ദ്വൈവാരഫലങ്ങള്‍ (1201 മിഥുനം 32 മുതല്‍ കര്‍ക്കിടകം 15 വരെ (16-7-2026 മുതല്‍ 31-7-2026 വരെ)

ദ്വൈവാരഫലങ്ങള്‍ (1201 മിഥുനം 32 മുതല്‍ കര്‍ക്കിടകം 15 വരെ (16-7-2026 മുതല്‍ 31-7-2026 വരെ)

ദ്വൈവാരഫലങ്ങള്‍

1201 മിഥുനം 32 മുതല്‍ കര്‍ക്കിടകം 15 വരെ (16-7-2026 മുതല്‍ 31-7-2026 വരെ)

ഗ്രഹപ്പകര്‍ച്ച

ജൂലൈ 17 ന് ദക്ഷിണായന പുണ്യകാലാഭംരം 19 ന് ഷഷ്ഠി. 25 ന് ഏകാദശി. പുലര്‍ച്ചെ 5 മണി മുതല്‍ വൈകുന്നേരം 6 മണി 10 മിനിട്ടുവരെ ഹരിവാസരം. 26 ന് പ്രദോഷം, 29 ന് പൗര്‍ണ്ണമി, ഗുരു പൂര്‍ണ്ണിമ.

മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം)

രണ്ടില്‍ കുജന്‍, മൂന്നില്‍ ബുധന്‍, നാലില്‍ ആദിത്യന്‍, വ്യാഴം,  അഞ്ചില്‍ ശുക്രന്‍, കേതു, പതിനൊന്നില്‍ രാഹു, പന്ത്രണ്ടില്‍ ശനി ഇതാണ് ഗ്രഹനില.

വാക്ദോഷം മൂലം കലഹങ്ങള്‍ ഉണ്ടാകും. സുഖകാര്യങ്ങള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകും. കള്ളന്മാരുടേയും അഗ്നിയുടേയും ഉപദ്രവങ്ങള്‍ ഉണ്ടാകാനിടയുണ്ട്. മനോവ്യാധികള്‍ കൂടുതലാകും. ഗവണ്‍മെന്‍റുമായുള്ള കാര്യങ്ങള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകും. ശത്രുഭീതി കൂടുതലാകും. ബന്ധുജനങ്ങള്‍ക്ക് ദുഃഖാനുഭവങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഒന്നിലും തൃപ്തി തോന്നുകയില്ല. ചില ധനലാഭങ്ങള്‍ ഉണ്ടാകും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകും. തൊഴില്‍രംഗം മെച്ചപ്പെടും. പുതിയ സംരംഭങ്ങള്‍ക്കായി ശ്രമിക്കാം.

ദോഷശാന്തിക്കായി ഗണപതിഹോമം കഴിക്കുകയും,

'ദാമോദരം രമോപേതം 
കേശവം കേശിസൂദനം
വരേണ്യം വരദം
വിഷ്ണുമാനന്ദം വാസുദേവജം.'

ഈ വിഷ്ണുസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)

ലഗ്നത്തില്‍ കുജന്‍, രണ്ടില്‍ ബുധന്‍, മൂന്നില്‍ ആദിത്യന്‍, വ്യാഴം,  നാലില്‍ ശുക്രന്‍, കേതു, പത്തില്‍ രാഹു, പതിനൊന്നില്‍ ശനി ഇതാണ് ഗ്രഹനില.

സാമ്പത്തികാഭിവൃദ്ധിയുണ്ടാകും. ഓഹരി സംബന്ധിച്ചും മറ്റും സഹോദരങ്ങളുമായി കലഹങ്ങള്‍ക്കിടയുണ്ട്. തൊഴില്‍രംഗം മെച്ചപ്പെടും. സ്ഥാനക്കയറ്റം ലഭിക്കും. ശത്രുക്ഷയം വരും. ശരീരക്ലേശങ്ങള്‍ കൂടുതലാകും. നല്ല വാക്കുകള്‍ കൊണ്ട് മറ്റുള്ളവരുടെ പ്രീതിനേടും. ചില കാര്യതടസ്സങ്ങള്‍ ഉണ്ടാകും. ബന്ധുജനസഹകരണം ലഭിക്കും. അധികാരസ്ഥാനങ്ങളില്‍ നിന്ന് സഹായം ലഭിക്കും. വ്യവഹാരങ്ങളില്‍ വിജയം ഉണ്ടാകും. കൊടുക്കല്‍വാങ്ങലുകളില്‍ ലാഭം പ്രതീക്ഷിക്കാം.

ദോഷശാന്തിക്കായി ഭഗവതിക്ഷേത്രത്തില്‍ ഭാഗ്യസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും

'കരങ്ങളഞ്ചുള്ള ഗണേശ്വരന്നു ഞാന്‍
കരിമ്പു തേന്‍ ശര്‍ക്കര നല്ലകാദളം
കൊടുത്തിരപ്പന്‍ പലപോതുമാദരാല്‍
മനക്കുരുന്നിന്നു തുണക്ക സന്തതം.'

ഈ ഗണപതിസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക. 

മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)

ലഗ്നത്തില്‍ ബുധന്‍, രണ്ടില്‍ ആദിത്യന്‍, ബുധന്‍, മൂന്നില്‍ ശുക്രന്‍, കേതു, ഒന്‍പതില്‍ രാഹു, പത്തില്‍ ശനി, പന്ത്രണ്ടില്‍ കുജന്‍ ഇതാണ് ഗ്രഹനില.

മറ്റുള്ളവരുടെ വഞ്ചനയില്‍പ്പെടാതെ ശ്രദ്ധിക്കണം. പലതരത്തിലുള്ള അനര്‍ത്ഥങ്ങള്‍ക്കും സാദ്ധ്യതയുണ്ട്. പാഴ്ച്ചെലവുകള്‍ കൂടുതലാകും. മനോവ്യാധികള്‍ കൂടുതലാകും. നേത്രരോഗം ശ്രദ്ധിക്കണം. ബന്ധുജനങ്ങളുമായുള്ള കലഹം കൂടുതലാകും. വാക്ദോഷം മൂലം ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. ശത്രുക്ഷയം വരും. സ്ഥാനമാനങ്ങള്‍ ലഭിക്കും. നൂതന വസ്ത്രാദ്യലങ്കാര സാധനങ്ങള്‍ ലഭിക്കും. ഹൃദയബന്ധിയായ അസുഖങ്ങള്‍ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ ധന്വന്തരിമന്ത്രപുഷ്പാഞ്ജലിയും ശിവങ്കല്‍ മൃത്യുഞ്ജയമന്ത്ര പുഷ്പാഞ്ജലിയും കഴിച്ച്.

'പ്രാതഃ സ്തവേ 
പരശിവാം ലളിതാം 
ഭവാനീം ത്രയ്യന്തവേദ്യവിഭവാം 
കരുണാ നവദ്യാം'

ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

കര്‍ക്കിടകക്കൂറ്:(പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)

ലഗ്നത്തില്‍ ആദിത്യന്‍, വ്യാഴം,  രണ്ടില്‍ ശുക്രന്‍, കേതു, അഷ്ടമത്തില്‍ രാഹു, ഒന്‍പതില്‍ ശനി, പതിനൊന്നില്‍ കുജന്‍, പന്ത്രണ്ടില്‍ ബുധന്‍ ഇതാണ് ഗ്രഹനില.

തൊഴില്‍രംഗത്തുനിന്ന് വരുമാനം വര്‍ദ്ധിക്കും. ത്വക്രോഗം ശ്രദ്ധിക്കണം. ശരീരക്ലേശങ്ങള്‍ കൂടുതലാകും. ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. ചെറിയ യാത്രകള്‍ കൂടുതലായി വേണ്ടിവരും. അപ്രതീക്ഷിതമായ ധനാഗമം ഉണ്ടാകും. ശത്രുവര്‍ദ്ധനയുണ്ടാകും. അലങ്കാര സാധനങ്ങള്‍ ലഭ്യമാകും. സുഖാനുഭവങ്ങള്‍ ഉണ്ടാകും. ധര്‍മ്മകാര്യ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സംവരും. ബന്ധുജനങ്ങളുടെ വിരോധം കൂടുതലാകും. പിതൃജനങ്ങളുടെ രോഗാരിഷ്ടതകള്‍, ക്ലേശങ്ങള്‍ കൂടുതലാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല അവസരങ്ങള്‍ ഉണ്ടാകും.

ദോഷശാന്തിക്കായി സര്‍പ്പാരാധനാകേന്ദ്രത്തില്‍ നൂറും പാലും കഴിക്കുകയും,

'നാരായണനുസഖിയാകിയ പാണ്ഡവനു
പാരിച്ചദുര്‍മ്മദമടക്കി വരം കൊടുപ്പാന്‍
കൈതാര വേഷധാരനാകിയ ചന്ദ്രചൂഡന്‍
കാരുണ്യമെങ്കലരുളീടുക സര്‍വ്വകാലം.'

ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)

ലഗ്നത്തില്‍  ശുക്രന്‍, കേതു, ഏഴില്‍ രാഹു, അഷ്ടമത്തില്‍ ശനി, പത്തില്‍ കുജന്‍, പതിനൊന്നില്‍ ബുധന്‍, പന്ത്രണ്ടില്‍  ആദിത്യന്‍, വ്യാഴം ഇതാണ് ഗ്രഹനില.

ശത്രുവര്‍ദ്ധനയുണ്ടാകും. ധനനഷ്ടങ്ങള്‍ക്ക് സാദ്ധ്യതയുണ്ട്.ഇഷ്ടമുള്ള അന്നപാനസാധനങ്ങള്‍ ലഭ്യമാകും. സത്കര്‍മ്മങ്ങള്‍ക്കായി പണം ചെലവഴിക്കും. വഴിയാത്രകള്‍ക്കിടയില്‍ വൈഷമ്യങ്ങള്‍ ഉണ്ടാകും. കഠിനമായ ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. ചില കാര്യസാധ്യങ്ങള്‍, ധനാഗമം ഇവയുണ്ടാകും. തൊഴില്‍സ്ഥലത്ത് കലഹം, അഗ്നിബാധ ഇവ ഉണ്ടാകാനിടയുണ്ട്. ഗവണ്‍മെന്‍റില്‍ നിന്ന് ലഭിക്കുവാനുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാകും. 

ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ ആപദുദ്ധരണമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും,

'ശാന്തം ചന്ദ്രാവതം സം 
ശബരിഗിരിവരോത്തുംഗ 
പീഠേ നിഷണ്ണം
ചിന്താരത്നാഭിരാമം
 ശ്രുതി വിനുതപദാഭോരുഹം ഭൂതനാഥം'

ഈ ശാസ്താസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍ അത്തം, ചിത്തിര 1, 2 പാദങ്ങള്‍)

ആറില്‍ രാഹു, ഏഴില്‍ ശനി, ഒന്‍പതില്‍ കുജന്‍, പത്തില്‍ ബുധന്‍, പതിനൊന്നില്‍ ആദിത്യന്‍, വ്യാഴം, പന്ത്രണ്ടില്‍ ശുക്രന്‍, കേതു ഇതാണ് ഗ്രഹനില.

തൊഴില്‍രംഗം മെച്ചപ്പെടും. പുതിയ സംരംഭങ്ങള്‍ തുടങ്ങാം. സ്ഥാനമാനങ്ങള്‍ ലഭിക്കും. പലവിധ ഐശ്വര്യാനുഭവങ്ങളും ഉണ്ടാകും. കാര്യതടസ്സങ്ങള്‍ ഉണ്ടാകും. ഭാര്യാഭത്തൃകലഹങ്ങള്‍, ദാമ്പത്യക്ലേശം ഇവയുണ്ടാകും. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. ദൂരദേശ യാത്രകള്‍ വേണ്ടിവരും. മനോദുഃഖങ്ങള്‍ കൂടുതലാകും. അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. കാര്യങ്ങള്‍-പ്രവര്‍ത്തനങ്ങള്‍ എല്ലാം മന്ദഗതിയിലാകും. വീട്ടില്‍ സ്വസ്ഥത കുറയും. നാല്‍ക്കാലികളില്‍ നിന്ന് മെച്ചം കിട്ടും. അര്‍ശ്ശോരോഗം ശ്രദ്ധിക്കണം.

ദോഷശാന്തിക്കായി ശാസ്താവിന് എള്ളുപായസം കഴിക്കുകയും

'നമോ വാനരേന്ദ്രം 
നമോ വിശ്വപാലം
നമോ വിശ്വമോദം 
നമോ ദേവശൂരം.'

ഈ ഹനുമദ്സ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

തുലാക്കൂറ് (ചിത്തിര 3,4 പാദങ്ങള്‍, ചോതി, വിശാഖം 1,2,3 പാദങ്ങള്‍)

അഞ്ചില്‍ രാഹു, ആറില്‍ ശനി, അഷ്ടമത്തില്‍ കുജന്‍, ഒന്‍പതില്‍ ബുധന്‍, പത്തില്‍ ആദിത്യന്‍, വ്യാഴം, പതിനൊന്നില്‍  ശുക്രന്‍, കേതു ഇതാണ് ഗ്രഹനില.

പണത്തിന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. എങ്കിലും കാര്യങ്ങള്‍ ഒരുവിധം നടക്കും. മനഃക്ലേശങ്ങള്‍ കൂടുതലാകും. എല്ലാരംഗങ്ങളിലും പൊതുവേ വിജയം പ്രതീക്ഷിക്കാം. ചെയ്യുന്ന കാര്യങ്ങള്‍ സഫലമാകും. ഗവണ്‍മെന്‍റില്‍ നിന്ന് കിട്ടാനുള്ള സഹായങ്ങള്‍ ലഭ്യമാകും. വ്രണങ്ങള്‍, കഴുത്തിന് മുകളിലുള്ള അംഗങ്ങളില്‍ രോഗപീഡ ഇവ ശ്രദ്ധിക്കണം. മാനഹാനിക്കിടയുണ്ട്. ചില ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. സ്ഥാനചലനങ്ങള്‍ക്കിടയുണ്ട്. സഹായികളുമായി കലഹിക്കേണ്ടതായി വരും. തൊഴില്‍രംഗം സമ്മിശ്രഫലമായിരിക്കും. ജന്തുക്കളുടെ ഉപദ്രവം സൂക്ഷിക്കണം.

ദോഷശാന്തിക്കായി ഭഗവതിക്ഷേത്രത്തില്‍ വനദുര്‍ഗ്ഗാമന്ത്ര പുഷ്പാഞ്ജലി  കഴിക്കുകയും

'ഹരായാകാശരൂപായ ഹരോത്തരഹരായ ച
പകാരായ രകാരായ ഹരശംഭോ നമോ നമഃ'

ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)

നാലില്‍ രാഹു, അഞ്ചില്‍ ശനി, ഏഴില്‍ കുജന്‍, അഷ്ടമത്തില്‍ ബുധന്‍, ഒന്‍പതില്‍ ആദിത്യന്‍, വ്യാഴം, പത്തില്‍  ശുക്രന്‍, കേതു ഇതാണ് ഗ്രഹനില.

പണത്തെ സംബന്ധിച്ച് കലഹങ്ങള്‍ക്കിടയുണ്ട്. തൊഴില്‍രംഗം മെച്ചപ്പെടും. പലവിധ ആപത്തുകള്‍ക്കും സാദ്ധ്യതയുണ്ട്. ദാമ്പത്യകലഹങ്ങള്‍ക്കിടയുണ്ട്. നേത്രരോഗം, ഉദരരോഗം ഇവ ശ്രദ്ധിക്കണം. കാര്യതടസ്സങ്ങള്‍ മാറിക്കിട്ടും. വീട്ടില്‍ അസ്വസ്ഥതകള്‍ കുറയും. മക്കള്‍ക്ക് സൗഖ്യം ഉണ്ടാകും. അപ്രതീക്ഷിതമായ ധനാഗമം ഉണ്ടാകും. എല്ലാകാര്യങ്ങളും സാമര്‍ത്ഥ്യത്തോടെ  നടത്താനാകും. കലഹവാസന കൂടുതലാകും. അപമാനം ഏല്‍ക്കേണ്ടതായി വരും. മനസ്സില്‍ ദുഃചിന്തകള്‍ കൂടുതലാകും.

ദോഷശാന്തിക്കായി ശാസ്താവിന് എണ്ണ അഭിഷേകം നടത്തുകയും

'ശിവദൂതി സ്വരൂപേണ
 ഹതദൈത്യമഹാബാല
ഘോരരൂപേ മഹാരാവേ 
നാരായണീ നമോസ്തുതേ'

ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)

മൂന്നില്‍ രാഹു, നാലില്‍ ശനി, ആറില്‍ കുജന്‍, ഏഴില്‍ ബുധന്‍, അഷ്ടമത്തില്‍ ആദിത്യന്‍, വ്യാഴം, ഒന്‍പതില്‍  ശുക്രന്‍, കേതു ഇതാണ് ഗ്രഹനില.

മനോദുഃഖം കൂടുതലാകും. ഭാര്യാഭര്‍ത്താക്കന്മാര്‍ അകന്ന് കഴിയേണ്ടതായി വരും. ധനനഷ്ടങ്ങള്‍ ഉണ്ടാകും. കലഹവാസന കൂടുതലാകും. ധര്‍മ്മാചാരങ്ങള്‍ പാലിക്കാന്‍ സാധിക്കും. പൊതുവെ സൗഖ്യം ആയിരിക്കുമെങ്കിലും ചില ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. ചില കാര്യസാദ്ധ്യങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് മോശമായ അനുഭവങ്ങള്‍ ഉണ്ടാകാനിടയുണ്ട്. വിവാഹാലോചനകള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകും. മദ്ധ്യസ്ഥത വഹിക്കരുത്. ചെലവുകള്‍ കൂടുതലാകും. സ്ത്രീവിഷയമായും സ്വര്‍ണ്ണത്തെ സംബന്ധിച്ചും കലഹങ്ങള്‍ക്കിടയുണ്ട്.

ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ മഹാസുദര്‍ശനപുഷ്പാഞ്ജലി കഴിക്കുകയും

'ലപന്നച്യുതാനന്ദ ഗോവിന്ദ വിഷ്ണോ
മുരാരേ ഹരേ നാഥ നാരായണേതി
യഥാനുസ്മരിഷ്യാമി ഭക്ത്യാഭവന്തം
തഥാ മേ ദയാശീല ദേവപ്രസീദ!'
ഈ വിഷ്ണുസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

മകരക്കൂറ്:(ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)

രണ്ടില്‍ രാഹു, മൂന്നില്‍ ശനി, അഞ്ചില്‍ കുജന്‍, ആറില്‍ ബുധന്‍, ഏഴില്‍ ആദിത്യന്‍, വ്യാഴം, അഷ്ടമത്തില്‍  ശുക്രന്‍, കേതു ഇതാണ് ഗ്രഹനില.

പാഴ്ച്ചെലവുകള്‍ കൂടുതലാകും. സഹോദരങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും. ഒരു ലക്ഷ്യവുമില്ലാതെ വെറുതെ നടക്കുന്നരീതി കൂടുതലാകും. ദീനഭാവം നന്നായുണ്ടാകും. മനഃസ്വസ്ഥത കുറയും. ദുശ്ചിന്തകള്‍ കൂടുതലാകും. ശത്രുഭയം കൂടുതലാകും. മക്കളുടെ രോഗാരിഷ്ടതകള്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്വന്തം ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. സ്ഥാനക്കയറ്റം ലഭിക്കും. വാക്സാമര്‍ത്ഥ്യം മൂലം പല കാര്യസാദ്ധ്യങ്ങളുണ്ടാകും. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങാനാകും. വാഹനം ഉപയോഗിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. തൊഴില്‍രംഗം മെച്ചമല്ല.

ദോഷശാന്തിക്കായി ഭദ്രകാളിക്ക് ചെത്തിപ്പൂവുകൊണ്ട് അഷ്ടോത്തരാര്‍ച്ചന കഴിക്കുകയും

'ദ്വിബാഹും രക്തവര്‍ണ്ണം
 ചധ്രൂമ്രകേശം ദിഗംബരം
കപാലശൂലോ ദധതം 
ചിന്തയേത് കാലഭൈരവം'

ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)

ലഗ്നത്തില്‍ രാഹു, രണ്ടില്‍ ശനി, നാലില്‍ കുജന്‍, അഞ്ചില്‍ ബുധന്‍, ആറില്‍ ആദിത്യന്‍, വ്യാഴം, ഏഴില്‍  ശുക്രന്‍, കേതു ഇതാണ് ഗ്രഹനില.

വീട്ടില്‍ സ്വസ്ഥത കുറയും. തൊഴില്‍രംഗം മെച്ചപ്പെടും. ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. സുഖഹാനിയുണ്ടാകും. കാലുകള്‍ക്ക് ബലക്കുറവ് അനുഭവപ്പെടും. അപവാദങ്ങള്‍ കേള്‍ക്കേണ്ടതായി വരും. ഭാഗ്യാനുഭവങ്ങള്‍ക്ക് കുറവുവരും. ഭാര്യയോട്/ ഭര്‍ത്താവിനോടും മക്കളോടും ഉള്ള കലഹം കൂടുതലാകും. ദുര്‍ജ്ജനങ്ങളുമായി സംസര്‍ഗ്ഗം ചെയ്യേണ്ടതായി വരും. പനി, ദഹനക്കുറവ് ഇവ ശ്രദ്ധിക്കണം. ശത്രുക്ഷയം വരും. ദൂരയാത്രകള്‍ ഒഴിവാക്കണം. രാത്രിയാത്രകള്‍, വാക്കുതര്‍ക്കം, പണം കടം കൊടുക്കല്‍ തുടങ്ങിയവ ഒഴിവാക്കണം. വ്യവഹാരങ്ങളില്‍ കൂടുതല്‍ ശ്രദ്ധവേണം.
ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ ഷഡക്ഷര സുദര്‍ശനമന്ത്രപുഷ്പാഞ്ജലി കഴിക്കുകയും

'ആദി വിഗ്രഹ നിര്‍മ്മല നിത്യവും
ജ്യോതിരൂപശുഭഗ്രഹപുംഗവ'
 ഈ ആദിത്യസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

മീനക്കൂറ് (പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)

ലഗ്നത്തില്‍ ശനി, മൂന്നില്‍ കുജന്‍, നാലില്‍ ബുധന്‍, അഞ്ചില്‍ ആദിത്യന്‍, വ്യാഴം, ആറില്‍  ശുക്രന്‍, കേതു, പന്ത്രണ്ടില്‍ രാഹു ഇതാണ് ഗ്രഹനില.

ശത്രുക്കളില്‍ നിന്ന് ഉപദ്രവങ്ങള്‍ കൂടുതലാകും. ധനലാഭങ്ങള്‍ ഉണ്ടാകും. പുതിയ ഗൃഹനിര്‍മ്മാണം തുടങ്ങാം. ബന്ധുജനങ്ങള്‍ക്കും കുടുംബജനങ്ങള്‍ക്കും അഭിവൃദ്ധിയുണ്ടാകും. മക്കള്‍ക്ക് സൗഖ്യം ഉണ്ടാകും. മക്കള്‍ക്ക് പുതിയ തൊഴില്‍ സാദ്ധ്യതകള്‍ തെളിയും. സന്താനോല്‍പ്പാദനത്തിനുള്ള ചികിത്സകള്‍ ഫലപ്രദമാകും. വിവാഹാലോചനകള്‍ ഉറപ്പിക്കാനാകും. കമിതാക്കളുടെ പ്രണയം സഫലമാകും. ഉദരവ്യാധികള്‍, മൂത്രാശയ ബന്ധിയായ രോഗങ്ങള്‍ ഇവ ശ്രദ്ധിക്കണം. വിഷത്തിന്‍റേയും അഗ്നിയുടേയും ഉപദ്രവങ്ങള്‍ക്ക് സാദ്ധ്യതയുണ്ട്.
ദോഷശാന്തിക്കായി ശാസ്താവിന് നീലപ്പട്ടുചാര്‍ത്തി നീരാജനം കഴിക്കുകയും

'ആനന്ദമോടമഭിനയിച്ചു രസീച്ചിടുന്ന
ഗോവിന്ദനില്‍ പ്രണയഭക്തിയുദിച്ചിടേണം'

ഈ വിഷ്ണുസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

 

ജ്യോത്സ്യന്‍ പി. ശരത്ചന്ദ്രന്‍
'സ്മിത'(ഒ)
ചേന്ദമംഗലം പി.ഒ, 683512, വ. പറവൂര്‍
9446057752