‍മകുട പത്രകുണ്ഡല
വിഭൂഷിതം ച നടക-
സ്രജാകലിത കന്ധരം
കരയുഗേനശക്തിം പവിം
ദധാനമഥവാ കടീകലിത
വാമഹസ്തേഷ്ടദം
ഗുഹം ഘൃസൃണഭാസുരം
സ്മരതുപീതവാസോവസം'
ഈ സുബ്രഹ്മണ്യസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)
ലഗ്നത്തില്‍ രാഹു, രണ്ടില്‍ ശനി, അഞ്ചില്‍ വ്യാഴം, ഏഴില്‍ കേതു, പതിനൊന്നില്‍ ആദിത്യന്‍, കുജന്‍, ബുധന്‍, ശുക്രന്‍ ഇതാണ് ഗ്രഹനില.
സ്ഥാനക്കയറ്റം ലഭിക്കും. പലവിധ ഐശ്വര്യങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. സുഖാനുഭവങ്ങള്‍ ഉണ്ടാകും. വാക്ദോഷം ഉണ്ടാകാതെ ശ്രദ്ധിക്കണം. വാക്ക്തര്‍ക്കങ്ങളിലേര്‍പ്പെടരുത്. ബന്ധുജനസഹായം ലഭിക്കും. ഇഷ്ടമുള്ള അന്നപാനധനങ്ങള്‍ ലഭ്യമാകും. സുഗന്ധദ്രവ്യങ്ങള്‍ ലഭ്യമാകും. ശരീരത്തിന് ശക്തിക്കുറവ് തോന്നിക്കും. ശരീരകാന്തിയെക്കുറിച്ച് ആശങ്കയുണ്ടാകും. ധനബന്ധിയായി കലഹങ്ങള്‍ക്കിടയുണ്ട്. സാഹസപ്രവൃത്തികളിലേര്‍പ്പെടരുത്. യാത്രകള്‍ വേണ്ടിവരും. മുന്‍കോപം നിയന്ത്രിക്കണം. ജീവിതപങ്കാളിയെപ്പറ്റി ദുഃഖമുണ്ടാകാനിടയുണ്ട്.
ദോഷശാന്തിക്കായി സര്‍പ്പാരാധനാകേന്ദ്രത്തില്‍ മഞ്ഞള്‍പ്പൊടി ചാര്‍ത്തി പാല്‍പ്പായസം നിവേദിക്കുകയും
'നമസ്തേ! നമസ്തേ! വിഭോ വിശ്വമൂര്‍ത്തേ
നമസ്തേ! നമസ്തേ! ചിദാനന്ദമൂര്‍ത്തേ
നമസ്തേ! നമസ്തേ! തപോയോഗഗമ്യ
നമസ്തേ നമസ്തേ ശ്രുതിജ്ഞാനഗമ്യ.'
ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
ലഗ്നത്തില്‍ ശനി, നാലില്‍ വ്യാഴം, ആറില്‍ കേതു, പത്തില്‍ ആദിത്യന്‍, കുജന്‍, ബുധന്‍, ശുക്രന്‍, പന്ത്രണ്ടില്‍ രാഹു ഇതാണ് ഗ്രഹനില.
തൊഴില്‍രംഗം മെച്ചപ്പെടും. മാതൃസ്ഥാനീയര്‍ക്ക് മാനക്ഷയം ഉണ്ടാകാനിടയുണ്ട്. ശരീരബലം വര്‍ദ്ധിക്കും. നാല്‍ക്കാലികളെ ഉപദ്രവിക്കരുത്. ധര്‍മ്മാചാരങ്ങള്‍ക്ക് ഭംഗം വരും. ഉപാസനകള്‍ക്ക് മുടക്കം വരും. നിത്യദുഃഖങ്ങള്‍ക്കിടവരും. മനഃസ്വസ്ഥത കുറയും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുടക്കമില്ലാതെ നടക്കും. വിരലുകളിലുണ്ടാകുന്ന അസുഖങ്ങള്‍ ശ്രദ്ധിക്കണം. യാത്രകള്‍ വേണ്ടിവരും. വീട്ടില്‍ നിന്ന് മാറിത്താമസിക്കേണ്ടതായി വരും. എല്ലാക്കാര്യങ്ങള്‍ക്കും വിജയസാദ്ധ്യതയുണ്ട്. വായ്പകള്‍ വേഗം അനുവദിച്ചുകിട്ടാനിടയുണ്ട്. പലപ്രകാരത്തിലുള്ള ധനാഗമങ്ങള്‍ ഉണ്ടാകും. കലഹങ്ങള്‍ ഉണ്ടാകാനിടയുണ്ട്. അപമാനം ഏല്‍ക്കേണ്ടതായി വരും.
ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ പഥികൃത്ത്മന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും
'രണേ ഭീഷണേ മേഘനാഥേ സനാഥേ
സരോഷം, സമാരോപ്യ ശിലാവൃഷ്ടിമുഗ്രാം
ഖഗാനാം ഘനാനാം സുരാണാം ച മാര്‍ഗ്ഗേ
നടന്തം മഹാന്തം ഹനുമന്തമീഡേ!'
ഈ ഹനുമദ്സ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ജ്യോത്സ്യന്‍ പി. ശരത്ചന്ദ്രന്‍
'സ്മിത'(ഒ), ചേന്ദമംഗലം പി.ഒ, 683512, വ. പറവൂര്‍
9446057752
