ദ്വൈവാര ഫലങ്ങള്‍ (16-5-2026 മുതല്‍ 31-5-2026 വരെ 1201 ഇടവം 2 മുതല്‍ 17 വരെ)
ദ്വൈവാര ഫലങ്ങള്‍
(16-5-2026 മുതല്‍ 31-5-2026 വരെ 1201 ഇടവം 2 മുതല്‍ 17 വരെ)
ഗ്രഹപ്പകര്‍ച്ച
മേയ് 16 ന് അമാവാസി. 21 ന് ഷഷ്ഠി. 27 ന് ഏകാദശി. പുലര്‍ച്ചെ 12 മണി 6 മിനിട്ട് മുതല്‍ പകല്‍ 12 മണി 41 മിനിട്ടുവരെ ഹരിവാസരം. 28 ന് പ്രദോഷം. 30 ന് പൗര്‍ണ്ണമി
മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം)
ലഗ്നത്തില്‍ കുജന്, രണ്ടില്‍ ആദിത്യന്, ബുധന്‍, മൂന്നില്‍ വ്യാഴം, ശുക്രന്, അഞ്ചില്‍ കേതു, പതിനൊന്നില്‍ രാഹു, പന്ത്രണ്ടില്‍ ശനി ഇതാണ് ഗ്രഹനില.
ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. നല്ല വാക്കുകള്‍ കൊണ്ട് മറ്റുള്ളവരുടെ പ്രീതി നേടും. മറ്റുള്ളവരുടെ വഞ്ചനയില്‍പ്പെടാതെ ശ്രദ്ധിക്കണം. നേത്രരോഗം ശ്രദ്ധിക്കണം.കാര്യതടസ്സങ്ങള്‍ ഉണ്ടാകും. മനഃസ്വസ്ഥത കുറയും. ആധിവ്യാധികള്‍ കൂടുതലാകും. മക്കളില്‍ നിന്ന് ധനാഗമം ഉണ്ടാകുമെങ്കിലും അവരില്‍ നിന്ന് ക്ലേശാനുഭവങ്ങള്‍ക്കിടയുണ്ട്. ശരീരക്ഷയം ഏല്ക്കാനിടയുണ്ട്. സ്ഥാനനഷ്ടങ്ങള്‍ ഉണ്ടാകും. അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. ബന്ധുജനങ്ങള്ക്കാപത്തുകള്ക്കിടയുണ്ട്. ശത്രുവര്‍ദ്ധനയുണ്ടാകും. ചെലവുകള്‍ കൂടുതലാകും.
ദോഷശാന്തിക്കായി ശിവങ്കല്‍ ധാര കഴിക്കുകയും
'ആര്‍താനാമാര്‍തിഹന്താരം ഭീതാനാം ഭീതിനാശനം
ദ്വിഷതാം കാലദണ്ഡം
തം രാമചന്ദ്രം നമാമ്യഹം.'
ഈ ശ്രീരാമസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)
ലഗ്നത്തില്‍ ആദിത്യന്, ബുധന്‍, രണ്ടില്‍ വ്യാഴം, ശുക്രന്, നാലില്‍ കേതു, പത്തില്‍ രാഹു, പതിനൊന്നില്‍ ശനി, പന്ത്രണ്ടില്‍ കുജന് ഇതാണ് ഗ്രഹനില.
ധനാഗമങ്ങള്‍ ഉണ്ടാകും. വീട്ടില്‍ സ്വസ്ഥത കുറയും. സഹോ
ദരങ്ങളുമായി കലഹങ്ങള്‍ക്കിടയുണ്ട്. ശരീരക്ഷീണം കൂടുതലാകും. വഴിയാത്രകള്‍ കൂടുതലായി വേണ്ടിവരും. ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. പാഴ്ച്ചെലവുകള് കൂടുതലാകും. പലതരത്തിലുള്ള അനര്‍ത്ഥങ്ങള്‍ക്കും ഇടയുണ്ട്. ബന്ധുജനങ്ങളുമായുള്ള കലഹങ്ങള്‍ കൂടുതലാകും. വാക്ദോഷം ഉണ്ടാകുമെങ്കിലും അത് പരിഹരിക്കപ്പെടും. കാര്യസാദ്ധ്യങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. തൊഴില്‍രംഗത്തുനിന്നുള്ള ധനാഗമം വര്‍ദ്ധിക്കും. ഉന്നതവിദ്യാഭ്യാസത്തിന് അനുകൂലമായ കാലമാണ്. ഭൂമിയിടപാടുകള്‍ മെച്ചപ്പെടും.
ദോഷശാന്തിക്കായി ഭഗവതീക്ഷേത്രത്തില്‍ ഐകമത്യസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും,
'ഹ്രീംകാരേഷ്ടാം ചതത്രസ്ഥാം
ഹ്രീംകാരാം തല്സ്വരൂപിണീം
ഹിരണ്യവര്ണ്ണാം
സൗവര്ണ്ണരേഖാംരൂപാം നമാമ്യഹം'
ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)
ലഗ്നത്തില്‍ വ്യാഴം, ശുക്രന്, മൂന്നില്‍ കേതു, ഒന്‍പതില്‍ രാഹു, പത്തില്‍ ശനി, പതിനൊന്നില്‍ കുജന്, പന്ത്രണ്ടില്‍ ആദിത്യന്, ബുധന്‍ ഇതാണ് ഗ്രഹനില.
തൊഴില്‍രംഗം മെച്ചമല്ല. തൊഴില്‍രംഗത്തുള്ള പ്രതിസന്ധികള്‍ ഉണ്ടാകും. ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. അപവാദങ്ങള്‍ കേള്‍ക്കേണ്ടതായി വരും. അലച്ചിലും സ്ഥാനനഷ്ടങ്ങളും ഉണ്ടാകും. ഇഷ്ടമുള്ള അന്നപാനസാധനങ്ങള്‍ ലഭിക്കും. സുഗന്ധദ്രവ്യങ്ങളും അലങ്കാരവസ്തുക്കളും ലഭിക്കും. കലഹവാസന കൂടുതലാകും. പ്രായോഗികബുദ്ധി പ്രകടിപ്പിക്കാന്‍ പറ്റുകയില്ല. ത്വക്ക് രോഗം പ്രത്യേകം ശ്രദ്ധിക്കണം. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. ചില സുഖാനുഭവങ്ങള്‍ക്കിടയുണ്ട്. സ്ഥാനക്കയറ്റത്തിനുള്ള സാദ്ധ്യതകള്‍ തെളിയും. ഭൂമിക്കച്ചവടത്തില്‍ ലാഭം പ്രതീക്ഷിക്കാം.
ദോഷശാന്തിക്കായി ശാസ്താവിന് എള്ളെണ്ണ അഭിഷേകം നടത്തുകയും
'സുധാസിന്ധുമുല്ലംഘ്യനാഥ പ്രദീപ്താഃ
സുധാ ചൗഷധീസ്താഃ പ്രഗുപ്തപ്രഭാവാഃ
ക്ഷണേ ദ്രോണശൈലസ്യ പൃഷ്ഠേ പ്രരൂഢാഃ
ത്വയാ വായുസൂനോ കിലാനീയ ദത്താഃ'
ഈ ഹനുമത്സ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കര്‍ക്കിടകക്കൂറ്:(പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)
രണ്ടില്‍ കേതു, അഷ്ടമത്തില്‍ രാഹു, ഒന്‍പതില്‍ ശനി, പത്തില്‍ കുജന്, പതിനൊന്നില്‍ ആദിത്യന്, ബുധന്‍, പന്ത്രണ്ടില്‍ വ്യാഴം, ശുക്രന് ഇതാണ് ഗ്രഹനില.
സ്ഥാനക്കയറ്റം ലഭിക്കും. പലവിധ ഐശ്വര്യാനുഭവങ്ങള്‍ ഉണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒരുപരിധിവരെ ശരിയാകും. തൊഴില്‍രംഗം മെച്ചപ്പെടും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുള്ള സത്കര്‍മ്മങ്ങള്‍ക്കായി പണം ചെലവഴിക്കും. കാര്യജയങ്ങള് ഉണ്ടാകും. പലവിധ സുഖാനുഭവങ്ങള്‍ക്കും ഇടയുണ്ട്. എങ്കിലും ചില ദുഃഖാനുഭവങ്ങള്‍ക്കും സാദ്ധ്യതയുണ്ട്. യാത്രാക്ലേശങ്ങള്‍ ഉണ്ടാകും. പുതിയതും വിശേഷപ്പെട്ടതുമായ വസ്ത്രങ്ങള്‍ ലഭ്യമാകും. ധര്‍മ്മകാര്യങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. ബന്ധുജനവിരോധം ഉണ്ടാകും.
ദോഷശാന്തിക്കായി സര്‍പ്പാരാധനാകേന്ദ്രത്തില്‍ മഞ്ഞള്‍പ്പൊടി ചാര്‍ത്തി സര്‍പ്പസൂക്തം കൊണ്ട് പുഷ്പാഞ്ജലി കഴിക്കുകയും,
'സമസീരുഹസംകാശാം
സരോജദളലോചനം
സരോവര സമീപസ്ഥാം
സഗുണാം ഭാവയേഹൃദി'
ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)
ലഗ്നത്തില്‍ കേതു, ഏഴില്‍ രാഹു, അഷ്ടമത്തില്‍ ശനി, ഒന്‍പതില്‍ കുജന്, പത്തില്‍ ആദിത്യന്, ബുധന്‍, പതിനൊന്നില്‍ വ്യാഴം, ശുക്രന് ഇതാണ് ഗ്രഹനില.
ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. കാര്യസാദ്ധ്യങ്ങള്‍ ഉണ്ടാകും. ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. തര്‍ക്കവിഷയങ്ങളില്‍ പരാജയം ഉണ്ടാകും. കലഹസ്വഭാവം കൂടുതലാകും. അപമാനം ഏല്ക്കേണ്ടതായി വരും. ബന്ധുജനങ്ങളുമായി അകല്‍ച്ചയുണ്ടാകും. പലവിധ രോഗാരിഷ്ടതകള്‍ക്കിടയുണ്ട്. പണമിടപാടുകള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യണം. ശത്രുവര്ദ്ധനവുണ്ടാകും. മനസ്സിന് ധൈര്യവും ദൃഢനിശ്ചയവും കൈവരും. ഭൂമി സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും.
ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ ധന്വന്തരി മന്ത്രപുഷ്പാഞ്ജലി കഴിക്കുകയും
'സശംഖചക്രം സകിരീട കുണ്ഡലം
സപീതവസ്ത്രം സരസീരുഹേക്ഷണം
സഹാരവക്ഷസ്ഥല കൗസ്തുഭപ്രിയം
നമാമി വിഷ്ണും ശിരസാ ചതുര്‍ഭുജം.'
ഈ വിഷ്ണുധ്യാനം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്തിര 1, 2 പാദങ്ങള്‍)
ആറില്‍ രാഹു, ഏഴില്‍ ശനി, അഷ്ടമത്തില്‍ കുജന്, ഒന്‍പതില്‍ ആദിത്യന്, ബുധന്‍, പത്തില്‍ വ്യാഴം, ശുക്രന്, പന്ത്രണ്ടില്‍ കേതു ഇതാണ് ഗ്രഹനില.
പലവിധ ആപത്തുകള്‍ക്കും സാദ്ധ്യതയുണ്ട്. മനഃസ്വസ്ഥത കുറയും. പലവിധ ദുഃഖാനുഭവങ്ങള്‍ക്കും ഇടയുണ്ട്. മാനക്ഷയം ഉണ്ടാകാനിടയുണ്ട്. ഒടിവ്, ചതവ്, മുറിവ്, വ്രണങ്ങള്‍ ഇവ ശ്രദ്ധിക്കണം. മനസ്സിന് ആഘാതമുണ്ടാക്കുന്ന കാര്യങ്ങള്‍ ഉണ്ടാകും. സ്ഥാനനഷ്ടങ്ങള്‍ ഉണ്ടാകും. തൊഴില്‍ തടസ്സങ്ങള്‍ ഉണ്ടാകും. കലഹവാസന കൂടുതലാകും. ദൂരദേശ യാത്രകള്‍ വേണ്ടിവരും. അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. അലസത കൂടുതലാകും. പ്രവൃത്തികള്‍ സാവധാനത്തിലാകും. ധനനഷ്ടങ്ങള്‍ ഉണ്ടാകും.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ല അവസരങ്ങള്‍ വരും.
ദോഷശാന്തിക്കായി ഗണപതിഹോമം നടത്തുകയും
'അംബാങ്കാരൂഢമാദ്യം സകലസുരഗണൈര്-
വന്ദിതം സൂര്യകോടി-
പ്രഖ്യം ദുഃഖൌഘനാശം സൃണികലശലസ-
ച്ചാരുഹസ്തം സദണ്ഡം
സദന്തം സഞ്ചരന്തം സ്തനജപരിലസ-
ദ്വാരിധാരാഭിരാഢ്യം
മുഞ്ചന്തം പാപജാലം മുഹുരഹമനിശം
ബാലവിഘ്നം നമാമി.'
ഈ ബാലഗണപതി ധ്യാനം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
തുലാക്കൂറ് (ചിത്തിര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 പാദങ്ങള്‍)
അഞ്ചില്‍ രാഹു, ആറില്‍ ശനി, ഏഴില്‍ കുജന്, അഷ്ടമത്തില്‍ ആദിത്യന്, ബുധന്‍, ഒന്‍പതില്‍ വ്യാഴം, ശുക്രന്, പതിനൊന്നില്‍ കേതു ഇതാണ് ഗ്രഹനില.
ശത്രുക്ഷയം വരും. പഴകിയ രോഗങ്ങള്‍ക്ക് സമാധാനം കണ്ടുതുടങ്ങും. കാര്യവിജയങ്ങളുണ്ടാകും. ധനലാഭങ്ങള്‍ ഉണ്ടാകും. ധര്മ്മകാര്യങ്ങളിലേര്പ്പെട്ട് പ്രവര്‍ത്തിക്കാനാകും. സുഖാനുഭവങ്ങള്‍ ഉണ്ടാകും. മക്കള്‍ക്ക് സുഖാനുഭവങ്ങള്‍ ഉണ്ടാകും. കാര്യസാദ്ധ്യങ്ങള്‍ ഉണ്ടാകും. മനഃസന്തോഷം ലഭിക്കും. ഭാര്യ-ഭര്‍ത്തൃകലഹങ്ങള്‍ വലുതാകാതെ സൂക്ഷിക്കണം. നേത്രരോഗം, ഉദരവ്യാധി ഇവ ശ്രദ്ധിക്കണം. ശത്രുപീഡയുണ്ടാകും.
ദോഷശാന്തിക്കായി ശിവങ്കല്‍ ധാരകഴിക്കുകയും
'ബ്രഹ്മാണ്ഡ ചതുരാനനാള ക്ഷവലയാ
കുഭസ്തനാസ്രുകഡ്രുവൌ
ബിഭ്രാണാരുണകാന്തിരിന്ദുവദനാ
ദിഗ്രൂപിണിബാലികാ
ഹംസാരോഹണ കേളീരംബരമണേര്-
ബിംബാഗ്രിതാ ഭൂതിദാ
ഗായത്രീഹൃദി ഭാവിതാഭവതു നഃ
സമ്പത്സമൃദ്ധ്യൈ സദാ.'
ഈ ദേവീസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
നാലില്‍ രാഹു, അഞ്ചില്‍ ശനി, ആറില്‍ കുജന്, ഏഴില്‍ ആദിത്യന്, ബുധന്‍, അഷ്ടമത്തില്‍ വ്യാഴം, ശുക്രന്, പത്തില്‍ കേതു ഇതാണ് ഗ്രഹനില.
സാമ്പത്തികപ്രയാസങ്ങള്‍ക്ക് സമാധാനം കാണും. എപ്പോഴും ദൈന്യഭാവമായിരിക്കും. യാതൊരു ലക്ഷ്യവുമില്ലതെയുള്ള വഴിയാത്രകള്‍ ഉണ്ടാകും. മനഃസ്വസ്ഥത കുറയും. കലഹഭയം എപ്പോഴും ഉണ്ടാകും. കലഹസ്വഭാവം നിയന്ത്രിക്കണം. ചില ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. ചെറിയ രീതിയിലുള്ള സുഖാനുഭവങ്ങള്‍ ഉണ്ടാകും. മക്കളെക്കൊണ്ട് എപ്പോഴും ആധി കൂടിക്കൊണ്ടിരിക്കും. തൊഴില്‍രംഗം വലിയ കുഴപ്പമില്ലാതെ മുന്നോട്ടുപോകുമെങ്കിലും പുതിയ സംരംഭങ്ങള്‍ തുടങ്ങരുത്. തലവേദന, നേത്രരോഗം ഇവ ശ്രദ്ധിക്കണം. അമ്മയ്ക്ക് ക്ലേശാനുഭവങ്ങള്‍ ഉണ്ടാകും.
ദോഷശാന്തിക്കായി വിഷ്ണുവിങ്കല്‍ ഷഡക്ഷര മന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും
'ഉദ്വാദ്ഭാസ്വത്സഹസ്രപ്രകരസമരുചിം
വ്യാപ്തദിങ്മണ്ഡലാന്തം
ഹസ്തൈഃ പാദൈരനന്തൈര്
നയന സരസിജൈ-
രാകുലം വക്ത്രപദ്മൈഃ
സ്വാംഗാവിര്ഭൂതലോകം, വിവിധ മണിഗണ-
പ്രോല്ലസന്മൗലികോടിം,
വന്ദേളഹം ഹേതികോടിദ്യുതിഖചിതതനും
വിശ്വരൂപം മുരാരി.'
ഈ വിഷ്ണുധ്യാനം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
മുന്നില്‍ രാഹു, നാലില്‍ ശനി, അഞ്ചില്‍ കുജന്, ആറില്‍ ആദിത്യന്, ബുധന്‍, ഏഴില്‍ വ്യാഴം, ശുക്രന്, ഒന്‍പതില്‍ കേതു ഇതാണ് ഗ്രഹനില.
വീട്ടിലെ അസ്വസ്ഥതകള്‍ തുടരും. മനഃക്ലേശം കൂടുതലാകും. കലഹവാസന കൂടുതലാകും. ധനനഷ്ടങ്ങള്‍ ഉണ്ടാകും. സ്ത്രീകള്‍/ പുരുഷന്മാര് മൂലം അപവാദങ്ങള്‍ കേള്‍ക്കേണ്ടതായി വരും. ബുദ്ധിസാമര്‍ത്ഥ്യവും വാക്സാമര്‍ത്ഥ്യവും കൊണ്ട് പല കാര്യസാദ്ധ്യങ്ങളുണ്ടാകും. ദാമ്പത്യകലഹങ്ങള്‍ക്കിടയുണ്ട്. സ്ഥാനക്കയറ്റം ലഭിക്കും. ത്വക്ക്രോഗം ശ്രദ്ധിക്കണം. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. മക്കളുടെ ആരോഗ്യം ശ്രദ്ധിക്കണം. കച്ചവടങ്ങളില്‍ ലാഭം കിട്ടും. വാഹനങ്ങള്‍ വാങ്ങാം.
ദോഷശാന്തിക്കായി ശാസ്താവിന് നല്ലെണ്ണ അഭിഷേകം ചെയ്യുകയും,
'ആരൂഢപ്രെഢവേഗപ്രവിജിത പവനം
തുംഗതുംഗം തുരംഗം,
ചേലം നീലം വസാനഃ കരതലവിലസത്
കാണ്ഡകോദണ്ഡ ദണ്ഡഃ
രാഗദ്വേഷാദിനാനാവിധ മൃഗപടലീ-
ഭീതികൃദ്, ഭൂതഭര്ത്താ,
കുര്വ്വാന്നാഖേടലീലാം പരിലസതുമനഃ
കാനനേ മാമകീനേ.'
ഈ ശാസ്താധ്യാനം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മകരക്കൂറ്:(ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)
രണ്ടില്‍ രാഹു, മൂന്നില്‍ ശനി, നാലില്‍ കുജന്, അഞ്ചില്‍ ആദിത്യന്, ബുധന്‍, ആറില്‍ വ്യാഴം, ശുക്രന്, അഷ്ടമത്തില്‍ കേതു ഇതാണ് ഗ്രഹനില.
ചെലവുകള്‍ കൂടുതലാകും. തൊഴില്‍രംഗം മെച്ചമല്ല. തൊഴില്‍ സ്ഥലത്ത് കലഹങ്ങള്‍ക്കിടയുണ്ട്. നാല്‍ക്കാലികളെ ക്കൊണ്ട് ലാഭം കിട്ടും. കാര്യസാദ്ധ്യങ്ങള്‍ ഉണ്ടാകും. ശത്രുക്കളില്‍ നിന്ന് ഉപദ്രവങ്ങള്‍ ഉണ്ടാകും. കഴുത്തിനും തോള്‍ഭാഗത്തും ഉണ്ടാകുന്ന അസുഖങ്ങള്‍ ശ്രദ്ധിക്കണം. വീട്ടില്‍ സ്വസ്ഥത കുറയും. സുഖകാര്യങ്ങള്‍ അനുഭവിക്കാന്‍ യോഗം കുറവാണ്. വാക്ദോഷം കൊണ്ട് വീട്ടില്‍ കലഹങ്ങള്‍ കൂടുതലാകും. ദുര്‍ജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗം കുറയ്ക്കണം. വീടിന്റെ കേടുപാടുകല്‍ തീര്‍ക്കാം. പുതിയ ഇലക്ട്രോണിക് സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കും.
ദോഷശാന്തിക്കായി ഭഗവതിക്ഷേത്രത്തില്‍ വനദുര്‍ഗ്ഗാമന്ത്രപുഷ്പാഞ്ജലി കഴിക്കുകയും,
'ഗന്ധര്‍വ്വം സുന്ദരാംഗം മണിഖചിതവിഭൂ-
ഷാഞ്ചിതം സുപ്രസന്നം
സ്ത്രീലോലം ഗന്ധമാല്യഭിദിരനരവതം
ശോഭികം ശ്യാമളാംഗം,
സംഗീതാസക്ത ചിത്തം പ്രിയജനവരദം
കാന്തയാസുന്ദരാംഗ്യാ
ഹസ്തേ സംഗൃഹ്യമാണാം
പ്രണമത സതതം
വാഞ്ഛിതാര്ത്ഥൈക ഹേതും.'
ഈ ഗന്ധര്വ്വധ്യാനം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)
ലഗ്നത്തില്‍ രാഹു, രണ്ടില്‍ ശനി, മൂന്നില്‍ കുജന്, നാലില്‍ ആദിത്യന്, ബുധന്‍, അഞ്ചില്‍ വ്യാഴം, ശുക്രന്, ഏഴില്‍ കേതു ഇതാണ് ഗ്രഹനില.
ചെലവുകള്‍ കൂടുതലാകും. ഗൃഹനിര്‍മ്മാണം തടസ്സമില്ലാതെ മുന്നോട്ടുപോകും. വാഹനങ്ങളും മറ്റും വാങ്ങും. തൊഴില്‍രംഗം മെച്ചമാകും. മനസ്സിന്റെ ആധിവ്യാധികള്‍ കുറയും. സുഖകാര്യങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. ശരീരത്തിന് പ്രത്യേകിച്ച് വലത്തേ കാലിന് ബലക്കുറവ് തോന്നും. ധനലാഭങ്ങള്‍ ഉണ്ടാകും. ബന്ധുജനങ്ങള്‍ക്ക് സൗഖ്യം ഉണ്ടാകും. മക്കള്‍ക്ക് സൗഖ്യം ഉണ്ടാകും. പുതിയ വീടിനായി ശ്രമിക്കാം. ബന്ധുജനങ്ങള്‍ക്കും കുടുംബജനങ്ങള്‍ക്കും അഭിവൃദ്ധിയുണ്ടാകും. ശത്രുക്ഷയം വരും. ചെറിയ രീതിയിലുള്ള കാര്യതടസ്സങ്ങള്‍ ഉണ്ടാകും.
ദോഷശാന്തിക്കായി ശാസ്താവിന് നീരാജനം നടത്തുകയും
'നാരായണം സിതാം
ഭോജഗദാചക്രദരോജ്വലം
വാഗീശ്വര്യാദികലയാ
സുരേദരുണവര്ണ്ണയാ'
ഈ വിഷ്ണുധ്യാനം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
ലഗ്നത്തില്‍ ശനി, രണ്ടില്‍ കുജന്, മൂന്നില്‍ ആദിത്യന്, ബുധന്‍, നാലില്‍ വ്യാഴം, ശുക്രന്, ആറില്‍ കേതു, പന്ത്രണ്ടില്‍ രാഹു ഇതാണ് ഗ്രഹനില.
ധനാഗമങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. വാഹനങ്ങള്‍, വീടുകള്‍ ഇവ വാങ്ങാം. സംസാരത്തില്‍ മിതത്വം പാലിക്കണം. സ്ഥാനമാനങ്ങള്‍, സ്ഥാനക്കയറ്റം ഇവ ലഭിക്കും. കള്ളന്മാരുടെ ഉപദ്രവം ഉണ്ടാകാനിടയുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ബന്ധുജനങ്ങള്‍ക്ക് ദുഃഖാനുഭവങ്ങള്‍ ഉണ്ടാകും. ഒന്നിലും തൃപ്തി തോന്നുകയില്ല. ബന്ധുജനങ്ങളുടെ സഹകരണം ഉണ്ടാകും. ദൂരദേശയാത്രകള്‍ വേണ്ടിവരും. മക്കള്‍ അടുത്തില്ലാത്തതിന്റെ വിഷമങ്ങള്‍ കൂടുതലാകും. സന്ധിവേദന, ഉദരവ്യാധി ഇവ ശ്രദ്ധിക്കണം.
ദോഷശാന്തിക്കായി ശിവങ്കല്‍ കൂവളമാല ചാര്‍ത്തുകയും പിന്‍വിളക്ക്
കത്തിക്കുകയും ചെയ്യുക.
'രക്താംബരാഭരണ മാല്യവിലേപയുക്താം
ദംഷ്ട്രാംകരാളവദനാംധൃതമുണ്ഡമാലാം
സിംഹസ്ഥിതാം രുധിരസാഗരമദ്ധ്യസംഢാ
മാംബാംകരാളകരമാളധൃതാം നമാമി.'
ഈ ധ്യാനം നിത്യവും ജപിച്ച് ചാമുണ്ഡീ ദേവിയെ ഭജിക്കുകയും ചെയ്യുക.
ജ്യോത്സ്യന് പി. ശരത്ചന്ദ്രന്
'സ്മിത'(H), ചേന്ദമംഗലം പി.ഒ, 683512, വ. പറവൂര്‍
9446057752
