ദ്വൈവാരഫലങ്ങള്‍
16-4-2025 മുതല്‍ 30-4-2025 വരെ 1200 മേടം 3 മുതല്‍ 17 വരെ
ഗ്രഹപ്പകര്‍ച്ച
23 ന് പത്താമുദയം. 24 ന് ഏകാദശി. പകല്‍ 9 മണി 7 മിനിട്ട് മുതല്‍ രാത്രി 7 മണി 49 മിനിട്ടുവരെ ഹരിവാസരം. 25 ന് പ്രദോഷം. 27 ന് അമാവാസി
മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം )
ലഗ്നത്തില്‍ ആദിത്യന്‍, രണ്ടില്‍ വ്യാഴം, നാലില്‍ കുജന്‍, ആറില്‍ കേതു, പന്ത്രണ്ടില്‍ ബുധന്‍, ശുക്രന്‍, ശനി, രാഹു ഇതാണ് ഗ്രഹനില.
ധനപരമായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാകും. തൊഴില്‍രംഗത്തുനിന്നുള്ള വരുമാനം വര്‍ദ്ധിക്കും. വീട്ടില്‍ സ്വസ്ഥത കുറയും. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സങ്ങളുണ്ടാകും. യാത്രകള്‍ വേണ്ടിവരും. ഭൂമി കൈമാറ്റങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. പ്രോജക്ട് റിപ്പോര്‍ട്ടുകള്‍, മറ്റ് എഴുത്തുകുത്തുകള്‍, കണക്ക് തയ്യാറാക്കല്‍ തുടങ്ങിയവകളില്‍ തെറ്റുകള്‍ പറ്റാനിടയുണ്ട്. പാലും, പാലുല്‍പ്പന്നങ്ങളുടെ വ്യാപാരം വിജയിക്കും. പുതിയ തൊഴിലുകള്‍ക്കായി ശ്രമിക്കാം. സ്നേഹബന്ധങ്ങള്‍ പുതുക്കാനാകും. വിവാഹാലോചനകള്‍ ഉറപ്പിക്കാനാകും.
ദോഷപരിഹാരാര്‍ത്ഥം ഭഗവതീക്ഷേത്രത്തില്‍ ഐക്യമന്ത്രസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും
'ചിത്രരത്നവിചിത്രാംഗം
ചിത്രമാലാ വിഭൂഷിതം
ചിത്രരൂപധരം ദേവം
വന്ദേഹം ഗണനായകം.'
ഈ ഗണപതിസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)
ലഗ്നത്തില്‍ വ്യാഴം, മൂന്നില്‍ കുജന്‍, അഞ്ചില്‍ കേതു, പതിനൊന്നില്‍ ബുധന്‍, ശുക്രന്‍, ശനി, രാഹു, പന്ത്രണ്ടില്‍ ആദിത്യന്‍ ഇതാണ് ഗ്രഹനില.
കാര്യതടസ്സങ്ങളുണ്ടാകുമെങ്കിലും ചില പ്രധാന കാര്യസാദ്ധ്യങ്ങള്‍ക്ക് വഴിതെളിയും. സഹോദരങ്ങള്‍ക്ക് ക്ലേശാനുഭവങ്ങള്‍ക്കിടയുണ്ട്. അവരുമായി കലഹങ്ങള്‍ക്കിടയുണ്ട്. കണ്ണിന് വൈകല്യം ഉണ്ടാകാനിടയുണ്ട്. അച്ഛനുമായി അസ്വാരസ്യങ്ങള്‍ക്കിടയുണ്ട്. യാതൊരു ലക്ഷ്യവുമില്ലാതെ നടക്കുന്ന സ്വഭാവം ഉണ്ടാകും. മുന്‍പുണ്ടായിരുന്ന ചില ദുഃസ്വഭാവങ്ങള്‍ ആവര്‍ത്തിക്കാനിടയുണ്ട്. നിര്‍ബന്ധബുദ്ധി കൂടുതലാകും. ചില സുഖാനുഭവങ്ങള്‍ ഉണ്ടാകും. എല്ലാകാര്യങ്ങളും ബുദ്ധിപൂര്‍വ്വം ചെയ്യാനാകും. സല്‍കീര്‍ത്തി, ധനലാഭങ്ങള്‍ ഇവയുണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. പുതിയ സംരംഭങ്ങള്‍ തുടങ്ങാം.
ദോഷപരിഹാരാര്‍ത്ഥം ഭഗവതീക്ഷേത്രത്തില്‍ ലളിതാസഹസ്രനാമ പുഷ്പാഞ്ജലി കഴിക്കുകയും
'സുന്ദരീം സ്വര്‍ണ്ണവര്‍ണ്ണാഭാം
സുഖസൗഭാഗ്യദായിനീം
സുഭദ്രജനനീം ദേവീം
സുഭദ്രാം പ്രണമാമ്യഹം.'
ഈ ദേവീസ്തുതി നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)
രണ്ടില്‍ കുജന്‍, നാലില്‍ കേതു, പത്തില്‍ ബുധന്‍, ശുക്രന്‍, ശനി, രാഹു, പതിനൊന്നില്‍ ആദിത്യന്‍, പന്ത്രണ്ടില്‍ വ്യാഴം ഇതാണ് ഗ്രഹനില.
മക്കളെക്കൊണ്ട് ചില ക്ലേശങ്ങള്‍ക്കിടയുണ്ട്. നേതൃഗുണം ഉണ്ടാകും. ധനപരമായ ക്ലേശങ്ങള്‍ ഉണ്ടാകും. മറ്റുള്ളവരുടെ കാര്യങ്ങളില്‍ അമിതതാല്‍പ്പര്യം എടുക്കരുത്. ചില പാപകര്‍മ്മങ്ങള്‍ ചെയ്യേണ്ടതായി വരും. പണത്തെ സംബന്ധിച്ച് ചില കലഹങ്ങള്‍ക്കിടയുണ്ട്. മറ്റുള്ളവരെ അപവാദം പറയരുത്. കലഹസ്വഭാവം കൂടുതലാകും. എല്ലാകാര്യങ്ങളും ബുദ്ധിപൂര്‍വ്വം ചെയ്യാനാകും. മുഖം, വായ്, പല്ല്, നാക്ക്, മോണ ഇവയ്ക്ക് അസുഖങ്ങള്‍ ഉണ്ടാകാനിടയുണ്ട്. സംസാരിക്കുമ്പോള്‍ മിതത്വം പാലിക്കണം. കാര്യസാദ്ധ്യങ്ങളുണ്ടാകും. എല്ലാക്കാര്യങ്ങളും ഫലപ്രദമായി ചെയ്യാനാകും.
ദോഷപരിഹാരാര്‍ത്ഥം വിഷ്ണുക്ഷേത്രത്തില്‍ നാരായണസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും
'ശിഖിനി വര്‍ണ്ണത ഏവഹി പീതതാ
പരിലസത്യധുനാ ക്രിയമാപ്യസൌ
ഇതിനുതഃ പശുപൈര്‍മ്മുദി തൈര്‍വ്വിഭോ,
ഹരഹരേ, ദുരിതൈഃ സഹമേഗദാന്‍.'
ഈ വിഷ്ണുസ്തുതി നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കര്‍ക്കിടകക്കൂറ്:(പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)
ലഗ്നത്തില്‍ കുജന്‍, മൂന്നില്‍ കേതു, ഒന്‍പതില്‍ ബുധന്‍, ശുക്രന്‍, ശനി, രാഹു, പത്തില്‍ ആദിത്യന്‍, പതിനൊന്നില്‍ വ്യാഴം ഇതാണ് ഗ്രഹനില.
പൂര്‍വ്വികമായ ധനം ലഭിക്കാനിടയുണ്ട്. വിദ്യാഭ്യാസം മെച്ചപ്പെടും. സുഖാനുഭവങ്ങള്‍ ഉണ്ടാകും. തുടങ്ങുന്ന കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ശരീരത്തില്‍ മുറിവോ വ്രണമോ ഉണ്ടാകാനിടയുണ്ട്. മുന്‍കോപം കൂടുതലാകും. സാഹസപ്രവൃത്തികളിലേര്‍പ്പെടരുത്. ഒരിടത്തും സ്ഥിരതയുണ്ടാകില്ല. രോഗാരിഷ്ടതകള്‍ ബുദ്ധിമുട്ടിക്കും. വാക്സാമര്‍ത്ഥ്യം ഉണ്ടാകും. ഉചിതങ്ങളായ പ്രവൃത്തികള്‍ ചെയ്യാനാകും. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങാനാകും. ദുര്‍ജ്ജനങ്ങളുമായി ബന്ധപ്പെടേണ്ടതായി വരും. നേതൃഗുണം ഉണ്ടാകും. അക്ഷമ കൂടുതലാകും. പ്രതികൂലമായി സംസാരിക്കുന്ന സ്വഭാവമായിരിക്കും.
ദോഷപരിഹാരാര്‍ത്ഥം ഭഗവതീക്ഷേത്രത്തില്‍ സാരസ്വത മന്ത്രപുഷ്പാഞ്ജലി കഴിക്കുകയും,
'അണിമാദി ഗുണോപേതം
അകാരാദി സ്വരാത്മികാം.
ശക്തിഭേദാത്മകാം ലക്ഷ്മീം
രോഹിണീം പൂജയാമ്യഹം.'
ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)
രണ്ടില്‍ കേതു, അഷ്ടമത്തില്‍ ബുധന്‍, ശുക്രന്‍, ശനി, രാഹു, ഒന്‍പതില്‍ ആദിത്യന്‍, പത്തില്‍ വ്യാഴം, പന്ത്രണ്ടില്‍ കുജന്‍ ഇതാണ് ഗ്രഹനില.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാകും. ഭാഗ്യാനുഭവങ്ങള്‍ക്ക് ചെറിയ തടസ്സങ്ങളുണ്ടാകും. സ്ഥാനമാനങ്ങള്‍ ലഭിക്കും. ധര്‍മ്മാചാരങ്ങള്‍ക്ക് കുറവ് വരും. പിതാവാദി ഗുരുജനങ്ങളോട് കലഹിക്കേണ്ടതായി വരും. നേത്രരോഗം ശ്രദ്ധിക്കണം. മടി കൂടുതലാകും. ബന്ധനാവസ്ഥയ്ക്ക് ഇടയുണ്ട്. ഭാര്യാ/ഭര്‍ത്തൃക്ലേശങ്ങള്‍ ഉണ്ടാകും. രാജതുല്യതയുണ്ടാകും. പ്രതിസന്ധികളെ ബുദ്ധിപൂര്‍വ്വം നേരിടാനാകും. വാഹനങ്ങള്‍ വാങ്ങാം. കൂടുതല്‍ അറിവ് നേടാനുള്ള ശ്രമം വിജയിക്കും. ത്വക് രോഗം ശ്രദ്ധിക്കണം. കോപാധിക്യം ഉണ്ടാകും. വീടിന് കേടുപാടുകള്‍ പറ്റാനിടയുണ്ട്.
ദോഷപരിഹാരാര്‍ത്ഥം ഭദ്രകാളിക്ക് കൈവട്ടക ഗുരുതി കഴിക്കുകയും,
'ത്രയാണാം ദേവാനാം
ത്രിഗുണ ജനിതാനാം നമശിവേ
ഭവേല്‍ പൂജാതവ ചരണയോര്യാവിരചിതാ
തഥാഹിത്വത് പാദോദ്വഹന മണീപീഠസ്യകടേ
സ്ഥിതാ ഹ്യേതേ ശശ്വന്മുകുളിത കരോത്തംസമകുടാ.'
ഈ ദേവീസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്തിര 1, 2 പാദങ്ങള്‍)
ലഗ്നത്തില്‍ കേതു, ഏഴില്‍ ബുധന്‍, ശുക്രന്‍, ശനി, രാഹു, അഷ്ടമത്തില്‍ ആദിത്യന്‍, ഒന്‍പതില്‍ വ്യാഴം, പതിനൊന്നില്‍ കുജന്‍ ഇതാണ് ഗ്രഹനില.
ധനാഗമങ്ങള്‍ ഉണ്ടാകും. കണ്ണിന്‍റെ വൈകല്യങ്ങള്‍ ശ്രദ്ധിക്കണം. ഓപ്പറേഷന് വേണമെങ്കില്‍ ചെയ്യാം. കലഹവാസനയും പരാജയഭീതിയും ഉണ്ടാകും. പലവിധ ദുഃഖാനുഭവങ്ങള്‍ക്കും ഇടയുണ്ട്. ഒന്നിലും തൃപ്തി തോന്നുകയില്ല. സഹോദരങ്ങള്‍ക്ക് ക്ലേശാനുഭവങ്ങള്‍ ഉണ്ടാകും. നല്ല വേഷാലങ്കാരങ്ങള്‍ ലഭിക്കും. എല്ലാ കാര്യങ്ങള്‍ക്കും സാമര്‍ത്ഥ്യം പ്രകടിപ്പിക്കും. ഭാര്യയ്ക്ക്/ ഭര്‍ത്താവിന് കലഹസ്വഭാവം ഉണ്ടാകും. കലാവിദ്യകളില്‍ സാമര്‍ത്ഥ്യം പ്രകടിപ്പിക്കാന്‍ പറ്റും. നേതൃഗുണം ഉണ്ടാകും. ഈശ്വരപൂജാതാല്‍പ്പര്യം വര്‍ദ്ധിക്കും. ഉള്‍ഭയം കൂടുതലാകും.
ദോഷപരിഹാരാര്‍ത്ഥം ശാസ്താവിന് എള്ള് പായസം കഴിക്കുകയും,
'പ്രസീദ വിശ്വേരി വിശ്വവന്ദിതേ
പ്രസീദ വീശ്വേരി വേദരൂപിണീ
പ്രസീദ മായാമയി മന്ത്രവിഗ്രഹേ
പ്രസീദ സര്‍വ്വേശ്വരി സര്‍വ്വരൂപിണി.'
ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
തുലാക്കൂറ് (ചിത്തിര 3,4 പാദങ്ങള്‍, ചോതി, വിശാഖം 1,2,3 പാദങ്ങള്‍)
ആറില്‍ ബുധന്‍, ശുക്രന്‍, ശനി, രാഹു, ഏഴില്‍ ആദിത്യന്‍, അഷ്ടമത്തില്‍ വ്യാഴം, പത്തില്‍ കുജന്‍, പന്ത്രണ്ടില്‍ കേതു ഇതാണ് ഗ്രഹനില.
എപ്പോഴും പരാജയഭീതിയായിരിക്കും. കോപാധിക്യം ഉണ്ടാകും. യാത്രകള്‍ വേണ്ടിവരും. അധികാര സ്ഥാനങ്ങളില്‍ നിന്ന് ഉപദ്രവം ഉണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ചെലവുകള്‍ കൂടുതലാകും. വാക്ദോഷം മൂലം ശത്രുതയുണ്ടാകും. ബന്ധുജനങ്ങള്‍ക്ക് ഉപകാരത്തെ ചെയ്യാത്തതുകൊണ്ടുള്ള പ്രയാസങ്ങള്‍ ഉണ്ടാകും. മടി കൂടുതലാകും. മദ്ധ്യസ്ഥ ശ്രമങ്ങള്‍ വിജയിക്കും. ഭാര്യ/ഭര്‍ത്താവ് നിമിത്തം ക്ലേശാനുഭവങ്ങള്‍ ഉണ്ടാകും. പലവിധ രോഗാരിഷ്ടതകള്‍ ഉണ്ടാകും. അപവാദം കേള്‍ക്കേണ്ടതായി വരും. ഇടയ്ക്ക് ചില സുഖാനുഭവങ്ങള്‍ ഉണ്ടാകും. അര്‍ശ്ശോരോഗത്തിന് വേണമെങ്കില്‍ ശസ്ത്രക്രിയയാകാം.
ദോഷപരിഹാരാര്‍ത്ഥം സര്‍പ്പാരാധനാകേന്ദ്രത്തില്‍ നൂറും പാലും കഴിക്കുകയും
'പ്രസീദത്വം മഹേശാനി
പ്രസീദ ജഗദംബികേ
അനന്തകോടിബ്രഹ്മാണ്ഡ
നായികേ തേ നമോനമഃ'
ഈ ദേവീസ്തുതി നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
അഞ്ചില്‍ ബുധന്‍, ശുക്രന്‍, ശനി, രാഹു, ആറില്‍ ആദിത്യന്‍, ഏഴില്‍ വ്യാഴം, ഒന്‍പതില്‍ കുജന്‍, പതിനൊന്നില്‍ കേതു, ഇതാണ് ഗ്രഹനില.
എപ്പോഴും മനഃസന്തോഷത്തോടെ ഇരിക്കാന്‍ പറ്റും. മക്കള്‍ക്ക് ഉന്നതിയുണ്ടാകും. വിശപ്പ് കൂടുതലാകും. സാമ്പത്തികാഭിവൃദ്ധിയുണ്ടാകും. നേതൃഗുണം ഉണ്ടാകും. ധര്‍മ്മാചാരങ്ങള്‍ക്ക് ഭംഗം വരും. ചെറിയ ചെറിയ ശരീരക്ലേശങ്ങള്‍ ഉണ്ടാകും. ഈശ്വരപൂജാതാല്‍പ്പര്യം വര്‍ദ്ധിക്കും. തൊഴില്‍രംഗം മെച്ചപ്പെടും. സുഖാനുഭവങ്ങള്‍ ഉണ്ടാകും. വാക്മാധുര്യത്തോടെ സംസാരിക്കാനാകും. ഔദാര്യാദിഗുണങ്ങള്‍ ഉണ്ടാകും. ബന്ധുജനസഹകരണം ഉണ്ടാകും. കോപാധിക്യം നിയന്ത്രിക്കണം. സത്കര്‍മ്മങ്ങള്‍ ചെയ്യാനാകും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാകും. സജ്ജനങ്ങളുമായി സംസര്‍ഗ്ഗം ചെയ്യാനാകും.
ദോഷപരിഹാരാര്‍ത്ഥം ശിവങ്കല്‍ ധാരകഴിക്കുകയും,
'താത്യധിഷ്ഠായ തിഷ്ടന്തീ
തെഷ്വസക്താ ച കാമദാ.
നമസ്തസ്യൈ മഹാദേവ്യൈ
സര്‍വ്വശക്ത്യൈ നമോനമഃ'
ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
നാലില്‍ ബുധന്‍, ശുക്രന്‍, ശനി, രാഹു, അഞ്ചില്‍ ആദിത്യന്‍, ആറില്‍ വ്യാഴം, അഷ്ടമത്തില്‍ കുജന്‍, പത്തില്‍ കേതു, ഇതാണ് ഗ്രഹനില.
സുഖാനുഭവങ്ങള്‍ക്ക് കുറവുവരും. മനഃസ്വസ്ഥത കുറയും. ഏകാന്തത ഇഷ്ടപ്പെടും. ഉചിതമല്ലാത്ത പ്രവൃത്തികള്‍ ചെയ്യേണ്ടതായി വരും. കാല്‍നടയാത്രകള്‍ വേണ്ടി വരും. കലഹങ്ങള്‍ക്കിടയുണ്ട്. ബന്ധുജനങ്ങളുമായി അകലേണ്ടതായി വരും. ഗണിതത്തില്‍ സമര്‍ത്ഥനാകും. വാഹനങ്ങളും വീടും സ്വന്തമാക്കാനാകും. മാന്ത്രിക പ്രവൃത്തികളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. ശരീരബലം കുറയുന്നതായി തോന്നും. സ്ത്രീകള്‍ പുരുഷന്മാര്‍ക്കധീനരായി പ്രവര്‍ത്തിക്കേണ്ടതായി വരും. വിശേഷ വസ്ത്രാലങ്കാരങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍ ഇവ ലഭിക്കും. യാത്രകള്‍ വേണ്ടിവരും. അമ്മയുമായി കലഹിക്കേണ്ടതായി വരും.
ദോഷപരിഹാരാര്‍ത്ഥം ഭഗവതീക്ഷേത്രത്തല്‍ ത്രിപുരസുന്ദരീമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും,
'ശ്രീവത്സാങ്കം മഹോരസ്കം
വനമാലാവിരാജിതം
ശംഖചക്രധരം ദേവം
കൃഷ്ണം വന്ദേ ജഗത്ഗുരും.'
ഈ വിഷ്ണുസ്തുതി നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മകരക്കൂറ്:(ഉത്രാടം 2,3,4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)
മൂന്നില്‍ ബുധന്‍, ശുക്രന്‍, ശനി, രാഹു, നാലില്‍ ആദിത്യന്‍, അഞ്ചില്‍ വ്യാഴം, ഏഴില്‍ കുജന്‍, ഒന്‍പതില്‍ കേതു, ഇതാണ് ഗ്രഹനില.
പ്രസിദ്ധിയുണ്ടാകും. നാല്‍ക്കാലി സമ്പത്തുക്കള്‍ വര്‍ദ്ധിക്കും. ശത്രുജയം ഉണ്ടാകും. സഹോദരങ്ങള്‍ക്ക് ക്ലേശാനുഭവങ്ങള്‍ ഉണ്ടാകും. ശരീരബലം വര്‍ദ്ധിക്കും. മുറിവ്, വ്രണം തുടങ്ങിയവയുണ്ടാകും. പലവിധ ക്ലേശാനുഭവങ്ങള്‍ക്കും ഇടയുണ്ട്. യാത്രകള്‍ വേണ്ടിവരും. ആഭിചാരക്രിയകളില്‍ വിശ്വാസം കൂടുതലാകും. മക്കളെക്കൊണ്ട് ക്ലേശങ്ങള്‍ ഉണ്ടാകും. മറ്റുള്ളവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതായി വരും. ബന്ധുജനസഹായം ലഭിക്കും. ഗൃഹോപകരണങ്ങള്‍ക്ക് കേടുപറ്റാനോ, നഷ്ടപ്പെടാനോ ഇടയുണ്ട്. ഒന്നിലും താല്‍പ്പര്യം തോന്നുകയില്ല. നേത്രരോഗം, മുഖരോഗം ഇവ ശ്രദ്ധിക്കണം.
ദോഷപരിഹാരാര്‍ത്ഥം വിഷ്ണുക്ഷേത്രത്തില്‍ അപരാധസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും
'കലാത്മികാം കാലഭൂത്യാം
കാരുണ്യഹൃദയാം ശിവാം
കാരുണ്യജനനീ നിത്യാം
കല്യാണീം പൂജയാമ്യഹം.'
ഈ ദേവീസ്തുതി നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)
രണ്ടില്‍ ബുധന്‍, ശുക്രന്‍, ശനി, രാഹു, മൂന്നില്‍ ആദിത്യന്‍, നാലില്‍ വ്യാഴം, ആറില്‍ കുജന്‍, അഷ്ടമത്തില്‍ കേതു ഇതാണ് ഗ്രഹനില.
ധനാഗമങ്ങള്‍ ഉണ്ടാകും. ശത്രുക്കളുമായി പൊരുത്തപ്പെട്ട് പോകേണ്ടതായി വരും. ശരീരക്ഷീണം മാറും. ശരീരത്തില്‍ മുറിവ്, വ്രണം ഇവയുണ്ടാകും. വിശപ്പ് കൂടുതലാകും. ഇഷ്ടമുള്ള അന്നപാനസാധനങ്ങള്‍ ലഭിക്കും. വാക്സാമര്‍ത്ഥ്യവും ബുദ്ധിസാമര്‍ത്ഥ്യവും കൊണ്ട് പല കാര്യങ്ങളും നേടാനാകും. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. വാഹനങ്ങള്‍ വാങ്ങാം. നിര്‍ബന്ധബുദ്ധി കൂടുതലാകും. കലാരംഗങ്ങളില്‍ വിജയിക്കും. ഇഷ്ടമുള്ള കലകള്‍ ആസ്വദിക്കാനാകും. പല്ലുകള്‍ക്കും മോണയ്ക്കും രോഗാരിഷ്ടതകളുണ്ടാകും. ചില വഞ്ചനകള്‍ക്ക് കൂട്ടുനില്‍ക്കേണ്ടതായി വരും.
ദോഷപരിഹാരാര്‍ത്ഥം വിഷ്ണുക്ഷേത്രത്തില്‍ ആപദുദ്ധരണ മന്ത്രപുഷ്പാഞ്ജലി കഴിക്കുകയും
'നീലാളകാം ശശിമുഖിം
നവപല്ലവാഷ്ഠീം
ചാംപേയ പുഷ്പ സുഷമോജ്ജ്വല ദിവ്യനാസാം
പദ്മേക്ഷണാം മുകുസുന്ദരഗണ്ഡഭാഗാം
ത്വാം സാം പ്രതാം
ത്രിപുരസുന്ദരീ ദേവീവന്ദേ.'
ഈ ദേവീസ്തുതി നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
ലഗ്നത്തില്‍ ബുധന്‍, ശുക്രന്‍, ശനി, രാഹു, രണ്ടില്‍ ആദിത്യന്‍, മൂന്നില്‍ വ്യാഴം, അഞ്ചില്‍ കുജന്‍, ഏഴില്‍ കേതു ഇതാണ് ഗ്രഹനില.
ധനനാശങ്ങള്‍ ഉണ്ടാകും. അപഹരണ വസ്തുക്കള്‍ കൈവശം വരാതെ ശ്രദ്ധിക്കണം. മനഃസ്വസ്ഥത കുറയും. മക്കളെക്കൊണ്ടുള്ള ക്ലേശങ്ങള്‍ കൂടുതലാകും. ചഞ്ചലബുദ്ധിയായിരിക്കും. സാഹസപ്രവൃത്തികളും കോപവും ഒഴിവാക്കണം. അധര്‍മ്മ പ്രവൃത്തികള്‍ ചെയ്യേണ്ടതായി വരും. കലാരംഗത്തുള്ളവര്‍ക്ക് നല്ല കാലമാണ്. വാക്മാധുര്യം കൊണ്ട് കാര്യസാദ്ധ്യം ഉണ്ടാകും. സഹോദരങ്ങളുമായി അപ്രിയത്തിലാകും. ചില സുഖാനുഭവങ്ങള്‍ ഉണ്ടാകും. കാര്യതടസ്സങ്ങളുണ്ടാകും. ദാരിദ്ര്യസുഖം അനുഭവപ്പെടും.
ദോഷപരിഹാരാര്‍ത്ഥം ഭഗവതിക്ക് ഭാഗ്യസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും
'വക്രതുണ്ഡമഹാകായ സൂര്യകോടിപ്രഭ
നിര്‍വ്വിഘ്നം കുരുമേ ദേവ സര്‍വ്വകാര്യേഷു സര്‍വ്വദാ.'
ഈ ഗണപതിസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ജ്യോത്സ്യന്‍ പി. ശരത്ചന്ദ്രന്‍
'സ്മിത'(ഒ), ചേന്ദമംഗലം പി.ഒ, 683512,
വ. പറവൂര്‍, 9446057752
