ദ്വൈവാര ഫലങ്ങള്‍  (16-1-2026 മുതല്‍ 31-1-2026 വരെ (1201 മകരം 2 മുതല്‍ 17 വരെ))

ദ്വൈവാര ഫലങ്ങള്‍ (16-1-2026 മുതല്‍ 31-1-2026 വരെ (1201 മകരം 2 മുതല്‍ 17 വരെ))

 
ദ്വൈവാര ഫലങ്ങള്‍
(16-1-2026 മുതല്‍ 31-1-2026 വരെ (1201 മകരം 2 മുതല്‍ 17 വരെ))
ഗ്രഹപ്പകര്‍ച്ച
 
ജനുവരി 16 ന് പുലര്‍ച്ചെ 4 മണി 31 മിനിട്ടിന് കുജനും, 17 ന് പകല്‍ 10 മണി 25 മിനിട്ടിന് ബുധനും. മകരം രാശിയിലേക്ക് പകരും.  16 ന് പ്രദോഷം. 18 ന് അമാവാസി. 24 ന് ഷഷ്ഠി. 29 ന് ഏകാദശി. പകല്‍ 8 മണി 38 മിനിട്ട് മുതല്‍ രാത്രി 7 മണി 15 മിനിട്ട് വരെ ഹരിവാസരം. 30 ന് പ്രദോഷം
 
മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം)
 
മൂന്നില്‍ വ്യാഴം, അഞ്ചില്‍ കേതു, ഒന്‍പതില്‍ കുജന്‍, ബുധന്‍, പത്തില്‍ ആദിത്യന്‍ ശുക്രന്‍, പതിനൊന്നില്‍ രാഹു, പന്ത്രണ്ടില്‍ ശനി ഇതാണ് ഗ്രഹനില.
 
തൊഴില്‍രംഗത്തുനിന്ന് വരുമാനം വര്‍ദ്ധിക്കും. മനഃസ്വസ്ഥത കുറയും. പാല്‍, പാലുല്‍പ്പന്നങ്ങള്‍, അലങ്കാരവസ്തുക്കള്‍ ഇവയുടെ കച്ചവടങ്ങള്‍ വര്‍ദ്ധിക്കും. പുതിയ വീടുവയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കും. സര്‍ക്കാരില്‍ നിന്ന് കിട്ടാനുള്ള ആനുകൂല്യങ്ങള്‍ക്ക് താമസം വരും. ധനലാഭങ്ങള്‍ ഉണ്ടാകും. അധികാര സ്ഥാനങ്ങളിലുള്ളവര്‍ക്ക് തടസ്സം കൂടാതെ കാര്യനിര്‍വ്വഹണം നടത്താനാകും. വാതബന്ധിയായ സന്ധിവേദന കൂടുതലാകും. ദാമ്പത്യകലഹങ്ങള്‍ തീര്‍ക്കാനാകും. സഹോദരര്‍ക്ക് അഭിവൃദ്ധിയുണ്ടാകും. ചില സ്ഥാനനഷ്ടങ്ങള്‍ക്കിടയുണ്ട്. ചെയ്യുന്ന പ്രവൃത്തികള്‍ പൂര്‍ണ്ണതയിലെത്തിക്കാനാകും.
 
ദോഷശാന്തിയ്ക്കായി വിഷ്ണു ക്ഷേത്രത്തില്‍ പുരുഷസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും
 
'ദേവി പ്രസീദ പരിപാലയ
 നോള രിഭീതേ-
നിത്യം യഥാസുര 
വരാദധുനൈവസദ്യ.'
 
ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക. 
 
ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)
 
രണ്ടില്‍ വ്യാഴം, നാലില്‍ കേതു, അഷ്ടമത്തില്‍ കുജന്‍, ബുധന്‍, ഒന്‍പതില്‍ ആദിത്യന്‍, ശുക്രന്‍, പത്തില്‍ രാഹു, പതിനൊന്നില്‍ ശനി ഇതാണ് ഗ്രഹനില.
 
അല്‍പ്പമായ ധനാഗമങ്ങള്‍ ഉണ്ടാകും. ഗവണ്‍മെന്‍റില്‍ നിന്നും, ബാങ്കുകളില്‍ നിന്നും മറ്റുള്ള വായ്പകള്‍ക്ക് കാലതാമസം വരുകയില്ല. തൊഴില്‍രംഗം മെച്ചപ്പെടും. വീട്ടിലെ അസ്വസ്ഥതകള്‍ കൂടുതലാകും. ചില കാര്യസാദ്ധ്യങ്ങളുണ്ടാകും. ധര്‍മ്മകാര്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാകും. സുഖാനുഭവങ്ങള്‍ ഉണ്ടാകും. ത്വക്ക് ബന്ധിയായ അസുഖങ്ങള്‍ ശ്രദ്ധിക്കണം. വിദ്യാഭ്യാസത്തിന് നല്ല അവസരങ്ങള്‍ ലഭിക്കും. 
 
തര്‍ക്കവിഷയങ്ങളിലേര്‍പ്പെടരുത്. ചില റിക്കാര്‍ഡുകളും മറ്റും നശിച്ചുപോകാനിടയുണ്ട്. ചില ധനനഷ്ടങ്ങള്‍ക്കും ഇടയുണ്ട്. ചില ആപത്തുകള്‍ വരാനിടയുണ്ട്.
 
ദോഷശാന്തിയ്ക്കായി വിഷ്ണുക്ഷേത്രത്തില്‍ പഥികൃത്ത് മന്ത്രപുഷ്പാഞ്ജലി കഴിക്കുകയും,
 
'പ്രാപ്തം പദം പ്രഥമതഃ 
ഖലുയത് പ്രഭാവാത്
മാംഗല്യഭാജി മധുമാഥിനി മന്മഥേന!
മയ്യാപതേത്തിഹം മന്ഥര മീക്ഷണാര്‍ദ്ധം
മന്ദാലസം ച മകരാലയ കന്യകായാഃ'
 
ഈ ദുര്‍ഗ്ഗാഭഗവതിസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
 
മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)
 
ലഗ്നത്തില്‍ വ്യാഴം, മൂന്നില്‍ കേതു,  ഏഴില്‍ കുജന്‍, ബുധന്‍, അഷ്ടമത്തില്‍ ആദിത്യന്‍, ശുക്രന്‍, ഒന്‍പതില്‍ രാഹു, പത്തില്‍ ശനി ഇതാണ് ഗ്രഹനില.
 
സഹോദരങ്ങള്‍ക്ക് ക്ലേശാനുഭവങ്ങള്‍ക്കിടയുണ്ട്. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. ഗവണ്‍മെന്‍റുമായുള്ള കാര്യങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. ഭാര്യാഭര്‍ത്തൃകലഹങ്ങള്‍ കൂടുതലാകാതെ ശ്രദ്ധിക്കണം. ഉദരവ്യാധി, നേത്രരോഗം ഇവ ശ്രദ്ധിക്കണം. മനഃക്ലേശം കൂടുതലാകും. കാര്യതടസ്സങ്ങള്‍, ധനനഷ്ടം ഇവയുണ്ടാകും. മക്കള്‍ക്ക് സൗഖ്യം ഉണ്ടാകും. സ്ഥാനനഷ്ടങ്ങള്‍ ഉണ്ടാകാനിടയുണ്ട്. പലപ്പോഴും പ്രായോഗികബുദ്ധി പ്രയോജനപ്പെടുകയില്ല. പുതിയ വാഹനങ്ങള്‍ വാങ്ങാനാകും. തൊഴില്‍ തടസ്സങ്ങള്‍ക്ക് സാദ്ധ്യതയുണ്ട്. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും.
 
ദോഷശാന്തിയ്ക്കായി ശാസ്താവിന് നീരാജനം കഴിക്കുകയും,
 
'ത്വത്തോ ജഗത്ഭവതി ദേവഭവസ്മരാരേ
ത്വയ്യേ വതിഷ്ഠതി ജഗന്മൃഡ വിശ്വനാഥ
ത്വയ്യേവഗച്ഛതി ലയം ജഗദേതദീശ
ലിംഗാത്മകം ഹരചരാചര വിശ്വരൂപിന്‍.'
 
ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
 
കര്‍ക്കിടകക്കൂറ്:(പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)
 
രണ്ടില്‍ കേതു, ആറില്‍ കുജന്‍, ബുധന്‍, ഏഴില്‍ ആദിത്യന്‍, ശുക്രന്‍, അഷ്ടമത്തില്‍ രാഹു, ഒന്‍പതില്‍ ശനി, പന്ത്രണ്ടില്‍ വ്യാഴം ഇതാണ് ഗ്രഹനില.
 
സാമ്പത്തിക പ്രയാസങ്ങള്‍ കൂടുതലാകും. ബന്ധുജനങ്ങള്‍ വിരോധത്തിലാകും. ധര്‍മ്മാചാരങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. ഉപാസനകള്‍ക്ക് ഭംഗം വരും. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. ത്വക്രോഗം, തലമുടി പൊഴിയുക തുടങ്ങിയവ പ്രത്യേകം ശ്രദ്ധിക്കണം. ദാമ്പത്യ കലഹങ്ങള്‍ പറഞ്ഞുതീര്‍ക്കാനാകും. കലഹവാസന കൂടുതലാകും. വഴിയാത്രകള്‍ കൂടുതലാകും. ജന്തുക്കളുടെ ഉപദ്രവം ഉണ്ടാകാനിടയുണ്ട്. വിവാഹാലോചനകള്‍ ഉറപ്പിക്കാനാകും. തര്‍ക്കവിഷയങ്ങളിലേര്‍പ്പെടരുത്. മദ്ധ്യസ്ഥശ്രമങ്ങള്‍ വിജയിക്കുകയില്ല. വാഹനകൈമാറ്റങ്ങളില്‍ വഞ്ചിക്കപ്പെടാനിടയുണ്ട്. ഭൂമി സംബന്ധിച്ചുള്ള കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ വേണം.
 
ദോഷശാന്തിക്കായി സര്‍പ്പാരാധനാ കേന്ദ്രത്തില്‍ സര്‍പ്പസൂക്തം പുഷ്പാഞ്ജലിയും കദളിപ്പഴ നിവേദ്യവും കഴിക്കുകയും,
 
'ലോകപൂജ്യം മഹാവീര്യം
സര്‍വ്വരക്ഷാകരം വിഭും
പാര്‍വ്വതി ഹൃദയാനന്ദം
ശാസ്താരം പ്രണമാമ്യഹം.'
 
ഈ ശാസ്താസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
 
ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)
 
ലഗ്നത്തില്‍ കേതു, അഞ്ചില്‍ കുജന്‍, ബുധന്‍, ആറില്‍ ആദിത്യന്‍, ശുക്രന്‍, ഏഴില്‍ രാഹു, അഷ്ടമത്തില്‍ ശനി, പതിനൊന്നില്‍ വ്യാഴം ഇതാണ് ഗ്രഹനില.
 
സാമ്പത്തികബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെങ്കിലും ധനാഗമങ്ങള്‍ പ്രതീക്ഷിക്കാം. ശത്രുഭയം ഉണ്ടാകും. മക്കളുടെ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. പലവിധ രോഗാരിഷ്ടതകളാല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. വീട്ടില്‍ കലഹങ്ങള്‍ ഉണ്ടാകും. സ്ഥാനക്കയറ്റത്തിന് സാദ്ധ്യതയുണ്ട്. ചില കാര്യസാദ്ധ്യങ്ങള്‍ക്കും സാദ്ധ്യതയുണ്ട്. ദന്തരോഗം പ്രത്യേകം ശ്രദ്ധിക്കണം. വ്യയാധിക്യം ഉണ്ടാകും. ചില ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. എരിവുരസം ഉപയോഗിക്കുന്നത് കുറയ്ക്കണം. ഗവണ്‍മെന്‍റില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ താമസം വരും. കലഹവാസന കൂടുതലാകും.
 
ദോഷശാന്തിയ്ക്കായി ശിവങ്കല്‍ ധാരകഴിക്കുകയും,
 
'ഊര്‍ദ്ധ്വം ബ്രഹ്മാണി 
മേരക്ഷോദധസ്താദ്വൈഷ്ണവി തഥാ
ഏവം ദശദിശോ രക്ഷോച്ചാ
 മുണ്ഡാ ശവവാഹനാ.'
 
ഈ ഭഗവതിസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
 
കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്തിര 1, 2 പാദങ്ങള്‍)
 
നാലില്‍ കുജന്‍, ബുധന്‍, അഞ്ചില്‍ ആദിത്യന്‍, ശുക്രന്‍, ആറില്‍ രാഹു, ഏഴില്‍ ശനി, പത്തില്‍ വ്യാഴം, പന്ത്രണ്ടില്‍ കേതു ഇതാണ് ഗ്രഹനില.
 
പുതിയ വീടിനായുള്ള ശ്രമം വിജയിക്കും. ദീര്‍ഘദൂര യാത്രകള്‍ വേണ്ടിവരും. മനോവ്യാധികളും അലച്ചിലും കൂടുതലാകും. കാര്യസാദ്ധ്യങ്ങള്‍ സാവധാനമേ ഉണ്ടാകുകയുള്ളൂ. ശത്രുക്കളുടെ ഉപദ്രവങ്ങള്‍ കൂടുതലാകും. മൂത്രാശയ ബന്ധിയായും, ഗര്‍ഭാശയ ബന്ധിയായും രോഗാരിഷ്ടതകള്‍ ശ്രദ്ധിക്കണം. സ്ഥാനനഷ്ടങ്ങള്‍ക്കിടയുണ്ട്. ചെയ്യുന്ന പ്രവൃത്തികളില്‍ പ്രത്യേകിച്ച് പ്രോജക്ട് തയ്യാറാക്കലിലും മറ്റും തെറ്റുകള്‍ വരാനിടയുണ്ട്. വീട്ടിലെ കലഹങ്ങള്‍ വലുതാകാതെ ശ്രദ്ധിക്കണം. ദുര്‍ജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗം സൂക്ഷിക്കണം. ധനലാഭങ്ങള്‍ ഉണ്ടാകും. മനസ്സിന് ധൈര്യം ലഭിക്കും.
 
ദോഷശാന്തിയ്ക്കായി സുബ്രഹ്മണ്യന് പാലഭിഷേകവും സുബ്രഹ്മണ്യസൂക്തം പുഷ്പാഞ്ജലി കഴിച്ച്
 
'ലതാംഗീം ലാകിനീസേവ്യാം
 ലളിതാലംകൃതാളകാം
ലളിതാകാര സംപുഷ്ടാം 
ലസദ്യേണീം ഭജേ സദാ.'
 
ഈ ഭഗവതിസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
 
തുലാക്കൂറ് (ചിത്തിര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 പാദങ്ങള്‍)
 
മൂന്നില്‍ കുജന്‍, ബുധന്‍, നാലില്‍ ആദിത്യന്‍, ശുക്രന്‍, അഞ്ചില്‍ രാഹു, ആറില്‍ ശനി, ഒന്‍പതില്‍ വ്യാഴം, പതിനൊന്നില്‍ കേതു ഇതാണ് ഗ്രഹനില.
 
വായ്പ തിരിച്ചടയ്ക്കാനുള്ളവര്‍ക്ക് സമയം നീട്ടിക്കിട്ടും. സഹോദരങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും. മക്കളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകും. സുഖാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. സന്ധിവേദനകള്‍, കാലിന്‍റെ പാദത്തിന് വരുന്ന അസുഖങ്ങള്‍ ഇവ  ശ്രദ്ധിക്കണം. ശത്രുക്കളുടെ ഉപദ്രവം കുറയും. അധികാരസ്ഥാനങ്ങളില്‍ നിന്ന് ഉപദ്രവങ്ങള്‍ ഉണ്ടാകും. ധനലാഭങ്ങള്‍ ലഭിക്കും. കാര്യസാദ്ധ്യങ്ങള്‍ ഉണ്ടാകും. ഏര്‍പ്പെടുന്ന കാര്യങ്ങള്‍ സാമര്‍ത്ഥ്യത്തോടെ ചെയ്തുതീര്‍ക്കാനാകും. ബന്ധുജനസഹായം ലഭ്യമാകും.
 
ദോഷശാന്തിയ്ക്കായി സര്‍പ്പാരാധനാകേന്ദ്രത്തില്‍ നൂറും പാലും കൊടുക്കുകയും
 
'ശുഭവിധായക ശിവമനോഹര
ശശിധരാ ഹരശങ്കരാ
ഭയവിനാശക ഭവവിമോചക
ഭസ്മഭൂഷണ ഭാസുര.'
 
ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
 
വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട) 
 
രണ്ടില്‍ കുജന്‍, ബുധന്‍, മൂന്നില്‍ ആദിത്യന്‍, ശുക്രന്‍, നാലില്‍ രാഹു, അഞ്ചില്‍ ശനി, അഷ്ടമത്തില്‍ വ്യാഴം, പത്തില്‍ കേതു ഇതാണ് ഗ്രഹനില.
 
മക്കളെക്കുറിച്ചുള്ള ആശങ്കകള്‍ കൂടുതലാകും. മനഃസ്വസ്ഥത കുറയും. സ്ഥാനമാനങ്ങള്‍ ലഭ്യമാകും. ധനാഗമങ്ങള്‍ ഉണ്ടാകും. പുതിയ വസ്ത്രാദ്യലങ്കാരങ്ങള്‍ ലഭ്യമാകും. ചില ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. വീട്ടില്‍ ഇരിക്കാതെ പുറത്തിറങ്ങി നടക്കാന്‍ താല്‍പ്പര്യം കൂടുതലാകും. തര്‍ക്കവിഷയങ്ങളിലേര്‍പ്പെടരുത്. ബന്ധനാവസ്ഥയ്ക്ക് വരെ യോഗമുണ്ട്. വാക്ക്ദോഷം ഉണ്ടാകാതെ ശ്രദ്ധിക്കണം. ദുര്‍ജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗം ഒഴിവാക്കണം. ഉദരവ്യാധി, പനി ഇവയ്ക്ക് സാദ്ധ്യതയുണ്ട്. അസമയത്തെ യാത്രകള്‍ ഒഴിവാക്കണം.
 
ദോഷശാന്തിയ്ക്കായി വിഷ്ണുവിങ്കല്‍ ഷഡാക്ഷര സുദര്‍ശനമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും
 
'രാമായ രാമചന്ദ്രായ 
രാമഭദ്രായ വേധസേ
രഘുനാഥായ നാഥായ
സീതായഃ പതയേ നമഃ'
 
ശ്രീരാമസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
 
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
 
ലഗ്നത്തില്‍ കുജന്‍, ബുധന്‍, രണ്ടില്‍ ആദിത്യന്‍, ശുക്രന്‍, മൂന്നില്‍ രാഹു, നാലില്‍ ശനി, ഏഴില്‍ വ്യാഴം, ഒന്‍പതില്‍ കേതു ഇതാണ് ഗ്രഹനില.
 
വീട്ടില്‍ സ്വസ്ഥത കുറയും. ശരീരബലം കുറയും. കാര്യതടസ്സങ്ങള്‍ മാറിക്കിട്ടും. നേത്രരോഗം പ്രത്യേകം ശ്രദ്ധിക്കണം. മറ്റുള്ളവരുടെ വഞ്ചനയില്‍പ്പെടാതെ ശ്രദ്ധിക്കണം. ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. സ്വയം തെരഞ്ഞെടുക്കുന്ന വിവാഹാലോചനകള്‍ സഫലമാകും. ബന്ധുജനങ്ങളുമായുള്ള കലഹങ്ങള്‍ തുടരും. വാക്ദോഷം ഉണ്ടാകാതെ ശ്രദ്ധിക്കണം. യാത്രകള്‍ വേണ്ടിവരും. ബുദ്ധിസാമര്‍ത്ഥ്യവും വാക്സാമര്‍ത്ഥ്യവും പലപ്പോഴും സഹായകരമാകും. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. മനോവ്യാധികള്‍ കൂടുതലാകും.
 
ദോഷശാന്തിയ്ക്കായി ഗണപതിഹോമം കഴിക്കുകയും,
 
'ശ്രീമന്‍ മഹേശ്വര കൃപാമയ ഭോ ദയാലോ
ഹേ വ്യോമകേശ ശിതികണ്ഠ ഗണാധിനാഥ
ഭസ്മാംഗ രാഗ നൃകകപാല കലാപമാലാ
സംസാരദുഃഖ ഗഹനാജ്ജഗദീശ രക്ഷ.'
 
ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
 
മകരക്കൂറ്: (ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)
 
ലഗ്നത്തില്‍ ആദിത്യന്‍, ശുക്രന്‍, രണ്ടില്‍ രാഹു, മൂന്നില്‍ ശനി, ആറില്‍ വ്യാഴം, അഷ്ടമത്തില്‍ കേതു, പന്ത്രണ്ടില്‍ കുജന്‍, ബുധന്‍ ഇതാണ് ഗ്രഹസ്ഥിതി.
 
ചെലവുകള്‍ കൂടുതലാകും. കാര്യസാദ്ധ്യങ്ങള്‍ ഉണ്ടാകും. നാല്‍ക്കാലി വളര്‍ത്തലും അതിന്‍റെ കച്ചവടവും ലാഭകരമാകും. ഇഷ്ടമുള്ള അന്നപാനസാധനങ്ങള്‍ ലഭ്യമാകും. സുഖശയനോപകരണങ്ങള്‍ വാങ്ങാനാകും. ഒന്നിലും മനഃസന്തോഷം തോന്നുകയില്ല. ശത്രുവര്‍ദ്ധനയുണ്ടാകും. പലവിധ രോഗാരിഷ്ടതകള്‍ കൊണ്ട് ബുദ്ധിമുട്ടും. പലവിധ അനര്‍ത്ഥങ്ങളും ഉണ്ടാകാനിടയുണ്ട്. വഴിയാത്രകള്‍ കൂടുതലായി വേണ്ടിവരും. സത്യത്തെ മറച്ചുവെച്ച് വക്രതയോടെ സംസാരിക്കേണ്ടതായി വരും. കടം വാങ്ങേണ്ട സ്ഥിതി ഉണ്ടാകാനിടയുണ്ട്. ആയുധങ്ങള്‍ കൊണ്ട് മുറിവേല്‍ക്കാനിടയുണ്ട്.
ദോഷശാന്തിയ്ക്കായി ഭഗവതീക്ഷേത്രത്തില്‍ വനദുര്‍ഗ്ഗാമന്ത്രപുഷ്പാഞ്ജലി കഴിക്കുകയും,
 
'ഭവാനീ ഭാവനാഗമ്യാ 
ഭവാരണ്യ കുഠാരികാ
ഭദ്രപ്രിയാ ഭദ്രമൂര്‍ത്തിര്‍
 ഭക്തസൗഭാഗ്യദായിനീ'
 
ഈ ഭഗവതീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
 
കുംഭക്കൂറ്: (അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)
 
ലഗ്നത്തില്‍ രാഹു, രണ്ടില്‍ ശനി, അഞ്ചില്‍ വ്യാഴം, ഏഴില്‍ കേതു, പതിനൊന്നില്‍ കുജന്‍, ബുധന്‍, പന്ത്രണ്ടില്‍ ആദിത്യന്‍, ശുക്രന്‍ ഇതാണ് ഗ്രഹനില.
 
ചെലവുകള്‍ കൂടുതലാകും. മക്കള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. സുഖാനുഭവങ്ങള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകും. ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. ശരീരവേദന കൂടുതലായിട്ടനുഭവപ്പെടും. പുതുമയേറിയ വസ്ത്രങ്ങള്‍ ലഭ്യമാകാനിടയുണ്ട്. സന്താനോല്‍പ്പാദനത്തിനുവേണ്ടിയുള്ള ചികിത്സകള്‍ ഫലപ്രദമാകും. പുതിയ വീട് വയ്ക്കാന്‍ നല്ല കാലമാണ്. വാക്ദോഷം ഉണ്ടാകാതെ ശ്രദ്ധിക്കണം. മനഃസന്തോഷം ലഭിക്കുന്ന കാര്യങ്ങള്‍ ഉണ്ടാകും. ബന്ധുജനസഹായം ലഭിക്കും. വഴിപാടുകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ഫലം കുറയും. തര്‍ക്കവിഷയങ്ങളിലിടപെടരുത്. അസമയത്തെ ആഹാരം, എരിവുരസങ്ങള്‍ ഇവ ഒഴിവാക്കണം.
 
ദോഷശാന്തിയ്ക്കായി സുബ്രഹ്മണ്യസ്വാമിക്ക് പാലഭിഷേകവും, പൂവന്‍പഴ നിവേദ്യവും നടത്തുകയും
 
'പൃതനാജിതഗും സഹമാനമുഗ്രമഗ്നീം
ഹുവേമ പരമാത്സധനഥാത്
സനഃ പര്‍ഷദതി ദുര്‍ഗ്ഗാണി
വിശ്വക്ഷാമ ദേവോ അതിദുരിതാത്യാഗ്നിഃ'
 
ഈ ദുര്‍ഗ്ഗാസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
 
മീനക്കൂറ് (പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
 
ലഗ്നത്തില്‍ ശനി, നാലില്‍ വ്യാഴം, ആറില്‍ കേതു,  പത്തില്‍ കുജന്‍, ബുധന്‍, പതിനൊന്നില്‍ ആദിത്യന്‍, ശുക്രന്‍, പന്ത്രണ്ടില്‍ രാഹു ഇതാണ് ഗ്രഹനില.
 
വീടുപണിയുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറിക്കിട്ടും. തൊഴില്‍രംഗം മെച്ചപ്പെടും. സ്ഥാനമാനങ്ങള്‍ ലഭിക്കും. സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. സ്വസ്ഥതയുണ്ടാകും. പല പ്രകാരേണ ധനാഗമങ്ങള്‍ ഉണ്ടാകും. കാര്യസാദ്ധ്യങ്ങള്‍ ഉണ്ടാകും. ബന്ധുജനങ്ങള്‍ക്ക് ദുഃഖാനുഭവങ്ങള്‍ ഉണ്ടാകും. മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ടതായി വരും. ബന്ധുജനസഹകരണം ലഭിക്കും. ദൂരയാത്രകള്‍ വേണ്ടി വരും. വിഷബാധയേല്‍ക്കാനിടയുണ്ട്. ശരീരത്തില്‍ നീര്‍ക്കെട്ട് അനുഭവപ്പെടും. പാപകര്‍മ്മങ്ങള്‍ക്ക് കൂട്ടുനില്‍ക്കേണ്ടതായും ചിലപ്പോള്‍ ചെയ്യേണ്ടതായും വരും. വ്യയാധിക്യം ഉണ്ടാകും. ഗര്‍വ്വ് കുറയ്ക്കണം.
 
ദോഷശാന്തിയ്ക്കായി വിഷ്ണുക്ഷേത്രത്തില്‍ അഘമര്‍ഷണ മന്ത്രപുഷ്പാഞ്ജലി കഴിക്കുകയും
 
'നമസ്തേ സദാബ്രഹ്മചര്യായ തുഭ്യം
നമസ്തേ സദാവായുപുത്രായ തുഭ്യം
നമസ്തേ സദാ പിങ്ഗളാക്ഷായ തുഭ്യം
നമസ്തേ സദാരാമഭക്തായ തുഭ്യം.'
 
നിത്യവും ഈ ഹനുമദ്സ്തോത്രം ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
 
ജ്യോത്സ്യന്‍ പി. ശരത്ചന്ദ്രന്‍
'സ്മിത'(ഒ),  ചേന്ദമംഗലം പി.ഒ, 683512, വ. പറവൂര്‍
9446057752